Tuesday, December 19, 2006

ലാഡന്‍ കൊല്ലപ്പെട്ടു..!!

ലാഡന്‍ കൊല്ലപ്പെട്ടു..!!

"ങേ.. സത്യമോ..!!"
"അതേ.. കേട്ടതു ശരിയാണ്‌ ..ഒസാമ ബിന്‍ ലാഡനെ വളരെക്കാലത്തെ കഠിന പ്രയത്നത്തിനുശേഷം വെടിവെച്ചുകൊന്നു."
ജനങ്ങള്‍ ആശ്വസിച്ചും. ദീര്‍ഘശ്വാസം വിട്ടു. എത്ര ജനങ്ങളെയാണ്‌ ലാഡന്‍ നിഷ്ഠൂരമായി കൊന്നത്‌. എത്ര കുടുംബങ്ങളെയാണ്‌ തകര്‍ത്ത്‌ വഴിയാധാരമാക്കിയത്‌. ലാഡനെ വകവരുത്താനായി ഒരു ഗവണ്‍മന്റ്‌ മരണ വാറണ്ട്‌ വരെ പുറപ്പെടുവിച്ചു. കുറെ നാളത്തെ തിരച്ചിലുകള്‍ക്കു ശേഷമാണ്‌ ലാഡന്റെ ഒളിസങ്കേതം കണ്ടെത്തിയത്‌. അതെ ലാഡനെ ചിലര്‍ ഒറ്റു കൊടുത്തതാണ്‌.ലാഡനെ എന്തിനാണ്‌ ഒറ്റുകൊടുത്തത്‌. ലാഡന്‍ അത്ര ക്രൂരനാണോ.
"അല്ലാ.. ആരാണീ ലാഡന്‍"
"തോക്കിനകത്ത്‌ കയറി വെടിവെക്കാതെ...പറയാം."
ലാഡനെക്കുറിച്ച്‌ കേട്ടിട്ടില്ലേ.. ഒട്ടേറെ പേരെ കൊന്നൊടുക്കിയ, ജനങ്ങളേയും ഗവണ്മെന്റിനെയും മുട്ടുകുത്തിച്ച ഭീകരന്‍ എന്ന്‌ മുദ്ര കുത്തപ്പെട്ടവന്‍. താവളങ്ങള്‍ മാറി മാറി ഒളിവില്‍ കഴിയുന്ന, ജനങ്ങള്‍ക്കാകെ ഭീതി പരത്തുന്ന ഭീകരന്‍ - ഒസാമ ബിന്‍ ലാഡന്‍.


"ഓ.. അപ്പോള്‍ ഒസാമ ബിന്‍ ലാഡന്‍ കൊല്ലപ്പെട്ടുവോ.. നല്ല കാര്യം.. അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ ഇപ്പോള്‍ ഏഴാം സ്വര്‍ഗ്ഗത്തിലായിരിക്കുമല്ലോ. താഴോട്ടു പോയികൊണ്ടിരിക്കുന്ന തന്റെ പോപ്പുലാരിറ്റി ഇനി മേലോട്ടു പോകും. അടുത്ത പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാം..."

ഒസാമയുടെ അല്‍-ക്വ്യദയുടെ ഭീകരന്മാര്‍ വിമാനമിടിച്ച്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ത്ത്‌ എത്ര പേരുടെ ജീവനാണ്‌ എടുത്തത്‌.

"അഫ്ഘാനിസ്ഥാനിലെ തോറ-ബോറ മലയിടുക്കുകളില്‍ വെച്ചാണോ ലാഡനെ കൊന്നത്‌.. അതോ പാക്കിസ്ഥാനില്‍ വെച്ചോ.. ആരാണ്‌ കൊന്നത്‌? "
"ആ .. നിര്‍ത്ത്‌..നിര്‍ത്ത്‌.... അതുവരെ പോകേണ്ടാ"

"ഈ ലാഡനെ കൊന്നത്‌ ഇവിടെ ഇന്ത്യയില്‍ വെച്ചാണ്‌"

"അതു ശരി, ലാഡന്‍ അപ്പോള്‍ ഇന്ത്യയിലും നുഴഞ്ഞു കയറിയോ.? .. ലവനെ സമ്മതിക്കണം"

