Wednesday, January 16, 2008

ജീവനെടുക്കുന്ന ടിപ്പര്‍ ലോറികളും സ്വകാര്യബസ്സുകളും.

ജീവനെടുക്കുന്ന ടിപ്പര്‍ ലോറികളും സ്വകാര്യബസ്സുകളും.

കേരളത്തില്‍ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതില്‍ വലിയൊരു ഭാഗവും ചീറിപ്പാഞ്ഞുപോകുന്ന ടിപ്പര്‍ ലോറികളും മത്സരയോട്ടം നടത്തുന്ന സ്വകാര്യബസ്സുകളും‍ മൂലമാണ്. ഇവയുടെ അമിതവേഗത്തിലുള്ള പാച്ചില്‍ കാരണം കൂടുതലും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് അപകടത്തില്‍ പെടുന്നത്. വാഹനാപകടം മൂലം മരണമടയുന്ന വഴിയാത്രക്കാരും കുറവല്ല. ഇന്നലെ കേരളത്തില്‍ നടന്ന രണ്ട് വാഹനാപകടങ്ങളില്‍ ഏഴു പേരുടെ ജീവനാണ് പൊലിഞ്ഞത്.

ഇതില്‍ പാലക്കാട്‌ ജില്ലയിലെ ചിറ്റിലഞ്ചേരിയില്‍ വെച്ച്‌ സ്കൂളിലേക്ക്‌ നടന്നുപോകുകയായിരുന്ന കുട്ടികളുടെ മേല്‍ക്ക്‌ സ്വകാര്യ ബസ്സ്‌ ചെന്നിടിക്കുകയായിരുന്നു. എതിരെനിന്നും അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറിക്ക്‌ സൈഡ്‌ കൊടുക്കുന്നതിനിടയില്‍ നല്ല വേഗത്തില്‍ വന്ന മംഗലം ഡാം-പാലക്കാട്‌ റൂട്ടില്‍ ഓടുന്ന 'ഷബ്ന' എന്ന സ്വകാര്യബസ്സ്‌ 6 സ്കൂള്‍ കുട്ടികളെയാണ്‌ ഇടിച്ച്‌ തെറിപ്പിച്ചത്‌. ഇതില്‍ സഹോദരിമാരായ റോസ്ന, റിന്‍സാന എന്നിവര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്‍പേ ജീവന്‍ വെടിഞ്ഞു. ഇതേ ബസ്സിടിച്ച ശ്രീലക്ഷ്മി, അവളുടെ സഹോദരന്‍ അര്‍ജുന്‍ദേവ്‌, സുഹൈല, റാഷിദ എന്നിവരാണ്‌ ഗുരുതരമായി പരുക്കേറ്റ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മറ്റു കുട്ടികള്‍. കുട്ടികളെ ഇടിച്ചുവീഴ്ത്തിയശേഷം റോഡരികിലെ ഇരുമ്പ്‌ വൈദ്യുതക്കാലും തകര്‍ത്ത ബസ്സിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ രോഷാകുലരായ നാട്ടുകാരും വിദ്യാര്‍ത്ഥികളും ബസ്സില്‍ ഗ്ലാസ്സുകള്‍ ചില്ലെറിഞ്ഞു തകര്‍ക്കുകയും സീറ്റുകള്‍ വെളിയിലിട്ട്‌ കത്തിക്കുകയും ചെയ്തു.ഇതുപോലെ ചെറുതും വലുതുമായ അപകടങ്ങള്‍ ദിവസേന പാലക്കാട്‌ ജില്ലയില്‍ സംഭവിക്കുന്നുണ്ട്‌. ഇതിനെല്ലാം മുഖ്യകാരണം ടിപ്പര്‍ ലോറികളുടെ അമിതപ്പാച്ചിലും ബസ്സുകളുടെ മല്‍സരയോട്ടവുമാണ്‌. ഇതിനെല്ലാം പുറമെയാണ് അതിരാവിലേതൊട്ട് തെക്കന്‍ കേരളത്തിലേക്ക് മരണപ്പാച്ചില്‍ ഓട്ടം നടത്തുന്ന കള്ള് (തെങ്ങും കള്ള്/ പനങ്കള്ള്‌) വണ്ടികള്‍. പാലക്കാട്‌ ജില്ലയില്‍ നിന്നും ഒരു ദിവസം കടത്തിക്കൊണ്ട്‌ പോകുന്ന മണ്ണിനും മണലിനും ഒരു കണക്കുമില്ല. നാട്ടുകാരുടെ പ്രതിഷേധത്തിന്‌ പുല്ലുവിലക്കെടുത്താണ്‌ ഈ മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനം.

ആ സ്കൂളില്‍ പഠിച്ച ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലക്കും ആ നാട്ടുകാരനെന്ന നിലക്കും ഈദുരന്തത്തില്‍ അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. പരുക്കേറ്റ കുട്ടികള്‍ വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്നും.
---

പാലക്കാട്‌ - ആലത്തൂര്‍ - വടക്കുംചേരി - തൃശ്ശൂര്‍ റൂട്ട്‌, ഗോവിന്ദാപുരം - നെമ്മാറ - വടക്കുംചേരി - തൃശ്ശൂര്‍ റൂട്ട്‌, കൊല്ലങ്കോട്‌ - പാലക്കാട്‌ റൂട്ട്‌ എന്നിവയാണ്‌ തിരക്കേറിയതും അപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നതുമായ പാതകള്‍. ഇതില്‍ പാലക്കാട്‌ - തൃശ്ശൂര്‍ റൂട്ടില്‍ നാഷണല്‍ ഹൈവേയിലാണ്‌ അപകടം കൂടുതലും നടക്കുന്നതെങ്കില്‍ ഗോവിന്ദാപുരം - വടക്കുംചേരി റൂട്ടില്‍ നിരന്തരം പായുന്ന മണ്ണ്/മണല്‍ ടിപ്പര്‍ ലോറികളുടെ സംഹാര താണ്ഠവമാണ്‌ നടക്കുന്നത്‌. ഇതിനൊപ്പം മല്‍സരിച്ചുകൊണ്ടാണ്‌ സ്വകാര്യബസ്സുകളുടെ കുതിക്കല്‍. നെഞ്ചിടിപ്പോടെയാണ്‌ ജനങ്ങള്‍ ഈ റൂട്ടുകളില്‍ ബസ്സില്‍ യാത്ര ചെയ്യുന്നത്‌. എത്ര അപകടങ്ങള്‍ കണ്‍മുന്നില്‍ കണ്ടിരിക്കുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ്‌ പലരും വലിയ കേടുപാടുകളൊന്നും കൂടാതെ ഇപ്പോഴും ജീവനോടെയിരിക്കുന്നത്‌.

