തീര്‍ച്ചയായും ബില്ലിലെ സംഖ്യ കൂടും.
അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ.

അതുമാത്രമാണോ?
കൂടെ ക്യാന്‍സര്‍ വരാനുള്ള സാധ്യതയും കൂടുമത്രേ. ഇസ്രായേലിലെ ഡോക്ടര്‍മാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിവന്ന ഗവേഷണത്തിന്റെ ഫലം ഈയിടെ അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ചു. അതുപ്രകാരം 402 പേരില്‍ നടത്തിയ പഠനത്തില്‍ അധികമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ മൗത്ത് ക്യാന്‍സര്‍ (വായിലെ ഗ്ലാന്‍ഡില്‍ ട്യൂമര്‍) വരാനുള്ള സാധ്യത 50%-ത്തില്‍ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു.

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന വിദ്യുത്‌കാന്തിക തരംഗങ്ങള്‍ ചെവിക്കും വായിനും അടുത്തുള്ള ഭാഗങ്ങളില്‍ കുറേശ്ശെ പ്രഭാവം ഉണ്ടാക്കുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കുട്ടികളില്‍ ഇത് ആരോഗ്യപ്രശ്നം ഉണ്ടാകാനുള്ള സാധ്യത അധികമാണ്.
ഇതിനുമുന്‍പും മൊബൈല്‍ ഫോണിന്റെ അധിക ഉപയോഗം കൊണ്ടു സംഭവിക്കാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഗവേഷണങ്ങള്‍ നടന്നിരുന്നു. ചില ഗവേഷണങ്ങളില്‍ മസ്തിഷ്ക ട്യൂമറും വന്ധ്യതയും വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ ചില പഠനങ്ങള്‍ അത് വ്യക്തമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വെളിവാക്കി.
എന്തായാലും ഈ പുതിയ ഗവേഷണ റിപ്പോര്‍ട്ട് അത്ര ലാഘവത്തോടെ തള്ളിക്കളയാനാവുന്നതല്ല.
