Friday, October 20, 2006

ദീപാവലി -- സഹസ്ര ദീപങ്ങളുടെ ഉത്സവം.


തമസോ മാ ജ്യോതിര്‍ഗമയ:

ദീപാവലി -- സഹസ്ര ദീപങ്ങളുടെ ഉത്സവം.

ദീപം നമ്മള്‍ക്കെല്ലാവര്‍ക്കും വെളിച്ചം പ്രദാനം ചെയ്യുന്നു.

അറിവിന്റെ വെളിച്ചം, അജ്ഞതയുടെ അന്ധകാരം നീക്കി നല്ലത്‌ കാണാനും കേള്‍ക്കാനും പ്രവര്‍ത്തിക്കാനും കഴിയട്ടെ.

സ്നേഹത്തിന്റെ വെളിച്ചം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടേയും മൂടുപടലം നീക്കി സന്തോഷം നല്‍കട്ടെ.

സമാധാനത്തിന്റെ വെളിച്ചം, ശത്രുതയുടേയും പ്രതികാരത്തിന്റെയും കറുത്ത മറ നീക്കി ലോകസമാധാനം നല്‍കുമാറാകട്ടെ.

ലോകാ സമസ്താ സുഖിനോ ഭവന്തു.

ബൂലോഗത്തുള്ള എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍.

Saturday, October 07, 2006

"മഴയില്‍ കുതിര്‍ന്ന രാത്രി" - ഭാഗം രണ്ട്‌.

"മഴയില്‍ കുതിര്‍ന്ന രാത്രി" - (ഭാഗം രണ്ട്‌. ) (ഭാഗം ഒന്ന്‌ ഇവിടെ)
"എനിക്ക്‌ രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കാം"
----