പാലക്കാട്‌ ജില്ലയില്‍ മണ്ണ്/മണല്‍ മാഫിയകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ഇന്നത്തെ മാത്രുഭൂമിയില്‍ വന്ന ഈ വാര്‍ത്ത ഇതിനെകുറിച്ച് കുറച്ചെങ്കിലും വെളിച്ചം വീശും:


ടിപ്പര്‍ലോറികള്‍ ചീറിപ്പായുന്നു; പാലക്കാടിന്റെ മണ്ണും ജീവനുമെടുത്ത്‌.
പാലക്കാട്ടെ മണ്ണും മണലും കടത്തിക്കൊണ്ടുപോകാന്‍ തെക്കന്‍ജില്ലകളില്‍ നിന്നുവരുന്ന ടിപ്പര്‍ലോറികള്‍ നിരവധിപേരുടെ ജീവനും അപഹരിച്ചു കഴിഞ്ഞു.
ചിറ്റില്ലഞ്ചേരി കൂട്ടാലയില്‍ രണ്ടുവിദ്യാര്‍ഥിനികളുടെ ജീവനെടുത്ത ബസ്സപകടത്തിന്‌ വഴിതെളിച്ചതും ടിപ്പര്‍ലോറിതന്നെ. തൃശ്ശൂര്‍ ജില്ലയില്‍ മണ്ണെടുപ്പും മണലെടുപ്പും കര്‍ശനമായി നിയന്ത്രിക്കപ്പെട്ടതോടെ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളും
പൊള്ളാച്ചിയും മണ്ണുമാഫിയയുടെ വാഗ്ദത്തഭൂമിയായി. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വല്ലാര്‍പാടത്ത്‌ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിര്‍മ്മാണവും സക്രിയമായതോടെ മണ്ണ്‌, മണല്‍, ചെങ്കല്ല്‌ എന്നിവയുടെ
ആവശ്യങ്ങള്‍ നിറവേറ്റേണ്ട ബാധ്യത ഈ പ്രദേശങ്ങള്‍ക്കായി. മംഗലം-ഗോവിന്ദാപുരം പാതയില്‍ ദിവസേന 500 മുതല്‍ 800 വരെ മണല്‍ലോറികളാണ്‌ മരണപ്പാച്ചില്‍ നടത്തുന്നത്‌. ചിറ്റൂര്‍ താലൂക്കില്‍നിന്നും തമിഴ്‌നാട്‌ അതിര്‍ത്തിയില്‍നിന്നും എറണാകുളത്തും ആലപ്പുഴയിലും മണലിറക്കിവരാന്‍ ഒരുവണ്ടിക്ക്‌ ഒരുദിവസം വേണ്ടിവരും. എന്നാല്‍ മരണപ്പാച്ചില്‍നടത്തി രണ്ടുചാല്‍ ഓടുന്ന നിരവധി വണ്ടികളുണ്ട്‌. മണല്‍വണ്ടികളുടെയും
കള്ളുവണ്ടികളുടെയും ഓട്ടംമൂലം മംഗലം-ഗോവിന്ദാപുരം പാത തകര്‍ന്ന്‌ തരിപ്പണമായി. അടുത്തകാലത്ത്‌ റോഡ്‌ നന്നാക്കിയതോടെ അമിതവേഗംമൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ചു.
നെന്മാറയ്ക്കും മുടപ്പല്ലൂരിനുമിടയില്‍ ഈ പാതയില്‍ നിരവധി വളവുകളുണ്ട്‌. പലയിടത്തും രണ്ടുവരി ഗതാഗതത്തിനുള്ള സൗകര്യമില്ല. മണല്‍, കള്ള്‌ വണ്ടികളുടെ ഓട്ടത്തിനിടെ
സ്വകാര്യ ബസ്സുകളും മത്സരിച്ചോടുന്നു. വടക്കഞ്ചേരിവരെ സമയക്ലിപ്തതയില്ലാതെയാണ്‌ സ്വകാര്യബസ്സുകള്‍ ഓടുന്നത്‌. മംഗലം-ഗോവിന്ദാപുരം പാതയില്‍ നിരവധി സ്കൂളുകളാണുള്ളത്‌. മിക്കവയും വഴിയോരത്തുതന്നെ. സാധാരണക്കാരായ ആള്‍ക്കാരുടെ
കുട്ടികള്‍ കാല്‍നടയായും സൈക്കിളിലുമാണ്‌ സ്കൂളില്‍ പോകുക. കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ഗൗനിക്കാതെയുള്ള ടിപ്പറുകളുടെ താണ്ഡവം പലപ്പോഴും നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. എന്നാല്‍ വന്‍കിടക്കാരും രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ പിന്‍ബലമുള്ളവരുമായ നിര്‍മ്മാണ ലോബിക്ക്‌ ഇതൊന്നും
പ്രശ്നമായിട്ടില്ല. ടിപ്പറുകള്‍ കോണ്‍വോയി ആയി കടന്നുപോകുന്ന കാഴ്ച മംഗലം-ഗോവിന്ദാപുരം പാതയിലെ പതിവാണ്‌. ഗതാഗതനിയമങ്ങളും ഇവര്‍ക്ക്‌ പുല്ലാണ്‌. മണല്‍ലോറി ഉള്‍പ്പെടുന്ന ഒരു വാഹനാപകടമെങ്കിലും ഇവിടെ പതിവാണ്‌. ടിപ്പറുകളെക്കണ്ട്‌
കാല്‍നടയാത്രക്കാരും ചെറുവാഹനങ്ങളും ഒതുങ്ങിപ്പോകുന്നതുകൊണ്ടാണ്‌ പല അപകടങ്ങളും ഒഴിവാകുന്നത്‌. പരിസ്ഥിതിപ്രശ്നങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല ജനങ്ങളുടെ
സ്വൈരജീവിതത്തിന്‌ ഭീഷണി ഉയര്‍ത്തുകയുമാണ്‌ മണ്ണുമാഫിയയും ടിപ്പര്‍ ലോറികളും. (വാര്‍ത്താ ലിങ്ക്)

--

ഇപ്പോള്‍ ഒരു അത്യാഹിതം നടന്നതുകൊണ്ട്‌ നാട്ടുകാരുടെ രോഷം തല്‍ക്കാലത്തേക്കെങ്കിലും ശമിപ്പിക്കാനായിരിക്കും ഇങ്ങനെ ഒരു നടപടി. മാതൃഭൂമിയിലെ വാര്‍ത്ത ചുവടെ:

ചിറ്റില്ലഞ്ചേരി മേഖലയില്‍ സ്കൂള്‍സമയത്ത്‌ മണല്‍വണ്ടികള്‍ക്ക്‌
നിരോധനം
.

