Showing posts with label ഓക്സിടോസിന്‍. Show all posts
Showing posts with label ഓക്സിടോസിന്‍. Show all posts

Tuesday, September 18, 2007

മായം, വിഷമയം

മായം, വിഷമയം.

നമ്മള്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതിനെക്കുറിച്ച്‌ നാമെല്ലാം കേട്ടിട്ടുണ്ട്‌. അമിതലാഭത്തിനായി എന്തെല്ലാം വിധത്തിലുള്ള മായം ചേര്‍ക്കലാണ്‌ വിവിധ ഭക്ഷ്യവസ്തുക്കളില്‍ വ്യാപാരികള്‍ ചെയ്യുന്നത്‌. അറക്കപ്പൊടി(ഈര്‍ച്ചപ്പൊടി) ചേര്‍ത്ത മല്ലിപ്പൊടി, ചായഇല, ഇഷ്ടികപ്പൊടി കലര്‍ത്തിയ മുളകുപൊടി, മഞ്ഞക്കളര്‍ പൊടി ചേര്‍ത്ത മഞ്ഞള്‍പ്പൊടി, ഉണക്കചാണകപ്പൊടി ചേര്‍ത്ത ജീരകപ്പൊടി, മല്ലിപ്പൊടി, വെളുത്ത ഗ്രീസ്‌ കലര്‍ത്തിയ നെയ്യ്‌, യൂറിയ,സസ്യഎണ്ണ, വാഷിംഗ്‌ പൗഡര്‍ എന്നിവ ചേര്‍ത്ത്‌ നിര്‍മ്മിക്കുന്ന കൃത്രിമപാല്‌ തുടങ്ങി അനേകം മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളാണ്‌ നിത്യേന നമ്മുടെ ശരീരത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.ഇറച്ചികളില്‍ പോലും മായം കലര്‍ത്തുന്നു. പെട്ടെന്ന്‌ വളര്‍ച്ചയും തൂക്കവും കിട്ടുന്നതിന്‌ കോഴികളില്‍ കുത്തിവെയ്പ്പ്‌ നടത്തുന്നു. ആറുമാസം തികയാത്ത പശുക്കുട്ടികളെ ലോറിക്കണക്കിന്‌ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന്‌ കശാപ്പ്‌ ചെയ്ത്‌ ആട്ടിറച്ചിയാണെന്ന്‌ പറഞ്ഞ്‌ വില്‍ക്കുന്നതായി രണ്ട്‌ ദിവസം മുന്‍പാണല്ലോ TV-യില്‍ വാര്‍ത്ത വന്നത്‌. എങ്ങിനെയാണ്‌ ഇതെല്ലാം വിശ്വസിച്ച്‌ വാങ്ങുക.

എന്നാല്‍ പച്ചക്കറിയാണ്‌ ഭേദമെന്ന്‌ കരുതിയാല്‍ അവിടെയുമുണ്ട്‌ മായം, കൊള്ളലാഭത്തിനായി. അപകടകാരികളായ രാസവസ്തുക്കള്‍ ചേര്‍ത്ത്‌ മാങ്ങ നിറംവെപ്പിക്കുകയും പഴുപ്പിക്കുന്നതുമായി വാര്‍ത്തകള്‍ വന്നതാണല്ലോ. ഇക്കാലത്ത്‌ അങ്ങാടിയില്‍ കിട്ടുന്ന പല പച്ചക്കറികളുടെയും ആകാരവും ഭംഗിയും കണ്ട്‌ നാം അത്ഭുതപ്പെടാറുണ്ട്‌. കല്ല്‌ പോലെ ദിവസങ്ങളോളം ചീയാതെ ഇരിക്കുന്ന തക്കാളി, തേങ്ങയേക്കാള്‍ വലുപ്പമുള്ള ഉണ്ട വഴുതിനങ്ങ, വിവിധ നിറങ്ങളിലുള്ള വെള്ളരിക്ക, പുഴുക്കുത്തേല്‍ക്കാത്ത ഹരിതസുന്ദരമായ കേരളത്തിന്റെ ഷേപ്പിലുള്ള വലിയ കരേള (പാവക്ക) തുടങ്ങിയവ. (കേരള എന്നും അക്ഷരം തെറ്റിച്ച്‌ ചില ഉത്തരേന്ത്യക്കാര്‍ പറയും).

