Thursday, November 16, 2006

ഏറ്റവും ഉയരം കൂടിയ പ്രകൃത്യാലുള്ള ശിവലിംഗം


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകൃത്യാലുള്ള ശിവലിംഗം.

"നിബിഡ വനത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകൃത്യാലുള്ള ശിവലിംഗം കണ്ടെത്തി."

ആദ്യം കേട്ടപ്പോള്‍ അത്ര വിശ്വാസം വന്നില്ലെങ്കിലും, പിന്നീട്‌ നേരിട്ട്‌ ചെന്ന്‌ കണ്ടവരുടെ വിവരണവും, പത്രങ്ങളിലും കേബിള്‍ ചാനലിലും വാര്‍ത്തയും ചിത്രവും കണ്ടപ്പോള്‍ നേരിട്ട്‌ ചെന്നു കാണാനുള്ള ഒരു ആഗ്രഹം ഉടലെടുത്തു. 2004 ജൂലായ്‌ ആദ്യ പക്ഷത്തിലാണ്‌, അരുണാചല്‍ പ്രദേശില്‍ ജീറൊ എന്ന സ്ഥലത്തുനിന്നും ഏകദേശം 4 - 5 കി.മി. അകലെ കര്‍ദോ എന്ന സ്ഥലത്തിനടുത്തുള്ള നിബിഡ വനത്തിനുള്ളില്‍ മരം വെട്ടാന്‍ പോയ ശ്രീ പ്രേം സുബ്ബ എന്ന നേപ്പാളി മരംവെട്ടുകാരനാണ്‌ ഈ അദ്ഭുത ശിവലിംഗം ആദ്യം ദര്‍ശിച്ചത്‌. ശിവാരാധനക്കുള്ള വിശുദ്ധ മാസമാണല്ലോ ശ്രാവണമാസം (ജൂലായ്‌). ജൂലായില്‍ ഇവിടെ ഇടവിടാതെ മഴ പെയ്യുന്ന സമയവും. അങ്ങിനെയാണ്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ സെപ്റ്റംബര്‍ അവസാനം ഒരു ദിവസം വനത്തിനുള്ളില്‍ പ്രത്യക്ഷമായ മഹാശിവലിംഗം ദര്‍ശിക്കുവാനായി യാത്രയ്കൊരുങ്ങിയത്‌.

യാത്രാവിശേഷങ്ങള്‍:
ഞാനും, വേണും നായരും, സുരേഷും, പിന്നെ ഞങ്ങളുടെ സുഹൃത്തും ജീറൊ നിവാസിയുമായ കോജ്‌ ആനന്ദും ഒരു കാറില്‍ രാവിലെ ഇറ്റാനഗറില്‍ നിന്നും യാത്ര തിരിച്ചു. യാത്ര തുടങ്ങുമ്പോള്‍ മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. ഇവിടെ നിന്നും ലോവര്‍ സുബന്‍സിരി ജില്ലയുടെ ആസ്ഥാനമായ ജീറോ-യിലേക്ക്‌ ഏകദേശം 150 കി.മി. ഉണ്ട്‌. ഒരു മിനി പിക്‍നിക്കിന്റെ മൂഡില്‍ ഇറങ്ങിതിരിച്ച ഞങ്ങള്‍ കിമിന്‍ എന്ന സ്ഥലത്ത്‌ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തി. 'ആസ്സാം റൈഫിള്‍സ്‌'-ന്റെ കാന്റീനില്‍ ഒന്നു കയറി 'നല്ലതു'വല്ലതും കിട്ടുമോ എന്ന്‌ നോക്കാം. പക്ഷേ അന്ന്‌ കാന്റീന്‍ തുറന്നിട്ടില്ലാത്തതിനാല്‍ വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നു. ഇനി ഇവിടെ നിന്നും ഏകദേശം 90 കിലോമീറ്ററോളം വളഞ്ഞുതിരിഞ്ഞ്‌ കിടക്കുന്ന മലമ്പാതയിലൂടെ ഉള്ള യാത്രയാണ്‌. യാത്ര മലമ്പാതയിലേക്കു കടന്നതും മഴയുടെ ശക്തി കൂടിത്തുടങ്ങി. മിക്കയിടങ്ങളിലും മഴക്കൊപ്പമുള്ള മൂടല്‍മഞ്ഞുപോലുള്ള മേഘപടലങ്ങളും. വളരെ ശ്രദ്ധിച്ചുവേണം വണ്ടിയോടിക്കാന്‍. നിറയെ 'ഹെയര്‍പിന്‍' വളവുകള്‍ ഉള്ള പാതയാണ്‌. പാതയുടെ ഒരു വശത്ത്‌ മലകളാണെങ്കില്‍ മറുവശം വളരെ ആഴമുള്ള ഗര്‍ത്തങ്ങളും. ചെറിയൊരു ശ്രദ്ധക്കുറവു മതി അപകടം ഉണ്ടാവാന്‍. ഇതുപോലുള്ള റോഡുകളില്‍ വണ്ടിയോടിച്ചു നല്ല പരിചയമുള്ള ആളാണ്‌ സുരേഷ്‌. അതുകൊണ്ട്‌ ഞങ്ങള്‍ക്കാര്‍ക്കും തന്നെ യാതൊരു ആശങ്കയുമില്ലായിരുന്നു. മഴയും മൂടല്‍മഞ്ഞും കാരണം എതിരെനിന്നും വരുന്ന വാഹനം അടുത്തെത്തുമ്പോഴെ കാണാന്‍ പറ്റുകയുള്ളൂ. ഫോഗ്‌ ലൈറ്റ്‌ ഇട്ടുകൊണ്ട്‌ യാത്ര തുടര്‍ന്നു. കുറേ കഴിഞ്ഞ്‌ ഒരു വളവ്‌ കഴിഞ്ഞപ്പോള്‍ വണ്ടികളെല്ലാം ഒന്നിനു പുറകേ ഒന്നായി റോഡില്‍ ഓരം ചേര്‍ന്ന് പാര്‍ക്ക്‌ ചെയ്തിരിക്കുന്നു.