രാത്രിയില്‍ കനത്ത മഴയില്‍ റോഡ്‌ വ്യക്തമായി കാണാന്‍ പറ്റുന്നില്ല. മുഖത്തേക്കു വലിയ മഴത്തുള്ളികള്‍ പതിക്കുന്നു, കുറച്ചൊക്കെ മൂക്കിനകത്തേക്കും ചുണ്ടിലൂടെ വായിനകത്തേകും കടക്കാന്‍ ശ്രമിച്ചു. ഒരുവിധം ക്വാര്‍ടേഴ്സിലെത്തി വണ്ടി പാര്‍ക്ക്‌ ചെയ്ത്‌ വീട്ടിനകത്തേക്കു കയറി. കൈയ്യ്‌ കാല്‌ മുഖം കഴുകി വേഗം എന്തെങ്കിലും കഴിച്ചു ഒന്നു കിടക്കണം. റെയിന്‍കോട്ടിലൂടെ വെള്ളം താഴേക്കു ഊര്‍ന്നുവീഴുന്നുണ്ട്‌. കോട്ട്‌ ഊരിവെച്ച്‌ അടുത്ത കാലെടുത്തു വെച്ചതും.. പ്‌തോന്ന് വഴുതി വീണതും ഒരുമിച്ചായിരുന്നു. "അയ്യോാ.." നിലവിളി കേട്ട്‌ സഹധര്‍മ്മിണി ഓടിയെത്തി.. "വല്ലതും പറ്റിയൊ.." " ഉം.. എണീറ്റ്‌നോക്കിയിട്ട്‌ പറയാം." (നല്ല മിനുസമുള്ള്‌ തറയില്‍ കോട്ടില്‍നിന്നുള്ള വെള്ളം വീണിരുന്നത്‌ തിടുക്കത്തില്‍ ശ്രദ്ധിച്ചിരുന്നില്ല.) നല്ല വേദന, കയ്യ്‌ ഓടിഞ്ഞോ എന്നൊരു ചെറിയ സംശയം. ഇടുപ്പും കയ്യും കുത്തിയാണ്‌ വീണത്‌. ഇടുപ്പിനും ചെറിയ വേദന. എഴുന്നേറ്റ്‌ നോക്കിയപ്പോള്‍ വലിയ കുഴപ്പമൊന്നുമില്ല. കയ്യും മുഖവും കഴുകി നോക്കിയപ്പോഴുണ്ട്‌ ഇടത്‌ കൈമുട്ടിനു താഴെ ചെറുതായി ചോര പൊടിഞ്ഞ്‌ തടിച്ചിരിക്കുന്നു. ലോഷന്‍ കൊണ്ട്‌ കഴുകി, വേദനയുള്ള ഭാഗത്ത്‌ moov പുരട്ടി. കുറച്ച്‌ കഴിഞ്ഞ്‌ ആഹാരവും കഴിച്ച്‌ കൈ കഴുകി. അതാ മഴയുടെ ശബ്ദം പെട്ടെന്നു നിന്നിരിക്കുന്നു. പുറത്ത്‌ ചെന്നുനോക്കിയപ്പോല്‍ ആകാശത്ത്‌ കാര്‍മേഘങ്ങളില്ല. ചന്ദ്രനേയും കാണാം. ആകാശം കണ്ടാല്‍ ഇത്രനേരം ശക്തിയായിട്ട്‌ മഴ പെയ്തതാണെന്നു തോന്നുകയില്ല. (മഴ ഇവിടെ നിന്നെങ്കിലും, പിന്നിടറിയാന്‍ കഴിഞ്ഞതെന്തെന്നാല്‍, പരിപാടി കഴിഞ്ഞ്‌ ഇവിടെനിന്നും 16 കി.മി. ദൂരെ നീര്‍ജുലിയിലേക്കു പോയവരുടെ പിറകേ 'മീന്‍കാരന്റെ പിറകേ പട്ടിയെന്ന കണക്കെ' കനത്ത മഴ പിന്തുടരുകയും അവിടെ ഒന്നര മണിക്കൂറോളം താണ്ഠവനൃത്തമാടുകയും ചെയ്തുവെന്നാണ്‌.) ഓ.. ആള്‍ക്കാരെ മെനക്കെടുത്താന്‍ വന്ന ഒരു മഴ. മഴയെ മനസ്സില്‍ ശപിച്ചുകൊണ്ട്‌ ബെഡ്‌റൂമിലേക്ക്‌ കാലെടുത്തുവെച്ചതും ഇടത്‌ കാലില്‍ നിന്നും എന്തോ തെറിച്ച്‌പോയപോലെ. നോക്കിയപ്പോഴുണ്ട്‌ അതാ കിടക്കുന്നു ചോര കുടിച്ച്‌ വിര്‍ത്ത ഒരു അട്ട. കാലിന്റെ ചെറുവിരലിനടുത്തുനിന്നും ചോരയും വരുന്നു. അമ്പട വീരാ.. എന്റെ ശരീരത്തില്‍ നിന്നും വിലപ്പെട്ട ഇത്രയും ചോര വലിച്ചൂറ്റിയിട്ടും