Wednesday, December 19, 2007

പ്രേത കമ്പ്യൂട്ടര്‍.

പ്രേത കമ്പ്യൂട്ടര്‍ അഥവാ ഗോസ്റ്റ്‌ കമ്പ്യൂട്ടര്‍.

പേര്‌ കേട്ട്‌ പരിഭ്രമിക്കേണ്ട. ഇത്‌ ഒരു വിര്‍ച്വല്‍ കമ്പ്യൂട്ടര്‍ സര്‍വീസ്‌ ആണ്‌. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാവുന്ന മിക്കതും ഇതിന്റെ ബ്രൗസര്‍ തുറന്ന് ചെയ്യാന്‍ പറ്റും.

G.ho.st (Global Hosted Operating System) എന്ന ഇത്‌ ഒരു വെബ്‌ ആധാരമാക്കിയുള്ള വിര്‍ച്വല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌. നിങ്ങളുടെ വെബ്‌ ബ്രൗസറില്‍ http://g.ho.st/ എന്ന url അഡ്രസ്സ്‌ ടൈപ്പ്‌ ചെയ്യുക. ഇതില്‍ ഒരു യൂസര്‍ ആയി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞ്‌ ലോജിന്‍ ചെയ്താല്‍ നിങ്ങളുടെ ബ്രൗസര്‍ ഒരു വിര്‍ച്വല്‍ കമ്പ്യൂട്ടര്‍ ആയി മാറുകയായി. F11 (Function key) key അമര്‍ത്തിക്കഴിഞ്ഞാല് സ്ക്രീന്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു. വീണ്ടും F11 അമര്‍ത്തിയാല്‍ പഴയ ബ്രൌസര്‍ വിന്ധോ സ്ഥിതിയിലെത്താം.

‍സൗജന്യമായി ഒരു O.S., Web mail, Online storage എന്നിവ നല്‍കുന്നതിനുപുറമെ, ഇത് വൈറസ്സുകള്‍, spyware, malware-കളില്‍ നിന്നും മുക്തമാണെന്നും പറയുന്നു. 3 GB-യോളം ഫയലുകളും 3 GB ഇ-മെയിലുകളും ഓണ്‍ലൈനായി സംഭരിച്ചുവെക്കാന്‍ ഇതിലൂടെ കഴിയും. YouTube, Flickr എന്നിവ ഇതിനകത്തുനിന്നുതന്നെ (പ്രോക്സി) സെര്‍ച്ച് ചെയ്യാം. പ്രോക്സി ബ്രൌസര്‍ സര്‍വീസ്, MP3 പ്ലേയര്, MyPhotos, MyMovies തുടങ്ങിയവയും ലഭ്യമാണ്. നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഇത്‌ ഗുണം ചെയ്യും. സ്വന്തമായി കമ്പ്യൂട്ടര്‍ ഇല്ലാത്തവര്‍/മറ്റൂള്ളവരുടെ കമ്പ്യൂട്ടര്‍ ഇടക്കിടക്ക് ഉപയോഗിക്കുന്നവര്‍, ഇന്‍റര്‍നെറ്റ് കഫേയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്രദമായിരിക്കും. കാരണം ഉപയോഗം കഴിഞ്ഞ്‌ ബ്രൗസര്‍ ക്ലോസ്‌ ചെയ്താല്‍ 'ഗോസ്റ്റി'ലൂടെ നടത്തിയ പണികളുടെ അടയാളം പോലും കാണുകയില്ലെന്നു പറയുന്നു.


ഇതില്‍ Last.fm എന്ന ഇന്‍റര്‍നെറ്റ് റേഡിയോ സര്‍വീസ്‌ ബാക്‌‍ഗ്രൗന്‍ഡില്‍ സംഗീതം പൊഴിക്കുന്നുണ്ട്‌.


ഫയലുകള്‍ അപ്‌ലോഡ്‌ ചെയ്യാനായി Windows Explorer തുറന്ന് ftp://g.ho.st എന്ന് ടൈപ്പ്‌ ചെയ്ത്‌ കമ്പ്യൂട്ടറില്‍ നിന്നും അപ്‌ലോഡ്‌ ചെയ്യേണ്ട ഫയല്‍ ബ്രൗസ്‌ ചെയ്ത്‌ അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്‌. ഗോസ്റ്റ്‌ ഡയറക്ടറിയില്‍ പല സര്‍വീസുകളും ലഭ്യമാണ്‌. meebo(r) എന്ന ഇന്‍സ്റ്റന്റ്‌ മെസ്സെഞ്ചര്‍ (ഇതില്‍ യാഹൂ, എം.എസ്‌.എന്‍, ജി.ടാക്ക്‌, ഐ.സി.ക്യൂ എന്നിവ ഉള്‍ക്കൊള്ളിക്കാം), Zoho എന്ന ഓഫീസ്‌ സ്യൂട്ട്‌ പ്രോഗ്രാം, ഗോസ്റ്റ്‌ സ്റ്റോറേജില്‍നിന്നും Word, Excel, Powerpoint എന്നിവ വായിക്കാനായി ThinkFree, തത്സമയ സം‌വാദത്തിനു Twitter, ഫോട്ടോ എഡിറ്റിംഗിന്‌ Snipshot എന്ന പ്രോഗ്രാം തുടങ്ങിയവയും ലഭ്യമാണ്‌.

Saturday, December 15, 2007

മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയാല്‍.

മൊബൈല്‍ ഫോണ്‍ കൂടുതല്‍ സമയം ഉപയോഗിച്ചാലെന്താ?

തീര്‍ച്ചയായും ബില്ലിലെ സംഖ്യ കൂടും.

അത്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ.


അതുമാത്രമാണോ?

കൂടെ ക്യാന്‍സര്‍ വരാനുള്ള സാധ്യതയും കൂടുമത്രേ. ഇസ്രായേലിലെ ഡോക്ടര്‍മാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിവന്ന ഗവേഷണത്തിന്റെ ഫലം ഈയിടെ അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ചു. അതുപ്രകാരം 402 പേരില്‍ നടത്തിയ പഠനത്തില്‍ അധികമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ മൗത്ത്‌ ക്യാന്‍സര്‍ (വായിലെ ഗ്ലാന്‍ഡില്‍ ട്യൂമര്‍) വരാനുള്ള സാധ്യത 50%-ത്തില്‍ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു
.


ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന വിദ്യുത്‌കാന്തിക തരംഗങ്ങള്‍ ചെവിക്കും വായിനും അടുത്തുള്ള ഭാഗങ്ങളില്‍ കുറേശ്ശെ പ്രഭാവം ഉണ്ടാക്കുന്നതായാണ്‌ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌.കുട്ടികളില്‍ ഇത്‌ ആരോഗ്യപ്രശ്നം ഉണ്ടാകാനുള്ള സാധ്യത അധികമാണ്‌.ഇതിനുമുന്‍പും മൊബൈല്‍ ഫോണിന്റെ അധിക ഉപയോഗം കൊണ്ടു സംഭവിക്കാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ ഗവേഷണങ്ങള്‍ നടന്നിരുന്നു. ചില ഗവേഷണങ്ങളില്‍ മസ്തിഷ്ക ട്യൂമറും വന്ധ്യതയും വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ ചില പഠനങ്ങള്‍ അത്‌ വ്യക്തമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വെളിവാക്കി.

എന്തായാലും ഈ പുതിയ ഗവേഷണ റിപ്പോര്‍ട്ട്‌ അത്ര ലാഘവത്തോടെ തള്ളിക്കളയാനാവുന്നതല്ല.


ലോകമെമ്പാടും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനോടൊപ്പം തന്നെ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ മനുഷ്യനില്‍ സൃഷ്ടിക്കുന്ന ആരോഗ്യഭീഷണിയും വര്‍ദ്ധിക്കുന്നു.

Thursday, November 29, 2007

കാന്‍സര്‍ രോഗത്തിനു പ്രതിവിധി?

കാന്‍സര്‍ രോഗത്തിനു പ്രതിവിധി?

മാരകമായ കാന്‍സര്‍ രോഗത്തിനു ഫലപ്രദമായ ചികില്‍സയില്ല എന്ന പണ്ടുള്ള സ്ഥിതിയില്‍ നിന്നും, നിരന്തരമായ വൈദ്യശാസ്ത്രത്തിന്റെ ഗവേഷണമുന്നേറ്റം കൊണ്ട്‌, ഇന്ന് ഇത് കുറെയേറെയൊക്കെ ആരംഭദശയില്‍ തന്നെ ചികില്‍സിച്ചുമാറ്റാം എന്ന നിലയിലായിട്ടുണ്ട്‌. കാന്‍സര്‍ ബാധിച്ച കോശങ്ങളെ റേഡിയേഷന്‍, കെമോതെറാപ്പി (റേഡിയേഷനും കെമോതെറാപ്പിയും ശരീരത്തിന്‌ വളരെ ദോഷം ചെയ്യുന്ന ഒന്നാണ്‌) തുടങ്ങിയ രീതിവെച്ച്‌ കരിച്ചുകളയാമെങ്കിലും, കാന്‍സര്‍ ബാധിച്ച കോശങ്ങളില്‍ നിന്നും മറ്റു കോശങ്ങളിലേക്ക്‌ പടരുന്നത്‌ തടയുക - അതാണ്‌ ഏറ്റവും പ്രധാനം.

ഇപ്പോഴിതാ കാന്‍സര്‍ബാധയുമായി മല്ലിടുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. കഴിഞ്ഞ 14 വര്‍ഷത്തിലേറെയായി നിരന്തരം ഇതിനുള്ള പ്രതിവിധിക്കായി ഗവേഷണം നടത്തുന്ന വൈദ്യശാസ്ത്രജ്ഞന്മാര്‍ക്ക്‌ ഒരു നല്ല റിസല്‍ട്ടാണ്‌ കിട്ടിയിരിക്കുന്നത്‌. രോഗം ബാധിച്ച കോശങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്ന/ഇല്ലാതാക്കുന്ന ഒരു ജീന്‍ ഇവര്‍ കണ്ടെത്തിയിരിക്കുന്നു. കെന്റുക്കി യുണിവേര്‍സിറ്റിയിലെ യു.കെ. കോളേജ്‌ ഓഫ്‌ മെഡിസിനിലെ റേഡിയേഷന്‍ മെഡിസിന്‍ പ്രോഫ. ഡോ.വിവേക്‌ രംഗ്‌നേക്കറുടെ നേതൃത്വത്തിലുള്ള ഗവേഷണം ടീം ആണ്‌ പാര്‍-4 എന്നു വിളിക്കുന്ന ഈ ജീന്‍ തെറാപ്പി എലികളില്‍ പരീക്ഷിച്ചു വിജയം കൈവരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍.

