Showing posts with label Tata Nano. Show all posts
Showing posts with label Tata Nano. Show all posts

Wednesday, January 09, 2008

ഒരു ലക്ഷം കൊടുത്താല്‍ കൂടെ പോരും.

ഒരു ലക്ഷം കൊടുത്താല്‍ കൂടെ പോരും.

അതെ, വെറും ഒരു ലക്ഷം രൂപ കൊടുത്താല്‍ കൂടെ പോരാന്‍ അണിഞ്ഞൊരുങ്ങി തയ്യാറായി നില്‍ക്കുകയാണ്‌, ഉപ്പ്‌ തൊട്ട്‌ ട്രക്കുകളും ഉരുക്കും വരെ ഉണ്ടാക്കി വില്‍ക്കുന്ന, ടാറ്റാ കമ്പനിയുടെ പുതുപുത്തന്‍ കാര്‍.
(ടാറ്റ കാറിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്)

ഏഷ്യയിലെ രണ്ടാമതെ വലിയ ആട്ടോ എക്സ്‌പോ നാളെ (10.1.08) ഡെല്‍ഹിയില്‍ തുടങ്ങുകയാണ്‌. ഇന്ത്യന്‍ വാഹനനിര്‍മ്മാണ കമ്പനികളുടേതടക്കം നിരവധി പുത്തന്‍ വിദേശ കാറുകള്‍ ഇന്ത്യന്‍ റോഡുകളിറങ്ങാന്‍ മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിയിരിക്കയാണ്‌. മാരുതിയുടെ എ-സ്റ്റാര്‍, ഫിയറ്റിന്റെ പുണ്ടോ, വോല്‍ക്ക്സ്‌വാഗന്‍ ടൂറെജ്‌ തുടങ്ങി, 17 ലക്ഷത്തോളം വിലവരുന്ന ഷെവര്‍ലോയുടെ കാപ്റ്റിവ, 50 ലക്ഷത്തോളം വിലവരുന്ന സ്കൊഡയുടെ വോള്‍വോ എക്സ്‌.സി.90 എന്നീ നിരവധി പുതിയ വാഹനങ്ങള്‍ നാളെത്തൊട്ട്‌ പ്രദര്‍ശിപ്പിക്കും.

പക്ഷേ, ഇതിലെല്ലാമുപരി ഇന്ത്യയിലെ സാധാരണ മദ്ധ്യവര്‍ഗ്ഗക്കാര്‍ കാത്തിരിക്കുന്നത്‌ ടാറ്റായുടെ ഒരു ലക്ഷം രൂപക്ക്‌ (എക്സ്‌-ഫാക്ടറി വില. എക്സൈസ്‌, ഒക്ട്രൊയി, ഇന്‍ഷൂറന്‍സ്‌ എന്നിവ വേറെ കൊടുക്കണം, ടാറ്റയാരാ മോന്‍!) ലഭിക്കുമെന്ന് പറയുന്ന പുതിയ കുഞ്ഞിക്കാറാണ്‌. അതുകൊണ്ട്‌ വാറണ്ടിയോ വില്‍പ്പനാന്തര സേവനമോ ഇതിനു പുറമെയാകും. (മൈക്രൊസോഫ്റ്റോ അഡോബിയോ കോപ്പിറൈറ്റ്‌ കാര്യത്തില്‍ കര്‍ക്കശമായാല്‍, ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കുന്നതിനേക്കാള്‍ കാശ്‌ അതിനെ പ്രവൃത്തിപ്പിക്കാനും ഉപയോഗിക്കാനും വേണ്ട പോപ്പുലറായ സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ കൊടുക്കേണ്ടിവരുന്ന കാലമാ ഇത്‌ !). ഇതുവരെയും ഈ കാറിനെക്കുറിച്ചുള്ള പൂര്‍ണ്ണവും യഥാര്‍ത്ഥവുമായ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കയാണ്‌. അതീവ സുരക്ഷയില്‍ ഒരു കണ്ടെയനറില്‍ 5 കാറുകള്‍ പ്രദര്‍ശനത്തിനായി ഡെല്‍ഹിയില്‍ എത്തിച്ചത്രേ. ഈ കാറിനെക്കുറിച്ച്‌ സ്ഥിരീകരിക്കാത്ത ചില വിവരങ്ങള്‍ ഇങ്ങനെയാണ്‌ (പെട്രോള്‍‍ ടാങ്കില്‍ നിന്നും ചോര്‍ത്തിയത്):
മൈലേജ്‌ : 25 KMPL
പരമാവധി വേഗത : 70 KMPH
ഇന്ധനം : പെട്രോള്‍.
ചക്രങ്ങള്‍ : 4 എണ്ണം (അപ്പോ ആട്ടൊറിക്ഷയല്ലാ, പക്ഷേ സ്റ്റെപ്പിനി/എക്സ്റ്റ്രാ ചക്രം ഉണ്ടാവുകയില്ല)
ഇരിക്കാനുള്ള സീറ്റ്‌ : 4 പേര്‍ക്ക്‌ (ഓടിക്കുന്നയാളടക്കം)
എഞ്ചിന്‍ : 600 cc
(കാര്‍ട്ടൂണിസ്റ്റ്‌ സജീവിനെപ്പോലെയുള്ള നാലുപേര്‍ ഇരുന്നാല്‍ താമരശ്ശേരി ചുരം ദാന്ന് കേറാം!!. ഹെന്ത്‌, ഇതില്‍ പച്ചാളം മോഡലേ പറ്റൂന്നോ..)