മതിയായില്ലാല്ലേ. ആശാന്‍ വിടാനുള്ള മട്ടിലല്ലായിരുന്നു. കാല്‍ വേഗത്തില്‍ എടുത്ത്‌വെച്ചപ്പോള്‍ പിടിവിട്ട്‌ തെറിച്ച്‌പോയതാണ്‌. "എനിക്കു രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം തരാം" എന്ന്‌ ഒരു മഹാനായ സ്വാതന്ത്ര്യ പോരാളി പറഞ്ഞിട്ടുണ്ടല്ലോ.. ആ തത്വവും ഉള്‍ക്കൊണ്ട്‌ ക്വോട്ട മുഴുവന്‍ ഊറ്റുന്നതിനിടയിലാണ്‌ ബാലന്‍സ്‌ തെറ്റി ഇവന്‍ തെറിച്ച്‌ പോയത്‌. മഴയത്ത്‌ ഹാളിനടുത്ത്‌നിന്നും വണ്ടിയെടുക്കുമ്പോള്‍ കാലില്‍ കയറിപിടിച്ചതായിരിക്കണം. ആദ്യം ഇവനെ ശരിയാക്കിയിട്ടുതന്നെ അടുത്തകാര്യം. ഒരു തുണ്ട്‌ കടലാസില്‍ കോരിയെടുത്ത്‌ പുറകിലെ വരാന്തയില്‍ വെച്ചു. കുറച്ച്‌ ഉപ്പ്‌ എടുത്ത്‌, ഇത്രനേരം എന്റെ കാലില്‍ കിടന്ന്‌ രക്തം വലിച്ചൂറ്റി ശബ്ദമില്ലാതെ 'അട്ട'ഹസിച്ചുകൊണ്ടിരുന്ന അട്ടയുടെ പുറത്തിട്ട്‌ ഞാന്‍ സായൂജ്യൂം കൊണ്ടു. അപ്പോള്‍ തോന്നി കുറച്ച്‌ കോളയോ പെപ്സിയോ ഉടന്‍ കിട്ടിയിരുന്നെങ്കില്‍ ഒരു പരീക്ഷണം നടത്തി നോക്കാമായിരുന്നു. നാടെങ്ങും കോളയില്‍ വിഷാംശമുണ്ടെന്നും, കീടനാശിനിയുടെ അളവ്‌ കൂടുതലായി പരീക്ഷണത്തില്‍ കണ്ടുവെന്നുമാണല്ലോ റിപ്പോര്‍ട്ട്‌. അത്‌ സ്വന്തമായി ഒന്ന്‌ പരീക്ഷിച്ചുനോക്കാനുള്ള ഒരു അവസരമല്ലേ നഷ്ടമായത്‌. നാലഞ്ചു തുള്ളി അട്ടവീരന്റെ പുറത്ത്‌ ഒഴിച്ചാല്‍ അതുകഴിച്ച്‌ ഒന്നുകൂടി വീര്‍ക്കുമോ അതോ വിഷമദ്യം കഴിച്ചപോലെ വടിയാകുമോ എന്നു പരീക്ഷിക്കാനുള്ള ചാന്‍സ്‌ അല്ലേ പോയത്‌. അയ്യോ..കാലിലെ അട്ട കടിച്ച ഭാഗത്തുനിന്നും ചോര ചെറുതായി വാര്‍ന്നുകൊണ്ടിരിക്കുന്നു. നല്ലപോലെ കഴുകി.. പിന്നെയും വരുന്നു. ഇതിനുമുന്‍പ്‌ നാലഞ്ചുവട്ടം അട്ടകടിച്ച്‌ അലര്‍ജി ആയ അനുഭവം ഉള്ളതുകൊണ്ട്‌ ഇപ്രാവശ്യം ചോരയുടെ ഒഴുക്ക്‌ തടഞ്ഞില്ല. പോകുന്നത്ര പോകട്ടെ. കഴുകുന്നു. പിന്നെയും വരുന്നു. മതി ഇത്രയൊക്കെ പോയാല്‍ മതി. ഞാന്‍ ലേശം പഞ്ഞിയെടുത്ത്‌ മുറിഭാഗത്ത്‌ വെച്ച്‌ കിടന്നുറങ്ങാനായി കിടപ്പുമുറിയിലേക്കു കയറി. കിടന്നപ്പോള്‍ ആലോചിച്ചു അല്ലാ 'രക്തസാക്ഷി' ആയത്‌ അട്ടയാണെങ്കിലും ആ രക്തം മുഴുവന്‍ എന്റേതല്ലേ. അപ്പോള്‍ പിന്നെ 'രക്തസാക്ഷി' ആരാ?... ഓ. സാരമില്ല. ഞാന്‍ സ്വയം ആശ്വസിച്ചുകൊണ്ട്‌ നിദ്രയുടെ മടിത്തട്ടിലേക്ക്‌ ഊര്‍ന്നിറങ്ങി. അപ്പോള്‍ സ്വപ്നത്തിന്റെ ഫ്ലാഷ്‌ബാക്കില്‍ 70 mm-ല്‍ എന്തൊക്കെയോ തെളിയുന്നുണ്ടായിരുന്നു.