വാഹനങ്ങളുടെ മരണപ്പാച്ചില്‍ ഭീഷണിയുയര്‍ത്തുന്ന ചിറ്റില്ലഞ്ചേരി മേഖലയില്‍ ഇതിനെതിരെ കര്‍ശനനടപടിയെടുക്കാന്‍ എസ്‌.പി. വിജയ്‌സാഖറെ പോലീസിന്‌ നിര്‍ദേശം നല്‍കി. രാവിലെ എട്ടുമുതല്‍ 11 വരെയും വൈകീട്ട്‌ മൂന്നു മുതല്‍ അഞ്ചുവരെയും മണല്‍ലോറികള്‍ ഈ റോഡില്‍ നിരോധിക്കാന്‍ എസ്‌.പി. ഉത്തരവിട്ടു. സ്കൂള്‍സമയത്ത്‌ അമിതവേഗംമൂലമുള്ള അപകടം ഒഴിവാക്കാനാണ്‌ ഇതെന്ന്‌ എസ്‌.പി. പറഞ്ഞു.അമിതവേഗ പരിശോധന കര്‍ശനമാക്കാനും എസ്‌.പി. നിര്‍ദേശിച്ചിട്ടുണ്ട്‌. ഒന്നില്‍ക്കൂടുതല്‍ തവണ അമിത വേഗത്തിന്‌ പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ്‌ റദ്ദാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌. തകര്‍ന്നുകിടന്ന റോഡ്‌ അടുത്തകാലത്ത്‌ നന്നാക്കിയശേഷം ടിപ്പര്‍ലോറികളും സ്വകാര്യ ബസ്സുകളും ചീറിപ്പായുകയാണെന്ന്‌ ജനങ്ങള്‍ എസ്‌.പി.യോട്‌ പരാതിപ്പെട്ടു. മണല്‍ഖനനത്തിന്‌ ലൈസന്‍സുള്ളതിനാല്‍ മണല്‍വാഹനങ്ങള്‍ നിരോധിക്കാന്‍ പോലീസിന്‌ നിയമപരമായി അവകാശമില്ലെന്ന്‌ എസ്‌.പി. പറഞ്ഞു. (വാര്‍ത്താ ലിങ്ക്)


അതിനര്‍ത്ഥം ലൈസന്‍സ്‌ കൊടുത്തു എന്നതുകൊണ്ട്‌ തടയാന്‍ നിയമമില്ലെന്ന്. ഇങ്ങനെ ലൈസന്‍സ്‌ കൊടുത്തത്‌ , ഒരു പ്രദേശത്തെ മണ്ണും മണലും കടത്തി അവിടം ഒരു മരുഭൂമിയാക്കുന്നതിനൊപ്പം അവിടുത്തെ ജനങ്ങളുടെ ജീവനും എടുക്കാനാണോ?
ആര്‌ ഉത്തരം തരും?

നദികള്‍ വറ്റിവരണ്ട്‌ ഇല്ലാതാകുന്നതിന്‌ തുല്യമായി. നെല്‍പ്പാടങ്ങളിലെ മണ്ണ് മാന്തി വയലുകള്‍ ഇല്ലാതാവുന്നു. ഒന്നോ രണ്ടോ നഗരം പുഷ്ടിപ്പെടുത്താന്‍ ഒരു ജില്ലയും അവിടുത്തെ ജനങ്ങളേയും കുരുതി കൊടുക്കണോ?

ഇതിനെന്ന് ഒരു അറുതിവരും?

22 comments:

krish | കൃഷ് said...

ഇന്നലെ, സ്കൂളിലേക്ക്‌ നടന്നുപോകുകയായിരുന്ന കുട്ടികളുടെ മേല്‍ക്ക്‌ സ്വകാര്യ ബസ്സ്‌ ചെന്നിടിച്ച് സഹോദരിമാരായ രണ്ട് സ്കൂള്‍ കുട്ടികള്‍ മരിക്കുകയും 4 കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.
ആ സ്കൂളില്‍ പഠിച്ച ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലക്കും ആ നാട്ടുകാരനെന്ന നിലക്കും ഈദുരന്തത്തില്‍ അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. പരുക്കേറ്റ കുട്ടികള്‍ വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്നും.

കള്ള് വണ്ടികള്‍, മണ്ണ്, മണല്‍ ടിപ്പര്‍ ലോറികള്‍, എന്നിവയുടെ മരണപ്പാച്ചില്‍, സ്വകാര്യബസ്സുകളുടെ മത്സരയോട്ടം എന്നിട്ടും അനസ്യൂതം തുടരുന്നു, നിരപരാധികളുടെ ജീവന്‍ തട്ടിത്തെറിപ്പിച്ചുകൊണ്ട്.

rajesh said...

കൃഷ്‌.

നല്ല ലേഖനം.

ഇങ്ങനെ കുറേപ്പേര്‍ക്ക്‌ തോന്നിത്തുടങ്ങിയാലേ ഇവിടം നന്നാവൂ. മിക്കവരും "ഓ ,കഷ്ടം" എന്നതില്‍ നില്‍ക്കുന്നു. നമ്മള്‍ എന്തിന്‌ ഇടപെടണം, നമ്മുടെ ആര്‍കും ഇതൊന്നും പറ്റുകയില്ല എന്നുള്ള വിശ്വാസവും ഇതിനൊരു കാരണം ആണ്‌.

പക്ഷേ, tipper lorry വെറും tip of the iceberg മാത്രമാണ്‌.

കേരളത്തിലെ പൊതുവേയുള്ള നിയമലംഘന പ്രവണത, കയ്യൂക്കുള്ളവന്‌ എന്തും ചെയ്യാം, എന്നുള്ള അന്തരീക്ഷം, മനുഷ്യജീവന്‌ പട്ടിയുടെ വിലപോലും കല്‍പിക്കാത്ത ഒരു "സംസ്കാരം".

ഒന്നു ശ്രദ്ധിച്ചാല്‍ കാണാം, ടിപ്പര്‍ ലോറിയല്ല, കൂടുതലും ചീറിപ്പായുന്നത്‌ ഹോണ്ടയും, സ്കോഡയും,ഷവര്‍ലെയും,ബെന്‍സും മറ്റുമാണ്‌.

റ്റിപ്പര്‍ ലോറിക്കും ,സ്വകാര്യ ബസുകള്‍ക്കും വയറ്റുപിഴപ്പിനു വേണ്ടിയാണ്‌ ഓട്ടം എന്നെങ്കിലും പറയാം (അതും തെറ്റാണെങ്കിലും) .പക്ഷേ ഈ മുന്തിയ വാഹനങ്ങളില്‍ ചീറിപ്പായുന്ന വായില്‍നോക്കികള്‍ക്ക്‌ ഈ സ്പീഡ്‌ ലിമിറ്റ്‌ ലംഘിക്കാന്‍ ആരാണ്‌ അനുവാദം കൊടുത്തിരിക്കുന്നത്‌? അവര്‍ എന്തുകൊണ്ട്‌ പിടിക്കപ്പെടുന്നില്ല.?

എന്റെ ഒരു സുഹൃത്ത്‌ ഒരു ബിസിനെസ്സ്‌ മാന്‍ (ex-engineer- വിദ്യാഭ്യാസമുണ്ട്‌ എന്നര്‍ഥം) എന്റെ ഈ സ്പീഡ്‌ വിരോധം കണ്ടിട്ട്‌ എന്റടുത്ത്‌ പറഞ്ഞു- നിന്റെ പൊട്ട opel corsaയില്‍ 40ല്‍ പോയാലും കുഴപ്പമില്ല. പക്ഷെ എന്റെ C-class ബെന്‍സ്‌ 70ല്‍ താഴെപ്പോയാല്‍ എന്‍ജിന്‍ ഇടിക്കും എന്ന് ഡ്രൈവര്‍ പറയുന്നു.