"എന്തു പറ്റി", വണ്ടി സൈഡില്‍ നിര്‍ത്തി, അടുത്തു കണ്ട ഒരു ഡ്രൈവറോട്‌ ചോദിച്ചു.

"കനത്ത മഴയില്‍ കുറച്ചകലെ മലയിടിഞ്ഞ്‌ മണ്ണും പാറക്കല്ലുകളും റോഡില്‍വീണ്‌ തടസ്സമുണ്ടാക്കിയിരിക്കയാണ്‌" അയാള്‍ പറഞ്ഞു.

" ഇനി അതെല്ലാം മാറ്റിയിട്ടേ വണ്ടി എടുക്കാന്‍ പറ്റൂ".

നല്ല മഴ. കുട ഒരെണ്ണമേ എടുത്തുള്ളൂ. തണുപ്പുമുണ്ട്‌. കുടയെടുത്ത്‌ കുറച്ചുദൂരം മുന്നോട്ട്‌ നടന്നപ്പോള്‍ 'ബോര്‍ഡര്‍ റോഡ്‌ ഒര്‍ഗനൈസേഷന്‍'ലെ ജീവനക്കാരും തൊഴിലാളികളും, അതുവഴിവന്ന CRPF-ലെ ജവാന്മാരും ചേര്‍ന്ന് മഴയെ വകവെക്കാതെ കല്ലും മണ്ണും പാതയില്‍നിന്നും നീക്കം ചെയ്യുകയാണ്‌. ഇവിടെ ഇങ്ങിനെ നില്‍ക്കുന്നതുതന്നെ വളരെ അപകടം പിടിച്ചതാണ്‌, എപ്പോഴാണ്‌ ചെറിയ കല്ലുകള്‍ മുകളില്‍ നിന്നും വീഴുക എന്ന്‌ പറയാന്‍ പറ്റില്ല. ഇതുപോലെ ഭാരതത്തിന്റെ പല അതിര്‍ത്തി പ്രദേശങ്ങളിലും കടുത്ത തണുപ്പും മഞ്ഞും മഴയും കൊണ്ട്‌, ചുരുങ്ങിയ സൗകര്യങ്ങള്‍ പോലുമില്ലാതെ കഷ്ടപ്പാടുകള്‍ അനുഭവിച്ച്‌ നിത്യേന കഠിന ജോലി ചെയ്യുന്ന, ബോര്‍ഡര്‍ റോഡ്‌സിലേയും മറ്റ്‌ സേനാവിഭാഗങ്ങളിലേയും ജവാന്മാരുടേയും തൊഴിലാളികളുടേയും സേവനം, നാം ഇതുപോലുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ പലപ്പോഴും ഓര്‍ക്കാറേയില്ല. തടസ്സം മാറ്റികിട്ടാന്‍ ഇനിയും അരമണിക്കൂര്‍ കൂടി വേണ്ടിവരും. തടസ്സപ്പെട്ട റോഡിന്റെ അപ്പുറത്ത്‌ ധാരാളം വണ്ടികള്‍ കാത്തുനില്‍പ്പുണ്ട്‌. കുറെ കഴിഞ്ഞ്‌ തടസ്സമെല്ലാം നീക്കിയപ്പോള്‍ ബോര്‍ഡര്‍ റോഡ്‌സിലെ ജവാന്മാര്‍ക്കും തൊഴിലാളികള്‍ക്കും CRPFലെ ജവാന്മാര്‍ക്കും മനസ്സാലെ നന്ദി പറഞ്ഞുകൊണ്ട്‌ ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുറച്ചുദൂരം ചെന്നപ്പോള്‍ റോഡിന്റെ വലതുവശത്തായി രംഗാനദി കാണാറായി. അതിനു കുറുകെയുള്ള ഡാമിന്റെയും ടണ്ണലിന്റെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാറായി. ഇതിനേക്കാള്‍ വലിയ ജലസേചനപദ്ധതികള്‍ മറ്റ്‌ ജില്ലകളില്‍ പുരോഗമിക്കുന്നുണ്ട്‌. യാച്ചൂലി കഴിഞ്ഞപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞുതുടങ്ങി. യാച്ചൂലിയില്‍ നിന്നും ജീറോ വരെ റോഡിനിരുവശത്തും സുന്ദരമായി പൈന്‍ മരങ്ങളുടെ നിര കാണാം. ഇടക്കിടക്ക്‌ പച്ചയിലും ഇളംമഞ്ഞനിറത്തിലുമുള്ള മുള്ളില്ലാത്ത മുളംക്കൂട്ടങ്ങളും.ജീറോയോട്‌ ചേര്‍ന്ന്‌ കിടക്കുന്ന ഹാപ്പോലി എത്തിയപ്പോഴേക്കും മഴയെല്ലാം മാറിയിരുന്നു. എങ്കിലും ഒരു മുന്‍കരുതല്‍ എന്ന നിലക്ക്‌ അവിടെ പരിചയക്കാരുടെ അടുത്ത്‌ നിന്നും ആനന്ദ്‌ രണ്ട്‌ മൂന്ന്‌ കുടകള്‍ സംഘടിപ്പിച്ചു. ഇനി അങ്ങോട്ട്‌ നടക്കാനുള്ളതാണ്‌, മഴ ഏതു സമയത്തും വരാം. ഹാപ്പോലിയില്‍ നേരത്തെ വന്നിട്ടുണ്ടെങ്കിലും, മഴ പെയ്തൊഴിഞ്ഞ ആ തെളിഞ്ഞ അന്തരീക്ഷത്തില്‍ പ്രകൃതി കുളിച്ച്‌ ഈറനുടുത്ത്‌ ഒരു യുവതിയെപ്പോലെ തോന്നി.

ജീറൊ - ഹാപ്പോലി

ഒരു കൊച്ചു ഇരട്ട നഗരമായ ജീറോ - ഹാപ്പോലി ഒരു ഹില്‍ സ്റ്റേഷന്‍ കൂടിയാണ്‌. സമുദ്രനിരപ്പില്‍നിന്നും ഏകദേശം 5500-ല്‍ കൂടുതല്‍ അടി ഉയരമുള്ള ഈ ഹില്‍ സ്റ്റേഷന്‍ നല്ല തണുപ്പുള്ള സ്ഥലമാണ്‌.


