Saturday, October 07, 2006

"മഴയില്‍ കുതിര്‍ന്ന രാത്രി" - ഭാഗം രണ്ട്‌.

"മഴയില്‍ കുതിര്‍ന്ന രാത്രി" - (ഭാഗം രണ്ട്‌. ) (ഭാഗം ഒന്ന്‌ ഇവിടെ)
"എനിക്ക്‌ രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കാം"
----

രാത്രിയില്‍ കനത്ത മഴയില്‍ റോഡ്‌ വ്യക്തമായി കാണാന്‍ പറ്റുന്നില്ല. മുഖത്തേക്കു വലിയ മഴത്തുള്ളികള്‍ പതിക്കുന്നു, കുറച്ചൊക്കെ മൂക്കിനകത്തേക്കും ചുണ്ടിലൂടെ വായിനകത്തേകും കടക്കാന്‍ ശ്രമിച്ചു. ഒരുവിധം ക്വാര്‍ടേഴ്സിലെത്തി വണ്ടി പാര്‍ക്ക്‌ ചെയ്ത്‌ വീട്ടിനകത്തേക്കു കയറി. കൈയ്യ്‌ കാല്‌ മുഖം കഴുകി വേഗം എന്തെങ്കിലും കഴിച്ചു ഒന്നു കിടക്കണം. റെയിന്‍കോട്ടിലൂടെ വെള്ളം താഴേക്കു ഊര്‍ന്നുവീഴുന്നുണ്ട്‌. കോട്ട്‌ ഊരിവെച്ച്‌ അടുത്ത കാലെടുത്തു വെച്ചതും.. പ്‌തോന്ന് വഴുതി വീണതും ഒരുമിച്ചായിരുന്നു. "അയ്യോാ.." നിലവിളി കേട്ട്‌ സഹധര്‍മ്മിണി ഓടിയെത്തി.. "വല്ലതും പറ്റിയൊ.." " ഉം.. എണീറ്റ്‌നോക്കിയിട്ട്‌ പറയാം." (നല്ല മിനുസമുള്ള്‌ തറയില്‍ കോട്ടില്‍നിന്നുള്ള വെള്ളം വീണിരുന്നത്‌ തിടുക്കത്തില്‍ ശ്രദ്ധിച്ചിരുന്നില്ല.) നല്ല വേദന, കയ്യ്‌ ഓടിഞ്ഞോ എന്നൊരു ചെറിയ സംശയം. ഇടുപ്പും കയ്യും കുത്തിയാണ്‌ വീണത്‌. ഇടുപ്പിനും ചെറിയ വേദന. എഴുന്നേറ്റ്‌ നോക്കിയപ്പോള്‍ വലിയ കുഴപ്പമൊന്നുമില്ല. കയ്യും മുഖവും കഴുകി നോക്കിയപ്പോഴുണ്ട്‌ ഇടത്‌ കൈമുട്ടിനു താഴെ ചെറുതായി ചോര പൊടിഞ്ഞ്‌ തടിച്ചിരിക്കുന്നു. ലോഷന്‍ കൊണ്ട്‌ കഴുകി, വേദനയുള്ള ഭാഗത്ത്‌ moov പുരട്ടി. കുറച്ച്‌ കഴിഞ്ഞ്‌ ആഹാരവും കഴിച്ച്‌ കൈ കഴുകി. അതാ മഴയുടെ ശബ്ദം പെട്ടെന്നു നിന്നിരിക്കുന്നു. പുറത്ത്‌ ചെന്നുനോക്കിയപ്പോല്‍ ആകാശത്ത്‌ കാര്‍മേഘങ്ങളില്ല. ചന്ദ്രനേയും കാണാം. ആകാശം കണ്ടാല്‍ ഇത്രനേരം ശക്തിയായിട്ട്‌ മഴ പെയ്തതാണെന്നു തോന്നുകയില്ല. (മഴ ഇവിടെ നിന്നെങ്കിലും, പിന്നിടറിയാന്‍ കഴിഞ്ഞതെന്തെന്നാല്‍, പരിപാടി കഴിഞ്ഞ്‌ ഇവിടെനിന്നും 16 കി.മി. ദൂരെ നീര്‍ജുലിയിലേക്കു പോയവരുടെ പിറകേ 'മീന്‍കാരന്റെ പിറകേ പട്ടിയെന്ന കണക്കെ' കനത്ത മഴ പിന്തുടരുകയും അവിടെ ഒന്നര മണിക്കൂറോളം താണ്ഠവനൃത്തമാടുകയും ചെയ്തുവെന്നാണ്‌.) ഓ.. ആള്‍ക്കാരെ മെനക്കെടുത്താന്‍ വന്ന ഒരു മഴ. മഴയെ മനസ്സില്‍ ശപിച്ചുകൊണ്ട്‌ ബെഡ്‌റൂമിലേക്ക്‌ കാലെടുത്തുവെച്ചതും ഇടത്‌ കാലില്‍ നിന്നും എന്തോ തെറിച്ച്‌പോയപോലെ. നോക്കിയപ്പോഴുണ്ട്‌ അതാ കിടക്കുന്നു ചോര കുടിച്ച്‌ വിര്‍ത്ത ഒരു അട്ട. കാലിന്റെ ചെറുവിരലിനടുത്തുനിന്നും ചോരയും വരുന്നു. അമ്പട വീരാ.. എന്റെ ശരീരത്തില്‍ നിന്നും വിലപ്പെട്ട ഇത്രയും ചോര വലിച്ചൂറ്റിയിട്ടും മതിയായില്ലാല്ലേ. ആശാന്‍ വിടാനുള്ള മട്ടിലല്ലായിരുന്നു. കാല്‍ വേഗത്തില്‍ എടുത്ത്‌വെച്ചപ്പോള്‍ പിടിവിട്ട്‌ തെറിച്ച്‌പോയതാണ്‌. "എനിക്കു രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം തരാം" എന്ന്‌ ഒരു മഹാനായ സ്വാതന്ത്ര്യ പോരാളി പറഞ്ഞിട്ടുണ്ടല്ലോ.. ആ തത്വവും ഉള്‍ക്കൊണ്ട്‌ ക്വോട്ട മുഴുവന്‍ ഊറ്റുന്നതിനിടയിലാണ്‌ ബാലന്‍സ്‌ തെറ്റി ഇവന്‍ തെറിച്ച്‌ പോയത്‌. മഴയത്ത്‌ ഹാളിനടുത്ത്‌നിന്നും വണ്ടിയെടുക്കുമ്പോള്‍ കാലില്‍ കയറിപിടിച്ചതായിരിക്കണം. ആദ്യം ഇവനെ ശരിയാക്കിയിട്ടുതന്നെ അടുത്തകാര്യം. ഒരു തുണ്ട്‌ കടലാസില്‍ കോരിയെടുത്ത്‌ പുറകിലെ വരാന്തയില്‍ വെച്ചു. കുറച്ച്‌ ഉപ്പ്‌ എടുത്ത്‌, ഇത്രനേരം എന്റെ കാലില്‍ കിടന്ന്‌ രക്തം വലിച്ചൂറ്റി ശബ്ദമില്ലാതെ 'അട്ട'ഹസിച്ചുകൊണ്ടിരുന്ന അട്ടയുടെ പുറത്തിട്ട്‌ ഞാന്‍ സായൂജ്യൂം കൊണ്ടു. അപ്പോള്‍ തോന്നി കുറച്ച്‌ കോളയോ പെപ്സിയോ ഉടന്‍ കിട്ടിയിരുന്നെങ്കില്‍ ഒരു പരീക്ഷണം നടത്തി നോക്കാമായിരുന്നു. നാടെങ്ങും കോളയില്‍ വിഷാംശമുണ്ടെന്നും, കീടനാശിനിയുടെ അളവ്‌ കൂടുതലായി പരീക്ഷണത്തില്‍ കണ്ടുവെന്നുമാണല്ലോ റിപ്പോര്‍ട്ട്‌. അത്‌ സ്വന്തമായി ഒന്ന്‌ പരീക്ഷിച്ചുനോക്കാനുള്ള ഒരു അവസരമല്ലേ നഷ്ടമായത്‌. നാലഞ്ചു തുള്ളി അട്ടവീരന്റെ പുറത്ത്‌ ഒഴിച്ചാല്‍ അതുകഴിച്ച്‌ ഒന്നുകൂടി വീര്‍ക്കുമോ അതോ വിഷമദ്യം കഴിച്ചപോലെ വടിയാകുമോ എന്നു പരീക്ഷിക്കാനുള്ള ചാന്‍സ്‌ അല്ലേ പോയത്‌. അയ്യോ..കാലിലെ അട്ട കടിച്ച ഭാഗത്തുനിന്നും ചോര ചെറുതായി വാര്‍ന്നുകൊണ്ടിരിക്കുന്നു. നല്ലപോലെ കഴുകി.. പിന്നെയും വരുന്നു. ഇതിനുമുന്‍പ്‌ നാലഞ്ചുവട്ടം അട്ടകടിച്ച്‌ അലര്‍ജി ആയ അനുഭവം ഉള്ളതുകൊണ്ട്‌ ഇപ്രാവശ്യം ചോരയുടെ ഒഴുക്ക്‌ തടഞ്ഞില്ല. പോകുന്നത്ര പോകട്ടെ. കഴുകുന്നു. പിന്നെയും വരുന്നു. മതി ഇത്രയൊക്കെ പോയാല്‍ മതി. ഞാന്‍ ലേശം പഞ്ഞിയെടുത്ത്‌ മുറിഭാഗത്ത്‌ വെച്ച്‌ കിടന്നുറങ്ങാനായി കിടപ്പുമുറിയിലേക്കു കയറി. കിടന്നപ്പോള്‍ ആലോചിച്ചു അല്ലാ 'രക്തസാക്ഷി' ആയത്‌ അട്ടയാണെങ്കിലും ആ രക്തം മുഴുവന്‍ എന്റേതല്ലേ. അപ്പോള്‍ പിന്നെ 'രക്തസാക്ഷി' ആരാ?... ഓ. സാരമില്ല. ഞാന്‍ സ്വയം ആശ്വസിച്ചുകൊണ്ട്‌ നിദ്രയുടെ മടിത്തട്ടിലേക്ക്‌ ഊര്‍ന്നിറങ്ങി. അപ്പോള്‍ സ്വപ്നത്തിന്റെ ഫ്ലാഷ്‌ബാക്കില്‍ 70 mm-ല്‍ എന്തൊക്കെയോ തെളിയുന്നുണ്ടായിരുന്നു.

1 comment:

krish | കൃഷ് said...

"എനിക്കു രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം തരാം" എന്ന്‌ ഒരു മഹാനായ സ്വാതന്ത്ര്യ പോരാളി പറഞ്ഞിട്ടുണ്ടല്ലോ.. ആ തത്വവും ഉള്‍ക്കൊണ്ട്‌ ക്വോട്ട മുഴുവന്‍ ഊറ്റുന്നതിനിടയിലാണ്‌ ബാലന്‍സ്‌ തെറ്റി ‘ഇവന്‍‘ തെറിച്ച്‌ പോയത്‌.....

"മഴയില്‍ കുതിര്‍ന്ന രാത്രി" - (ഭാഗം രണ്ട്‌. ) ഇപ്പോഴാണ് ഇടാന് സമയം കിട്ടിയത്.