ഞാന്‍ പറഞ്ഞു- ഇതേ ബെന്‍സും കൊണ്ട്‌ ഇങ്ക്ലണ്ടില്‍ ചെന്നിട്ട്‌ സിറ്റിക്കകത്ത്‌ 30miles per hour നു മുകളില്‍ ഓടിച്ചാല്‍ വിവരമറിയും.അവിടെ ഇടിക്കാത്ത എന്‍ജിന്‍ ഇവിടെയും ഇടിക്കൂല്ല. എത്രയും പെട്ടന്ന് ഡ്രൈവരിനെ മാറ്റിക്കോ.

ഇതാണ്‌ നമ്മുടെ വിവരം - opel corsa പതുക്കെപ്പോട്ടെ C-class സ്പീഡിലും !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നെന്മാറ റൂട്ടിലാ എന്റെ വീടും. അതുകൊണ്ട്‌ തന്നെ അവിടങ്ങളിലെ ഗതാഗതത്തെപ്പറ്റി നല്ലോണം അറിയാം.

മാറ്റം വരുമെന്നു പ്രതീക്ഷിക്കാം.

rajesh said...
This comment has been removed by the author.
rajesh said...

"ആറൂട്ടിലാ എന്റെ വീട്‌. മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം"

കുറ്റം പറയാന്‍ വേണ്ടിയല്ല quote ചെയ്തത്‌.കേരളത്തിലെ 90 ശതമാനം പേരുടെയും മനസ്ഥിതി ഇതാണെന്ന് പറയാന്‍ വേണ്ടിയാണ്‌.

പ്രതീക്ഷിക്കുന്നത്‌ നല്ലതു തന്നെ പക്ഷേ എന്താണ്‌ പ്രതീക്ഷ?

എല്ലാവരും തന്നെയങ്ങ്‌ നന്നാവുമെന്നോ?

അതോ വേറെ വല്ലവരും എന്തൊങ്കിലും ഒക്കെ ചെയ്ത്‌ മാറ്റം വരുത്തുമെന്നോ?

ഇന്നലത്തെ ഏതെങ്കിലും ഒരു മരണം പ്രിയയ്ക്ക്‌ അറിയാവുന്ന കുടുംബത്തിലേയോ മറ്റോ ആയിരുന്നെങ്കിലോ?

നമുക്കു ചെയ്യാന്‍ പറ്റുന്ന പല കാര്യങ്ങളുമുണ്ട്‌.

ആദ്യമായി നമ്മള്‍ നിയമങ്ങള്‍ അനുസരിക്കുക.

എത്ര അത്യാവശ്യമുണ്ടെങ്കിലും സ്പീഡ്‌ ലിമിറ്റ്‌ അനുസരിക്കാന്‍ ശ്രമിക്കുക (എന്തായാലും വല്ലപ്പോഴുമല്ലേ നമുക്ക്‌ ഒരു അത്യാസന്ന രോഗിയെയും കൊണ്ട്‌ സ്പീഡില്‍ ഓടിക്കേണ്ടി വരാറുള്ളു? ബാക്കി സമയം നമ്മള്‍ നേരത്തെ വീട്ടില്‍ നിന്ന് ഇറങ്ങാത്തതിന്റെ കുറ്റമല്ലേ?).

ഒരു മിനിറ്റില്‍കൂടുതല്‍ wait ചെയ്യേണ്ടിവരുന്ന ഏതു red signal ഉണ്ട്‌ ഈ കേരളത്തില്‍? അവിടെ നിന്നെന്നും വച്ച്‌ എന്തു സംഭവിക്കാന്‍ ?

വണ്‍വേ തെറ്റിച്ച്‌ "പെറ്റ്രോളും,സമയവും" ലാഭിക്കാന്‍ ശ്രമിക്കുന്ന എത്രയോ പേരുണ്ട്‌ നമ്മുടെയിടയില്‍?

ഈ ബ്ലൊഗില്‍ എഴുതുന്ന മിക്കവാറും പേര്‍ക്കും നല്ല ഭാഷ വശമുണ്ട്‌. പക്ഷേ എത്ര പേരുണ്ട്‌ റ്റ്രാഫിക്‌ പ്രശ്നങ്ങളെക്കുറിച്ച്‌ ഒന്നു യോഗങ്ങളില്‍ സംസാരിക്കുക, ലഘുലേഘകള്‍ അടിച്ച്‌ വിതരണം ചെയ്ത്‌ ജനത്തിനെ ബോധവല്‍ക്കരണം ചെയ്യാന്‍ ശ്രമിക്കുന്നവര്‍?

ഞാന്‍ പലപ്പോഴും എന്റെ സ്പീഡ്‌ ലിമിറ്റ്‌, ഹെല്‍മെറ്റ്‌ മുതലായ ബ്ലോഗുകളുടെ പ്രിന്റ്‌ എടുത്ത്‌ വിലകുറഞ്ഞ പേപ്പറില്‍ അടിച്ച്‌ വിതരണം ചെയ്തിട്ടുണ്ട്‌.

ആരെങ്കിലും അതിന്റെ കോപ്പി എടുക്കുന്നതില്‍ പ്രത്യേകിച്ച്‌ എനിക്കു വിരോധവും ഇല്ല.

നമുക്കു വേണ്ടത്‌ നാം തന്നെ ചെയ്താലേ ഒക്കൂ. വേറെ ആരെങ്കിലും വന്നു ചെയ്തുതരുമായിരിക്കും പക്ഷേ ചിലപ്പോള്‍ അത്‌ too little, too late ആയിപ്പോകും.

ശ്രീ said...

നല്ല ലേഖനം, കൃഷ് ചേട്ടാ...

അനാഗതശ്മശ്രു said...

ഇതും കൂടി നോക്കൂ

അപ്പു ആദ്യാക്ഷരി said...

എന്റെ കൃഷ്ട്ടാ.... എത്ര ടിപ്പര്‍ മരണങ്ങള്‍ നടന്നാലും ആരും കണ്ണുതുറക്കില്ല. നാട്ടുകാരുടെ രോഷമൊക്കെതല്‍ക്കാലത്തേക്കു മാത്രം. വീണ്ടും എല്ലാം പഴയപടിയാവും. കൈക്കൂലിയും പണവും ഭരണം നിയന്ത്രിക്കുന്നിടത്തോളം ഇതൊക്കെ ഇനിയും തുടരും. ദുര്‍വിധി തന്നെ.

G Joyish Kumar said...

പബ്ലിക് ട്രാന്‍‌സ്പോര്‍ട്ട് സിസ്റ്റം വിപുലീകരിക്കേണ്ടതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. റോഡുകളുടെ അപര്യാപ്തത, സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യം ഇവയെല്ലാം അപകടങ്ങളുടെ എണ്ണം വര്‍‌ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ബസ്സ് കത്തിക്കല്‍ പോലെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളോ, മന്ത്രിമാരുടെ പ്രഖ്യാപനങ്ങളോ കൊണ്ട് മാത്രം പ്രയോജനമുണ്ടാകില്ല.