എക്സ്ട്രാ ഫിറ്റിംഗ്സ്‌ : വേണമെങ്കില്‍ വേറെ വാങ്ങിച്ചു പിടിപ്പിച്ചോണം.(ഇതില്‍ ഡോറും ഉള്‍പ്പെടുമോ?)
ആകാരം : മാരുതി 800 നോളൊപ്പം ഉണ്ടാകുമെന്നും ഇല്ലെന്നും പറയുന്നു. പാര്‍ക്ക്‌ ചെയ്യാന്‍ കുറച്ച്‌ സ്ഥലം മതി.
ഭാരം: മാരുതി 800 നേക്കാളും കുറവാ. (പൊക്കി എടുത്തോണ്ടു പോകാം!!)
പേര്‌ : ഔദ്യോഗികമായി ഇതുവരെ ഇട്ടിട്ടില്ല.
(ഇന്‍ഡിവണ്‍, ഇന്‍ഡിവ, ആറ്റം, ജേ, മിറാക്കിള്‍ തുടങ്ങിയ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌). (നാളെ വരെ കാത്തിരിക്കൂ!!!)

പെട്രോളിന്‌ വില അടിക്കടി കൂടിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത്‌ ഒരു ലിറ്ററിന്‌ 25 KM മൈലേജ്‌ കിട്ടുമെന്ന് പറയുന്നത്‌ ഒരു നല്ല കാര്യം തന്നെ. (ഇത്‌ കണ്ടറിയണം). പരമാവധി കൂടിയ സ്പീഡ്‌ 70 KM ആയതുകൊണ്ട്‌ ഇതിനെ നല്ല സ്പീഡില്‍ പറപ്പിക്കാന്‍ പറ്റൂല്ല. വലിപ്പം മാരുതി 800 മോഡല്‍ കാറിനെക്കാളും ചെറുതാണെന്നും അല്ലാ വലുതായിരിക്കുമെന്നും പറയുന്നു. അപ്പോള്‍ എന്തായാലും പുതിയ മോഡല്‍ ഒരു സോപ്പ്‌ പെട്ടി കൂടി നിരത്തില്‍. ഭാരം കുറവായിരിക്കുമത്രേ. 4 ചക്രമുള്ളതുകൊണ്ട്‌ ആട്ടോറിക്ഷപോലെ ആകാന്‍ സാധ്യതയില്ല. പിന്നെ, സ്റ്റെപ്പിനി (മാറ്റചക്രം) ഇല്ലാത്തതുകാരണം യാത്രക്കിടയില്‍ ഒരു ചക്രം പഞ്ചറായാല്‍ സംഗതി കുഴയും. അടുത്തെങ്ങും മെക്കാനിക്ക്‌ ഗാരേജോ, പഞ്ചറൊട്ടിക്കാനുള്ള കടകളോ ഇല്ലെങ്കില്‍ വേറെ വണ്ടിക്ക്‌ കൈകാണിക്കുകയായിരിക്കും ഉത്തമം. (അല്ലെങ്കില്‍ ഭാരം കുറവായതുകൊണ്ട്‌ തള്ളികൊണ്ട്‌ നടക്കാം). രാത്രിയിലെ യാത്രയില്‍ ഇങ്ങനെ സംഭവിച്ചാല്‍ കേമമാകും. അത്യാവശ്യത്തിന്‌ ഇത്തരം വണ്ടിയില്‍ രോഗിയേയും കൊണ്ട്‌ ആശുപത്രിയിലേക്ക്‌ പോകുന്ന വഴി പഞ്ചറാകുന്ന പക്ഷം രോഗിയുടെ കാര്യം ദൈവത്തിന്റെ കൈയ്യില്‍.

ടാറ്റാക്കാര്‍ ഇത്രയൊക്കെ സാധാരണക്കാരനുവേണ്ടി ചെയ്യുന്നതിനിടയില്‍ സ്കൂട്ടറും ആട്ടോറിക്ഷയും ഉണ്ടാക്കുന്ന ബജാജ്‌ കമ്പനിക്കാര്‍ ഒരു പണി പറ്റിച്ചു (ടാറ്റാക്കിട്ടൊരു പണി കൊടുത്തു!).

ബജാജിന്റെ പുതിയ കാര്‍ മുന്‌വശം





ബജാജ് കാര്‍ പിന്‍‌വശം

അവരുടെ വഹ ആദ്യത്തെ കുഞ്ഞുകാര്‍ അവര്‍ രണ്ടുദിവസം മുന്‍പേ വിപണിയില്‍ പ്രദര്‍ശിപ്പിച്ചു. പക്ഷേ ഇവരുടെ കുഞ്ഞുകാറിന്‌ ടാറ്റയുടേതിനേക്കാള്‍ ലേശം വില കൂടും. ഒന്നര ലക്ഷം മുതല്‍ ഒന്നേമുക്കാല്‍ ലക്ഷം വരെ അതിനുണ്ടാകും.


എന്തായാലും ഒരു നേട്ടമുണ്ടാവാന്‍ പോകുന്നത്‌ വിലക്കൂടുതല്‍ കാരണം കാര്‍ വാങ്ങുന്നത്‌ വിദൂര സ്വപ്നമായി കണ്ടിരുന്ന സാധാരണക്കാര്‍ക്ക്‌ എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയോ ലോണെടുത്തോ ഒരു കാര്‍ സ്വന്തമാക്കാമെന്നുള്ളതാണ്‌. (എന്നിട്ട്‌ പറയാമല്ലോ, ഞങ്ങള്‍ക്കും ഒരു കാറുണ്ടെന്ന്. )

വാഹനസാന്ദ്രത ദിനംപ്രതി കൂടിക്കൊണ്ടിരിക്കയും കാര്യമായ റോഡ്‌ വികസനം നടക്കുകയും ചെയ്യാത്ത ഇന്ത്യയില്‍ (പ്രത്യേകിച്ചും കേരളത്തില്‍), ഈ കുഞ്ഞന്‍ സോപ്പ്‌ പെട്ടി കാറുകള്‍ കൂടി നിരത്തിലിറങ്ങുമ്പോള്‍ പാവപ്പെട്ടവന്‌ വഴിനടക്കാന്‍ വേറെ വഴി നോക്കേണ്ടിവരും.
***

വാല്‍ക്കഷണം:

1. വീതികുറഞ്ഞ റോഡും കൂടിയ വാഹനസാന്ദ്രതയും കാരണം അപകടങ്ങള്‍ പെരുകുമെന്നതുകൊണ്ട്‌ ജനസംഖ്യ കുറച്ച്‌ കുറഞ്ഞുകിട്ടാന്‍ സാധ്യത ഉണ്ട്‌. (സന്തോഷിക്കുന്നത്‌ ഇന്‍ഷൂറന്‍സ്‌ വക്കീലന്മാര്‍)

2. വാഹനം വാങ്ങിക്കാന്‍ ലോണ്‌ കൊടുക്കുന്ന ബാങ്കുകള്‍ക്കും സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ശുക്രദശ. കുറച്ചുകഴിഞ്ഞ്‌ ലോണെടുത്ത സംഖ്യ തിരിച്ചടക്കാന്‍ പറ്റാതാവുമ്പോള്‍ റിക്കവറി ഏജന്റന്മാരുടേം സി.സി.ക്കാരുടെ കൊയ്ത്തുകാലം.

****

അപ്പ്‌ഡേറ്റ് (10.1.08 - 1300 hrs)

3 വര്‍ണ്ണങ്ങളില്‍ ടാറ്റയുടെ പുത്തന്‍ കുഞ്ഞന്‍ കാറ് ഡല്‍ഹിയിലെ ആട്ടോ എക്സ്പോയില്‍ കുറച്ച് മുമ്പ് പ്രദര്‍ശിപ്പിച്ചു.
പുതിയ കാറിന്റെ പേര് “ ടാറ്റാ നാനോ”.

നാനോയോടൊപ്പം രത്തന്‍ ടാറ്റ












മൈലേജ് : 20 KMPL
എഞ്ചിന്‍ : 624 സി.സി. , 2 സിലിന്‍ഡറ്, 4 ഗിയര്‍.
എഞ്ചിന്‍ കാറിന്റെ പുറകില്‍ (ആട്ടോറിക്ഷ സ്റ്റൈല്‍‍).
ലഗ്ഗേജ് കാരിയര്‍ : കാറിന്റെ മുന്‍‌വശത്ത്.
ചുവപ്പ്, വെള്ള‍, മഞ്ഞ എന്നീ നിറങ്ങളില്‍ ലഭ്യമാകും.
ഓക്‍ടോബറില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും.
ബേസിക്ക് പെട്രോള്‍ വെര്‍ഷന്‍ ആദ്യം, പിന്നീട് ഡീസല്‍ ഡീലക്സ് വെര്‍ഷനും ഇറക്കും.
ബേസിക്ക് പെട്രോള്‍ മോഡലില്‍ എ.സി. ഉണ്ടായിരിക്കില്ല.
ബേസിക്ക് മോഡല്‍ വില: 1 ലക്ഷം (എക്സ്-ഫാക്ടറി വില)
വാറ്റ്, ഫാക്ടറിയില്‍ നിന്നും വാഹനം എത്തിക്കേണ്ട വില എന്നിവ പുറമെ ചുമത്തും.
ഓണ്‍-റോഡ് വില (ഡല്‍ഹിയില്‍): 1,30,000 (വാറ്റ്,രെജിസ്റ്ട്രേഷന്‍, ഇന്‍ഷൂറന്‍സ്, റോഡ് ടാക്സ്, പാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത്)
ഡെല്‍ഹിക്ക് പുറത്ത് : 1,35,000 (ഏകദേശം)
യൂറോ 4 സ്റ്റാന്‍ഡേഡ്.
ആകാരം: മാരുതി(800)യേക്കാള്‍ 8% ചെറുത്.
ഇരിക്കാന്‍ മാരുതിയേക്കാള്‍ 21%കൂടുതല്‍ സ്ഥലം.
ഇത്രയുമാണ് ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍.

(ഇനി ആട്ടോറിക്ഷക്കാര്‍ ആട്ടോ വിറ്റ് ഈ കാറ് വാങ്ങിക്കുമോ! എന്നാല്‍ ആട്ടോ കാശിന് കാറില്‍ യാത്ര ചെയ്യാം.!!!!‌)