Thursday, August 30, 2007

ബാല്യകാല സ്മരണകള്‍ - നൊസ്റ്റാല്‍ജിയ

ബാല്യകാല സ്മരണകള്‍ - നൊസ്റ്റാല്‍ജിയ.

സ്കൂളിന്‌ അവധിയാകുമ്പോള്‍ പണ്ടൊക്കെ കളിക്കാന്‍ എന്തു രസം.
കൊയ്ത്തൊഴിഞ്ഞ പാടങ്ങള്‍ തന്നെ മുഖ്യ കളിസ്ഥലം. നാടന്‍ ക്രിക്കറ്റ്‌ (കൊട്ടിയും പുള്ളും), ചില്ലേറ്‌, കാല്‍പ്പന്ത്‌, ഗോലികളി, അങ്ങിനെ പലതും.

വാളന്‍പുളി എറിഞ്ഞുവീഴ്ത്തിയും പെറുക്കിവിറ്റും സിനിമക്കുള്ള വകുപ്പ്‌ സംഘടിപ്പിക്കല്‍. പുളിമരക്കൊമ്പില്‍ ഊഞ്ഞാലിട്ട്‌, ഊഞ്ഞാലാട്ടം.

വൈക്കോല്‍ കുണ്ട(കൂന)കള്‍ക്കിടയില്‍ ഒളിച്ചുകളി.
ഇടക്ക്‌ കുന്നിക്കുരു ശേഖരണം.
ഇതൊക്കെ മടുത്ത്‌ കഴിയുമ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്ന യെവന്റെ പുറത്തു കയറി ഒരു നാടുതെണ്ടല്‍.

വെയില്‌ കൊണ്ട്‌ ക്ഷീണിച്ചു കഴിയുമ്പോള്‍ പിന്നെ കുളത്തിലേക്ക്‌ എടുത്ത്‌ ചാട്ടമായി. നീന്തിതിമര്‍ക്കാന്‍ - ജലകലോല്‍സവം, ഒന്നു രണ്ടു മണിക്കൂറെങ്കിലും.





ഇതൊക്കെ പഴയ കഥ. ഇന്നോ?


ഇന്നത്തെ കാലത്ത്‌ കുട്ടികള്‍ക്ക്‌ വീഡിയോ ഗെയിം, കമ്പ്യൂട്ടര്‍, ടി.വി. ഷോകള്‍, പിന്നെ ഔട്ടിംഗ്‌ എന്നാല്‍ വീഗാലാന്‍ഡും. ന്താ പോരേ..!!


*********



(ഇത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം? ചില ബ്ലോഗര്‍മാര്‍ പോസ്റ്റുകളുടെ വാര്‍ഷികം ആഘോഷിക്കുന്നു. ഞാന്‍ ഒന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ ഈ ബ്ലോഗ്‌ 2004-ല്‍ തുടങ്ങി അനക്കമില്ലാതെ കിടന്നെങ്കിലും, മലയാളത്തില്‍ പോസ്റ്റുകള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒരു തിരിഞ്ഞുനോട്ടം, ബാല്യകാലത്തേക്കും ബ്ലോഗ് ബാല്യകാലത്തേക്കും.)

Wednesday, August 29, 2007

സുല്ലിട്ട തേങ്ങകള്‍.

സുല്ലിട്ട തേങ്ങകള്‍.

കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം എല്ലാ പോസ്റ്റിനും ആദ്യം കേറി കമന്റ് തേങ്ങ ഉടയ്ക്കുന്ന സുല്‍ എന്ന ബ്ലോഗര്‍ പോസ്റ്റിന്റെ വാര്‍ഷികം കൊണ്ടാടുകയാണ് (വെള്ളമടിച്ച് ആടുകയല്ല). ഇത്രയും നാള്‍ മറ്റുള്ളവരുടെ പോസ്റ്റിനെല്ലാം തേങ്ങയുടച്ച് സുല്‍, ഇപ്പോള്‍ ക്ഷീണിതനായിരിക്കുകയാണ്. കാരണം പോസ്റ്റുകള്‍ മലവെള്ളപ്പാച്ചില്‍ പോലെയാണ് വന്നു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം തേങ്ങയുടക്കുക എന്നത് വിഷമം പിടിച്ച കാര്യവും. അതിനുപുറമെ ആവശ്യത്തിന് തേങ്ങയും കിട്ടാനില്ല. പോസ്റ്റുകളുടെ എണ്ണം എന്തായാലും കുറയാന്‍ പോവുന്നില്ല. സുല്ലിന്റെ ഈ വിഷമസ്ഥിതി മാറ്റുവാനായി തേങ്ങാ ഉല്‍പ്പാദനം കൂട്ടുകയേ നിവൃത്തിയുള്ളൂ.