വാഹന ബാഹുല്യം, മത്സര ഓട്ടം തുടങ്ങിയവ മൂലമുള്ള അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ മെച്ചപ്പെട്ട പബ്ലിക് ട്രാന്‍‌സ്പോര്‍ട്ടിന് കഴിയും.

വര്‍ഷാ വര്‍ഷം റോഡപകടങ്ങള്‍ മൂലം കേരളത്തിനുണ്ടാകുന്ന നഷ്ടം 6,600 കോടി ആണെന്ന് കണക്കാക്കപ്പെടുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നാട്ടുകാര്‍ ഒത്തുചേര്‍ന്നാലും ഇന്നത്തെ നമ്മുടെ നിയമം അതിന്റെ വഴിയ്ക്കു നടക്കുനില്ലാ മാഷെ.... നിയമങ്ങള്‍ കൂടെ ശെരിയാവേണ്ടതുണ്ട്..

ജൈമിനി said...

പ്രൈവറ്റ് ബസ്സുകളുടെ കാര്യമോ? പല റൂട്ടിലും മിനിറ്റ് വ്യത്യാസത്തിനു ഓടുന്ന ബസ്സുകള്‍ ആളെപ്പിടിക്കാനും ആദ്യമെത്താനും വേണ്ടിയുള്ള മരണപ്പാച്ചിലാണ്. കാണുമ്പോഴേ പേടിയാവും. ഇത്തരം ബസ്സുകളില്‍ യാത്ര ചെയ്യുന്നവര്‍ തന്നെ അപ്പപ്പോള്‍ പ്രതികരിക്കണം. ഓവര്‍സ്പീഡിനെപ്പറ്റി പരാതി പറഞ്ഞതിന് ബസ്സിലെ യാത്രക്കാര്‍ തന്നെയാണ് എന്നെ യാത്ര തീരുന്നതു വരെ കുറ്റം പറഞ്ഞുകൊണ്ടിരുന്നത്. ഈ മനോഭാവവും മാറേണ്ടതു തന്നെ.

ലേഖനം നന്നായിട്ടുണ്ട്. എല്ലാരും വെറുതേ വായിച്ചു വിടാതെ ഇതൊക്കെ ഓര്‍ത്ത് ആവശ്യമായ ഇടപെടലുകള്‍ നടത്തിയിരുന്നെങ്കില്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

രാജേഷ്, നിങള്‍ക്കു പറയാനുള്ള കമന്റ് ആ ലേഖന്ത്തിനുവേണ്ടിയാകണം.

പലക്കാട്ടെ ബസ്സുകള്‍ ഒരുപാടുണ്ട്‌ ഡോറില്ലാതെ ഓടുന്നത്. അതില്‍ എന്തു ചെയ്യാന്‍ പറ്റും?വൈകീട്ടും രാവിലേയും ഉള്ള തിരക്കുകള്‍ കണ്ടുതന്നെയറിയണം.

എല്ലം നേരാംവണ്ണം നടക്കണമെങ്കില്‍ ചുമ്മാ പോയി കമ്പ്ലൈന്റ് കൊടുഥ്തിട്ട് കാര്യമില്ല. അതാണ് ഇന്നത്തെ നിയമവ്യവസ്ഥിതി.

മാറ്റം പ്രതീക്ഷിക്കാന്‍ മാത്രമേ പറ്റുകയുള്ളൂ.

a.sahadevan said...

bring issues to the forefront of society . let people talk about it. it will take its form and course. and will have an effect

rajesh said...

തീര്‍ച്ചയായും കമന്റുകള്‍ പോസ്റ്റിന്‍ക്കുറിച്ചായിരിക്കണം എന്നുള്ളതിന്‌ സംശയമില്ല. പക്ഷേ നല്ലൊരു പോസ്റ്റില്‍ "എന്തു ചെയ്യാന്‍ " എന്നും പറഞ്ഞിട്ടുപോകുന്നതുകണ്ടപ്പോള്‍ ഇതാണ്‌ മിക്കവരുടെയും attitude എന്നുള്ള അര്‍ഥത്തില്‍ കമന്റിനെക്കുറിച്ച്‌ കമന്റിയെന്നേ ഉള്ളു. അങ്ങനെയാണ്‌ പലപ്പോഴും നല്ലൊരു discussion ഉണ്ടാവുന്നത്‌.

നമുക്ക്‌ ധാരാളം ചെയ്യാന്‍ കഴിയും (കഴിയണം).

അപകടങ്ങള്‍ കണ്ടു മതിയായ കുറേപ്പേരെ കൂട്ടുക. ഒരു ലഘുലേഘ തയ്യാറാക്കുക. സ്ഥലം MLAയോടു ചോദിക്കുക- "ഇതിനെതിരേ താങ്കള്‍ എന്തു ചെയ്യുന്നു, ചെയ്യാന്‍ ഉദ്ദേശിക്കുന്നു"?

അടുത്തുള്ള സ്കൂളിലെ headmasterനെ കാണുക. റോഡപകടങ്ങളെക്കുറിച്ച്‌ കുട്ടികളെ ബോധവാന്മാരാക്കാന്‍ ക്ലാസ്‌ എടുക്കാന്‍ തയ്യാറാണെന്ന് അറിയിക്കുക.

പത്രങ്ങളില്‍ അരവണയെക്കുറിച്ചും സ്ത്രീകള്‍ ചുരിദാര്‍ ധരിക്കണമോ എന്നതിനെക്കുറിച്ചും എഴുതുന്നതിനു പകരം മനുഷ്യജീവന്റെ വിലയില്ലായ്മയെക്കുറിച്ച്‌ എഴുതുക.

എന്തുകൊണ്ട്‌ ബസ്‌ ഡോര്‍ ഇല്ലാതെ ഓടുന്നു? ബസിന്റെ മുതലാളിക്ക്‌ എഴുതി ചോദിക്കുക. മറുപടി ഇല്ലെങ്കില്‍ അതിന്റെ നിയമവശം കണ്ടുപിടിച്ച്‌ അയാളെ അറിയിക്കുക. അല്ലാതെ ബസില്‍ നിന്ന് ആരെങ്കിലും തെറിച്ച്‌ വീണുകഴിഞ്ഞ്‌ ബസ്‌ കത്തിക്കുകയല്ല വേണ്ടത്‌

പുതിയ ലേഖനങ്ങള്‍ എഴുതാന്‍ സമയമില്ലെങ്കില്‍ എന്റെ relevant ആയിട്ടുള്ള ബ്ലോഗുകള്‍ പ്രിന്റ്‌ ചെയ്തെടുത്ത്‌ വിതരണം ചെയ്യുക (http://rajeshinteblog.blogspot.com

എന്താണ്‌ ചെയ്യേണ്ടതെന്ന് കണ്ടുപിടിച്ച്‌ ചെയ്യുക. അല്ലാതെ എന്തു ചെയ്യാന്‍ എന്നും പറഞ്ഞിരിക്കാതിരിക്കുക.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

raajesh, charchakal aavasyamaanu. but, niyamam kooteyundnkil maathrame ath praavarthikamaakoo.