പ്രൊഫ.വിവേക് രംഗ്‍നേക്കര്‍

ഇന്ത്യന്‍ വംശജനും മുബൈക്കാരനുമായ ഡോ.രംഗ്‌നേക്കര്‍ പാര്‍-4 ജീനുകളെ 1993-ലാണ് ആദ്യമായി തിരിച്ചറിഞ്ഞത്. വളര്‍ച്ച മുരടിച്ച/മരിച്ച കോശങ്ങളെ തള്ളിക്കളയുന്നതിനും ഈ ജീന്‍ തെറാപ്പി സഹായകരമാകുന്നുവത്രേ. മാരകമായ കാന്‍സറെ പോലും പ്രതിരോധിക്കാന്‍ ശക്തിയുള്ള സൂപ്പര്‍ എലിയെ ഈ ഗവേഷകര്‍ ഈയിടെ വികസിപ്പിച്ചെടുത്തു.


പാര്‍-4 ജീനുകളോടുകൂടി ജനിച്ച എലികള്‍ക്ക്‌ ട്യൂമര്‍ വളരുന്നില്ല എന്നും പ്രോസ്റ്റേറ്റിലെ ട്യൂമര്‍ വളര്‍ച്ചയെ പാര്‍-4 ജീന്‍ ഉപയോഗിച്ചു തടയാന്‍ പറ്റുമെന്നാണ്‌ കണ്ടെത്തല്‍. ഇത്തരം എലികള്‍ കൂടുതല്‍ കാലം ജീവിക്കുന്നതായും കണ്ടെത്തിയിരിക്കുന്നു.

പാര്‍-4 ജീനോടുകൂടി ജനിപ്പിച്ചെടുത്ത സൂപ്പര്‍ എലി

പാര്‍-4 ജീനിന്റെ പ്രധാന പ്രത്യേകത എന്തെന്നുവെച്ചാല്‍ ഇത്‌ കാന്‍സര്‍ ബാധിച്ച കോശങ്ങളെ മാത്രം നശിപ്പിക്കുകയും അതേ സമയം മറ്റു സാധാരണ കോശങ്ങളുടെ വളര്‍ച്ചക്ക്‌ തടസ്സമാവുകയും ചെയ്യുന്നില്ല എന്നതാണ്‌. പാര്‍ശ്വഫലങ്ങളില്ലാതെ, മജ്ജ മാറ്റലിലൂടെ, മനുഷ്യരില്‍ പാര്‍-4 ജീനിനെ ഉപയോഗിച്ച്‌ കാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കാം പറ്റുമെന്നാണ്‌ ഗവേഷകരുടെ നിഗമനം. (ഈ ഗവേഷണഫലം ഒക്ടോബര്‍ മാസത്തെ കാന്‍സര്‍ റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടത്രേ)മനുഷ്യരില്‍ ഇതു പ്രയോഗിക്കുന്നതിനു മുന്‍പായി ഇനിയും ചില പരീക്ഷണങ്ങളും മറ്റും നടത്തേണ്ടതുണ്ടെന്ന് പ്രൊഫ. രംഗ്‍നേക്കര്‍ വെളിപ്പെടുത്തി. എങ്കിലും ഇത്‌ പ്രത്യാശക്ക്‌ വക നല്‍കുന്നു.


കാന്‍സര്‍ എന്ന ഈ മഹാരോഗത്തെ കാലതാമസം കൂടാതെ ഫലപ്രദമായി ചികില്‍സിച്ചുമാറ്റുന്നതിനു ഈ നൂതന ഗവേഷണം സഹായകമാകുമെങ്കില്‍, അത്‌ ക്യാന്‍സര്‍ രോഗംകൊണ്ടും പരമ്പരാഗത ചികില്‍സകൊണ്ടും അതികഠിന വേദന അനുഭവിക്കേണ്ടിവരുന്ന മനുഷ്യജാതിക്ക്‌ ഒരു വരദാനമാകും. താമസിയാതെ ഇതിന്റെ ഗുണം ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്ക്‌ ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

Wednesday, November 14, 2007

ട്രാക്ക് ബോയ്സ് - ഒരു ശിശുദിനം കൂടി.

ഇന്ന് നവംബര്‍ 14 - ശിശുദിനം. രാജ്യമെമ്പാടും ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ പുത്തന്‍ ഉടുപ്പിട്ട് സ്കൂളില്‍ പോകുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുന്നു(?). ബാലവേല നിര്‍ത്താന്‍ പരിപാടികള്‍ ഊര്‍ജ്ജിതമാക്കുന്നു(?). കുട്ടികള്‍ പലവിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ പ്രസംഗിക്കുന്നു(?). അങ്ങനെ ഒരു ശിശുദിനം കൂടി എന്നത്തെയും പോലെ കടന്നു പോകുന്നു.

പക്ഷേ എന്നിട്ടും 3 നേരം ഭക്ഷണം ലഭിക്കാത്ത, പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത, ചൂഷണം ചെയ്യപ്പെടുന്ന എത്ര കുട്ടികള്‍ ഈ നാട്ടില്‍.

“സലാം അണ്ണാ‍“ .

ട്രാക്ക് ബോയ്സ് - ഇത് റെയില്‍‌വേ സ്റ്റേഷനേയും തീവണ്ടികളേയും ആശ്രയിച്ച് ആഹാരവും വരുമാനവും കണ്ടെത്തുന്ന കുറച്ച് കുട്ടികള്‍. ഇവരുടെ ഭാവിയും റെയില്‍‌വേയെ ആശ്രയിച്ചുതന്നെയായിരിക്കും.

ബൈ ബൈ, റൊമ്പ നന്‍‌റി. അപ്പറം സന്ധിക്കലാം.

ഇവര്‍ക്കെന്ത് ശിശുദിനം. എന്നും ഒരുപോലത്തെ ദിനം.

ഇതാ വേറൊരു കാഴ്ച.

ഒറ്റനോട്ടത്തില്‍ അസാധാരണമായി ഒന്നും തോന്നുന്നില്ലെങ്കിലും ഒന്ന് ശ്രദ്ധിക്കൂ. ഒരു പൊതുപരിപാടിയില്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടാതെ വി.ഐ.പി. പവലിയന്റെ മുന്നിലെ പൂച്ചെട്ടികള്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഈ പെണ്‍‌കുട്ടികള്‍, ഇവരുടെ സമപ്രായത്തിലുള്ള മറ്റു കുട്ടികളുടെ നൃത്തപരിപാടികള്‍ ആസ്വദിക്കുകയാണ്. ഒന്നുകൂടി ശ്രദ്ധിക്കൂ, ആ കുട്ടിയുടെ കൈയ്യിലുള്ള കുപ്പിയില്‍ പാലോ ഹോര്‍ലിക്സോ ആയിരിക്കാന്‍ സാധ്യതയില്ല. പിന്നെന്താണ്? തീര്‍ച്ചയായും അതില്‍ നാടന്‍ കള്ളാണ്. ഒരു മരുന്നിട്ട്, ചോറ് പുളിപ്പിച്ചെടുക്കുന്ന (റൈസ് ബിയര്‍), കള്ളിന്റെ രുചിയും മണവും വീര്യവുമുള്ള സാധനം. ഇത് ആദിവാസികളുടെ ഇടയില്‍ വര്‍ജ്യമല്ലാത്തതുകൊണ്ട് അവര്‍ക്ക് അതില്‍ ആശ്ചര്യമില്ല.


സമ്പന്നരുടെ മക്കള്‍ക്ക് ശിശുദിനം, മറ്റുള്ളവര്‍ക്ക് ശ്ശി..ശൂ..ദിനം.

Saturday, October 20, 2007

ദേ, ഞങ്ങളെ അധിക്ഷേപിച്ചാലുണ്ടല്ലോ..

ദേ, ഞങ്ങളെ അധിക്ഷേപിച്ചാലുണ്ടല്ലോ..
(വാനര രോദനം)

വിവാദം, വിവാദം, എല്ലായിടത്തും വിവാദം. കളിക്കളത്തിലും അതിനു കുറവൊന്നുമില്ല. ക്രിക്കറ്റ്‌ കളി നടക്കുന്നിടത്തും വിവാദം. ആസ്ത്രേലിയക്കാര്‍ ഇന്ത്യയില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ വന്നപ്പോള്‍ കറുത്ത്‌, ചെടപിടിച്ച മുടിയും, ചുണ്ടില്‍ ചുണ്ണാമ്പും തേച്ച ഒരുത്തനെ ചൂണ്ടി മൂന്ന്‌ നാലു പേര്‍ വഡോധരയിലും മുംബൈയിലും ഡാന്‍സ്‌ ചെയ്തുവത്രേ. അതും ഞങ്ങള്‍ കളിക്കുന്ന മൈക്കിള്‍ ജാക്സണ്‍ സ്റ്റെയിലിലുള്ള ബ്രേക്ക്‌ ഡാന്‍സ്‌. അതിനവര്‍ പറയുന്നത്‌ വാനരനൃത്തം കളിച്ചെന്ന്‌. ദേ, ഞങ്ങളുടെ ഡാന്‍സ്‌ എന്താ അത്ര മോശമാണോ.