സുല്ലിനു വേണ്ടി തെങ്ങിന്‍ തൈകള്‍ മുളപ്പിച്ചെടുക്കുന്നു.
തൈകള്‍ വളര്‍ന്നു വരുന്നുണ്ട്. സുല്ലേ പേടിക്കേണ്ട.
ഇതാ കുലച്ചു നില്‍ക്കുന്നു. ചെന്തെങ്ങ് കുലച്ചപോലെ....
അപ്പോള്‍ സുല്ലടി (തേങ്ങയടി) തുടരട്ടെ.

(ഈ പോസ്റ്റ് സുല്ലിന് സമര്‍പ്പണം)

Friday, August 10, 2007

ആകാശത്തില്‍ അഗ്നിവര്‍ഷം.

ആകാശത്തില്‍ അഗ്നിവര്‍ഷം. അതെ, ഉല്‍ക്കകളുടെ തീമഴ.
പെര്‍സീഡ് ഉല്‍ക്കകള്‍ ആകാശത്ത് അഗ്നിവര്‍ഷം സൃഷ്ടിക്കാന്‍ പോകുന്നു. ഈ വരുന്ന ആഗസ്റ്റ്‌ 12നും 13നും ഇടക്കുള്ള രാത്രിയില്‍ ഉല്‍ക്കകളുടെ അഗ്നിവര്‍ഷം കൂടുതലായി നമുക്ക്‌ നഗ്നനേത്രങ്ങള്‍കൊണ്ട്‌ ദര്‍ശിക്കാന്‍ കഴിയും. അന്ന് രാത്രി 10 മണിക്കും 2 മണിക്കും ഇടയിലുള്ള ഓരോ മണിക്കൂറിലും 50 മുതല്‍ 80 വരെ കത്തിജ്വലിക്കുന്ന ഉല്‍ക്കകള്‍ കാണാന്‍ കഴിയുമെന്നാണ്‌ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്‌.

എല്ലാ വര്‍ഷവും ആഗസ്റ്റ്‌ മാസത്തില്‍ ഉല്‍ക്കകള്‍ കൂടുതലായി ഭൂമിയുടെ വായുമണ്ഡലത്തിലേക്ക്‌ പതിക്കുന്നു. ഇത്‌ ചില വര്‍ഷങ്ങളില്‍ കുറഞ്ഞും ചില വര്‍ഷങ്ങളില്‍ കൂടിയുമിരിക്കും. എന്നാല്‍ ഈ ആഗസ്റ്റില്‍ വായുമണ്ഡലത്തിലേക്കുള്ള ഉല്‍ക്കാപതനം കൂടുതലായിരിക്കുമെന്നാണ്‌ കണ്ടെത്തല്‍. പെര്‍സീഡ്‌ എന്ന നാമധേയമുള്ള ഉല്‍ക്കയാണ്‌ ഇങ്ങനെ ഭൂമിയുടെ വായുമണ്ഡലത്തിലേക്ക്‌ വരുന്നത്‌. സ്വിഫ്റ്റ്‌-ടറ്റില്‍ എന്ന വാല്‍നക്ഷത്രത്തിന്റെ വാല്‍ഭാഗം ആഗസ്റ്റ്‌ മാസത്തില്‍ ഭൂമിയുടെ സഞ്ചാരപഥത്തില്‍ കുറുകെ കടക്കുകയും അങ്ങിനെ ചെറിയ പാറക്കഷണങ്ങളും പൊടിപടലങ്ങളുമടങ്ങിയ ചെറുതും വലുതുമായ ഉല്‍ക്കക്കഷണങ്ങള്‍ ഭൂമിയുടെ വായുമണ്ഡലത്തിലേക്ക്‌ 1,32,000 മൈല്‍ പ്രതി മണിക്കൂര്‍ വേഗതയില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത്രയും വേഗതയില്‍ ഭൂമിയുടെ വായുമണ്ഡലത്തില്‍ പ്രവേശിക്കുന്നതോടെ ഭൗമോപരിതലത്തിന്‌ 30 - 80 മൈലുകള്‍ മുകളില്‍ വെച്ചുതന്നെ ഘര്‍ഷണം മൂലം ഉണ്ടാകുന്ന അതിതാപം കാരണം കത്തി ജ്വലിക്കുന്നു. ഇങ്ങനെ കത്തിജ്വലിച്ച്‌ സഞ്ചരിക്കുന്ന ഉല്‍ക്കകളെയാണ്‌ ആഗസ്റ്റ്‌ 12ന്‌ രാത്രി ദര്‍ശിക്കാന്‍ അവസരമുണ്ടാകുന്നത്‌. വളരെ അപൂര്‍വമായി ചില ഉല്‍ക്കകള്‍ കത്തിതീരാതെ അവശിഷ്ടം ഭൂമിയില്‍ വന്നു പതിക്കാറുണ്ട്‌. സ്വിഫ്റ്റ്‌-ടറ്റില്‍-ന്റെ ഉല്‍ക്കകള്‍ പെര്‍സിയസ്‌ എന്ന നക്ഷത്രസമൂഹത്തില്‍നിന്നും ഉത്ഭവിക്കുന്നതുകൊണ്ടാണ്‌ ഈ ഉല്‍ക്കകളെ പെര്‍സീഡ്സ്‌ എന്ന്‌ വിളിക്കുന്നത്‌.(ഈ ഉല്‍ക്കാ പതനം ജൂലായ്‌ 17ന്‌ തുടങ്ങി ആഗസ്റ്റ്‌ 24 വരെ ഉണ്ടാകുമെങ്കിലും ആഗസ്റ്റ്‌ 12-നാണ്‌ ഇത്‌ മൂര്‍ദ്ധന്യത്തിലെത്തുന്നത്‌).

