Monday, September 24, 2007

ഇന്ത്യന്‍ എസ്സെമെസ്സ്‌ ഐഡള്‍

ഇന്ത്യന്‍ എസ്സെമെസ്സ്‌ ഐഡള്‍.

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളില്‍ വലിയ റിയാലിറ്റി ഷോകള്‍ക്ക്‌ തുടക്കം കുറിച്ച സോണി ടി.വി.ചാനലിന്റെ 'ഇന്ത്യന്‍ ഐഡള്‍' ന്റെ ചുവട്‌ പിടിച്ച്‌ ഇപ്പോള്‍ മിക്ക ടി.വി. ചാനലുകളിലും പലതരം റിയാലിറ്റി ഷോ-കള്‍ ആണല്ലോ. ഹിന്ദി ചാനലുകള്‍ക്കു പുറമെ മലയാളം, തമിഴ്‌, തെലുഗു, മറാഠി, ബംഗാളി, ആസ്സാമീസ് തുടങ്ങി മിക്ക ഭാഷ ചാനലുകളിലും സംഗീത നൃത്ത മല്‍സരമോ റിയാല്‍ടി ഷോ-കളോ നടക്കുന്നു. ഇതു കൊണ്ട്‌ കണ്ണുനീര്‍ സീരിയലുകള്‍ മൂക്കുകുത്തി അപ്രത്യക്ഷമാകുന്നു. അല്ലെങ്കില്‍ വൈകീട്ട്‌ 6 മുതല്‍ രാത്രി 10 മണിവരെ ഇതു സഹിച്ചേ പറ്റൂ. സീരിയല്‍ നടീനടന്മാര്‍ ശരിക്കും ഇപ്പോള്‍ കണ്ണുനീരിലാവും. എന്തും കൂടുതലായാല്‍ ഇതുപോലെ ഇരിക്കും. വ്യൂവര്‍ഷിപ്പ്‌ ഉള്ളതുകൊണ്ട്‌ ഇപ്പോള്‍ ഓരോ ചാനലിലും ഒന്നും രണ്ടും റിയാലിറ്റി ഷോകളാണ്‌. ഇതുകൊണ്ട്‌ ആര്‍ക്കെല്ലാമാണ്‌ മെച്ചം. ചാനലുകാര്‍ക്ക്‌ തീര്‍ച്ചയായും നല്ല വരുമാനം. സ്പോണ്‍സര്‍മാരുടെ വക, പരസ്യം ചെയ്യുന്നവര്‍ വക. അതിലുമുപരി കാണികള്‍ പരസ്യം കണ്ടാല്‍ മാത്രം പോര, ഷോ-യില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ കാശുമുടക്കി എസ്‌.എം.എസ്സും ചെയ്യണം. അതുകൊണ്ട്‌ ലാഭം മൊബെയില്‍ കമ്പനികള്‍ക്കും ലാഭവിഹിതം ടി.വി. ചാനലിനും.

പക്ഷേ ഈ എസ്‌.എം.എസ്‌. വോട്ടുകള്‍ ഷോ-യില്‍ അവതരിപ്പിക്കുന്ന കലാകാരന്റെ/കലാകാരിയുടെ കഴിവും പ്രാഗല്‍ഭ്യവും നോക്കിയാണോ കൊടുക്കുന്നത്‌. 90% ശതമാനവും അല്ലെന്നുതന്നെ വേണം പറയാന്‍. നല്ല സുഹ്രുത്ത്‌ വലയം, വോട്ട്‌ ക്യാന്‍വാസ്‌ ചെയ്യാന്‍ ആളുകള്‍, നാട്‌, ദേശം, പരസ്യം, വോട്ട്‌ തെണ്ടല്‍ തുടങ്ങി അനേകം 'സംഗതി'കള്‍ അതിലില്ലേ. നിങ്ങളുടെ നാട്ടില്‍ നിന്നുമുള്ള ഒരു ആള്‌, അല്ലെങ്കില്‍ നിങ്ങള്‍ പഠിക്കുന്ന അതേ കോളെജില്‍ പഠിക്കുന്ന ആളാണ്‌ ഷോ-യില്‍ ശരാശരി പരിപാടി അവതരിപ്പിച്ച്‌ വോട്ട്‌ 'ഇരക്കു'ന്നതെങ്കില്‍ മറ്റു കഴിവുള്ള കലാകാരനെ മറികടന്ന്‌ നിങ്ങള്‍ ഇയാള്‍ക്ക്‌ വോട്ട്‌ ചെയ്യില്ലേ. അപ്പോള്‍ പിന്നെ കഴിവിന്റെ അടിസ്ഥാനത്തില്‍ എവിടെയാണ്‌ ഒരാള്‍ യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ സിംഗറോ ഐഡളോ ആകുന്നത്‌?