സിബെ എന്ന ഗ്രാമം വരെയെ വണ്ടി പോകാന്‍ പറ്റുകയുള്ളൂ. അവിടെ വണ്ടി നിര്‍ത്തിയിട്ട്‌ ഒരോ ചായ കുടിച്ച്‌ ഒന്ന്‌ ഉഷാറായി. നടക്കാനുള്ള തയ്യാറെടുപ്പിലേക്കായി കുത്തി നടക്കാന്‍ ഓരോ വടിയും സംഘടിപ്പിച്ചു. ആനന്ദ്‌ ഒരു ഗൈഡിനെപ്പോലെ ഒരോ സൗകര്യങ്ങള്‍ ചെയ്തുതന്നു. അയാള്‍ ജീറോയിലെ അപ്പാത്താനി വര്‍ഗ്ഗത്തിലുള്ള ആദിവാസിയാണ്‌. അതുകൊണ്ട്‌, ആ സ്ഥലത്തിനെക്കുറിച്ചും അവിടത്തെ ആളുകളെക്കുറിച്ചും നല്ലപോലെ അറിയാം. സിബെ-യില്‍ നിന്നും ഞങ്ങള്‍ ട്രെക്കിംഗ്‌ (പദയാത്ര) ആരംഭിച്ചു. ആദ്യം കുറച്ചുദൂരം കാട്‌ വെട്ടിത്തെളിച്ച കൃഷിസ്ഥലങ്ങളിലൂടെയും, ചെറിയ കാടുകളിലൂടെയുള്ള ഒറ്റവഴികളൂടെയായിരുന്നു. വഴിയില്‍ നാലഞ്ച്‌ സ്ഥലത്തായി മുളയും പുല്ലും കൊണ്ട്‌ നിര്‍മ്മിച്ച പുതിയ തല്‍ക്കാലിക കൊച്ചു കടകള്‍ വന്നിരിക്കുന്നു. ശിവലിംഗദര്‍ശനത്തിനായി പോകുന്നവര്‍ക്കായി ചന്ദനത്തിരി, കര്‍പ്പൂരം, നാളികേരം തുടങ്ങിയ പൂജാസാധനങ്ങളും ബിസ്കറ്റ്‌, പാനീയങ്ങള്‍ തുടങ്ങി മറ്റ്‌ സാധനങ്ങളും വില്‍പ്പനക്കായി വെച്ചിരിക്കുന്നു. ഞങ്ങള്‍ കുറച്ച്‌ പൂജസാധനങ്ങളും ബിസ്കറ്റും മിനറല്‍ വാട്ടറും വാങ്ങി കൈയില്‍ കരുതി. കുറച്ച്‌ കൂടി നടന്നപ്പോള്‍ വഴി അത്ര സുഗമമല്ലാതായി. നേരത്തെ ഇവിടമെല്ലാം ഇടതൂര്‍ന്ന കാടായിരുന്നു. കാലകാലങ്ങളില്‍ മരം വെട്ടിമാറ്റി ചിലയിടങ്ങളില്‍ കൃഷിയിറക്കിയിട്ടുണ്ട്‌. കൃഷിസ്ഥലത്തിലേക്ക്‌ പോകുന്നവരും വിറക്‌ ശേഖരിക്കാന്‍ പൊകുന്നവരും മാത്രം ഉപയോഗിക്കുന്ന ഇരുവശവും പുല്ല്‌ വളര്‍ന്ന്‌ നില്‍ക്കുന്ന ഒരു ഒറ്റവഴി. മഴ പെയ്തിരുന്നതിനാല്‍ ചിലയിടങ്ങളില്‍ വെള്ളവും ചെളിയും കെട്ടി നില്‍ക്കുന്നുണ്ട്‌. തെന്നിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു നടന്നു. വഴിയില്‍ ഇടക്കിടക്ക്‌ ശിവലിംഗദര്‍ശനം കഴിഞ്ഞ്‌ വരുന്ന ആള്‍ക്കാരെയും കണ്ടു. ഇന്ന്‌ മഴ പെയ്തതുകാരണം ആള്‍ക്കാര്‍ കുറവാണത്രേ. ഏകദേശം രണ്ട്‌ കി.