Sunday, December 14, 2008
കാന്തത്തില്‍ ഒട്ടിപ്പിടിക്കുന്ന ഗുളികകള്‍.
ഇന്ന് വൈകീട്ട് യാദൃശ്ചികമായാണ് അമൃത ടി.വി.യിലെ ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്-2 പരിപാടിയുടെ തുടര്‍ച്ച 'സിറ്റിസണ്‍ ഇംപാക്റ്റ്' ശ്രദ്ധിച്ചത്. പരിപാടി ഇടക്കുവെച്ചാണ് കണ്ടുതുടങ്ങിയത്. ഇതില്‍ യുവതിയായ കോഴിക്കോട് സ്വദേശി ജീന എന്ന മല്‍സരാര്‍ത്ഥിയുടെ റിപ്പോര്‍ട്ടാണ്, ഇന്ന് നമുക്ക് ലഭിക്കുന്ന മരുന്നുകളുടെ ഗുണനിലവാരവും അതിന്റെ അപകടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ഗര്‍ഭിണികള്‍ക്കും വിളര്‍ച്ചയുള്ളവര്‍ക്കും മറ്റും നിര്‍ദ്ദേശിക്കുന്ന ഇരുമ്പ് ലവണങ്ങള്‍ അടങ്ങിയ "Hbfast", "സെറ്റ്ഫെര്‍" (ഈ പേര് വ്യക്തമല്ല) എന്നീ രണ്ട് ഗുളികകളാണ് കാന്തം അടുത്തുകാണിക്കുമ്പോഴേക്കും ചാടി പിടിക്കുന്നത്. സ്വകാര്യകമ്പനികള്‍ അമിതവിലക്ക് പുറത്തിറക്കുന്ന ഈ ഗുളികകള്‍ ഡോക്ടര്‍മാര്‍ വ്യാപകമായി എഴുതികൊടുക്കുന്നതായിട്ടാണ് അന്വ്വേഷണത്തില്‍ നിന്നും മനസ്സിലായതത്രേ. വളരെ സേഫായിട്ടുള്ള ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുള്ള ഗുളികകള്‍ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും 10 ശതമാനത്തിലും താഴെ വിലക്ക് വിതരണം ചെയ്യുമ്പോഴാണ്(സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്ന് കാന്തംകൊണ്ട് മുട്ടിച്ചാലും പിടിക്കുന്നില്ല), വിലകൂടിയതും അപകടം പിടിച്ചതുമായ സ്വകാര്യകമ്പനികളുടെ മരുന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ ഗുളികകളില്‍ ഇരുമ്പ് ലവണങ്ങള്‍ 60 mg-യില്‍ അധികമാകരുതെന്ന് പറയുമ്പോഴും ഇത്തരം അപകടമരുന്നുകളില്‍ ഇത് 100 mg-യില്‍ അധികമാണ്. ഇത് നെഞ്ചെരിച്ചിലിനും പ്രസവം കഠിനവും വിഷമകരവുമാക്കുന്നതിനും നയിക്കുന്നു. ഇതുകാരണം മിക്ക ഗര്‍ഭിണികളുടെയും പ്രസവം സിസേറിയന് ഓപ്പറേഷനു വിധേയമാക്കപ്പെടുകയാണത്രേ. അതിലും കച്ചവടക്കണ്ണ്.
ഇക്കാര്യം ബന്ധപ്പെട്ട അധികാരികളുടേയും ആരോഗ്യമന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്തിയതിനുശേഷം ഡോക്ടര്‍മാര്‍ ഈ അപായമരുന്ന് കുറിക്കുന്നത് നിര്‍ത്തിയെങ്കിലും, ഇത് സുലഭമായി മരുന്നുകടകളില്‍ ഇപ്പോഴും ലഭ്യമാണ്.
അമിതലാഭത്തിനുവേണ്ടി സ്വകാര്യ മരുന്നുകമ്പനികളും ഡോക്ടര്‍മാരും ചേര്‍ന്ന് മനുഷ്യന്റെ ആരോഗ്യത്തെയും ജീവനേയും വരും തലമുറയെപോലും അപകടപ്പെടുത്തുന്നത് എങ്ങനെ ന്യായീകരിക്കാന്‍ പറ്റും. ഇങ്ങനെ എത്രയെത്ര നിലവാരം കുറഞ്ഞതും അപകടകരവുമായ മരുന്നുകള്‍ ഈ രാജ്യത്ത് വിറ്റഴിക്കുന്നുണ്ട്. സ്റ്റാറ്റൂട്ടറി സാമ്പിള്‍ ടെസ്റ്റിംഗ് നമ്മുടെ നാട്ടില്‍ ഫലപ്രദമായി കാലാകാലങ്ങളില്‍ നടപ്പിലാവുന്നുണ്ടോ? കാലാവധി കഴിഞ്ഞ മരുന്നുകള്‍ വീണ്ടും പുതിയ പാക്കറ്റുകളിലാക്കി വില്‍ക്കുന്നത് പരിശോധിക്കുന്നുണ്ടോ? ജനങ്ങള്‍ക്ക് ഇത് അറിയാനുള്ള അവകാശമില്ലേ? ചിലര്‍ക്കെങ്കിലും മേടിക്കല്‍, സോറി മെഡിക്കല്‍ എത്തിക്സ് എന്നത് മനുഷ്യജീവനെ അപായപ്പെടുത്തിയുള്ള പണക്കൊതി മാത്രമായി തരം താണുവോ?
Friday, November 14, 2008
ശിശുദിനചിന്തകള്‍.
കുട്ടികളേയും പൂവുകളേയും ഒരു പോലെ സ്നേഹിച്ച, ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ചാച്ചാ നെഹ്രു എന്നറിയപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ 14 എല്ലാ വര്‍ഷവും ശിശുദിനമായി ആഘോഷിക്കുന്നു.
കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും സര്‍ക്കാരുകളും സന്നദ്ധസംഘടനകളും പലതും ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിനു പാവപ്പെട്ട കുട്ടികള്‍ക്ക് ഇതിന്റെ ചെറിയ ഗുണം പോലും കിട്ടുന്നുണ്ടോ എന്നത് പരിശോധിക്കേണ്ട വിഷയമാണ്.
ബാലവേലയും ബാലപീഡനവും ചൂഷണവും തുടരുമ്പോഴും ഒരു ശിശുദിനം കൂടി 'ആഘോഷ'പൂര്‍വ്വം നമ്മെ കൊഞ്ഞനം കുത്തി കടന്നുപോകുന്നു.
കുട്ടികളുടെ മാനസികവും കായികവുമായ വികസനം കുടുംബത്തില്‍നിന്നുള്ള സ്നേഹം എന്നിവ വ്യക്തിത്വവികസനത്തിനു മുഖ്യമായിരിക്കേ ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്കുള്ള വെല്ലുവിളി വളരെയേറെയാണ്. സൗകര്യങ്ങളുള്ള വീട്ടിലെ മാതാപിതാക്കള്‍ ജോലി, ധനസമ്പാദനം എന്നിവക്കായി നെട്ടോട്ടമോടുമ്പോള്‍ സമയക്കുറവുകാരണം കുട്ടികളെ വേണ്ടപോലെ ശ്രദ്ധിക്കാതെ വരുകയും ചെയ്യുന്നു. അധികമായ പഠനഭാരം, ടി.വി., കമ്പ്യൂട്ടര്‍ എന്നിവയില്‍ കൂടുതല്‍ സമയം ചിലവഴിക്കല്‍ എന്നിവ കുട്ടിയുടെ കായികക്ഷമതക്ക് തടസ്സമാകുന്നു. ഔട്ഡോര്‍ കളിള്‍ക്ക് വേണ്ടി സൗകര്യം/സമയം കണ്ടെത്താതെ കുട്ടികള്‍ വീട്ടില്‍ മാത്രം തനിച്ചുകഴിയുമ്പോള്‍ അവരുടെ മനസ്സില്‍ ഒരു ഉള്‍വലിയല്‍ ക്രമേണ രൂപപ്പെട്ടു വരുന്നില്ലേ.

(വീട്ടിനുവെളിയില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇത് നിര്‍ബന്ധമോ. ഗ്രൂപ്പ് തിരിഞ്ഞ് ഇന്ത്യാ-പാക്കിസ്ഥാന് യുദ്ധവും, ആര്‍മി-തീവ്രവാദി ഏറ്റുമുട്ടലും കളി'പരിശീലന'മായി കളിക്കുന്ന കുട്ടികള്‍. മിക്ക ആണ്‍കുട്ടികള്‍ക്കും 250-300 രൂപയുടെ ഇത്തരം കളിത്തോക്കുകള്‍ നിര്‍ബന്ധമായിരിക്കയാണ്. അങ്ങോട്ടും ഇങ്ങോട്ടും 'പെല്ലറ്റ്'തിരകള്‍ ഉതിര്‍ക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഇവര്‍ നാളെ ശരിക്കുള്ള ആയുധം കൊണ്ട് അന്യോന്യം ചെറിയ കാര്യങ്ങള്‍ക്കുപോലും ഉപയോഗിക്കില്ലെന്ന് എന്താ ഉറപ്പ്. കാലം മാറുമ്പോള്‍ കളികളും മാറുന്നു, പക്ഷേ അത് കുട്ടികളില്‍ ക്രിമിനല്‍ വാസന ഉണര്‍ത്തുന്ന തരത്തിലുള്ളതാവരുത്)
..
പാവപ്പെട്ട കുട്ടികളുടേ കാര്യമാണെങ്കില്‍ ഇതിലേറെ കഷ്ടമാണ്. മിക്ക കുട്ടികളും ചെറുപ്രായത്തില്‍ തന്നെ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവരുകയും കുടുംബത്തെ സഹായിക്കാനായി ബാലവേലകളില്‍ ഏര്‍പ്പെടേണ്ടിവരുകയും ചെയ്യുന്നു. ചെറുപ്രായത്തില്‍ തന്നെ ചുമതലകള്‍ ചെറുതായെങ്കിലും ഏല്ക്കേണ്ടിവരുന്ന അവസ്ഥ.
തെരുവു കുട്ടികളുടേയും അനാഥകുട്ടികളുടേയും കാര്യമാണെങ്കിലോ മിക്കവരും പീഡനത്തിനും ചൂഷണത്തിനും വിധേയരാകാന്‍ വിധിക്കപ്പെട്ടവര്‍. മതിയായ പോഷകാഹാരം ലഭിക്കാത്തവര്‍. ഈ കുട്ടികള്‍ നാളെ വളരുമ്പോള്‍ വഴിതെറ്റിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒറ്റയടിക്ക് ഇതൊന്നും മാറ്റാനാവില്ലെങ്കിലും കുറേശ്ശെയെങ്കിലും ഇതിനു കുറവു വന്നെങ്കില്‍, അതിനു ശ്രമിക്കുമെന്ന് എന്നു നമുക്ക് പ്രതീക്ഷിക്കാം.
..

ഇന്ന് നാം പകര്‍ന്നു നല്കുന്ന ശ്രദ്ധയും സ്നേഹവും ഓരോ കുട്ടിക്കും നാളത്തെ നല്ല പൗരന്മാരാവാന് സഹായകരമാവട്ടെ.
ശിശുദിനാശംസകള്‍!!
Thursday, August 14, 2008
Wednesday, August 13, 2008
ഭാഷ മാറുന്ന ഓന്ത്
നിറം മാറുന്ന ഓന്തിനെക്കുറിച്ച് നമുക്കെല്ലാം അറിയാം. ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്റെ ശരീരത്തിന്റെ നിറം നിമിഷം കൊണ്ട് മാറുന്ന ഓന്തിനെക്കുറിച്ച് ആര്‍ക്കാണ് അറിയാത്തത്. ഇതുകൊണ്ടായിരിക്കാം, സന്ദര്‍ഭത്തിനനുസരിച്ച് അഭിപ്രായവും സ്വഭാവവും മാറുന്നവരെ 'ഓന്തിന്റെ സ്വഭാവം' എന്നു വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഭാഷ മാറുന്ന ഓന്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചിലരെങ്കിലും കേട്ടുകാണും!
അപ്പോള്‍ ഒരു സംശയം. ഓന്ത് സംസാരിക്കുമോ? ഭാഷ മാറുന്ന ഓന്ത് ശരിക്കും ഈ ഭൂലോകത്ത് ഉണ്ടോ? ഭൂലോകത്ത് കാണുകയില്ലായിരിക്കും. പക്ഷേ ഇങ്ങനെയൊരു 'ഓന്ത്' സൈബര്‍ ലോകത്ത് ഉണ്ട്. ഈ സൈബര്‍ ഓന്തിനെക്കുറിച്ച് അറിയാത്തവര്ക്കുവേണ്ടിയാണീ പരിചയപ്പെടുത്തല്‍.