ഒരു കാര്യം പറയാന്‍ മറന്നു. വിധികര്‍ത്താക്കള്‍ എന്നു പറഞ്ഞ്‌ സംഗീതവുമായി ബന്ധമുള്ള മൂന്നുനാലു പേരെ ഷോ-യില്‍ ഇരുത്തുന്നുണ്ട്‌. ഇവര്‍ കലാകാരന്റെ/കലാകാരിയുടെ കഴിവുകള്‍/പോരായ്മകള്‍ പറയും, ചിലപ്പോള്‍ പരസ്പരം കലഹിക്കും, സൗന്ദര്യപിണക്കം നടത്തും. വോട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ പുറത്താകുമ്പോള്‍ ഇവര്‍ സങ്കടപ്പെടും, കരയും, കരയിക്കും. ചിലപ്പോള്‍ തോന്നും ഇതും മുന്‍കൂട്ടി നിശ്ചയിച്ചതാണോ എന്ന്‌. ഇവര്‍ വിധികര്‍ത്താക്കളാണെങ്കിലും ഇവര്‍ക്ക്‌ ഓരോ കലാകാരന്റെ/കലാകാരിയുടെ കഴിവ്‌ കണ്ട്‌ വിധി നിര്‍ണ്ണയിക്കാനോ, വിജയിയെ നിശ്ചയിക്കാനോ അധികാരമില്ല, സോറി, ചാനല്‍ നിയമമില്ല. ഇവിടെ ഇവര്‍ പാവകള്‍ മാത്രം, ചാനലുകാര്‍ തരുന്ന കാശ്‌ വാങ്ങിച്ച്‌ അഭിനയിക്കുക.
(ഇപ്പോള്‍ ചാനലുകളില്‍ സംഗീതമല്‍സരത്തില്‍ പാട്ട്‌ പാടിയാല്‍ മാത്രം പോരാ. നല്ലതുപോലെ നൃത്തം ചെയ്ത്‌ പാട്ട്‌ പാടണം, നല്ല ഫാഷണബിള്‍ ഡ്രസ്സിംഗ്‌ ആയിരിക്കണം. ഇതുപോലുള്ള മല്‍സരത്തില്‍ യേശുദാസോ, ജയചന്ദ്രനോ, എസ്‌.ജാനകിയോ, ചിത്രയോ,എസ്‌.പി. ബാലസുബ്രഹ്മണ്യനോ വേഷം മാറി പങ്കെടുത്തുവെന്നു വെക്കുക. ഇവര്‍ക്ക്‌ നൃത്തം ചെയ്ത്‌ പാട്ട്‌ പാടാനറിയാത്തതുകൊണ്ട്‌ വിധികര്‍ത്താക്കള്‍ മാര്‍ക്ക്‌ കുറച്ച്‌ കൊടുത്തേനെ!!)