മി. നടത്തം കഴിഞ്ഞപ്പോള്‍ മുന്നിലതാ വലിയൊരു മല. നല്ല ഉയരമുണ്ട്‌ മലയുടെ മുകളില്‍ അങ്ങ്‌ ഉള്‍ക്കാടിലാണ്‌ ശിവലിംഗം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‌. പ്രത്യേകിച്ച്‌ വഴിയൊന്നുമില്ല.. ഇതിന്‌ മുന്‍പ്‌ ആള്‍ക്കാര്‍ നടന്ന വഴിനോക്കി കയറണം. എന്റെ ഈശ്വരാ.. നേരത്തേ ചില മലകള്‍ കയറിയിട്ടുണ്ടെങ്കിലും ഇങ്ങനെ കുത്തനെയുള്ള മല കയറി എനിക്ക്‌ നല്ല പരിചയം ഇല്ല. മലയുടെ അടിവാരത്തായി ചെറിയ ഒരു കുടിലും അതിനോട്‌ ചേര്‍ന്ന്‌ ഒരു താല്‍കാലിക കടയും. അഞ്ച്‌ മിനിറ്റ്‌ അവിടെയിരുന്ന്‌, വെള്ളം കുടിച്ച്‌ ക്ഷീണം മാറ്റി. ചിലയിടങ്ങളില്‍ ചെളിവെള്ളച്ചാലിലൂടെ നടന്നതുകാരണം പാന്റ്സിന്റെ താഴത്തെ ഭാഗമെല്ലാം നനഞ്ഞിട്ടുണ്ട്‌. അതെല്ലാം ഒന്ന്‌ ശരിയാക്കി. ഇനി കയറ്റം ആരംഭിക്കാം.കുത്തനെയുള്ള കയറ്റം, വടിയുടെ സഹായത്താല്‍ പതുക്കെ കയറിത്തുടങ്ങി. വഴി വളരെ തെന്നലുള്ളതാണ്‌. സൂക്ഷിച്ചില്ലെങ്കില്‍ നേരെ താഴോട്ടെത്താം. ഏകദേശം ഒന്ന്‌ ഒന്നര കി.മി. കൂടിയുണ്ട്‌. കുറച്ച്‌ കയറ്റം കഴിഞ്ഞപ്പോള്‍ കാലിന്റെ ശക്തിയെല്ലാം കുറയുന്നതുപോലെ ഒരു തോന്നല്‍. ഏകദേശം പകുതി കയറിക്കഴിഞ്ഞു. ഇനിയെങ്ങിനെയാ നിര്‍ത്തി മടങ്ങുന്നത്‌. അതു ശരിയല്ലല്ലോ.. തുടരുകതന്നെ. നല്ലപോലെ ക്ഷീണിച്ചുതുടങ്ങി.. ഇടതൂര്‍ന്ന വന്‍മരങ്ങളുള്ള ഉള്‍ക്കാടെത്തി. ചിലയിടത്തെല്ലാം വെള്ളവും ചെളിയും കെട്ടികിടന്ന്‌ നടക്കാന്‍ പറ്റാത്തവിധം തെന്നുന്നുണ്ട്‌. വള്ളികളിലും, ചെറുസസ്യങ്ങളുടെ ഇലകളിലും, പുല്ലുകളിലും ചെളിയിലുമെല്ലാം കറുത്ത ചെറിയ സൂചിപോലുള്ള അട്ടകള്‍ തലപൊക്കി ആടിക്കൊണ്ടിരിക്കുകയാണ്‌, ചാടി പിടിക്കാനായിട്ട്‌. പാന്റ്സില്‍ പറ്റിക്കൂടിയ ചിലതിനെയൊക്കെ വലിച്ച്‌ കളഞ്ഞു. നല്ല കയറ്റവും ചെരിവും ഉള്ള ഭാഗങ്ങളില്‍ നടക്കുന്നതിനായി പടവുകള്‍ വെട്ടിയിട്ടുണ്ടെങ്കിലും മഴ നനഞ്ഞ്‌ അത്‌ ഒന്നുകൂടി വഴുവഴുപ്പായിരിക്കുന്നു.ശിവലിംഗദര്‍ശനം:കുറച്ചുദൂരം കൂടി വന്‍മരങ്ങളുടെ ഇടയിലൂടെ വഴുവഴുപ്പുള്ള വഴിയില്‍ കൂടി നടന്നുകയറിയപ്പോള്‍ അതാ ദൂരെ ഒരു ചെറിയ കുന്നിന്‍ ചെരിവിലായി വളരെ പൊക്കം കൂടിയ ഒരു ശില കാണാറായി. അടുത്തെത്തിയപ്പോള്‍ അതു വ്യക്തമായി. ശിവലിംഗത്തിന്റെ ആകൃതിയില്‍ ആ അത്ഭുത ശില ദര്‍ശനമായി. തൊട്ടടുത്തുകൂടി ഒരു നീരുറവ ഒഴുകുന്നുണ്ട്‌. അവിടെ കൈകാല്‍ കഴുകി ശിവലിംഗത്തിനുമുമ്പില്‍ ചന്ദനത്തിരിയും കര്‍പ്പൂരവും കത്തിച്ചു. ആശ്ചര്യവും അത്ഭുതകരവുമായ ഒരു ദൃശ്യം തന്നെ.