Tuesday, October 03, 2006

ചിക്കന്‍ സ്പെഷല്‍.

ചിക്കന്‍ സ്പെഷല്‍.

അകലെയുള്ള ഒരു ബന്ധു ഗുരുതരമായ ഒരു അസുഖം ബാധിച്ച്‌ ആശുപത്രിയിലാണെന്നറിഞ്ഞ്‌, നാട്ടിന്‍പുറത്തുകാരന്‍ കിട്ടേട്ടന്‍ നഗരത്തിലെ ആശുപത്രിയിലെത്തി. ബന്ധുവായ രോഗിയെ കണ്ടു, വാങ്ങി കൊണ്ടുവന്ന പഴങ്ങള്‍ നല്‍കി, രോഗവിവരം അടുത്തുള്ള വേറൊരു ബന്ധുവില്‍ നിന്നും അറിഞ്ഞു. ഏതോ പുതിയ രോഗമാണത്രേ. ചിക്കന്‍കുണിയയോ, ചിക്കന്‍മണിയോ, അങ്ങിനെ എന്തോ ഒന്ന്‌. ഇതുവരെ കേട്ടിട്ടില്ല. ഇതു ബാധിച്ച്‌ നിറയെ പേര്‍ ആശുപത്രിയില്‍ കിടപ്പുണ്ട്‌. ചിലരൊക്കെ രോഗം മൂത്ത്‌ ചത്ത്‌ പോയതായി അറിയാന്‍ കഴിഞ്ഞു. ദൈവമേ. എന്തായാലും നമ്മുടെ ബന്ധുവിന്‌ സീരിയസ്സ്‌ അല്ലത്രേ. മൂന്ന്-നാല്‌ ദിവസം കഴിഞ്ഞാല്‍ ആശുപത്രി വിടാം. സമാധാനം. നേരം ഉച്ചയായി. വൈകുന്നതിനുമുന്‍പ്‌ ബസ്സ്‌ പിടിച്ച്‌ വീട്ടിലെത്തണം. വിശപ്പുതടങ്ങി. ബന്ധുക്കാരോട്‌ യാത്ര പറഞ്ഞ്‌ കിട്ടേട്ടന്‍ ബസ്സ്‌ സ്റ്റാന്റിലേക്ക്‌ ഒരു ഓട്ടൊ പിടിച്ച്‌ പോയി. അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി. വല്ലതും കഴിച്ചുകളയം. വീടെത്തുമ്പോള്‍ നേരമാകും. വെയിറ്റര്‍ വന്നു.
"എന്ത്‌ വേണം"
"ഒരു ചോറ്‌",
"സ്പെഷല്‍ കറികള്‍ എന്തെങ്കിലും?"
"എന്തുണ്ട്‌?"
'ചിക്കന്‍കറി, ചിക്കന്‍ഫ്രൈ, ചിക്കന്‍ 65, ചില്ലി ചിക്കന്‍,,,"
"ടോ.. എന്നെ കൊലക്‌ക്‍കൊടുത്തേ മതിയാകൂ... അല്ലേ നിനക്ക്‌", കിട്ടേട്ടന്‍ പൊട്ടിത്തെറിച്ചു.
"ഇപ്പൊഴല്ലേ മനസ്സിലായത്‌ ഈ പുതിയ പുതിയ അസുഖങ്ങളൊക്കെ എവിടുന്നാ വരുന്നതെന്ന്‌"
കിട്ടേട്ടന്‍ ഒന്നും കഴിക്കാതെ അവിടെനിന്നും നേരെ ബസ്സില്‍ കയറിയിരുന്നു. "ഇനി വീട്ടില്‍ചെന്നേ വല്ലതും കഴിക്കൂ".
പാവം കിട്ടേട്ടന്‍ ചിക്കനും, ചിക്കുന്‍ഗുന്യയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന കാര്യം മനസ്സിലാക്കിയിരുന്നില്ല.

ശശി തരൂരിന്റെ പിന്‍വാങ്ങല്‍ - മാനം രക്ഷിച്ചു.

ശശി തരൂരിന്റെ പിന്‍വാങ്ങല്‍ - മാനം രക്ഷിച്ചു.

അടുത്ത ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലേക്കായി ഇന്ത്യയുടെ ഓദ്യോഗിക സ്ഥാനാര്‍ഥിയായി പ്രശസ്ത എഴുത്തുകാരനും മലയാളിയും ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍സെക്രട്ടറി ജനറല്‍ പദവിയും വഹിക്കുന്ന ശ്രീ ശശി തരൂരിന്റെ പേര്‌ പ്രഖ്യാപിച്ചപ്പോള്‍ എന്തൊരു കൊട്ടിഘോഷങ്ങളായിരുന്നു. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ശശി തരൂരിന്റെ പേരും ചിത്രവും ഇന്റര്‍വ്യൂകളും ഇടക്കിടക്കെ നിറഞ്ഞു. ഒരു എഴുത്തുകാരനെന്നതിനുപുറമെ ഒരു ഇന്ത്യക്കാരനാണ്‌, പ്രത്യേകിച്ച്‌ ഒരു മലയാളിയാണ്‌ അടുത്ത U.N. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ മല്‍സരിക്കാന്‍ പോകുന്നതെന്ന്‌ കേട്ടപ്പോള്‍ നമുക്കെല്ലാം എന്തൊരു അഭിമാനമായിരുന്നു.

ഏതൊരു മലയാളിയും ഈ കാര്യത്തില്‍ അഭിമാനം കൊണ്ടപ്പോള്‍ എനിക്ക്‌ ഒന്നുകൂടി അഭിമാനിക്കനുണ്ടായിരുന്നു. ശ്രീ ശശി തരൂരിന്റെ അച്ചന്റെ (ശ്രീ ചന്ദ്രന്‍ തരൂര്‍, തരൂര്‍ വീട്‌, ചിറ്റലംചേരി) വീടും എന്റെ വീടും ഒരേ സ്ഥലത്താണ്‌. എന്റെ ഭാര്യാഗൃഹവും, ശ്രീ ശശി തരൂരിന്റെ അമ്മവീടും (മുണ്ടാരത്ത്‌ വീട്‌, എലവഞ്ചേരി) ഒരേ പഞ്ചായത്തിലാണ്‌. ഇതറിഞ്ഞ ഞാനൊന്ന്‌ ശരിക്കും അഭിമാനിച്ചു.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടത്തുന്ന straw poll-ല്‍ കുറച്ച്‌ ദിവസം മുന്‍പ്‌ വരേയും സാമാന്യം നല്ല പോസിറ്റീവ്‌ വോട്ട്‌ നേടി രണ്ടാം സ്ഥാനത്ത്‌ നിന്നപ്പോള്‍ പ്രതീക്ഷക്ക്‌ ശക്തിയേറി. എന്റെ നാട്ടുകാരന്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്താന്‍ പോകുന്നു. പക്ഷേ ഇന്നലത്തെ straw poll-ല്‍ സ്ഥിതി ആകെ തകിടം മറിഞ്ഞു. ശശി തരൂര്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്തി തെക്കന്‍ കൊറിയയുടെ ബാന്‍ കി-മൂണ്‍-ല്‍ നിന്നും വളരെ പിറകില്‍.
കി-മൂണ്‍ രക്ഷാസമിതിയിലെ veto അധികാരമുള്ള 5 സ്ഥിരാംഗളുടെ പോസിറ്റിവ്‌ വോട്ട്‌ അടക്കം 15-ല്‍ 14 വോട്ട്‌ നേടി തന്റെ നില ഭദ്രമാക്കി. ഇതിലേറെ വേദനാജനകം veto അധികാരമുള്ള 5 സ്ഥിരാംഗളില്‍ ഒരു അംഗരാജ്യം ഇന്ത്യയുടെ ഓദ്യോഗിക സ്ഥാനാര്‍ത്തിക്കെതിരെ നെഗറ്റീവ്‌ വോട്ട്‌ ചെയ്തതാണ്‌.veto അധികാരമുള്ള രക്ഷാസമിതിയിലെ ഏതെങ്കിലും ഒരു അംഗരാജ്യം നെഗറ്റീവ്‌ വോട്ട്‌ ചെയ്താല്‍ ആ സ്ഥാനാര്‍ത്തി തോല്‍ക്കുമെന്നുറപ്പ്‌.
പിന്നെയെന്തിനു മല്‍സരിക്കണം. ശ്രീ ശശി തരൂര്‍ തക്ക സമയത്ത്‌ ശരിയായ തീരുമാനം തന്നെ എടുത്തു. മല്‍സരത്തില്‍നിന്നും പിന്‍വാങ്ങുക. തന്റേയും ഇന്ത്യയുടേയും മാനം രക്ഷിക്കുക. ഇനി അദ്ദേഹം ഇപ്പൊഴുള്ള പദവിയില്‍ തുടരണോ വേണ്ടയോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ. കടുത്ത അന്തര്‍ദേശിയ lobbying-ല്‍ സ്വന്തം കഴിവുകൊണ്ട്‌ ഇത്രയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതില്‍ നമുക്ക്‌ ശ്രീ ശശി തരൂരിനെ അഭിനന്ദിക്കാം.

ഒരു ചോദ്യം ബാക്കിയാവുന്നു. ഇതിനു മുമ്പിലത്തെ straw poll വരെയും കി-മൂണ്‍-ന്റെ തൊട്ടുപുറകെ കുറെ പോസിറ്റിവ്‌ വോട്ടുകളോടെ രണ്ടാം സ്ഥാനതുണ്ടായിരുന്ന ശശി തരൂര്‍ എങ്ങിനെ കഴിഞ്ഞ straw poll-ല്‍ ഏറെ പിന്നിലായത്‌. UN രക്ഷാസമിതിയിലെ veto അധികാരമുള്ള ഏത്‌ രാജ്യമാണ്‌ ഇന്ത്യയുടെ ഓദ്യോഗിക സ്ഥാനാര്‍ത്തിക്കെതിരെ നെഗറ്റീവെ വോട്ട്‌ ചെയ്തത്‌?.. അമേരിക്കയോ.. ചൈനയോ...
ഇതേ സന്ദര്‍ഭത്തില്‍ രണ്ട്‌ കാര്യങ്ങള്‍ കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌. 1) ഇന്നലെ അമേരിക്ക പാക്കിസ്താന്‌ കൂടുതല്‍ F-16 പോര്‍വിമാനം നല്‍കാന്‍ സമ്മതിച്ചു. 2) വിഴിഞ്ഞം അന്തര്‍ദേശീയ ആഴക്കടല്‍ ചരക്ക്‌ കടത്ത്‌ തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ ചൈനീസ്‌ കമ്പനിക്ക്‌ കൊടുക്കുന്നത്‌ സുരക്ഷാകാരണം പറഞ്ഞ്‌ കേന്ദ്രഗവണ്‍മന്റ്‌ അനുമതി നല്‍കാതിരുന്നതും, ചൈനീസ്‌ അധികൃതരുടെ മുറുമുറുപ്പും. നമ്മുടെ വിദേശ നീതിയെക്കുറിച്ച്‌ എന്തെങ്കിലും പറയുന്നത്‌ ഓചിത്യമാവുകയില്ല.
എന്തുതന്നെയായാലും ശശി തരൂര്‍ ഇന്ത്യയുടെ മാനം രക്ഷിച്ചു. മല്‍സരരംഗത്ത്‌ ഇനിയും നിന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയുടെ മാനം...!!
(NB: ഈ കുറിപ്പ്‌ തികച്ചും വ്യക്തിപരമായ ഒരു വീക്ഷണം മാത്രം, തെറ്റുണ്ടെങ്കില്‍ പൊറുക്കുമല്ലോ)

Monday, October 02, 2006

കുസൃതി ചോദ്യങ്ങള്‍. (Funny Questions)

കുസൃതി ചോദ്യങ്ങള്‍. (Funny Questions)
(വായിച്ചാലും ദഹിക്കാത്ത ചില മോഢേണ്‍ ബ്ലോഗുകള്‍ വായിക്കുന്നതിനിടക്ക്‌ ഒരല്‍പ്പം കുസൃതിചോദ്യം.)

1. മൂന്ന്‌ ആനക്കുട്ടികള്‍ ഒന്നിനുപിറകെ ഒന്നായി (വരിവരിയായി) ഒരു പുഴ നീന്തി കടക്കുകയായിരുന്നു. ഒന്നാമത്തെ ആന കുനിഞ്ഞ്‌ നോക്കിയപ്പോള്‍ സ്വന്തം കാലും രണ്ടാമത്തെ ആനയുടെ കാലും കണ്ടു. ഏന്തുകൊണ്ട്‌ മൂന്നാമത്തെ ആനയുടെ കാല്‌ കണ്ടില്ല?

2. വെട്ടിയാലും വെട്ടിയാലും നീളം കൂടുന്നതെന്ത്‌?

3. രുചി അറിയാന്‍ പറ്റാത്ത നാവ്‌?

4 .പൊടിയിട്ടാല്‍ വടിയാവുന്നതെന്ത്‌?

5. ഒരു മനുഷ്യന്‍ നടക്കുന്നത്‌ ------------ ഇങ്ങനെ..
ഒരു മദ്യപിച്ച മനുഷ്യന്‍ നടക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
എന്നാല്‍ മദ്യപിച്ച ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ എങ്ങിനെയായിരിക്കും?

6. രാമസ്വാമി-യുടെ ഓപ്പോസിറ്റ്‌ എന്താണ്‌?

........

ഉത്തരങ്ങള്‍ക്ക്‌ comments-ല്‍ click ചെയ്യുക.