ഇവനൊരു ഇന്ത്യന്‍ ഓന്താണ്. പേര് 'ഗിര്ഗിട്ട്' (ഹിന്ദിയില്‍ ഗിര്ഗിട്ട് എന്നാല്‍ ഓന്ത്). ഇവന്റെ ജോലി, ഒരു ഭാരതീയ ഭാഷയിലെ യൂണിക്കോഡ് എഴുത്തുകുത്തുകളെ നിമിഷങ്ങള്‍ക്കകം ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു, ഗുരുമുഖി, ഗുജറാത്തി, ബംഗാളി, റോമന്‍ തുടങ്ങിയ സ്ക്രിപ്റ്റുകളിലേക്ക് ട്രാന്‍സ്ലിറ്ററേഷന്‍ ചെയ്യുന്നുവെന്നതാണ് (ട്രാന്സ്ലേഷന് അല്ല).
മലയാളത്തില്‍ ബ്ലോഗെഴുതാന്‍ നാം വരമൊഴി, കീമാന്‍, ഇളമൊഴി, ക്വില്‍പാഡ് തുടങ്ങിയ യൂണിക്കോഡ് സ്ക്രിപ്റ്റ് ഉപയോഗിക്കുന്നു. ഇത് റോമന്‍ സ്ക്രിപ്റ്റില്‍ ടൈപ്പ് ചെയ്യുന്ന ഫൊണറ്റിക്ക് മലയാളത്തെ (മംഗ്ലീഷ്) യൂണിക്കോഡില്‍ കണ്‍വെര്‍ട്ട് ചെയ്ത് മലയാളത്തില്‍ ഡിസ്പ്ലേ ചെയ്യുന്നു. അതേ സമയം ഗൂഗിള്‍ ഇന്‍ഡിക് ട്രാന്സ്ലേഷന് ടൂള്‍സ് റോമന്‍ സ്ക്രിപ്റ്റില്‍ ടൈപ്പ് ചെയ്യുന്നതിനെ മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലേക്ക് തല്‍സമയം കണ്‍വെര്‍ട്ട് ചെയ്തുതരുന്നു. പക്ഷേ, ഇതെല്ലാം തന്നെ റോമന്‍ സ്ക്രിപ്റ്റിലുള്ളവയെ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ ചെയ്യുകയാണ്. ഒരു ഭാരതീയ ഭാഷയില്‍ നിന്നും വേറൊരു ഭാരതീയ ഭാഷയിലേക്ക് ട്രാന്‍സ്ലിറ്ററേഷന്‍ ചെയ്യുന്നില്ല.
മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത, അതേസമയം മലയാളം സംസാരിക്കാനും മനസ്സിലാക്കാനും പറ്റുന്ന, ഒരു പ്രവാസിയായ മലയാളി എങ്ങനെ മലയാളം ബ്ലോഗ് വായിക്കും? ഇവിടെയാണ് ഈ ഓന്തപ്പന്റെ അതായത് ഗിര്ഗിട്ടിന്റെ സഹായം ആവശ്യമായി വരുന്നത്.

നിങ്ങള്‍ വായിക്കാനുദ്ദേശിക്കുന്ന ബ്ലോഗ് പോസ്റ്റിന്റെ URL അഡ്ഡ്രസ്സ് കോപ്പി ചെയ്യുക. ഇനി ഇവിടെ പോയി ഗിര്ഗിട്ട് തുറക്കുക. അവിടെ കാണുന്ന Enter the Web address to be transliterated എന്നതിനു താഴെയുള്ള കോളത്തില്‍ കോപ്പി ചെയ്ത ബ്ലോഗ് URL പേസ്റ്റ് ചെയ്യുക,എന്നിട്ട് നിങ്ങള്‍ ഏതു ഭാഷ/ലിപിയിലാണ് വായിക്കേണ്ടത് (ഉദാ: റോമന്‍ സ്ക്രിപ്റ്റ്) അതില്‍ മാര്‍ക്ക് ചെയ്ത്, Transliterate ബട്ടനില്‍ ക്ലിക്ക് ചെയ്യുക. നിമിഷങ്ങള്‍ക്കകം മലയാളം ബ്ലോഗ് റോമന്‍ സ്ക്രിപ്റ്റില്‍ വായിക്കാവുന്നതാണ്. ഇതുപോലെ മറ്റു ഭാരതീയ ഭാഷകളിലേക്കും ട്രാന്സ്ലിറ്ററേറ്റ് ചെയ്യാവുന്നതാണ്. ഒരിക്കല്‍ ലിപിമാറ്റം ചെയ്യപ്പെട്ട ബ്ലോഗില്‍/വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ വീണ്ടും ഗിര്ഗിട്ടിലെ ട്രാന്സ്ലിറ്ററേറ്റ് പേജില്‍ പോവാതെതന്നെ അവിടത്തെ മറ്റു ലിങ്കുകളില്‍ ക്ലിക്കിയാല്‍ വേറെ പോസ്റ്റുകളും/പേജുകളും ലിപിമാറ്റം ചെയ്യപ്പെട്ട രീതിയില്‍ കാണാവുന്നതാണ്. ലിപിമാറ്റം നൂറും ശതമാനം ശരിയായ രീതിയിലല്ല കാണിക്കുന്നതെങ്കിലും ആ സൈറ്റിലെ/ബ്ലോഗിലെ വിഷയത്തെക്കുറിച്ച് ഒരു ഏകദേശ വിവരം അറിയാവുന്നതാണ്. ചില പോരായ്മകളുണ്ടെങ്കിലും ഈ ഓന്തപ്പന് ആള് പൊളപ്പനാ.





അതേ ബ്ലോഗ് റോമന്‍ ലിപിയിലേക്ക് മാറ്റിയപ്പോള്‍.


ഇതിന്റെ ഗുണവും ദോഷവും:
ഉദാ.1: ബാംഗ്ലൂരിലുള്ള ശ്രീക്കുട്ടന്റെ ഓഫീസിലെ കന്നഡക്കാരി സഹപ്രവര്‍ത്തകക്ക് ഒരു കന്നഡ ബ്ലോഗുള്ളതായി ശ്രീക്കുട്ടന് മനസ്സിലാക്കുന്നു. അത് ഒന്നും വായിച്ചറിയാനും, കന്നഡയില്‍ തന്നെ ഒരു കമന്റ് തേങ്ങയുടച്ച് സുന്ദരിയായ അവളെ ഒന്ന് ഇമ്പ്രസ്സ് ചെയ്യാനും ശ്രീക്കുട്ടനു മോഹം. ഇതുവരെയും അതിന് പറ്റിയില്ല. എന്നാല്‍ ഇനി മുതല്‍ ഓന്തപ്പന്റെ സഹായത്താല്‍ അവളുടെ കന്നഡ ബ്ലോഗ് പോസ്റ്റുകള്‍ മലയാളത്തില്‍ വായിച്ച്, കന്നഡയില്‍ കമന്റിട്ട് ശ്രീക്കുട്ടന് ഞെളിയാന്‍ ശ്രമിക്കുന്നു!!


ഉദാ.2: ഹൈദരാബാദിലെ നിഷക്കും പ്രതീഷിനും തെലുഗു കുറച്ചൊക്കെ മനസ്സിലാക്കാന്‍ പറ്റും. ചില വാക്കുകള്‍ പറയാനും. പക്ഷേ വായിക്കാനറിയില്ല. തെലുഗു പാചകക്കുറിപ്പുകളെക്കുറിച്ചും പുതുതായി ഇറങ്ങുന്ന തെലുഗു സിനിമകളെക്കുറിച്ചും അറിയാനൊരു മോഹം. വായിക്കാനറിയാത്തതുകൊണ്ട് രക്ഷയില്ല. ഇനി ഓന്തപ്പന് നിങ്ങളെ സഹായിക്കും. നെറ്റിലെ തെലുഗു സിനിമാ സൈറ്റുകള്‍ മലയാളത്തില്‍ വായിക്കാം. ഏമണ്ടി?


ഉദാ.3: കൊച്ചി ഓഫീസിലെ മേധാവിയായ സര്‍ദാര്‍ സുഖ്വീന്ദര് സിംഗിന് മലയാളം കുറച്ചൊക്കെ പറയാനറിയാം. പക്ഷേ എഴുതാനും വായിക്കാനും അറിയില്ല. അദ്ദേഹത്തിന്റെ ഓഫീസിലെ മല്ലൂസ് മലയാളം ബ്ലോഗുകളില്‍ ബോസിനെ കളിയാക്കി കമന്റുകള്‍ ചൊരിയുകയാണ്. അവസാനം പഞ്ചാബി സിംഗ് മലയാളം ബ്ലോഗ് കമന്റുകള്‍ ഗിര്ഗിട്ട് വഴി ഗുര്‍മുഖി ലിപിയില്‍ വായിച്ചെടുക്കുന്നു. മല്ലൂസിനു വാണിംഗും?
(ഇത് തിരഞ്ഞുപിടിക്കാനുണ്ടായ പ്രചോദനം? നിരവധി മലയാളം ബ്ലോഗ് പോസ്റ്റുകള്‍ കേരള്‍സ്.കോം മോഷ്ടിച്ച് അവരുടെ സൈറ്റില്‍ ഇട്ടപ്പോള്‍, ഇത് കോപ്പിറൈറ്റ് ലംഘനമാണെന്നും പറഞ്ഞ് സജിയും ഇഞ്ചിയും മറ്റു പലരും പോസ്റ്റുകള്‍ ഇട്ടിരുന്നുവല്ലോ. നമ്മളെല്ലാം പ്രതിഷേധിച്ച് അതില്‍ അഭിപ്രായവും രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഇഞ്ചിക്ക് അയച്ച ഒരു ഇ-മെയിലില്‍ ശിവ എന്ന തമിഴന്, അയാളെ അധിക്ഷേപിക്കുന്ന വിധത്തില്‍ കമന്റുകള്‍ നിറഞ്ഞ പോസ്റ്റുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നമ്മള് മലയാളത്തില്‍ എഴുതിയ അഭിപ്രായങ്ങള്‍ തമിഴനായ അയാള്‍ക്ക് മറ്റുള്ളവര്‍ പറഞ്ഞുകൊടുത്തിരിക്കും, അല്ലെങ്കില്‍ അയാള്‍ക്ക് മലയാളം വായിക്കാനറിയുമായിരിക്കും. ഇതുരണ്ടുമല്ലെങ്കില്‍ പിന്നെ അയാളെങ്ങിനെ അതു മനസ്സിലാക്കി? ഈ ചിന്തയാണ് ഈ ഓന്തപ്പനെ വെബുലകത്തില് നിന്നും തിരഞ്ഞുപിടിക്കാന്‍ പ്രചോദനമായത്.)
ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഈ ട്രാന്‍സ്ലിറ്ററേഷന്‍ ടൂള്‍സ് സഹായകരമാവുകയാണ്. അതിനാല്‍ തന്നെ നാം മലയാളികള്‍ അല്ലാത്തവരെക്കുറിച്ച് അഭിപ്രായം എഴുതുമ്പോള്‍ ശ്രദ്ധികേണ്ടതുണ്ട്. അവര്‍ക്ക് ഇത് ഒരു പരിധിവരെ ഫോണറ്റിക്കായി വായിച്ചെടുക്കാന്‍ പറ്റും.
Thursday, July 31, 2008
മാധ്യമത്തിലെ ബ്ലോഗ് പരിചയം - ഷിജു അലക്സ്.
മാധ്യമം ദിനപത്രത്തില്‍ ശ്രീ വി.കെ. ആദര്‍ശ് അവതരിപ്പിക്കുന്ന ബ്ലോഗ് പരിചയത്തില്‍ ഇപ്രാവശ്യം പരിചയപ്പെടുത്തിയിരിക്കുന്നത് ശ്രീ ഷിജു അലക്സ് എന്ന ബ്ലോഗറെയാണ്.