ഹരിശ്രീ said...

നല്ല ലേഖനം...

നല്ല ശ്രമം...

krish | കൃഷ് said...

രാജേഷ്‌: നന്ദി.
റോഡപകടങ്ങളെക്കുറിച്ചും റോഡ്‌ സുരക്ഷയെക്കുറിച്ചും താങ്കളുടെ അഭിപ്രായങ്ങള്‍ നല്ലതുതന്നെ. ചെറിയ രീതിയിലാണെങ്കിലും റോഡ്‌ സുരക്ഷയെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്തുന്നത്‌ ശ്ലാഘനീയം തന്നെ. താങ്കളുടെ ബ്ലോഗുകളും വായിച്ചു. ആദ്യം എത്തണമെന്നുള്ളതുകൊണ്ട്‌ ട്രാഫിക്ക്‌ നിയമങ്ങള്‍ തെറ്റിക്കുന്നതില്‍ നമ്മളും പിറകോട്ടല്ല. നിരവധി പുത്തന്‍ കാറുകളുടെ വരവോടുകൂടി നിരത്തില്‍ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന കാര്യം ശരി തന്നെ. ബസ്സ്‌/ടിപ്പര്‍ ലോറികളുടെ ഡ്രൈവര്‍മാര്‍ വയറ്റുപ്പിഴപ്പിനാണ്‌ ഈ മരണപ്പാച്ചില്‍ നടത്തുന്നത്‌ എന്നതിനോട്‌ പൂര്‍ണ്ണമായും യോജിക്കാന്‍ സാധ്യമല്ല.
വാഹനം, സമയത്തിനും അനുവദിച്ച വേഗതയിലും ഓടിച്ചാലും അവര്‍ക്ക്‌ വയറ്റുപിഴപ്പിനുള്ളത്‌ കിട്ടും. മറ്റുള്ളവരുടെ ജീവനെടുത്തുകൊണ്ടുള്ള ഓട്ടം അത്യാഗ്രഹം തന്നെ.

പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി.
മാറ്റം സ്വയം ഉണ്ടാകുമെന്ന് കരുതിയാല്‍ തെറ്റി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടി (ഡ്രൈവിംഗ്‌ ലൈസന്‍സ്‌ റദ്ദാക്കുക, കനത്ത പിഴ ചുമത്തുക, ജയില്‍ ശിക്ഷ) ഉണ്ടായാലേ അശ്രദ്ധയോടെയും അമിതവേഗത്തിലുമുള്ള പാച്ചില്‍ കുറച്ചൊക്കെ നിയന്ത്രിക്കാനാവൂ.

(ഓ.ടോ: നെമ്മാറ റൂട്ടില്‍ എവിയാ?)

അപ്പു: ശരിയാ, ദുര്‍വിധി. പക്ഷേ, ഈ വിധി മാറ്റാന്‍ കുറച്ചൊക്കെ നമുക്കാവില്ലേ.

നമസ്കാര്‍: നന്ദി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോഡില്‍ അപകടങ്ങള്‍ നടക്കുന്നത്‌ കേരളത്തില്‍ തന്നെയെന്നു തോന്നുന്നു. (ഇന്ന് പക്ഷേ, തിരുവനന്തപുരത്ത്‌ ടെമ്പോ വാന്‍ കെ.എസ്‌.ആര്‍.ടി.സി.ബസ്സില്‍ ഇടിച്ച്‌ 3 പേര്‍ മരണമടഞ്ഞെങ്കില്‍ ഒറീസ്സയില്‍ ബസ്സിനു തീ പിടിച്ച്‌ 4 പേരും, മഹാരാഷ്ട്രയില്‍ ബസ്സ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 39 യാത്രക്കാരും മരണമടഞ്ഞു.) ബന്ദ്‌/ഹര്‍ത്താല്‍ ദിവസങ്ങളില്‍ കല്ലേറും മറ്റും ഒഴിവാക്കിയാല്‍ അപകടങ്ങള്‍ ഇല്ലെന്നു പറയാം.

മിന്നാമിനുങ്ങ്‌ : ഇപ്പോള്‍ നിലവിലുള്ള നിയമം തന്നെ പാലിക്കുന്നില്ല.

മിനീസ്‌: മിനി പറഞ്ഞത്‌ ശരിയാണ്‌. ഞാനും കണ്ടിട്ടുണ്ട്‌. ഓവര്‍സ്പീഡില്‍ പോകുകയും ഇടക്ക്‌ സഡന്‍ ബ്രേക്ക്‌ ഇടുകയും ചെയ്യുമ്പോള്‍ വയസ്സായ സ്ത്രീകള്‍ പരാതി പറയുമ്പോള്‍,കണ്ടക്ടര്‍ അവരോട്‌ നിങ്ങളൊന്ന് മിണ്ടാതിരിക്കിന്‍ എന്നു പറയുന്നതുകേട്ട്‌ മറ്റുള്ളവര്‍ അടക്കി ചിരിക്കുന്നത്‌. എല്ലാവര്‍ക്കും നല്ല സ്പീഡില്‍ പോകുന്ന ബസ്സില്‍ യാത്ര ചെയ്യാനാണ്‌ താല്‍പ്പര്യം.
സഹദേവന്‍: നമ്മളെല്ലാം പ്രതികരിച്ചാല്‍ അല്‍പ്പമെങ്കിലും അനക്കമുണ്ടാകും.

ശ്രീ, മനു, അനാഗതശ്മശ്രു, ഹരിശ്രീ : പ്രതികരിച്ചതില്‍ നന്ദി.

-------------------------

കേരളത്തില്‍ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ദിനംപ്രതി വാഹനാപകടങ്ങള്‍ പെരുകുകയാണ്‌. ഇതിനുള്ള മുഖ്യകാരണങ്ങള്‍,
1) റോഡുകള്‍ക്ക്‌ വേണ്ടത്ര വീതിയില്ലായ്മ,
2) കൂടിയ വാഹനസാന്ദ്രത,
3) അമിതവേഗം,
4) മല്‍സര ഓട്ടം,
5) ട്രാഫിക്ക്‌ നിയമങ്ങള്‍ പാലിക്കാതിരിക്കുക എന്നിവയാണ്‌.
ഇതിനു പുറമെ, കാല്‍നടക്കാര്‍ക്കും, സൈക്കിള്‍ യാത്രക്കാര്‍ക്കും വേണ്ട വഴി റോഡരികില്‍ ലഭിക്കാതിരിക്കുക, ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ഹെല്‍മറ്റ്‌ ധരിക്കാതിരിക്കുക, റോഡിന്റെ ഇരുവശവും, റോഡും നിലവും തമ്മിലുള്ള നിരപ്പ്‌ വ്യത്യാസം എന്നിവ ഇരുചക്രവാഹനക്കാരെ പലപ്പോഴും അപകടത്തിലാക്കുന്നു.