പിന്നെ, ഞങ്ങള്‍ അത്ര മോശക്കാരൊന്നുമല്ല. ഞങ്ങളുടെ മുതുമുത്തച്ചന്മാരെ ആരാധിക്കുന്നവരാണ്‌ ഭാരതീയര്‍. അതിലൊരു മുതുമുത്തച്ചനായ സാക്ഷാല്‍ ഹനുമാനെക്കുറിച്ച്‌ ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ. ശ്രീരാമലക്ഷമണന്മാര്‍ ലങ്കയില്‍ മൃതപ്രായരായി കിടന്നപ്പോള്‍ മൃതസജ്ഞീവനി നിലകൊള്ളുന്ന ഹിമാലയപര്‍വ്വതനിരകളിലൊന്നിനെ, ഹോട്ടലിലെ വെയിറ്റര്‍ ചില്ലി ചിക്കന്‍ കൊണ്ടുവരുന്നതുപോലെയല്ലേ, കൊണ്ടുവന്ന് അവര്‍ക്ക്‌ ജീവന്‍ വെപ്പിച്ചത്‌. വാനരസേനയുടെ പ്രാധാന്യം സഹായവും വിസ്മരിക്കാനവുമോ. ഈ വാനരസേനയുടെ ആശയത്തെ ഉള്‍ക്കൊണ്ടല്ലേ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ വാനരസേന എന്ന ബാലസേന രൂപീകരിച്ചത്‌. ഞങ്ങളുടെ മുതുമുത്തച്ചന്മാരുടെ സഹായത്തോടെയല്ലേ കടലില്‍ രാമസേതു നിര്‍മ്മിച്ചത്‌.(അതിപ്പോ ആരാണ്ടൊക്കെകൂടി പൊളിക്കാന്‍ പോണെന്നു കേട്ടു, യന്ത്രസഹായമില്ലാതെ അതുപോലെ ഒരെണ്ണം ഉണ്ടാക്കാന്‍ നിങ്ങളെ കൊണ്ടു പറ്റുമോ). ലങ്കേശ്വരന്‍ രാവണനെയും മറ്റും ഒരു കളി (ക്രിക്കറ്റല്ലാട്ടൊ) പഠിപ്പിച്ചതാ, എന്നിട്ടാ ഹനുമാന്‍ സ്വര്‍ണ്ണലങ്കാപുരിക്ക്‌ തീയിട്ടത്‌. ശിവാംശമുള്ള, വായുപുത്രന്‍ ഹനുമാന്റെ എത്രയെത്ര ക്ഷേത്രങ്ങളാണ്‌ ഇന്ത്യയിലുള്ളത്‌.


കോടിക്കണക്കിനാളുകള്‍ ഹനുമാന്‍ജിയുടെ ഭക്തരാണ്‌, ആരാധകരാണ്‌, അതെ ഫാന്‍സ്‌ ആണ്‌. അതിനാല്‍ അതില്‍ ചിലര്‍ ആവേശം കൊണ്ട്‌ നൃത്തം ചെയ്തു കാണും. മയൂരനൃത്തം ചെയ്യുന്നത്‌ എല്ലാവരും ഇഷ്ടപ്പെടുന്നില്ലേ, ആരെങ്കിലും അധിക്ഷേപിച്ച്‌ പറയുന്നുണ്ടോ. പുലിക്കളി കളിക്കാനും, കാണാനും എന്ത്‌ ആവേശവും ആഹ്ലാദവുമാണ്‌. തരുണീമണികളുടെ 'പൂച്ചനടത്തം' കാണാന്‍ എന്തൊരു ചേല്‌. എന്നിട്ട്‌ ഞങ്ങളുടെ നൃത്തം മാത്രം മോശമോ, അത്‌ അധിക്ഷേപമോ? എന്തിന്‌ കഴുതക്കരച്ചില്‍ കരഞ്ഞാലോ,പൂച്ചക്കരച്ചിലോ, കുറുക്കന്റെ ഓരിയിടല്‍ ശബ്ദം ഉണ്ടാക്കിയാല്‍പോലും ആരും അത്ര സീരിയസ്‌ ആയി എടുക്കാറില്ലല്ലോ. പിന്നെ, ഞങ്ങളെ ആരാധിക്കുന്ന ചില ഫാന്‍സ്‌ ഒരു നൃത്തം ചെയ്തതാണോ ആസ്ത്രേലിയക്കാര്‍ക്ക്‌ ഇത്രയും അപമാനമായത്‌? അവരെ സമാധാനിപ്പിക്കാനായി ആ ഫാന്‍സിനെതിരെ പോലീസ്‌ കേസും എടുത്തിരിക്കുന്നു. ഇത്‌ ഞങ്ങളുടെ നൃത്തത്തേയും മുദ്രകളേയും ആക്ഷേപിക്കലും അധിക്ഷേപിക്കലുമല്ലേ? ഇതിനെതിരെ ഞങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമില്ലേ? മനേകാജി, 'പേറ്റ'ക്കാരെ, കേള്‍ക്കുണ്ടോ നിങ്ങള്‍. മൃഗാവകാശധ്വംസനമല്ലേ ഇത്‌.


20-20 ചാമ്പ്യന്മാരും ഏകദിന ചാമ്പ്യന്മാരും ഇന്ന്‌(ശനിയാഴ്ച) മുംബൈയില്‍ 20-20 ക്രിക്കറ്റ്‌ കളിയില്‍ ഏറ്റുമുട്ടുകയാണത്രേ. കിറുക്ക്‌ പിടിച്ച്‌ കളി കാണാന്‍ ഞങ്ങള്‍ ഇനി സ്റ്റേഡിയത്തില്‍ ചെന്നാല്‍, ആസ്ത്രേലിയക്കാരെ അപമാനിച്ചെന്നു പറഞ്ഞ്‌ കേസ്‌ ചാര്‍ജ്‌ ചെയ്ത്‌ അറസ്റ്റ്‌ ചെയ്യുമോ?

ഇനി, ഈ ആസ്ത്രേലിയക്കാര്‍ക്ക്‌ ഇഷ്ടമുള്ള നൃത്തം എന്താണാവോ? അര്‍ദ്ധനഗ്നരായ തരുണീമണികളുടെ 'പൂച്ചനടത്ത'മോ?

അതോ ഇനി കംഗാരു ഡാന്‍സ്‌ ആണോ അവരുടെ ഇഷ്ടനൃത്തം?
ഹേ, ആജ്ഞനേയാ !!


കൃഷ്‌

Thursday, September 27, 2007

അമ്മക്ക് പ്രണാമങ്ങള്‍.

അമ്മക്ക് പ്രണാമങ്ങള്‍.

2007 സെപ്തംബര്‍ 27ന് അമ്പത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന സദ്‌ഗുരു മാതാ അമൃതാനന്ദമയിക്ക് ആയിരമായിരം പ്രണാമങ്ങള്‍.

ജാതിമതഭേതമന്യേ ലോകത്തുള്ള എല്ലാവരേയും മക്കളായി കണ്ട്‌ അവരുടെ ദുഃഖം അകറ്റുവാനും ലോകനന്മക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സദ്ഗുരു മാതാ അമൃതാനന്ദമയിക്ക്‌ സഹസ്ര പ്രണാമങ്ങള്‍.

കൃഷ്

Monday, September 24, 2007

ഇന്ത്യന്‍ എസ്സെമെസ്സ്‌ ഐഡള്‍

ഇന്ത്യന്‍ എസ്സെമെസ്സ്‌ ഐഡള്‍.

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളില്‍ വലിയ റിയാലിറ്റി ഷോകള്‍ക്ക്‌ തുടക്കം കുറിച്ച സോണി ടി.വി.ചാനലിന്റെ 'ഇന്ത്യന്‍ ഐഡള്‍' ന്റെ ചുവട്‌ പിടിച്ച്‌ ഇപ്പോള്‍ മിക്ക ടി.വി. ചാനലുകളിലും പലതരം റിയാലിറ്റി ഷോ-കള്‍ ആണല്ലോ. ഹിന്ദി ചാനലുകള്‍ക്കു പുറമെ മലയാളം, തമിഴ്‌, തെലുഗു, മറാഠി, ബംഗാളി, ആസ്സാമീസ് തുടങ്ങി മിക്ക ഭാഷ ചാനലുകളിലും സംഗീത നൃത്ത മല്‍സരമോ റിയാല്‍ടി ഷോ-കളോ നടക്കുന്നു. ഇതു കൊണ്ട്‌ കണ്ണുനീര്‍ സീരിയലുകള്‍ മൂക്കുകുത്തി അപ്രത്യക്ഷമാകുന്നു. അല്ലെങ്കില്‍ വൈകീട്ട്‌ 6 മുതല്‍ രാത്രി 10 മണിവരെ ഇതു സഹിച്ചേ പറ്റൂ. സീരിയല്‍ നടീനടന്മാര്‍ ശരിക്കും ഇപ്പോള്‍ കണ്ണുനീരിലാവും. എന്തും കൂടുതലായാല്‍ ഇതുപോലെ ഇരിക്കും. വ്യൂവര്‍ഷിപ്പ്‌ ഉള്ളതുകൊണ്ട്‌ ഇപ്പോള്‍ ഓരോ ചാനലിലും ഒന്നും രണ്ടും റിയാലിറ്റി ഷോകളാണ്‌. ഇതുകൊണ്ട്‌ ആര്‍ക്കെല്ലാമാണ്‌ മെച്ചം. ചാനലുകാര്‍ക്ക്‌ തീര്‍ച്ചയായും നല്ല വരുമാനം. സ്പോണ്‍സര്‍മാരുടെ വക, പരസ്യം ചെയ്യുന്നവര്‍ വക. അതിലുമുപരി കാണികള്‍ പരസ്യം കണ്ടാല്‍ മാത്രം പോര, ഷോ-യില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ കാശുമുടക്കി എസ്‌.എം.എസ്സും ചെയ്യണം. അതുകൊണ്ട്‌ ലാഭം മൊബെയില്‍ കമ്പനികള്‍ക്കും ലാഭവിഹിതം ടി.വി. ചാനലിനും.

പക്ഷേ ഈ എസ്‌.എം.എസ്‌. വോട്ടുകള്‍ ഷോ-യില്‍ അവതരിപ്പിക്കുന്ന കലാകാരന്റെ/കലാകാരിയുടെ കഴിവും പ്രാഗല്‍ഭ്യവും നോക്കിയാണോ കൊടുക്കുന്നത്‌. 90% ശതമാനവും അല്ലെന്നുതന്നെ വേണം പറയാന്‍. നല്ല സുഹ്രുത്ത്‌ വലയം, വോട്ട്‌ ക്യാന്‍വാസ്‌ ചെയ്യാന്‍ ആളുകള്‍, നാട്‌, ദേശം, പരസ്യം, വോട്ട്‌ തെണ്ടല്‍ തുടങ്ങി അനേകം 'സംഗതി'കള്‍ അതിലില്ലേ. നിങ്ങളുടെ നാട്ടില്‍ നിന്നുമുള്ള ഒരു ആള്‌, അല്ലെങ്കില്‍ നിങ്ങള്‍ പഠിക്കുന്ന അതേ കോളെജില്‍ പഠിക്കുന്ന ആളാണ്‌ ഷോ-യില്‍ ശരാശരി പരിപാടി അവതരിപ്പിച്ച്‌ വോട്ട്‌ 'ഇരക്കു'ന്നതെങ്കില്‍ മറ്റു കഴിവുള്ള കലാകാരനെ മറികടന്ന്‌ നിങ്ങള്‍ ഇയാള്‍ക്ക്‌ വോട്ട്‌ ചെയ്യില്ലേ. അപ്പോള്‍ പിന്നെ കഴിവിന്റെ അടിസ്ഥാനത്തില്‍ എവിടെയാണ്‌ ഒരാള്‍ യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ സിംഗറോ ഐഡളോ ആകുന്നത്‌?

