Saturday, May 30, 2009

പുതിയ പ്രതീക്ഷകള്‍.

പുതിയ പ്രതീക്ഷകള്‍.

ഇത്‌ ആദ്യമായിട്ടാണ്‌ കേരളത്തില്‍നിന്നും 2 കാബിനറ്റ്‌ മന്ത്രിയും 4 സഹമന്ത്രിയുമടക്കം 6 കേന്ദ്രമന്ത്രിമാര്‍ ശ്രീ മന്മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളാവുന്നത്.
വളരെ ആവേശത്തോടെ വിജയിപ്പിച്ചെടുത്ത എം.പി.മാരില്‍ നിന്നും കേരളജനത വളരെയേറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്‌. അത്‌ ഇവര്‍ ഒരു ടീം വര്‍ക്ക്‌ ആയി പ്രവര്‍ത്തിച്ച്‌, പ്രത്യേകിച്ചും കേരളത്തിന്‌ കൂടുതല്‍ ഗുണവും അടിസ്ഥാനമേഖലയിലും മറ്റും വികസനവും നേടിത്തരും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.

കുറച്ച്‌ വര്‍ഷങ്ങളായി വികസനം മുരടിച്ച്‌ കിടക്കുന്ന സ്ഥിതിയില്‍ നിന്നും കേരളത്തിനു ഏറെ മാറ്റമുണ്ടാകട്ടെ.

ലാലുവും വേലുവും കൂടി കേരളത്തിന്റെ റെയില്‍വേ വികസനം മുരടിപ്പിച്ചുവെന്നു മാത്രമല്ല, കേരളത്തില്‍ ആസ്ഥാനമായുള്ള ഒരു റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിക്കുകയും ചെയ്തു. കേരളത്തിനും സമീപപ്രദേശങ്ങള്‍ക്കുമായി പ്രത്യേകം ഒരു റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യമുള്ളപ്പോഴാണ്‌ ഈ നീതികേട്‌. വെറുതെ കുറെ പ്രതിഷേധം നടത്തി ഉറപ്പ്‌ നേടാന്‍ മാത്രമേ നമുക്ക്‌ കഴിഞ്ഞുള്ളൂ. ഉറപ്പുകളെല്ലാം പിന്നീട്‌ കാറ്റില്‍ പറത്തുകയോ പറന്നുപോവുകയോ ചെയ്തു. പാലക്കാട്ടിലെ റെയില്‍വെ കോച്ച്‌ ഫാക്ടറി, റെയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരണം, വൈദ്യുതീകരണം പൂര്‍ത്തിയാക്കല്‍, ലൈന്‍ സര്‍വ്വേ, പുതിയ പാതകള്‍, മേല്‍പ്പാലങ്ങള്‍, കൊച്ചി മെട്രോ റെയില്‍ തുടങ്ങി നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ട്‌. ശ്രീ ഇ.അഹമ്മദ്‌ റെയില്‍വെ സഹമന്ത്രി എന്ന നിലയില്‍ ഇതിനൊക്കെ മുന്‍കൈ എടുത്ത്‌ പ്രവര്‍ത്തിക്കുമെന്ന് കരുതാം.

കേരളത്തിനു അര്‍ഹതപ്പെട്ട റേഷന്‍ അരിവിഹിതം വെട്ടിക്കുറച്ചത്‌ പുനഃസ്ഥാപിച്ചു കിട്ടിയിട്ടില്ല. ആവശ്യമായ റേഷന്‍ വിഹിതം അനുവദിക്കുക, കാലാകാലങ്ങളില്‍ നെല്ലിനും മറ്റു വിളകള്‍ക്കും സമയത്തിനു താങ്ങുവില നല്‍കുക, കാര്‍ഷികവൃത്തി ചെയ്യുന്നത്‌ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ട സഹായങ്ങള്‍ എന്നിവ നമുക്ക്‌ കൃഷി,ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രിയായ പ്രൊഫ: കെ.വി.തോമസ്സില്‍ നിന്നും പ്രതീക്ഷിക്കാം.

രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേരളത്തില്‍ വേരുകളുള്ളതായി കണ്ടെത്തിയ സാഹചര്യത്തിലും, തീരദേശ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത്‌, തീവ്രവാദ പ്രവര്‍ത്തനങ്ങളും മറ്റും കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ തുടച്ച്‌ മാറ്റേണ്ടതുണ്ട്‌. സംസ്ഥാന പോലീസ്‌ സേനയെ നവീകരിക്കുന്നതിനും അത്യാധുനിക ആയുധങ്ങള്‍ സ്വരൂപിക്കുന്നതിനും, കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനും മറ്റും അഭ്യന്തര സഹമന്ത്രിയെന്ന നിലയില്‍ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍കൈയെടുത്ത്‌ പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കാം.

വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയിനര്‍ പദ്ധതി എപ്പോള്‍ തുടങ്ങുമെന്നോ, തുടങ്ങിയാല്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ പറ്റുമോ എന്നതിനെക്കുറിച്ച്‌ എല്ലാവര്‍ക്കും ആശങ്കയുണ്ട്‌. തിരുവന്തപുരത്തുനിന്നും അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റി വിജയിച്ചുവന്ന ശ്രീ ശശി തരൂര്‍ ഇക്കാര്യത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. പ്രതീക്ഷിച്ചതുപോലെതന്നെ, (സ്വന്തം നാട്ടുകാരനായ), ശ്രീ ശശി തരൂരിന്‌ വിദേശകാര്യ സഹമന്ത്രി സ്ഥാനം ലഭിച്ചത്‌ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര പ്രവൃത്തി പരിചയം വെച്ചുകൊണ്ട്‌ തീര്‍ച്ചയായും രാജ്യത്തിനു ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

ശ്രീ എ.കെ.ആന്റണിയും ശ്രീ വയലാര്‍ രവിയും, അവരവരുടെ പഴയ വകുപ്പുകളില്‍ തുടര്‍ന്ന് കൊണ്ട്‌ പുതിയ ഇന്നിംഗ്സ്‌ ആരംഭിക്കുന്നത്‌ നമുക്കും രാജ്യത്തിനും ഗുണകരമാകട്ടെ.


എത്രയോ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ തുടങ്ങാതിരിക്കയും, സമയത്തിനു ഫണ്ട്‌ നേടിയെടുക്കാത്തതും, തുടങ്ങിയത്‌ പാതിവഴിയില്‍ ഉപേക്ഷിക്കയും, മലയാളികള്‍ക്ക്‌ സുപരിചിതമാണ്‌.
നാടിനും നാട്ടുകാര്‍ക്കും പ്രയോജനകരമായ പുതിയ പദ്ധതികള്‍ നിര്‍ദ്ദേശിക്കുകയും, അവ അനുവദിച്ചുകിട്ടുവാന്‍ പ്രയത്നിക്കുകയും, പൂര്‍ണ്ണമായും നടപ്പിലാക്കുകയും, സമയത്തിനു യൂട്ടിലൈസഷന്‍ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കുകയും ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌. വികസനത്തിനെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ അപേക്ഷിച്ച് വളരെയേറേ മുന്നോട്ട് പോയ്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇനിയെങ്കിലും സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകളില്‍ വേണ്ടപ്പെട്ടവര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ യോജിച്ച്‌ നീങ്ങിയാല്‍ തീര്‍ച്ചായും അത്‌ നമ്മുടെ നാട്ടിനും ജനങ്ങള്‍ക്കും ഗുണം ചെയ്യും. ജനങ്ങളുടെ പുതിയ പ്രതീക്ഷകള്‍ അസ്ഥാനത്താക്കരുതെന്ന പ്രതീക്ഷയോടെ, പുതിയ തുടക്കത്തിനു ആശംസകള്‍.