മലയാളത്തില്‍ അദ്ദേഹത്തിന്റേതായി രണ്ടു ബ്ലോഗുകള്‍ ഉണ്ട്. "അനന്തം, അജ്ഞാതാതം, അവര്‍ണ്ണനീയം" എന്നതും "അന്വേഷണവും". ശ്രീ ഷിജു ബ്ലോഗിലേക്കാള് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് മലയാളം വിക്കിപ്പീഡിയയിലാണ് . വരും തലമുറക്കുവേണ്ടി ലേഖനങ്ങളും മലയാളം വിവര്‍ത്തനങ്ങളും തയ്യാറാക്കുന്നതില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ താല്‍പ്പര്യം.
ശ്രീ ഷിജുവിന്റെ പരിശ്രമങ്ങള്‍ ഇനിയും മുന്നേറട്ടെയെന്ന് ആശംസിക്കുന്നു.
Sunday, June 29, 2008
'ഏതോ രാത്രി മഴ...' ഉര്‍ദുവില്‍.
"ഏതോ രാത്രി മഴ മൂളിവരും പാട്ട്
പണ്ടേ പണ്ടുതൊട്ടെന്‍ ഉള്ളിലൊരു പാട്ട്
എന്നും ചായുറക്കി പാടിതരും പാട്ട്
ഓരോ ഓര്‍മ്മകളിലോടിയെത്തും പാട്ട്
കണ്ണീരും പാടത്തും നിലാവില്ലാ രാവത്തും
കല്ബില് കത്തണ പാട്ട്... പഴം പാട്ട്"
ബസ് കണ്ടക്ടര്‍ എന്ന സിനിമയില്‍ എം. ജയചന്ദ്രന് ഈണം നല്കി യേശുദാസും കെ.എസ്.ചിത്രയും വെവ്വേറെ പാടിയ ഈ ഗാനം കേള്‍ക്കുമ്പോള്‍ കൂടെ മൂളിപ്പോവുന്നത് സാധാരണം.
എന്നാല്‍ ഉര്‍ദുവില്‍ വരികള്‍ എഴുതി ഈ ഗാനത്തിന്റെ ഈണത്തില്‍ പാടിയിരിക്കുന്നതൊന്നു കേട്ടു നോക്കൂ.
"കോയീ രാസ്-ഏ-ദില്‍ ബോല്‍ ഗയി ആംഖേന്‍
സാരേ അഷ്ക് മുഝേ ദേക്കേ ഗയി ആംഖേന്‍..."
അജയ് ചന്ദ്രന് ഉര്‍ദുവില്‍ എഴുതി കരോക്കെ ട്രാക്കില്‍ സിന്ധുജ ഭക്തവല്‍സലം പാടിയിരിക്കുന്നത് ഇവിടെ കേള്‍ക്കാം.
Thursday, February 28, 2008
വാഹനാപകടങ്ങള്‍ കൂടുന്നതെന്തുകൊണ്ട്?
ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ദിനംപ്രതി സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിയുന്നത്. അപകടത്തില്‍ മരണം സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര് ഗുരുതരമായി പരുക്ക് പറ്റിയിട്ടും ഭാഗ്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക് തിരിച്ചുവന്നവരുണ്ട്. എത്രയോപേര്‍ ആജീവനാന്തകാലം അംഗഭംഗം സംഭവിച്ച് വികലാംഗരായി ജീവിതം തള്ളിനീക്കുന്നു. ഇങ്ങനെ ഒരു വ്യക്തി അകാലത്തില്‍ മരണമടയുകയോ ആജീവനാന്തം അംഗഭംഗം സംഭവിച്ച് കിടപ്പിലാവുകയോ ചെയ്താല്‍ ആ വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന ഒരു കുടുംബത്തിന് വരുമാനമാര്‍ഗ്ഗം അടയുകയും അവര്‍ നിരാശ്രയരാവുകയുമാണ് ചെയ്യുന്നത്. അംഗഭംഗം സംഭവിച്ച് കഴിയുന്ന വ്യക്തിക്ക് കുറെക്കാലത്തിനുശേഷം വല്ല നഷ്ടപരിഹാരവും കിട്ടിയാലോ അത് അയാളുടെ ആജീവനാന്തകാല ചികിത്സക്ക് പോലും തികയില്ല.
ഒരു യുദ്ധമുണ്ടായാല്‍ ഇരുരാജ്യങ്ങളിലും സംഭവിക്കുന്ന മരണങ്ങളേക്കാള്‍ ഏറെയാണ് ഇന്ന് നമ്മുടെ രാജ്യത്ത് ഓരോ വര്‍ഷവും വാഹനാപകടങ്ങള്‍ മൂലം സംഭവിക്കുന്നത്. യുദ്ധക്കളത്തില്‍ വീഴുന്ന ചോരയേക്കാള്‍ കൂടുതല്‍ നമ്മുടെ റോഡുകളില്‍ വീഴുന്നു, വീണുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും അപകടങ്ങളുടെ തോത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്താണിതിനുള്ള കാരണങ്ങള്‍? ആരാണിതിനെല്ലാം ഉത്തരവാദികള്‍? അപകടങ്ങള്‍ വെറും യാദൃശ്ചികമായി അപകടങ്ങള്‍ മാത്രമാണോ? നമ്മുടെ അശ്രദ്ധയും തിരക്കും തിടുക്കവുമെല്ലാം ഇതിനു കാരണമല്ലേ?
വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഒന്നാമതായി ചൂണ്ടിക്കാണിക്കുന്നത് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ അഭൂതപൂര്‍വ്വമായ വര്‍ദ്ധനയാണ്. വാഹനങ്ങള്‍ പെരുകുന്നതിനനുപാതികമായി വേണ്ടത്ര റോഡ് വികസനം നടക്കുന്നില്ല എന്നത് നിരത്തില്‍ വാഹനങ്ങളുടെ തിരക്കിനും ഗതാഗതക്കുരുക്കിനും കൂട്ടിയിടിക്കലിനും കാരണമാകുന്നു. ഭാവിയിലെ വാഹനങ്ങളുടെ വര്‍ദ്ധന, അതിനാവശ്യമായ വീതിയുള്ള റോഡുകള്‍, മികച്ച ട്രാഫിക്ക് സംവിധാനം, ഓഫീസ്/സ്കൂള്‍ സമയങ്ങളില്‍ വേണ്ട മാസ്സ് റാപ്പിഡ് ഗതാഗതസംവിധാനത്തിന്റെ ആവശ്യകത എന്നിവ മനസ്സിലാക്കി നേരത്തെ തന്നെ വേണ്ട പ്ലാനിംഗ് ആവിഷ്കരിക്കാത്തത് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് വളരെ കാരണമായിട്ടുണ്ട്. ഇത് മനസ്സിലാക്കി ഭാവിയിലേക്കുള്ള നടപടികള്‍ ഉടന്‍ ചെയ്തില്ലെങ്കില്‍ പ്രശ്നം ഇനിയും ഗുരുതരമാവുകയേ ഉള്ളൂ.
പാതകള്‍ വികസിപ്പിക്കുന്നതിനോടൊപം തന്നെ ഇടുങ്ങിയ പാലങ്ങള്‍ക്ക് പകരം വീതിയുള്ള പാലങ്ങളും റെയില്‍ ക്രോസ്സിംഗുകളിലും തിരക്കുള്ളയിടങ്ങളിലും മേല്‍പ്പാലങ്ങളും നിര്‍മ്മിക്കണം. പെട്രോളിന്റേയും ഡീസലിന്റേയും വില ക്രമേണ ഉയര്‍ത്തിയിട്ടും ലക്ഷങ്ങള്‍ വില മതിക്കുന്ന നിരവധി പുതുപുത്തന്‍ വാഹനങ്ങള്‍ ഇറക്കുന്നതിലോ അതു വാങ്ങുന്നതിലോ ഒരു കുറവും കാണുന്നില്ല, മറിച്ച് അത് വര്‍ദ്ധിക്കുന്നതേയുള്ളൂ. ഇന്നത്തെക്കാലത്ത് മിക്ക മദ്ധ്യവര്‍ഗ്ഗ/ഉന്നതവര്‍ഗ്ഗ വീടുകളിലും ഒന്നോ രണ്ടോ വാഹനങ്ങള്‍ ഉണ്ട്. സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഇത് ഇനിയും കൂടുകയേ ഉള്ളൂ. ഒരേ സമയം ഈ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയാലുള്ള സ്ഥിതി ഒന്നോര്‍ത്തുനോക്കൂ. പട്ടണങ്ങളില്‍ പലയിടങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യാന്‍ പര്യാപ്തമായ സൗകര്യം കിട്ടുകയില്ല. ഇവിടെയാണ്, തിരക്കുള്ള (ഓഫീസ്/സ്കൂള്‍) സമയങ്ങളില്‍ യാത്ര ചെയ്യാന്‍ മതിയായ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റമോ കാര്‍ പൂളിംഗിന്റേയോ ആവശ്യകത വരുന്നത്.
അപകടം വര്‍ദ്ധിക്കുന്നതിനുള്ള വേറൊരു മുഖ്യകാരണം ബസ്സ്/ടിപ്പര്‍ ലോറികളുടെ അമിതവേഗത്തിലുള്ള ഓട്ടമാണ്. സ്വകാര്യ ബസ്സുകള്‍ പരസ്പരം മല്‍സരിച്ചുകൊണ്ട് ഓടുമ്പോള്‍ മണ്ണ്/മണല്‍ എന്നിവ കടത്തുന്ന ടിപ്പര്‍ ലോറികള്‍ നിരത്തില്‍ മരണം വിതച്ചുകൊണ്ട് ആരെയും കൂസാക്കാതേയുള്ള പാച്ചിലാണ്. മദ്യപിച്ചും അശ്രദ്ധയോടും വാഹനമോടിക്കുന്ന പാണ്ടി ലോറി, ടാങ്കര്‍, കണ്ടെയിനര്‍ ഡ്രൈവര്‍മാരും അപകടം വരുത്തിവെക്കുന്നതിലേക്ക് വഴിതെളിക്കുന്നു. ഈ വാഹനങ്ങളെ മറികടക്കാനായി വെമ്പുന്ന ന്യൂ ജനറേഷന് കാറുകള്‍. ഇവരുടെയെല്ലാം മല്‍സരപ്പാച്ചിലില്‍ പെട്ട് പോകുന്നത് മിക്കവാറും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരായിരിക്കും. ഇതില്‍ മിക്കവരും ഹെല്‍മറ്റ് ധാരികളല്ലാത്തതുകൊണ്ട്, റോഡില്‍ തന്നെയോ ആശുപത്രീമദ്ധ്യേയോ, ഗുരുതരമായി പരുക്കേറ്റ ഇവരുടെ മരണം സംഭവിക്കുന്നു. ഒരു അപകടം നടന്നാല്‍ പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം പലരും പോലീസ് വരുന്നതുവരെ നോക്കിനില്ക്കുകയോ, വാഹനത്തില്‍നിന്നും നോക്കിയിട്ട് കടന്നുപോവുകയോ ആണ് ചെയ്യുന്നത്. പോലീസ്, കേസ്, സാക്ഷി തുടങ്ങിയ 'പൊല്ലാപ്പു'കളില്‍ ചെന്നുപെടാതിരിക്കാനായി ഇങ്ങനെ ചെയ്യുന്നതായിരിക്കാം. അങ്ങനെ നമ്മുടെ റോഡുകള്‍ നമ്മുടെ തന്നെ കുരുതിക്കളങ്ങളായി മാറുകയാണ്. വീതികുറഞ്ഞ പാതകളും കാഴ്ചമറയ്ക്കുന്ന വളവുതിരിവുകളും ഉള്‍നാടന്‍ റോഡുകളില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതിലൊന്നാണ്.
വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍/അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം ചെയ്യണം:
I.
1. സ്വകാര്യ ബസ്സുകളുടെ അമിതവേഗവും മല്‍സര ഓട്ടവും നിയന്ത്രിക്കുക. തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ ബസ്സ് അനുവദിക്കുക. ബസ്സ് യാത്രാ സമയപട്ടിക കര്‍ശനമായി പാലിക്കുക.
2. മണല്‍/മണ്ണ് കടത്തുന്ന ടിപ്പര്‍ ലോറികളെ കര്‍ശനമായി നിയന്ത്രിക്കുക. അനിയന്ത്രിതമായുള്ള മണ്ണ്/മണല്‍ ഖനനം തടയുക. വീഴ്ചവരുത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കി വണ്ടി കണ്ട്കെട്ടുക.
3. മദ്യപിച്ചും, അശ്രദ്ധയോടും, അമിതവേഗത്തിലും വണ്ടിയോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക.
