Saturday, December 30, 2006

നവവര്‍ഷ ആശംസകള്‍.

നവവര്‍ഷ ആശംസകള്‍.

2006-ന്‌ വിട പറയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ..
ഒരു അസ്തമയം കൂടി...

പുതുവര്‍ഷം,നമ്മുടെ ഏവരുടേയും പുത്തന്‍ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവസരം ഒരുക്കട്ടെ.

2007 സ്നേഹത്തിന്റേയും ശാന്തിയുടെയും സമൃദ്ധിയുടേയും വര്‍ഷമായിരിക്കട്ടെ.

നമ്മള്‍ ഏവരുടേയും ജീവിതത്തിലേക്ക്‌ സ്നേഹവും സുഗന്ധവും പരക്കട്ടെ.

എല്ലാവര്‍ക്കും എന്റെ നവവര്‍ഷ ആശംസകള്‍.

കൃഷ്‌ krish

Tuesday, December 19, 2006

ലാഡന്‍ കൊല്ലപ്പെട്ടു..!!

ലാഡന്‍ കൊല്ലപ്പെട്ടു..!!

"ങേ.. സത്യമോ..!!"
"അതേ.. കേട്ടതു ശരിയാണ്‌ ..ഒസാമ ബിന്‍ ലാഡനെ വളരെക്കാലത്തെ കഠിന പ്രയത്നത്തിനുശേഷം വെടിവെച്ചുകൊന്നു."
ജനങ്ങള്‍ ആശ്വസിച്ചും. ദീര്‍ഘശ്വാസം വിട്ടു. എത്ര ജനങ്ങളെയാണ്‌ ലാഡന്‍ നിഷ്ഠൂരമായി കൊന്നത്‌. എത്ര കുടുംബങ്ങളെയാണ്‌ തകര്‍ത്ത്‌ വഴിയാധാരമാക്കിയത്‌. ലാഡനെ വകവരുത്താനായി ഒരു ഗവണ്‍മന്റ്‌ മരണ വാറണ്ട്‌ വരെ പുറപ്പെടുവിച്ചു. കുറെ നാളത്തെ തിരച്ചിലുകള്‍ക്കു ശേഷമാണ്‌ ലാഡന്റെ ഒളിസങ്കേതം കണ്ടെത്തിയത്‌. അതെ ലാഡനെ ചിലര്‍ ഒറ്റു കൊടുത്തതാണ്‌.ലാഡനെ എന്തിനാണ്‌ ഒറ്റുകൊടുത്തത്‌. ലാഡന്‍ അത്ര ക്രൂരനാണോ.
"അല്ലാ.. ആരാണീ ലാഡന്‍"
"തോക്കിനകത്ത്‌ കയറി വെടിവെക്കാതെ...പറയാം."
ലാഡനെക്കുറിച്ച്‌ കേട്ടിട്ടില്ലേ.. ഒട്ടേറെ പേരെ കൊന്നൊടുക്കിയ, ജനങ്ങളേയും ഗവണ്മെന്റിനെയും മുട്ടുകുത്തിച്ച ഭീകരന്‍ എന്ന്‌ മുദ്ര കുത്തപ്പെട്ടവന്‍. താവളങ്ങള്‍ മാറി മാറി ഒളിവില്‍ കഴിയുന്ന, ജനങ്ങള്‍ക്കാകെ ഭീതി പരത്തുന്ന ഭീകരന്‍ - ഒസാമ ബിന്‍ ലാഡന്‍.


"ഓ.. അപ്പോള്‍ ഒസാമ ബിന്‍ ലാഡന്‍ കൊല്ലപ്പെട്ടുവോ.. നല്ല കാര്യം.. അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ ഇപ്പോള്‍ ഏഴാം സ്വര്‍ഗ്ഗത്തിലായിരിക്കുമല്ലോ. താഴോട്ടു പോയികൊണ്ടിരിക്കുന്ന തന്റെ പോപ്പുലാരിറ്റി ഇനി മേലോട്ടു പോകും. അടുത്ത പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാം..."

ഒസാമയുടെ അല്‍-ക്വ്യദയുടെ ഭീകരന്മാര്‍ വിമാനമിടിച്ച്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ത്ത്‌ എത്ര പേരുടെ ജീവനാണ്‌ എടുത്തത്‌.

"അഫ്ഘാനിസ്ഥാനിലെ തോറ-ബോറ മലയിടുക്കുകളില്‍ വെച്ചാണോ ലാഡനെ കൊന്നത്‌.. അതോ പാക്കിസ്ഥാനില്‍ വെച്ചോ.. ആരാണ്‌ കൊന്നത്‌? "
"ആ .. നിര്‍ത്ത്‌..നിര്‍ത്ത്‌.... അതുവരെ പോകേണ്ടാ"

"ഈ ലാഡനെ കൊന്നത്‌ ഇവിടെ ഇന്ത്യയില്‍ വെച്ചാണ്‌"

"അതു ശരി, ലാഡന്‍ അപ്പോള്‍ ഇന്ത്യയിലും നുഴഞ്ഞു കയറിയോ.? .. ലവനെ സമ്മതിക്കണം"

"ഇവന്‍ നുഴഞ്ഞുകയറി വന്നവനല്ല. ഇവിടെത്തന്നെയുള്ളവനാ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസ്സാമില്‍. വര്‍ഷങ്ങളോളമായി പിടികൊടുക്കാതെ ജനങ്ങള്‍ക്കുനേരെ ആക്രമം അഴിച്ചുവിട്ട ഭീകരന്‍. ചുരുങ്ങിയത്‌ 14 പേരെയെങ്കിലും ഇവന്‍ നിഷ്ഠൂരമായി കൊന്നു തള്ളി. 2003-ല്‍ ഇവനെ ഭീകരനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്നുതൊട്ട്‌ ഇവനെ കൊല്ലാനായി ഊര്‍ജ്ജിത ശ്രമത്തിലായിരുന്നു. 2006 ഡിസംബര്‍ രണ്ടാം വാരത്തില്‍ ചിലര്‍ ലാഡന്റെ നീക്കത്തെക്കുറിച്ച്‌ രക്ഷാസേനക്ക്‌ ഒറ്റുകൊടുത്തു. ഭീകരന്‍ ലാഡനെ കൊല്ലുക - ഹോ.. അമേരിക്കക്ക്‌ ചെയ്യാന്‍ പറ്റാത്തതല്ലേ.. ആസ്സാം ചെയ്തിരിക്കുന്നത്‌.

അങ്ങിനെയാണ്‌ 2006 ഡിസംബര്‍ 16-ന്‌ കാലത്ത്‌ 7.21-ന്‌ ലാഡനെ (ലാഡന്‍ എന്ന ഭീകര ആനയെ) വെടിവെച്ച്‌ വീഴ്ത്തിയത്‌."

"ഓ.. അതുശരി... ഇപ്പഴാ 'വക്കാരിമസ്താ'യത്‌.."


ഇനി ഈ "ലാഡനെ" കുറിച്ച്‌ അല്‍പ്പം വിശേഷം:

ഇവന്‍ കൊമ്പില്ലാത്ത ഒരു ആണ്‍ ആന. വയസ്സ്‌ 45. 10 അടി ഉയരം. അസ്സാമിലെ സോണിത്‌പൂര്‍ ജില്ലയില്‍ പല ഭാഗങ്ങളിലും കനത്ത നാശം വിതച്ച്‌, വീടുകളും കൃഷിയും ചവുട്ടിമെതിച്ച്‌ ആള്‍ക്കാരെ കൊന്ന്‌ കൊലവിളിച്ച്‌ നടക്കുന്ന കൊമ്പില്ലാത്ത ഒറ്റയാന്‍. പിടികൊടുക്കാതെ സങ്കേതങ്ങള്‍ മാറി മാറി ഒളിച്ചു നടക്കുന്നവന്‍ - സാക്ഷാല്‍ ഒസാമ ബിന്‍ ലാഡനെ പോലെ - അങ്ങിനെയാണ്‌ ഈ പേര്‌ വീണത്‌. വനപാലകസേനയും പോലീസും ഈ ലാഡനെ പിടിക്കാനായി കാട്ടിലും ചായത്തോട്ടങ്ങളിലും വലവീശി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ കുറെക്കാലമായി. 2003-ല്‍ 5 പേരെ കൊന്നതിനുശേഷമാണ്‌ ഇവനെ 'ഭീകര'നായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. അതിനുശേഷവും ഇവന്‍ നരവേട്ട തുടര്‍ന്നു. ഈ വര്‍ഷം 4 പേരെക്കൂടി കൊന്ന്‌ "അതിഭീകര" പട്ടവും നേടി. കഴിഞ്ഞ ജൂലായ്‌ 3-ന്‌ ആസ്സാം വനം വന്യജീവി വകുപ്പ്‌ ലാഡനെതിരെ മരണ വാറണ്ട്‌ പുറപ്പെടുവിച്ചു. ഇതിന്റെ കാലാവധി ഈ ഡിസംബര്‍ 31-ന്‌ തീരാനിരിക്കുകയായിരുന്നു. അപ്പോഴാണ്‌ കഴിഞ്ഞ ബുധനാഴ്‌ച്ച ബെഹാലി ചായത്തോട്ടത്തിനടുവെച്ച്‌ അവസാനമായി ലാഡന്‍ ഒരു സ്ത്രീയെകൂടി വകവരുത്തിയത്‌. ഇതിനുശേഷം ഇവന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരുകയായിരുന്നു. ദ്വിപെന്‍ റാം ഫൂക്കന്‍ എന്ന പ്രൊഫഷണല്‍ വേട്ടക്കാരനെ വനംവകുപ്പ്‌ വാടകക്കെടുത്ത്‌ ഒരു നിര്‍ദ്ദേശവും കൊടുത്തു - ഒരൊറ്റ വെടിക്ക്‌ 45 വയസ്സുള്ള ഭീകരന്‍ ലാഡനെ വീഴ്ത്തിയിരിക്കണം, അതായത്‌ ഉണ്ട കൊള്ളേണ്ടിടത്തുതന്നെ കൊള്ളണം. അല്ലെങ്കില്‍ ലാഡന്‍ ജി ഫൂക്കന്റെ കഥ കഴിച്ചിരിക്കും. അതാണ്‌ ലാഡന്‍. നേരത്തെ രണ്ട്‌ പ്രാവശ്യം ലാഡനെ വകവരുത്താന്‍ നടത്തിയ ശ്രമം അമ്പേ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ മരണ വാറണ്ട്‌ കിട്ടിയ ആറാമത്തെ ആനയാണ്‌ ലാഡന്‍. (പക്ഷെ മറ്റ്‌ ആനകള്‍ വേറെ സങ്കേതം തേടി കാട്ടിലേക്ക്‌ തിരിച്ചുപോയി). വേട്ടക്കാരന്‍ വനപാലകരുടേയും ഗ്രാമവാസികളുടെ സഹായത്തോടെ 16-ന്‌ രാവിലെ ലാഡനെ കണ്ടുമുട്ടി. കണ്ണും കണ്ണും കൂട്ടിമുട്ടി..കണ്ണില്‍ക്കൂടികൂടി തീപ്പൊരികള്‍ ചിതറിക്കാണണം. തോക്കെടുക്കന്നതിനുമുമ്പേ ലാഡന്‍ ഫൂക്കനെ ആക്രമിക്കാനൊരുങ്ങി. പക്ഷേ ഫൂക്കന്‌ കിട്ടിയതോ ഒരൊറ്റ വെടി ഉതിര്‍ക്കാനുള്ള സമയം മാത്രം. അങ്ങിനെ ഒരൊറ്റ വെടിക്ക്‌ കാടിളിക്കിയ, നാടിളിക്കിയ സാക്ഷാല്‍ ഭീകര 'ലാഡനെ' വകവരുത്തി.

ഒസാമ ബിന്‍ ലാഡന്റെ നാമധേയമുള്ള "ലാഡന്‍" എന്ന ഭീകര ഒറ്റയാനെ വെടിവെച്ചു വീഴ്ത്തിരിക്കുന്നു.

***

(ആന)വാല്‍ക്കഷണം:

എന്തുകൊണ്ടാണ്‌ ആനകള്‍ മനുഷ്യ വാസ പ്രദേശങ്ങളിലേക്ക്‌ കടന്ന്‌ ആക്രമിക്കുന്നത്‌?

എന്താ പറഞ്ഞത്‌.. ആനകള്‍ മനുഷ്യവാസ പ്രദേശങ്ങളിലേക്ക്‌ കടന്നാക്രമിക്കുന്നുവെന്നോ..

ആ പറഞ്ഞത്‌ തീര്‍ത്തും ശരിയല്ലാ. മനുഷ്യരാണ്‌ ആനകളുടെ സ്വാഭാവിക വാസസ്ഥലമായ പതിനായിരക്കണക്കിന്‌ ഹെക്ടര്‍ വനഭൂമി വെട്ടിത്തെളിച്ച്‌ കൃഷിയിറക്കി അധിവസിക്കുന്നത്‌. പിന്നെ താമസസ്ഥലം നഷ്ടപ്പെട്ട ഈ ആനക്കൂട്ടങ്ങള്‍ എവിടേ പോകും. അപ്പോഴാണ്‌ ഇവ കൂട്ടം കൂട്ടമായി ആഹാരത്തിനായി കൃഷി നശിപ്പിക്കുകയും മറ്റും ചെയ്യുന്നത്‌. കഴിഞ്ഞ ഒരാഴ്ചയായി 100ഓളം ആനകള്‍ അടങ്ങിയ ഒരു കാട്ടാനക്കൂട്ടം ഏറ്റവും വലിയ നദീദ്വീപ്‌ (ബ്രഹ്മപുത്രാ നദിക്ക്‌ നടുവില്‍) ആയ ആസ്സാമിലെ മാജുലി-യില്‍ കനത്ത നാശനഷ്ടം വരുത്തികൊണ്ടിരിക്കുകയാണ്‌. അതിനെ തൊട്ടടുത്ത കാസിരംഗ റിസര്‍വ്‌ ആന സങ്കേതത്തിലേക്ക്‌ ഓടിച്ചുവിടാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്‌. ഇവിടെയും അടുത്തുള്ള ഗ്രാമങ്ങളിലുമായി ഇവന്മാര്‍ 374 വീടുകളാണ്‌ ഇതുവരെ തകര്‍ത്ത്‌ തരിപ്പണമാക്കിയത്‌.