പക്ഷേ, ഒന്നോ രണ്ടോ ദിവസം കൊണ്ട്‌ വളര്‍ച്ച വര്‍ദ്ധിപ്പിച്ച്‌ വിളവെടുപ്പ്‌ നടത്താവും വിധം പച്ചക്കറികളില്‍ കുത്തിവെയ്പ്പ്‌ നടത്തുന്നത്‌ ഇന്നലെ TV-യില്‍ കാണാനിടയായി. ഈ മരുന്ന് കുത്തിവെയ്ക്കുന്നത്‌ കച്ചവടക്കാരല്ല, മറിച്ച്‌ കൃഷിക്കാര്‍ തന്നെയാണ്‌. ഇതിന്‌ ഉപയോഗിക്കുന്നതോ "ഓക്സിടോസിന്‍" എന്ന മരുന്നും. ഉത്തര്‍പ്രദേശിലെ ബുലെന്ദ്ഷഹര്‍ ജില്ലയില്‍ കര്‍ഷകര്‍ വ്യാപകമായി ഈ മരുന്ന് കുത്തിവെയ്ച്ച്‌ വര്‍ദ്ധിച്ച വിളവെടുപ്പ്‌ നടത്തി കൊള്ളലാഭമുണ്ടാക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ലൗക്കി (നീളന്‍ ചുരക്ക), വെണ്ടക്കയുടെ വലിപ്പമുള്ളപ്പോള്‍ വേരിന്‌ മുകളിലായി ചെടി(വള്ളി)യില്‍ ഈ വിഷമരുന്ന്‌ സിറിഞ്ച്‌ ഉപയോഗിച്ച്‌ കുത്തിവെയ്ക്കുന്നു. ഒന്നുരണ്ടു ദിവസം കൊണ്ട്‌ ആ ചെടിയിലുള്ള ചുരക്കകള്‍ പത്തിരട്ടിയിലധികം വലിപ്പത്തിലാവുകയും, അത്‌ പറിച്ചെടുത്ത്‌ അങ്ങാടിയിലെത്തിക്കുകയും ചെയ്യുന്നു. (ഹിമാചല്‍ പ്രദേശില്‍ മത്തന്‍, തണ്ണിമത്തന്‍, വഴുതിനങ്ങ എന്നിവയിലും ഈ പ്രയോഗം നടത്താറുണ്ട്‌.)

TV വാര്‍ത്തയില്‍ നിന്നുള്ള ചിത്രങ്ങള്‍ താഴെ: ഓക്സിടോസിന്‍ ഇഞ്ചക്ഷന്‍ ചെടികളിലും എരുമയിലും കുത്തിവെയ്ക്കുന്നു.
പച്ചക്കറി ചെടിയില്‍ മരുന്ന് കുത്തിവെയ്ക്കുന്നു..
കുത്തിവെയ്പ്പ് നടത്തി വലുതാക്കിയ ചുരക്ക അങ്ങാടിയിലേക്ക്..
മരുന്ന് കുത്തിവെച്ച് കൂടുതല്‍ പാല്‍ ചുരത്തിക്കുന്നു.

പച്ചക്കറികളില്‍ മാത്രമല്ല ഈ മരുന്ന്‌ ഉപയോഗിക്കുന്നത്‌. ഗര്‍ഭമുള്ള പശുക്കളിലും എരുമകളിലും മരുന്ന് കുത്തിവെച്ച്‌ പ്രസവം എളുപ്പത്തിലാക്കുന്നു. ഈ മരുന്ന് പശുക്കളിലും എരുമകളിലും കുത്തിവെയ്ച്ച്‌ കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നു. 4 ലിറ്റര്‍ പാല്‍ തരുന്ന ഒരു എരുമ കുത്തിവെച്ചതിനുശേഷം 14 ലിറ്റര്‍ പാല്‍ തരുന്നത്രേ. ഈ ജില്ലയിലും ഉത്തരേന്ത്യയിലെ മറ്റു ഭാഗങ്ങളിലും ഈ പറഞ്ഞ മരുന്ന് ദിവസേന നല്ലപോലെ വിറ്റുപോകുന്നു. ഒരു ഇഞ്ചക്ഷനു 50 പൈസ മാത്രമെ വിലയുള്ളൂ. അതിനര്‍ത്ഥം മിക്കവാറും എല്ലാ കൃഷിക്കാരും ഇത്‌ വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ്‌. ഇങ്ങനെ വില്‍പ്പനക്കായി/ഉപയോഗിക്കാനായി ശേഖരിച്ചുവെച്ചിരുന്ന വലിയ ഒരു കരുതല്‍ ശേഖരം മരുന്ന് പോലീസ്‌ പിടിച്ചെടുക്കുകയും രണ്ടുപേരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു.പക്ഷേ, അപകടകരമായ കാര്യം എന്തെന്നാല്‍ ഈ മരുന്ന് കുത്തിവെച്ച പച്ചക്കറികളോ, പാലോ കഴിച്ചാല്‍ മനുഷ്യന്റെ ആരോഗ്യത്തിന്‌ അത്‌ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ്‌. പ്രസവം സുഗമമാക്കാനും കൂടുതല്‍ പാല്‍ ചുരത്താന്‍ സഹായിക്കാനുമാണ്‌ സാധാരണ ഈ മരുന്നിനെ ആശ്രയിക്കാറുള്ളതെന്നാണ്‌ കേട്ടത്‌. ( പുരുഷന്മാരെ ഇത്‌ ഷണ്ഡത്വത്തിലേക്ക്‌ നയിക്കുമ്പോള്‍ സ്ത്രീകള്‍ക്കും ശിശുക്കള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായാണ്‌ ആരോഗ്യരംഗത്തുള്ളവരുടെ അഭിപ്രായം TV-യിലൂടെ കേട്ടത്‌. ഇത്‌ ശരിയോ എന്ന് അറിയില്ല).

നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ, കൃഷിയും കാര്‍ഷിക ഉല്‍പ്പാദനവുമാണ്‌. പട്ടാളക്കാരന്‍ രാജ്യം സംരക്ഷിക്കാനായി ചോര ഒഴുക്കുകയാണെങ്കില്‍, കൃഷിക്കാരനാണ്‌ ചോര നീരാക്കി, വിയര്‍പ്പൊഴുക്കി രാജ്യത്തിന്‌ അന്നം വിളയിച്ച്‌ നല്‍കുന്നത്‌. അതുകൊണ്ട്‌ തന്നെ നമ്മുടെ രാജ്യത്ത്‌ ഒരു കൃഷിക്കാരന്‌, കള്ളത്തരവും മായവും നടത്തി കൊള്ളലാഭം ചെയ്യുന്ന ഇടത്തട്ടുകാരെയും വ്യാപാരികളെക്കാളും ഒരു ഉയര്‍ന്ന സ്ഥാനം നല്‍കുന്നത്‌. പക്ഷേ, അമിതലാഭത്തിനായി, അന്നമൂട്ടുന്ന (ചില) കൃഷിക്കാര്‍ തന്നെ, വിളവുകളിലും ആഹാരസാധനങ്ങളിലും വിഷമരുന്ന്‌ കുത്തിവെച്ച്‌ ഒരു ജനതയെതന്നെ ഷണ്ഡന്മാരും രോഗികളും ആക്കുകയാണെങ്കിലോ... ആലോചിക്കാന്‍ വയ്യ.

അമിതവിഷം കലര്‍ന്ന കീടനാശിനികളും രാസവളങ്ങളും ഒഴിവാക്കി ജൈവകൃഷി പ്രോല്‍സാഹിപ്പിക്കണം എന്നു പറയുമ്പോള്‍, കൃഷിക്കാര്‍ തന്നെ ഈ അപകടമേഖലയിലേക്ക്‌ നീങ്ങുന്നത്‌ ശരിയോ. എവിടെയാണ്‌ അവര്‍ക്ക്‌ പിഴച്ചത്‌? ഉല്‍പ്പാദനത്തിന്‌ മാന്യമായ വില കിട്ടാത്തതോ, ഇടത്തട്ടുകാര്‍ ചൂഷണം ചെയ്യുന്നതോ, വായ്പയും പലിശയും ചേര്‍ന്ന്‌ കഴുത്തിലെ പിടി മുറുക്കുന്നതോ അതോ മാറി വരുന്ന പുത്തന്‍ ജീവിത ശൈലിക്കനുസരിച്ച്‌ മാറാനായി കൂടുതല്‍ പണമുണ്ടാക്കാനായുള്ള വ്യഗ്രതയോ?

(ഇനി വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ അകത്തുചെന്ന് കാലക്രമേണ രോഗിയായാലോ, മരുന്ന് വാങ്ങിക്കുമ്പോള്‍ കടയില്‍ നിന്നും കിട്ടുന്നതോ മിക്കതും ഡൂപ്ലിക്കേറ്റോ അല്ലെങ്കിലും നിരോധിച്ചതോ ആയ മരുന്നുകള്‍. ഈശ്വരോ രക്ഷതു!)

വാല്‍ക്കഷണം: ബാറ്ററിയും, തല്ലികൊന്ന പാമ്പും, അട്ടയും, തേളുമെല്ലാം ഇട്ട്‌ വാറ്റിയ നാട്ടു വ്യാജന്‍ അടിച്ച്‌ പാമ്പായി നടക്കുന്ന അയ്യപ്പ ബൈജുവിനെപോലുള്ളവര്‍‍ പറയും.. "ശ്ശ്‌..ഏയ്‌, ഇതൊന്നും നമുക്ക്‌ ഏശൂല്ലാ.." (കാരണം ചിലയിടങ്ങളില്‍ വാറ്റുന്ന മദ്യത്തിലും ലഹരി വര്‍ദ്ധിപ്പിക്കാനായി ഈ മരുന്ന് ചേര്‍ക്കാറുണ്ടത്രേ).

കൃഷ്‌.