4. അപകടത്തിന് കാരണമായ വണ്ടിയുടെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയും കനത്ത ശിക്ഷ/പിഴ ചുമത്തുകയും ചെയ്യുക. അപകടകാരണമായ ബസ്സിന്റെ റൂട്ട് ലൈസന്‍സ് റദ്ദാക്കുക, പുതിയവ നല്‍കാതിരിക്കുക.
5. ഇരുചക്രവാഹനമോടിക്കുന്നവരെ ഹെല്‍മറ്റ് ധരിക്കാന്‍ പ്രേരിപ്പിക്കുക/ബോധവല്‍ക്കരണം നടത്തുക.
6. വാഹനങ്ങളുടെ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് പുതുക്കുമ്പോള്‍ വാഹന പരിശോധന കര്‍ശനമായി നടത്തിമാത്രം അനുവദിക്കുക. വളരെ പഴക്കം ചെന്ന വാഹനങ്ങള്‍ പ്രത്യേകിച്ചും വായു/ശബ്ദ മലിനീകരണമുണ്ടാക്കുന്നത് പ്രധാന നിരത്തുകളില്‍ ഓടുന്നത് നിയന്ത്രിക്കുക.
II. റോഡുകളുടെ ശോച്യാവസ്ഥയും ഒരു പരിധിവരെ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അതിനാല്‍:
7. ഭാവിയിലെ വാഹനപ്പെരുപ്പവും കൂടി കണക്കിലെടുത്ത് റോഡ് നിര്‍മ്മാണം, വീതികൂട്ടല്‍, പാലം പുതുക്കിപണിയല്‍, മേല്‍പ്പാലങ്ങള്‍, മികച്ച ട്രാഫിക്ക് സംവിധാനങ്ങള്‍ എന്നിവ അതിവേഗം നടപ്പിലാക്കേണ്ടതുണ്ട്.
8. ട്രാഫിക്ക് നിയമം അനുസരിക്കാന്‍ ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കുക.
9. തിരക്കുള്ള സമയങ്ങളില്‍ ഹൃസ്വദൂര പാസഞ്ചര്‍ തീവണ്ടി സര്‍വീസുകള്‍ മെച്ചപ്പെടുത്തുക.
10. കായലോര സ്ഥലങ്ങളെ ബന്ധിപ്പിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട ബോട്ട് സര്‍വീസുകള്‍ തുടങ്ങുക.
നാം വിചാരിച്ചാല്‍ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറച്ചൊക്കെ കുറയ്ക്കാന്‍ സാധിക്കും.
***
വണ്ടിയോടിക്കുമ്പോള്‍ ഇതുകൂടി ഓര്‍ക്കുക:
LIFE IS SHORT, DON'T MAKE IT SHORTER.
DON'T MIX DRINK AND DRIVE.
AVOID DRINK, AVERT ACCIDENT.
OBEY TRAFFIC RULES.
DON'T USE MOBILE PHONE WHILE DRIVING.
SPEED THRILLS, BUT KILLS.
BE GENTLE ON CURVES.
BETTER LATE THAN NEVER.
SOMEONE DEAR TO YOU IS WAITING FOR YOU AT HOME.
****
നിങ്ങള്‍ക്കറിയാമോ?
1. തിരുവനന്തപുരം നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 2007-ല്‍ ചാര്‍ജ് ചെയ്യപ്പെട്ട കേസുകള്‍ - 5207.
2. തിരുവനന്തപുരം നഗരത്തില്‍ 2007-ല്‍ വാഹനാപകടത്തില്‍ മരണമടഞ്ഞവര്‍ - 148, പരുക്ക് പറ്റിയവര്‍ - 2406 പേര്.
3. തിരുവനന്തപുരം നഗരത്തില്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്തതിന് ചാര്‍ജ് ചെയ്യപ്പെട്ട കേസുകള്‍ - 27370.
ഇതുപോലെ കേരളത്തിലെ മറ്റു നഗരങ്ങളിലേയും ജില്ലകളിലേയും കണക്കെടുക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും ലഭിക്കുക.
(കേരളത്തില്‍ 2004-ല്‍ നടന്ന റോഡപകടങ്ങള്‍ - 41,306. മരണങ്ങള് - 3066. പരുക്ക് പറ്റിയവര്‍ - 51,352)
(കേരളത്തില്‍ ഒരു വര്‍ഷം വാഹനാപകടങ്ങള്‍ കൊണ്ട് സംഭവിക്കുന്ന സാമൂഹിക ചിലവ്/നഷ്ടം - 6600 കോടി രൂപയാണത്രേ. ഇന്ത്യയിലാകമാനം ഒരു വര്‍ഷം ഇത് 55000 കോടി രൂപയിലധികം വരുമത്രെ)
4. ഇന്ത്യയില്‍ 2006-ല്‍ സംഭവിച്ച റോഡപകടങ്ങള്‍ - 3,94,432.
(2005-നേക്കാള്‍ 1% കൂടുതല്‍).
ഈ അപകടങ്ങള്‍ കൂടുതല്‍ നടന്ന സംസ്ഥാനങ്ങള്‍:
1) തമിഴ്നാട് - 55,145 (14%)
2) മഹാരാഷ്ട്ര - 48,887 (12.4%)
3) കര്‍ണാടക - 43,280.
4) കേരളം - 41,728.
5) ആന്ധ്ര പ്രദേശ് - 41,323.
6) ഡെല്‍ഹി - 9,699.
(വലിപ്പം കൊണ്ട് ഇത്രയും ചെറിയ സംസ്ഥാനമായ കേരളം റോഡ് അപകടങ്ങള്‍ക്ക് പിന്നിലല്ലെന്ന് മനസ്സിലായല്ലോ !!!!)
5. 2006-ല്‍ ഇന്ത്യയില്‍ റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടവര്‍ - 1,05,725 .
(2005-ല്‍ മരണമടഞ്ഞവര്‍ - 98,254 )
സംസ്ഥാനങ്ങളിലെ 2006-ലെ റോഡപകട മരണക്കണക്ക്:
1) ആന്ധ്ര പ്രദേശ് - 12,661 .
2) മഹാരാഷ്ട്ര - 11,934 .
3) ഉത്തര്‍ പ്രദേശ് - 11,520 .
4) തമിഴ്നാട് - 11,009 .
6. ലോകത്തുള്ള മൊത്തം വാഹനങ്ങളുടെ 1 ശതമാനം മാത്രമേ ഇന്ത്യയിലുള്ളുവെങ്കിലും, ലോകത്തില്‍ സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ 6 ശതമാനം ഇന്ത്യയിലാണ് സംഭവിക്കുന്നത്.
7. ഓരോ 6 മിനിറ്റിലും വാഹനാപകടങ്ങളില്‍ ഒരാള്‍ മരണപ്പെടുമ്പോള്‍ 10 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുന്നു.
(സ്ഥിതിവിവരങ്ങള്‍ കട്:- 1,2,3 (ദി ഹിന്ദു, 21 ജനു:2008), 4,5,: (NCRB & ഇക്കണോമിക്ക് ടൈംസ് 18,ഫെബ്,2008), 6, 7 (ബി.ബി.സി))
***
(കേരളത്തില്‍ ടിപ്പര്‍ ലോറികളുടേയും സ്വകാര്യ ബസ്സുകളുടേയും അമിതപ്പാച്ചില്‍ കാരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങളെക്കുറിച്ച് ഒരു പോസ്റ്റ് നേരത്തെ ഇവിടെ ഇട്ടിരുന്നു. അതില്‍ ചിലരുടെ കമന്റുകള്‍ക്ക് മറുപടിയായി എന്റെ ചില നിര്‍ദ്ദേശങ്ങള്‍/അഭിപ്രായങ്ങള്‍ ചേര്‍ത്തിരുന്നു. അതു പക്ഷേ മറുമൊഴിയില്‍ വന്നുകണ്ടില്ല. ദിനംപ്രതി അപകടങ്ങളാല്‍ പൊതുനിരത്തില്‍ നിരവധി ജീവന് പിടഞ്ഞു വീഴുമ്പോള്‍, പലരും വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ് പതിവ്, ചില ചില്ലറ പ്രതിഷേധങ്ങളോഴിച്ചാല്‍. കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയായി, വാഹനാപകടം വര്‍ദ്ധിക്കുന്നതെന്തുകൊണ്ട്, ഇത് കുറയ്ക്കാന്‍ നമുക്കെന്ത് ചെയ്യാം എന്നിവയാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.)
കൃഷ്.
Wednesday, February 06, 2008
കല്യാണപ്രായം കുറയ്ക്കുന്നു !!!
യുവബാച്ചികള്‍ക്ക് സന്തോഷവാര്‍ത്ത!!!
ആണ്‍കുട്ടികള്‍ നിയമപ്രകാരം വിവാഹിതരാകാനുള്ള ചുരുങ്ങിയ പ്രായം 21-ല്‍ നിന്നും 18 ആയി കുറയ്കാന്‍ ഇന്ത്യന്‍ നിയമ കമ്മീഷന് ശുപാര്‍ശ ചെയ്തിരിക്കുന്നു. ഹൂറേ!!
18ആം വയസ്സില്‍ വോട്ടിംഗ് അവകാശം ലഭിക്കുന്ന പുരുഷന് എന്തുകൊണ്ട് ആ പ്രായത്തില്‍ നിയമപ്രകാരം കല്യാണം കഴിക്കാന്‍ പാടില്ലെന്നാണ് നിയമ കമ്മീഷന് അംഗം കീര്‍ത്തി സിംഗിന്റെ ചോദ്യം.
അതേസമയം പെണ്‍കുട്ടികള്‍ക്ക്, സമ്മതത്തോടെ ശാരീരികബന്ധം പുലര്‍ത്താനുള്ള ചുരുങ്ങിയ വയസ്സ് 15-ല്‍ നിന്നും 16 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
പക്ഷേ, ഈ നിര്‍ദ്ദേശത്തോട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി രേണുകാ ചൌധരി വിയോജിക്കുന്നു. 16 വയസ്സില്‍ താഴെയുള്ള ഭാര്യയോടൊപ്പമോ, 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയോടൊപ്പമോ സമ്മതത്തോടെയാണെങ്കിലും ശാരീരികബന്ധം പുലര്‍ത്തിയാല്‍ ശിക്ഷാര്‍ഹമായിരിക്കും. ബാലവിവാഹം തടയുന്നതിന്റെ ഭാഗമായി 16 വയസ്സില്‍ കുറവുള്ള കുട്ടികളുടെ വിവാഹം നിയമപരമല്ലാത്തതാകുന്നു.
ഇന്ന് നിയമ കമ്മീഷന് ചെയര്മാന് ജ: ലക്ഷ്മണന് നിയമമന്ത്രി ശ്രീ. ഭരധ്വാജിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം മിക്ക ടി.വി. ന്യൂസ് ചാനലുകളിലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മുകളില്‍ സൂചിപ്പിച്ചത്.
ഈ ശുപാര്‍ശകള്‍ നടപ്പിലാക്കിയാല്‍ ബാലവിവാഹം കൂടുതലായി നടപ്പിലില്ലാത്ത പ്രദേശങ്ങളിലും, കല്യാണങ്ങള്‍ 18 വയസ്സില്‍ തന്നെ നടക്കാനുള്ള സാധ്യതകള്‍ ഏറും. ഫലം കൂടുതല്‍ സന്താനോല്‍പ്പാദനവും ജനപ്പെരുപ്പവും. കല്യാണം കഴിച്ച് വേണമെങ്കില്‍ സ്കൂളില്‍ പഠിത്തം തുടരാം. ജോലിയോ വരുമാനമാര്‍ഗ്ഗമോ ഒന്നുമായില്ലെങ്കിലും ചെറുപ്രായത്തില്‍ കല്യാണം കഴിച്ച് അച്ചനും അമ്മയുമാകാം. പിന്നെന്തുവേണം!
നമ്മുടെ രാജ്യവും ‘പുരോഗതി‘യുടെ പാതയിലേക്ക് !!!!
കൂടുതല്‍ ഇവിടെ, ഇവിടെ
Saturday, January 26, 2008
റിപ്പബ്ലിക്ക് ദിന രുചികള്‍.
