Sunday, December 14, 2008

കാന്തത്തില്‍ ഒട്ടിപ്പിടിക്കുന്ന ഗുളികകള്‍.

കാന്തത്തില്‍ ഒട്ടിപ്പിടിക്കുന്ന ഗുളികകള്‍.

ഇന്ന് വൈകീട്ട്‌ യാദൃശ്ചികമായാണ്‌ അമൃത ടി.വി.യിലെ ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്‌-2 പരിപാടിയുടെ തുടര്‍ച്ച 'സിറ്റിസണ്‍ ഇംപാക്റ്റ്‌' ശ്രദ്ധിച്ചത്‌. പരിപാടി ഇടക്കുവെച്ചാണ്‌ കണ്ടുതുടങ്ങിയത്‌. ഇതില്‍ യുവതിയായ കോഴിക്കോട്‌ സ്വദേശി ജീന എന്ന മല്‍സരാര്‍ത്ഥിയുടെ റിപ്പോര്‍ട്ടാണ്‌, ഇന്ന് നമുക്ക്‌ ലഭിക്കുന്ന മരുന്നുകളുടെ ഗുണനിലവാരവും അതിന്റെ അപകടങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌.

ഗര്‍ഭിണികള്‍ക്കും വിളര്‍ച്ചയുള്ളവര്‍ക്കും മറ്റും നിര്‍ദ്ദേശിക്കുന്ന ഇരുമ്പ്‌ ലവണങ്ങള്‍ അടങ്ങിയ "Hbfast", "സെറ്റ്ഫെര്‍" (ഈ പേര്‍ വ്യക്തമല്ല) എന്നീ രണ്ട്‌ ഗുളികകളാണ്‌ കാന്തം അടുത്തുകാണിക്കുമ്പോഴേക്കും ചാടി പിടിക്കുന്നത്‌. സ്വകാര്യകമ്പനികള്‍ അമിതവിലക്ക്‌ പുറത്തിറക്കുന്ന ഈ ഗുളികകള്‍ ഡോക്ടര്‍മാര്‍ വ്യാപകമായി എഴുതികൊടുക്കുന്നതായിട്ടാണ്‌ അന്വ്വേഷണത്തില്‍ നിന്നും മനസ്സിലായതത്രേ. വളരെ സേഫായിട്ടുള്ള ഫോളിക്ക്‌ ആസിഡ്‌ അടങ്ങിയിട്ടുള്ള ഗുളികകള്‍ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും 10 ശതമാനത്തിലും താഴെ വിലക്ക്‌ വിതരണം ചെയ്യുമ്പോഴാണ്‌(സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്ന് കാന്തംകൊണ്ട്‌ മുട്ടിച്ചാലും പിടിക്കുന്നില്ല), വിലകൂടിയതും അപകടം പിടിച്ചതുമായ സ്വകാര്യകമ്പനികളുടെ മരുന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്‌. ഈ ഗുളികകളില്‍ ഇരുമ്പ്‌ ലവണങ്ങള്‍ 60 mg-യില്‍ അധികമാകരുതെന്ന് പറയുമ്പോഴും ഇത്തരം അപകടമരുന്നുകളില്‍ ഇത്‌ 100 mg-യില്‍ അധികമാണ്. ഇത്‌ നെഞ്ചെരിച്ചിലിനും പ്രസവം കഠിനവും വിഷമകരവുമാക്കുന്നതിനും നയിക്കുന്നു. ഇതുകാരണം മിക്ക ഗര്‍ഭിണികളുടെയും പ്രസവം സിസേറിയന്‍ ഓപ്പറേഷനു വിധേയമാക്കപ്പെടുകയാണത്രേ. അതിലും കച്ചവടക്കണ്ണ്.

ഇക്കാര്യം ബന്ധപ്പെട്ട അധികാരികളുടേയും ആരോഗ്യമന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്തിയതിനുശേഷം ഡോക്ടര്‍മാര്‍ ഈ അപായമരുന്ന് കുറിക്കുന്നത്‌ നിര്‍ത്തിയെങ്കിലും, ഇത്‌ സുലഭമായി മരുന്നുകടകളില്‍ ഇപ്പോഴും ലഭ്യമാണ്‌.

