Friday, February 16, 2007

ആനകള്‍ ഇടയുന്ന സമയമോ?

ആനകള്‍ ഇടയുന്ന സമയമോ?

ഇന്ന്‌ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ശിവരാജ്‌ എന്ന ആന വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ശോഭായാത്രക്കിടെ ഇടയുകയും അടുത്തുകിട്ടിയ ശിവാനന്ദ്‌ എന്ന ഒരു നാഗാ സന്യാസിയോട്‌ (സാധു) ആ ദേഷ്യം തീര്‍ക്കുകയും ചെയ്തു. സന്യാസിയെ തുമ്പിക്കൈകൊണ്ടു ചുരുട്ടിയെടുത്ത്‌ മതിലിനോട്‌ ചേര്‍ത്ത്‌, കൊമ്പു കൊണ്ട്‌ പരുക്കേല്‍പ്പിച്ചു. ഈ സമയം ആനപ്പുറത്തിരിക്കുന്ന പാപ്പാന്‍ ആനയെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്യാസിയെ രക്ഷിക്കാന്‍ സാധിച്ചില്ല. സന്യാസി ആനയുടെ ആക്രമണഫലമായി മരണപ്പെട്ടു. ഇതിനിടെ ശ്രീലങ്കയിലെ ഗാലെയില്‍നിന്നും മറ്റൊരു ദൃശ്യംകൂടി - ഇന്നലെ ആന പോളോ കളിക്കിടെ അബേയ്‌ എന്ന ഒരു ആന ഇടഞ്ഞു ആക്രമാസക്തമായി. അടുത്തുകണ്ടതെല്ലാം മറിച്ചിട്ടു, കൂട്ടത്തില്‍ ഒരു മിനിബസ്സും. TV-യില്‍ നിന്നുമുള്ള ചിത്രങ്ങള്‍ താഴെ:

ആന സന്യാസിയെ കുത്തുന്നു


ശ്രീലങ്കയിലെ ഗാലെയില്‍നിന്നുമുള്ള വാര്‍ത്തയും ചിത്രവും ഇവിടെ.

ഇതെന്താ ആനകള്‍ക്ക്‌ ഇടയാനുള്ള സമയമോ? രണ്ടു ദിവസം മുമ്പാണ്‌ കേരളത്തില്‍ ഒരു ആന എഴുന്നെള്ളത്തിനു കൊണ്ടുപോകാന്‍ വന്ന ലോറിയെ മറിച്ചിട്ട്‌ ദേഷ്യം തീര്‍ത്തത്‌. ആനകളെ മനുഷ്യര്‍ കൂടുതലായി പണിയെടുപ്പിക്കുന്നതിന്റെ/പീഢിപ്പിക്കുന്നതിന്റെ പരിണിതഫലമാണൊ ഇതെല്ലാം.

കൃഷ്‌ ‌ krish

Friday, February 09, 2007

അനാദരവ്

അനാദരവോ, അശ്രദ്ധയോ, അതോ അറിവില്ലായ്മയോ..

ഇന്ന്‌ വൈകീട്ട്‌ TV-യില്‍ ചാനല്‍ മാറ്റി കളിക്കുന്നതിനിടക്ക്‌ ഏഷ്യാനെറ്റിലെ സ്ത്രീപ്രിയ പരമ്പരകളിലൊന്നായ "നൊമ്പരപ്പൂവ്‌"-ല്‍ (7.30 - 8.00) എത്തി. ഇടക്ക്‌ വല്ലപ്പോഴുമൊക്കെ വാര്‍ത്തകള്‍ക്കും സ്പോര്‍ട്സിനുമിടക്ക്‌ പരമ്പരകള്‍ കാണുന്ന എനിക്ക്‌ ഈ സീരിയലിലെ ഒരു ഷോട്ട്‌ കണ്ട്‌ എന്തോ പന്തികേട്‌ തോന്നി.....

കഥാനായകനായ IASകാരനായ RDOയുടെ ഓഫീസ്‌ മുറി. മേശയും മേശയിലിരിക്കുന്ന വസ്തുക്കളും വ്യക്തമായി കാണാം. മേശപ്പുറത്ത്‌ ടെലഫോണിനു സമീപം ഒരു സ്റ്റാന്റില്‍ ദേശീയ പതാക തലകീഴായി വെച്ചിരിക്കുന്നത്‌ (താഴെ വരേണ്ട പച്ച നിറം മുകളില്‍) വ്യക്തമായി കാണാം. നായകന്റെ വീട്ടില്‍ നിന്നും അമ്മയുടേ ഫോണ്‍ വരുന്നു. പതാകക്കരികിലുള്ള ഫോണ്‍ എടുത്ത്‌ സംസാരിക്കുന്നു, മുഖം പതാകയുടെ നേരെ.
ഇത്രയും നേരം ഈ ഷോട്ടില്‍ തലകീഴായി വെച്ചിരിക്കുന്ന ദേശീയ പതാക കാണികള്‍ക്ക്‌ കാണാം.
ബൂലോഗരെ.. ഇന്ന്‌ ഈ പരമ്പര കണ്ട നിങ്ങളില്‍ ആരെങ്കിലും ഇത്‌ ശ്രദ്ധിച്ചിരിക്കും.
എങ്കിലും ഒരു സംശയം... ഇത്‌ ഷൂട്ട്‌ ചെയ്യുന്ന സമയത്തോ, എഡിറ്റ്‌ ചെയ്യുന്ന സമയത്തോ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കാതിരുന്ന ഷോട്ടില്‍ തെളിഞ്ഞുകാണുന്ന ഒരു പ്രധാന പിഴവ്‌, മലയാള ചാനല്‍ മുഖ്യന്‍ ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യുന്നതിനുമുന്‍പ്‌ ഒന്നു പ്രിവ്യൂ ചെയ്യുകയില്ലേ..
അതോ കിട്ടുന്നതെന്തും അങ്ങ്‌ ടെലികാസ്റ്റ്‌ ചെയ്യുകയാണോ..
അതോ ഇന്ത്യന്‍ ദേശീയ പതാക കോഡിനെക്കുറിച്ച്‌ ഇവര്‍ക്ക്‌ ഒന്നും അറിയില്ലെന്നുണ്ടോ..
ഇനി വരാന്‍ പോകുന്ന എപ്പിസോഡുകളിലും പതാക ഇങ്ങനെതന്നെ വെച്ചു പ്രദര്‍ശിപ്പിക്കുമോ..

( സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്‌ ദിനത്തിലും ചില രാഷ്ട്രീയകക്ഷികള്‍ അവരുടെ പാര്‍ട്ടി ഓഫീസില്‍ ദേശീയ പതാകക്കു മുകളില്‍ പാര്‍ട്ടി പതാക വെച്ചു എന്നുപറഞ്ഞ്‌ വലിയ കോലാഹലമുണ്ടാക്കിയവരാണ്‌ ഈ ചാനലുകാര്‍ എന്നും ഓര്‍ക്കുക. തെറ്റ്‌ തെറ്റ്‌ തന്നെ.)

ഇത്‌ അനാദരവോ, അശ്രദ്ധയോ.. അതോ അറിവില്ലായ്മയോ..

കൃഷ്‌ krish