ഭാരതത്തിന് 1947 ആഗസ്റ്റില്‍ സ്വാതന്ത്ര്യം കിട്ടി പിന്നേയും രണ്ടര വര്‍ഷം കഴിഞ്ഞ് 1950 ജനുവരി 26നാണ് ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വരുകയും ഇന്ത്യ ഒരു പൂര്‍ണ്ണ ജനാധിപത്യരാഷ്ട്രമാവുകയും ചെയ്തത്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലഭ്ധിക്കായി പോരാടിയ നിരവധി നിസ്വാര്‍ത്ഥരായ സ്വാതന്ത്ര്യഭടന്മാര്ക്ക് നാം കടപ്പെട്ടിരിക്കുന്നു. അവരുടെയൊക്കെ ജീവത്യാഗം കൊണ്ട്ട് കൂടിയാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ രാജ്യത്തിലെ സ്വാതന്ത്ര്യം.
ഇന്ന് ജനുവരി 26. 58 വര്‍ഷങ്ങള്‍ പിന്നിട്ട് അമ്പത്തിയൊമ്പതാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ് രാജ്യമെങ്ങും. അങ്ങിനെ ഒരു റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോകുന്നു.
പലരും പല വിധത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ത്രിവര്‍ണ്ണങ്ങള്‍ കൊണ്ടുള്ള ചില റിപ്പബ്ലിക്ക് ദിന പ്രത്യേക വിഭവങ്ങള്‍:




ബൂലോഗത്തും ഭൂലോകത്തുമുള്ള എല്ലാ ഭാരതീയര്‍ക്കും ഒരു നല്ല റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേരുന്നു. ജയ് ഹിന്ദ്!
Wednesday, January 16, 2008
ജീവനെടുക്കുന്ന ടിപ്പര്‍ ലോറികളും സ്വകാര്യബസ്സുകളും.
കേരളത്തില്‍ വാഹനാപകടത്തില്‍ ജീവന് നഷ്ടപ്പെടുന്നതില്‍ വലിയൊരു ഭാഗവും ചീറിപ്പാഞ്ഞുപോകുന്ന ടിപ്പര്‍ ലോറികളും മത്സരയോട്ടം നടത്തുന്ന സ്വകാര്യബസ്സുകളും മൂലമാണ്. ഇവയുടെ അമിതവേഗത്തിലുള്ള പാച്ചില്‍ കാരണം കൂടുതലും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് അപകടത്തില്‍ പെടുന്നത്. വാഹനാപകടം മൂലം മരണമടയുന്ന വഴിയാത്രക്കാരും കുറവല്ല. ഇന്നലെ കേരളത്തില്‍ നടന്ന രണ്ട് വാഹനാപകടങ്ങളില്‍ ഏഴു പേരുടെ ജീവനാണ് പൊലിഞ്ഞത്.
ഇതില്‍ പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയില്‍ വെച്ച് സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടികളുടെ മേല്ക്ക് സ്വകാര്യ ബസ്സ് ചെന്നിടിക്കുകയായിരുന്നു. എതിരെനിന്നും അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയില്‍ നല്ല വേഗത്തില്‍ വന്ന മംഗലം ഡാം-പാലക്കാട് റൂട്ടില്‍ ഓടുന്ന 'ഷബ്ന' എന്ന സ്വകാര്യബസ്സ് 6 സ്കൂള്‍ കുട്ടികളെയാണ് ഇടിച്ച് തെറിപ്പിച്ചത്. ഇതില്‍ സഹോദരിമാരായ റോസ്ന, റിന്‍സാന എന്നിവര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്‍പേ ജീവന് വെടിഞ്ഞു. ഇതേ ബസ്സിടിച്ച ശ്രീലക്ഷ്മി, അവളുടെ സഹോദരന് അര്‍ജുന്‍ദേവ്, സുഹൈല, റാഷിദ എന്നിവരാണ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മറ്റു കുട്ടികള്‍. കുട്ടികളെ ഇടിച്ചുവീഴ്ത്തിയശേഷം റോഡരികിലെ ഇരുമ്പ് വൈദ്യുതക്കാലും തകര്‍ത്ത ബസ്സിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ രോഷാകുലരായ നാട്ടുകാരും വിദ്യാര്‍ത്ഥികളും ബസ്സില്‍ ഗ്ലാസ്സുകള്‍ ചില്ലെറിഞ്ഞു തകര്‍ക്കുകയും സീറ്റുകള്‍ വെളിയിലിട്ട് കത്തിക്കുകയും ചെയ്തു.ഇതുപോലെ ചെറുതും വലുതുമായ അപകടങ്ങള്‍ ദിവസേന പാലക്കാട് ജില്ലയില്‍ സംഭവിക്കുന്നുണ്ട്. ഇതിനെല്ലാം മുഖ്യകാരണം ടിപ്പര്‍ ലോറികളുടെ അമിതപ്പാച്ചിലും ബസ്സുകളുടെ മല്‍സരയോട്ടവുമാണ്. ഇതിനെല്ലാം പുറമെയാണ് അതിരാവിലേതൊട്ട് തെക്കന്‍ കേരളത്തിലേക്ക് മരണപ്പാച്ചില്‍ ഓട്ടം നടത്തുന്ന കള്ള് (തെങ്ങും കള്ള്/ പനങ്കള്ള്) വണ്ടികള്‍. പാലക്കാട് ജില്ലയില്‍ നിന്നും ഒരു ദിവസം കടത്തിക്കൊണ്ട് പോകുന്ന മണ്ണിനും മണലിനും ഒരു കണക്കുമില്ല. നാട്ടുകാരുടെ പ്രതിഷേധത്തിന് പുല്ലുവിലക്കെടുത്താണ് ഈ മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനം.
ആ സ്കൂളില്‍ പഠിച്ച ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലക്കും ആ നാട്ടുകാരനെന്ന നിലക്കും ഈദുരന്തത്തില്‍ അകാലത്തില്‍ ജീവന് പൊലിഞ്ഞ കുരുന്നുകള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. പരുക്കേറ്റ കുട്ടികള്‍ വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്നും.
---
പാലക്കാട് - ആലത്തൂര്‍ - വടക്കുംചേരി - തൃശ്ശൂര്‍ റൂട്ട്, ഗോവിന്ദാപുരം - നെമ്മാറ - വടക്കുംചേരി - തൃശ്ശൂര്‍ റൂട്ട്, കൊല്ലങ്കോട് - പാലക്കാട് റൂട്ട് എന്നിവയാണ് തിരക്കേറിയതും അപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നതുമായ പാതകള്‍. ഇതില്‍ പാലക്കാട് - തൃശ്ശൂര്‍ റൂട്ടില്‍ നാഷണല്‍ ഹൈവേയിലാണ് അപകടം കൂടുതലും നടക്കുന്നതെങ്കില്‍ ഗോവിന്ദാപുരം - വടക്കുംചേരി റൂട്ടില്‍ നിരന്തരം പായുന്ന മണ്ണ്/മണല്‍ ടിപ്പര്‍ ലോറികളുടെ സംഹാര താണ്ഠവമാണ് നടക്കുന്നത്. ഇതിനൊപ്പം മല്‍സരിച്ചുകൊണ്ടാണ് സ്വകാര്യബസ്സുകളുടെ കുതിക്കല്‍. നെഞ്ചിടിപ്പോടെയാണ് ജനങ്ങള്‍ ഈ റൂട്ടുകളില്‍ ബസ്സില്‍ യാത്ര ചെയ്യുന്നത്. എത്ര അപകടങ്ങള്‍ കണ്മുന്നില് കണ്ടിരിക്കുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് പലരും വലിയ കേടുപാടുകളൊന്നും കൂടാതെ ഇപ്പോഴും ജീവനോടെയിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ മണ്ണ്/മണല്‍ മാഫിയകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഇന്നത്തെ മാത്രുഭൂമിയില്‍ വന്ന ഈ വാര്‍ത്ത ഇതിനെകുറിച്ച് കുറച്ചെങ്കിലും വെളിച്ചം വീശും:
ടിപ്പര്‍ലോറികള്‍ ചീറിപ്പായുന്നു; പാലക്കാടിന്റെ മണ്ണും ജീവനുമെടുത്ത്.
പാലക്കാട്ടെ മണ്ണും മണലും കടത്തിക്കൊണ്ടുപോകാന്‍ തെക്കന്‍ജില്ലകളില്‍ നിന്നുവരുന്ന ടിപ്പര്‍ലോറികള്‍ നിരവധിപേരുടെ ജീവനും അപഹരിച്ചു കഴിഞ്ഞു.
ചിറ്റില്ലഞ്ചേരി കൂട്ടാലയില്‍ രണ്ടുവിദ്യാര്‍ഥിനികളുടെ ജീവനെടുത്ത ബസ്സപകടത്തിന് വഴിതെളിച്ചതും ടിപ്പര്‍ലോറിതന്നെ. തൃശ്ശൂര്‍ ജില്ലയില്‍ മണ്ണെടുപ്പും മണലെടുപ്പും കര്‍ശനമായി നിയന്ത്രിക്കപ്പെട്ടതോടെ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളും
പൊള്ളാച്ചിയും മണ്ണുമാഫിയയുടെ വാഗ്ദത്തഭൂമിയായി. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വല്ലാര്‍പാടത്ത് കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നിര്‍മ്മാണവും സക്രിയമായതോടെ മണ്ണ്, മണല്‍, ചെങ്കല്ല് എന്നിവയുടെ
ആവശ്യങ്ങള്‍ നിറവേറ്റേണ്ട ബാധ്യത ഈ പ്രദേശങ്ങള്‍ക്കായി. മംഗലം-ഗോവിന്ദാപുരം പാതയില്‍ ദിവസേന 500 മുതല്‍ 800 വരെ മണല്‍ലോറികളാണ് മരണപ്പാച്ചില്‍ നടത്തുന്നത്. ചിറ്റൂര്‍ താലൂക്കില്‍നിന്നും തമിഴ്നാട് അതിര്‍ത്തിയില്‍നിന്നും എറണാകുളത്തും ആലപ്പുഴയിലും മണലിറക്കിവരാന്‍ ഒരുവണ്ടിക്ക് ഒരുദിവസം വേണ്ടിവരും. എന്നാല്‍ മരണപ്പാച്ചില്‍നടത്തി രണ്ടുചാല് ഓടുന്ന നിരവധി വണ്ടികളുണ്ട്. മണല്‍വണ്ടികളുടെയും
കള്ളുവണ്ടികളുടെയും ഓട്ടംമൂലം മംഗലം-ഗോവിന്ദാപുരം പാത തകര്‍ന്ന് തരിപ്പണമായി. അടുത്തകാലത്ത് റോഡ് നന്നാക്കിയതോടെ അമിതവേഗംമൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ചു.
നെന്മാറയ്ക്കും മുടപ്പല്ലൂരിനുമിടയില്‍ ഈ പാതയില്‍ നിരവധി വളവുകളുണ്ട്. പലയിടത്തും രണ്ടുവരി ഗതാഗതത്തിനുള്ള സൗകര്യമില്ല. മണല്‍, കള്ള് വണ്ടികളുടെ ഓട്ടത്തിനിടെ
സ്വകാര്യ ബസ്സുകളും മത്സരിച്ചോടുന്നു. വടക്കഞ്ചേരിവരെ സമയക്ലിപ്തതയില്ലാതെയാണ് സ്വകാര്യബസ്സുകള്‍ ഓടുന്നത്. മംഗലം-ഗോവിന്ദാപുരം പാതയില്‍ നിരവധി സ്കൂളുകളാണുള്ളത്. മിക്കവയും വഴിയോരത്തുതന്നെ. സാധാരണക്കാരായ ആള്‍ക്കാരുടെ
കുട്ടികള്‍ കാല്‍നടയായും സൈക്കിളിലുമാണ് സ്കൂളില്‍ പോകുക. കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ഗൗനിക്കാതെയുള്ള ടിപ്പറുകളുടെ താണ്ഡവം പലപ്പോഴും നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍ വന്‍കിടക്കാരും രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ പിന്‍ബലമുള്ളവരുമായ നിര്‍മ്മാണ ലോബിക്ക് ഇതൊന്നും
പ്രശ്നമായിട്ടില്ല. ടിപ്പറുകള്‍ കോണ്‍വോയി ആയി കടന്നുപോകുന്ന കാഴ്ച മംഗലം-ഗോവിന്ദാപുരം പാതയിലെ പതിവാണ്. ഗതാഗതനിയമങ്ങളും ഇവര്‍ക്ക് പുല്ലാണ്. മണല്‍ലോറി ഉള്‍പ്പെടുന്ന ഒരു വാഹനാപകടമെങ്കിലും ഇവിടെ പതിവാണ്. ടിപ്പറുകളെക്കണ്ട്
കാല്‍നടയാത്രക്കാരും ചെറുവാഹനങ്ങളും ഒതുങ്ങിപ്പോകുന്നതുകൊണ്ടാണ് പല അപകടങ്ങളും ഒഴിവാകുന്നത്. പരിസ്ഥിതിപ്രശ്നങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല ജനങ്ങളുടെ
സ്വൈരജീവിതത്തിന് ഭീഷണി ഉയര്‍ത്തുകയുമാണ് മണ്ണുമാഫിയയും ടിപ്പര്‍ ലോറികളും. (വാര്‍ത്താ ലിങ്ക്)--
ഇപ്പോള്‍ ഒരു അത്യാഹിതം നടന്നതുകൊണ്ട് നാട്ടുകാരുടെ രോഷം തല്‍ക്കാലത്തേക്കെങ്കിലും ശമിപ്പിക്കാനായിരിക്കും ഇങ്ങനെ ഒരു നടപടി. മാതൃഭൂമിയിലെ വാര്‍ത്ത ചുവടെ:ചിറ്റില്ലഞ്ചേരി മേഖലയില്‍ സ്കൂള്‍സമയത്ത് മണല്‍വണ്ടികള്‍ക്ക്
നിരോധനം.