ഒരു കാര്യം പറയാന്‍ മറന്നു. വിധികര്‍ത്താക്കള്‍ എന്നു പറഞ്ഞ്‌ സംഗീതവുമായി ബന്ധമുള്ള മൂന്നുനാലു പേരെ ഷോ-യില്‍ ഇരുത്തുന്നുണ്ട്‌. ഇവര്‍ കലാകാരന്റെ/കലാകാരിയുടെ കഴിവുകള്‍/പോരായ്മകള്‍ പറയും, ചിലപ്പോള്‍ പരസ്പരം കലഹിക്കും, സൗന്ദര്യപിണക്കം നടത്തും. വോട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ പുറത്താകുമ്പോള്‍ ഇവര്‍ സങ്കടപ്പെടും, കരയും, കരയിക്കും. ചിലപ്പോള്‍ തോന്നും ഇതും മുന്‍കൂട്ടി നിശ്ചയിച്ചതാണോ എന്ന്‌. ഇവര്‍ വിധികര്‍ത്താക്കളാണെങ്കിലും ഇവര്‍ക്ക്‌ ഓരോ കലാകാരന്റെ/കലാകാരിയുടെ കഴിവ്‌ കണ്ട്‌ വിധി നിര്‍ണ്ണയിക്കാനോ, വിജയിയെ നിശ്ചയിക്കാനോ അധികാരമില്ല, സോറി, ചാനല്‍ നിയമമില്ല. ഇവിടെ ഇവര്‍ പാവകള്‍ മാത്രം, ചാനലുകാര്‍ തരുന്ന കാശ്‌ വാങ്ങിച്ച്‌ അഭിനയിക്കുക.
(ഇപ്പോള്‍ ചാനലുകളില്‍ സംഗീതമല്‍സരത്തില്‍ പാട്ട്‌ പാടിയാല്‍ മാത്രം പോരാ. നല്ലതുപോലെ നൃത്തം ചെയ്ത്‌ പാട്ട്‌ പാടണം, നല്ല ഫാഷണബിള്‍ ഡ്രസ്സിംഗ്‌ ആയിരിക്കണം. ഇതുപോലുള്ള മല്‍സരത്തില്‍ യേശുദാസോ, ജയചന്ദ്രനോ, എസ്‌.ജാനകിയോ, ചിത്രയോ,എസ്‌.പി. ബാലസുബ്രഹ്മണ്യനോ വേഷം മാറി പങ്കെടുത്തുവെന്നു വെക്കുക. ഇവര്‍ക്ക്‌ നൃത്തം ചെയ്ത്‌ പാട്ട്‌ പാടാനറിയാത്തതുകൊണ്ട്‌ വിധികര്‍ത്താക്കള്‍ മാര്‍ക്ക്‌ കുറച്ച്‌ കൊടുത്തേനെ!!)

സോണി ചാനലിലെ 'ഇന്ത്യന്‍ ഐഡള്‍' 2007 വെര്‍ഷന്‍ ഫൈനല്‍ ഇന്നലെ പരിസമാപ്തി കുറിച്ചു. ഇന്നലെ വരെയും ഈ വര്‍ഷത്തെ ഇന്ത്യന്‍ ഐഡളിനെ 'തിരഞ്ഞെടുക്കാന്‍' ഒരു പൊതുതിരഞ്ഞെടുപ്പിനുപോലും കാണാത്തവിധം എസ്‌.എം.എസ്‌. വോട്ടിനുവേണ്ടിയുള്ള കാമ്പൈന്‍ ആയിരുന്നു. പത്രങ്ങളില്‍ മിക്ക ദിവസവും വാര്‍ത്തകള്‍, പരസ്യങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളും, യുവ സംഘടനകളും സാസ്കാരിക ക്ലബുകളും വോട്ടിനു വേണ്ടി പരസ്യവും അപ്പീലുകളും ഇറക്കുന്നു. മന്ത്രിമാരും എന്തിനു ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പോലും ആ സംസ്ഥാനത്തുനിന്നുള്ള ഷോ-യില്‍ പങ്കെടുക്കുന്നയാളെ പ്രകീര്‍ത്തിക്കുകയും വോട്ടിനു വേണ്ടി അപ്പീല്‍ നടത്തുകയും ചെയ്യുന്നു. ലോക്കല്‍ കേബിള്‍ ചാനലുകളില്‍ എസ്‌.എം.എസ്‌.നു വേണ്ടി പരസ്യങ്ങള്‍. നഗരങ്ങളിലും പാതയോരങ്ങളിലും ഒരു പ്രത്യേക കലാകാരനുവേണ്ടി എസ്‌.എം.എസ്‌. വോട്ട്‌ ആവശ്യപ്പെട്ടുകൊണ്ട്‌ വലിയ പോസ്റ്റര്‍/തുണി/ഫ്ലക്സ്‌ പരസ്യങ്ങള്‍. (ഇതിനെല്ലാം ചിലവില്ലേ?). ചാനലുകാര്‍ തന്നെ മുന്‍കൈയ്യെടുത്ത്‌ ഓരോ പ്രധാന നഗരങ്ങളിലും ലൈവ്‌ കാമ്പൈന്‍ സംഘടിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥികളെക്കൊണ്ട്‌ പാട്ട്‌ പാടിച്ച്‌ വോട്ട്‌ 'ഇരപ്പി'ക്കുന്നു. കിഴക്കന്‍/വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്‌ ഒരു ജ്വരമായി മാറിയിരിക്കയാണ്‌. രണ്ടുമാസമായി ഫൈനല്‍ മല്‍സരം മുറുകിവരികയണ്‌. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി മുഴുവന്‍ ഒരു സംസ്ഥാനത്തെ PCO-കള്‍‍ മുഴുവന്‍ ടെലിഫോണിലൂടെ വോട്ടിംഗ്‌ ചെയ്യുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സ്പോണ്‍സര്‍ ചെയ്തിരിക്കയാണ്‌. ഞായറാഴ്ചകളില്‍ മല്‍സരാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനായി സര്‍വ്വമത പ്രാര്‍ഥനകള്‍ നടത്തുന്നു. ഒരു സംസ്ഥാന സര്‍ക്കാര്‍ മല്‍സരാര്ത്ഥിയെ ശാന്തിയുടേയും മതസൗഹാര്‍ദ്ധത്തിന്റേയും പ്രതീകമായി സംസ്ഥാന അംബാസ്സഡര്‍ ആയി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഐഡളിലെ ഒരു പ്രത്യേക കലാകാരനുവേണ്ടി, സംസ്ഥാന സര്‍ക്കാരിലെ വേണ്ടപ്പെട്ടവര്‍ മാത്രമല്ല, നിരോധിക്കപ്പെട്ട ഒരു തീവ്രവാദി സംഘടന വരെ ആ കലാകാരനു എസ്‌.എം.എസ്‌. വോട്ട്‌ ചെയ്യാനായി അപ്പീല്‍ (ശാസനം) ഇറക്കുകയുണ്ടായി. യുവതീ യുവാക്കള്‍ പരസ്പരം ചോദിക്കുന്നു നീ എത്ര എസ്‌.എം.എസ്‌. വോട്ട്‌ ചെയ്തു. നൂറില്‍ കുറഞ്ഞാല്‍ മോശമല്ലേ. ഓരോ എപ്പിസോഡ്‌ കഴിയുമ്പോഴും എല്ലാ വാര്‍ത്താ ചാനലുകളും ഇത്‌ പ്രൊമോട്ട്‌ ചെയ്യുന്നു. ഇങ്ങനെ ഒരു പ്രത്യേക സംസ്ഥാനത്തുനിന്നുള്ള, ഭാഷ സംസാരിക്കുന്ന, ആളെ എസ്‌.എം.എസ്‌. വോട്ട്‌ വഴി ഇന്ത്യയിലെ സൂപ്പര്‍ സിംഗര്‍ ആക്കുന്നു. കലാകാരന്റെ കഴിവു മറികടന്ന്‌, എസ്‌.എം.എസ്‌. വോട്ടിനു കൂടുതല്‍ പ്രാധാന്യം കൊടുത്ത്‌ ഇങ്ങനെ വിജയിക്കുന്ന കലാകാരനെ(കാരിയെ) 'ഇന്ത്യന്‍ ഐഡള്‍' എന്നോ അതോ 'ഇന്ത്യന്‍ എസ്‌.എം.എസ്‌. ഐഡള്‍' എന്നാണൊ വിളിക്കേണ്ടത്‌. സൂപ്പര്‍ സിംഗര്‍ എന്നോ അതോ 'സൂപ്പര്‍ എസ്‌.എം.എസ്‌. സിംഗര്‍' എന്നോ വിളിക്കേണ്ടത്‌?

ഇന്ത്യന്‍ ഐഡള്‍-3 - ല്‍ ഇന്നലത്തെ ഫൈനലില്‍ അവസാനം ഡാര്‍ജിലിംഗില്‍ നിന്നുള്ള പ്രശാന്ത്‌ തമാങ്ങ്‌, ഷില്ലോങ്ങില്‍ നിന്നുള്ള അമിത്‌ പാളിനെ എസ്‌.എം.എസ്‌. വോട്ടിങ്ങില്‍ മറി കടന്ന് ഇന്ത്യന്‍ ഐഡള്‍-3 -ലെ വിജയിയായി. കാറും കരാറും അടക്കം ഒരു കോടി രൂപ സമ്മാനം.
(ഫൈനലില്‍ വിജയിയെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ അയച്ച എസ്‌.എം.എസ്‌. 7 കോടിയിലധികം!!!)


ഫൈനല്‍ മത്സരാര്‍ത്ഥി - ഷില്ലോങില്‍ നിന്നുള്ള അമിത് പാള്‍.
ഫൈനലില്‍ എസ്.എം.എസ്/ടെലിഫോണ്‍ വോട്ടിങിലൂടെ വിജയം വരിച്ച ഡാര്‍ജിലിങില്‍ നിന്നുള്ള പ്രശാന്ത് തമാങ്ങ്.