(ഞങ്ങളുടെ വീട്‌ (കാട്‌) വെട്ടിനശിപ്പിച്ചവരുടെ വീട്‌ ഞങ്ങള്‍ നശിപ്പിക്കുന്നു - നിലനില്‍പ്പിനായി. -- ലാ ഓഫ്‌ ദി ലാന്റ്‌ OR ലാ ഓഫ്‌ ദി ജംഗിള്‍).
ആനക്കൂട്ടം ആഹാരം തേടി ചായത്തോട്ടത്തിനടുത്തുകൂടെ പോകുന്നു.


ആനകളും മനുഷ്യന്മാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കാരണം ആനകളുടെ ജനസംഖ്യ ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. 1993-ലെ കണക്കെടുപ്പില്‍ 5524 ആനകള്‍ ആസ്സാമില്‍ ഉണ്ടായിരുന്നുവെങ്കില്‍, 1997-ല്‍ അത്‌ 5312 ആയും, 2002-ല്‍ 5246 ആയും ചുരുങ്ങിയിരിക്കുകയാണ്‌. കഴിഞ്ഞ അഞ്ചു വര്‍ഷതിനുള്ളില്‍ ആസ്സാമില്‍ മാത്രം 248 പേരെ ആനകള്‍ കൊന്നപ്പോള്‍, തിരിച്ച്‌ 268 ആനകളെയാണ്‌ മനുഷ്യര്‍ കൊന്നത്‌. കൃഷി സ്ഥലങ്ങളില്‍ ആഹരത്തില്‍ കൊടും വിഷം കലര്‍ത്തി ആനകളെ കൊല്ലുകയാണ്‌ പതിവ്‌. (ഇതിനെക്കുറിച്ചുള്ള ഒരു ലേഖനം ഇവിടെ)

പിന്നെങ്ങനെ ഇതില്‍ ചില ഒറ്റയാന്മാര്‍ 'ലാഡന്റെ' അവതാരമെടുക്കാതിരിക്കും.

കൃഷ്‌ krish

Monday, December 11, 2006

ടിക്കറ്റ്‌..ടിക്കറ്റ്‌!!

ടിക്കറ്റ്‌..ടിക്കറ്റ്‌!!

ഇത്‌ ഏകദേശം ഒന്നര വര്‍ഷം മുന്‍പ്‌ നടന്ന ഒരു സംഭവം.
എന്റെ ഒരു സുഹൃത്ത്‌ ശ്രീമാന്‍ പ്രകാശ്‌ (യഥാര്‍ത്ഥ പേരല്ല) അവധിക്ക്‌ നാട്ടിലേക്ക്‌ പോകാനൊരുങ്ങുന്നു. സഹധര്‍മ്മിണിയുടെ രണ്ടാം പ്രസവം അടുത്തുവരുന്നു.

അതിനുമുന്‍പായി കഥാനായകനെക്കുറിച്ച്‌ അല്‍പ്പം:
ആളൊരു സാമാന്യം ഭേദപ്പെട്ട വ്യക്തി. യാതൊരു ദുഃശ്ശീലങ്ങളും ഇല്ല. എല്ലാ ദിവസങ്ങളിലും ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റ്‌ എടുക്കുമെന്നതൊഴിച്ചാല്‍. ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റ്‌ എടുക്കുന്നത്‌ എന്താ ഒരു ദു:ശ്ശീലമാണോ. മിക്കവാറും ദിവസങ്ങളില്‍ കാശും കിട്ടുന്നുമുണ്ട്‌. അപ്പോള്‍പിന്നെ ഒട്ടുമല്ല. അതെന്ത്‌രു ലോട്ടറിയാപ്പാ മിക്ക ദിവസങ്ങളിലും സമ്മാനമടിക്കുന്നത്‌ എന്ന്‌ ചിലര്‍ക്കെങ്കിലും സംശയം തോന്നാം. നേരത്തെ ഓരോ മണിക്കൂറിനും ഡ്രാ ചെയ്തിരുന്ന സിക്കീം 'ജോക്കര്‍' പോലുള്ള ഓണ്‍ലൈന്‍ ലോട്ടറികള്‍ ഇപ്പോള്‍ 20 മിനിറ്റിന്‌ ഒരു ഡ്രാ എന്ന രീതിയിലെത്തി നില്‍ക്കുകയാണ്‌. ജനങ്ങളുടെ തിരക്ക്‌ കൂടിയപ്പോള്‍ മുക്കിനും മൂലക്കും ഓണ്‍ലൈന്‍ ലോട്ടറി സെന്ററുകളും തുറന്നിരിക്കുകയാണ്‌ ഇവിടെ. നടത്തിപ്പുകാര്‍ക്ക്‌ അത്രയും കൂടുതല്‍ ലാഭം. ഇടക്ക്‌ വല്ലപ്പോഴും കിട്ടുമെങ്കിലും, ഇതില്‍ ഭ്രമം പിടിച്ചവര്‍ കൂടുതല്‍ കാശ്‌ കളയുന്നു. പേപ്പര്‍ ലോട്ടറിയാണെങ്കില്‍ ഇവിടെ കണികാണാന്‍പോലും കിട്ടാനില്ല. എന്നുകരുതി ഇവിടെനിന്നും ലോട്ടറി ഇറക്കുന്നില്ല എന്ന്‌ അര്‍ത്ഥമില്ല. ഈ സംസ്ഥാനത്തുനിന്നും 50 - 60 പേപ്പര്‍ ലോട്ടറിയാണ്‌ ഓരോ ദിവസവും പടച്ചുവിടുന്നത്‌. പച്ചേങ്കില്‌ ടിക്കറ്റ്‌ വേണമെങ്കില്‍ ദക്ഷിണേന്ത്യയിലോ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലോ പോണന്നുമാത്രം. നമ്മുടെ നായകനാണെങ്കില്‍ ദിവസവും രാവിലെപോയി ഒരു കെട്ട്‌ ടിക്കറ്റ്‌ വാങ്ങുന്നു. ഓരോ 20 മിനുറ്റിനും ഒന്നോ രണ്ടോ വെച്ച്‌. ഓഫീസ്‌ സമയം കഴിയുന്നതുവരെ ഇതുമതി. റിസല്‍ട്ട്‌ ഇടക്ക്‌ ഫോണിലൂടെയോ അല്ലെങ്കില്‍ ഇന്റര്‍നെറ്റിലൂടെയോ അറിയാം. വൈകുന്നേരമാകുമ്പോഴേക്കും ഇതില്‍ ഏതെങ്കിലുമൊക്കെ അടിച്ചിട്ടുണ്ടാകും. അടിക്കാതിരിക്കാന്‍ നിവൃത്തിയില്ല. പുള്ളിക്കാരന്‍ ടിക്കറ്റ്‌ എടുക്കുന്ന രീതി ഞാന്‍ ഇവിടെ പറയുന്നില്ല. അതൊരു ട്രേഡ്‌ സീക്രട്ടായിതന്നെ ഇരിക്കട്ടെ. ഓഫീസ്‌ സമയം കഴിഞ്ഞാല്‍ നേരെ പോകുന്നത്‌ ഏതെങ്കിലുമൊരു ഓണ്‍ലൈന്‍ ലോട്ടറി സെന്ററിലേക്ക്‌. സമ്മാനം കിട്ടിയതിന്റെ കാശും വാങ്ങി ഇനിയങ്ങോട്ട്‌ രാത്രി 9 മണി വരെയുള്ള ടിക്കറ്റുകള്‍ ബാച്ച്‌ ബാച്ചായി വാങ്ങുന്നു. ഇതിനിടക്കുള്ള ഇടവേളകള്‍ സുര-സുന്ദര ലഹരിമയമാക്കാന്‍ ലേശം 'വീശു'മെന്നതൊഴിച്ചാല്‍ ഏയ്‌.. വേറെ യാതൊരു ദുഃശ്ശീലങ്ങളുമില്ല. 'തണ്ണി'ധാതാവായ ഓണ്‍ലൈന്‍ ദൈവത്തിന്‌ സ്തുതി. ദിവസവും ഒന്നോ രണ്ടോ 'ക്വാര്‍ട്ടറി'നുള്ള വക തരുന്നതല്ലേ. മറ്റ്‌ ചിലവുകള്‍ക്കുള്ള കാശ്‌ വേറെയും. നാട്ടില്‍ കുടുമ്മത്ത്‌ ചെന്നാല്‍ പരിശുദ്ധ വെജിറ്റേറിയനും ഇവിടേയാണെങ്കില്‍ അതിവിശുദ്ധ നോണ്‍-വെജിറ്റേറിയനുമായ കഥാനായകനാണെങ്കില്‍ നാട്ടുനടപ്പനുസരിച്ച്‌ സമയത്തിന്‌ കല്യാണം കഴിക്കാന്‍ കുറച്ച്‌ വൈകി. പുര നിറഞ്ഞ്‌ കവിഞ്ഞ്‌... അതായത്‌ ബാച്ചിയായി കുറെക്കാലം വിലസിയിട്ടുണ്ട്‌. ഏയ്‌ ശ്രമിക്കാതെയല്ലാ.. നിര്‍ഭാഗ്യത്തിന്‌ സമയത്ത്‌ നടന്നില്ലെന്നു കരുതിയാല്‍ മതീന്ന്‌.
***
അങ്ങിനെ ലീവിന്‌ പോകാന്‍ വണ്ടികയറി ഗോഹാട്ടിയിലെത്തി. അവിടെനിന്നും തിരുവനന്തപുരം എക്സ്പ്രെസ്സില്‍ റിസര്‍വേഷനുണ്ട്‌. ബെര്‍ത്ത്‌ കിട്ടി. ലഗ്ഗേജെല്ലാം വെച്ചു. പോക്കറ്റില്‍ ഒന്നുകൂടി കൈയിട്ട്‌ നോക്കി. യാത്രക്കുവേണ്ട രൂപയും ടിക്കറ്റുമെല്ലം ഉണ്ട്‌. എവരിതിംഗ്‌ ഓക്കെ. ഭാര്യയേയും കുഞ്ഞിനേയും കാണാനുള്ള ഒരു തിടുക്കം. ഓരോ കാര്യങ്ങളുമോര്‍ത്ത്‌ അങ്ങിനെ കിടന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ TTE വന്നു ഓരോരുത്തരോടായി ടിക്കറ്റ്‌ ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിച്ച 'നാന'യിലെ സുന്ദരിമാരുടെ പടങ്ങളും ഗോസ്സിപ്പുകളും നോക്കിക്കൊണ്ട്‌ കിടന്ന കഥാനായകനോട്‌ TTE ടിക്കറ്റ്‌ ചോദിച്ചു. പുള്ളി കിടന്നുകൊണ്ടുതന്നെ പോക്കറ്റില്‍ കൈയിട്ട്‌ ടിക്കറ്റ്‌ എടുത്ത്‌ TTE യുടെ കൈയ്യില്‍ കൊടുത്തു, കണ്ണുകള്‍ വീണ്ടും 'നാന'യില്‍ പരതി.TTE വീണ്ടും ചോദിക്കുന്നു..
"സര്‍ ടിക്കറ്റ്‌ പ്ലീസ്‌"
"അതല്ലേ തന്നത്‌"- പുസ്തകത്തില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
" നോ സര്‍.. പ്ലീസ്‌ ഷോ മീ ദി റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ്‌. ദിസ്‌ ഈസ്‌ നോട്ട്‌ ദി റെയില്‍വേ ടിക്കറ്റ്‌"
"ങേ..!!" റെയില്‍വേ ടിക്കറ്റല്ലേ.
നോക്കിയപ്പോഴുണ്ട്‌ ഓണ്‍ലൈന്‍ ലോട്ടറിയുടെ 3-4 ടിക്കറ്റ്‌ മടക്കിവെച്ചിരിക്കുന്നതാണ്‌. ഇതാണ്‌ നോക്കാതെ എടുത്ത്‌ കൊടുത്താല്‍.
"ഒരു മിനിറ്റ്‌" ജാള്യത മറച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ട്‌, പ്രകാശ്‌ വീണ്ടും പോക്കറ്റില്‍ കൈയ്യിട്ട്‌ പരതി.. പോക്കറ്റില്‍ കാണുന്നില്ല.. വീണ്ടും തപ്പി.. ഹാന്‍ഡ്‌ ബാഗില്‍ നോക്കി.. കാണുന്നില്ല. പിന്നെ ഇത്‌ എവിടെപ്പോയി.. ഞാന്‍ വണ്ടിയില്‍ കയറുന്നതിന്‌ മുന്‍പ്‌ നോക്കിയിട്ട്‌ വെച്ചതാണല്ലോ. ലഗ്ഗേജ്‌ തുറന്ന്‌ നോക്കി. അതിലും കാണുന്നില്ല. അവസാനം ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പിഴയുമടക്കം 5 ഇരട്ടി കൊടുത്തപ്പോള്‍ TTE പുതിയ ടിക്കറ്റും രശീതിയും തന്നു. പ്രകാശ്‌ ഒന്നു വിയര്‍ത്തുപോയി. എങ്ങനെ വിയര്‍ക്കാതിരിക്കും. ടിക്കറ്റ്‌ എടുത്തതാണ്‌. ടിക്കറ്റ്‌ കാണിക്കാതിരുന്നതുകൊണ്ട്‌ ആള്‌ മാറിക്കയറിയതാണെന്നു വരെ പറയാമല്ലോ. അങ്ങനെ വഴിച്ചെലവിനായി കരുതിയ കാശ്‌ TTEക്ക്‌ സ്വാാഹ.!!
***
"ചായ്‌ .. ചായ്‌ .. ചായേ.. ചായ്‌.." ചായ വില്‍പ്പക്കാരന്റെ ഉച്ചത്തിലുള്ള വിളി കേട്ട്‌ പ്രകാശ്‌ ഉറക്കത്തില്‍നിന്നും ഞെട്ടി ഉണര്‍ന്നു..ജനലിലൂടെ വെളിയിലേക്ക്‌ നോക്കി. വണ്ടി ഒരു സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്‌. നേരം വെളുത്തിരിക്കുന്നു. കഴിഞ്ഞ രാത്രി നേരെ ചൊവ്വേ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
"ഒരു ചായ" പ്രകാശ്‌ ചായവില്‍പ്പനക്കാരനെ വിളിച്ചു. ചായ വാങ്ങിവെച്ച്‌ പേഴ്‌സ്‌ തുറന്ന്‌ ചായയുടെ കാശ്‌ കൊടുത്തു. പേഴ്‌സിനകത്ത്‌ വീണ്ടും ഒരു കെട്ട്‌ ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റുകള്‍. ദേഷ്യത്തോടെ അത്‌ വലിച്ചുകീറി കളയാനായി നിവര്‍ത്തിയപ്പോള്‍ അതാ വരുന്നു ഒറിജിനല്‍ റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ്‌ മടക്കിവെച്ച രൂപത്തില്‍. പ്രകാശിന്‌ അശ്ചര്യവും ദേഷ്യവും ഒരുമിച്ചാണ്‌ വന്നത്‌. TTE വന്നപ്പോള്‍ എത്ര തപ്പിയതാ. ഇവന്‍ ഇതിനകത്ത്‌ ഒളിച്ചിരിക്കുകയാണെന്ന്‌ ഒട്ടും കരുതീല്ല. വഴിച്ചെലവിന്‌ കരുതിയ കാശും പോയി.. ഒറിജിനല്‍ ടിക്കറ്റ്‌ ഇതാ കൈയ്യിലും.
"എന്റെ ഓണ്‍ലൈന്‍ ദേവാ.. എന്നോട്‌ ഇത്‌ വേണ്ടായിരുന്നു.!!" പ്രകാശ്‌ പറ്റിപ്പോയ അമളിയോര്‍ത്ത്‌ എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചിരുന്നു... അപ്പോഴേക്കും തീവണ്ടി പതുക്കെ നീങ്ങിതുടങ്ങിയിരുന്നു..
---
(മുന്‍കൂര്‍ ജാമ്യം: ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റ്‌ സ്ഥിരമായി എടുക്കുന്നവരുമായോ 'വീശുന്ന'വരുമായോ ഈ കഥയിലെ കഥാപാത്രത്തിന്‌ യാതൊരു ഓണ്‍ലൈന്‍ ലിങ്കും ഇല്ല, സാമ്യമുണ്ടെങ്കില്‍ യാദൃശ്ചികം മാത്രം.)