വാഹനങ്ങളുടെ മരണപ്പാച്ചില്‍ ഭീഷണിയുയര്‍ത്തുന്ന ചിറ്റില്ലഞ്ചേരി മേഖലയില്‍ ഇതിനെതിരെ കര്‍ശനനടപടിയെടുക്കാന്‍ എസ്.പി. വിജയ്സാഖറെ പോലീസിന് നിര്‍ദേശം നല്കി. രാവിലെ എട്ടുമുതല്‍ 11 വരെയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെയും മണല്‍ലോറികള്‍ ഈ റോഡില്‍ നിരോധിക്കാന്‍ എസ്.പി. ഉത്തരവിട്ടു. സ്കൂള്‍സമയത്ത് അമിതവേഗംമൂലമുള്ള അപകടം ഒഴിവാക്കാനാണ് ഇതെന്ന് എസ്.പി. പറഞ്ഞു.അമിതവേഗ പരിശോധന കര്‍ശനമാക്കാനും എസ്.പി. നിര്‍ദേശിച്ചിട്ടുണ്ട്. ഒന്നില്‍ക്കൂടുതല്‍ തവണ അമിത വേഗത്തിന് പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തകര്‍ന്നുകിടന്ന റോഡ് അടുത്തകാലത്ത് നന്നാക്കിയശേഷം ടിപ്പര്‍ലോറികളും സ്വകാര്യ ബസ്സുകളും ചീറിപ്പായുകയാണെന്ന് ജനങ്ങള്‍ എസ്.പി.യോട് പരാതിപ്പെട്ടു. മണല്‍ഖനനത്തിന് ലൈസന്‍സുള്ളതിനാല്‍ മണല്‍വാഹനങ്ങള്‍ നിരോധിക്കാന്‍ പോലീസിന് നിയമപരമായി അവകാശമില്ലെന്ന് എസ്.പി. പറഞ്ഞു. (വാര്‍ത്താ ലിങ്ക്)
അതിനര്‍ത്ഥം ലൈസന്‍സ് കൊടുത്തു എന്നതുകൊണ്ട് തടയാന്‍ നിയമമില്ലെന്ന്. ഇങ്ങനെ ലൈസന്‍സ് കൊടുത്തത് , ഒരു പ്രദേശത്തെ മണ്ണും മണലും കടത്തി അവിടം ഒരു മരുഭൂമിയാക്കുന്നതിനൊപ്പം അവിടുത്തെ ജനങ്ങളുടെ ജീവനും എടുക്കാനാണോ?
ആര് ഉത്തരം തരും?
നദികള്‍ വറ്റിവരണ്ട് ഇല്ലാതാകുന്നതിന് തുല്യമായി. നെല്‍പ്പാടങ്ങളിലെ മണ്ണ് മാന്തി വയലുകള്‍ ഇല്ലാതാവുന്നു. ഒന്നോ രണ്ടോ നഗരം പുഷ്ടിപ്പെടുത്താന്‍ ഒരു ജില്ലയും അവിടുത്തെ ജനങ്ങളേയും കുരുതി കൊടുക്കണോ?
ഇതിനെന്ന് ഒരു അറുതിവരും?
Saturday, January 12, 2008
സ്വാമി വിവേകാനന്ദ ജയന്തി - ദേശീയ യുവ ദിനം.
മാനവസേവയാണ് മാധവസേവ
(Service to man is service to God) എന്ന് എടുത്ത്പറഞ്ഞ മഹാന്. രാമകൃഷ്ണ പരമഹംസയുടെ ശിഷ്യനായ ഇദ്ദേഹമാണ് അമേരിക്കയിലെ ഷിക്കാഗോയില്‍ 1893-ല്‍ ലോകമത പാര്‍ലമെന്റില്‍ പ്രസംഗിച്ച ആദ്യ ഹൈന്ദവസന്യാസി. ഔദ്യോഗിക പ്രസംഗങ്ങളില്‍ 'ലേഡീസ് ആന്റ് ജെന്റില്മാന്' എന്ന അഭിസംബോധന മാത്രം കേട്ട് ശീലിച്ച പാശ്ചാത്യര്‍ക്ക്, പ്രത്യേകിച്ച് അമേരിക്കക്കാരെ, 'അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ' എന്ന് അഭിസംബോധന ചെയ്ത് രണ്ട് മിനിറ്റ് നേരത്തോളം കൈയ്യടിനേടിയ വ്യക്തി. 1863 ജനുവരി 12ന് ജനിച്ച ഈ മഹാന്റെ 145-മത്തെ ജന്മദിനമാണ് ഇന്ന് (12/1/2008).
(പക്ഷേ മലയാളം കലണ്ടറുകളില്‍ പൌഷകൃഷ്ണ സപ്തമി തിഥി പ്രകാരമാണ് വിവേകാനന്ദജയന്തി അടയാളപ്പെടുത്തിയിരിക്കുന്നത്. പൂജ, ഭജന്‍ തുടങ്ങിയ കാര്യങ്ങള്‍ തിഥി പ്രകാരം നടത്തിവരാറുണ്ടെങ്കിലും പ്രധാനമായും ജനുവരി 12നുതന്നെയാണ് രാമകൃഷ്ണ മിഷനും വിവേകാനന്ദ കേന്ദ്രയും അതിനു കീഴിലുള്ള സ്ഥാപനങ്ങളും മറ്റും ജന്മദിനം ആഘോഷിക്കുന്നത്.)
1985 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്വാമി വിവേകാനന്ദന്റെ സംഭാവനകളെ ആദരിച്ചുകൊണ്ട് എല്ലാ വര്‍ഷവും ജനുവരി 12ന് വിവേകാനന്ദജയന്തി ദിവസം ‘ദേശീയ യുവ ദിന’മായി ആഘോഷിച്ചുവരുന്നു. വിവേകാന്ദന്ദന്റെ ആശയങ്ങലെ മുന്‍നിര്‍ത്തി ദേശീയോദ്ഗ്രദനത്തിനും രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുമായാണ് ഈ ദിവസം ‘ദേശീയ യുവ ദിന’മായി ആചരിക്കുന്നത്. (മദ്ധ്യപ്രദേശില്‍ ദേശീയ യുവ ദിനത്തിന്റെ ഭാഗമായി ഇന്ന് ഒരു കോടിയോളം ജനങ്ങള്‍ സാമൂഹിക സൂര്യനമസ്കാരം നടത്തുന്നു).

രാമകൃഷ്ണമഠം, രാമകൃഷ്ണമിഷന്‍ എന്നിവ ഇദ്ദേഹം തുടങ്ങിവെച്ചതാണ്. പൌരസ്ത്യ വിചാരധാര പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്തിയ വ്യക്തി. 1892-ല്‍ കന്യാകുമാരിയില്‍ കടല്‍ നീന്തിക്കടന്ന് കടലിലെ പാറമുകളില്‍ മൂന്ന് ദിവസം സ്വരാജ്യത്തിന്റെ ഇന്നലെക്കും ഇന്നെയ്ക്കും നാളെക്കും വേണ്ടി ധ്യാനം നടത്തിയ മഹാന്. (ഈ പാറയാണ് പില്ക്കാലത്ത് വിവേകാനന്ദപ്പാറയായി അറിയപ്പെട്ടത്)
ഈ മഹാന് തന്നെയാണ് പണ്ട് ‘കേരളം ഒരു ഭ്രാന്താലയ’മെന്ന് വിശേഷിപ്പിച്ചത്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നുവെങ്കില്‍, ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന കേരളനാട്ടില്‍ ഇന്നത്തെക്കാലത്ത് അദ്ദേഹം വന്നിരുന്നുവെങ്കില്‍ നിലവിലുള്ള അവസ്ഥ കണ്ട് എന്താകും വിശേഷിപ്പിക്കുക. !!!
തന്റെ ചുരുങ്ങിയ ജീവിതകാലത്തിനുള്ളില്‍ ഭാരതത്തിനും ലോകത്തിനും തനിക്ക് ആവുന്നത്ര സംഭാവന നല്കിയ സ്വാമി വിവേകാനന്ദനെ അദ്ദേഹത്തിന്റെ ജന്മദിനത്തിലെങ്കിലും ഓര്‍ക്കുക. ഈ മഹാന്റെ ആശയങ്ങള്‍ ഇന്നത്തെ യുവതലമുറ ഏറെ അറിയേണ്ടതുണ്ട്. നമ്മുടെ നാടിന്റെ യുവത്വം ഒരു മുതല്‍ക്കൂട്ടാണ്. അത് വൃധാ പാഴാവാതെ മാനവതക്ക് ഉപകാരപ്രദമാകുന്നവിധത്തില് പ്രയോജനപ്പെടട്ടെ.
Wednesday, January 09, 2008
ഒരു ലക്ഷം കൊടുത്താല്‍ കൂടെ പോരും.
അതെ, വെറും ഒരു ലക്ഷം രൂപ കൊടുത്താല്‍ കൂടെ പോരാന്‍ അണിഞ്ഞൊരുങ്ങി തയ്യാറായി നില്‍ക്കുകയാണ്, ഉപ്പ് തൊട്ട് ട്രക്കുകളും ഉരുക്കും വരെ ഉണ്ടാക്കി വില്‍ക്കുന്ന, ടാറ്റാ കമ്പനിയുടെ പുതുപുത്തന്‍ കാര്‍.
(ടാറ്റ കാറിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്)
ഏഷ്യയിലെ രണ്ടാമതെ വലിയ ആട്ടോ എക്സ്പോ നാളെ (10.1.08) ഡെല്‍ഹിയില്‍ തുടങ്ങുകയാണ്. ഇന്ത്യന്‍ വാഹനനിര്‍മ്മാണ കമ്പനികളുടേതടക്കം നിരവധി പുത്തന്‍ വിദേശ കാറുകള്‍ ഇന്ത്യന്‍ റോഡുകളിറങ്ങാന്‍ മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിയിരിക്കയാണ്. മാരുതിയുടെ എ-സ്റ്റാര്‍, ഫിയറ്റിന്റെ പുണ്ടോ, വോല്‍ക്ക്സ്വാഗന്‍ ടൂറെജ് തുടങ്ങി, 17 ലക്ഷത്തോളം വിലവരുന്ന ഷെവര്‍ലോയുടെ കാപ്റ്റിവ, 50 ലക്ഷത്തോളം വിലവരുന്ന സ്കൊഡയുടെ വോള്‍വോ എക്സ്.സി.90 എന്നീ നിരവധി പുതിയ വാഹനങ്ങള്‍ നാളെത്തൊട്ട് പ്രദര്‍ശിപ്പിക്കും.