ഈ ആഗസ്റ്റ്‌ 12-ന്‌ അമാവാസിയായതിനാല്‍ രാത്രി ആകാശം കൂടുതല്‍ ഇരുണ്ടതായിരിക്കും. അതിനാല്‍തന്നെ ഈ അഗ്നിവര്‍ഷം വ്യക്തമായി ദര്‍ശിക്കാന്‍ കഴിയും. ആകാശത്തിന്റെ വടക്കുകിഴക്ക്‌ ചക്രവാളത്തില്‍നിന്നുമാണ്‌ പെര്‍സിയസ്‌ പൊങ്ങുന്നത്‌. അതുകൊണ്ട്‌ ആ ഭാഗത്തായിട്ടാണ്‌ ഇത്‌ കാണാന്‍ കഴിയുക. രാത്രിയിലെ നഗരവെളിച്ചത്തില്‍ നിന്നും അകന്ന്‌ ഇരുട്ടുള്ള ചുറ്റുപാടുനിന്നും നോക്കിയാല്‍ കാണാമെന്ന്‌ ശാസ്ത്രജ്ഞര്‍ ഉപദേശിക്കുന്നു.
***

വാല്‍നക്ഷത്രക്കഷണം:
വര്‍ഷകാലത്തൊരു അഗ്നിവര്‍ഷം. അപ്പോള്‍ ഉല്‍ക്കാഗ്നിവര്‍ഷം കാണാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ്‌ 12-ന്‌ രാത്രി ആകാശത്തേക്ക്‌ കണ്ണും തുറന്നിരിക്കുക.(കൊതുകുകടി കൊള്ളാതെ). ദര്‍ശനം (കൊതുകിന്റെ ദംശനം അല്ല) കിട്ടിയവര്‍ അറിയിക്കുമല്ലോ.

കൃഷ്‌

Wednesday, August 01, 2007

ചാറ്റുമ്പോള്‍ ചീറ്റാമോ?

ചാറ്റുമ്പോള്‍ ചീറ്റാമോ?


1. സൈക്കിളില്‍ പോയാല്‍ സൈക്ക്ലിംഗ്‌ ആവാം,

എന്നാല്‍ ട്രെയിനില്‍ പോയാല്‍ ട്രെയിനിംഗ്‌ ആവുമോ?


2. ആട്ടോ ഡ്രൈവര്‍ ആയാല്‍ ആട്ടോ ഓടിക്കാന്‍ പറ്റും,

അപ്പോള്‍ സ്ക്രൂ ഡ്രൈവര്‍ ആയാല്‍ സ്ക്രൂ ഓടിക്കാന്‍ പറ്റുമോ?