ശിവലിംഗം 2004-ല്

പ്രത്യേകതകള്‍:
ഉപരിതലത്തില്‍നിന്നും 25 അടി ഉയരവും, 22 അടി വ്യാസവും (വണ്ണം) ഉള്ള പ്രകൃത്യാലുള്ള ഒരു വമ്പന്‍ ശില - ഈ കൊടുംകാട്ടിനുള്ളില്‍. ഇതുപോലുള്ള ശിലകള്‍ ആ കാട്ടിനടുത്തെങ്ങും കണ്ടില്ലെന്നതാണ്‌ ഒരു പ്രത്യേകത. (കിഴക്കന്‍ ഹിമാലയ പര്‍വതനിരകള്‍ താരതമ്യേന പഴക്കം കുറവായതുകൊണ്ട്‌, ദക്ഷിണേന്ത്യയില്‍ കാണുന്നതുപോലെ നല്ല കഠിനവും പഴക്കവുമുല്ല പാറകള്‍ ഇവിടെ കാണാറില്ല.) പരമശിവന്റെ കഴുത്തില്‍ നാഗം ചുറ്റികിടക്കുന്നതുപോലെ ഈ ശിവലിംഗത്തിനു മുകളില്‍ ഒരു ചുറ്റ്‌ വ്യക്തമായി കാണാം. താഴെ ശിവലിംഗത്തിന്റെ ഒരു വശത്തായി ശ്രീ ഗണപതിയുടെ മുഖവും തുമ്പിക്കൈയും പോലെ വളരെ വ്യക്തമായി ഒരു ശിലാഭാഗം മുന്നോട്ട്‌ തള്ളിനില്‍ക്കുന്നു. വേറൊരുവശത്ത്‌ ശ്രീ പാര്‍വതിയുടെ മുഖം പോലെ കാണാം. ശിവന്റെകൂടെ ഗംഗയെന്നപോലെ ശിവലിംഗത്തിന്റെ അടിഭാഗത്തുനിന്നും ചെറുതായിട്ടെങ്കിലും നിലക്കാതെ ജലം പ്രവഹിക്കുന്നുണ്ട്‌.ശ്രീ സിദ്ദേശ്വരനാഥ ക്ഷേത്രമെന്നാണ്‌ ഈ പുണ്യസ്ഥലത്തിനു നാമകരണം ചെയ്തിരിക്കുന്നത്‌. അവിടെ ഒരു താല്‍ക്കാലിക ഷെഡും പൂജാരിയും ഉണ്ട്‌. ആ സമയത്ത്‌ അവിടെ താമസസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ദിവസേന പൂജാരി വന്നു പൂജാകര്‍മ്മങ്ങള്‍ നടത്തി വൈകീട്ട്‌ തിരിച്ചുപോകുകയാണ്‌.

ഇത്രയേറെ പ്രത്യേകതകളുള്ള ഈ അത്ഭുതശില ഇത്രയും കാലം ഒരു വശം പാതി മണ്ണ്‌ മറഞ്ഞിട്ടും ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. എന്നെങ്കിലും മരംവെട്ടുകാരല്ലാതെ ആര്‌ ഇവിടെ വരാന്‍.