പക്ഷേ, ഇതിലെല്ലാമുപരി ഇന്ത്യയിലെ സാധാരണ മദ്ധ്യവര്‍ഗ്ഗക്കാര്‍ കാത്തിരിക്കുന്നത് ടാറ്റായുടെ ഒരു ലക്ഷം രൂപക്ക് (എക്സ്-ഫാക്ടറി വില. എക്സൈസ്, ഒക്ട്രൊയി, ഇന്‍ഷൂറന്‍സ് എന്നിവ വേറെ കൊടുക്കണം, ടാറ്റയാരാ മോന്!) ലഭിക്കുമെന്ന് പറയുന്ന പുതിയ കുഞ്ഞിക്കാറാണ്. അതുകൊണ്ട് വാറണ്ടിയോ വില്‍പ്പനാന്തര സേവനമോ ഇതിനു പുറമെയാകും. (മൈക്രൊസോഫ്റ്റോ അഡോബിയോ കോപ്പിറൈറ്റ് കാര്യത്തില്‍ കര്ക്കശമായാല്, ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കുന്നതിനേക്കാള്‍ കാശ് അതിനെ പ്രവൃത്തിപ്പിക്കാനും ഉപയോഗിക്കാനും വേണ്ട പോപ്പുലറായ സോഫ്റ്റ്വെയര് വാങ്ങാന്‍ കൊടുക്കേണ്ടിവരുന്ന കാലമാ ഇത് !). ഇതുവരെയും ഈ കാറിനെക്കുറിച്ചുള്ള പൂര്‍ണ്ണവും യഥാര്‍ത്ഥവുമായ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കയാണ്. അതീവ സുരക്ഷയില്‍ ഒരു കണ്ടെയനറില്‍ 5 കാറുകള്‍ പ്രദര്‍ശനത്തിനായി ഡെല്‍ഹിയില്‍ എത്തിച്ചത്രേ. ഈ കാറിനെക്കുറിച്ച് സ്ഥിരീകരിക്കാത്ത ചില വിവരങ്ങള്‍ ഇങ്ങനെയാണ് (പെട്രോള്‍ ടാങ്കില്‍ നിന്നും ചോര്‍ത്തിയത്):
മൈലേജ് : 25 KMPL
പരമാവധി വേഗത : 70 KMPH
ഇന്ധനം : പെട്രോള്‍.
ചക്രങ്ങള്‍ : 4 എണ്ണം (അപ്പോ ആട്ടൊറിക്ഷയല്ലാ, പക്ഷേ സ്റ്റെപ്പിനി/എക്സ്റ്റ്രാ ചക്രം ഉണ്ടാവുകയില്ല)
ഇരിക്കാനുള്ള സീറ്റ് : 4 പേര്‍ക്ക് (ഓടിക്കുന്നയാളടക്കം)
എഞ്ചിന് : 600 cc
(കാര്‍ട്ടൂണിസ്റ്റ് സജീവിനെപ്പോലെയുള്ള നാലുപേര്‍ ഇരുന്നാല്‍ താമരശ്ശേരി ചുരം ദാന്ന് കേറാം!!. ഹെന്ത്, ഇതില്‍ പച്ചാളം മോഡലേ പറ്റൂന്നോ..)
എക്സ്ട്രാ ഫിറ്റിംഗ്സ് : വേണമെങ്കില്‍ വേറെ വാങ്ങിച്ചു പിടിപ്പിച്ചോണം.(ഇതില്‍ ഡോറും ഉള്‍പ്പെടുമോ?)
ആകാരം : മാരുതി 800 നോളൊപ്പം ഉണ്ടാകുമെന്നും ഇല്ലെന്നും പറയുന്നു. പാര്‍ക്ക് ചെയ്യാന്‍ കുറച്ച് സ്ഥലം മതി.
ഭാരം: മാരുതി 800 നേക്കാളും കുറവാ. (പൊക്കി എടുത്തോണ്ടു പോകാം!!)
പേര് : ഔദ്യോഗികമായി ഇതുവരെ ഇട്ടിട്ടില്ല.
(ഇന്‍ഡിവണ്‍, ഇന്‍ഡിവ, ആറ്റം, ജേ, മിറാക്കിള്‍ തുടങ്ങിയ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്). (നാളെ വരെ കാത്തിരിക്കൂ!!!)
പെട്രോളിന് വില അടിക്കടി കൂടിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് ഒരു ലിറ്ററിന് 25 KM മൈലേജ് കിട്ടുമെന്ന് പറയുന്നത് ഒരു നല്ല കാര്യം തന്നെ. (ഇത് കണ്ടറിയണം). പരമാവധി കൂടിയ സ്പീഡ് 70 KM ആയതുകൊണ്ട് ഇതിനെ നല്ല സ്പീഡില്‍ പറപ്പിക്കാന്‍ പറ്റൂല്ല. വലിപ്പം മാരുതി 800 മോഡല്‍ കാറിനെക്കാളും ചെറുതാണെന്നും അല്ലാ വലുതായിരിക്കുമെന്നും പറയുന്നു. അപ്പോള്‍ എന്തായാലും പുതിയ മോഡല്‍ ഒരു സോപ്പ് പെട്ടി കൂടി നിരത്തില്‍. ഭാരം കുറവായിരിക്കുമത്രേ. 4 ചക്രമുള്ളതുകൊണ്ട് ആട്ടോറിക്ഷപോലെ ആകാന്‍ സാധ്യതയില്ല. പിന്നെ, സ്റ്റെപ്പിനി (മാറ്റചക്രം) ഇല്ലാത്തതുകാരണം യാത്രക്കിടയില്‍ ഒരു ചക്രം പഞ്ചറായാല്‍ സംഗതി കുഴയും. അടുത്തെങ്ങും മെക്കാനിക്ക് ഗാരേജോ, പഞ്ചറൊട്ടിക്കാനുള്ള കടകളോ ഇല്ലെങ്കില്‍ വേറെ വണ്ടിക്ക് കൈകാണിക്കുകയായിരിക്കും ഉത്തമം. (അല്ലെങ്കില്‍ ഭാരം കുറവായതുകൊണ്ട് തള്ളികൊണ്ട് നടക്കാം). രാത്രിയിലെ യാത്രയില്‍ ഇങ്ങനെ സംഭവിച്ചാല്‍ കേമമാകും. അത്യാവശ്യത്തിന് ഇത്തരം വണ്ടിയില്‍ രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴി പഞ്ചറാകുന്ന പക്ഷം രോഗിയുടെ കാര്യം ദൈവത്തിന്റെ കൈയ്യില്‍.
ടാറ്റാക്കാര്‍ ഇത്രയൊക്കെ സാധാരണക്കാരനുവേണ്ടി ചെയ്യുന്നതിനിടയില്‍ സ്കൂട്ടറും ആട്ടോറിക്ഷയും ഉണ്ടാക്കുന്ന ബജാജ് കമ്പനിക്കാര് ഒരു പണി പറ്റിച്ചു (ടാറ്റാക്കിട്ടൊരു പണി കൊടുത്തു!).


അവരുടെ വഹ ആദ്യത്തെ കുഞ്ഞുകാര്‍ അവര്‍ രണ്ടുദിവസം മുന്‍പേ വിപണിയില്‍ പ്രദര്‍ശിപ്പിച്ചു. പക്ഷേ ഇവരുടെ കുഞ്ഞുകാറിന് ടാറ്റയുടേതിനേക്കാള്‍ ലേശം വില കൂടും. ഒന്നര ലക്ഷം മുതല്‍ ഒന്നേമുക്കാല്‍ ലക്ഷം വരെ അതിനുണ്ടാകും.
എന്തായാലും ഒരു നേട്ടമുണ്ടാവാന്‍ പോകുന്നത് വിലക്കൂടുതല്‍ കാരണം കാര്‍ വാങ്ങുന്നത് വിദൂര സ്വപ്നമായി കണ്ടിരുന്ന സാധാരണക്കാര്‍ക്ക് എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയോ ലോണെടുത്തോ ഒരു കാര്‍ സ്വന്തമാക്കാമെന്നുള്ളതാണ്. (എന്നിട്ട് പറയാമല്ലോ, ഞങ്ങള്‍ക്കും ഒരു കാറുണ്ടെന്ന്. )
വാഹനസാന്ദ്രത ദിനംപ്രതി കൂടിക്കൊണ്ടിരിക്കയും കാര്യമായ റോഡ് വികസനം നടക്കുകയും ചെയ്യാത്ത ഇന്ത്യയില്‍ (പ്രത്യേകിച്ചും കേരളത്തില്‍), ഈ കുഞ്ഞന്‍ സോപ്പ് പെട്ടി കാറുകള്‍ കൂടി നിരത്തിലിറങ്ങുമ്പോള്‍ പാവപ്പെട്ടവന് വഴിനടക്കാന്‍ വേറെ വഴി നോക്കേണ്ടിവരും.
***
വാല്‍ക്കഷണം:
1. വീതികുറഞ്ഞ റോഡും കൂടിയ വാഹനസാന്ദ്രതയും കാരണം അപകടങ്ങള്‍ പെരുകുമെന്നതുകൊണ്ട് ജനസംഖ്യ കുറച്ച് കുറഞ്ഞുകിട്ടാന്‍ സാധ്യത ഉണ്ട്. (സന്തോഷിക്കുന്നത് ഇന്‍ഷൂറന്‍സ് വക്കീലന്മാര്)
2. വാഹനം വാങ്ങിക്കാന്‍ ലോണ്‍ കൊടുക്കുന്ന ബാങ്കുകള്‍ക്കും സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ശുക്രദശ. കുറച്ചുകഴിഞ്ഞ് ലോണെടുത്ത സംഖ്യ തിരിച്ചടക്കാന്‍ പറ്റാതാവുമ്പോള്‍ റിക്കവറി ഏജന്റന്മാരുടേം സി.സി.ക്കാരുടെ കൊയ്ത്തുകാലം.
****
അപ്പ്ഡേറ്റ് (10.1.08 - 1300 hrs)
3 വര്‍ണ്ണങ്ങളില്‍ ടാറ്റയുടെ പുത്തന്‍ കുഞ്ഞന്‍ കാറ് ഡല്‍ഹിയിലെ ആട്ടോ എക്സ്പോയില്‍ കുറച്ച് മുമ്പ് പ്രദര്‍ശിപ്പിച്ചു.
പുതിയ കാറിന്റെ പേര് “ ടാറ്റാ നാനോ”.



എഞ്ചിന് : 624 സി.സി. , 2 സിലിന്‍ഡറ്, 4 ഗിയര്‍.
എഞ്ചിന് കാറിന്റെ പുറകില്‍ (ആട്ടോറിക്ഷ സ്റ്റൈല്‍).
ലഗ്ഗേജ് കാരിയര്‍ : കാറിന്റെ മുന്‍വശത്ത്.
ചുവപ്പ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ ലഭ്യമാകും.
ഓക്ടോബറില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും.
ബേസിക്ക് പെട്രോള്‍ വെര്ഷന് ആദ്യം, പിന്നീട് ഡീസല്‍ ഡീലക്സ് വെര്‍ഷനും ഇറക്കും.
ബേസിക്ക് പെട്രോള്‍ മോഡലില്‍ എ.സി. ഉണ്ടായിരിക്കില്ല.
ബേസിക്ക് മോഡല്‍ വില: 1 ലക്ഷം (എക്സ്-ഫാക്ടറി വില)
വാറ്റ്, ഫാക്ടറിയില്‍ നിന്നും വാഹനം എത്തിക്കേണ്ട വില എന്നിവ പുറമെ ചുമത്തും.
ഓണ്‍-റോഡ് വില (ഡല്‍ഹിയില്‍): 1,30,000 (വാറ്റ്,രെജിസ്റ്ട്രേഷന്‍, ഇന്‍ഷൂറന്‍സ്, റോഡ് ടാക്സ്, പാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത്)
ഡെല്‍ഹിക്ക് പുറത്ത് : 1,35,000 (ഏകദേശം)
യൂറോ 4 സ്റ്റാന്‍ഡേഡ്.
ആകാരം: മാരുതി(800)യേക്കാള്‍ 8% ചെറുത്.
ഇരിക്കാന്‍ മാരുതിയേക്കാള്‍ 21%കൂടുതല്‍ സ്ഥലം.
ഇത്രയുമാണ് ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍.
(ഇനി ആട്ടോറിക്ഷക്കാര്‍ ആട്ടോ വിറ്റ് ഈ കാറ് വാങ്ങിക്കുമോ! എന്നാല്‍ ആട്ടോ കാശിന് കാറില്‍ യാത്ര ചെയ്യാം.!!!!)
Monday, January 07, 2008
അരീം തിന്ന് ആശാരിച്ചീം കടിച്ചിട്ട് പിന്നേം...
(പഴയ പുരാണം ഇവിടെയുണ്ട്.)
ദ്പ്പോ അതുപോലാ. വീണ്ടും വിവാദം.
