Tuesday, October 03, 2006

ചിക്കന്‍ സ്പെഷല്‍.

ചിക്കന്‍ സ്പെഷല്‍.

അകലെയുള്ള ഒരു ബന്ധു ഗുരുതരമായ ഒരു അസുഖം ബാധിച്ച്‌ ആശുപത്രിയിലാണെന്നറിഞ്ഞ്‌, നാട്ടിന്‍പുറത്തുകാരന്‍ കിട്ടേട്ടന്‍ നഗരത്തിലെ ആശുപത്രിയിലെത്തി. ബന്ധുവായ രോഗിയെ കണ്ടു, വാങ്ങി കൊണ്ടുവന്ന പഴങ്ങള്‍ നല്‍കി, രോഗവിവരം അടുത്തുള്ള വേറൊരു ബന്ധുവില്‍ നിന്നും അറിഞ്ഞു. ഏതോ പുതിയ രോഗമാണത്രേ. ചിക്കന്‍കുണിയയോ, ചിക്കന്‍മണിയോ, അങ്ങിനെ എന്തോ ഒന്ന്‌. ഇതുവരെ കേട്ടിട്ടില്ല. ഇതു ബാധിച്ച്‌ നിറയെ പേര്‍ ആശുപത്രിയില്‍ കിടപ്പുണ്ട്‌. ചിലരൊക്കെ രോഗം മൂത്ത്‌ ചത്ത്‌ പോയതായി അറിയാന്‍ കഴിഞ്ഞു. ദൈവമേ. എന്തായാലും നമ്മുടെ ബന്ധുവിന്‌ സീരിയസ്സ്‌ അല്ലത്രേ. മൂന്ന്-നാല്‌ ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാം. സമാധാനം. നേരം ഉച്ചയായി. വൈകുന്നതിനുമുന്‍പ്‌ ബസ്സ്‌ പിടിച്ച്‌ വീട്ടിലെത്തണം. വിശപ്പുതടങ്ങി. ബന്ധുക്കാരോട്‌ യാത്ര പറഞ്ഞ്‌ കിട്ടേട്ടന്‍ ബസ്സ്‌ സ്റ്റാന്റിലേക്ക്‌ ഒരു ഓട്ടൊ പിടിച്ച്‌ പോയി. അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി. വല്ലതും കഴിച്ചുകളയം. വീടെത്തുമ്പോള്‍ നേരമാകും. വെയിറ്റര്‍ വന്നു.
"എന്ത്‌ വേണം"
"ഒരു ചോറ്‌",
"സ്പെഷല്‍ കറികള്‍ എന്തെങ്കിലും?"
"എന്തുണ്ട്‌?"
'ചിക്കന്‍കറി, ചിക്കന്‍ഫ്രൈ, ചിക്കന്‍ 65, ചില്ലി ചിക്കന്‍,,,"
"ടോ.. എന്നെ കൊലക്‌ക്‍കൊടുത്തേ മതിയാകൂ... അല്ലേ നിനക്ക്‌", കിട്ടേട്ടന്‍ പൊട്ടിത്തെറിച്ചു.
"ഇപ്പൊഴല്ലേ മനസ്സിലായത്‌ ഈ പുതിയ പുതിയ അസുഖങ്ങളൊക്കെ എവിടുന്നാ വരുന്നതെന്ന്‌"
കിട്ടേട്ടന്‍ ഒന്നും കഴിക്കാതെ അവിടെനിന്നും നേരെ ബസ്സില്‍ കയറിയിരുന്നു. "ഇനി വീട്ടില്‍ചെന്നേ വല്ലതും കഴിക്കൂ".
പാവം കിട്ടേട്ടന്‍ ചിക്കനും, ചിക്കുന്‍ഗുന്യയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന കാര്യം മനസ്സിലാക്കിയിരുന്നില്ല.

2 comments:

krish | കൃഷ് said...

ഇതാ ഇവിടെ ചിക്കന്‍ സ്പെഷല്‍ ഉണ്ട്‌. പേടിയില്ലെങ്കില്‍ കഴിക്കാം ട്ടോ

sreejappan said...

best katha