Thursday, November 29, 2007

കാന്‍സര്‍ രോഗത്തിനു പ്രതിവിധി?

കാന്‍സര്‍ രോഗത്തിനു പ്രതിവിധി?

മാരകമായ കാന്‍സര്‍ രോഗത്തിനു ഫലപ്രദമായ ചികില്‍സയില്ല എന്ന പണ്ടുള്ള സ്ഥിതിയില്‍ നിന്നും, നിരന്തരമായ വൈദ്യശാസ്ത്രത്തിന്റെ ഗവേഷണമുന്നേറ്റം കൊണ്ട്‌, ഇന്ന് ഇത് കുറെയേറെയൊക്കെ ആരംഭദശയില്‍ തന്നെ ചികില്‍സിച്ചുമാറ്റാം എന്ന നിലയിലായിട്ടുണ്ട്‌. കാന്‍സര്‍ ബാധിച്ച കോശങ്ങളെ റേഡിയേഷന്‍, കെമോതെറാപ്പി (റേഡിയേഷനും കെമോതെറാപ്പിയും ശരീരത്തിന്‌ വളരെ ദോഷം ചെയ്യുന്ന ഒന്നാണ്‌) തുടങ്ങിയ രീതിവെച്ച്‌ കരിച്ചുകളയാമെങ്കിലും, കാന്‍സര്‍ ബാധിച്ച കോശങ്ങളില്‍ നിന്നും മറ്റു കോശങ്ങളിലേക്ക്‌ പടരുന്നത്‌ തടയുക - അതാണ്‌ ഏറ്റവും പ്രധാനം.

ഇപ്പോഴിതാ കാന്‍സര്‍ബാധയുമായി മല്ലിടുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. കഴിഞ്ഞ 14 വര്‍ഷത്തിലേറെയായി നിരന്തരം ഇതിനുള്ള പ്രതിവിധിക്കായി ഗവേഷണം നടത്തുന്ന വൈദ്യശാസ്ത്രജ്ഞന്മാര്‍ക്ക്‌ ഒരു നല്ല റിസല്‍ട്ടാണ്‌ കിട്ടിയിരിക്കുന്നത്‌. രോഗം ബാധിച്ച കോശങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്ന/ഇല്ലാതാക്കുന്ന ഒരു ജീന്‍ ഇവര്‍ കണ്ടെത്തിയിരിക്കുന്നു. കെന്റുക്കി യുണിവേര്‍സിറ്റിയിലെ യു.കെ. കോളേജ്‌ ഓഫ്‌ മെഡിസിനിലെ റേഡിയേഷന്‍ മെഡിസിന്‍ പ്രോഫ. ഡോ.വിവേക്‌ രംഗ്‌നേക്കറുടെ നേതൃത്വത്തിലുള്ള ഗവേഷണം ടീം ആണ്‌ പാര്‍-4 എന്നു വിളിക്കുന്ന ഈ ജീന്‍ തെറാപ്പി എലികളില്‍ പരീക്ഷിച്ചു വിജയം കൈവരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍.

പ്രൊഫ.വിവേക് രംഗ്‍നേക്കര്‍

ഇന്ത്യന്‍ വംശജനും മുബൈക്കാരനുമായ ഡോ.രംഗ്‌നേക്കര്‍ പാര്‍-4 ജീനുകളെ 1993-ലാണ് ആദ്യമായി തിരിച്ചറിഞ്ഞത്. വളര്‍ച്ച മുരടിച്ച/മരിച്ച കോശങ്ങളെ തള്ളിക്കളയുന്നതിനും ഈ ജീന്‍ തെറാപ്പി സഹായകരമാകുന്നുവത്രേ. മാരകമായ കാന്‍സറെ പോലും പ്രതിരോധിക്കാന്‍ ശക്തിയുള്ള സൂപ്പര്‍ എലിയെ ഈ ഗവേഷകര്‍ ഈയിടെ വികസിപ്പിച്ചെടുത്തു.


പാര്‍-4 ജീനുകളോടുകൂടി ജനിച്ച എലികള്‍ക്ക്‌ ട്യൂമര്‍ വളരുന്നില്ല എന്നും പ്രോസ്റ്റേറ്റിലെ ട്യൂമര്‍ വളര്‍ച്ചയെ പാര്‍-4 ജീന്‍ ഉപയോഗിച്ചു തടയാന്‍ പറ്റുമെന്നാണ്‌ കണ്ടെത്തല്‍. ഇത്തരം എലികള്‍ കൂടുതല്‍ കാലം ജീവിക്കുന്നതായും കണ്ടെത്തിയിരിക്കുന്നു.