അത്ഭുത ദര്‍ശനം:
2004 ജൂലായില്‍ ഒരു ദിവസം ശ്രീ പ്രേം സുബ്ബ എന്ന ഒരു നേപ്പാളി മരംമുറിക്കാരന്‍ ഈ കാട്ടില്‍ നിന്നും ഒരു മരം മുറിക്കുകയായിരുന്നു. മരം നില്‍ക്കുന്ന പൊസിഷനനുസരിച്ചും മരം വെട്ടിയതനുസരിച്ചും ആ മരം പാതി മറഞ്ഞുകിടക്കുന്ന ഈ ശില (ലിംഗം)യുടെ പുറത്ത്‌ വീഴേണ്ടതായിരുന്നു. പക്ഷേ മരം വീണതോ ഈ ശില നില്‍ക്കുന്നിടത്തുനിന്നും കുറച്ച്‌ മീറ്റര്‍ അകലെ മാറി. ഇതെങ്ങിനെ സംഭവിച്ചു? ശ്രീ സുബ്ബക്ക്‌ അത്ഭുതമായി. അപ്പോഴാണ്‌ അയാള്‍ക്ക്‌ ഭൂമിയില്‍നിന്നും കുറച്ച്‌ ഉയര്‍ന്ന്‌ നില്‍ക്കുന്ന ഈ പ്രത്യേകതരം ശില കാണാനായത്‌. പെട്ടെന്ന്‌ അയാളുടെ മനസ്സില്‍ ഇങ്ങനെ തോന്നുകയുണ്ടായി - ഇത്‌ ഒരു സാധാരണ ശില അല്ലെന്നും അതു ശിവലിംഗമാണെന്നും അയാളുടെ മനസ്സില്‍ ദര്‍ശിക്കുകയുണ്ടായി. തനിക്കുണ്ടായ അനുഭവങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച ശ്രീ സുബ്ബ ഈ നടന്ന കാര്യങ്ങളെല്ലാം മറ്റുള്ളവരോട്‌ പറയുകയുണ്ടായി. അങ്ങിനെയാണ്‌ മറ്റ്‌ വിശ്വാസികള്‍ അവിടെയെത്തുകയും പാതി മണ്ണില്‍ മറഞ്ഞുകിടന്ന ശിവലിംഗം പൂര്‍ണ്ണ ദര്‍ശന യോഗ്യമാക്കുകയും ചെയ്തത്‌.വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കാഷ്മീരില്‍ ഒരു മുസ്ലീം ആട്ടിടയന്‍ അമര്‍നാഥില്‍ ഒരു ബൃഹത്തായ ഗുഹ കണ്ടെത്തുകയുണ്ടായി. അവിടെ ആ ഗുഹക്കകത്ത്‌ സ്വതവേ മഞ്ഞ്‌ ശിവലിംഗം രൂപപ്പെടുന്ന നിഗൂഡതപോലെയാണ്‌, ജീറോക്കടുത്ത്‌ ഈ കൊടുംകാട്ടില്‍ ഇത്ര ഉയരവും, വണ്ണവും പല പ്രത്യേകതകളുമുള്ള ഈ ശിവലിംഗം കണ്ടെത്തിയതെന്നുവേണം കരുതാന്‍.