3. ലഞ്ച്‌ ബാഗില്‍ ലഞ്ച്‌ കൊണ്ടുപോകാന്‍ പറ്റും,

എന്നാല്‍ സ്കൂള്‍ ബാഗില്‍ സ്കൂള്‍ കൊണ്ടുപോകാന്‍ പറ്റുമോ?


4. ഇഡ്ലിപ്പൊടി തൊട്ട്‌ ഇഡ്ലി കഴിക്കാന്‍ പറ്റും,

എന്നാല്‍ മൂക്കുപ്പൊടി തൊട്ട്‌ മൂക്ക്‌ കഴിക്കാന്‍ പറ്റുമോ?


5. എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിച്ചാല്‍ എഞ്ചിനീയര്‍ ആകാം,

എന്നാല്‍ പ്രസിഡന്‍സി കോളേജില്‍ പഠിച്ചാല്‍ ആര്‍ക്കും പ്രസിഡന്റ്‌ ആകാന്‍ പറ്റുമോ?



6. നമ്മള്‍ കടയില്‍ പോയി 501 ബാര്‍ സോപ്പ്‌ വാങ്ങിക്കുമ്പോള്‍

കടക്കാരന്‍ നമുക്ക്‌ ഒരു സോപ്പ്‌ മാത്രം തരുന്നു.

ബാക്കി 500 സോപ്പ്‌ എവിടെ പോയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?


7. കുട്ടിക്കൂറ പൗഡര്‍ ഇടുമ്പോള്‍ അതിന്റെ അമ്മക്കൂറയും

അച്ചന്‍കൂറയും എവിടെ എന്ന് അന്വേഷിച്ചിട്ടുണ്ടോ?

പാവം കുട്ടിക്കൂറ :)


8. തെങ്ങില്‍ നിന്നും തേങ്ങ വീഴും.

മാവില്‍ നിന്നും മാങ്ങ വീഴും.

പ്ലാവില്‍ നിന്നും പ്ലാങ്ങ എന്താ വീഴാത്തെ ?



9. ബസ്സ്‌ സ്റ്റോപ്പിന്റെ അടുത്ത്‌ വെയിറ്റ്‌ ചെയ്താല്‍ ബസ്സ്‌ വരും.

ഫുള്‍സ്റ്റോപ്പിന്റെ അടുത്ത്‌ വെയിറ്റ്‌ ചെയ്താല്‍ ഒരു ഫുള്ള്‌ വരുമോ ??

പോട്ടെ, ഒരു ക്വാര്‍ട്ടര്‍ എങ്കിലും??


(ഇതില്‍ കുറെയൊക്കെ ഓര്‍ക്കുട്ടിലെ ചാറ്റിങ്ങില്‍ കണ്ടത്‌)


* ഒരു സംശയം.

ചാറ്റുമ്പോള്‍ ചീറ്റാം (പാടുണ്ടോ?).

അപ്പോള്‍ ചീറ്റുമ്പോള്‍ ചാറ്റാമോ?

പറയൂ.



* തന്ത്രം മെനയുന്നയാള്‍ മന്ത്രി

മന്ത്രം ജപിക്കുന്നയാളോ തന്ത്രിയും.



* എല്ലാം കാണുന്നവന്‍ സാക്ഷി (കൈരളി)

അപ്പോള്‍ സാക്ഷിക്ക്‌ ചുവന്നകണ്ണ്‌ വന്നാല്‍

കണ്ണാടി (ഏഷ്യാനെറ്റ്‌) നോക്കുമോ?



* ലോഗ്‌ ചെയ്താല്‍ ബ്ലോഗ്‌ ചെയ്യാം

എന്നാല്‍ ബ്ലോക്ക്‌ ചെയ്താല്‍ ലോഗ്‌ ചെയ്യാന്‍ പറ്റുമോ?



* അപ്പോള്‍ ഇത്‌ ഒരു പോസ്റ്റാക്കി ബ്ലോഗില്‍ ഇട്ടാല്‍,

പോസ്റ്റ്‌മാന്‍ കൊണ്ടുതരുമോ?

കമന്റിന്‌ കമന്റടി കിട്ടുമോ,

അതോ വെറും 'അടി' കിട്ടുമോ?



കൃഷ്‌.