സോണി ചാനലിലെ 'ഇന്ത്യന്‍ ഐഡള്‍' 2007 വെര്‍ഷന്‍ ഫൈനല്‍ ഇന്നലെ പരിസമാപ്തി കുറിച്ചു. ഇന്നലെ വരെയും ഈ വര്‍ഷത്തെ ഇന്ത്യന്‍ ഐഡളിനെ 'തിരഞ്ഞെടുക്കാന്‍' ഒരു പൊതുതിരഞ്ഞെടുപ്പിനുപോലും കാണാത്തവിധം എസ്‌.എം.എസ്‌. വോട്ടിനുവേണ്ടിയുള്ള കാമ്പൈന്‍ ആയിരുന്നു. പത്രങ്ങളില്‍ മിക്ക ദിവസവും വാര്‍ത്തകള്‍, പരസ്യങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളും, യുവ സംഘടനകളും സാസ്കാരിക ക്ലബുകളും വോട്ടിനു വേണ്ടി പരസ്യവും അപ്പീലുകളും ഇറക്കുന്നു. മന്ത്രിമാരും എന്തിനു ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പോലും ആ സംസ്ഥാനത്തുനിന്നുള്ള ഷോ-യില്‍ പങ്കെടുക്കുന്നയാളെ പ്രകീര്‍ത്തിക്കുകയും വോട്ടിനു വേണ്ടി അപ്പീല്‍ നടത്തുകയും ചെയ്യുന്നു. ലോക്കല്‍ കേബിള്‍ ചാനലുകളില്‍ എസ്‌.എം.എസ്‌.നു വേണ്ടി പരസ്യങ്ങള്‍. നഗരങ്ങളിലും പാതയോരങ്ങളിലും ഒരു പ്രത്യേക കലാകാരനുവേണ്ടി എസ്‌.എം.എസ്‌. വോട്ട്‌ ആവശ്യപ്പെട്ടുകൊണ്ട്‌ വലിയ പോസ്റ്റര്‍/തുണി/ഫ്ലക്സ്‌ പരസ്യങ്ങള്‍. (ഇതിനെല്ലാം ചിലവില്ലേ?). ചാനലുകാര്‍ തന്നെ മുന്‍കൈയ്യെടുത്ത്‌ ഓരോ പ്രധാന നഗരങ്ങളിലും ലൈവ്‌ കാമ്പൈന്‍ സംഘടിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥികളെക്കൊണ്ട്‌ പാട്ട്‌ പാടിച്ച്‌ വോട്ട്‌ 'ഇരപ്പി'ക്കുന്നു. കിഴക്കന്‍/വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്‌ ഒരു ജ്വരമായി മാറിയിരിക്കയാണ്‌. രണ്ടുമാസമായി ഫൈനല്‍ മല്‍സരം മുറുകിവരികയണ്‌. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി മുഴുവന്‍ ഒരു സംസ്ഥാനത്തെ PCO-കള്‍‍ മുഴുവന്‍ ടെലിഫോണിലൂടെ വോട്ടിംഗ്‌ ചെയ്യുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സ്പോണ്‍സര്‍ ചെയ്തിരിക്കയാണ്‌. ഞായറാഴ്ചകളില്‍ മല്‍സരാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനായി സര്‍വ്വമത പ്രാര്‍ഥനകള്‍ നടത്തുന്നു. ഒരു സംസ്ഥാന സര്‍ക്കാര്‍ മല്‍സരാര്ത്ഥിയെ ശാന്തിയുടേയും മതസൗഹാര്‍ദ്ധത്തിന്റേയും പ്രതീകമായി സംസ്ഥാന അംബാസ്സഡര്‍ ആയി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഐഡളിലെ ഒരു പ്രത്യേക കലാകാരനുവേണ്ടി, സംസ്ഥാന സര്‍ക്കാരിലെ വേണ്ടപ്പെട്ടവര്‍ മാത്രമല്ല, നിരോധിക്കപ്പെട്ട ഒരു തീവ്രവാദി സംഘടന വരെ ആ കലാകാരനു എസ്‌.എം.എസ്‌. വോട്ട്‌ ചെയ്യാനായി അപ്പീല്‍ (ശാസനം) ഇറക്കുകയുണ്ടായി. യുവതീ യുവാക്കള്‍ പരസ്പരം ചോദിക്കുന്നു നീ എത്ര എസ്‌.എം.എസ്‌. വോട്ട്‌ ചെയ്തു. നൂറില്‍ കുറഞ്ഞാല്‍ മോശമല്ലേ. ഓരോ എപ്പിസോഡ്‌ കഴിയുമ്പോഴും എല്ലാ വാര്‍ത്താ ചാനലുകളും ഇത്‌ പ്രൊമോട്ട്‌ ചെയ്യുന്നു. ഇങ്ങനെ ഒരു പ്രത്യേക സംസ്ഥാനത്തുനിന്നുള്ള, ഭാഷ സംസാരിക്കുന്ന, ആളെ എസ്‌.എം.എസ്‌. വോട്ട്‌ വഴി ഇന്ത്യയിലെ സൂപ്പര്‍ സിംഗര്‍ ആക്കുന്നു. കലാകാരന്റെ കഴിവു മറികടന്ന്‌, എസ്‌.എം.എസ്‌. വോട്ടിനു കൂടുതല്‍ പ്രാധാന്യം കൊടുത്ത്‌ ഇങ്ങനെ വിജയിക്കുന്ന കലാകാരനെ(കാരിയെ) 'ഇന്ത്യന്‍ ഐഡള്‍' എന്നോ അതോ 'ഇന്ത്യന്‍ എസ്‌.എം.എസ്‌. ഐഡള്‍' എന്നാണൊ വിളിക്കേണ്ടത്‌. സൂപ്പര്‍ സിംഗര്‍ എന്നോ അതോ 'സൂപ്പര്‍ എസ്‌.എം.എസ്‌. സിംഗര്‍' എന്നോ വിളിക്കേണ്ടത്‌?

ഇന്ത്യന്‍ ഐഡള്‍-3 - ല്‍ ഇന്നലത്തെ ഫൈനലില്‍ അവസാനം ഡാര്‍ജിലിംഗില്‍ നിന്നുള്ള പ്രശാന്ത്‌ തമാങ്ങ്‌, ഷില്ലോങ്ങില്‍ നിന്നുള്ള അമിത്‌ പാളിനെ എസ്‌.എം.എസ്‌. വോട്ടിങ്ങില്‍ മറി കടന്ന് ഇന്ത്യന്‍ ഐഡള്‍-3 -ലെ വിജയിയായി. കാറും കരാറും അടക്കം ഒരു കോടി രൂപ സമ്മാനം.
(ഫൈനലില്‍ വിജയിയെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ അയച്ച എസ്‌.എം.എസ്‌. 7 കോടിയിലധികം!!!)


ഫൈനല്‍ മത്സരാര്‍ത്ഥി - ഷില്ലോങില്‍ നിന്നുള്ള അമിത് പാള്‍.
ഫൈനലില്‍ എസ്.എം.എസ്/ടെലിഫോണ്‍ വോട്ടിങിലൂടെ വിജയം വരിച്ച ഡാര്‍ജിലിങില്‍ നിന്നുള്ള പ്രശാന്ത് തമാങ്ങ്.

കരാറും കാറും ഫ്ലാറ്റും അടക്കം 50 ലക്ഷമോ ഒരു കോടിയോ മറ്റോ വിജയിക്കു നല്‍കുമ്പോള്‍ ചാനലുകാര്‍ സമ്പാദിക്കുന്നത്‌ എത്ര കോടിയെന്ന് അവര്‍ പരസ്യപ്പെടുത്തുന്നുണ്ടോ. ഇല്ല, ഒരിക്കലുമില്ല. പൊതുജനത്തിന്റെ കാശല്ലേ എങ്ങനെ പറയും.

