Showing posts with label ഗുളിക. Show all posts
Showing posts with label ഗുളിക. Show all posts

Sunday, December 14, 2008

കാന്തത്തില്‍ ഒട്ടിപ്പിടിക്കുന്ന ഗുളികകള്‍.

കാന്തത്തില്‍ ഒട്ടിപ്പിടിക്കുന്ന ഗുളികകള്‍.

ഇന്ന് വൈകീട്ട്‌ യാദൃശ്ചികമായാണ്‌ അമൃത ടി.വി.യിലെ ബെസ്റ്റ് സിറ്റിസണ്‍ ജേര്‍ണലിസ്റ്റ്‌-2 പരിപാടിയുടെ തുടര്‍ച്ച 'സിറ്റിസണ്‍ ഇംപാക്റ്റ്‌' ശ്രദ്ധിച്ചത്‌. പരിപാടി ഇടക്കുവെച്ചാണ്‌ കണ്ടുതുടങ്ങിയത്‌. ഇതില്‍ യുവതിയായ കോഴിക്കോട്‌ സ്വദേശി ജീന എന്ന മല്‍സരാര്‍ത്ഥിയുടെ റിപ്പോര്‍ട്ടാണ്‌, ഇന്ന് നമുക്ക്‌ ലഭിക്കുന്ന മരുന്നുകളുടെ ഗുണനിലവാരവും അതിന്റെ അപകടങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌.

ഗര്‍ഭിണികള്‍ക്കും വിളര്‍ച്ചയുള്ളവര്‍ക്കും മറ്റും നിര്‍ദ്ദേശിക്കുന്ന ഇരുമ്പ്‌ ലവണങ്ങള്‍ അടങ്ങിയ "Hbfast", "സെറ്റ്ഫെര്‍" (ഈ പേര്‍ വ്യക്തമല്ല) എന്നീ രണ്ട്‌ ഗുളികകളാണ്‌ കാന്തം അടുത്തുകാണിക്കുമ്പോഴേക്കും ചാടി പിടിക്കുന്നത്‌. സ്വകാര്യകമ്പനികള്‍ അമിതവിലക്ക്‌ പുറത്തിറക്കുന്ന ഈ ഗുളികകള്‍ ഡോക്ടര്‍മാര്‍ വ്യാപകമായി എഴുതികൊടുക്കുന്നതായിട്ടാണ്‌ അന്വ്വേഷണത്തില്‍ നിന്നും മനസ്സിലായതത്രേ. വളരെ സേഫായിട്ടുള്ള ഫോളിക്ക്‌ ആസിഡ്‌ അടങ്ങിയിട്ടുള്ള ഗുളികകള്‍ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും 10 ശതമാനത്തിലും താഴെ വിലക്ക്‌ വിതരണം ചെയ്യുമ്പോഴാണ്‌(സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്ന് കാന്തംകൊണ്ട്‌ മുട്ടിച്ചാലും പിടിക്കുന്നില്ല), വിലകൂടിയതും അപകടം പിടിച്ചതുമായ സ്വകാര്യകമ്പനികളുടെ മരുന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്‌. ഈ ഗുളികകളില്‍ ഇരുമ്പ്‌ ലവണങ്ങള്‍ 60 mg-യില്‍ അധികമാകരുതെന്ന് പറയുമ്പോഴും ഇത്തരം അപകടമരുന്നുകളില്‍ ഇത്‌ 100 mg-യില്‍ അധികമാണ്. ഇത്‌ നെഞ്ചെരിച്ചിലിനും പ്രസവം കഠിനവും വിഷമകരവുമാക്കുന്നതിനും നയിക്കുന്നു. ഇതുകാരണം മിക്ക ഗര്‍ഭിണികളുടെയും പ്രസവം സിസേറിയന്‍ ഓപ്പറേഷനു വിധേയമാക്കപ്പെടുകയാണത്രേ. അതിലും കച്ചവടക്കണ്ണ്.

ഇക്കാര്യം ബന്ധപ്പെട്ട അധികാരികളുടേയും ആരോഗ്യമന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്തിയതിനുശേഷം ഡോക്ടര്‍മാര്‍ ഈ അപായമരുന്ന് കുറിക്കുന്നത്‌ നിര്‍ത്തിയെങ്കിലും, ഇത്‌ സുലഭമായി മരുന്നുകടകളില്‍ ഇപ്പോഴും ലഭ്യമാണ്‌.

അമിതലാഭത്തിനുവേണ്ടി സ്വകാര്യ മരുന്നുകമ്പനികളും ഡോക്ടര്‍മാരും ചേര്‍ന്ന് മനുഷ്യന്റെ ആരോഗ്യത്തെയും ജീവനേയും വരും തലമുറയെപോലും അപകടപ്പെടുത്തുന്നത്‌ എങ്ങനെ ന്യായീകരിക്കാന്‍ പറ്റും. ഇങ്ങനെ എത്രയെത്ര നിലവാരം കുറഞ്ഞതും അപകടകരവുമായ മരുന്നുകള്‍ ഈ രാജ്യത്ത്‌ വിറ്റഴിക്കുന്നുണ്ട്‌. സ്റ്റാറ്റൂട്ടറി സാമ്പിള്‍ ടെസ്റ്റിംഗ്‌ നമ്മുടെ നാട്ടില്‍ ഫലപ്രദമായി കാലാകാലങ്ങളില്‍ നടപ്പിലാവുന്നുണ്ടോ? കാലാവധി കഴിഞ്ഞ മരുന്നുകള്‍ വീണ്ടും പുതിയ പാക്കറ്റുകളിലാക്കി വില്‍ക്കുന്നത്‌ പരിശോധിക്കുന്നുണ്ടോ? ജനങ്ങള്‍ക്ക്‌ ഇത്‌ അറിയാനുള്ള അവകാശമില്ലേ? ചിലര്‍ക്കെങ്കിലും മേടിക്കല്‍, സോറി മെഡിക്കല്‍ എത്തിക്സ്‌ എന്നത്‌ മനുഷ്യജീവനെ അപായപ്പെടുത്തിയുള്ള പണക്കൊതി മാത്രമായി തരം താണുവോ?