കരാറും കാറും ഫ്ലാറ്റും അടക്കം 50 ലക്ഷമോ ഒരു കോടിയോ മറ്റോ വിജയിക്കു നല്‍കുമ്പോള്‍ ചാനലുകാര്‍ സമ്പാദിക്കുന്നത്‌ എത്ര കോടിയെന്ന് അവര്‍ പരസ്യപ്പെടുത്തുന്നുണ്ടോ. ഇല്ല, ഒരിക്കലുമില്ല. പൊതുജനത്തിന്റെ കാശല്ലേ എങ്ങനെ പറയും.

വാല്‍ക്കഷണം(കഴുതരാഗത്തില്‍):
പൊതുജനത്തെ കഴുതയാക്കുകയാണോ അതോ പൊതുജനം സ്വയം കഴുത ആവുകയാണോ?

*****

ഇന്ത്യന്‍ ഐഡള്‍-3: അപ്‌ഡേറ്റ് (കമന്റുകളില്‍)


കൃഷ്‌.

Tuesday, September 18, 2007

മായം, വിഷമയം

മായം, വിഷമയം.

നമ്മള്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതിനെക്കുറിച്ച്‌ നാമെല്ലാം കേട്ടിട്ടുണ്ട്‌. അമിതലാഭത്തിനായി എന്തെല്ലാം വിധത്തിലുള്ള മായം ചേര്‍ക്കലാണ്‌ വിവിധ ഭക്ഷ്യവസ്തുക്കളില്‍ വ്യാപാരികള്‍ ചെയ്യുന്നത്‌. അറക്കപ്പൊടി(ഈര്‍ച്ചപ്പൊടി) ചേര്‍ത്ത മല്ലിപ്പൊടി, ചായഇല, ഇഷ്ടികപ്പൊടി കലര്‍ത്തിയ മുളകുപൊടി, മഞ്ഞക്കളര്‍ പൊടി ചേര്‍ത്ത മഞ്ഞള്‍പ്പൊടി, ഉണക്കചാണകപ്പൊടി ചേര്‍ത്ത ജീരകപ്പൊടി, മല്ലിപ്പൊടി, വെളുത്ത ഗ്രീസ്‌ കലര്‍ത്തിയ നെയ്യ്‌, യൂറിയ,സസ്യഎണ്ണ, വാഷിംഗ്‌ പൗഡര്‍ എന്നിവ ചേര്‍ത്ത്‌ നിര്‍മ്മിക്കുന്ന കൃത്രിമപാല്‌ തുടങ്ങി അനേകം മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളാണ്‌ നിത്യേന നമ്മുടെ ശരീരത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.ഇറച്ചികളില്‍ പോലും മായം കലര്‍ത്തുന്നു. പെട്ടെന്ന്‌ വളര്‍ച്ചയും തൂക്കവും കിട്ടുന്നതിന്‌ കോഴികളില്‍ കുത്തിവെയ്പ്പ്‌ നടത്തുന്നു. ആറുമാസം തികയാത്ത പശുക്കുട്ടികളെ ലോറിക്കണക്കിന്‌ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന്‌ കശാപ്പ്‌ ചെയ്ത്‌ ആട്ടിറച്ചിയാണെന്ന്‌ പറഞ്ഞ്‌ വില്‍ക്കുന്നതായി രണ്ട്‌ ദിവസം മുന്‍പാണല്ലോ TV-യില്‍ വാര്‍ത്ത വന്നത്‌. എങ്ങിനെയാണ്‌ ഇതെല്ലാം വിശ്വസിച്ച്‌ വാങ്ങുക.

എന്നാല്‍ പച്ചക്കറിയാണ്‌ ഭേദമെന്ന്‌ കരുതിയാല്‍ അവിടെയുമുണ്ട്‌ മായം, കൊള്ളലാഭത്തിനായി. അപകടകാരികളായ രാസവസ്തുക്കള്‍ ചേര്‍ത്ത്‌ മാങ്ങ നിറംവെപ്പിക്കുകയും പഴുപ്പിക്കുന്നതുമായി വാര്‍ത്തകള്‍ വന്നതാണല്ലോ. ഇക്കാലത്ത്‌ അങ്ങാടിയില്‍ കിട്ടുന്ന പല പച്ചക്കറികളുടെയും ആകാരവും ഭംഗിയും കണ്ട്‌ നാം അത്ഭുതപ്പെടാറുണ്ട്‌. കല്ല്‌ പോലെ ദിവസങ്ങളോളം ചീയാതെ ഇരിക്കുന്ന തക്കാളി, തേങ്ങയേക്കാള്‍ വലുപ്പമുള്ള ഉണ്ട വഴുതിനങ്ങ, വിവിധ നിറങ്ങളിലുള്ള വെള്ളരിക്ക, പുഴുക്കുത്തേല്‍ക്കാത്ത ഹരിതസുന്ദരമായ കേരളത്തിന്റെ ഷേപ്പിലുള്ള വലിയ കരേള (പാവക്ക) തുടങ്ങിയവ. (കേരള എന്നും അക്ഷരം തെറ്റിച്ച്‌ ചില ഉത്തരേന്ത്യക്കാര്‍ പറയും).

പക്ഷേ, ഒന്നോ രണ്ടോ ദിവസം കൊണ്ട്‌ വളര്‍ച്ച വര്‍ദ്ധിപ്പിച്ച്‌ വിളവെടുപ്പ്‌ നടത്താവും വിധം പച്ചക്കറികളില്‍ കുത്തിവെയ്പ്പ്‌ നടത്തുന്നത്‌ ഇന്നലെ TV-യില്‍ കാണാനിടയായി. ഈ മരുന്ന് കുത്തിവെയ്ക്കുന്നത്‌ കച്ചവടക്കാരല്ല, മറിച്ച്‌ കൃഷിക്കാര്‍ തന്നെയാണ്‌. ഇതിന്‌ ഉപയോഗിക്കുന്നതോ "ഓക്സിടോസിന്‍" എന്ന മരുന്നും. ഉത്തര്‍പ്രദേശിലെ ബുലെന്ദ്ഷഹര്‍ ജില്ലയില്‍ കര്‍ഷകര്‍ വ്യാപകമായി ഈ മരുന്ന് കുത്തിവെയ്ച്ച്‌ വര്‍ദ്ധിച്ച വിളവെടുപ്പ്‌ നടത്തി കൊള്ളലാഭമുണ്ടാക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ലൗക്കി (നീളന്‍ ചുരക്ക), വെണ്ടക്കയുടെ വലിപ്പമുള്ളപ്പോള്‍ വേരിന്‌ മുകളിലായി ചെടി(വള്ളി)യില്‍ ഈ വിഷമരുന്ന്‌ സിറിഞ്ച്‌ ഉപയോഗിച്ച്‌ കുത്തിവെയ്ക്കുന്നു. ഒന്നുരണ്ടു ദിവസം കൊണ്ട്‌ ആ ചെടിയിലുള്ള ചുരക്കകള്‍ പത്തിരട്ടിയിലധികം വലിപ്പത്തിലാവുകയും, അത്‌ പറിച്ചെടുത്ത്‌ അങ്ങാടിയിലെത്തിക്കുകയും ചെയ്യുന്നു. (ഹിമാചല്‍ പ്രദേശില്‍ മത്തന്‍, തണ്ണിമത്തന്‍, വഴുതിനങ്ങ എന്നിവയിലും ഈ പ്രയോഗം നടത്താറുണ്ട്‌.)

TV വാര്‍ത്തയില്‍ നിന്നുള്ള ചിത്രങ്ങള്‍ താഴെ: ഓക്സിടോസിന്‍ ഇഞ്ചക്ഷന്‍ ചെടികളിലും എരുമയിലും കുത്തിവെയ്ക്കുന്നു.
പച്ചക്കറി ചെടിയില്‍ മരുന്ന് കുത്തിവെയ്ക്കുന്നു..
കുത്തിവെയ്പ്പ് നടത്തി വലുതാക്കിയ ചുരക്ക അങ്ങാടിയിലേക്ക്..
മരുന്ന് കുത്തിവെച്ച് കൂടുതല്‍ പാല്‍ ചുരത്തിക്കുന്നു.

പച്ചക്കറികളില്‍ മാത്രമല്ല ഈ മരുന്ന്‌ ഉപയോഗിക്കുന്നത്‌. ഗര്‍ഭമുള്ള പശുക്കളിലും എരുമകളിലും മരുന്ന് കുത്തിവെച്ച്‌ പ്രസവം എളുപ്പത്തിലാക്കുന്നു. ഈ മരുന്ന് പശുക്കളിലും എരുമകളിലും കുത്തിവെയ്ച്ച്‌ കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നു. 4 ലിറ്റര്‍ പാല്‍ തരുന്ന ഒരു എരുമ കുത്തിവെച്ചതിനുശേഷം 14 ലിറ്റര്‍ പാല്‍ തരുന്നത്രേ. ഈ ജില്ലയിലും ഉത്തരേന്ത്യയിലെ മറ്റു ഭാഗങ്ങളിലും ഈ പറഞ്ഞ മരുന്ന് ദിവസേന നല്ലപോലെ വിറ്റുപോകുന്നു. ഒരു ഇഞ്ചക്ഷനു 50 പൈസ മാത്രമെ വിലയുള്ളൂ. അതിനര്‍ത്ഥം മിക്കവാറും എല്ലാ കൃഷിക്കാരും ഇത്‌ വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ്‌. ഇങ്ങനെ വില്‍പ്പനക്കായി/ഉപയോഗിക്കാനായി ശേഖരിച്ചുവെച്ചിരുന്ന വലിയ ഒരു കരുതല്‍ ശേഖരം മരുന്ന് പോലീസ്‌ പിടിച്ചെടുക്കുകയും രണ്ടുപേരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു.പക്ഷേ, അപകടകരമായ കാര്യം എന്തെന്നാല്‍ ഈ മരുന്ന് കുത്തിവെച്ച പച്ചക്കറികളോ, പാലോ കഴിച്ചാല്‍ മനുഷ്യന്റെ ആരോഗ്യത്തിന്‌ അത്‌ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ്‌. പ്രസവം സുഗമമാക്കാനും കൂടുതല്‍ പാല്‍ ചുരത്താന്‍ സഹായിക്കാനുമാണ്‌ സാധാരണ ഈ മരുന്നിനെ ആശ്രയിക്കാറുള്ളതെന്നാണ്‌ കേട്ടത്‌. ( പുരുഷന്മാരെ ഇത്‌ ഷണ്ഡത്വത്തിലേക്ക്‌ നയിക്കുമ്പോള്‍ സ്ത്രീകള്‍ക്കും ശിശുക്കള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായാണ്‌ ആരോഗ്യരംഗത്തുള്ളവരുടെ അഭിപ്രായം TV-യിലൂടെ കേട്ടത്‌. ഇത്‌ ശരിയോ എന്ന് അറിയില്ല).

നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ, കൃഷിയും കാര്‍ഷിക ഉല്‍പ്പാദനവുമാണ്‌. പട്ടാളക്കാരന്‍ രാജ്യം സംരക്ഷിക്കാനായി ചോര ഒഴുക്കുകയാണെങ്കില്‍, കൃഷിക്കാരനാണ്‌ ചോര നീരാക്കി, വിയര്‍പ്പൊഴുക്കി രാജ്യത്തിന്‌ അന്നം വിളയിച്ച്‌ നല്‍കുന്നത്‌. അതുകൊണ്ട്‌ തന്നെ നമ്മുടെ രാജ്യത്ത്‌ ഒരു കൃഷിക്കാരന്‌, കള്ളത്തരവും മായവും നടത്തി കൊള്ളലാഭം ചെയ്യുന്ന ഇടത്തട്ടുകാരെയും വ്യാപാരികളെക്കാളും ഒരു ഉയര്‍ന്ന സ്ഥാനം നല്‍കുന്നത്‌. പക്ഷേ, അമിതലാഭത്തിനായി, അന്നമൂട്ടുന്ന (ചില) കൃഷിക്കാര്‍ തന്നെ, വിളവുകളിലും ആഹാരസാധനങ്ങളിലും വിഷമരുന്ന്‌ കുത്തിവെച്ച്‌ ഒരു ജനതയെതന്നെ ഷണ്ഡന്മാരും രോഗികളും ആക്കുകയാണെങ്കിലോ... ആലോചിക്കാന്‍ വയ്യ.

അമിതവിഷം കലര്‍ന്ന കീടനാശിനികളും രാസവളങ്ങളും ഒഴിവാക്കി ജൈവകൃഷി പ്രോല്‍സാഹിപ്പിക്കണം എന്നു പറയുമ്പോള്‍, കൃഷിക്കാര്‍ തന്നെ ഈ അപകടമേഖലയിലേക്ക്‌ നീങ്ങുന്നത്‌ ശരിയോ. എവിടെയാണ്‌ അവര്‍ക്ക്‌ പിഴച്ചത്‌? ഉല്‍പ്പാദനത്തിന്‌ മാന്യമായ വില കിട്ടാത്തതോ, ഇടത്തട്ടുകാര്‍ ചൂഷണം ചെയ്യുന്നതോ, വായ്പയും പലിശയും ചേര്‍ന്ന്‌ കഴുത്തിലെ പിടി മുറുക്കുന്നതോ അതോ മാറി വരുന്ന പുത്തന്‍ ജീവിത ശൈലിക്കനുസരിച്ച്‌ മാറാനായി കൂടുതല്‍ പണമുണ്ടാക്കാനായുള്ള വ്യഗ്രതയോ?

(ഇനി വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ അകത്തുചെന്ന് കാലക്രമേണ രോഗിയായാലോ, മരുന്ന് വാങ്ങിക്കുമ്പോള്‍ കടയില്‍ നിന്നും കിട്ടുന്നതോ മിക്കതും ഡൂപ്ലിക്കേറ്റോ അല്ലെങ്കിലും നിരോധിച്ചതോ ആയ മരുന്നുകള്‍. ഈശ്വരോ രക്ഷതു!)

വാല്‍ക്കഷണം: ബാറ്ററിയും, തല്ലികൊന്ന പാമ്പും, അട്ടയും, തേളുമെല്ലാം ഇട്ട്‌ വാറ്റിയ നാട്ടു വ്യാജന്‍ അടിച്ച്‌ പാമ്പായി നടക്കുന്ന അയ്യപ്പ ബൈജുവിനെപോലുള്ളവര്‍‍ പറയും.. "ശ്ശ്‌..ഏയ്‌, ഇതൊന്നും നമുക്ക്‌ ഏശൂല്ലാ.." (കാരണം ചിലയിടങ്ങളില്‍ വാറ്റുന്ന മദ്യത്തിലും ലഹരി വര്‍ദ്ധിപ്പിക്കാനായി ഈ മരുന്ന് ചേര്‍ക്കാറുണ്ടത്രേ).

കൃഷ്‌.

Thursday, August 30, 2007

ബാല്യകാല സ്മരണകള്‍ - നൊസ്റ്റാല്‍ജിയ

ബാല്യകാല സ്മരണകള്‍ - നൊസ്റ്റാല്‍ജിയ.

സ്കൂളിന്‌ അവധിയാകുമ്പോള്‍ പണ്ടൊക്കെ കളിക്കാന്‍ എന്തു രസം.
കൊയ്ത്തൊഴിഞ്ഞ പാടങ്ങള്‍ തന്നെ മുഖ്യ കളിസ്ഥലം. നാടന്‍ ക്രിക്കറ്റ്‌ (കൊട്ടിയും പുള്ളും), ചില്ലേറ്‌, കാല്‍പ്പന്ത്‌, ഗോലികളി, അങ്ങിനെ പലതും.

വാളന്‍പുളി എറിഞ്ഞുവീഴ്ത്തിയും പെറുക്കിവിറ്റും സിനിമക്കുള്ള വകുപ്പ്‌ സംഘടിപ്പിക്കല്‍. പുളിമരക്കൊമ്പില്‍ ഊഞ്ഞാലിട്ട്‌, ഊഞ്ഞാലാട്ടം.

വൈക്കോല്‍ കുണ്ട(കൂന)കള്‍ക്കിടയില്‍ ഒളിച്ചുകളി.
ഇടക്ക്‌ കുന്നിക്കുരു ശേഖരണം.
ഇതൊക്കെ മടുത്ത്‌ കഴിയുമ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്ന യെവന്റെ പുറത്തു കയറി ഒരു നാടുതെണ്ടല്‍.

വെയില്‌ കൊണ്ട്‌ ക്ഷീണിച്ചു കഴിയുമ്പോള്‍ പിന്നെ കുളത്തിലേക്ക്‌ എടുത്ത്‌ ചാട്ടമായി. നീന്തിതിമര്‍ക്കാന്‍ - ജലകലോല്‍സവം, ഒന്നു രണ്ടു മണിക്കൂറെങ്കിലും.

ഇതൊക്കെ പഴയ കഥ. ഇന്നോ?


ഇന്നത്തെ കാലത്ത്‌ കുട്ടികള്‍ക്ക്‌ വീഡിയോ ഗെയിം, കമ്പ്യൂട്ടര്‍, ടി.വി. ഷോകള്‍, പിന്നെ ഔട്ടിംഗ്‌ എന്നാല്‍ വീഗാലാന്‍ഡും. ന്താ പോരേ..!!


*********(ഇത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം? ചില ബ്ലോഗര്‍മാര്‍ പോസ്റ്റുകളുടെ വാര്‍ഷികം ആഘോഷിക്കുന്നു. ഞാന്‍ ഒന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ ഈ ബ്ലോഗ്‌ 2004-ല്‍ തുടങ്ങി അനക്കമില്ലാതെ കിടന്നെങ്കിലും, മലയാളത്തില്‍ പോസ്റ്റുകള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒരു തിരിഞ്ഞുനോട്ടം, ബാല്യകാലത്തേക്കും ബ്ലോഗ് ബാല്യകാലത്തേക്കും.)

Wednesday, August 29, 2007

സുല്ലിട്ട തേങ്ങകള്‍.

സുല്ലിട്ട തേങ്ങകള്‍.

കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം എല്ലാ പോസ്റ്റിനും ആദ്യം കേറി കമന്റ് തേങ്ങ ഉടയ്ക്കുന്ന സുല്‍ എന്ന ബ്ലോഗര്‍ പോസ്റ്റിന്റെ വാര്‍ഷികം കൊണ്ടാടുകയാണ് (വെള്ളമടിച്ച് ആടുകയല്ല). ഇത്രയും നാള്‍ മറ്റുള്ളവരുടെ പോസ്റ്റിനെല്ലാം തേങ്ങയുടച്ച് സുല്‍, ഇപ്പോള്‍ ക്ഷീണിതനായിരിക്കുകയാണ്. കാരണം പോസ്റ്റുകള്‍ മലവെള്ളപ്പാച്ചില്‍ പോലെയാണ് വന്നു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം തേങ്ങയുടക്കുക എന്നത് വിഷമം പിടിച്ച കാര്യവും. അതിനുപുറമെ ആവശ്യത്തിന് തേങ്ങയും കിട്ടാനില്ല. പോസ്റ്റുകളുടെ എണ്ണം എന്തായാലും കുറയാന്‍ പോവുന്നില്ല. സുല്ലിന്റെ ഈ വിഷമസ്ഥിതി മാറ്റുവാനായി തേങ്ങാ ഉല്‍പ്പാദനം കൂട്ടുകയേ നിവൃത്തിയുള്ളൂ.

സുല്ലിനു വേണ്ടി തെങ്ങിന്‍ തൈകള്‍ മുളപ്പിച്ചെടുക്കുന്നു.
തൈകള്‍ വളര്‍ന്നു വരുന്നുണ്ട്. സുല്ലേ പേടിക്കേണ്ട.
ഇതാ കുലച്ചു നില്‍ക്കുന്നു. ചെന്തെങ്ങ് കുലച്ചപോലെ....
അപ്പോള്‍ സുല്ലടി (തേങ്ങയടി) തുടരട്ടെ.

(ഈ പോസ്റ്റ് സുല്ലിന് സമര്‍പ്പണം)

Friday, August 10, 2007

ആകാശത്തില്‍ അഗ്നിവര്‍ഷം.

ആകാശത്തില്‍ അഗ്നിവര്‍ഷം. അതെ, ഉല്‍ക്കകളുടെ തീമഴ.
പെര്‍സീഡ് ഉല്‍ക്കകള്‍ ആകാശത്ത് അഗ്നിവര്‍ഷം സൃഷ്ടിക്കാന്‍ പോകുന്നു. ഈ വരുന്ന ആഗസ്റ്റ്‌ 12നും 13നും ഇടക്കുള്ള രാത്രിയില്‍ ഉല്‍ക്കകളുടെ അഗ്നിവര്‍ഷം കൂടുതലായി നമുക്ക്‌ നഗ്നനേത്രങ്ങള്‍കൊണ്ട്‌ ദര്‍ശിക്കാന്‍ കഴിയും. അന്ന് രാത്രി 10 മണിക്കും 2 മണിക്കും ഇടയിലുള്ള ഓരോ മണിക്കൂറിലും 50 മുതല്‍ 80 വരെ കത്തിജ്വലിക്കുന്ന ഉല്‍ക്കകള്‍ കാണാന്‍ കഴിയുമെന്നാണ്‌ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്‌.