കൃഷ്‌ krish

Friday, November 24, 2006

ഇനിയും നുള്ളി വേദനിപ്പിക്കല്ലേ

ഈ പനിനീര്‍ പൂക്കളുടെ സൗന്ദര്യമൊന്നാസ്വദിക്കൂ..സൗരഭ്യം നുകരൂ..
നുള്ളി വേദനിപ്പിക്കല്ലേ.

ശ്രീ ഭൂവിലസ്ഥിര...?. പണ്ട്‌ ചന്തം കണ്ട്‌ മിഴിയുള്ളവരെല്ലാം നോക്കി നിന്നിരുന്നു. അന്ന് ഞങ്ങള്‍ തൊട്ടുവേദനിപ്പിക്കാനെത്തിയവരുടെ ചോരരുചിച്ചുനോക്കുവാന്‍ മുള്ളുകള്‍ ഒളിപ്പിച്ചു വെച്ചിരിക്കില്ല..! മാറേണ്ടുന്നതിന്റെ ആവശ്യകത അന്നേ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.

പീതാംബരധാരി.

ഒരു ഉടുപ്പുമാറ്റത്തില്‍ എല്ലാം ശരിയായിക്കൊള്ളുമെന്നു കരുതി.പക്ഷെ മൗനത്തിന്റെ മഞ്ഞയുടുപ്പിലും, തുറിച്ചുനോട്ടങ്ങളില്‍ നിന്നും, തൊട്ടുതലോടലെന്ന പീഡനങ്ങളില്‍ നിന്നും മോചനം ഞങ്ങളെ തേടി വന്നില്ല !

മാറ്റത്തിന്റെ പാഠശാലയില്‍..

അതിജീവനത്തിന്റെ ചെറുമുള്ളുകള്‍ മൊട്ടുകളോടൊപ്പം തന്നെ വിരിയിച്ചെടുക്കുവാന്‍ ഞങ്ങള്‍ പരിശീലിച്ചു തുടങ്ങി.അന്നു മുതലാണോ ഞങ്ങളുടെ നിറം മാറിത്തുടങ്ങിയത്‌?.
ചോരയാണിത്‌ ചോപ്പല്ല കുഞ്ഞേ..
മാറ്റം അതിന്റെ പൂര്‍ ണ്ണരൂപത്തില്‍. ഇന്ന് നോക്കിനില്‍ക്കുന്നവരുടെ ചത്ത കണ്ണുകളില്‍നിന്നും തൊട്ടുതലോടാനെത്തുന്നവരുടെ ദുര്‍മേദസ്സില്‍നിന്നും ചോര വലിച്ചുകുടിക്കുവാന്‍ ഞങ്ങള്‍ വികസിപ്പിച്ചെടുത്ത മുള്ളിന്‍കുഞ്ഞുങ്ങള്‍ക്ക്‌ അനായാസം കഴിയുന്നു. വേദനിപ്പിക്കുന്നതിന്റെ ദാര്‍ശനിക പ്രശ്നങ്ങളെപ്പറ്റി ഞങ്ങള്‍ വേവലാതിപ്പെടുന്നതേയില്ല, ചോരകുടിച്ചു നഷ്ടപ്പെടുത്തിയ തൂവെള്ളനിറത്തെപ്പറ്റിയും തെല്ലാശങ്കകളില്ല..
അതിജീവനം തന്നെ പ്രധാനം

(കാമറ: കാനണ്‍ പവര്‍ഷോട്ട്‌ A530 ഡിജിറ്റല്‍.)

(അടിക്കുറിപ്പ്‌ കട്‌: ശിശു)

കൃഷ്‌ krish

Thursday, November 16, 2006

ഏറ്റവും ഉയരം കൂടിയ പ്രകൃത്യാലുള്ള ശിവലിംഗം


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകൃത്യാലുള്ള ശിവലിംഗം.

"നിബിഡ വനത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകൃത്യാലുള്ള ശിവലിംഗം കണ്ടെത്തി."

ആദ്യം കേട്ടപ്പോള്‍ അത്ര വിശ്വാസം വന്നില്ലെങ്കിലും, പിന്നീട്‌ നേരിട്ട്‌ ചെന്ന്‌ കണ്ടവരുടെ വിവരണവും, പത്രങ്ങളിലും കേബിള്‍ ചാനലിലും വാര്‍ത്തയും ചിത്രവും കണ്ടപ്പോള്‍ നേരിട്ട്‌ ചെന്നു കാണാനുള്ള ഒരു ആഗ്രഹം ഉടലെടുത്തു. 2004 ജൂലായ്‌ ആദ്യ പക്ഷത്തിലാണ്‌, അരുണാചല്‍ പ്രദേശില്‍ ജീറൊ എന്ന സ്ഥലത്തുനിന്നും ഏകദേശം 4 - 5 കി.മി. അകലെ കര്‍ദോ എന്ന സ്ഥലത്തിനടുത്തുള്ള നിബിഡ വനത്തിനുള്ളില്‍ മരം വെട്ടാന്‍ പോയ ശ്രീ പ്രേം സുബ്ബ എന്ന നേപ്പാളി മരംവെട്ടുകാരനാണ്‌ ഈ അദ്ഭുത ശിവലിംഗം ആദ്യം ദര്‍ശിച്ചത്‌. ശിവാരാധനക്കുള്ള വിശുദ്ധ മാസമാണല്ലോ ശ്രാവണമാസം (ജൂലായ്‌). ജൂലായില്‍ ഇവിടെ ഇടവിടാതെ മഴ പെയ്യുന്ന സമയവും. അങ്ങിനെയാണ്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ സെപ്റ്റംബര്‍ അവസാനം ഒരു ദിവസം വനത്തിനുള്ളില്‍ പ്രത്യക്ഷമായ മഹാശിവലിംഗം ദര്‍ശിക്കുവാനായി യാത്രയ്കൊരുങ്ങിയത്‌.

യാത്രാവിശേഷങ്ങള്‍:
ഞാനും, വേണും നായരും, സുരേഷും, പിന്നെ ഞങ്ങളുടെ സുഹൃത്തും ജീറൊ നിവാസിയുമായ കോജ്‌ ആനന്ദും ഒരു കാറില്‍ രാവിലെ ഇറ്റാനഗറില്‍ നിന്നും യാത്ര തിരിച്ചു. യാത്ര തുടങ്ങുമ്പോള്‍ മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. ഇവിടെ നിന്നും ലോവര്‍ സുബന്‍സിരി ജില്ലയുടെ ആസ്ഥാനമായ ജീറോ-യിലേക്ക്‌ ഏകദേശം 150 കി.മി. ഉണ്ട്‌. ഒരു മിനി പിക്‍നിക്കിന്റെ മൂഡില്‍ ഇറങ്ങിതിരിച്ച ഞങ്ങള്‍ കിമിന്‍ എന്ന സ്ഥലത്ത്‌ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി. 'ആസ്സാം റൈഫിള്‍സ്‌'-ന്റെ കാന്റീനില്‍ ഒന്നു കയറി 'നല്ലതു'വല്ലതും കിട്ടുമോ എന്ന്‌ നോക്കാം. പക്ഷേ അന്ന്‌ കാന്റീന്‍ തുറന്നിട്ടില്ലാത്തതിനാല്‍ വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നു. ഇനി ഇവിടെ നിന്നും ഏകദേശം 90 കിലോമീറ്ററോളം വളഞ്ഞുതിരിഞ്ഞ്‌ കിടക്കുന്ന മലമ്പാതയിലൂടെ ഉള്ള യാത്രയാണ്‌. യാത്ര മലമ്പാതയിലേക്കു കടന്നതും മഴയുടെ ശക്തി കൂടിത്തുടങ്ങി. മിക്കയിടങ്ങളിലും മഴക്കൊപ്പമുള്ള മൂടല്‍മഞ്ഞുപോലുള്ള മേഘപടലങ്ങളും. വളരെ ശ്രദ്ധിച്ചുവേണം വണ്ടിയോടിക്കാന്‍. നിറയെ 'ഹെയര്‍പിന്‍' വളവുകള്‍ ഉള്ള പാതയാണ്‌. പാതയുടെ ഒരു വശത്ത്‌ മലകളാണെങ്കില്‍ മറുവശം വളരെ ആഴമുള്ള ഗര്‍ത്തങ്ങളും. ചെറിയൊരു ശ്രദ്ധക്കുറവു മതി അപകടം ഉണ്ടാവാന്‍. ഇതുപോലുള്ള റോഡുകളില്‍ വണ്ടിയോടിച്ചു നല്ല പരിചയമുള്ള ആളാണ്‌ സുരേഷ്‌. അതുകൊണ്ട്‌ ഞങ്ങള്‍ക്കാര്‍ക്കും തന്നെ യാതൊരു ആശങ്കയുമില്ലായിരുന്നു. മഴയും മൂടല്‍മഞ്ഞും കാരണം എതിരെനിന്നും വരുന്ന വാഹനം അടുത്തെത്തുമ്പോഴെ കാണാന്‍ പറ്റുകയുള്ളൂ. ഫോഗ്‌ ലൈറ്റ്‌ ഇട്ടുകൊണ്ട്‌ യാത്ര തുടര്‍ന്നു. കുറേ കഴിഞ്ഞ്‌ ഒരു വളവ്‌ കഴിഞ്ഞപ്പോള്‍ വണ്ടികളെല്ലാം ഒന്നിനു പുറകേ ഒന്നായി റോഡില്‍ ഓരം ചേര്‍ന്ന് പാര്‍ക്ക്‌ ചെയ്തിരിക്കുന്നു.

"എന്തു പറ്റി", വണ്ടി സൈഡില്‍ നിര്‍ത്തി, അടുത്തു കണ്ട ഒരു ഡ്രൈവറോട്‌ ചോദിച്ചു.

"കനത്ത മഴയില്‍ കുറച്ചകലെ മലയിടിഞ്ഞ്‌ മണ്ണും പാറക്കല്ലുകളും റോഡില്‍വീണ്‌ തടസ്സമുണ്ടാക്കിയിരിക്കയാണ്‌" അയാള്‍ പറഞ്ഞു.

" ഇനി അതെല്ലാം മാറ്റിയിട്ടേ വണ്ടി എടുക്കാന്‍ പറ്റൂ".

നല്ല മഴ. കുട ഒരെണ്ണമേ എടുത്തുള്ളൂ. തണുപ്പുമുണ്ട്‌. കുടയെടുത്ത്‌ കുറച്ചുദൂരം മുന്നോട്ട്‌ നടന്നപ്പോള്‍ 'ബോര്‍ഡര്‍ റോഡ്‌ ഒര്‍ഗനൈസേഷന്‍'ലെ ജീവനക്കാരും തൊഴിലാളികളും, അതുവഴിവന്ന CRPF-ലെ ജവാന്മാരും ചേര്‍ന്ന് മഴയെ വകവെക്കാതെ കല്ലും മണ്ണും പാതയില്‍നിന്നും നീക്കം ചെയ്യുകയാണ്‌. ഇവിടെ ഇങ്ങിനെ നില്‍ക്കുന്നതുതന്നെ വളരെ അപകടം പിടിച്ചതാണ്‌, എപ്പോഴാണ്‌ ചെറിയ കല്ലുകള്‍ മുകളില്‍ നിന്നും വീഴുക എന്ന്‌ പറയാന്‍ പറ്റില്ല. ഇതുപോലെ ഭാരതത്തിന്റെ പല അതിര്‍ത്തി പ്രദേശങ്ങളിലും കടുത്ത തണുപ്പും മഞ്ഞും മഴയും കൊണ്ട്‌, ചുരുങ്ങിയ സൗകര്യങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പാടുകള്‍ അനുഭവിച്ച്‌ നിത്യേന കഠിന ജോലി ചെയ്യുന്ന, ബോര്‍ഡര്‍ റോഡ്‌സിലേയും മറ്റ്‌ സേനാവിഭാഗങ്ങളിലേയും ജവാന്മാരുടേയും തൊഴിലാളികളുടേയും സേവനം, നാം ഇതുപോലുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ പലപ്പോഴും ഓര്‍ക്കാറേയില്ല. തടസ്സം മാറ്റികിട്ടാന്‍ ഇനിയും അരമണിക്കൂര്‍ കൂടി വേണ്ടിവരും. തടസ്സപ്പെട്ട റോഡിന്റെ അപ്പുറത്ത്‌ ധാരാളം വണ്ടികള്‍ കാത്തുനില്‍പ്പുണ്ട്‌. കുറെ കഴിഞ്ഞ്‌ തടസ്സമെല്ലാം നീക്കിയപ്പോള്‍ ബോര്‍ഡര്‍ റോഡ്‌സിലെ ജവാന്മാര്‍ക്കും തൊഴിലാളികള്‍ക്കും CRPFലെ ജവാന്മാര്‍ക്കും മനസ്സാലെ നന്ദി പറഞ്ഞുകൊണ്ട്‌ ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുറച്ചുദൂരം ചെന്നപ്പോള്‍ റോഡിന്റെ വലതുവശത്തായി രംഗാനദി കാണാറായി. അതിനു കുറുകെയുള്ള ഡാമിന്റെയും ടണ്ണലിന്റെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാറായി. ഇതിനേക്കാള്‍ വലിയ ജലസേചനപദ്ധതികള്‍ മറ്റ്‌ ജില്ലകളില്‍ പുരോഗമിക്കുന്നുണ്ട്‌. യാച്ചൂലി കഴിഞ്ഞപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞുതുടങ്ങി. യാച്ചൂലിയില്‍ നിന്നും ജീറോ വരെ റോഡിനിരുവശത്തും സുന്ദരമായി പൈന്‍ മരങ്ങളുടെ നിര കാണാം. ഇടക്കിടക്ക്‌ പച്ചയിലും ഇളംമഞ്ഞനിറത്തിലുമുള്ള മുള്ളില്ലാത്ത മുളംക്കൂട്ടങ്ങളും.ജീറോയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഹാപ്പോലി എത്തിയപ്പോഴേക്കും മഴയെല്ലാം മാറിയിരുന്നു. എങ്കിലും ഒരു മുന്‍കരുതല്‍ എന്ന നിലക്ക്‌ അവിടെ പരിചയക്കാരുടെ അടുത്ത്‌ നിന്നും ആനന്ദ്‌ രണ്ട്‌ മൂന്ന്‌ കുടകള്‍ സംഘടിപ്പിച്ചു. ഇനി അങ്ങോട്ട്‌ നടക്കാനുള്ളതാണ്‌, മഴ ഏതു സമയത്തും വരാം. ഹാപ്പോലിയില്‍ നേരത്തെ വന്നിട്ടുണ്ടെങ്കിലും, മഴ പെയ്തൊഴിഞ്ഞ ആ തെളിഞ്ഞ അന്തരീക്ഷത്തില്‍ പ്രകൃതി കുളിച്ച്‌ ഈറനുടുത്ത്‌ ഒരു യുവതിയെപ്പോലെ തോന്നി.