‍ശിവലിംഗം 2006-ല്

"ശിവപുരാണം" 1893-ലെ എഡിഷണില്‍ 9ാ‍ം ഖണ്ഡത്തിലെ 17ാ‍ം അദ്ധ്യായത്തില്‍ പരമശിവന്‍ ഇങ്ങനെ പറയുന്നുണ്ടത്രേ -- "ഞാന്‍ ലിംഗത്തിന്റെ രൂപത്തില്‍ അവതരിക്കും. ആയതിനാല്‍ ആ സ്ഥലം ലിംഗാലയ എന്ന പേരില്‍ അറിയപ്പെടും. ബൃഹത്തായ ഈ ലിംഗം ശരിയായ രൂപത്തിലേക്ക്‌ രൂപാന്തരം പ്രാപിക്കും. ജനങ്ങളുടെ വിശ്വാസത്തിനും ആരാധനക്കുമായി ഞാന്‍ ഈ ലിംഗത്തിലേക്ക്‌ പ്രവേശിക്കും. ഈ സ്ഥലം അരുണാചല്‍ എന്ന പേരില്‍ അറിയപ്പെടും."

ഭക്തജനപ്രവാഹം:
ഈ വാര്‍ത്ത വന്നതിനുശേഷം, 2004 ജൂലായ്‌ മുതല്‍ നിറയെ ഭക്തജനങ്ങള്‍ ഈ സ്ഥലവും ശിവലിംഗവും ദര്‍ശിക്കുകയുണ്ടായി. തദ്ദേശികള്‍ക്കു പുറമെ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തര്‍ എത്തുകയുണ്ടായി. പല മന്ത്രിമാരും ഗവര്‍ണ്ണരുടെ പത്നിയും പിന്നീട്‌ ഇവിടം സന്ദര്‍ശിച്ചു. ശ്രീ സിദ്ദേശ്വര്‍നാഥ്‌ ക്ഷേത്ര കമ്മിറ്റി രൂപികരിച്ച്‌ പിന്നീട്‌ ഇവിടേക്ക്‌ ഒരു കോണ്‍ക്രീറ്റ്‌ നടവഴിയും നിര്‍മ്മിച്ചിട്ടുണ്ട്‌. ജനങ്ങള്‍ക്ക്‌ ദര്‍ശനത്തിനും, നന്മയും അനുഗ്രഹവും ചൊരിയുന്നതിനായി ശിവലിംഗത്തോട്‌ ചേര്‍ന്ന്‌ ഒരു ക്ഷേത്രം നിര്‍മ്മിക്കാനും കമ്മിറ്റിക്ക്‌ പദ്ധതിയുണ്ട്‌.