"ഇവന്‍ നുഴഞ്ഞുകയറി വന്നവനല്ല. ഇവിടെത്തന്നെയുള്ളവനാ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസ്സാമില്‍. വര്‍ഷങ്ങളോളമായി പിടികൊടുക്കാതെ ജനങ്ങള്‍ക്കുനേരെ ആക്രമം അഴിച്ചുവിട്ട ഭീകരന്‍. ചുരുങ്ങിയത്‌ 14 പേരെയെങ്കിലും ഇവന്‍ നിഷ്ഠൂരമായി കൊന്നു തള്ളി. 2003-ല്‍ ഇവനെ ഭീകരനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്നുതൊട്ട്‌ ഇവനെ കൊല്ലാനായി ഊര്‍ജ്ജിത ശ്രമത്തിലായിരുന്നു. 2006 ഡിസംബര്‍ രണ്ടാം വാരത്തില്‍ ചിലര്‍ ലാഡന്റെ നീക്കത്തെക്കുറിച്ച്‌ രക്ഷാസേനക്ക്‌ ഒറ്റുകൊടുത്തു. ഭീകരന്‍ ലാഡനെ കൊല്ലുക - ഹോ.. അമേരിക്കക്ക്‌ ചെയ്യാന്‍ പറ്റാത്തതല്ലേ.. ആസ്സാം ചെയ്തിരിക്കുന്നത്‌.

അങ്ങിനെയാണ്‌ 2006 ഡിസംബര്‍ 16-ന്‌ കാലത്ത്‌ 7.21-ന്‌ ലാഡനെ (ലാഡന്‍ എന്ന ഭീകര ആനയെ) വെടിവെച്ച്‌ വീഴ്ത്തിയത്‌."

"ഓ.. അതുശരി... ഇപ്പഴാ 'വക്കാരിമസ്താ'യത്‌.."


ഇനി ഈ "ലാഡനെ" കുറിച്ച്‌ അല്‍പ്പം വിശേഷം:

ഇവന്‍ കൊമ്പില്ലാത്ത ഒരു ആണ്‍ ആന. വയസ്സ്‌ 45. 10 അടി ഉയരം. അസ്സാമിലെ സോണിത്‌പൂര്‍ ജില്ലയില്‍ പല ഭാഗങ്ങളിലും കനത്ത നാശം വിതച്ച്‌, വീടുകളും കൃഷിയും ചവുട്ടിമെതിച്ച്‌ ആള്‍ക്കാരെ കൊന്ന്‌ കൊലവിളിച്ച്‌ നടക്കുന്ന കൊമ്പില്ലാത്ത ഒറ്റയാന്‍. പിടികൊടുക്കാതെ സങ്കേതങ്ങള്‍ മാറി മാറി ഒളിച്ചു നടക്കുന്നവന്‍ - സാക്ഷാല്‍ ഒസാമ ബിന്‍ ലാഡനെ പോലെ - അങ്ങിനെയാണ്‌ ഈ പേര്‌ വീണത്‌. വനപാലകസേനയും പോലീസും ഈ ലാഡനെ പിടിക്കാനായി കാട്ടിലും ചായത്തോട്ടങ്ങളിലും വലവീശി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ കുറെക്കാലമായി. 2003-ല്‍ 5 പേരെ കൊന്നതിനുശേഷമാണ്‌ ഇവനെ 'ഭീകര'നായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. അതിനുശേഷവും ഇവന്‍ നരവേട്ട തുടര്‍ന്നു. ഈ വര്‍ഷം 4 പേരെക്കൂടി കൊന്ന്‌ "അതിഭീകര" പട്ടവും നേടി. കഴിഞ്ഞ ജൂലായ്‌ 3-ന്‌ ആസ്സാം വനം വന്യജീവി വകുപ്പ്‌ ലാഡനെതിരെ മരണ വാറണ്ട്‌ പുറപ്പെടുവിച്ചു. ഇതിന്റെ കാലാവധി ഈ ഡിസംബര്‍ 31-ന്‌ തീരാനിരിക്കുകയായിരുന്നു. അപ്പോഴാണ്‌ കഴിഞ്ഞ ബുധനാഴ്‌ച്ച ബെഹാലി ചായത്തോട്ടത്തിനടുവെച്ച്‌ അവസാനമായി ലാഡന്‍ ഒരു സ്ത്രീയെകൂടി വകവരുത്തിയത്‌. ഇതിനുശേഷം ഇവന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരുകയായിരുന്നു. ദ്വിപെന്‍ റാം ഫൂക്കന്‍ എന്ന പ്രൊഫഷണല്‍ വേട്ടക്കാരനെ വനംവകുപ്പ്‌ വാടകക്കെടുത്ത്‌ ഒരു നിര്‍ദ്ദേശവും കൊടുത്തു - ഒരൊറ്റ വെടിക്ക്‌ 45 വയസ്സുള്ള ഭീകരന്‍ ലാഡനെ വീഴ്ത്തിയിരിക്കണം, അതായത്‌ ഉണ്ട കൊള്ളേണ്ടിടത്തുതന്നെ കൊള്ളണം. അല്ലെങ്കില്‍ ലാഡന്‍ ജി ഫൂക്കന്റെ കഥ കഴിച്ചിരിക്കും. അതാണ്‌ ലാഡന്‍. നേരത്തെ രണ്ട്‌ പ്രാവശ്യം ലാഡനെ വകവരുത്താന്‍ നടത്തിയ ശ്രമം അമ്പേ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ മരണ വാറണ്ട്‌ കിട്ടിയ ആറാമത്തെ ആനയാണ്‌ ലാഡന്‍. (പക്ഷെ മറ്റ്‌ ആനകള്‍ വേറെ സങ്കേതം തേടി കാട്ടിലേക്ക്‌ തിരിച്ചുപോയി). വേട്ടക്കാരന്‍ വനപാലകരുടേയും ഗ്രാമവാസികളുടെ സഹായത്തോടെ 16-ന്‌ രാവിലെ ലാഡനെ കണ്ടുമുട്ടി. കണ്ണും കണ്ണും കൂട്ടിമുട്ടി..കണ്ണില്‍ക്കൂടികൂടി തീപ്പൊരികള്‍ ചിതറിക്കാണണം. തോക്കെടുക്കന്നതിനുമുമ്പേ ലാഡന്‍ ഫൂക്കനെ ആക്രമിക്കാനൊരുങ്ങി. പക്ഷേ ഫൂക്കന്‌ കിട്ടിയതോ ഒരൊറ്റ വെടി ഉതിര്‍ക്കാനുള്ള സമയം മാത്രം. അങ്ങിനെ ഒരൊറ്റ വെടിക്ക്‌ കാടിളിക്കിയ, നാടിളിക്കിയ സാക്ഷാല്‍ ഭീകര 'ലാഡനെ' വകവരുത്തി.

ഒസാമ ബിന്‍ ലാഡന്റെ നാമധേയമുള്ള "ലാഡന്‍" എന്ന ഭീകര ഒറ്റയാനെ വെടിവെച്ചു വീഴ്ത്തിരിക്കുന്നു.

***

(ആന)വാല്‍ക്കഷണം:

എന്തുകൊണ്ടാണ്‌ ആനകള്‍ മനുഷ്യ വാസ പ്രദേശങ്ങളിലേക്ക്‌ കടന്ന്‌ ആക്രമിക്കുന്നത്‌?

എന്താ പറഞ്ഞത്‌.. ആനകള്‍ മനുഷ്യവാസ പ്രദേശങ്ങളിലേക്ക്‌ കടന്നാക്രമിക്കുന്നുവെന്നോ..