ഈ ആസ്സ്-ത്രേലിയക്കാര്ക്ക് ക്രിക്കറ്റ് കളിക്കണേങ്കില് വിവാദം വേണോന്ന് വെച്ചാല്‍. നുമ്മടെ ടീം അവരുടെ നാട്ടില്‍ കളിക്കാന്‍ ചെന്നപ്പോള്‍ 11 പേരടങ്ങുന്ന ലോക ചാമ്പ്യനോട് ഏറ്റുമുട്ടിയാല്‍ പോരെ എന്നു കരുതിയവര്‍ക്ക് തെറ്റി. ഇന്ത്യക്ക് നേരിടേണ്ടിവന്നത് 11 കളിക്കാരും 3 അമ്പയറന്മാരും ചേര്‍ന്ന ടീമിനെയാ. ആസ്ത്രേലിയന്‍ കളിക്കാര്‍ ഔട്ടായപ്പോള്‍ അമ്പയറന്‍ കണ്ടില്ല, അനങ്ങിയില്ല. അവരങ്ങനെ റണ്ണുകള്‍ വാരിക്കൂട്ടി. ഇന്ത്യക്കാര്‍ ബാറ്റിംഗിനു വന്നപ്പോളോ ബാറ്റില്‍ തട്ടാതെ പിടിച്ച പന്തിനും നിലത്തിട്ട് പിടിച്ച് പന്തിനുമെല്ലാം കൈ പൊക്കി 'ഔട്ട്' കാണിച്ചു. സംശയം വന്നപ്പോള്‍ മൂന്നാമന് അമ്പയറനോടല്ല ചോദിച്ചത്, നിലത്തിട്ട് പിടിച്ചവനോട്,
"നീ പിടിച്ചോടാ?"
"സത്യായിടും ഞാന്‍ പിടിച്ചന്നേ".
എന്നാ ലവന് ഔട്ട്.
അങ്ങനെ 14 പേരും കൂടി ഇന്ത്യയെ തോല്‍പ്പിച്ചു.
ഇതിനിടക്ക് നുമ്മടെ തലേക്കെട്ടുകാരന്‍ ബജ്ജി അവരുടെ കറുത്ത ഡയമണ്ട്സിനെ ‘കൊരങ്ങാ' ന്നു വിളിച്ചൂന്നും പറഞ്ഞ് ദേ അടുത്ത പുകില്. ഇതാണങ്കില്‍ അമ്പയറോ ആരും തന്നെ കേട്ടിട്ടുമില്ല. ടീവീലും കണ്ടില്ല. കേസ്, അന്വേഷണം, രാത്രിയില്‍ 6 മണിക്കൂര്‍ നീണ്ട തെളിവെടുപ്പ്. ബജ്ജി പറേണു പഞ്ചാബീല്‍ 'മെന്നൂ കീ' എന്ന് പറഞ്ഞതോ മറ്റോ ഡയമന്‍ഡ്സ് ' മങ്കി' ന്ന് ധരിച്ചുക്കാണും.
(പട്ടിയെ നോക്കി പട്ടീന്ന് വിളിച്ചാ ഏത് പട്ടിക്കും പിന്നെ ദേഷ്യം വരൂല്ലെ! വിളിച്ചില്ലേലും ചിലവക്ക് ചിലപ്പോ ദേഷ്യം വരും).
നുമ്മടെ ആള്ക്കാര് പറഞ്ഞത് അവര്‍ വിശ്വസിച്ചൂല്ല, ആസ്സികള് പറഞ്ഞത് അപ്പടി വിശ്വസിച്ച് ബല്യ റഫറി ശിക്ഷ വിധിച്ചു. ‘ഇനി 3 ടെസ്റ്റ് കളിക്കണ്ട, വീട്ടിപ്പോടാ’. അപ്പോ ബാഡ്(ഫോഗ്) നുമ്മടെ കപ്താന് കുമ്പള്സിനെ ചീത്ത വിളിച്ചതോ. അങ്ങനെ വിടാന്‍ പറ്റ്വോ. ഇന്നാ പിടിച്ചൊ ഒരു ഗമ്പ്ലെയിന്റ്. ഐസി കൗണ്‍സിലിന് കത്തയച്ചിട്ട് ഇനീപ്പം കളിക്കണോ വേണ്ടയോന്നും പറഞ്ഞ് എല്ലാരുംകൂടി സിഡ്നീയില്‍ കാത്തുകെട്ടിക്കിടപ്പാ. ബാക്കിയുള്ള രണ്ട് 'ടെസ്റ്റിംഗ്' മല്‍സരം കളിച്ചില്ലേല്‍ 2.3 മില്ല്യണ്‍ ഡോളറാ നമ്മള് അവര്‍ക്ക് 'നഷ്ടപരിഹാരം' കൊടുക്കേണ്ടി വരിക.
ഇതിനിടക്ക് അമ്പയറന്സ് 'വെള്ളപ്പ'ന്റേം 'കറുത്തപ്പ'ന്റേം പക്ഷപാതത്തില്‍ പ്രധിക്ഷേധിച്ച് ഇന്ത്യയില്‍ ചിലയിടങ്ങളിലെല്ലാം അവരുടെ കോലം കത്തിക്കുകയുണ്ടായി.
എന്ത് തോന്ന്യാസം കാണിച്ചാലും ആസ്സികളുടെ പക്ഷം പിടിച്ച് കാമ്പൈന് നടത്തുന്ന ആസ്സി മീഡിയകള്‍ ഇപ്രാവശ്യം അവരുടെ തന്നെ ടീമിനെതിരെ ചില അഭിപ്രായങ്ങളൊക്കെ നടത്തിയത് അത്ഭുതമായിരിക്കുന്നു.
പക്ഷേ കുരിയര്‍ മെയില്‍ എന്ന ആസ്സി പത്രത്തില്‍ ഭാരതീയര്‍ ആരാധിക്കുന്ന ശ്രീ ഹനുമാന്റെ ചിത്രത്തില്‍ മുഖം മാറ്റി ആ കറുത്ത ഡയമന്‍ഡ്സിന്റെ മുഖം വെച്ചിരിക്കുന്നത്, ശ്രീ ഹനുമാന്റെ ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. (പത്രത്തില്‍ വലതുവശത്തെ മാറിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ ചിത്രം). ഭാരതീയരെ ആക്ഷേപിച്ചതും പോരാ എന്നിട്ട് അവര്‍ ആരാധിക്കുന്ന ദൈവങ്ങളെയും അപമാനിക്കുന്നവിധത്തിലാണ് ചിത്രം കൊടുത്തിരിക്കുന്നത്.
വല്യ മാന്യത നടിക്കുന്ന ആസ്സികളേ.. ഇത്രയും വേണോ.
*****
അപ്പ്ഡേറ്റ് (8.1.07):
ഐസി കൌണ്‍സിലിന്റെ വിധിയും കാത്ത് ഇന്ത്യന്‍ ടീം ഇപ്പോഴും സിഡ്നിയില്‍ തന്നെ.
ഇന്നലെ രാത്രി 9 മണിക്ക് ശേഷം ശ്രീ ഹനുമാന്റെ വിവാദചിത്രം കാണാന്‍ കുരിയല്‍ മെയിലിന്റെ ലിങ്കില്‍ പോയവര്‍ നിരാശയായിരിക്കും. അവരുടെ ഫോട്ടോ ഗാലറിയില്‍ പോലും ഈ ചിത്രം ഇപ്പോള്‍ ഇല്ല. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നായിരിക്കണം ‘ആസ്സ്’-ത്രേലിയന്‍ പത്രം ആ ചിത്രം മാറ്റിയത്.

ഹിന്ദു ദേവീ ദേവന്മാരുടെ നഗ്ന പെയിന്റിംഗുകള്‍ വരച്ച് ലക്ഷങ്ങള്‍ വാരിക്കൂട്ടുന്ന, മാധുരിയില്‍ ‘ഫിദ’യായ വെള്ളത്താടിക്കാരന് അവാര്‍ഡ് പ്രഖ്യാപിച്ചപോലെ ഈ ‘ആസ്സി’ പത്രത്തിനും ഒരു അവാര്‍ഡ് കൊടുക്കാവുന്ന കാര്യം ചിന്തിക്കാവുന്നതാണ്.
‘ആസ്സി’ പത്രം ഇത്രയൊക്കെ ചെയ്തെങ്കിലും നമ്മള് എന്തെങ്കിലുമൊക്കെ ചെയ്യണ്ടെ എന്ന് കരുതിക്കാണും റിയല്‍ എസ്റ്റേറ്റ് മൊയലാളീ കുറച്ചുകാലം നോക്കിപരിപോഷിപ്പിച്ച് അച്ചന്മാര്ക്ക് തിരിച്ചേല്‍പ്പിച്ച ദീപിക പത്ര(കോണ്‍)ന്റെ ആദ്യ പേജില്‍ തന്നെ ഒരു കംഗാരുവിന്റെ രൂപത്തില്‍ വയറ്റിലെ സഞ്ചിയില്‍ അമ്പയറെ ഇരുത്തി സാക്ഷാല്‍ ബ്ലാക്ക് ഡയമണ്ട്സിന്റെ ചിത്രം അച്ചടിച്ചുവന്നിരിക്കുന്നത്.
ആധുനിക ‘കംഗാരുദൈവം‘ !!!
അപ്പ്ഡേറ്റ്-2 (8.1.07)
അങ്ങനെ അവസാനം ബിസിസിഐയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരിക്കണം ഐസി കൌണ്‍സില്‍ തീരുമാനം അറിയിച്ചത്. നേരത്തെ അമ്പയറന്‍ ‘കറുത്തപ്പ’നെ മാറ്റുന്ന പ്രശ്നമില്ലെന്ന് പറഞ്ഞ അതേ കൌണ്‍സില്‍ സായിപ്പന്മാര് ഇപ്പോള്‍ ഈ സീരിസ്സില്‍ ‘കറുത്തപ്പന്‍‘ വേണ്ടെന്ന് ഉത്തരവ് ഇറക്കിയിരിക്കുന്നു. പിന്നെ നുമ്മടെ ബജ്ജിക്ക് വീട്ടിപ്പോണ്ടാ, തുടര്‍ന്നും കളിക്കാം, പക്ഷേ വിവാദ ‘കൊരങ്ങാ’ വിളിയില്‍ അന്തിമതീരുമാനം പിന്നെ അറിയിക്കുമത്രേ. അപ്പൊ അവസാനം ഇന്ത്യ അടുത്ത കളിക്ക് ക്യാന്‍ബറക്ക് പോകുന്നു. ഇത്രയെങ്കിലും തീരുമാനം ഇത്ര പെട്ടെന്ന് എടുത്തത് ക്രിക്കറ്റ് മൂലം ഏറ്റവും കൂടുതല്‍ പണം നേടിക്കൊടുക്കുന്ന ഇന്ത്യയെ പിണക്കണ്ട എന്നു കരുതിയാവും. അല്ലാതെ അത്ര സ്നേഹം കൊണ്ടൊന്നുമല്ല.
പക്ഷേ, അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കി.
രണ്ട് അമ്പയറന്മാരും തെറ്റ് ചെയ്തപ്പോള്‍ ഒരാള്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല. അമ്പയറന്മാര്‍ അറിഞ്ഞ്കൊണ്ട് തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കിയ ഐസി കൌണ്‍സില്‍, അതുമൂലം ഇന്ത്യ തോറ്റ കളിയുടെ പരിണാമം എന്തുകൊണ്ട് റദ്ദ് ചെയ്തില്ല.
ആസ്സി കപ്താന് ‘പാണ്ടങ്ങ’ക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല. ഇതേപോലെ ഒരു സിറ്റ്വേഷനില്‍ പാക്കിസ്ഥാന് കളിക്കാരന് രഷീദ് ലത്തീഫിനെതിരെ നടപടി എടുത്തവര്‍ ഇക്കാര്യം എന്തേ അവഗണിച്ചു.
അപ്പോള്‍ നിങ്ങള്‍ സായിപ്പന്മാര്ക്ക് ഒരു നിയമം ഞങ്ങള്‍ക്ക് വേറെ നിയമം എന്ന സ്ഥിതിയായില്ലേ.
ഞങ്ങള്‍ പിടിച്ച മുയലിന് കൊമ്പ് നാല് എന്ന് പറഞ്ഞുനടന്ന ആസ്സികളുടെ ജാട ഇപ്രാവശ്യം വിലപ്പോയില്ല, അത്രേന്നെ.
‘പാണ്ടന്‍‘ നായുടെ പല്ലിനു ശൌര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല.