Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Wednesday, February 06, 2008

കല്യാണപ്രായം കുറയ്ക്കുന്നു !!!

കല്യാണപ്രായം കുറയ്ക്കുന്നു !!!

യുവബാച്ചികള്‍ക്ക് സന്തോഷവാര്‍ത്ത!!!

ആണ്‍കുട്ടികള്‍ നിയമപ്രകാരം വിവാഹിതരാകാനുള്ള ചുരുങ്ങിയ പ്രായം 21-ല്‍ നിന്നും 18 ആയി കുറയ്കാന്‍ ഇന്ത്യന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു. ഹൂറേ!!

18ആം വയസ്സില്‍ വോട്ടിംഗ് അവകാശം ലഭിക്കുന്ന പുരുഷന് എന്തുകൊണ്ട് ആ പ്രായത്തില്‍ നിയമപ്രകാരം കല്യാണം കഴിക്കാന്‍ പാടില്ലെന്നാണ് നിയമ കമ്മീഷന്‍ അംഗം കീര്‍ത്തി സിംഗിന്റെ ചോദ്യം.

അതേസമയം പെണ്‍കുട്ടികള്‍ക്ക്, സമ്മതത്തോടെ ശാരീരികബന്ധം പുലര്‍ത്താനുള്ള ചുരുങ്ങിയ വയസ്സ് 15-ല്‍ നിന്നും 16 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
പക്ഷേ, ഈ നിര്‍ദ്ദേശത്തോട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി രേണുകാ ചൌധരി വിയോജിക്കുന്നു. 16 വയസ്സില്‍ താഴെയുള്ള ഭാര്യയോടൊപ്പമോ, 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയോടൊപ്പമോ സമ്മതത്തോടെയാണെങ്കിലും ശാരീരികബന്ധം പുലര്‍ത്തിയാല്‍ ശിക്ഷാര്‍ഹമായിരിക്കും. ബാലവിവാഹം തടയുന്നതിന്റെ ഭാഗമായി 16 വയസ്സില്‍ കുറവുള്ള കുട്ടികളുടെ വിവാഹം നിയമപരമല്ലാത്തതാകുന്നു.

ഇന്ന് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ജ: ലക്ഷ്മണന്‍ നിയമമന്ത്രി ശ്രീ. ഭരധ്വാജിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം മിക്ക ടി.വി. ന്യൂസ് ചാനലുകളിലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മുകളില്‍ സൂചിപ്പിച്ചത്.

ഈ ശുപാര്‍ശകള്‍ നടപ്പിലാക്കിയാല്‍ ബാലവിവാഹം കൂടുതലായി നടപ്പിലില്ലാത്ത പ്രദേശങ്ങളിലും, കല്യാണങ്ങള്‍ 18 വയസ്സില്‍ തന്നെ നടക്കാനുള്ള സാധ്യതകള്‍ ഏറും. ഫലം കൂടുതല്‍ സന്താനോല്‍പ്പാദനവും ജനപ്പെരുപ്പവും. കല്യാണം കഴിച്ച് വേണമെങ്കില്‍ സ്കൂളില്‍ പഠിത്തം തുടരാം. ജോലിയോ‍ വരുമാനമാര്‍ഗ്ഗമോ ഒന്നുമായില്ലെങ്കിലും ചെറുപ്രായത്തില്‍ കല്യാണം കഴിച്ച് അച്ചനും അമ്മയുമാകാം. പിന്നെന്തുവേണം!

നമ്മുടെ രാജ്യവും ‘പുരോഗതി‘യുടെ പാതയിലേക്ക് !!!!


കൂടുതല്‍ ഇവിടെ, ഇവിടെ

Wednesday, January 16, 2008

ജീവനെടുക്കുന്ന ടിപ്പര്‍ ലോറികളും സ്വകാര്യബസ്സുകളും.

ജീവനെടുക്കുന്ന ടിപ്പര്‍ ലോറികളും സ്വകാര്യബസ്സുകളും.

കേരളത്തില്‍ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതില്‍ വലിയൊരു ഭാഗവും ചീറിപ്പാഞ്ഞുപോകുന്ന ടിപ്പര്‍ ലോറികളും മത്സരയോട്ടം നടത്തുന്ന സ്വകാര്യബസ്സുകളും‍ മൂലമാണ്. ഇവയുടെ അമിതവേഗത്തിലുള്ള പാച്ചില്‍ കാരണം കൂടുതലും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് അപകടത്തില്‍ പെടുന്നത്. വാഹനാപകടം മൂലം മരണമടയുന്ന വഴിയാത്രക്കാരും കുറവല്ല. ഇന്നലെ കേരളത്തില്‍ നടന്ന രണ്ട് വാഹനാപകടങ്ങളില്‍ ഏഴു പേരുടെ ജീവനാണ് പൊലിഞ്ഞത്.

ഇതില്‍ പാലക്കാട്‌ ജില്ലയിലെ ചിറ്റിലഞ്ചേരിയില്‍ വെച്ച്‌ സ്കൂളിലേക്ക്‌ നടന്നുപോകുകയായിരുന്ന കുട്ടികളുടെ മേല്‍ക്ക്‌ സ്വകാര്യ ബസ്സ്‌ ചെന്നിടിക്കുകയായിരുന്നു. എതിരെനിന്നും അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറിക്ക്‌ സൈഡ്‌ കൊടുക്കുന്നതിനിടയില്‍ നല്ല വേഗത്തില്‍ വന്ന മംഗലം ഡാം-പാലക്കാട്‌ റൂട്ടില്‍ ഓടുന്ന 'ഷബ്ന' എന്ന സ്വകാര്യബസ്സ്‌ 6 സ്കൂള്‍ കുട്ടികളെയാണ്‌ ഇടിച്ച്‌ തെറിപ്പിച്ചത്‌. ഇതില്‍ സഹോദരിമാരായ റോസ്ന, റിന്‍സാന എന്നിവര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്‍പേ ജീവന്‍ വെടിഞ്ഞു. ഇതേ ബസ്സിടിച്ച ശ്രീലക്ഷ്മി, അവളുടെ സഹോദരന്‍ അര്‍ജുന്‍ദേവ്‌, സുഹൈല, റാഷിദ എന്നിവരാണ്‌ ഗുരുതരമായി പരുക്കേറ്റ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മറ്റു കുട്ടികള്‍. കുട്ടികളെ ഇടിച്ചുവീഴ്ത്തിയശേഷം റോഡരികിലെ ഇരുമ്പ്‌ വൈദ്യുതക്കാലും തകര്‍ത്ത ബസ്സിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ രോഷാകുലരായ നാട്ടുകാരും വിദ്യാര്‍ത്ഥികളും ബസ്സില്‍ ഗ്ലാസ്സുകള്‍ ചില്ലെറിഞ്ഞു തകര്‍ക്കുകയും സീറ്റുകള്‍ വെളിയിലിട്ട്‌ കത്തിക്കുകയും ചെയ്തു.ഇതുപോലെ ചെറുതും വലുതുമായ അപകടങ്ങള്‍ ദിവസേന പാലക്കാട്‌ ജില്ലയില്‍ സംഭവിക്കുന്നുണ്ട്‌. ഇതിനെല്ലാം മുഖ്യകാരണം ടിപ്പര്‍ ലോറികളുടെ അമിതപ്പാച്ചിലും ബസ്സുകളുടെ മല്‍സരയോട്ടവുമാണ്‌. ഇതിനെല്ലാം പുറമെയാണ് അതിരാവിലേതൊട്ട് തെക്കന്‍ കേരളത്തിലേക്ക് മരണപ്പാച്ചില്‍ ഓട്ടം നടത്തുന്ന കള്ള് (തെങ്ങും കള്ള്/ പനങ്കള്ള്‌) വണ്ടികള്‍. പാലക്കാട്‌ ജില്ലയില്‍ നിന്നും ഒരു ദിവസം കടത്തിക്കൊണ്ട്‌ പോകുന്ന മണ്ണിനും മണലിനും ഒരു കണക്കുമില്ല. നാട്ടുകാരുടെ പ്രതിഷേധത്തിന്‌ പുല്ലുവിലക്കെടുത്താണ്‌ ഈ മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനം.

ആ സ്കൂളില്‍ പഠിച്ച ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലക്കും ആ നാട്ടുകാരനെന്ന നിലക്കും ഈദുരന്തത്തില്‍ അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. പരുക്കേറ്റ കുട്ടികള്‍ വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്നും.
---

പാലക്കാട്‌ - ആലത്തൂര്‍ - വടക്കുംചേരി - തൃശ്ശൂര്‍ റൂട്ട്‌, ഗോവിന്ദാപുരം - നെമ്മാറ - വടക്കുംചേരി - തൃശ്ശൂര്‍ റൂട്ട്‌, കൊല്ലങ്കോട്‌ - പാലക്കാട്‌ റൂട്ട്‌ എന്നിവയാണ്‌ തിരക്കേറിയതും അപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നതുമായ പാതകള്‍. ഇതില്‍ പാലക്കാട്‌ - തൃശ്ശൂര്‍ റൂട്ടില്‍ നാഷണല്‍ ഹൈവേയിലാണ്‌ അപകടം കൂടുതലും നടക്കുന്നതെങ്കില്‍ ഗോവിന്ദാപുരം - വടക്കുംചേരി റൂട്ടില്‍ നിരന്തരം പായുന്ന മണ്ണ്/മണല്‍ ടിപ്പര്‍ ലോറികളുടെ സംഹാര താണ്ഠവമാണ്‌ നടക്കുന്നത്‌. ഇതിനൊപ്പം മല്‍സരിച്ചുകൊണ്ടാണ്‌ സ്വകാര്യബസ്സുകളുടെ കുതിക്കല്‍. നെഞ്ചിടിപ്പോടെയാണ്‌ ജനങ്ങള്‍ ഈ റൂട്ടുകളില്‍ ബസ്സില്‍ യാത്ര ചെയ്യുന്നത്‌. എത്ര അപകടങ്ങള്‍ കണ്‍മുന്നില്‍ കണ്ടിരിക്കുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ്‌ പലരും വലിയ കേടുപാടുകളൊന്നും കൂടാതെ ഇപ്പോഴും ജീവനോടെയിരിക്കുന്നത്‌.

പാലക്കാട്‌ ജില്ലയില്‍ മണ്ണ്/മണല്‍ മാഫിയകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ഇന്നത്തെ മാത്രുഭൂമിയില്‍ വന്ന ഈ വാര്‍ത്ത ഇതിനെകുറിച്ച് കുറച്ചെങ്കിലും വെളിച്ചം വീശും:


ടിപ്പര്‍ലോറികള്‍ ചീറിപ്പായുന്നു; പാലക്കാടിന്റെ മണ്ണും ജീവനുമെടുത്ത്‌.
പാലക്കാട്ടെ മണ്ണും മണലും കടത്തിക്കൊണ്ടുപോകാന്‍ തെക്കന്‍ജില്ലകളില്‍ നിന്നുവരുന്ന ടിപ്പര്‍ലോറികള്‍ നിരവധിപേരുടെ ജീവനും അപഹരിച്ചു കഴിഞ്ഞു.
ചിറ്റില്ലഞ്ചേരി കൂട്ടാലയില്‍ രണ്ടുവിദ്യാര്‍ഥിനികളുടെ ജീവനെടുത്ത ബസ്സപകടത്തിന്‌ വഴിതെളിച്ചതും ടിപ്പര്‍ലോറിതന്നെ. തൃശ്ശൂര്‍ ജില്ലയില്‍ മണ്ണെടുപ്പും മണലെടുപ്പും കര്‍ശനമായി നിയന്ത്രിക്കപ്പെട്ടതോടെ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളും
പൊള്ളാച്ചിയും മണ്ണുമാഫിയയുടെ വാഗ്ദത്തഭൂമിയായി. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വല്ലാര്‍പാടത്ത്‌ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിര്‍മ്മാണവും സക്രിയമായതോടെ മണ്ണ്‌, മണല്‍, ചെങ്കല്ല്‌ എന്നിവയുടെ
ആവശ്യങ്ങള്‍ നിറവേറ്റേണ്ട ബാധ്യത ഈ പ്രദേശങ്ങള്‍ക്കായി. മംഗലം-ഗോവിന്ദാപുരം പാതയില്‍ ദിവസേന 500 മുതല്‍ 800 വരെ മണല്‍ലോറികളാണ്‌ മരണപ്പാച്ചില്‍ നടത്തുന്നത്‌. ചിറ്റൂര്‍ താലൂക്കില്‍നിന്നും തമിഴ്‌നാട്‌ അതിര്‍ത്തിയില്‍നിന്നും എറണാകുളത്തും ആലപ്പുഴയിലും മണലിറക്കിവരാന്‍ ഒരുവണ്ടിക്ക്‌ ഒരുദിവസം വേണ്ടിവരും. എന്നാല്‍ മരണപ്പാച്ചില്‍നടത്തി രണ്ടുചാല്‍ ഓടുന്ന നിരവധി വണ്ടികളുണ്ട്‌. മണല്‍വണ്ടികളുടെയും
കള്ളുവണ്ടികളുടെയും ഓട്ടംമൂലം മംഗലം-ഗോവിന്ദാപുരം പാത തകര്‍ന്ന്‌ തരിപ്പണമായി. അടുത്തകാലത്ത്‌ റോഡ്‌ നന്നാക്കിയതോടെ അമിതവേഗംമൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ചു.
നെന്മാറയ്ക്കും മുടപ്പല്ലൂരിനുമിടയില്‍ ഈ പാതയില്‍ നിരവധി വളവുകളുണ്ട്‌. പലയിടത്തും രണ്ടുവരി ഗതാഗതത്തിനുള്ള സൗകര്യമില്ല. മണല്‍, കള്ള്‌ വണ്ടികളുടെ ഓട്ടത്തിനിടെ
സ്വകാര്യ ബസ്സുകളും മത്സരിച്ചോടുന്നു. വടക്കഞ്ചേരിവരെ സമയക്ലിപ്തതയില്ലാതെയാണ്‌ സ്വകാര്യബസ്സുകള്‍ ഓടുന്നത്‌. മംഗലം-ഗോവിന്ദാപുരം പാതയില്‍ നിരവധി സ്കൂളുകളാണുള്ളത്‌. മിക്കവയും വഴിയോരത്തുതന്നെ. സാധാരണക്കാരായ ആള്‍ക്കാരുടെ
കുട്ടികള്‍ കാല്‍നടയായും സൈക്കിളിലുമാണ്‌ സ്കൂളില്‍ പോകുക. കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ഗൗനിക്കാതെയുള്ള ടിപ്പറുകളുടെ താണ്ഡവം പലപ്പോഴും നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. എന്നാല്‍ വന്‍കിടക്കാരും രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ പിന്‍ബലമുള്ളവരുമായ നിര്‍മ്മാണ ലോബിക്ക്‌ ഇതൊന്നും
പ്രശ്നമായിട്ടില്ല. ടിപ്പറുകള്‍ കോണ്‍വോയി ആയി കടന്നുപോകുന്ന കാഴ്ച മംഗലം-ഗോവിന്ദാപുരം പാതയിലെ പതിവാണ്‌. ഗതാഗതനിയമങ്ങളും ഇവര്‍ക്ക്‌ പുല്ലാണ്‌. മണല്‍ലോറി ഉള്‍പ്പെടുന്ന ഒരു വാഹനാപകടമെങ്കിലും ഇവിടെ പതിവാണ്‌. ടിപ്പറുകളെക്കണ്ട്‌
കാല്‍നടയാത്രക്കാരും ചെറുവാഹനങ്ങളും ഒതുങ്ങിപ്പോകുന്നതുകൊണ്ടാണ്‌ പല അപകടങ്ങളും ഒഴിവാകുന്നത്‌. പരിസ്ഥിതിപ്രശ്നങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല ജനങ്ങളുടെ
സ്വൈരജീവിതത്തിന്‌ ഭീഷണി ഉയര്‍ത്തുകയുമാണ്‌ മണ്ണുമാഫിയയും ടിപ്പര്‍ ലോറികളും. (വാര്‍ത്താ ലിങ്ക്)

--

ഇപ്പോള്‍ ഒരു അത്യാഹിതം നടന്നതുകൊണ്ട്‌ നാട്ടുകാരുടെ രോഷം തല്‍ക്കാലത്തേക്കെങ്കിലും ശമിപ്പിക്കാനായിരിക്കും ഇങ്ങനെ ഒരു നടപടി. മാതൃഭൂമിയിലെ വാര്‍ത്ത ചുവടെ:

ചിറ്റില്ലഞ്ചേരി മേഖലയില്‍ സ്കൂള്‍സമയത്ത്‌ മണല്‍വണ്ടികള്‍ക്ക്‌
നിരോധനം
.

വാഹനങ്ങളുടെ മരണപ്പാച്ചില്‍ ഭീഷണിയുയര്‍ത്തുന്ന ചിറ്റില്ലഞ്ചേരി മേഖലയില്‍ ഇതിനെതിരെ കര്‍ശനനടപടിയെടുക്കാന്‍ എസ്‌.പി. വിജയ്‌സാഖറെ പോലീസിന്‌ നിര്‍ദേശം നല്‍കി. രാവിലെ എട്ടുമുതല്‍ 11 വരെയും വൈകീട്ട്‌ മൂന്നു മുതല്‍ അഞ്ചുവരെയും മണല്‍ലോറികള്‍ ഈ റോഡില്‍ നിരോധിക്കാന്‍ എസ്‌.പി. ഉത്തരവിട്ടു. സ്കൂള്‍സമയത്ത്‌ അമിതവേഗംമൂലമുള്ള അപകടം ഒഴിവാക്കാനാണ്‌ ഇതെന്ന്‌ എസ്‌.പി. പറഞ്ഞു.അമിതവേഗ പരിശോധന കര്‍ശനമാക്കാനും എസ്‌.പി. നിര്‍ദേശിച്ചിട്ടുണ്ട്‌. ഒന്നില്‍ക്കൂടുതല്‍ തവണ അമിത വേഗത്തിന്‌ പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ്‌ റദ്ദാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌. തകര്‍ന്നുകിടന്ന റോഡ്‌ അടുത്തകാലത്ത്‌ നന്നാക്കിയശേഷം ടിപ്പര്‍ലോറികളും സ്വകാര്യ ബസ്സുകളും ചീറിപ്പായുകയാണെന്ന്‌ ജനങ്ങള്‍ എസ്‌.പി.യോട്‌ പരാതിപ്പെട്ടു. മണല്‍ഖനനത്തിന്‌ ലൈസന്‍സുള്ളതിനാല്‍ മണല്‍വാഹനങ്ങള്‍ നിരോധിക്കാന്‍ പോലീസിന്‌ നിയമപരമായി അവകാശമില്ലെന്ന്‌ എസ്‌.പി. പറഞ്ഞു. (വാര്‍ത്താ ലിങ്ക്)


അതിനര്‍ത്ഥം ലൈസന്‍സ്‌ കൊടുത്തു എന്നതുകൊണ്ട്‌ തടയാന്‍ നിയമമില്ലെന്ന്. ഇങ്ങനെ ലൈസന്‍സ്‌ കൊടുത്തത്‌ , ഒരു പ്രദേശത്തെ മണ്ണും മണലും കടത്തി അവിടം ഒരു മരുഭൂമിയാക്കുന്നതിനൊപ്പം അവിടുത്തെ ജനങ്ങളുടെ ജീവനും എടുക്കാനാണോ?
ആര്‌ ഉത്തരം തരും?

നദികള്‍ വറ്റിവരണ്ട്‌ ഇല്ലാതാകുന്നതിന്‌ തുല്യമായി. നെല്‍പ്പാടങ്ങളിലെ മണ്ണ് മാന്തി വയലുകള്‍ ഇല്ലാതാവുന്നു. ഒന്നോ രണ്ടോ നഗരം പുഷ്ടിപ്പെടുത്താന്‍ ഒരു ജില്ലയും അവിടുത്തെ ജനങ്ങളേയും കുരുതി കൊടുക്കണോ?

ഇതിനെന്ന് ഒരു അറുതിവരും?

Friday, February 16, 2007

ആനകള്‍ ഇടയുന്ന സമയമോ?

ആനകള്‍ ഇടയുന്ന സമയമോ?

ഇന്ന്‌ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ശിവരാജ്‌ എന്ന ആന വിശപ്പ്‌ സഹിക്കാന്‍ വയ്യാതെ ശോഭായാത്രക്കിടെ ഇടയുകയും അടുത്തുകിട്ടിയ ശിവാനന്ദ്‌ എന്ന ഒരു നാഗാ സന്യാസിയോട്‌ (സാധു) ആ ദേഷ്യം തീര്‍ക്കുകയും ചെയ്തു. സന്യാസിയെ തുമ്പിക്കൈകൊണ്ടു ചുരുട്ടിയെടുത്ത്‌ മതിലിനോട്‌ ചേര്‍ത്ത്‌, കൊമ്പു കൊണ്ട്‌ പരുക്കേല്‍പ്പിച്ചു. ഈ സമയം ആനപ്പുറത്തിരിക്കുന്ന പാപ്പാന്‍ ആനയെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്യാസിയെ രക്ഷിക്കാന്‍ സാധിച്ചില്ല. സന്യാസി ആനയുടെ ആക്രമണഫലമായി മരണപ്പെട്ടു. ഇതിനിടെ ശ്രീലങ്കയിലെ ഗാലെയില്‍നിന്നും മറ്റൊരു ദൃശ്യംകൂടി - ഇന്നലെ ആന പോളോ കളിക്കിടെ അബേയ്‌ എന്ന ഒരു ആന ഇടഞ്ഞു ആക്രമാസക്തമായി. അടുത്തുകണ്ടതെല്ലാം മറിച്ചിട്ടു, കൂട്ടത്തില്‍ ഒരു മിനിബസ്സും. TV-യില്‍ നിന്നുമുള്ള ചിത്രങ്ങള്‍ താഴെ:

ആന സന്യാസിയെ കുത്തുന്നു






ശ്രീലങ്കയിലെ ഗാലെയില്‍നിന്നുമുള്ള വാര്‍ത്തയും ചിത്രവും ഇവിടെ.

ഇതെന്താ ആനകള്‍ക്ക്‌ ഇടയാനുള്ള സമയമോ? രണ്ടു ദിവസം മുമ്പാണ്‌ കേരളത്തില്‍ ഒരു ആന എഴുന്നെള്ളത്തിനു കൊണ്ടുപോകാന്‍ വന്ന ലോറിയെ മറിച്ചിട്ട്‌ ദേഷ്യം തീര്‍ത്തത്‌. ആനകളെ മനുഷ്യര്‍ കൂടുതലായി പണിയെടുപ്പിക്കുന്നതിന്റെ/പീഢിപ്പിക്കുന്നതിന്റെ പരിണിതഫലമാണൊ ഇതെല്ലാം.

കൃഷ്‌ ‌ krish