എല്ലാ വര്‍ഷവും ആഗസ്റ്റ്‌ മാസത്തില്‍ ഉല്‍ക്കകള്‍ കൂടുതലായി ഭൂമിയുടെ വായുമണ്ഡലത്തിലേക്ക്‌ പതിക്കുന്നു. ഇത്‌ ചില വര്‍ഷങ്ങളില്‍ കുറഞ്ഞും ചില വര്‍ഷങ്ങളില്‍ കൂടിയുമിരിക്കും. എന്നാല്‍ ഈ ആഗസ്റ്റില്‍ വായുമണ്ഡലത്തിലേക്കുള്ള ഉല്‍ക്കാപതനം കൂടുതലായിരിക്കുമെന്നാണ്‌ കണ്ടെത്തല്‍. പെര്‍സീഡ്‌ എന്ന നാമധേയമുള്ള ഉല്‍ക്കയാണ്‌ ഇങ്ങനെ ഭൂമിയുടെ വായുമണ്ഡലത്തിലേക്ക്‌ വരുന്നത്‌. സ്വിഫ്റ്റ്‌-ടറ്റില്‍ എന്ന വാല്‍നക്ഷത്രത്തിന്റെ വാല്‍ഭാഗം ആഗസ്റ്റ്‌ മാസത്തില്‍ ഭൂമിയുടെ സഞ്ചാരപഥത്തില്‍ കുറുകെ കടക്കുകയും അങ്ങിനെ ചെറിയ പാറക്കഷണങ്ങളും പൊടിപടലങ്ങളുമടങ്ങിയ ചെറുതും വലുതുമായ ഉല്‍ക്കക്കഷണങ്ങള്‍ ഭൂമിയുടെ വായുമണ്ഡലത്തിലേക്ക്‌ 1,32,000 മൈല്‍ പ്രതി മണിക്കൂര്‍ വേഗതയില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത്രയും വേഗതയില്‍ ഭൂമിയുടെ വായുമണ്ഡലത്തില്‍ പ്രവേശിക്കുന്നതോടെ ഭൗമോപരിതലത്തിന്‌ 30 - 80 മൈലുകള്‍ മുകളില്‍ വെച്ചുതന്നെ ഘര്‍ഷണം മൂലം ഉണ്ടാകുന്ന അതിതാപം കാരണം കത്തി ജ്വലിക്കുന്നു. ഇങ്ങനെ കത്തിജ്വലിച്ച്‌ സഞ്ചരിക്കുന്ന ഉല്‍ക്കകളെയാണ്‌ ആഗസ്റ്റ്‌ 12ന്‌ രാത്രി ദര്‍ശിക്കാന്‍ അവസരമുണ്ടാകുന്നത്‌. വളരെ അപൂര്‍വമായി ചില ഉല്‍ക്കകള്‍ കത്തിതീരാതെ അവശിഷ്ടം ഭൂമിയില്‍ വന്നു പതിക്കാറുണ്ട്‌. സ്വിഫ്റ്റ്‌-ടറ്റില്‍-ന്റെ ഉല്‍ക്കകള്‍ പെര്‍സിയസ്‌ എന്ന നക്ഷത്രസമൂഹത്തില്‍നിന്നും ഉത്ഭവിക്കുന്നതുകൊണ്ടാണ്‌ ഈ ഉല്‍ക്കകളെ പെര്‍സീഡ്സ്‌ എന്ന്‌ വിളിക്കുന്നത്‌.(ഈ ഉല്‍ക്കാ പതനം ജൂലായ്‌ 17ന്‌ തുടങ്ങി ആഗസ്റ്റ്‌ 24 വരെ ഉണ്ടാകുമെങ്കിലും ആഗസ്റ്റ്‌ 12-നാണ്‌ ഇത്‌ മൂര്‍ദ്ധന്യത്തിലെത്തുന്നത്‌).

ഈ ആഗസ്റ്റ്‌ 12-ന്‌ അമാവാസിയായതിനാല്‍ രാത്രി ആകാശം കൂടുതല്‍ ഇരുണ്ടതായിരിക്കും. അതിനാല്‍തന്നെ ഈ അഗ്നിവര്‍ഷം വ്യക്തമായി ദര്‍ശിക്കാന്‍ കഴിയും. ആകാശത്തിന്റെ വടക്കുകിഴക്ക്‌ ചക്രവാളത്തില്‍നിന്നുമാണ്‌ പെര്‍സിയസ്‌ പൊങ്ങുന്നത്‌. അതുകൊണ്ട്‌ ആ ഭാഗത്തായിട്ടാണ്‌ ഇത്‌ കാണാന്‍ കഴിയുക. രാത്രിയിലെ നഗരവെളിച്ചത്തില്‍ നിന്നും അകന്ന്‌ ഇരുട്ടുള്ള ചുറ്റുപാടുനിന്നും നോക്കിയാല്‍ കാണാമെന്ന്‌ ശാസ്ത്രജ്ഞര്‍ ഉപദേശിക്കുന്നു.
***

വാല്‍നക്ഷത്രക്കഷണം:
വര്‍ഷകാലത്തൊരു അഗ്നിവര്‍ഷം. അപ്പോള്‍ ഉല്‍ക്കാഗ്നിവര്‍ഷം കാണാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ്‌ 12-ന്‌ രാത്രി ആകാശത്തേക്ക്‌ കണ്ണും തുറന്നിരിക്കുക.(കൊതുകുകടി കൊള്ളാതെ). ദര്‍ശനം (കൊതുകിന്റെ ദംശനം അല്ല) കിട്ടിയവര്‍ അറിയിക്കുമല്ലോ.

കൃഷ്‌

Wednesday, August 01, 2007

ചാറ്റുമ്പോള്‍ ചീറ്റാമോ?

ചാറ്റുമ്പോള്‍ ചീറ്റാമോ?


1. സൈക്കിളില്‍ പോയാല്‍ സൈക്ക്ലിംഗ്‌ ആവാം,

എന്നാല്‍ ട്രെയിനില്‍ പോയാല്‍ ട്രെയിനിംഗ്‌ ആവുമോ?


2. ആട്ടോ ഡ്രൈവര്‍ ആയാല്‍ ആട്ടോ ഓടിക്കാന്‍ പറ്റും,

അപ്പോള്‍ സ്ക്രൂ ഡ്രൈവര്‍ ആയാല്‍ സ്ക്രൂ ഓടിക്കാന്‍ പറ്റുമോ?


3. ലഞ്ച്‌ ബാഗില്‍ ലഞ്ച്‌ കൊണ്ടുപോകാന്‍ പറ്റും,

എന്നാല്‍ സ്കൂള്‍ ബാഗില്‍ സ്കൂള്‍ കൊണ്ടുപോകാന്‍ പറ്റുമോ?


4. ഇഡ്ലിപ്പൊടി തൊട്ട്‌ ഇഡ്ലി കഴിക്കാന്‍ പറ്റും,

എന്നാല്‍ മൂക്കുപ്പൊടി തൊട്ട്‌ മൂക്ക്‌ കഴിക്കാന്‍ പറ്റുമോ?


5. എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിച്ചാല്‍ എഞ്ചിനീയര്‍ ആകാം,

എന്നാല്‍ പ്രസിഡന്‍സി കോളേജില്‍ പഠിച്ചാല്‍ ആര്‍ക്കും പ്രസിഡന്റ്‌ ആകാന്‍ പറ്റുമോ?6. നമ്മള്‍ കടയില്‍ പോയി 501 ബാര്‍ സോപ്പ്‌ വാങ്ങിക്കുമ്പോള്‍

കടക്കാരന്‍ നമുക്ക്‌ ഒരു സോപ്പ്‌ മാത്രം തരുന്നു.

ബാക്കി 500 സോപ്പ്‌ എവിടെ പോയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?


7. കുട്ടിക്കൂറ പൗഡര്‍ ഇടുമ്പോള്‍ അതിന്റെ അമ്മക്കൂറയും

അച്ചന്‍കൂറയും എവിടെ എന്ന് അന്വേഷിച്ചിട്ടുണ്ടോ?

പാവം കുട്ടിക്കൂറ :)


8. തെങ്ങില്‍ നിന്നും തേങ്ങ വീഴും.

മാവില്‍ നിന്നും മാങ്ങ വീഴും.

പ്ലാവില്‍ നിന്നും പ്ലാങ്ങ എന്താ വീഴാത്തെ ?9. ബസ്സ്‌ സ്റ്റോപ്പിന്റെ അടുത്ത്‌ വെയിറ്റ്‌ ചെയ്താല്‍ ബസ്സ്‌ വരും.

ഫുള്‍സ്റ്റോപ്പിന്റെ അടുത്ത്‌ വെയിറ്റ്‌ ചെയ്താല്‍ ഒരു ഫുള്ള്‌ വരുമോ ??

പോട്ടെ, ഒരു ക്വാര്‍ട്ടര്‍ എങ്കിലും??


(ഇതില്‍ കുറെയൊക്കെ ഓര്‍ക്കുട്ടിലെ ചാറ്റിങ്ങില്‍ കണ്ടത്‌)


* ഒരു സംശയം.

ചാറ്റുമ്പോള്‍ ചീറ്റാം (പാടുണ്ടോ?).

അപ്പോള്‍ ചീറ്റുമ്പോള്‍ ചാറ്റാമോ?

പറയൂ.* തന്ത്രം മെനയുന്നയാള്‍ മന്ത്രി

മന്ത്രം ജപിക്കുന്നയാളോ തന്ത്രിയും.* എല്ലാം കാണുന്നവന്‍ സാക്ഷി (കൈരളി)

അപ്പോള്‍ സാക്ഷിക്ക്‌ ചുവന്നകണ്ണ്‌ വന്നാല്‍

കണ്ണാടി (ഏഷ്യാനെറ്റ്‌) നോക്കുമോ?* ലോഗ്‌ ചെയ്താല്‍ ബ്ലോഗ്‌ ചെയ്യാം

എന്നാല്‍ ബ്ലോക്ക്‌ ചെയ്താല്‍ ലോഗ്‌ ചെയ്യാന്‍ പറ്റുമോ?* അപ്പോള്‍ ഇത്‌ ഒരു പോസ്റ്റാക്കി ബ്ലോഗില്‍ ഇട്ടാല്‍,

പോസ്റ്റ്‌മാന്‍ കൊണ്ടുതരുമോ?