വാല്‍ക്കഷണം(കഴുതരാഗത്തില്‍):
പൊതുജനത്തെ കഴുതയാക്കുകയാണോ അതോ പൊതുജനം സ്വയം കഴുത ആവുകയാണോ?

*****

ഇന്ത്യന്‍ ഐഡള്‍-3: അപ്‌ഡേറ്റ് (കമന്റുകളില്‍)


കൃഷ്‌.

17 comments:

കൃഷ്‌ | krish said...

കരാറും കാറും ഫ്ലാറ്റും അടക്കം 50 ലക്ഷമോ ഒരു കോടിയോ മറ്റോ വിജയിക്കു നല്‍കുമ്പോള്‍ ചാനലുകാര്‍ സമ്പാദിക്കുന്നത്‌ എത്ര കോടിയെന്ന് അവര്‍ പരസ്യപ്പെടുത്തുന്നുണ്ടോ. ഇല്ല, ഒരിക്കലുമില്ല. പൊതുജനത്തിന്റെ കാശല്ലേ എങ്ങനെ പറയും.

(പൊതുജനത്തെ കഴുതയാക്കുകയാണോ അതോ പൊതുജനം സ്വയം കഴുത ആവുകയാണോ?)

പുതിയ പോസ്റ്റ്.

Haree | ഹരീ said...

ഇത്തരം റിയാലിറ്റി ഷോകളില്‍ ആദ്യറൌണ്ടുകളിലും മറ്റും കയറിവരുന്നവര്‍ കഴിവുള്ളവര്‍ തന്നെയാണെന്നാണ് എന്റെ അഭിപ്രായം. (മറ്റ് മത്സരാര്‍ത്ഥികളേക്കാളെങ്കിലും.) ഒടുവില്‍ ഫൈനലിലെത്തുന്ന രണ്ടുപേരും കഴിവിന്റെ കാര്യത്തില്‍ ഒപ്പത്തിനൊപ്പമാണ്, ആരാണ് ജനപ്രിയന്‍ എന്നതുമാത്രമേ പിന്നീട് കണക്കിലെടുക്കേണ്ടതുള്ളൂ... ശരിയല്ലേ?

പക്ഷെ, അതിനു വേണ്ടി ഒരു കാമ്പെയിനും മറ്റും നടത്തുന്നത് വിഡ്ഢിത്തരമാണ്. ഇതിന്റെ രസത്തെത്തന്നെ നശിപ്പിക്കുന്നരീതിയിലാ‍ണ് റിയാലിറ്റി ഷോകളുടെ പോക്ക്. അയയ്ക്കുന്ന എസ്.എം.എസുകള്‍ക്കാവട്ടെ ഐ.എസ്.ഡി റേറ്റുമാണ്, ഓഫറുകള്‍ (ഇത്ര ഫ്രീ എസ്.എം.എസ്. എന്നും മറ്റുമുള്ളവ) ലഭ്യവുമല്ല. ഇതൊക്കെയും ലാഭമുണ്ടാക്കുവാനുള്ള പരിപാടിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്? പിന്നെ, ഇവിടെ കഴുതയാവുന്നുണ്ട് എന്നൊന്നും പറയുവാനൊക്കുകയില്ല, പങ്കെടുക്കുന്നവര്‍ക്കും ഒരു രസം, അത്രയുമല്ലേയുള്ളൂ? ശരിക്കും കഴുതയാവുന്നവര്‍, ഈ മത്സരത്തെ സ്വീകരണമുറികളില്‍ നിന്നും പുറത്തെത്തിച്ച് ആഹ്വാനങ്ങള്‍ നടത്തുന്നവരാണ്...
--

ശ്രീ said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഷോ ഒക്കെ കാണാറുണ്ട് എന്നാല്‍ ഒരൊറ്റ എസ് എം എസ് ഇതേവരെ അയച്ചിട്ടില്ലാ...(കഴുതകളല്ലാത്തവരും ഇവിടെ ഉണ്ടെന്നേ) :)

ആഷ | Asha said...

സീരിയല്‍ അത്രയും സമയമില്ലാണ്ടിരിക്കുമല്ലോ അതു തന്നെ ആശ്വാസം :)

കൃഷ്‌ | krish said...

ഹരീ: അഭിപ്രായങ്ങള്‍ക്ക് നന്ദി. അവസാന റൌണ്ടുകളില്‍ എത്തുന്ന പത്തോ ഇരുപതൊ പേര്‍ കഴിവുകള്‍ ഉള്ളവര്‍ തന്നെ. പക്ഷേ,ഫൈനലില്‍ എത്തുന്ന രണ്ടുപേരില്‍ ഒരാളെ വിജയിയാക്കാന്‍ രണ്ടു മാസത്തോളം തീവ്രമായ കാമ്പൈന്‍ നടത്തുകയും വോട്ട് തെണ്ടുകയും മറ്റും ചെയ്യുന്നത് ശരിയാണോ. വോട്ട് ചെയ്യേണ്ടവര്‍ക്ക് ഒന്നൊ രണ്ടോ ദിവസം അനുവദിച്ചാല്‍ പോരെ. ഓരോ എസെമെസ്സിനും ഉയര്‍ന്ന റേറ്റ് ആണ് ചാര്‍ജ് ചെയ്യുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ഒരു അഭിമാന പ്രശന്മായാണ് ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും കാണുന്നത്. എത്ര കാശ് വേണമെങ്കിലും മുടക്കാന്‍ തയ്യാര്‍. ഈ വികാരത്തെയാണ് ചില ചാനലുകാര്‍ മുതലാക്കുന്നത്.