‍ഭക്തജനങ്ങള്‍ ശിവലിംഗത്തില്‍ പൂജാ അര്‍ച്ചന നടത്തുന്നു

മടക്കയാത്ര:
ലോകത്തില്‍വെച്ച്‌ ഏറ്റവും ഉയരം കൂടിയ പ്രകൃതിയുടെ മടിത്തട്ടില്‍നിന്നും ഉയിര്‍ഭവിച്ച അനേകം പ്രത്യേകതകള്‍ ഉള്ള ഈ അത്ഭുത ശിവലിംഗം ദര്‍ശിച്ച്‌ സായൂജ്യമടങ്ങി ഞങ്ങള്‍ മടക്കയാത്രയായി. ഇവിടേക്ക്‌ വരാന്‍ കയറ്റമായിരുന്നെങ്കില്‍, മടക്കയാത്ര അതുപോലെ ഇറക്കമാണ്‌. മഴ ചെറുതായി ചാറ്റുന്നുണ്ട്‌. വഴി കൂടുതല്‍ തെന്നാന്‍ തുടങ്ങി. കയറ്റത്തിനേക്കള്‍ കഷ്ടകരമാണ്‌ ശരീരത്തിന്റെ ബാലന്‍സ്‌ പിടിച്ച്‌ കുത്തനെ ഇറങ്ങുന്നത്‌. ഒന്ന്‌ തെറ്റിയാല്‍മതി നടുവൊടിയാന്‍. പലയിടത്തും വീഴുമെന്നായിട്ടും, ഭാഗ്യത്തിന്‌ ശിവകൃപ കൊണ്ട്‌ വീണില്ല. ബാലന്‍സ്‌ പിടിച്ച്‌ മലയിറങ്ങിയതുകൊണ്ടാവണം, കാലിന്‌ വേദന. അങ്ങിനെ ഒരുവിധം താഴെയെത്തി, ലേശം വിശ്രമിച്ച്‌ വീണ്ടും നടന്നു. വണ്ടി പാര്‍ക്ക്‌ ചെയ്തിടത്ത്‌ എത്തി. ശരിക്കും ഒന്ന്‌ കൈകാല്‍ കഴുകി. പാന്റ്സില്‍ മുട്ടോളം വരെ ചെളി തട്ടിയിട്ടുണ്ട്‌.. കുറച്ചൊക്കെ വൃത്തിയാകി. സമയം മൂന്ന്‌ മണിയായി. നല്ല വിശപ്പ്‌. അടുത്ത്‌ ജീറൊ ടൗണില്‍ പോയി ആനന്ദിന്റെ ഒരു ബന്ധുവീട്ടില്‍ കയറി. നേരത്തെ അറിയിച്ചിരുന്നതൊകൊണ്ട്‌ ആഹാരം റെഡി. ആഹാരം കഴിച്ച്‌ ടൗണില്‍ ഒന്ന്‌ ചുറ്റിയടിച്ച്‌ നാലരയോടെ ഞങ്ങള്‍ ഇറ്റാനഗറിലേക്ക്‌ മടക്കയാത്ര ആരംഭിച്ചു -- മലകയറ്റത്തിന്റെ ക്ഷീണം ശരീരത്തിലും, ശിവലിംഗദര്‍ശനസായൂജ്യം മനസ്സിലും പേറി.

കൃഷ്‌ krish

6 comments:

കൃഷ്‌ | krish said...

നിബിഡ വനത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രകൃത്യാലുള്ള ശിവലിംഗം (ശില) കണ്ടെത്തിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഒന്ന്‌ കണ്ടുകളയാമെന്നു കരുതി. എന്റെ ശിവലിംഗദര്‍ശന യാത്രയും ചിത്രങ്ങളും.
കൃഷ്‌ | krish

Anonymous said...

nalla viviraNam
-nunakkuzhippayyan

Anonymous said...

oru paraykkum sweiryam kotukkaruth

seeyes said...

കൃഷ് ഇറ്റാനഗറില്‍ പോയത് ഞങ്ങള്‍ക്ക് ഗുണമായി. നല്ല ചിത്രങ്ങളും വിവരണവും.

qw_er_ty

കൃഷ്‌ | krish said...

നന്ദി seeyes :)
ഞാന്‍ ജോലി ചെയ്യുന്നത്‌ ഇറ്റാനഗറില്‍ ആണ്‌. ഇവിടെ നിന്നുമാണ്‌ ജീറോക്ക്‌ പോയത്‌.

അനോണികള്‍: :) നമ്മളെയും വിടരുതല്ലോ.

കൃഷ്‌ | krish

സു | Su said...

കൃഷ് :) നന്നായിട്ടുണ്ട്, വിവരണം. ഒക്കെ കണ്ടറിഞ്ഞപോലെ.