കമന്റിന്‌ കമന്റടി കിട്ടുമോ,

അതോ വെറും 'അടി' കിട്ടുമോ?കൃഷ്‌.

Wednesday, July 04, 2007

നെറ്റ്‌വര്‍ക്കിംഗ്‌.

നെറ്റ്‌വര്‍ക്കിംഗ്‌.

ഹേയ്‌.. ഇത്‌ നെറ്റ്‌വര്‍ക്ക്‌ ബിസിനസ്സ്‌ അല്ല.
ഇതാണ്‌ ശരിക്കുള്ള നെറ്റ്‌വര്‍ക്ക്‌. വല നിര്‍മ്മാണം, വയറ്റുപിഴപ്പാണേ.
ആഹാരം/ഇര തേടാനുള്ള സൂപ്പര്‍ വിദ്യ.

ഞാനാണ്‌ ഇത്‌ തുടങ്ങിവച്ചത്‌. എട്ടുകാലി അഥവാ സ്പൈഡര്‍ എന്നു നിങ്ങളെന്നെ വിളിക്കുന്നു. എന്റെ കരവിരുതുകള്‍ കണ്ട്‌ സ്പൈഡര്‍മാന്‍ എന്ന കഥാപാത്രം വരെ ഉണ്ടായി.
പിന്നീട്‌ പലരും എന്റെ ഈ വിദ്യ കണ്ടു പഠിച്ചു. മീന്‍ പിടിക്കാന്‍ മനുഷ്യരും ഈ വിദ്യ കരസ്ഥമാക്കി.
ആധുനിക യുഗത്തില്‍ ഈ വിദ്യയുടെ കണ്‍സെപ്റ്റ്‌ വെച്ച്‌, ടൈ ധരിച്ച നെറ്റ്‌വര്‍ക്ക്‌ എക്സികുട്ടീവുമാര്‍ പലരേയും 'വല'യിലാക്കി അവരുടെ ജീവിതമാര്‍ഗം കണ്ടെത്തി.
പോലീസുകാര്‍ കുറ്റവാളികളേയും കള്ളന്മാരേയും പിടിക്കാന്‍ 'വല' വിരിച്ചിട്ടുണ്ടെന്നു പറയുന്നതും എന്റെ ഈ വിദ്യ കടമെടുത്താ.. ഇര വന്നു കുടുങ്ങുമ്പോള്‍ പിന്നെ അവരെടുത്ത്‌ വേണ്ടപോലെ പെരുമാറിക്കോളും.
കാര്‍ട്ടൂണുകളിലും സിനിമയിലും സ്പൈഡറിന്റെ സാങ്കല്‍പ്പിക അവതാരമെടുത്ത സ്പൈഡര്‍മാനെ കുട്ടികള്‍ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ എന്നെ നേരില്‍കണ്ടാലോ പലര്‍ക്കും പേടിയും അറപ്പും. (എന്തിന്‌ ബ്ലോഗര്‍ ശ്രീഹര്‍ഷന്‍ വരെ പേടിക്കുന്നു.) ഞാനെന്താ സുന്ദരനല്ലേ. നിങ്ങള്‍ക്കൊരു ശല്യവും ചെയ്യാത്ത ഞാനെന്താ ഇത്ര ഭീകരനോ..
ഒരു വലിയ ഈച്ചയെ വലയിലാക്കിയിട്ടുണ്ട്‌.. ഇത്‌ അകത്താക്കട്ടെ. ആദ്യം വയറുനിറക്കട്ടെ. അപ്പോള്‍ പിന്നെ കാണാം. നേരില്‍ കണ്ടാല്‍ പേടിക്കല്ലേ.


കൃഷ് krish

Tuesday, July 03, 2007

പിന്മൊഴിക്കൊരു ചരമഗീതം

പിന്മൊഴിക്കൊരു ചരമഗീതം.


(ഇടക്ക്‌ ഇവിടെ വരാതിരുന്നതുകാരണം പിന്മൊഴിയുടെ അന്ത്യം അറിഞ്ഞില്ല. പിന്മൊഴി തുറന്നപ്പോള്‍ ഇതാ ചത്തുകിടക്കുന്നു...! വൃത്തത്തിലും ചതുരത്തിലും അല്ലാത്ത ചില വരികള്‍. പൊറുക്കണേ)ജീവസ്സറ്റുകിടക്കുന്നു പിന്മൊഴി
കൊന്നതോ അതോ ആത്മഹത്യയോ
ബൂലോഗര്‍ക്കൊക്കെയും പ്രിയമാം പിന്മൊഴി
ചേതസ്സറ്റുകിടക്കുന്നു നിശ്ചലം.ബ്ലോഗിലേക്കെത്താന്‍ സഹായമാം പിടിവള്ളി,
സകല ബ്ലോഗിണീ ബ്ലോഗനും പ്രിയങ്കരം
'വാഹ്‌'മൊഴി, എതിര്‍മൊഴി, കിളിമൊഴി, ചിരിമൊഴി-
കളാദി തല്‍ക്ഷണം മോണിറ്ററിലെത്തിച്ച പിന്മൊഴി


ഏവൂരാന്‍ കൂട്ടര്‍ നല്‍കിയ സേവന-
മറിയാതെയോ, വിസ്മരിച്ചോ ചിലര്
‍തെറിമൊഴിയാല്‍ ബ്ലോഗ്‌കുളം കലക്കി...


'വള്ളി'യിന്‍ പിടിവിട്ടതോ
മുറിച്ചിട്ടതോ സംശയം
നിശ്ച്ചലമാം പിന്മൊഴിയെ നോക്കി
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ചിലര്‍..
ആഹ്ലാദഭരിതരായ്‌ മൊഴിയുന്നു ചിലര്‍ ..
നമുക്കിനി 'മറു'കുളം കലക്കാം.കൃഷ്‌ krish

Tuesday, June 05, 2007

ജലകണങ്ങള്‍

ജലകണങ്ങള്‍.

കാലവര്‍ഷത്തിനുമുന്‍പുള്ള വേനല്‍മഴ പെയ്തൊഴിഞ്ഞപ്പോള്‍ കടുത്ത ചൂടില്‍ നിന്നും ഒരാശ്വാസം.
മണ്ണെല്ലാം നനഞ്ഞു കുതിര്‍ന്നു. വൃക്ഷലതാദികള്‍ക്ക്‌ ഒരു പുത്തന്‍ ഉണര്‍വും.

മഴ കഴിഞ്ഞ്‌ മാനം തെളിഞ്ഞപ്പോള്‍ വാഴയിലയില്‍ തങ്ങിയിരിക്കുന്ന മഴത്തുള്ളികള്‍ സൂര്യപ്രകാശമേറ്റ്‌ മുത്തുമണികള്‍ പോലെ തിളങ്ങുന്നു.


(ഓ.. തീറ്റക്കൊതിയന്മാര്‍ തെറ്റിദ്ധരിക്കരുതേ.. സദ്യക്ക്‌ ഉണ്ണാന്‍ ഇല ഇട്ടിരിക്കുകയല്ല)

പ്രഭാതത്തിലെ പുത്തനുണര്‍വ്‌.


ജലകണങ്ങള്‍ പൂക്കളില്‍ തങ്ങിനില്‍ക്കുമ്പോള്‍ പൂവ്‌ ഒന്നുകൂടി സുന്ദരിയായി.

അവസാന തുള്ളിയും ഇറ്റുവീഴാനായി കാത്തിരിക്കുന്നു.
(ജിറാഫിനെപ്പോലെ തോന്നിക്കും ഡാലിയാ മൊട്ടുകള്‍.)


കൃഷ്‌ krish

Tuesday, March 27, 2007

കമ്മു.. ദി മോഡല്‍.

കമ്മു.. ദി മോഡല്‍.

ഇത്‌ ഞാന്‍ കമ്മു എന്ന വളര്‍ത്തുപൂച്ച.
ഈ പോസ്‌ എങ്ങിനെയുണ്ട്‌. എന്നെയോ അതോ അടുത്തുള്ള പൂവിനെയോ നിങ്ങള്‍ക്കിഷ്ടം.


എന്നെയിഷ്ടമായെന്നോ.. എങ്കില്‍ ഞാന്‍ കുറച്ചു പോസ്‌ കൂടി ചെയ്യാം.
പിന്നെ ഞാന്‍ പാവമാ കെട്ടോ.
ഇതെപ്പടി?


ആരാ അവിടെ.. ഡോണ്ട്‌ ഡിസ്റ്റര്‍ബ്‌ മീ...


കുറുക്കന്റെ കണ്ണ്‌ കോഴിക്കൂടിനുനേരെയാ.. എന്നുവെച്ച്‌ ഞാന്‍ ആ ടൈപ്പൊന്നുമല്ല..
സ്ട്രെയിറ്റ്‌ ഫോര്‍വേഡാ..നല്ല അനുസരണശീലമാ.


ചെറിയ ഒരു മഴക്കാറുള്ളതുപോലെ തോന്നുന്നു. ചിലപ്പോള്‍ പെയ്തേക്കാം.


ഇത്‌ എത്ര നേരമായി ഞാന്‍ പോസ്‌ ചെയ്യുന്നു. വേഗം തീര്‍ക്കഡേയ്‌.


എന്നെ കഴുത്തിന്‌ പിടിച്ച്‌ മാറ്റിയാലൊന്നും ഞാന്‍ പിന്‍മാറൂല്ല..

എന്താണെന്നല്ലേ.. താഴെ നോക്കൂ.


എന്റെ കണ്‍മുന്നില്‍ വെച്ച്‌ മീന്‍കാരന്‍ ലവനെ കൈകാര്യം ചെയ്യുമ്പോള്‍ ഞാന്‍ മാറാനോ.. പിന്നേ.. അത്‌ പള്ളീല്‍ പറഞ്ഞാമതി.ലവനെ കഷണമാക്കി വെച്ചിരിക്കുന്നതിന്റെ ബാക്കി എനിക്കല്ലേ. ഇന്നത്തേക്ക്‌ കുശാലായി.


എന്റെ കൂട്ടുകാര്‍ മണംപിടിച്ച്‌ ഇവിടെ എത്തുന്നതിനു മുന്‍പ്‌ ഉള്ളത്‌ അകത്താക്കട്ടെ.

അപ്പോള്‍ ശരി.ബൈ ബൈ .. മ്യാവൂ.


(ങാ.. എന്റെ മോഡലിങ്ങ്‌ എപ്പടി..പറയണം ട്ടോ.)


കൃഷ്‌ ‌‌krish