ശ്രീ : നന്ദി.

ചാത്താ : നന്ദി. ഗുഡ്, ചാത്തന് ആരാ ബുദ്ധി കുറവാണെന്നു പറഞ്ഞത്? (ചുമ്മാട്ടോ)

ആഷാ: നന്ദി. ടി.വി. യില്‍ ഷോ കാണുന്നത് നല്ലതുതന്നെ. ഈ പരിപാടി ടി.വി.യില്‍ അവതരിപ്പിക്കാന്‍ സ്പോണ്‍സര്‍മാരുടെ കൈയ്യില്‍നിന്നും, പരസ്യക്കാരുടെ കൈയ്യില്‍ നിന്നും നല്ല തുക ഇവര്‍ക്ക് കിട്ടുന്നുണ്ട്. നമ്മള്‍ കാണുന്നതിനായി കേബിള്‍ ചാര്‍ജോ/ ഡി.ടി.എച്. മാസവരിയൊ കൊടുക്കുന്നുണ്ട്. കണ്ട് ആസ്വദിക്കുക. പിന്നെന്തിന് കാശു മുടക്കി ഇവര്‍ക്ക് കോടിക്കണക്കിന് രൂപ എസ്.എം.എസ്. വകയില്‍ കൊടുക്കണം.

SAJAN | സാജന്‍ said...

ക്രിഷ് എഴുത്ത് ഇഷ്ടപ്പെട്ടു:)
കാര്യങ്ങളുടെ പോക്ക് ഇത്രത്തോളം ആയെന്നൈപ്പോഴാണ് അറിയുന്നത്, അപ്പോ നമ്മുടെ ടിവികളില്പഴയത് പോലെ, സ്ത്രീയും , പുരുഷനും ജോലിയായി, ഇതൊന്നും ഇല്ലേ?

മഴത്തുള്ളി said...

ക്രിഷ്, വളരെ നന്നായിരിക്കുന്നു ഈ ലേഖനം. ഇത്തരം കാര്യങ്ങള്‍ അറിയുന്നവര്‍ എസ്. എം. എസ്. ചെയ്ത് വിഡ്ഡികളാവാറില്ലല്ലോ.

കൃഷ്‌ | krish said...

സാജന്‍: നന്ദി. കാര്യങ്ങള്‍ ഇത്രമാത്രമല്ല. ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്നലെ രാത്രി ഉറക്കമൊഴിച്ചിരുന്ന് ഇന്ത്യന്‍ ഐഡല്‍-3 ഫൈനല്‍ കണ്ട് ആസ്വദിച്ചത്രേ.
മത്സരാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു.
രണ്ടുമാസത്തിലേറെയായി തീവ്ര കാമ്പൈന്‍ നടത്തി വോട്ടുകള്‍ അയച്ച് ജയിക്കും എന്ന് ഉറച്ച അമിത് പാള്‍ ‘തോറ്റ’തറിഞ്ഞ് മേഘാലയയിലും പ്രത്യേകിച്ച് ഷില്ലോങിലും ഒരു ദുഃഖമയമായ മൂകത തളംകെട്ടി നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഫൈനലിലേക്ക് മാത്രം കിട്ടിയ 7 കോടിയില്‍ പരം എസെമെസ്സ് വോട്ടുകള്‍ ഭൂരിപക്ഷവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമത്രേ.

മഴത്തുള്ളി: നന്ദി.

കുട്ടന്‍സ്‌ | S.i.j.i.t.h said...

കൃഷ്‌ജി,

കഴിവിന്റെ മാനദണ്ടം എസ്.എം.എസ് വോട്ടാണെന്നു തീരുമാനിക്കപ്പെട്ടുകഴിഞ്ഞു...തിരഞ്ഞെടുപ്പുകളെയും ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും പുച്ഛിച്ച് തള്ളുന്ന മെട്രോ/പേജ് ത്രീ/ലൈഫ്സ്റ്റല്‍/ന്യൂസ് ചാനല്‍/ പത്ര മാധ്യമങ്ങള്‍ പടച്ചു വിടുന്ന സംസ്കാരം ഒരു പക്ഷെ എയര്‍ടെല്‍/വൊഡാഫോണ്‍ സ്പോണ്‍സേര്‍ഡ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുക എന്ന പേരില്‍ ഒരു എസ്.എം.എസ് വോട്ടിംഗ് നടത്തി ഇന്ത്യന്‍ ജനാധിപത്യത്തെ അങ്ങു സംരക്ഷിച്ചു കളയാം എന്ന് തിട്ടൂരമിറക്കികഴിഞ്ഞാല്‍, അന്നും മൂന്നല്ല മുന്നൂറു രൂപ മുടക്കി എസ്.എം.എസ് അയക്കും നമ്മുടെ ‘വളരുന്ന ഇന്ത്യയിലെ’ ജനങ്ങള്‍..
:)

കൃഷ്‌ | krish said...