ആ പറഞ്ഞത്‌ തീര്‍ത്തും ശരിയല്ലാ. മനുഷ്യരാണ്‌ ആനകളുടെ സ്വാഭാവിക വാസസ്ഥലമായ പതിനായിരക്കണക്കിന്‌ ഹെക്ടര്‍ വനഭൂമി വെട്ടിത്തെളിച്ച്‌ കൃഷിയിറക്കി അധിവസിക്കുന്നത്‌. പിന്നെ താമസസ്ഥലം നഷ്ടപ്പെട്ട ഈ ആനക്കൂട്ടങ്ങള്‍ എവിടേ പോകും. അപ്പോഴാണ്‌ ഇവ കൂട്ടം കൂട്ടമായി ആഹാരത്തിനായി കൃഷി നശിപ്പിക്കുകയും മറ്റും ചെയ്യുന്നത്‌. കഴിഞ്ഞ ഒരാഴ്ചയായി 100ഓളം ആനകള്‍ അടങ്ങിയ ഒരു കാട്ടാനക്കൂട്ടം ഏറ്റവും വലിയ നദീദ്വീപ്‌ (ബ്രഹ്മപുത്രാ നദിക്ക്‌ നടുവില്‍) ആയ ആസ്സാമിലെ മാജുലി-യില്‍ കനത്ത നാശനഷ്ടം വരുത്തികൊണ്ടിരിക്കുകയാണ്‌. അതിനെ തൊട്ടടുത്ത കാസിരംഗ റിസര്‍വ്‌ ആന സങ്കേതത്തിലേക്ക്‌ ഓടിച്ചുവിടാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്‌. ഇവിടെയും അടുത്തുള്ള ഗ്രാമങ്ങളിലുമായി ഇവന്മാര്‍ 374 വീടുകളാണ്‌ ഇതുവരെ തകര്‍ത്ത്‌ തരിപ്പണമാക്കിയത്‌.


(ഞങ്ങളുടെ വീട്‌ (കാട്‌) വെട്ടിനശിപ്പിച്ചവരുടെ വീട്‌ ഞങ്ങള്‍ നശിപ്പിക്കുന്നു - നിലനില്‍പ്പിനായി. -- ലാ ഓഫ്‌ ദി ലാന്റ്‌ OR ലാ ഓഫ്‌ ദി ജംഗിള്‍).
ആനക്കൂട്ടം ആഹാരം തേടി ചായത്തോട്ടത്തിനടുത്തുകൂടെ പോകുന്നു.


ആനകളും മനുഷ്യന്മാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കാരണം ആനകളുടെ ജനസംഖ്യ ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. 1993-ലെ കണക്കെടുപ്പില്‍ 5524 ആനകള്‍ ആസ്സാമില്‍ ഉണ്ടായിരുന്നുവെങ്കില്‍, 1997-ല്‍ അത്‌ 5312 ആയും, 2002-ല്‍ 5246 ആയും ചുരുങ്ങിയിരിക്കുകയാണ്‌. കഴിഞ്ഞ അഞ്ചു വര്‍ഷതിനുള്ളില്‍ ആസ്സാമില്‍ മാത്രം 248 പേരെ ആനകള്‍ കൊന്നപ്പോള്‍, തിരിച്ച്‌ 268 ആനകളെയാണ്‌ മനുഷ്യര്‍ കൊന്നത്‌. കൃഷി സ്ഥലങ്ങളില്‍ ആഹരത്തില്‍ കൊടും വിഷം കലര്‍ത്തി ആനകളെ കൊല്ലുകയാണ്‌ പതിവ്‌. (ഇതിനെക്കുറിച്ചുള്ള ഒരു ലേഖനം ഇവിടെ)

പിന്നെങ്ങനെ ഇതില്‍ ചില ഒറ്റയാന്മാര്‍ 'ലാഡന്റെ' അവതാരമെടുക്കാതിരിക്കും.

കൃഷ്‌ krish

10 comments:

krish | കൃഷ് said...

ലാഡന്‍ കൊല്ലപ്പെട്ടു..!!

"ങേ.. സത്യമോ..!!"
"അതേ.. കേട്ടതു ശരിയാണ്‌ ..
ഒസാമ ബിന്‍ 'ലാഡനെ' വളരെക്കാലത്തെ കഠിന പ്രയത്നത്തിനുശേഷം വെടിവെച്ചുകൊന്നു."

ജനങ്ങള്‍ ആശ്വസിച്ചും. ദീര്‍ഘശ്വാസം വിട്ടു. എത്ര ജനങ്ങളെയാണ്‌ ലാഡന്‍ നിഷ്ഠൂരമായി കൊന്നത്‌. എത്ര കുടുംബങ്ങളെയാണ്‌ തകര്‍ത്ത്‌ വഴിയാധാരമാക്കിയത്‌....

ലാഡനെക്കുറിച്ച്‌ ഒരു ലേഖനം.

കൃഷ്‌ | krish

chithrakaran ചിത്രകാരന്‍ said...