ജീറൊ - ഹാപ്പോലി

ഒരു കൊച്ചു ഇരട്ട നഗരമായ ജീറോ - ഹാപ്പോലി ഒരു ഹില്‍ സ്റ്റേഷന്‍ കൂടിയാണ്‌. സമുദ്രനിരപ്പില്‍നിന്നും ഏകദേശം 5500-ല്‍ കൂടുതല്‍ അടി ഉയരമുള്ള ഈ ഹില്‍ സ്റ്റേഷന്‍ നല്ല തണുപ്പുള്ള സ്ഥലമാണ്‌.


സിബെ എന്ന ഗ്രാമം വരെയെ വണ്ടി പോകാന്‍ പറ്റുകയുള്ളൂ. അവിടെ വണ്ടി നിര്‍ത്തിയിട്ട്‌ ഒരോ ചായ കുടിച്ച്‌ ഒന്ന്‌ ഉഷാറായി. നടക്കാനുള്ള തയ്യാറെടുപ്പിലേക്കായി കുത്തി നടക്കാന്‍ ഓരോ വടിയും സംഘടിപ്പിച്ചു. ആനന്ദ്‌ ഒരു ഗൈഡിനെപ്പോലെ ഒരോ സൗകര്യങ്ങള്‍ ചെയ്തുതന്നു. അയാള്‍ ജീറോയിലെ അപ്പാത്താനി വര്‍ഗ്ഗത്തിലുള്ള ആദിവാസിയാണ്‌. അതുകൊണ്ട്‌, ആ സ്ഥലത്തിനെക്കുറിച്ചും അവിടത്തെ ആളുകളെക്കുറിച്ചും നല്ലപോലെ അറിയാം. സിബെ-യില്‍ നിന്നും ഞങ്ങള്‍ ട്രെക്കിംഗ്‌ (പദയാത്ര) ആരംഭിച്ചു. ആദ്യം കുറച്ചുദൂരം കാട്‌ വെട്ടിത്തെളിച്ച കൃഷിസ്ഥലങ്ങളിലൂടെയും, ചെറിയ കാടുകളിലൂടെയുള്ള ഒറ്റവഴികളൂടെയായിരുന്നു. വഴിയില്‍ നാലഞ്ച്‌ സ്ഥലത്തായി മുളയും പുല്ലും കൊണ്ട്‌ നിര്‍മ്മിച്ച പുതിയ തല്‍ക്കാലിക കൊച്ചു കടകള്‍ വന്നിരിക്കുന്നു. ശിവലിംഗദര്‍ശനത്തിനായി പോകുന്നവര്‍ക്കായി ചന്ദനത്തിരി, കര്‍പ്പൂരം, നാളികേരം തുടങ്ങിയ പൂജാസാധനങ്ങളും ബിസ്കറ്റ്‌, പാനീയങ്ങള്‍ തുടങ്ങി മറ്റ്‌ സാധനങ്ങളും വില്‍പ്പനക്കായി വെച്ചിരിക്കുന്നു. ഞങ്ങള്‍ കുറച്ച്‌ പൂജസാധനങ്ങളും ബിസ്കറ്റും മിനറല്‍ വാട്ടറും വാങ്ങി കൈയില്‍ കരുതി. കുറച്ച്‌ കൂടി നടന്നപ്പോള്‍ വഴി അത്ര സുഗമമല്ലാതായി. നേരത്തെ ഇവിടമെല്ലാം ഇടതൂര്‍ന്ന കാടായിരുന്നു. കാലകാലങ്ങളില്‍ മരം വെട്ടിമാറ്റി ചിലയിടങ്ങളില്‍ കൃഷിയിറക്കിയിട്ടുണ്ട്‌. കൃഷിസ്ഥലത്തിലേക്ക്‌ പോകുന്നവരും വിറക്‌ ശേഖരിക്കാന്‍ പൊകുന്നവരും മാത്രം ഉപയോഗിക്കുന്ന ഇരുവശവും പുല്ല്‌ വളര്‍ന്ന്‌ നില്‍ക്കുന്ന ഒരു ഒറ്റവഴി. മഴ പെയ്തിരുന്നതിനാല്‍ ചിലയിടങ്ങളില്‍ വെള്ളവും ചെളിയും കെട്ടി നില്‍ക്കുന്നുണ്ട്‌. തെന്നിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു നടന്നു. വഴിയില്‍ ഇടക്കിടക്ക്‌ ശിവലിംഗദര്‍ശനം കഴിഞ്ഞ്‌ വരുന്ന ആള്‍ക്കാരെയും കണ്ടു. ഇന്ന്‌ മഴ പെയ്തതുകാരണം ആള്‍ക്കാര്‍ കുറവാണത്രേ. ഏകദേശം രണ്ട്‌ കി.മി. നടത്തം കഴിഞ്ഞപ്പോള്‍ മുന്നിലതാ വലിയൊരു മല. നല്ല ഉയരമുണ്ട്‌ മലയുടെ മുകളില്‍ അങ്ങ്‌ ഉള്‍ക്കാടിലാണ്‌ ശിവലിംഗം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌. പ്രത്യേകിച്ച്‌ വഴിയൊന്നുമില്ല.. ഇതിന്‌ മുന്‍പ്‌ ആള്‍ക്കാര്‍ നടന്ന വഴിനോക്കി കയറണം. എന്റെ ഈശ്വരാ.. നേരത്തേ ചില മലകള്‍ കയറിയിട്ടുണ്ടെങ്കിലും ഇങ്ങനെ കുത്തനെയുള്ള മല കയറി എനിക്ക്‌ നല്ല പരിചയം ഇല്ല. മലയുടെ അടിവാരത്തായി ചെറിയ ഒരു കുടിലും അതിനോട്‌ ചേര്‍ന്ന്‌ ഒരു താല്‍കാലിക കടയും. അഞ്ച്‌ മിനിറ്റ്‌ അവിടെയിരുന്ന്‌, വെള്ളം കുടിച്ച്‌ ക്ഷീണം മാറ്റി. ചിലയിടങ്ങളില്‍ ചെളിവെള്ളച്ചാലിലൂടെ നടന്നതുകാരണം പാന്റ്സിന്റെ താഴത്തെ ഭാഗമെല്ലാം നനഞ്ഞിട്ടുണ്ട്‌. അതെല്ലാം ഒന്ന്‌ ശരിയാക്കി. ഇനി കയറ്റം ആരംഭിക്കാം.കുത്തനെയുള്ള കയറ്റം, വടിയുടെ സഹായത്താല്‍ പതുക്കെ കയറിത്തുടങ്ങി. വഴി വളരെ തെന്നലുള്ളതാണ്‌. സൂക്ഷിച്ചില്ലെങ്കില്‍ നേരെ താഴോട്ടെത്താം. ഏകദേശം ഒന്ന്‌ ഒന്നര കി.മി. കൂടിയുണ്ട്‌. കുറച്ച്‌ കയറ്റം കഴിഞ്ഞപ്പോള്‍ കാലിന്റെ ശക്തിയെല്ലാം കുറയുന്നതുപോലെ ഒരു തോന്നല്‍. ഏകദേശം പകുതി കയറിക്കഴിഞ്ഞു. ഇനിയെങ്ങിനെയാ നിര്‍ത്തി മടങ്ങുന്നത്‌. അതു ശരിയല്ലല്ലോ.. തുടരുകതന്നെ. നല്ലപോലെ ക്ഷീണിച്ചുതുടങ്ങി.. ഇടതൂര്‍ന്ന വന്‍മരങ്ങളുള്ള ഉള്‍ക്കാടെത്തി. ചിലയിടത്തെല്ലാം വെള്ളവും ചെളിയും കെട്ടികിടന്ന്‌ നടക്കാന്‍ പറ്റാത്തവിധം തെന്നുന്നുണ്ട്‌. വള്ളികളിലും, ചെറുസസ്യങ്ങളുടെ ഇലകളിലും, പുല്ലുകളിലും ചെളിയിലുമെല്ലാം കറുത്ത ചെറിയ സൂചിപോലുള്ള അട്ടകള്‍ തലപൊക്കി ആടിക്കൊണ്ടിരിക്കുകയാണ്‌, ചാടി പിടിക്കാനായിട്ട്‌. പാന്റ്സില്‍ പറ്റിക്കൂടിയ ചിലതിനെയൊക്കെ വലിച്ച്‌ കളഞ്ഞു. നല്ല കയറ്റവും ചെരിവും ഉള്ള ഭാഗങ്ങളില്‍ നടക്കുന്നതിനായി പടവുകള്‍ വെട്ടിയിട്ടുണ്ടെങ്കിലും മഴ നനഞ്ഞ്‌ അത്‌ ഒന്നുകൂടി വഴുവഴുപ്പായിരിക്കുന്നു.ശിവലിംഗദര്‍ശനം:കുറച്ചുദൂരം കൂടി വന്‍മരങ്ങളുടെ ഇടയിലൂടെ വഴുവഴുപ്പുള്ള വഴിയില്‍ കൂടി നടന്നുകയറിയപ്പോള്‍ അതാ ദൂരെ ഒരു ചെറിയ കുന്നിന്‍ ചെരിവിലായി വളരെ പൊക്കം കൂടിയ ഒരു ശില കാണാറായി. അടുത്തെത്തിയപ്പോള്‍ അതു വ്യക്തമായി. ശിവലിംഗത്തിന്റെ ആകൃതിയില്‍ ആ അത്ഭുത ശില ദര്‍ശനമായി. തൊട്ടടുത്തുകൂടി ഒരു നീരുറവ ഒഴുകുന്നുണ്ട്‌. അവിടെ കൈകാല്‍ കഴുകി ശിവലിംഗത്തിനുമുമ്പില്‍ ചന്ദനത്തിരിയും കര്‍പ്പൂരവും കത്തിച്ചു. ആശ്ചര്യവും അത്ഭുതകരവുമായ ഒരു ദൃശ്യം തന്നെ.

ശിവലിംഗം 2004-ല്

പ്രത്യേകതകള്‍:
ഉപരിതലത്തില്‍നിന്നും 25 അടി ഉയരവും, 22 അടി വ്യാസവും (വണ്ണം) ഉള്ള പ്രകൃത്യാലുള്ള ഒരു വമ്പന്‍ ശില - ഈ കൊടുംകാട്ടിനുള്ളില്‍. ഇതുപോലുള്ള ശിലകള്‍ ആ കാട്ടിനടുത്തെങ്ങും കണ്ടില്ലെന്നതാണ്‌ ഒരു പ്രത്യേകത. (കിഴക്കന്‍ ഹിമാലയ പര്‍വതനിരകള്‍ താരതമ്യേന പഴക്കം കുറവായതുകൊണ്ട്‌, ദക്ഷിണേന്ത്യയില്‍ കാണുന്നതുപോലെ നല്ല കഠിനവും പഴക്കവുമുല്ല പാറകള്‍ ഇവിടെ കാണാറില്ല.) പരമശിവന്റെ കഴുത്തില്‍ നാഗം ചുറ്റികിടക്കുന്നതുപോലെ ഈ ശിവലിംഗത്തിനു മുകളില്‍ ഒരു ചുറ്റ്‌ വ്യക്തമായി കാണാം. താഴെ ശിവലിംഗത്തിന്റെ ഒരു വശത്തായി ശ്രീ ഗണപതിയുടെ മുഖവും തുമ്പിക്കൈയും പോലെ വളരെ വ്യക്തമായി ഒരു ശിലാഭാഗം മുന്നോട്ട്‌ തള്ളിനില്‍ക്കുന്നു. വേറൊരുവശത്ത്‌ ശ്രീ പാര്‍വതിയുടെ മുഖം പോലെ കാണാം. ശിവന്റെകൂടെ ഗംഗയെന്നപോലെ ശിവലിംഗത്തിന്റെ അടിഭാഗത്തുനിന്നും ചെറുതായിട്ടെങ്കിലും നിലക്കാതെ ജലം പ്രവഹിക്കുന്നുണ്ട്‌.ശ്രീ സിദ്ദേശ്വരനാഥ ക്ഷേത്രമെന്നാണ്‌ ഈ പുണ്യസ്ഥലത്തിനു നാമകരണം ചെയ്തിരിക്കുന്നത്‌. അവിടെ ഒരു താല്‍ക്കാലിക ഷെഡും പൂജാരിയും ഉണ്ട്‌. ആ സമയത്ത്‌ അവിടെ താമസസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ദിവസേന പൂജാരി വന്നു പൂജാകര്‍മ്മങ്ങള്‍ നടത്തി വൈകീട്ട്‌ തിരിച്ചുപോകുകയാണ്‌.