അമിതലാഭത്തിനുവേണ്ടി സ്വകാര്യ മരുന്നുകമ്പനികളും ഡോക്ടര്‍മാരും ചേര്‍ന്ന് മനുഷ്യന്റെ ആരോഗ്യത്തെയും ജീവനേയും വരും തലമുറയെപോലും അപകടപ്പെടുത്തുന്നത്‌ എങ്ങനെ ന്യായീകരിക്കാന്‍ പറ്റും. ഇങ്ങനെ എത്രയെത്ര നിലവാരം കുറഞ്ഞതും അപകടകരവുമായ മരുന്നുകള്‍ ഈ രാജ്യത്ത്‌ വിറ്റഴിക്കുന്നുണ്ട്‌. സ്റ്റാറ്റൂട്ടറി സാമ്പിള്‍ ടെസ്റ്റിംഗ്‌ നമ്മുടെ നാട്ടില്‍ ഫലപ്രദമായി കാലാകാലങ്ങളില്‍ നടപ്പിലാവുന്നുണ്ടോ? കാലാവധി കഴിഞ്ഞ മരുന്നുകള്‍ വീണ്ടും പുതിയ പാക്കറ്റുകളിലാക്കി വില്‍ക്കുന്നത്‌ പരിശോധിക്കുന്നുണ്ടോ? ജനങ്ങള്‍ക്ക്‌ ഇത്‌ അറിയാനുള്ള അവകാശമില്ലേ? ചിലര്‍ക്കെങ്കിലും മേടിക്കല്‍, സോറി മെഡിക്കല്‍ എത്തിക്സ്‌ എന്നത്‌ മനുഷ്യജീവനെ അപായപ്പെടുത്തിയുള്ള പണക്കൊതി മാത്രമായി തരം താണുവോ?

15 comments:

krish | കൃഷ് said...

കാന്തം കണ്ടാല്‍ ചാടിപ്പിടിക്കുന്ന
നിലവാരം കുറഞ്ഞതും അപകടകരവുമായ മരുന്നുകള്‍.

മഴത്തുള്ളി said...

ഇതൊരു പുതിയ അറിവാണല്ലോ കൃഷ്. 60mg വേണ്ടതായ ഇരുമ്പുലവണങ്ങള്‍ എന്തിനാണ് 100mg ചേര്‍ക്കുന്നത്? ഇത് മനസ്സിലായില്ല. ഇപ്പോള്‍ ഇറങ്ങുന്ന പല മരുന്നുകളുടേയും ഡ്യൂപ്പുകള്‍ ധാരാളം മാര്‍ക്കറ്റിലുണ്ടെന്ന് കേള്‍ക്കാറുണ്ട്.

അവസാനത്തെ വരിയില്‍ പറയാന്‍ തുടങ്ങി നിര്‍ത്തിയതെന്താ!!! അതാണ് ഇപ്പോള്‍ നടക്കുന്നത്. :)

nardnahc hsemus said...

പണ്ടത്തെ ചില ആള്‍ക്കാര്‍ ആത്മരക്ഷയ്ക്ക് ഒരു പിച്ചാത്തി എപ്പോഴും കൂടേ കരുതുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്... ഇന്നത്തെ കാലത്ത്, പിച്ചാത്തിയല്ല, കാന്തമാണ് വേണ്ടത് ല്ലെ? :)

ശ്രീ said...

എന്തെല്ലാം സൂക്ഷിയ്ക്കണം!

പൊറാടത്ത് said...

ഈശ്വരാ... ഇനി എന്തെല്ലാം കാണാനും കേൾക്കാനും ഇരിയ്ക്കുന്നു അല്ലേ!!

വിവരം പങ്ക് വെച്ചതിന് നന്ദി

Areekkodan | അരീക്കോടന്‍ said...

Informative as well as terrible

ബിന്ദു കെ പി said...

ഈ പ്രോഗ്രാം ഞാനും കണ്ടിരുന്നു..

കാന്താരിക്കുട്ടി said...

ഈശ്വരാ ! എത്ര ഭയാനകമാണു അവസ്ഥ ! എങ്ങനെ വിശ്വസിച്ച് മരുന്നു വാങ്ങിക്കഴിക്കും.എവിടെയും ലാഭം മാത്രം നോക്കുന്ന മനുഷ്യന്റെ ദുര എന്ന് അവസാനിക്കും?

ശിശു said...

ക്രിഷേ ഞാനും കണ്ടിരുന്നു അമൃതയിലെ റിപ്പോര്‍ട്ട്. എനിക്കും ഇതൊരു അതിശയിപ്പിക്കുന്ന വിവരമായിരുന്നു. എന്തൊക്കെ കണ്ടാല്‍ ഈ ജീവനൊന്നൊടുങ്ങും? ഇല്ലെ

നട്ടപിരാന്തന്‍ said...

ക്രിഷേട്ടാ‍.....

എന്റെ ഭാര്യയും, രണ്ട് കുട്ടികളും, ഇതിന്റെ ജീവിക്കുന്ന രണ്ട് ഉദാഹരണങ്ങളാണ്.....കുട്ടികള്‍ രണ്ട് പേരും ഉണ്ടായത്, സൌദിയിലെ റിയാദില്‍ വച്ചാണ്...ഗര്‍ഭിണിയായിരുന്ന സമയത്ത് ഭാര്യയ്ക്ക് കാത്സ്യത്തിന്റെയും, ഇരുമ്പിന്റെയും കുറവുണ്ടായിരുന്നു..ഭാര്യ നന്നായി കഴിച്ചു....പറഞ്ഞപോലെ അവസാനം രണ്ടും ഡോ. എലിസബത്തിന്റെ സിസ്സര്‍ കട്ടില്‍ വെളിയില്‍ വന്നു....ഒരാള്‍ 5 കിലോ..മറ്റോരാല്‍ 5.100 കിലോ.....മാത്രമല്ല...പിറന്നപോഴെ കഴുത്തും ഉറച്ചിരുന്നു..........

ഇപ്പോള്‍ അതിന്റെയെല്ലാം കുഴപ്പം മാറ്റാന്‍...ആദിവാസി മരുന്ന് മുതല്‍...പുലാമന്തോള്‍ മൂസിന്റെ മരുന്ന് വരെ പ്രയോഗിച്ചാണ് ഒരു പരുവത്തില്‍ എത്തിയത്.

ആകെപ്പാടെ ഒരു ആശ്വാസം എന്താച്ചാല്‍....സിസ്സര്‍കട്ടായത് കൊണ്ട്......(വേണ്ട ഞാന്‍ പറയുന്നില്ല.....)

Anonymous said...

താങ്കളുടെ ബ്ലോഗ്‌ അതി മനൊഹരം. ഞാന്‍ കഴിഞ്ഞകൊല്ലം എഴുതിയ കമന്റിനു മറുപടി എഴുതിയതിനു നന്ദി (ശിശുദിനം-2007).
പിന്നെ ലോക(മരുന്ന്) കാര്യം.
ഗവര്‍മ്മെന്റ്‌ ഇതിനെതിരെ വല്ല നിയമവും കൊണ്ടു വന്നാല്‍ ഒന്നു സമരം ചെയ്യാമായിരുന്നു. കണ്ടതിനും കേട്ടതിനും സമരം ചെയ്യുന്ന ഒരു ജനതയ്ക്‌ വേറെ എന്തു പ്രതീക്ഷിക്കാന്‍ പറ്റും. ഹെല്‍മെറ്റിനെതിരെ സമരം ചെയ്ത ലോകത്തിലെ ആദ്യത്തെ മഹാന്മാരെല്ലെ നമ്മള്‍

sajith90 said...
This comment has been removed by the author.
sajith90 said...

താങ്കളുടെ ബ്ലോഗ്‌ അതി മനോഹരം. ഞാന്‍ കഴിഞ്ഞകൊല്ലം എഴുതിയ കമന്റിനു മറുപടി എഴുതിയതിനു നന്ദി (ശിശുദിനം-2007).
പിന്നെ ലോക(മരുന്ന്) കാര്യം.
ഗവര്‍മ്മെന്റ്‌ ഇതിനെതിരെ വല്ല നിയമവും കൊണ്ടു വന്നാല്‍ ഒന്നു സമരം ചെയ്യാമായിരുന്നു. കണ്ടതിനും കേട്ടതിനും സമരം ചെയ്യുന്ന ഒരു ജനതയ്ക്‌ വേറെ എന്തു പ്രതീക്ഷിക്കാന്‍ പറ്റും. ഹെല്‍മെറ്റിനെതിരെ സമരം ചെയ്ത ലോകത്തിലെ ആദ്യത്തെ മഹാന്മാരെല്ലെ നമ്മള്‍

free birthday cards

krish | കൃഷ് said...

മഴത്തുള്ളീ: നന്ദി. മാര്‍ക്കറ്റില്‍ ധാരാളം നിലവാരം കുറഞ്ഞതും ഡ്യൂപ്പ് മരുന്നുകളും സുലഭമായി വില്‍ക്കുന്നുണ്ട്. കര്‍ശനമായ നിരീക്ഷണമില്ലാത്തതും എത്രയോ മടങ്ങ് ലാഭമുള്ളതുമായതുകൊണ്ട് ചിലയിടങ്ങളില്‍ മരുന്ന് മാഫിയതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷമാണൊ എന്നു തോന്നുന്നു ബീഹാറില് വ്യാപകമായി കള്ളമരുന്ന് നിര്‍മ്മാണം ഒരു മീഡിയ പുറത്തുകൊണ്ടുവന്നത് ഓര്‍ക്കുമല്ലോ.
അവസാനവരിയില്‍ പറയാന്‍ ഉദ്ദേശിച്ചത് റ് അതില്‍ തന്നെ വ്യക്തമല്ലെ.

സെമൂസ്: നന്ദി. ഇങ്ങനെ എപ്പോഴും കാന്തവുമായി നടന്നാല്‍ എന്തുവിളിക്കാം?
(സുമേഷ്‌കാന്തന്‍ എന്നോ? :) )

ശ്രീ : നന്ദി.
പൊറാടത്ത്: നന്ദി.
അരീക്കോടന്‍: നന്ദി.
ബിന്ദു കെപി: നന്ദി.
കാന്താരിക്കുട്ടി: നന്ദി. ലാഭം കൊതിക്കുന്ന മനുഷ്യന്റെ ദുര എന്നെങ്കിലും അവസാനിക്കുമോ?
ശിശു: നന്ദി.

krish | കൃഷ് said...

നട്ടപ്പിരാന്തന്‍: നന്ദി. അപ്പോള്‍ നല്ലപാതി ഇതിന്റെ ദൂഷ്യം അനുഭവിച്ചതാല്ലേ. കുട്ടികള്‍ക്ക് ജനിച്ചപ്പോള്‍ 5 കിലോയില്‍ കൂടുതല്‍ ഉള്ളതുതന്നെ ഇത്തരം ഗുളികകള്‍ ആവശ്യത്തിലധികം കഴിക്കുന്നതുകൊണ്ടാവാം.
എന്തായാലും കുട്ടികളുടെ ആരോഗ്യസ്ഥിതി ഭേദമായതില്‍ ആശ്വസിക്കാം.

ആ ഗുളികകള്‍ ഇടക്ക് എടുത്ത് കഴിച്ചതുകൊണ്ടാണോ ആ മൊട്ടത്തലക്ക് ഒരു തിളക്കം?

അവസാനം പറഞ്ഞ ആശ്വാസകാര്യം വിശദീകരിക്കേണ്ട!!

സജിത്90: വന്നതില്‍ നന്ദി. ഇത്തരം മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചാലും ഇത് അടുത്ത ദിവസം പുതിയ പേരുമായി അവതരിക്കും. മരുന്നു നിര്‍മ്മാതാക്കളും, വിതരണക്കാരും ഡോക്ടര്‍മാരും ആശുപത്രികളും ചേര്‍ന്ന ശക്തമായ ഒരു ശ്രംഗലയാണിത്.