കുട്ടന്‍സ്/സിജിത്ത് : നന്ദി. പുതിയ തലമുറയെ ചൂഷണം ചെയ്യാന്‍ പുതിയ പുതിയ മാര്‍ഗ്ഗങ്ങള്‍.

വക്കാരിമഷ്‌ടാ said...

ഹെന്റമ്മോ, അപ്പോള്‍ സംഗതി ഈ നിലവാരം വരെ എത്തിയല്ലേ.

ഇനി അടുത്തത് അടി, പിന്നെ കലാപം, അത് കഴിഞ്ഞാല്‍ ഹര്‍ത്താല്‍ :)

കടവന്‍ said...

ഒക്കെ സഹിക്കാം, പക്ഷെ ഈ പാട്ടൊക്കെ പാടിയ ശേഷം പിച്ചക്കാരെപ്പൊലും വെല്ലുന്ന ഒരു യാചനയുണ്ട്, "കഴിഞ്ഞ തവണ എനിക്ക് തൊണ്ടയില്‍ കിച് കിച് ആയതിനാല്‍ ശരിക്കും പാടാന്‍ പറ്റിയില്ല, ഇത്തവണ, എന്റെ വകയിലൊരമ്മായിടെ പതിനാറടിയന്റരത്തിന്റെ ഓര്‍മ്മയില്‍ എന്റെ തൊണ്ടയിടറി, അടുത്ത തവണ എന്തയാലും ഞാന്‍ ശരിക്കും പാടും, പ്ളീസ്...പ്ളീസ് നിങ്ങളെന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കണെ, പ്ളീസ്.." എന്ന്
ഇന്നൊരു ചാനെലില്‍ കണ്ടത് മദ്യക്കുപ്പിയുമായി പാട്ട്കാരി(വേഷം ബഹു ജോര്‍, പഴയ ജയന്‍-ജയഭാരതി-സീമ ചിത്രങ്ങലിലെപ്പോലെ, ഇറുകിപ്പിടിച്ചൊരു ബനിയന്‍ ഓഓഓ റ്റീഷര്‍ട് പ്ളസ് വല അന്ദ് ജീന്സ് പാടിനെക്കാളും പ്രദര്ശനമായിരുന്നു)കയറിവന്ന് ഒരു കുലുക്കാറ്റിക് ഡാന്‍സോടു കൂടിയ പാട്ട്, ഇനിയെന്തെല്ലാം കാണേണ്ടിവരുമോ എന്തോ?

കുഞ്ഞന്‍ said...

സ്പോട്സ് രംഗത്തുള്ള ചില ടെക്നിക്കുകള്‍ ഇത്തരം ഷോകളിലും ഉണ്ടാകുന്നുണ്ട്. ക്രിക്കറ്റില്‍ ഒരു ക്യാച്ച് വിട്ടുകളഞ്ഞാല്‍ വേഗം കൈ കുടയലാണ് എന്താണേന്നൊ വേദനകൊണ്ട്,കാണികള്‍ക്കു തോന്നണം കഴിവുകേടുകൊണ്ട് വിട്ടതല്ല,അത്രക്കും സ്പീഡിലായിരുന്നു,ഞാനായതുകൊണ്ട് എത്രയെങ്കിലും ചെയ്തുവെന്ന ഭാവവും! അതുപോലെതന്നെ ഫുട്ബാള്‍ കളിയിലും പന്തു നഷ്ടപ്പെട്ടെന്നറിഞ്ഞാല്‍ ഒരു വീഴ്ച്,പിന്നെ പിടയുന്നു ഉരുളുന്നു അവസാനം റഫറി വന്ന് വാണിങ്ങ് നല്‍കുമ്പോള്‍ വേദന ഡിം ന്ന് അപ്രത്യക്ഷമാകുന്നു.. പറഞ്ഞുവരുന്നത് പാട്ടു മത്സരത്തില്‍ മാര്‍ക്കു കുറയുകയൊ,നല്ല അഭിപ്രായം ജഡ്ജിമാരില്‍ നിന്ന് കിട്ടിയില്ലെങ്കില്‍,തൊണ്ട വേദനയായിരുന്നു, പനിയായിട്ടും ഇത്രെയെങ്കിലും ഒപ്പിച്ചു,വീട്ടിലെ പട്ടി ചത്തുപോയി ആ ദുഖംകൊണ്ട് ശരിക്കും പാടാന്‍ പറ്റിയില്ല,അതുകൊണ്ട് അടുത്ത തവണ ഞാന്‍ കഴിവിന്റെ പരമാവധി... വീണ്ടും പഴയപല്ലവി...ഇതു കാണുമ്പോള്‍ സഹതാപമൊ കരച്ചിലൊ വരുക?

പഠിക്കുന്നുണ്ടൊ,എങ്കില്‍ ആ കോളേജിലെ മുഴുവന്‍ വേട്ടും, അല്ലാത്തവര്‍ മിഴങ്ങസ്യ...

നല്ലൊരു ലേഖനവും കമന്റുകളും..

...പാപ്പരാസി... said...

ശരിയാ,ശരിയാ...ഇതവരുടെ ഒരു ഐഡിയ ആയത്‌ കൊണ്ടല്ലേ "ഐഡിയ" സ്റ്റാര്‍ സിംഗര്‍ എന്ന പേരു വെക്കാന്‍ തന്നെ കാരണം,പാര്‍ട്ടിസിപ്പെണ്റ്റ്സിണ്റ്റെ പെര്‍ഫോമന്‍സ്‌ അവസാനത്തെ ആ പിച്ച തെണ്ടലില്‍ ബഹുകേമം തന്നെ.അവസാനം ഈ ഷോ കാണണമെങ്കില്‍ ആദ്യം എസ്സെമസ്സ്‌ എന്ന നിലപാട്‌ വരുമൊന്നാ എണ്റ്റെ പേടി.ഞാനും കുട്ടിച്ചാത്തണ്റ്റെ കൂട്ടാണ്‌ കാണും നോ എസ്സെമെസ്സ്‌.ഇവരെ കൊണ്ട്‌ ഗുണം കിട്ടിയ ഒരു കൂട്ടരാണ്‌ നമ്മടെ മിമിക്രിക്കാര്‍.അവരുടെ "റിയലിറ്റി" ഷോകളാണ്‌ എനിക്കിഷ്ടം.

കൃഷ്‌ | krish said...

വക്കാരിമഷ്ടാ : നന്ദി. സംഗതി ഇവിടെ വരെയല്ല അതിനപ്പുറവും എത്തുന്നുണ്ട്. ഈ ഐഡള്‍ വിജയിയുടെ നാട്ടില്‍ (ഡാര്‍ജിലിംഗ് പ്രദേശത്ത്)ആഘോഷത്തിനായി രണ്ട് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കയാണ് സര്‍ക്കാര്‍. അപ്പഴോ.

കടവന്‍: അഭിപ്രായങ്ങള്‍ക്ക് നന്ദി. ഈ ‘കുലുക്കാറ്റിക്ക് ഡാന്‍സ്’ പ്രയോഗം കലക്കി.


കുഞ്ഞന്‍: നന്ദി. നല്ല താരതമ്യം.

കൃഷ്‌ | krish said...

ഇന്ത്യന്‍ ഐഡള്‍-3 അപ്‌ഡേറ്റ്‌:


"ഡാര്‍ജിലിംഗ്‌ പ്രദേശത്തെ പ്രമുഖ പട്ടണമായ സിലിഗുരിയില്‍ പ്രതിഷേധ റാലിയില്‍ ജനങ്ങള്‍ അക്രമാസക്തരായി. ഈ പ്രതിഷേധ റാലി പോകുന്ന വഴിക്ക്‌ ഒരു രോഗിയെ വഹിച്ചുകൊണ്ടുപോകുന്ന ആംബുലന്‍സിനെ ഫാന്‍ക്ലബ്ബുകാര്‍/റാലിക്കാര്‍ തടയുകയും, ചോദ്യം ചെയ്തപ്പോള്‍ അവിടെനിന്നും അക്രമം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. കല്ലേറ്‌, തീവെയ്പ്പിനെ തുടര്‍ന്ന് പോലീസിന്റെ ലാത്തിചാര്‍ജിലും, കണ്ണീര്‍വാതക പ്രയോഗത്തിലും അക്രമത്തിലുമായി പോലീസുകാര്‍ക്കടക്കം 30-ഓളം പേര്‍ക്ക്‌ പരുക്കേറ്റു. സ്ഥിതി നിയന്ത്രണാതീതമായപ്പോള്‍ പട്ടാളത്തെ ഇറക്കിയിരിക്കുന്നു. 4 കോളം ആര്‍മിയും 2 കമ്പനി അര്‍ദ്ധസൈനിക വിഭാഗവും. അവിടെ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കയാണ്‌. പട്ടാളം ഫ്ലാഗ്‌ മാര്‍ച്ച്‌ നടത്തി. ജനങ്ങളുടെ ഈ പ്രതിഷേധത്തിനും അക്രമത്തിനും കാരണമെന്തെന്നോ. ഡെല്‍ഹി ആസ്ഥാനമായ ഒരു സ്വകാര്യ FM റേഡിയോ സ്റ്റേഷനിലെ റേഡിയോ ജോക്കി, ഈയിടെ ഇന്ത്യന്‍ ഐഡള്‍-3 വിജയി പ്രശാന്ത്‌ തമാങ്ങിനെക്കുറിച്ച്‌ (ഗോര്‍ക്കകളെക്കുറിച്ച്‌) ഒരു പരാമര്‍ശം നടത്തിയത്രേ!!

ഇന്ന്‌ (29/9/07) സിലിഗുരിയിലും ഡാര്‍ജിലിംഗിലും, കാലിമ്പോങ്ങിലും മറ്റും ബന്ത്‌ പ്രഖ്യാപിച്ചിരിക്കയാണ്‌. ബന്ത്‌ പൂര്‍ണ്ണം. പശ്ചിമ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ FM റേഡിയോ ജോക്കിക്കെതിരെ നടപടി എടുക്കുമെന്ന്‌ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ബുദ്ധദേബ്‌ ഭട്ടാചാര്യ കേന്ദ്രവാര്‍ത്തവിതരണ മന്ത്രിയോട്‌, ആ സ്വകാര്യ FM റേഡിയോ സ്റ്റേഷനെതിരെ ഉടന്‍ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്‌. (മിക്കവാറും അവരുടെ കട പൂട്ടിയതുതന്നെ)."
ഈ മുകളില്‍ പറഞ്ഞത്‌ ശനിയാഴ്ച എഴുതിയതാണ്‌. നെറ്റ്‌ പ്രോബ്ലം കാരണം പോസ്റ്റ്‌ ചെയ്തില്ല.

ഇപ്പോള്‍ കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ്‌ RED FM എന്ന റേഡിയോ സ്റ്റേഷന്‍ ബാന്‍ ചെയ്യാതിരിക്കാന്‍ കാരണം കാണിച്ചുകൊണ്ടുള്ള നോട്ടീസ്‌ കൊടുത്തിരിക്കയാണ്‌. ഉള്‍ട്ടാ പുള്‍ട്ടാ നിത്തിന്‍ എന്ന റേഡിയോ ജോക്കി തമാശ രുപേണയോ മറ്റോ ഗോര്‍ക്കളെക്കുറിച്ച്‌ പറഞ്ഞ 'കട/കച്ചവടക്കാര്‍ സെക്ക്യൂരിറ്റിക്ക്‌ ഇനി വേറെ ആളെ നോക്കണം കാരണം ഗോര്‍ക്കകള്‍ പാടാന്‍ തുടങ്ങിയിരിക്കുന്നു' എന്ന ഒരു പരാമര്‍ശം പ്രതിഷേധത്തിനും, പിന്നീട്‌ വ്യാപകമായ അക്രമത്തിനും വഴിവെച്ചു.

റിയാല്‍ട്ടി ഷോ-കളും അതില്‍ എസ്സെമെസ്സിലൂടെ വിജയിപ്പിക്കുന്ന ഫാന്‍ ക്ലബ്ബുകളുടെ കൈയ്യൂക്കും/സ്വാധീനവും സംഗതി ഇപ്പോള്‍ ഇവിടെ കൊണ്ടെത്തിച്ചിരിക്കുന്നു. വെറുമൊരു 'ഐഡള്‍' ആരാധന, അഭിമാനപ്രശ്നവും ചേര്‍ന്ന്, വിജയിയെ ഒരു നാഷണല്‍ ഹീറോ ആക്കിയിരിക്കയാണ്‌. എന്തിന്‌, മനോരമ ഗ്രൂപ്പിന്റെ ഇംഗ്ലീഷ്‌ വാര്‍ത്താ വാരിക "ദി വീക്ക്‌"ന്റെ പുതിയ ലക്കത്തിലെ കവര്‍ പേജില്‍ T20 ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടിയ ഇന്ത്യന്‍ ടീം കാപ്റ്റന്‍ ഡോണിയുടെ ചിത്രത്തിനൊപ്പം പ്രാധാന്യം നല്‍കി ഈ 'ഐഡള്‍' വിജയിയുടെ ചിത്രവും നല്‍കിയിരിക്കുന്നു.

ഇതെല്ലാം കണ്ട്‌, എസ്‌.എം.എസ്‌-ലൂടെ നാട്ടാരുടെ കാശ്‌ പോക്കറ്റിലാക്കി, ഫ്രീ പബ്ലിസിറ്റിയും ന്യൂസ്‌ കവറേജും, റേറ്റിംഗും നേടിയ ചാനല്‍ ഇപ്പോള്‍ ഉള്ളാലെ ആഹ്ലാദിക്കുന്നുണ്ടായിരിക്കും. ഈ സംഭവങ്ങള്‍ ഫ്ലാഷ്‌ വാര്‍ത്തായി ദിവസങ്ങള്‍ കൊണ്ടാടിയ ഒരു ന്യൂസ്‌ ചാനലും മോശമല്ല. ലാത്തിചാര്‍ജില്‍ കുറച്ചുപേര്‍ക്ക്‌ തല്ല് കിട്ടിയാലെന്താ, സമാധാനം പുനഃസ്ഥാപിക്കാന്‍ വെടിവെയ്പ്‌ നടന്നാല്‍ കുറച്ച്‌ ജീവന്‍ പൊലിഞ്ഞാലെന്താ, ഈ ലാത്തിചാര്‍ജും വെടിവെയ്പ്പും ശരിയായ നടപടിയാണോ/അല്ലയോ എന്ന് ചോദിച്ച്‌ എസ്‌.എം.എസ്‌. അയക്കാന്‍ ആവശ്യപ്പെടാമല്ലോ. അപ്പോഴും പൊതുജനം/ഫാന്‍സ്‌ അവരുടെ കണ്ണില്‍ ------- ആ അതു തന്നെ.
(സംഗീതം സമാധാനത്തിനാകണം. സംഗീതത്തിന്റെ പേരില്‍ ഒരു എസ്‌.എം.എസ്‌. മല്‍സരം ഉണ്ടാക്കിയ പൊല്ലാപ്പേ!)