ആളേ ഞെട്ടിച്ചു കളഞ്ഞല്ലോ കൃഷ്‌ !! നളെ ബന്ദൊ ഹര്‍ത്താലോ ഒക്കെ മനപ്പായസമുണ്ടു!!! സ്സോ....

ബയാന്‍ said...

എല്ലാ പ്രണാമങ്ങളും..ധീര രക്തസാക്ഷിത്വം, 'കൊലകൊല്ലി'ക്കൊരു കൂട്ടുകാരന്‍, ഇരുകാലികള്‍ എന്തിനാ നാല്‍കാലികളുടെ കഴുത്തില്‍ കയറുന്നെ....കെട്ടിവലിഞ്ഞു ഉള്‍കാട്ടില്‍ ഉപേക്ഷിച്ചാല്‍ മതിയല്ലൊ... നീചന്‍... (സുജാതയും കാട്ടാനയും എന്ന ചിത്രകഥ നാലാംതരത്തില്‍ പഠിക്കുമ്പോള്‍ ഒരുപാടാവര്‍ത്തി വായിച്ചു, കഥാവസാനം ഉള്‍കാട്ടിലേക്കു നാട്ടാര്‌, ആനയെ അടിച്ചോടിക്കുമ്പോള്‍ കുഞ്ഞു മനസ്സു അനുഭവിച്ച സംഘര്‍ഷം, വീണ്ടും നാമ്പെടുക്കുന്നു)

കുഞ്ഞുങ്ങള്‍ക്കു എളുപ്പത്തില്‍ ഗ്രഹിക്കാനുതകുംവിധം ഓരോ പേജിലും വലിയ കളര്‍ ചിത്രങ്ങളുമായി ഒരു നല്ല ചിത്രകഥാ പുസ്തകമാണിതു, അന്നു സ്കൂള്‍ ലൈബ്രറിയില്‍ നിന്നും കിട്ടിയതാണു, ഇന്നു എവിടെ ലഭിക്കും എന്നറിയില്ല, കാര്‍ട്ടൂണിസ്റ്റ്‌ ശങ്കറിന്റേതാണു പുസ്തകം എന്നാണു കുഞ്ഞു ഓര്‍മ.

Anonymous said...

ഇഷ്ടാ ഇതു മനോരമക്കാരുടെ പരിപാടി ആണല്ലോ സെന്‍സേഷന്‍ ഉണ്ടാക്കി ആളെ മക്കാറാക്കുന്നത്‌ , ഞാന്‍ കരുതി ഒരു വെബ്‌ സൈറ്റിലും ഇല്ലാത്ത ന്യൂസ്‌ ഇവനെങ്ങിനെ കിട്ടി എന്നു

ഇതിനു കമന്റു ചെയ്യാന്‍ കാരണം ആ സുജാതയെയും കാട്ടാനയെയും പറ്റിയുള്ള റെഫറന്‍സാണു അതൊരു ഉഗ്രന്‍ ബുക്കായിരുന്നു ശങ്കേര്‍സ്‌ വീക്കിലി തന്നെ പ്രസിധീകരിച്ചത്‌ പടങ്ങളും കഥയും ഇപ്പോഴും നൊസ്റ്റാള്‍ജിയ ഉണര്‍ത്തു ആറില്‍ പഠിക്കുമ്പോള്‍ ആണു വായിച്ചത്‌ ഇപ്പോള്‍ വയസ്സ്‌ നാല്‍പ്പതഞ്ചായി എന്നാലും ഓര്‍മ്മയുണ്ട്‌
അതുപോലെ പ്രോഗ്രസ്‌ പബ്ലീക്കേഷന്‍സിന്റെ ചുക്കും ഗെക്കും പിന്നെ കുട്ടിക്കഥകളും ചിത്രങ്ങളൂം (അതിപ്പോള്‍ കോഴിക്കോടൂ ഒരു പബ്ബ്ലിക്കേഷന്‍ കഥി വിലയില്‍ ഇറക്കി പക്ഷേ പടം നിലവാരം പോര)

Anonymous said...

എന്റെ കൃഷ്ണാ....ആനലാഡനെ ഒരു "സെന്‍സേഷന്‍" ന്യൂസ്‌ ആക്കി... ല്ലെ ?...ഈ കൃഷ്ണന്റെ ഒരു ലീലാവിലാസങ്ങളെയ്‌... എന്നാലും എനിയ്ക്കിഷ്ട്ടപ്പെട്ടു, ട്ടോ..