പാര്‍-4 ജീനോടുകൂടി ജനിപ്പിച്ചെടുത്ത സൂപ്പര്‍ എലി

പാര്‍-4 ജീനിന്റെ പ്രധാന പ്രത്യേകത എന്തെന്നുവെച്ചാല്‍ ഇത്‌ കാന്‍സര്‍ ബാധിച്ച കോശങ്ങളെ മാത്രം നശിപ്പിക്കുകയും അതേ സമയം മറ്റു സാധാരണ കോശങ്ങളുടെ വളര്‍ച്ചക്ക്‌ തടസ്സമാവുകയും ചെയ്യുന്നില്ല എന്നതാണ്‌. പാര്‍ശ്വഫലങ്ങളില്ലാതെ, മജ്ജ മാറ്റലിലൂടെ, മനുഷ്യരില്‍ പാര്‍-4 ജീനിനെ ഉപയോഗിച്ച്‌ കാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കാം പറ്റുമെന്നാണ്‌ ഗവേഷകരുടെ നിഗമനം. (ഈ ഗവേഷണഫലം ഒക്ടോബര്‍ മാസത്തെ കാന്‍സര്‍ റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടത്രേ)മനുഷ്യരില്‍ ഇതു പ്രയോഗിക്കുന്നതിനു മുന്‍പായി ഇനിയും ചില പരീക്ഷണങ്ങളും മറ്റും നടത്തേണ്ടതുണ്ടെന്ന് പ്രൊഫ. രംഗ്‍നേക്കര്‍ വെളിപ്പെടുത്തി. എങ്കിലും ഇത്‌ പ്രത്യാശക്ക്‌ വക നല്‍കുന്നു.


കാന്‍സര്‍ എന്ന ഈ മഹാരോഗത്തെ കാലതാമസം കൂടാതെ ഫലപ്രദമായി ചികില്‍സിച്ചുമാറ്റുന്നതിനു ഈ നൂതന ഗവേഷണം സഹായകമാകുമെങ്കില്‍, അത്‌ ക്യാന്‍സര്‍ രോഗംകൊണ്ടും പരമ്പരാഗത ചികില്‍സകൊണ്ടും അതികഠിന വേദന അനുഭവിക്കേണ്ടിവരുന്ന മനുഷ്യജാതിക്ക്‌ ഒരു വരദാനമാകും. താമസിയാതെ ഇതിന്റെ ഗുണം ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്ക്‌ ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

Wednesday, November 14, 2007

ട്രാക്ക് ബോയ്സ് - ഒരു ശിശുദിനം കൂടി.

ഇന്ന് നവംബര്‍ 14 - ശിശുദിനം. രാജ്യമെമ്പാടും ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ പുത്തന്‍ ഉടുപ്പിട്ട് സ്കൂളില്‍ പോകുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുന്നു(?). ബാലവേല നിര്‍ത്താന്‍ പരിപാടികള്‍ ഊര്‍ജ്ജിതമാക്കുന്നു(?). കുട്ടികള്‍ പലവിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ പ്രസംഗിക്കുന്നു(?). അങ്ങനെ ഒരു ശിശുദിനം കൂടി എന്നത്തെയും പോലെ കടന്നു പോകുന്നു.

പക്ഷേ എന്നിട്ടും 3 നേരം ഭക്ഷണം ലഭിക്കാത്ത, പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത, ചൂഷണം ചെയ്യപ്പെടുന്ന എത്ര കുട്ടികള്‍ ഈ നാട്ടില്‍.

“സലാം അണ്ണാ‍“ .

ട്രാക്ക് ബോയ്സ് - ഇത് റെയില്‍‌വേ സ്റ്റേഷനേയും തീവണ്ടികളേയും ആശ്രയിച്ച് ആഹാരവും വരുമാനവും കണ്ടെത്തുന്ന കുറച്ച് കുട്ടികള്‍. ഇവരുടെ ഭാവിയും റെയില്‍‌വേയെ ആശ്രയിച്ചുതന്നെയായിരിക്കും.

ബൈ ബൈ, റൊമ്പ നന്‍‌റി. അപ്പറം സന്ധിക്കലാം.

ഇവര്‍ക്കെന്ത് ശിശുദിനം. എന്നും ഒരുപോലത്തെ ദിനം.

ഇതാ വേറൊരു കാഴ്ച.

ഒറ്റനോട്ടത്തില്‍ അസാധാരണമായി ഒന്നും തോന്നുന്നില്ലെങ്കിലും ഒന്ന് ശ്രദ്ധിക്കൂ. ഒരു പൊതുപരിപാടിയില്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടാതെ വി.ഐ.പി. പവലിയന്റെ മുന്നിലെ പൂച്ചെട്ടികള്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഈ പെണ്‍‌കുട്ടികള്‍, ഇവരുടെ സമപ്രായത്തിലുള്ള മറ്റു കുട്ടികളുടെ നൃത്തപരിപാടികള്‍ ആസ്വദിക്കുകയാണ്. ഒന്നുകൂടി ശ്രദ്ധിക്കൂ, ആ കുട്ടിയുടെ കൈയ്യിലുള്ള കുപ്പിയില്‍ പാലോ ഹോര്‍ലിക്സോ ആയിരിക്കാന്‍ സാധ്യതയില്ല. പിന്നെന്താണ്? തീര്‍ച്ചയായും അതില്‍ നാടന്‍ കള്ളാണ്. ഒരു മരുന്നിട്ട്, ചോറ് പുളിപ്പിച്ചെടുക്കുന്ന (റൈസ് ബിയര്‍), കള്ളിന്റെ രുചിയും മണവും വീര്യവുമുള്ള സാധനം. ഇത് ആദിവാസികളുടെ ഇടയില്‍ വര്‍ജ്യമല്ലാത്തതുകൊണ്ട് അവര്‍ക്ക് അതില്‍ ആശ്ചര്യമില്ല.


സമ്പന്നരുടെ മക്കള്‍ക്ക് ശിശുദിനം, മറ്റുള്ളവര്‍ക്ക് ശ്ശി..ശൂ..ദിനം.