ഇത്രയേറെ പ്രത്യേകതകളുള്ള ഈ അത്ഭുതശില ഇത്രയും കാലം ഒരു വശം പാതി മണ്ണ്‌ മറഞ്ഞിട്ടും ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. എന്നെങ്കിലും മരംവെട്ടുകാരല്ലാതെ ആര്‌ ഇവിടെ വരാന്‍.
അത്ഭുത ദര്‍ശനം:
2004 ജൂലായില്‍ ഒരു ദിവസം ശ്രീ പ്രേം സുബ്ബ എന്ന ഒരു നേപ്പാളി മരംമുറിക്കാരന്‍ ഈ കാട്ടില്‍ നിന്നും ഒരു മരം മുറിക്കുകയായിരുന്നു. മരം നില്‍ക്കുന്ന പൊസിഷനനുസരിച്ചും മരം വെട്ടിയതനുസരിച്ചും ആ മരം പാതി മറഞ്ഞുകിടക്കുന്ന ഈ ശില (ലിംഗം)യുടെ പുറത്ത്‌ വീഴേണ്ടതായിരുന്നു. പക്ഷേ മരം വീണതോ ഈ ശില നില്‍ക്കുന്നിടത്തുനിന്നും കുറച്ച്‌ മീറ്റര്‍ അകലെ മാറി. ഇതെങ്ങിനെ സംഭവിച്ചു? ശ്രീ സുബ്ബക്ക്‌ അത്ഭുതമായി. അപ്പോഴാണ്‌ അയാള്‍ക്ക്‌ ഭൂമിയില്‍നിന്നും കുറച്ച്‌ ഉയര്‍ന്ന്‌ നില്‍ക്കുന്ന ഈ പ്രത്യേകതരം ശില കാണാനായത്‌. പെട്ടെന്ന്‌ അയാളുടെ മനസ്സില്‍ ഇങ്ങനെ തോന്നുകയുണ്ടായി - ഇത്‌ ഒരു സാധാരണ ശില അല്ലെന്നും അതു ശിവലിംഗമാണെന്നും അയാളുടെ മനസ്സില്‍ ദര്‍ശിക്കുകയുണ്ടായി. തനിക്കുണ്ടായ അനുഭവങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച ശ്രീ സുബ്ബ ഈ നടന്ന കാര്യങ്ങളെല്ലാം മറ്റുള്ളവരോട്‌ പറയുകയുണ്ടായി. അങ്ങിനെയാണ്‌ മറ്റ്‌ വിശ്വാസികള്‍ അവിടെയെത്തുകയും പാതി മണ്ണില്‍ മറഞ്ഞുകിടന്ന ശിവലിംഗം പൂര്‍ണ്ണ ദര്‍ശന യോഗ്യമാക്കുകയും ചെയ്തത്‌.വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കാഷ്മീരില്‍ ഒരു മുസ്ലീം ആട്ടിടയന്‍ അമര്‍നാഥില്‍ ഒരു ബൃഹത്തായ ഗുഹ കണ്ടെത്തുകയുണ്ടായി. അവിടെ ആ ഗുഹക്കകത്ത്‌ സ്വതവേ മഞ്ഞ്‌ ശിവലിംഗം രൂപപ്പെടുന്ന നിഗൂഡതപോലെയാണ്‌, ജീറോക്കടുത്ത്‌ ഈ കൊടുംകാട്ടില്‍ ഇത്ര ഉയരവും, വണ്ണവും പല പ്രത്യേകതകളുമുള്ള ഈ ശിവലിംഗം കണ്ടെത്തിയതെന്നുവേണം കരുതാന്‍.


‍ശിവലിംഗം 2006-ല്

"ശിവപുരാണം" 1893-ലെ എഡിഷണില്‍ 9ാ‍ം ഖണ്ഡത്തിലെ 17ാ‍ം അദ്ധ്യായത്തില്‍ പരമശിവന്‍ ഇങ്ങനെ പറയുന്നുണ്ടത്രേ -- "ഞാന്‍ ലിംഗത്തിന്റെ രൂപത്തില്‍ അവതരിക്കും. ആയതിനാല്‍ ആ സ്ഥലം ലിംഗാലയ എന്ന പേരില്‍ അറിയപ്പെടും. ബൃഹത്തായ ഈ ലിംഗം ശരിയായ രൂപത്തിലേക്ക്‌ രൂപാന്തരം പ്രാപിക്കും. ജനങ്ങളുടെ വിശ്വാസത്തിനും ആരാധനക്കുമായി ഞാന്‍ ഈ ലിംഗത്തിലേക്ക്‌ പ്രവേശിക്കും. ഈ സ്ഥലം അരുണാചല്‍ എന്ന പേരില്‍ അറിയപ്പെടും."

ഭക്തജനപ്രവാഹം:
ഈ വാര്‍ത്ത വന്നതിനുശേഷം, 2004 ജൂലായ്‌ മുതല്‍ നിറയെ ഭക്തജനങ്ങള്‍ ഈ സ്ഥലവും ശിവലിംഗവും ദര്‍ശിക്കുകയുണ്ടായി. തദ്ദേശികള്‍ക്കു പുറമെ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ എത്തുകയുണ്ടായി. പല മന്ത്രിമാരും ഗവര്‍ണ്ണരുടെ പത്നിയും പിന്നീട്‌ ഇവിടം സന്ദര്‍ശിച്ചു. ശ്രീ സിദ്ദേശ്വര്‍നാഥ്‌ ക്ഷേത്ര കമ്മിറ്റി രൂപികരിച്ച്‌ പിന്നീട്‌ ഇവിടേക്ക്‌ ഒരു കോണ്‍ക്രീറ്റ്‌ നടവഴിയും നിര്‍മ്മിച്ചിട്ടുണ്ട്‌. ജനങ്ങള്‍ക്ക്‌ ദര്‍ശനത്തിനും, നന്മയും അനുഗ്രഹവും ചൊരിയുന്നതിനായി ശിവലിംഗത്തോട്‌ ചേര്‍ന്ന്‌ ഒരു ക്ഷേത്രം നിര്‍മ്മിക്കാനും കമ്മിറ്റിക്ക്‌ പദ്ധതിയുണ്ട്‌.

‍ഭക്തജനങ്ങള്‍ ശിവലിംഗത്തില്‍ പൂജാ അര്‍ച്ചന നടത്തുന്നു

മടക്കയാത്ര:
ലോകത്തില്‍വെച്ച്‌ ഏറ്റവും ഉയരം കൂടിയ പ്രകൃതിയുടെ മടിത്തട്ടില്‍നിന്നും ഉയിര്‍ഭവിച്ച അനേകം പ്രത്യേകതകള്‍ ഉള്ള ഈ അത്ഭുത ശിവലിംഗം ദര്‍ശിച്ച്‌ സായൂജ്യമടങ്ങി ഞങ്ങള്‍ മടക്കയാത്രയായി. ഇവിടേക്ക്‌ വരാന്‍ കയറ്റമായിരുന്നെങ്കില്‍, മടക്കയാത്ര അതുപോലെ ഇറക്കമാണ്‌. മഴ ചെറുതായി ചാറ്റുന്നുണ്ട്‌. വഴി കൂടുതല്‍ തെന്നാന്‍ തുടങ്ങി. കയറ്റത്തിനേക്കള്‍ കഷ്ടകരമാണ്‌ ശരീരത്തിന്റെ ബാലന്‍സ്‌ പിടിച്ച്‌ കുത്തനെ ഇറങ്ങുന്നത്‌. ഒന്ന്‌ തെറ്റിയാല്‍മതി നടുവൊടിയാന്‍. പലയിടത്തും വീഴുമെന്നായിട്ടും, ഭാഗ്യത്തിന്‌ ശിവകൃപ കൊണ്ട്‌ വീണില്ല. ബാലന്‍സ്‌ പിടിച്ച്‌ മലയിറങ്ങിയതുകൊണ്ടാവണം, കാലിന്‌ വേദന. അങ്ങിനെ ഒരുവിധം താഴെയെത്തി, ലേശം വിശ്രമിച്ച്‌ വീണ്ടും നടന്നു. വണ്ടി പാര്‍ക്ക്‌ ചെയ്തിടത്ത്‌ എത്തി. ശരിക്കും ഒന്ന്‌ കൈകാല്‍ കഴുകി. പാന്റ്സില്‍ മുട്ടോളം വരെ ചെളി തട്ടിയിട്ടുണ്ട്‌.. കുറച്ചൊക്കെ വൃത്തിയാകി. സമയം മൂന്ന്‌ മണിയായി. നല്ല വിശപ്പ്‌. അടുത്ത്‌ ജീറൊ ടൗണില്‍ പോയി ആനന്ദിന്റെ ഒരു ബന്ധുവീട്ടില്‍ കയറി. നേരത്തെ അറിയിച്ചിരുന്നതൊകൊണ്ട്‌ ആഹാരം റെഡി. ആഹാരം കഴിച്ച്‌ ടൗണില്‍ ഒന്ന്‌ ചുറ്റിയടിച്ച്‌ നാലരയോടെ ഞങ്ങള്‍ ഇറ്റാനഗറിലേക്ക്‌ മടക്കയാത്ര ആരംഭിച്ചു -- മലകയറ്റത്തിന്റെ ക്ഷീണം ശരീരത്തിലും, ശിവലിംഗദര്‍ശനസായൂജ്യം മനസ്സിലും പേറി.

കൃഷ്‌ krish

Tuesday, November 14, 2006

ഏകാന്തപഥികന്‍ ഞാന്‍

ഏകാന്തപഥികന്‍ ഞാന്‍..നീയോ..ഏകസാക്ഷിയോ..


മേഘപടലങ്ങള്‍ മലനിരകളെ തഴുകിയപ്പോള്‍


ഹിമവാനെ പുണര്‍ന്ന മഴമേഘങ്ങള്‍..

കൃഷ്‌ krish

മൃഗശാലയിലെ ചില കാഴ്ചകള്‍


ചില മൃഗശാല കാഴ്ചകള്‍.


ടാങ്കില്‍ വെള്ളം നിറച്ചിട്ട്‌ കാലമേറെയായി.. ബക്കറ്റിലെ കുടിവെള്ളവും തീര്‍ന്നുപോയി. ഇനി എന്നാണാവോ ഒന്ന്‌ നല്ല വെള്ളത്തില്‍ കുളിക്കാന്‍ പറ്റുക..


ഒന്നു സ്വൈരം തരില്ലാന്നുവെച്ചാല്‍



യോഗാ ക്ലാസ്സ്‌. കൊറ്റിയാസനം


കണ്ടോ.. എന്റെ വിഷമെല്ലാം ഊറ്റിയെടുക്കാനുള്ള പുറപ്പാടാണ്‌.. മനസ്സില്‍ കടും വിഷം പേറി നടക്കുന്നവരുടെ വിഷം ആര്‌ ഊറ്റിയെടുക്കും?..

മൂന്ന്‌ ദിവസമായി കാര്യമായി വല്ലതും കഴിച്ചിട്ട്‌.. ഇന്നെന്താണാവോ..

.കൃഷ്‌ krish

Friday, October 20, 2006

ദീപാവലി -- സഹസ്ര ദീപങ്ങളുടെ ഉത്സവം.


തമസോ മാ ജ്യോതിര്‍ഗമയ:

ദീപാവലി -- സഹസ്ര ദീപങ്ങളുടെ ഉത്സവം.

ദീപം നമ്മള്‍ക്കെല്ലാവര്‍ക്കും വെളിച്ചം പ്രദാനം ചെയ്യുന്നു.

അറിവിന്റെ വെളിച്ചം, അജ്ഞതയുടെ അന്ധകാരം നീക്കി നല്ലത്‌ കാണാനും കേള്‍ക്കാനും പ്രവര്‍ത്തിക്കാനും കഴിയട്ടെ.

സ്നേഹത്തിന്റെ വെളിച്ചം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടേയും മൂടുപടലം നീക്കി സന്തോഷം നല്‍കട്ടെ.

സമാധാനത്തിന്റെ വെളിച്ചം, ശത്രുതയുടേയും പ്രതികാരത്തിന്റെയും കറുത്ത മറ നീക്കി ലോകസമാധാനം നല്‍കുമാറാകട്ടെ.

ലോകാ സമസ്താ സുഖിനോ ഭവന്തു.

ബൂലോഗത്തുള്ള എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍.

Saturday, October 07, 2006

"മഴയില്‍ കുതിര്‍ന്ന രാത്രി" - ഭാഗം രണ്ട്‌.

"മഴയില്‍ കുതിര്‍ന്ന രാത്രി" - (ഭാഗം രണ്ട്‌. ) (ഭാഗം ഒന്ന്‌ ഇവിടെ)
"എനിക്ക്‌ രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കാം"
----

രാത്രിയില്‍ കനത്ത മഴയില്‍ റോഡ്‌ വ്യക്തമായി കാണാന്‍ പറ്റുന്നില്ല. മുഖത്തേക്കു വലിയ മഴത്തുള്ളികള്‍ പതിക്കുന്നു, കുറച്ചൊക്കെ മൂക്കിനകത്തേക്കും ചുണ്ടിലൂടെ വായിനകത്തേകും കടക്കാന്‍ ശ്രമിച്ചു. ഒരുവിധം ക്വാര്‍ടേഴ്സിലെത്തി വണ്ടി പാര്‍ക്ക്‌ ചെയ്ത്‌ വീട്ടിനകത്തേക്കു കയറി. കൈയ്യ്‌ കാല്‌ മുഖം കഴുകി വേഗം എന്തെങ്കിലും കഴിച്ചു ഒന്നു കിടക്കണം. റെയിന്‍കോട്ടിലൂടെ വെള്ളം താഴേക്കു ഊര്‍ന്നുവീഴുന്നുണ്ട്‌. കോട്ട്‌ ഊരിവെച്ച്‌ അടുത്ത കാലെടുത്തു വെച്ചതും.. പ്‌തോന്ന് വഴുതി വീണതും ഒരുമിച്ചായിരുന്നു. "അയ്യോാ.." നിലവിളി കേട്ട്‌ സഹധര്‍മ്മിണി ഓടിയെത്തി.. "വല്ലതും പറ്റിയൊ.." " ഉം.. എണീറ്റ്‌നോക്കിയിട്ട്‌ പറയാം." (നല്ല മിനുസമുള്ള്‌ തറയില്‍ കോട്ടില്‍നിന്നുള്ള വെള്ളം വീണിരുന്നത്‌ തിടുക്കത്തില്‍ ശ്രദ്ധിച്ചിരുന്നില്ല.) നല്ല വേദന, കയ്യ്‌ ഓടിഞ്ഞോ എന്നൊരു ചെറിയ സംശയം. ഇടുപ്പും കയ്യും കുത്തിയാണ്‌ വീണത്‌. ഇടുപ്പിനും ചെറിയ വേദന. എഴുന്നേറ്റ്‌ നോക്കിയപ്പോള്‍ വലിയ കുഴപ്പമൊന്നുമില്ല. കയ്യും മുഖവും കഴുകി നോക്കിയപ്പോഴുണ്ട്‌ ഇടത്‌ കൈമുട്ടിനു താഴെ ചെറുതായി ചോര പൊടിഞ്ഞ്‌ തടിച്ചിരിക്കുന്നു. ലോഷന്‍ കൊണ്ട്‌ കഴുകി, വേദനയുള്ള ഭാഗത്ത്‌ moov പുരട്ടി. കുറച്ച്‌ കഴിഞ്ഞ്‌ ആഹാരവും കഴിച്ച്‌ കൈ കഴുകി. അതാ മഴയുടെ ശബ്ദം പെട്ടെന്നു നിന്നിരിക്കുന്നു. പുറത്ത്‌ ചെന്നുനോക്കിയപ്പോല്‍ ആകാശത്ത്‌ കാര്‍മേഘങ്ങളില്ല. ചന്ദ്രനേയും കാണാം. ആകാശം കണ്ടാല്‍ ഇത്രനേരം ശക്തിയായിട്ട്‌ മഴ പെയ്തതാണെന്നു തോന്നുകയില്ല. (മഴ ഇവിടെ നിന്നെങ്കിലും, പിന്നിടറിയാന്‍ കഴിഞ്ഞതെന്തെന്നാല്‍, പരിപാടി കഴിഞ്ഞ്‌ ഇവിടെനിന്നും 16 കി.മി. ദൂരെ നീര്‍ജുലിയിലേക്കു പോയവരുടെ പിറകേ 'മീന്‍കാരന്റെ പിറകേ പട്ടിയെന്ന കണക്കെ' കനത്ത മഴ പിന്തുടരുകയും അവിടെ ഒന്നര മണിക്കൂറോളം താണ്ഠവനൃത്തമാടുകയും ചെയ്തുവെന്നാണ്‌.) ഓ.. ആള്‍ക്കാരെ മെനക്കെടുത്താന്‍ വന്ന ഒരു മഴ. മഴയെ മനസ്സില്‍ ശപിച്ചുകൊണ്ട്‌ ബെഡ്‌റൂമിലേക്ക്‌ കാലെടുത്തുവെച്ചതും ഇടത്‌ കാലില്‍ നിന്നും എന്തോ തെറിച്ച്‌പോയപോലെ. നോക്കിയപ്പോഴുണ്ട്‌ അതാ കിടക്കുന്നു ചോര കുടിച്ച്‌ വിര്‍ത്ത ഒരു അട്ട. കാലിന്റെ ചെറുവിരലിനടുത്തുനിന്നും ചോരയും വരുന്നു. അമ്പട വീരാ.. എന്റെ ശരീരത്തില്‍ നിന്നും വിലപ്പെട്ട ഇത്രയും ചോര വലിച്ചൂറ്റിയിട്ടും മതിയായില്ലാല്ലേ. ആശാന്‍ വിടാനുള്ള മട്ടിലല്ലായിരുന്നു. കാല്‍ വേഗത്തില്‍ എടുത്ത്‌വെച്ചപ്പോള്‍ പിടിവിട്ട്‌ തെറിച്ച്‌പോയതാണ്‌. "എനിക്കു രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം തരാം" എന്ന്‌ ഒരു മഹാനായ സ്വാതന്ത്ര്യ പോരാളി പറഞ്ഞിട്ടുണ്ടല്ലോ.. ആ തത്വവും ഉള്‍ക്കൊണ്ട്‌ ക്വോട്ട മുഴുവന്‍ ഊറ്റുന്നതിനിടയിലാണ്‌ ബാലന്‍സ്‌ തെറ്റി ഇവന്‍ തെറിച്ച്‌ പോയത്‌. മഴയത്ത്‌ ഹാളിനടുത്ത്‌നിന്നും വണ്ടിയെടുക്കുമ്പോള്‍ കാലില്‍ കയറിപിടിച്ചതായിരിക്കണം. ആദ്യം ഇവനെ ശരിയാക്കിയിട്ടുതന്നെ അടുത്തകാര്യം. ഒരു തുണ്ട്‌ കടലാസില്‍ കോരിയെടുത്ത്‌ പുറകിലെ വരാന്തയില്‍ വെച്ചു. കുറച്ച്‌ ഉപ്പ്‌ എടുത്ത്‌, ഇത്രനേരം എന്റെ കാലില്‍ കിടന്ന്‌ രക്തം വലിച്ചൂറ്റി ശബ്ദമില്ലാതെ 'അട്ട'ഹസിച്ചുകൊണ്ടിരുന്ന അട്ടയുടെ പുറത്തിട്ട്‌ ഞാന്‍ സായൂജ്യൂം കൊണ്ടു. അപ്പോള്‍ തോന്നി കുറച്ച്‌ കോളയോ പെപ്സിയോ ഉടന്‍ കിട്ടിയിരുന്നെങ്കില്‍ ഒരു പരീക്ഷണം നടത്തി നോക്കാമായിരുന്നു. നാടെങ്ങും കോളയില്‍ വിഷാംശമുണ്ടെന്നും, കീടനാശിനിയുടെ അളവ്‌ കൂടുതലായി പരീക്ഷണത്തില്‍ കണ്ടുവെന്നുമാണല്ലോ റിപ്പോര്‍ട്ട്‌. അത്‌ സ്വന്തമായി ഒന്ന്‌ പരീക്ഷിച്ചുനോക്കാനുള്ള ഒരു അവസരമല്ലേ നഷ്ടമായത്‌. നാലഞ്ചു തുള്ളി അട്ടവീരന്റെ പുറത്ത്‌ ഒഴിച്ചാല്‍ അതുകഴിച്ച്‌ ഒന്നുകൂടി വീര്‍ക്കുമോ അതോ വിഷമദ്യം കഴിച്ചപോലെ വടിയാകുമോ എന്നു പരീക്ഷിക്കാനുള്ള ചാന്‍സ്‌ അല്ലേ പോയത്‌. അയ്യോ..കാലിലെ അട്ട കടിച്ച ഭാഗത്തുനിന്നും ചോര ചെറുതായി വാര്‍ന്നുകൊണ്ടിരിക്കുന്നു. നല്ലപോലെ കഴുകി.. പിന്നെയും വരുന്നു. ഇതിനുമുന്‍പ്‌ നാലഞ്ചുവട്ടം അട്ടകടിച്ച്‌ അലര്‍ജി ആയ അനുഭവം ഉള്ളതുകൊണ്ട്‌ ഇപ്രാവശ്യം ചോരയുടെ ഒഴുക്ക്‌ തടഞ്ഞില്ല. പോകുന്നത്ര പോകട്ടെ. കഴുകുന്നു. പിന്നെയും വരുന്നു. മതി ഇത്രയൊക്കെ പോയാല്‍ മതി. ഞാന്‍ ലേശം പഞ്ഞിയെടുത്ത്‌ മുറിഭാഗത്ത്‌ വെച്ച്‌ കിടന്നുറങ്ങാനായി കിടപ്പുമുറിയിലേക്കു കയറി. കിടന്നപ്പോള്‍ ആലോചിച്ചു അല്ലാ 'രക്തസാക്ഷി' ആയത്‌ അട്ടയാണെങ്കിലും ആ രക്തം മുഴുവന്‍ എന്റേതല്ലേ. അപ്പോള്‍ പിന്നെ 'രക്തസാക്ഷി' ആരാ?... ഓ. സാരമില്ല. ഞാന്‍ സ്വയം ആശ്വസിച്ചുകൊണ്ട്‌ നിദ്രയുടെ മടിത്തട്ടിലേക്ക്‌ ഊര്‍ന്നിറങ്ങി. അപ്പോള്‍ സ്വപ്നത്തിന്റെ ഫ്ലാഷ്‌ബാക്കില്‍ 70 mm-ല്‍ എന്തൊക്കെയോ തെളിയുന്നുണ്ടായിരുന്നു.

Tuesday, October 03, 2006

ചിക്കന്‍ സ്പെഷല്‍.

ചിക്കന്‍ സ്പെഷല്‍.

അകലെയുള്ള ഒരു ബന്ധു ഗുരുതരമായ ഒരു അസുഖം ബാധിച്ച്‌ ആശുപത്രിയിലാണെന്നറിഞ്ഞ്‌, നാട്ടിന്‍പുറത്തുകാരന്‍ കിട്ടേട്ടന്‍ നഗരത്തിലെ ആശുപത്രിയിലെത്തി. ബന്ധുവായ രോഗിയെ കണ്ടു, വാങ്ങി കൊണ്ടുവന്ന പഴങ്ങള്‍ നല്‍കി, രോഗവിവരം അടുത്തുള്ള വേറൊരു ബന്ധുവില്‍ നിന്നും അറിഞ്ഞു. ഏതോ പുതിയ രോഗമാണത്രേ. ചിക്കന്‍കുണിയയോ, ചിക്കന്‍മണിയോ, അങ്ങിനെ എന്തോ ഒന്ന്‌. ഇതുവരെ കേട്ടിട്ടില്ല. ഇതു ബാധിച്ച്‌ നിറയെ പേര്‍ ആശുപത്രിയില്‍ കിടപ്പുണ്ട്‌. ചിലരൊക്കെ രോഗം മൂത്ത്‌ ചത്ത്‌ പോയതായി അറിയാന്‍ കഴിഞ്ഞു. ദൈവമേ. എന്തായാലും നമ്മുടെ ബന്ധുവിന്‌ സീരിയസ്സ്‌ അല്ലത്രേ. മൂന്ന്-നാല്‌ ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാം. സമാധാനം. നേരം ഉച്ചയായി. വൈകുന്നതിനുമുന്‍പ്‌ ബസ്സ്‌ പിടിച്ച്‌ വീട്ടിലെത്തണം. വിശപ്പുതടങ്ങി. ബന്ധുക്കാരോട്‌ യാത്ര പറഞ്ഞ്‌ കിട്ടേട്ടന്‍ ബസ്സ്‌ സ്റ്റാന്റിലേക്ക്‌ ഒരു ഓട്ടൊ പിടിച്ച്‌ പോയി. അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി. വല്ലതും കഴിച്ചുകളയം. വീടെത്തുമ്പോള്‍ നേരമാകും. വെയിറ്റര്‍ വന്നു.
"എന്ത്‌ വേണം"
"ഒരു ചോറ്‌",
"സ്പെഷല്‍ കറികള്‍ എന്തെങ്കിലും?"
"എന്തുണ്ട്‌?"
'ചിക്കന്‍കറി, ചിക്കന്‍ഫ്രൈ, ചിക്കന്‍ 65, ചില്ലി ചിക്കന്‍,,,"
"ടോ.. എന്നെ കൊലക്‌ക്‍കൊടുത്തേ മതിയാകൂ... അല്ലേ നിനക്ക്‌", കിട്ടേട്ടന്‍ പൊട്ടിത്തെറിച്ചു.
"ഇപ്പൊഴല്ലേ മനസ്സിലായത്‌ ഈ പുതിയ പുതിയ അസുഖങ്ങളൊക്കെ എവിടുന്നാ വരുന്നതെന്ന്‌"
കിട്ടേട്ടന്‍ ഒന്നും കഴിക്കാതെ അവിടെനിന്നും നേരെ ബസ്സില്‍ കയറിയിരുന്നു. "ഇനി വീട്ടില്‍ചെന്നേ വല്ലതും കഴിക്കൂ".
പാവം കിട്ടേട്ടന്‍ ചിക്കനും, ചിക്കുന്‍ഗുന്യയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന കാര്യം മനസ്സിലാക്കിയിരുന്നില്ല.

ശശി തരൂരിന്റെ പിന്‍വാങ്ങല്‍ - മാനം രക്ഷിച്ചു.

ശശി തരൂരിന്റെ പിന്‍വാങ്ങല്‍ - മാനം രക്ഷിച്ചു.

അടുത്ത ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലേക്കായി ഇന്ത്യയുടെ ഓദ്യോഗിക സ്ഥാനാര്‍ഥിയായി പ്രശസ്ത എഴുത്തുകാരനും മലയാളിയും ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍സെക്രട്ടറി ജനറല്‍ പദവിയും വഹിക്കുന്ന ശ്രീ ശശി തരൂരിന്റെ പേര്‌ പ്രഖ്യാപിച്ചപ്പോള്‍ എന്തൊരു കൊട്ടിഘോഷങ്ങളായിരുന്നു. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ശശി തരൂരിന്റെ പേരും ചിത്രവും ഇന്റര്‍വ്യൂകളും ഇടക്കിടക്കെ നിറഞ്ഞു. ഒരു എഴുത്തുകാരനെന്നതിനുപുറമെ ഒരു ഇന്ത്യക്കാരനാണ്‌, പ്രത്യേകിച്ച്‌ ഒരു മലയാളിയാണ്‌ അടുത്ത U.N. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ മല്‍സരിക്കാന്‍ പോകുന്നതെന്ന്‌ കേട്ടപ്പോള്‍ നമുക്കെല്ലാം എന്തൊരു അഭിമാനമായിരുന്നു.

ഏതൊരു മലയാളിയും ഈ കാര്യത്തില്‍ അഭിമാനം കൊണ്ടപ്പോള്‍ എനിക്ക്‌ ഒന്നുകൂടി അഭിമാനിക്കനുണ്ടായിരുന്നു. ശ്രീ ശശി തരൂരിന്റെ അച്ചന്റെ (ശ്രീ ചന്ദ്രന്‍ തരൂര്‍, തരൂര്‍ വീട്‌, ചിറ്റലംചേരി) വീടും എന്റെ വീടും ഒരേ സ്ഥലത്താണ്‌. എന്റെ ഭാര്യാഗൃഹവും, ശ്രീ ശശി തരൂരിന്റെ അമ്മവീടും (മുണ്ടാരത്ത്‌ വീട്‌, എലവഞ്ചേരി) ഒരേ പഞ്ചായത്തിലാണ്‌. ഇതറിഞ്ഞ ഞാനൊന്ന്‌ ശരിക്കും അഭിമാനിച്ചു.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടത്തുന്ന straw poll-ല്‍ കുറച്ച്‌ ദിവസം മുന്‍പ്‌ വരേയും സാമാന്യം നല്ല പോസിറ്റീവ്‌ വോട്ട്‌ നേടി രണ്ടാം സ്ഥാനത്ത്‌ നിന്നപ്പോള്‍ പ്രതീക്ഷക്ക്‌ ശക്തിയേറി. എന്റെ നാട്ടുകാരന്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്താന്‍ പോകുന്നു. പക്ഷേ ഇന്നലത്തെ straw poll-ല്‍ സ്ഥിതി ആകെ തകിടം മറിഞ്ഞു. ശശി തരൂര്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്തി തെക്കന്‍ കൊറിയയുടെ ബാന്‍ കി-മൂണ്‍-ല്‍ നിന്നും വളരെ പിറകില്‍.
കി-മൂണ്‍ രക്ഷാസമിതിയിലെ veto അധികാരമുള്ള 5 സ്ഥിരാംഗളുടെ പോസിറ്റിവ്‌ വോട്ട്‌ അടക്കം 15-ല്‍ 14 വോട്ട്‌ നേടി തന്റെ നില ഭദ്രമാക്കി. ഇതിലേറെ വേദനാജനകം veto അധികാരമുള്ള 5 സ്ഥിരാംഗളില്‍ ഒരു അംഗരാജ്യം ഇന്ത്യയുടെ ഓദ്യോഗിക സ്ഥാനാര്‍ത്തിക്കെതിരെ നെഗറ്റീവ്‌ വോട്ട്‌ ചെയ്തതാണ്‌.veto അധികാരമുള്ള രക്ഷാസമിതിയിലെ ഏതെങ്കിലും ഒരു അംഗരാജ്യം നെഗറ്റീവ്‌ വോട്ട്‌ ചെയ്താല്‍ ആ സ്ഥാനാര്‍ത്തി തോല്‍ക്കുമെന്നുറപ്പ്‌.
പിന്നെയെന്തിനു മല്‍സരിക്കണം. ശ്രീ ശശി തരൂര്‍ തക്ക സമയത്ത്‌ ശരിയായ തീരുമാനം തന്നെ എടുത്തു. മല്‍സരത്തില്‍നിന്നും പിന്‍വാങ്ങുക. തന്റേയും ഇന്ത്യയുടേയും മാനം രക്ഷിക്കുക. ഇനി അദ്ദേഹം ഇപ്പൊഴുള്ള പദവിയില്‍ തുടരണോ വേണ്ടയോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ. കടുത്ത അന്തര്‍ദേശിയ lobbying-ല്‍ സ്വന്തം കഴിവുകൊണ്ട്‌ ഇത്രയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതില്‍ നമുക്ക്‌ ശ്രീ ശശി തരൂരിനെ അഭിനന്ദിക്കാം.

ഒരു ചോദ്യം ബാക്കിയാവുന്നു. ഇതിനു മുമ്പിലത്തെ straw poll വരെയും കി-മൂണ്‍-ന്റെ തൊട്ടുപുറകെ കുറെ പോസിറ്റിവ്‌ വോട്ടുകളോടെ രണ്ടാം സ്ഥാനതുണ്ടായിരുന്ന ശശി തരൂര്‍ എങ്ങിനെ കഴിഞ്ഞ straw poll-ല്‍ ഏറെ പിന്നിലായത്‌. UN രക്ഷാസമിതിയിലെ veto അധികാരമുള്ള ഏത്‌ രാജ്യമാണ്‌ ഇന്ത്യയുടെ ഓദ്യോഗിക സ്ഥാനാര്‍ത്തിക്കെതിരെ നെഗറ്റീവെ വോട്ട്‌ ചെയ്തത്‌?.. അമേരിക്കയോ.. ചൈനയോ...
ഇതേ സന്ദര്‍ഭത്തില്‍ രണ്ട്‌ കാര്യങ്ങള്‍ കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌. 1) ഇന്നലെ അമേരിക്ക പാക്കിസ്താന്‌ കൂടുതല്‍ F-16 പോര്‍വിമാനം നല്‍കാന്‍ സമ്മതിച്ചു. 2) വിഴിഞ്ഞം അന്തര്‍ദേശീയ ആഴക്കടല്‍ ചരക്ക്‌ കടത്ത്‌ തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ ചൈനീസ്‌ കമ്പനിക്ക്‌ കൊടുക്കുന്നത്‌ സുരക്ഷാകാരണം പറഞ്ഞ്‌ കേന്ദ്രഗവണ്‍മന്റ്‌ അനുമതി നല്‍കാതിരുന്നതും, ചൈനീസ്‌ അധികൃതരുടെ മുറുമുറുപ്പും. നമ്മുടെ വിദേശ നീതിയെക്കുറിച്ച്‌ എന്തെങ്കിലും പറയുന്നത്‌ ഓചിത്യമാവുകയില്ല.
എന്തുതന്നെയായാലും ശശി തരൂര്‍ ഇന്ത്യയുടെ മാനം രക്ഷിച്ചു. മല്‍സരരംഗത്ത്‌ ഇനിയും നിന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയുടെ മാനം...!!
(NB: ഈ കുറിപ്പ്‌ തികച്ചും വ്യക്തിപരമായ ഒരു വീക്ഷണം മാത്രം, തെറ്റുണ്ടെങ്കില്‍ പൊറുക്കുമല്ലോ)

Monday, October 02, 2006

കുസൃതി ചോദ്യങ്ങള്‍. (Funny Questions)

കുസൃതി ചോദ്യങ്ങള്‍. (Funny Questions)
(വായിച്ചാലും ദഹിക്കാത്ത ചില മോഢേണ്‍ ബ്ലോഗുകള്‍ വായിക്കുന്നതിനിടക്ക്‌ ഒരല്‍പ്പം കുസൃതിചോദ്യം.)

1. മൂന്ന്‌ ആനക്കുട്ടികള്‍ ഒന്നിനുപിറകെ ഒന്നായി (വരിവരിയായി) ഒരു പുഴ നീന്തി കടക്കുകയായിരുന്നു. ഒന്നാമത്തെ ആന കുനിഞ്ഞ്‌ നോക്കിയപ്പോള്‍ സ്വന്തം കാലും രണ്ടാമത്തെ ആനയുടെ കാലും കണ്ടു. ഏന്തുകൊണ്ട്‌ മൂന്നാമത്തെ ആനയുടെ കാല്‌ കണ്ടില്ല?

2. വെട്ടിയാലും വെട്ടിയാലും നീളം കൂടുന്നതെന്ത്‌?

3. രുചി അറിയാന്‍ പറ്റാത്ത നാവ്‌?

4 .പൊടിയിട്ടാല്‍ വടിയാവുന്നതെന്ത്‌?

5. ഒരു മനുഷ്യന്‍ നടക്കുന്നത്‌ ------------ ഇങ്ങനെ..
ഒരു മദ്യപിച്ച മനുഷ്യന്‍ നടക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
എന്നാല്‍ മദ്യപിച്ച ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ എങ്ങിനെയായിരിക്കും?

6. രാമസ്വാമി-യുടെ ഓപ്പോസിറ്റ്‌ എന്താണ്‌?

........

ഉത്തരങ്ങള്‍ക്ക്‌ comments-ല്‍ click ചെയ്യുക.

Thursday, September 28, 2006

നവരാത്രി ആശംസകള്‍

ഓം ഹരിശ്രീ ഗണപതായെ നമഃ

വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദരൂപി
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തി
വെള്ളത്തിലെത്തിരകള്‍തള്ളിവരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ.

യാ ദേവി സര്‍വ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യേ നമസ്തസ്യേ
നമസ്തസ്യേ നമോനമഃ


ദുര്‍ഗ്ഗാ പൂജ, വിദ്യാരംഭം, നവരാത്രി
ആശംസകള്‍

Wednesday, September 27, 2006

ആനയും മനുഷ്യനും തമ്മിലുള്ള പോര്‌ മുറുകുന്നു. Fight for survival ?

Fight for survival?
ആനപ്രേമികളേ.. ഇതൊന്നു വായിക്കൂ..

ആനയും മനുഷ്യനും തമ്മിലുള്ള പോര്‌ മുറുകുന്നു.
---
മനുഷ്യരും വിശന്നുവലയുന്ന ആനകളും തമ്മിലുള്ള പോര്‌ വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നു. ഇതിനെ സംബന്ധിച്ച്‌ വിദഗ്ദര്‍ അടുത്തയാഴ്ച ഒരു യോഗം കൂടുവാന്‍ ആലോചിക്കുന്നു.
വന്യജീവി വകുപ്പിന്റെ കണക്കുപ്രകാരം ആസ്സാമില്‍ മാതൃം കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തില്‍ ആനകള്‍ കൊന്നത്‌ 239 പേരെയാണെങ്കില്‍, ഇതേ കലയളവില്‍ മനുഷ്യന്‍ കൊല ചെയ്ത ആനകളുടെ എണ്ണം 265 ആണത്രേ. (മനുഷ്യര്‍ തന്നെ കൂടുതല്‍ സ്കോര്‍ ചെയ്തത്‌ - നമുക്ക്‌ സന്തോഷിക്കാം.?)
വനപ്രദേശങ്ങള്‍ കുറഞ്ഞുവരുന്നതും, ആനകളുടെ സ്വതവേയുള്ള വാസപ്രദേശത്തെ മനുഷ്യര്‍ അതിക്രമിച്ച്‌ കൈയടക്കുന്നതുകാരണം, ആനകള്‍ അവയുടെ വാസസ്ഥലം വിട്ട്‌ ആഹാരം തേടി മനുഷ്യര്‍ പാര്‍ക്കുന്നിടത്തേക്ക്‌ പോകാന്‍ നിര്‍ബ്ബന്ധിതരാകുന്നു. മുഖ്യവന്യജീവിപാലകന്‍ ശ്രീ എം. സി. മാലാകാര്‍ പറയുന്നു - "മനുഷ്യനും ആനകളും തമ്മിലുള്ള യുദ്ധം വളരെ ഗുരുതരമാണ്‌"..

ഈ പോരാട്ടം കുറക്കുന്നതിനു വേണ്ടിയാണ്‌ കാസിരംഗ വന്യജീവി സങ്കേതത്തില്‍ യോഗം കൂടുന്നത്‌. ഇതില്‍ വന്യജീവി സംരക്ഷകരും, വന്യജീവിപാലകരും, ഗ്രാമമുഖ്യന്മാരും പങ്കെടുക്കുന്നുണ്ട്‌.ആനക്കൂട്ടങ്ങള്‍ അവയുടെ വാസപ്രദേശത്തുനിന്നും ആഹാരം തേടി മനുഷ്യവാസസ്ഥലങ്ങളിലേക്ക്‌ ഇറങ്ങുന്നതായിട്ടാണ്‌ കാണുന്നത്‌. ഉപഗ്രഹചിത്രങ്ങള്‍ കാണിക്കുന്നത്‌, 1996നും 2000നും ഇടയില്‍ ആസ്സാമില്‍ 280000 ഹെക്ടര്‍ ഇടതൂര്‍ന്ന വനഭൂമിയാണ്‌ ഗ്രാമവാസികള്‍ അതിക്രമിച്ച്‌ കയ്യേറിയിരിക്കുന്നത്‌.ഗ്രാമവാസികളെ സംബന്ധിച്ച്‌ ആനകള്‍ ഒരു വര്‍ദ്ധിച്ചുവരുന്ന പ്രശ്നമായതുകൊണ്ട്‌, അവയോട്‌ വളരെ കുറഞ്ഞ സഹിഷ്ണുതയാണ്‌ ജനങ്ങള്‍ കാണിക്കുന്നത്‌. മിക്കവാറും ആനകളെ വിഷം കൊടുത്താണ്‌ കൊല്ലുന്നത്‌.പണ്ടൊക്കെ പടക്കം പൊട്ടിച്ചും ചെണ്ട കൊട്ടിയും ആനകളെ വിരട്ടിയോടിക്കുകമാത്രമാണ്‌ ചെയ്തിരുന്നത്‌.
കഴിഞ്ഞ കുറെ മാസങ്ങളായി, ആനക്കൂട്ടങ്ങള്‍ ആസ്സാമിന്റെ ചില ഭാഗങ്ങളില്‍ കടന്നുചെല്ലുകയും, ചോറ്‌ പുളിപ്പിച്ച്‌ ഉണ്ടാക്കുന്ന ഒരു തരം നാടന്‍ മദ്യം കഴിക്കുകയും ചെയ്തശേഷം, അവിടെയെല്ലാം നാശം വിതക്കുകയാണ്‌ ചെയ്യുന്നത്‌.

(രണ്ട്‌ ദിവസം മുമ്പ്‌ 'ദി ഹിന്ദു'വില്‍ വന്ന ഒരു വാര്‍ത്തശകലത്തിന്റെ സ്വതന്ത്രവിവര്‍ത്തനം)

Monday, September 25, 2006

Amma celebrates 53rd Birth Day on 27th Sept 2006.

Sadguru Mata Amritanandamayi celebrates her 53rd Birth Day on 27th September, 2006.
Thousands of pranamams to Amma
.

സ്നേഹാലോക സുമോഹന വദനാം
കരുണാര്‍ദ്രാനത നയനാം രമ്യാം
ശ്രിത ജനപാലന വ്യഗ്രാം സൗമ്യാം
അമൃതാനന്ദമയീം പ്രണമാമി.
ജാതിമതഭേതമന്യേ ലോകത്തുള്ള എല്ലാവരേയും മക്കളായി കണ്ട്‌ അവരുടെ ദുഃഖം അകറ്റുവാനും ലോകനന്മക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സദ്ഗുരു മാതാ അമൃതാനന്ദമയിക്ക്‌ സെപ്റ്റംബര്‍ 27, 2006ന്‌ 53ാ‍ം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സഹസ്ര പ്രണാമങ്ങള്‍.

Thursday, September 21, 2006

ഗതി കെട്ടാല്‍ ആന.......!!!!

ഗതി കെട്ടാല്‍ ആന.......!!!!

നമ്മള്‍ മലയാളികള്‍ ഏവരും ആദരിക്കുന്ന ഗജവീരന്മാരെ എവിടെ കണ്ടാലും നാം ഒന്നു നോക്കിപോകും. നല്ല തലയെടുപ്പുണ്ട്‌. ഏത്‌ ആനയാണിത്‌. നെറ്റിപട്ടം കെട്ടി ഉത്സവത്തിനും പൂരത്തിനും അണിഞ്ഞൊരുങ്ങിവരുമ്പോള്‍ കാണാനെന്തു ചേല്‌. തലയെടുപ്പുള്ള ഗജരാജന്മാര്‍ തിടമ്പുമേറ്റി നില്‍ക്കുമ്പോള്‍ അറിയാതെ നമ്മുടെ ഉള്ളില്‍ ഭക്തിയും ആദരവും തോന്നും. മേളത്തിനൊപ്പം വലിയ ചെവി ആട്ടുമ്പോള്‍ നാം കണ്‍കുളിര്‍ക്കെ കണ്ട്‌ ആസ്വദിക്കുന്നു. നമ്മളില്‍ പലരും ആശിച്ചിട്ടുണ്ട്‌ ഒരാനവാല്‍ കിട്ടിയെങ്കില്‍, ആനവാല്‍ മോതിരം ഉണ്ടാക്കി അണിയാമെന്ന്‌. പണ്ട്‌ വലിയ ആഢ്യന്മരുടെയും ജന്മിമാരുടെയും വീടുകളില്‍ ആനക്കൊമ്പ്‌ അലങ്കരിച്ചുവെച്ചിരുക്കുന്നത്‌ ആനയുടെ പ്രാധാന്യവും തറവാടിന്റെ പ്രൗഢിയും വിളിച്ചോതുന്നതായിരുന്നു. 'ആനയുള്ള തറവാടാണ്‌', 'ആന കൊടുത്താലും ആശ കൊടുക്കാമോ', 'ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാമോ' എന്നീ വിശേഷണങ്ങള്‍ ആനയുടെ പ്രാധാന്യത്തെ എടുത്തു പറയുന്നതാണ്‌. ഗുരുവായൂര്‍ കേശവനെ നാം ഒരു ദൈവീകസ്ഥാനം തന്നെ നല്‍കി ബഹുമാനിക്കുന്നു. കേരളത്തിലെ നിരവധി പേരെടുത്ത ഗജവീരന്മാരെക്കുറിച്ച്‌ ഞാന്‍ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. 'ഏഷ്യാഡ്‌ അപ്പു' വിനെ ആര്‍ക്ക്‌ മറക്കാന്‍ കഴിയും. ആന മുഖ്യ കഥാപാത്രമായും കഥാപാശ്ചാത്തലമായും എത്ര സിനിമകള്‍ നാം കണ്ടു. ഇപ്പോള്‍ ഇതാ ആനകള്‍ക്കു പ്രാഥാന്യം നല്‍കി 'ആനച്ചന്ത'വും ഇറങ്ങി. (ഞാന്‍ കണ്ടില്ല ട്ടോ.. അതിന്റെ സി.ഡി. ഇതുവരേയും ഇവിടെ വന്നിട്ടില്ല).


ഉത്സവത്തിനും പറയെടുപ്പിനും വരുമ്പോള്‍ നാം ആനക്ക്‌ പഴവും ശര്‍ക്കരയും നല്‍കി സന്തോഷം കൊള്ളുന്നു. ആനയെ ഒന്നു തൊട്ട്‌ നോക്കാന്‍ ആര്‍ക്കാണ്‌ ആഗ്രഹമില്ലാത്തത്‌. ആനക്ക്‌ തിന്നാനായി പാപ്പാന്‍ തെങ്ങിന്‍പട്ട ചോദിക്കുമ്പോള്‍ നാം വെട്ടിക്കോളാന്‍ അനുവദിക്കുന്നു. ആനപ്പുറത്ത്‌ ഒന്ന് കയറി ഇരിക്കാന്‍ ആര്‍ക്കും ഒരു ആഗ്രഹമില്ലേ. പലര്‍ക്കും അത്‌ സാധിക്കാറില്ലെന്നു മാത്രം. (പണ്ട്‌ എനിക്ക്‌ ഒരു പ്രാവശ്യം രണ്ട്‌-മൂന്ന്‌ മണിക്കൂറോളം ആനപ്പുറത്ത്‌ ഇരിക്കാനുള്ള ഭാഗ്യം കിട്ടിയിരുന്നു. ആ കഥ പിന്നൊരിക്കല്‍ പറയാം).

നമ്മുടെ സമൂഹത്തില്‍ ഇത്രയൊക്കെ പ്രഥാന്യമുള്ള ഗജവീരന്മാര്‍ക്ക്‌ എന്തെങ്കിലും ഗുരുതരമായ അസുഖമോ അപകടമോ വന്നാല്‍ അത്‌ ഒരു വാര്‍ത്താപ്രഥാന്യമുള്ള വിഷയമാകുന്നു. ഈയിടെ തിരുവനന്തപുരം ജില്ലയില്‍ കാടിളക്കുകയും കൃഷിനാശം വരുത്തുകയും മനുഷ്യജീവന്‌ ഭീഷണിയാവുകയും ചെയ്ത 'കൊലകൊല്ലി' എന്ന ഒറ്റയാനെ തളക്കാന്‍ സര്‍ക്കാര്‍ എത്ര ലക്ഷങ്ങളാണ്‌ ചിലവഴിച്ചത്‌. അവസാനം മയക്കുവെടിവെച്ച്‌ മറ്റ്‌ ആനകളുടെ സഹായതോടെ തളച്ച്‌ കൂട്ടിലാക്കിയപ്പോഴോ ആനയെ ഒരു നോക്കു കാണാന്‍ വമ്പിച്ച ജനത്തിരക്ക്‌. ആനയെ 'വകവരുത്താന്‍' അനുകൂലിച്ചവര്‍ക്ക്‌ പോലും 'കൊലകൊല്ലി'യോട്‌ അനുകമ്പ. ഒരുനാള്‍ പെട്ടെന്ന്‌ 'കൊലകൊല്ലി' സര്‍ക്കാര്‍ സംരക്ഷണയില്‍ 'ചരിഞ്ഞ'പ്പോഴോ പലരും ഒരു തുള്ളി കണ്ണീര്‍ പൊഴിച്ചു. അത്രയുണ്ട്‌ നമ്മുടെ ആനസ്നേഹം.

പക്ഷേ ഇതൊക്കെയാണെങ്കിലും ആനയെകൊണ്ട്‌ ഉത്സവത്തിനും ശീവേലിക്കും എഴുന്നെള്ളിക്കുക മാത്രമാണോ നാം ചെയ്യുന്നത്‌?. 'ഓഫ്‌ സീസണില്‍' വരവ്‌ കുറയുമ്പോഴും തീറ്റിപ്പോറ്റേണ്ടെ. കാട്ടില്‍ തടി പിടിക്കാന്‍ ആനയെ ഉപയോഗിക്കുന്നു. ഉല്‍ഘാടനകര്‍മ്മത്തിനും, സ്വീകരണവേളകളിലും, നഗരങ്ങളില്‍ പരസ്യപ്രചാരണത്തിനും നാം ആനയെ പ്രയോജനപ്പെടുത്തുന്നു. സര്‍ക്കസ്സുകളില്‍ ആന ഒരു പ്രഥാന ഐറ്റമാണെങ്കിലും ഇപ്പോള്‍ സര്‍ക്കസ്സ്‌ കൂടാരങ്ങള്‍ കാണുന്നതുതന്നെ വിരളമായിട്ടാണ്‌. കാട്ടിലെ മരം വെട്ട്‌ കുറഞ്ഞതുകൊണ്ടും മൃഗങ്ങളെ പീഢിപ്പിക്കുന്നത്‌ കുറ്റകരമായതുകൊണ്ടും തടിപിടുത്തം, സര്‍ക്കസ്സ്‌ തുടങ്ങി പല മേഖലകളിലും ആനകള്‍ക്ക്‌ ജോലിയില്ലാതായി. പണ്ട്‌ ബസ്സ്‌ ട്രക്ക്‌ തുടങ്ങിയ വാഹനങ്ങള്‍ റോഡില്‍നിന്നും താഴ്ചയുള്ള സ്ഥലത്തേക്ക്‌ മറിഞ്ഞാല്‍ വലിച്ചെടുക്കാന്‍ ആനയുടെ സഹായം അത്യാവശ്യമായിരുന്നു. ഇന്നിപ്പോള്‍ ഇതിനായ്‌ റിക്കവറി വണ്ടികള്‍ എവിടെയും ലഭിക്കാമെന്നായിട്ടുണ്ട്‌. ചുരുക്കത്തില്‍ ആനകളുടെ സേവനം ടൂറിസം മേഖലയിലും ഉത്സവങ്ങള്‍ക്കും ശീവേലിക്കുമായി കുറഞ്ഞു.

ഉത്സവങ്ങള്‍ക്ക്‌ കൂടുതലായി ആനകളുടെ സേവനം ഉപയോഗപ്പെടുത്താത്ത മറ്റ്‌ സംസ്ഥാനങ്ങളില്‍ ആനകളെ കൊണ്ട്‌ എന്ത്‌ ചെയ്യും? നിങ്ങള്‍ ഒന്ന് ആലോചിച്ച്‌ നോക്കിയിട്ടുണ്ടോ. ആന സ്വന്തമായുള്ളവര്‍ക്ക്‌ അതിനെ തീറ്റിപോറ്റണമല്ലോ. പപ്പാനും മറ്റുമുള്ള ശമ്പളവും ചിലവും വേറെ. അപ്പോള്‍ പിന്നെ ഈ ഗജവീരന്മാരെകൊണ്ട്‌ എന്ത്‌ ജോലിയെടുപ്പിക്കാം. ആനക്ക്‌ വിലയുണ്ടെങ്കിലും മെയിന്റനന്‍സിനുള്ള പണം കണ്ടെത്തണമല്ലോ. എന്നാല്‍ പിന്നെ കൃഷിസ്ഥലത്ത്‌ ആനയെവെച്ച്‌ പണിയെടുപ്പിച്ചാലോ? ങേ.. ആനയെക്കൊണ്ട്‌ കൃഷിസ്ഥലത്‌ എന്ത്‌ ജോലി ചെയ്യിക്കനാണ്‌? നിലം ഉഴുതുമറിക്കാന്‍!! ഛേ.. ആനയെക്കൊണ്ട്‌ നിലം ഉഴുതാനോ. എന്ത്‌ വിഡ്ഡിത്തമാണ്‌ പറയുന്നത്‌. സാക്ഷാല്‍ ഇന്ദ്രദേവന്റെ വാഹനം. ആനയെ സാക്ഷാല്‍ ഗണപതിയായി നാം ദര്‍ശിക്കുന്നു. വണങ്ങുന്നു. കരയിലെ ഏറ്റവും വലിയ ജീവി. കാട്‌ കുലുക്കി ഭരിക്കുന്നവന്‍. കാട്ടില്‍ വഴിയില്‍കാണുന്നതെന്തും ചവിട്ടിമെതിച്ച്‌ മസ്തകം ഉയര്‍ത്തിപ്പിടിച്ച്‌ ചിന്നം വിളിച്ച്‌ കാടിനെ വിറപ്പിക്കുന്ന ഗജവീരന്‍ കണ്ടത്തില്‍ നിലം ഉഴുതുകയോ? വെറും ഒരു പോത്തിനേപ്പോലേ. ആ കാര്യം നമുക്ക്‌ ചിന്തിക്കാന്‍ തന്നെ ഒരു വിഷമം. തറവാടുകളില്‍ പ്രൗഢിയോടെ നിന്നവന്‍. ഉത്സവത്തിന്‌ ജനസഹസ്രങ്ങളുടെ ഹരമായിരുന്ന V.I.P. ഇത്രയും ബഹുമാനം അര്‍ഹിക്കുന്ന ഈ ജീവിയെക്കൊണ്ട്‌ നിലം ഉഴുതുകയോ? വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ. എന്നാലിത്‌ സത്യം. താഴത്തെ ചിത്രം നോക്കൂ..


എന്താ.. വിശ്വാസം വരുന്നില്ലേ. (ആനകള്‍ ധാരളാമായുള്ള അരുണാചല്‍ പ്രദേശിലെ ഒരു കിഴക്കന്‍ ജില്ലയില്‍നിന്നുമുള്ള ഒരു ദൃശ്യം. മൂന്നുനാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു ചിത്രമാണിത്‌.) ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും. ആനയോ..ജോലിയില്ലാതായാല്‍ പോത്തിനേപ്പോലെ നിലവും ഉഴുത്‌ മറിക്കും. വിശക്കുമ്പോള്‍ വയറു നിറക്കണ്ടേ.. ആശാനേ.. പട്ടിണികിടക്കനാവില്ലല്ലോ. ഐസാ ഭീ ഹോത്താ ഹൈ! യേ ഹൈ ഇന്ത്യ!

Tuesday, September 19, 2006

കേരള കലാ സാംസ്കാരിക വേദി Itanagar - ഓണാഘോഷം 2006.

എല്ലാവര്‍ക്കും ഹൃദ്യമായ ഓണാശംസകള്‍.

2006 സെപ്റ്റെംബര്‍ 9ന്‌ ഇറ്റാനഗറില്‍ കേരള കലാ സാംസ്കാരിക വേദി 12ാ‍മതു വാര്‍ഷികവും ഓണാഘോഷവും വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു.
ഓണാഘോഷ പരിപാടികളില്‍ ചില ദൃശ്യങ്ങള്‍.

വേദിയുടെ സ്വാഗതപൂക്കളം (KKSV Pookkalam)

മുഖ്യാഥിക്ക്‌ സ്വീകരണം (Reception of Chief Guest)

ഭദ്രദീപം കൊളുത്തുന്നു (Inaugurating the function by lighting the Lamp)

ഒരു തിരികൂടി.. (one more to light..)

മുഖ്യാഥിതി പ്രസംഗിക്കുന്നു (Speech by Chief Guest Mr.C.C. Singpho, Hon'ble Minister Health & Civil Supplies, Govt. of Arunachal Pradesh)

സദസ്സില്‍നിന്നും. (Audience - a view)



രംഗപൂജ. (Opening Dance)

ശാസ്ത്രീയനൃത്തം (Classical Dance)

തിരുവാതിരക്കളി (Thiruvaathira)

ഭരതനാട്ട്യം (Bharathanaatyam duo)


കേരളീയം. (Keraleeyam)

അവസാനമിനുക്കുപണി. (Last minute touch-up)

തെയ്യം. (Theyyam)


കഥകളി. (Kathakali)

നാടന്‍പാട്ട്‌.(Folk songs)


KKSV Stage.
തിരുവാതിര.(Thiruvaathira)
നിറഞ്ഞ സദസ്സ്‌.(Housefull audience)


Here are some more photos of KKSV Onam Cultural programmes
ഓണം കലാപരിപാടികളുടെ കുറച്ച്‌ ചിത്രങ്ങള്‍ കൂടി..
ഓമനപ്പുഴ (Omanapuzha kadappurath)
ഓമനപ്പുഴ2 (Omanappuzha kadappurath2)
സിനിമാറ്റിക്‌ ഡാന്‍സ്‌ (Cinematic Dance)
നാടന്‍പാട്ട്‌ (Folk Songs)
സംഘനൃത്തം (Group Dance)
സംഘനൃത്തം2 (Group Dance2)

പുലിക്കളി.(Tiger and Hunter)

കാവടിയാട്ടം (Kavadi Dance)



Please post your comments and suggestions by clicking Comments below: