Friday, November 14, 2008

ശിശുദിനചിന്തകള്‍.

ശിശുദിനചിന്തകള്‍.


കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച്ച, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ 14 എല്ലാ വര്‍ഷവും ശിശുദിനമായി ആഘോഷിക്കുന്നു.

കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സര്‍ക്കാരുകളും സന്നദ്ധസംഘടനകളും പലതും ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിനു പാവപ്പെട്ട കുട്ടികള്‍ക്ക്‌ ഇതിന്റെ ചെറിയ ഗുണം പോലും കിട്ടുന്നുണ്ടോ എന്നത്‌ പരിശോധിക്കേണ്ട വിഷയമാണ്‌.

ബാലവേലയും ബാലപീഡനവും ചൂഷണവും തുടരുമ്പോഴും ഒരു ശിശുദിനം കൂടി 'ആഘോഷ'പൂര്‍വ്വം നമ്മെ കൊഞ്ഞനം കുത്തി കടന്നുപോകുന്നു.

കുട്ടികളുടെ മാനസികവും കായികവുമായ വികസനം കുടുംബത്തില്‍നിന്നുള്ള സ്നേഹം എന്നിവ വ്യക്തിത്വവികസനത്തിനു മുഖ്യമായിരിക്കേ ഇന്നത്തെക്കാലത്ത്‌ കുട്ടികള്‍ക്കുള്ള വെല്ലുവിളി വളരെയേറെയാണ്‌. സൗകര്യങ്ങളുള്ള വീട്ടിലെ മാതാപിതാക്കള്‍ ജോലി, ധനസമ്പാദനം എന്നിവക്കായി നെട്ടോട്ടമോടുമ്പോള്‍ സമയക്കുറവുകാരണം കുട്ടികളെ വേണ്ടപോലെ ശ്രദ്ധിക്കാതെ വരുകയും ചെയ്യുന്നു. അധികമായ പഠനഭാരം, ടി.വി., കമ്പ്യൂട്ടര്‍ എന്നിവയില്‍ കൂടുതല്‍ സമയം ചിലവഴിക്കല്‍ എന്നിവ കുട്ടിയുടെ കായികക്ഷമതക്ക്‌ തടസ്സമാകുന്നു. ഔട്‌ഡോര്‍ കളിള്‍ക്ക്‌ വേണ്ടി സൗകര്യം/സമയം കണ്ടെത്താതെ കുട്ടികള്‍ വീട്ടില്‍ മാത്രം തനിച്ചുകഴിയുമ്പോള്‍ അവരുടെ മനസ്സില്‍ ഒരു ഉള്‍വലിയല്‍ ക്രമേണ രൂപപ്പെട്ടു വരുന്നില്ലേ.(വീട്ടിനുവെളിയില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇത്‌ നിര്‍ബന്ധമോ. ഗ്രൂപ്പ്‌ തിരിഞ്ഞ്‌ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധവും, ആര്‍മി-തീവ്രവാദി ഏറ്റുമുട്ടലും കളി'പരിശീലന'മായി കളിക്കുന്ന കുട്ടികള്‍. മിക്ക ആണ്‍കുട്ടികള്‍ക്കും 250-300 രൂപയുടെ ഇത്തരം കളിത്തോക്കുകള്‍ നിര്‍ബന്ധമായിരിക്കയാണ്‌. അങ്ങോട്ടും ഇങ്ങോട്ടും 'പെല്ലറ്റ്‌'തിരകള്‍ ഉതിര്‍ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഇവര്‍ നാളെ ശരിക്കുള്ള ആയുധം കൊണ്ട്‌ അന്യോന്യം ചെറിയ കാര്യങ്ങള്‍ക്കുപോലും ഉപയോഗിക്കില്ലെന്ന് എന്താ ഉറപ്പ്‌. കാലം മാറുമ്പോള്‍ കളികളും മാറുന്നു, പക്ഷേ അത്‌ കുട്ടികളില്‍ ക്രിമിനല്‍ വാസന ഉണര്‍ത്തുന്ന തരത്തിലുള്ളതാവരുത്‌)
..


പാവപ്പെട്ട കുട്ടികളുടേ കാര്യമാണെങ്കില്‍ ഇതിലേറെ കഷ്ടമാണ്‌. മിക്ക കുട്ടികളും ചെറുപ്രായത്തില്‍ തന്നെ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവരുകയും കുടുംബത്തെ സഹായിക്കാനായി ബാലവേലകളില്‍ ഏര്‍പ്പെടേണ്ടിവരുകയും ചെയ്യുന്നു. ചെറുപ്രായത്തില്‍ തന്നെ ചുമതലകള്‍ ചെറുതായെങ്കിലും ഏല്‍ക്കേണ്ടിവരുന്ന അവസ്ഥ.


തെരുവു കുട്ടികളുടേയും അനാഥകുട്ടികളുടേയും കാര്യമാണെങ്കിലോ മിക്കവരും പീഡനത്തിനും ചൂഷണത്തിനും വിധേയരാകാന്‍ വിധിക്കപ്പെട്ടവര്‍. മതിയായ പോഷകാഹാരം ലഭിക്കാത്തവര്‍. ഈ കുട്ടികള്‍ നാളെ വളരുമ്പോള്‍ വഴിതെറ്റിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒറ്റയടിക്ക്‌ ഇതൊന്നും മാറ്റാനാവില്ലെങ്കിലും കുറേശ്ശെയെങ്കിലും ഇതിനു കുറവു വന്നെങ്കില്‍, അതിനു ശ്രമിക്കുമെന്ന് എന്നു നമുക്ക്‌ പ്രതീക്ഷിക്കാം.
..ഇന്ന് നാം പകര്‍ന്നു നല്‍കുന്ന ശ്രദ്ധയും സ്നേഹവും ഓരോ കുട്ടിക്കും നാളത്തെ നല്ല പൗരന്മാരാവാന്‍ സഹായകരമാവട്ടെ.


ശിശുദിനാശംസകള്‍!!

8 comments:

krish | കൃഷ് said...

ബാലവേലയും ബാലപീഡനവും ചൂഷണവും തുടരുമ്പോഴും ഒരു ശിശുദിനം കൂടി 'ആഘോഷ'പൂര്‍വ്വം നമ്മെ കൊഞ്ഞനം കുത്തി കടന്നുപോകുന്നു.

ശിശുദിനാശംസകളോടെ.

nardnahc hsemus said...

പഴയ ഇന്‍ഫോസിസ് ചെയര്‍മാന്‍ കൃഷ്ണമൂര്‍ത്തി, ഒരിയ്ക്കല്‍ ഒരു പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു, ഗ്രാമങ്ങളിലേക്ക് നോക്കൂ, അവിടെയുള്ള കുട്ടികളെ നോക്കൂ അവരുടെ വിദ്യഭ്യാസ, ആരോഗ്യ, ഭക്ഷണ സൌകര്യങ്ങള്‍ ഒക്കെ അവര്‍ക്ക് ലഭിയ്കാനിടയാക്കൂ, കാരണം ഒരു രാഷ്ടത്തിന്റെ ശക്തി അവിടത്തെ വളര്‍ന്നുവരുന്ന തലമുറയാണേന്ന്..
ഇതിന് നഗരങ്ങളിലെ കുട്ടികളേ അവഗണിയ്ക്കൂ എന്ന്‍ അര്‍ത്ഥമില്ല.. പക്ഷെ, രാഷ്ട്രത്തിന്റെ ഭൂരിഭാഗം കുട്ടികളും ഗ്രാമങ്ങളിലാണ്... അവിടെ ഇന്നും എത്തിപ്പെടാത്ത പല സൌകര്യങ്ങളുമുണ്ട്... കഴിഞ്ഞ രണ്ടുദിവസമായിട്ട് കേരളത്തിലെ ഒരു പ്രസിദ്ധചാനല്‍ പുറത്തുവിട്ട പകര്‍ച്ചവ്യാധിയുടെ പിടിയിലകപ്പെട്ട ഒരു സ്കൂളിലെ 20 ഓളം വരുന്ന കുട്ടികളേയും അക്ഷരാര്‍ഥത്തില്‍ പുഴുവരിയ്ക്കുന്ന ശൌച്യാലയങ്ങളും ഒപ്പം കാണിച്ചിരുന്നത് പലരും കണ്ടിരിയ്ക്കാം... അതാണ് ഇന്നും സംസ്ഥാനഭേദമില്ലാതെ നമ്മുടേ ഗ്രാമങ്ങളുടെ അവസ്ഥ..

നഗരങ്ങളിലെ കുട്ടികള്‍ക്ക് ഇതെല്ലാം ഉണ്ടായിട്ടും അവിടേയും സ്വന്തം മാതാപിതാക്കളുടെ ‘അവഗണന‘ മൂലം ഒറ്റപ്പെടുകയാണ് കുട്ടികള്‍..

ഈ ശിശുദിനം കൊഞ്ഞനം കുത്തുന്നത് നമ്മുടേ രാഷ്ട്രത്തിനു തന്നെ നഷ്ടമാവുന്ന അതിന്റെ ഭാവിയെനോക്കിയാണ്..

അവകാശങ്ങള്‍ നഷ്ടപ്പെടുന്ന എല്ലാകുട്ടികള്‍ക്കും അവരുറ്റേതായ “ഒരു ദിനം“ വരുമെന്നും അന്നത് യഥാര്‍ത്ഥ ശിശുദിനം ആയിരിയ്ക്കുമെന്നും നമുക്ക് ആശിയ്ക്കാം..

nardnahc hsemus said...

.

അനൂപ്‌ കോതനല്ലൂര്‍ said...

പണ്ട് ശിശു ദിനത്തിന് സേവനവാരമായി ഞങ്ങൾ ആഘോഷിക്കുമായിരുന്നു.
പ്രിയപ്പെട്ട ചാച്ചാജിയുടേ ഓർമ്മകൾക്ക് വീണ്ടും ഒരു ദിനം കൂടി

ശിശു said...

ഏതൊക്കെ ആഘോഷങ്ങള്‍ കടന്നുപോകിലും ശിശുക്കളുടെ (പ്രത്യേകിച്ചും പാവപ്പെട്ട കുട്ടികളുടെ) അവസ്ഥ തഥൈവ തന്നെ.. താമസിച്ചുപോയെങ്കിലും ഞാനും ആശംസകള്‍ അറിയിക്കുന്നു.കൂടാതെ ബ്ലോഗിലെ ഏക ശിശുവും ഞാന്‍ തന്നെയാണല്ലൊ?

G.manu said...

ചിന്തിക്കേണ്ട വിഷയം മാഷേ

krish | കൃഷ് said...

സുമേഷ്: നന്ദി. അതെ, ഒരു രാഷ്ടത്തിന്റെ ശക്തി അവിടത്തെ വളര്‍ന്നുവരുന്ന തലമുറയാണ്.
പിന്നെ ചാനലില്‍ കാണിച്ച ആ ദൃശ്യങ്ങള്‍ കണ്ടിരുന്നു. ഇതാണ് സര്‍ക്കാര്‍ ക്ഷേമം.

അനൂപ്: നന്ദി.
ശിശു: നന്ദി. ബൂലോകത്തിലെ ഏക’ശിശു’ എത്തിയല്ലോ. അപ്പോള്‍ ഈ ശിശുദിനവും ശിശുവിനു വെടിക്കേറ്റ് ചെയ്തിരിക്കുന്നു.

ജി.മനു: നന്ദി.

ഭൂമിപുത്രി said...

ബാലഭിക്ഷാടനമാൺ ഏറ്റവും വേദനയുണർത്തുന്ന കാഴച്ച.