ടിപ്പര്‍ ലോറികള്‍, കള്ള്‌ വണ്ടികള്‍ എന്നിവക്ക്‌ പുറമെ പാണ്ടിലോറികള്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന അന്യസംസ്ഥാന ചരക്ക്‌ ലോറികള്‍, കൂറ്റന്‍ ടാങ്കര്‍ ലോറികള്‍, കണ്ടെയനറുകള്‍ എന്നിവയും രണ്ടുവരി ഹൈവേയിലൂടേ പായുമ്പോള്‍ സ്വകാര്യ ബസ്സുകളും പുതുപുത്തന്‍ മോഡല്‍ കാറുകളും ഈ വലിയ വാഹനങ്ങളേ മറികടക്കാനായി കാണിക്കുന്ന തിടുക്കം ഹൈവേയില്‍ ഓരോ നിമിഷവും അപകടം ക്ഷണിച്ചുവരുത്തുകയാണ്‌. ഈ മല്‍സരപ്പാച്ചിലില്‍ മിക്കവാറും അപകടം സംഭവിക്കുന്നത്‌ റോഡരികിലൂടെ പോകുന്ന ഇരുചക്രവാഹങ്ങള്‍ക്കായിരിക്കും. ഹൈവേകളില്‍ ഹൈവേ പോലീസിന്റെ നീല പട്രോളിംഗ്‌ വാഹനം കാണാമെങ്കിലും ഒരു കൂസലുമില്ലാതെയാണ്‌ ഡ്രൈവര്‍മാര്‍ വണ്ടികള്‍ പറപ്പിക്കുന്നത്‌.

രാത്രിസമയങ്ങളില്‍ മദ്യപിച്ചു വണ്ടിയോടിക്കുന്നതു മൂലവും, രാത്രിയില്‍ തുടര്‍ച്ചയായി വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വരുന്നതുകൊണ്ടും, എതിര്‍ദിശയില്‍നിന്നുമുള്ള വണ്ടിയുടെ തീവ്ര പ്രകാശം കണ്ണിലടിക്കുന്നതു കാരണവും നിറയെ അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്‌.

വീതികുറഞ്ഞ സംസ്ഥാനപാതകളിലേയും, നിറയെ വളവുതിരിവുകളുള്ള ഉള്‍നാടന്‍ റോഡുകളുടേയും കാര്യം പറയുകയേ വേണ്ട. ഓരോ വളവിലും അപകടം പതിയിരിക്കുന്നുണ്ടെങ്കിലും ഇതെല്ലാം എനിക്ക്‌ പുല്ലാ എന്ന മട്ടിലാ ബസ്സ്‌ ഡ്രൈവര്‍മാരുടെ അഭ്യാസങ്ങള്‍.

ചില ബസ്സിലെ ഫൂട്ട്‌ബോര്‍ഡിന്റെ ഉയരക്കൂടുതല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പെട്ടെന്ന് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതുമൂലം പലരും വീണ്‌ പരിക്ക്‌ പറ്റിയിട്ടുണ്ട്‌. ഡോറുകളില്ലാത്ത ബസ്സില്‍ ഫൂട്ട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്യുന്നതും, പ്രത്യേകിച്ചും തിരക്കുള്ള സ്കൂള്‍/കോളേജ്‌ സമയങ്ങളില്‍, അപകടത്തിന്‌ കാരണമാകാറുണ്ട്‌. ബസ്സ്‌ സ്റ്റോപ്പിന്‌ അകലെ ബസ്സ്‌ നിര്‍ത്തുക, ആള്‍ക്കാര്‍ ഓടിയെത്തി മുഴുവന്‍ കയറുന്നതിനുമുന്‍പേ വിസിലടിച്ച്‌ വണ്ടിവിടുക, ഇടക്ക്‌ ഒന്നോ രണ്ടോ പേര്‍ക്ക്‌ ഇറങ്ങണമെങ്കില്‍ ബസ്സ്‌ പൂര്‍ണ്ണമായും നിര്‍ത്താതെ, സ്ലോ ചെയ്ത്‌ ചാടിപ്പിക്കുക എന്നിവയെല്ലാം സ്വകാര്യ ബസ്സുകാരുടെ സര്‍ക്കസ്സുകളില്‍ ചിലത്‌ മാത്രം. മല്‍സരപ്പാച്ചിലിനിടയില്‍ ഓവര്‍ടേക്ക്‌ ചെയ്യുമ്പോള്‍ എതിരെനിന്നും വണ്ടി വന്നാല്‍ സഡന്‍ ബ്രേക്ക്‌ ചെയ്ത്‌ സ്വന്തം ലൈനില്‍ വരുമ്പോള്‍, ബസ്സില്‍ നില്‍ക്കുന്നവര്‍ നല്ലപോലെ കമ്പിയില്‍ പിടിച്ചില്ലെങ്കില്‍ ബാലന്‍സ്‌ തെറ്റി വീഴുകയോ തലയിടിക്കുകയോ ചെയ്യും. ഇതൊന്നും പറഞ്ഞാല്‍ കണ്ടക്ടറോ ഡ്രൈവറോ കേള്‍ക്കുകയില്ല. യാത്രക്കാരുടെ ഭാഗത്തും തെറ്റുണ്ട്‌. എല്ലാവര്‍ക്കും പെട്ടെന്ന് എത്തണം. അതിനാല്‍ നല്ല സ്പീഡില്‍ ഓടുന്ന വണ്ടിയില്‍ പോകാനാണ്‌ മിക്കവര്‍ക്കും താല്‍പ്പര്യം.

സ്കൂള്‍ കോളേജ്‌ സമയങ്ങളില്‍ ബസ്സുകള്‍ കുറച്ച്‌ കുട്ടികളെ മാത്രം എടുത്ത്‌ ബാക്കി ഒഴിവാക്കാനാണ്‌ നോക്കുന്നത്‌. പലയിടത്തും സ്റ്റോപ്പുകളില്‍ കുട്ടികളുടെ ക്യൂ തന്നെ കാണാം. ചിലര്‍ 10-15 കുട്ടികളെ മാത്രമേ ഒരു ബസ്സില്‍ കയറ്റുകയുള്ളൂ. കുട്ടികളോട്‌ പെരുമാറുന്നത്‌ നല്ല രീതിയിലുമായിരിക്കില്ല.


ഇനി, പാലക്കാട്‌ ജില്ലയില്‍ ഇത്രയധികം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിനു കാരണം വാളയാര്‍ തൊട്ട്‌ മണ്ണുത്തി (തൃശ്ശൂര്‍) വരെയുള്ള ദേശീയപാതക്ക്‌ വേണ്ടത്ര വീതിയില്ലാത്തതുകൊണ്ടാണ്‌ (രണ്ടുവരി മാത്രം). ഈ പാതയിലൂടെയുള്ള കോയംബത്തൂര്‍ - കൊച്ചി റൂട്ടിലെ ടാങ്കര്‍, കണ്ടെയ്നര്‍ ചരക്ക്‌ വണ്ടികളുടെ നീക്കവും, ഇതിനുപുറമെ ദീര്‍ഘദൂര ബസ്സുകള്‍, സ്വകാര്യ ബസ്സുകളുടെ മല്‍സര ഓട്ടം, ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍, മുന്നീലോടുന്ന വാഹനങ്ങളെ ഓവര്‍ടേക്ക്‌ ചെയ്യാനുള്ള വെമ്പല്‍ എന്നിവയൊക്കെയാണ്‌ കൂടുതലും അപകടം വരുത്തിവെക്കുന്നത്‌. ജില്ലയിലെ മറ്റു റോഡുകളിലെ വീതിക്കുറവും, നിറയെ വളവു തിരിവുകളും ഇതിലൂടെയുള്ള മണ്ണ് / മണല്‍ ടിപ്പര്‍ ലോറികള്‍, ബസ്സുകള്‍ എന്നിവയുടെ പാച്ചിലും കൂടുതല്‍ അപകടങ്ങള്‍ക്ക്‌ വഴിവെക്കുന്നു. ജില്ലയിലെ വാഹനാപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി,
1) ജില്ലയില്‍ നിന്നും ഇടതടവില്ലാതെ മറ്റു ജില്ലകളിലേക്ക്‌ കടത്തികൊണ്ടുപോകുന്ന മണല്‍/മണ്ണ് ടിപ്പര്‍ ലോറികള്‍ നിയന്ത്രിക്കുക/നിരോധിക്കുക.
2) മണല്‍ / മണ്ണ് അനിയന്ത്രിതമായി എടുക്കുന്നത്‌ നിരോധിക്കുക.
3) പാതകള്‍ക്ക്‌ വീതി കൂട്ടുക, റോഡുകള്‍ നന്നാക്കുക.
4)വണ്ടികളുടെ അമിതവേഗം / മല്‍സര ഓട്ടം നിയന്ത്രിക്കുക.
5) അപകടം വരുത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ്‌ റദ്ദാക്കുന്നതടക്കം ശിക്ഷ കഠിനമാക്കണം. അത്യാഹിതം സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം ബാധ്യസ്ഥനായ ഡ്രൈവര്‍ വഹിക്കാന്‍ വ്യവസ്ഥ ചെയ്യണം.
6) ഹൈവേകളിലും തിരക്കുള്ള റോഡിലും ഇരുചക്രവാഹനം ഓടിക്കുന്നവര്‍ സ്വമേധയാ ഗുണനിലവാരമുള്ള ഹെല്‍മറ്റ്‌ ധരിക്കണം.
7) ട്രാഫിക്ക്‌ നിയമങ്ങള്‍ എല്ലാവരും പാലിക്കണം.

ഇതില്‍ നാലെണ്ണമെങ്കിലും നടപ്പിലാക്കിയാല്‍ ജില്ലയിലെ വാഹനാപകടങ്ങള്‍ ഗണ്യമായി കുറയും. വണ്ടി ഓടിക്കുന്നവര്‍ അവരുടെ സ്വന്തം ജീവന്‍ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും കൂടി കൈയ്യിലെടുത്താണ്‌ ഈ അഭ്യാസങ്ങള്‍ കാണിക്കുന്നത്‌ എന്നോര്‍ത്താല്‍ നന്ന്.

rajesh said...

Good summing up, krish.

കാലമാടന്‍ said...

ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)

മന്‍സുര്‍ said...

കൃഷ്‌ ...

വളരെ ഗൌരവമായ പോസ്റ്റ്‌....

ഇന്നും ഇന്നലെയുമല്ല നമ്മള്‍ ഇത്തരം അതിവേഗതകളെ കുറിച്ച്‌ പറയാന്‍ തുടങ്ങിയിട്ട്‌...
എന്ത്‌ കൊണ്ടാണ്‌ ബസ്സുകള്‍ അമിത വേഗതയിലോടുന്നത്‌...അല്ലെങ്കില്‍ ലോറികള്‍...ഇതിനൊക്കെ നമ്മള്‍ ഒരിക്കലെങ്കിലും ഇതിലെ ഡ്രൈവര്‍മാരോട്‌ ചോദിക്കണം അപ്പോല്‍ നിങ്ങള്‍ക്ക്‌ അരിയാന്‍ കഴിയും എന്തു കൊണ്ട്‌ എന്ന്‌.
മരിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ലല്ലോ...ഇവര്‍ അതിവേഗതയില്‍ പായുന്നത്‌...ജീവിത പ്രശ്‌നമാണ്‌...
ഒന്നോ..രണ്ടോ..മിനുട്ടിന്റെ വ്യത്യാസത്തിലാണ്‌ ഇവിടെ റൂട്ടുകള്‍ അനുവദികുന്നത്‌...നല്ലൊരു കളക്‌ഷനുണ്ടെങ്കിലേ വീട്ടിലേക്ക്‌ വല്ലതും ഇതിലെ ജോലിക്കാര്‍ക്ക്‌ വാങ്ങാന്‍ കഴിയൂ..
അപ്പോ റൂട്ടുകള്‍ അനുവദികുന്ന ആര്‍.ട്ടി.ഓ..ഓഫീസ്സുകളാണ്‌ കുറ്റക്കാര്‍...പണം വാരിയെറിഞ്ഞു റൂട്ടുകള്‍ സംമ്പാദിക്കുന്ന നാട്ടിലെ പണചാക്കുകള്‍ നിരപരാധികളോ...
പിന്നെ മുഖ്യന്‍മാരുടെ ശുപാര്‍ശ കത്തുകളുമായി റൂട്ടുകള്‍ സ്ഥാപിച്ചെടുക്കുന്നവര്‍ വേറെയും..
സമയത്തിന്‌ ഓടിയെത്തിയിലെങ്കില്‍ പോലീസുകാരുടെ വക വേറെ...

അങ്ങിനെ ഒത്തിരി ഒത്തിരി........കാര്യങ്ങള്‍ ഇതിന്‌ പിറകില്‍ കാണാന്‍ കഴിയും.......

നന്‍മകള്‍ നേരുന്നു

G Joyish Kumar said...

സ്വകാര്യബസ്സുകളുടെ മത്സര ഓട്ടം എങ്ങനെ ഒഴിവാക്കാം?

മായാവി.. said...

സ്വകാര്യബസായാലും, ടിപ്പരായാലും ഓട്ടുന്ന മനുഷ്യന്റെ സംസ്കാരമാണ്‍ ഡ്രൈവിങ്ങില്‍ കാണുന്നത്(അതിനി സ്വകാര്യസൈക്കിളോടിച്ചാലും) അതിനാല്‍ പെരുമാറാന്‍ ചെറുപ്പംമുതല്‍ പഠിപ്പിക്കുക, സമൂഹത്തിന്റെ സമ്സ്കാരമാണല്ലൊ വ്യക്തികളില്‍ കാണുന്നത്(തിരിച്ചുമ്!!) ഡ്രൈവരായാല്‍ അതുമ്പറഞ്ഞും, സര്ക്കരുദ്യോഗസ്തനാണെങ്കില്‍ ആപേരിലും, മറ്റുജോലിയാണെങ്കിലങ്ങനെയും....ഇത് ടിക്കറ്റെടുക്കത്തത് മനുഷ്യനും കള്ളവണ്ടീന്ന് വണ്ടിയെയും പറയുന്നപോലെ...