നന്നായി വിവരണം..പ്രത്യേകിച്ച്‌ ഫോട്ടോയും ചേര്‍ത്തതുകൊണ്ട്‌...

സു | Su said...

വായിച്ചു. വിശദമായി അറിഞ്ഞു. ആനകള്‍ മനുഷ്യരേയും, മനുഷ്യര്‍ ആനകളേയും നശിപ്പിക്കുന്നു അല്ലേ?

asdfasdf asfdasdf said...

മറ്റൊരു കൊലകൊല്ലി. കഴിഞ്ഞ ദിവസം ടെറനോവ ചാനലില്‍ ഒരു സിംഹത്തെ വെടിവെച്ചുകൊല്ലുന്ന രംഗമുണ്ടായിരുന്നു. ശരിക്കും ഭീതി ജനിപ്പിക്കുന്നതായിരുന്നു അത്. :(

krish | കൃഷ് said...

ചിത്രകാരാ :) ശരിക്കും ഞെട്ടിയോ.. ലാഡന്‍ എത്ര പേരെ ഞെട്ടിച്ചിരിക്കുന്നു.. അല്ലാ.. ലാഡനെ കൊന്നാലും കേരളത്തില്‍ ബന്ദ്‌ പ്രഖ്യാപിക്കുമോ.. ലാഡനും രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയോ.

മനസ്സില്‍ കണ്ട ഒരു ആഘോഷം മുടങ്ങിയതില്‍ ഖേദിക്കുന്നു.

ഭയാന്‍:) അതെ 'കൊലകൊല്ലി'ക്കൊരു കൂട്ടുകാരന്‍, വിദേശനാമധേയന്‍. ഇരുകാലികളാണല്ലോ ആദ്യം മറ്റു (ഇരു/നാല്‍)കാലികളുടെ പുറത്തു കേറുന്നത്‌.

പിന്നെ, 'സുജാതയും കാട്ടാനയും' ചിത്രകഥ ഞാന്‍ വായിച്ചതായി ഓര്‍മ്മയില്ല.

അനോണിമസിനും സ്വാഗതം:) ആരെയും ഞാന്‍ 'മക്കാറാക്കി'യതല്ല. നടന്ന ഒരു സംഭവം (യാഥാര്‍ഥ്യം) എഴുതിയെന്നേ ഉള്ളൂ. ആദ്യം കാര്യം പറഞ്ഞില്ലെന്നതു ശരി.

എനിക്ക്‌ ഓര്‍മ്മ വരുന്നത്‌ പണ്ട്‌ ചെറിയ ക്ലാസ്സില്‍ പഠിച്ച തയ്യല്‍ക്കാരനേയും ആനയേക്കുറിച്ചുമുള്ള കഥയാണ്‌.

കൊച്ചുഗുപ്ത :) നന്ദി. ലാഡന്‍ നേരത്തെതൊട്ടെ "സെന്‍സേഷന്‍" ആണ്‌. വീടുകള്‍ നശിപ്പിച്ചും, ജനങ്ങളുടെ ജീവെനെടുത്തും ലീലാവിലാസങ്ങള്‍ ആടിയതും ലവന്‍ തന്നെ.. "ലാഡന്‍"..

സൂ :) നന്ദി. അങ്ങോട്ടും ഇങ്ങോട്ടും നശിപ്പിക്കണമല്ലോ.. അല്ലെങ്കില്‍ പിന്നെ "കണക്ക്‌" ശരിയാവുകയില്ലല്ലോ.

കുട്ടന്മേനൊന്‍ :) നന്ദി, മേനനേ.. ഈ പോസ്റ്റില്‍ വന്ന്‌ ചത്തുകിടക്കുന്ന ലാഡനെ കാണാണ്‍ ചന്തമുള്ള ഒരു ആനപ്പുറത്താണല്ലോ വരവ്‌.

കൃഷ്‌ | krish

ദിവാസ്വപ്നം said...

like this post

:)

krish | കൃഷ് said...

ദിവാ :) വായിച്ച്‌ അഭിപ്രായം പറഞ്ഞതിന്‌ നന്ദി.

കൃഷ്‌ | krish