Showing posts with label റോഡ് അപകടങ്ങള്‍. Show all posts
Showing posts with label റോഡ് അപകടങ്ങള്‍. Show all posts

Thursday, February 28, 2008

വാഹനാപകടങ്ങള്‍ കൂടുന്നതെന്തുകൊണ്ട്‌?

വാഹനാപകടങ്ങള്‍ കൂടുന്നതെന്തുകൊണ്ട്‌?

ഇന്ത്യയിലും പ്രത്യേകിച്ച്‌ കേരളത്തിലും ദിനംപ്രതി സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ്‌ പൊലിയുന്നത്‌. അപകടത്തില്‍ മരണം സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഗുരുതരമായി പരുക്ക്‌ പറ്റിയിട്ടും ഭാഗ്യം കൊണ്ടുമാത്രം ജീവിതത്തിലേക്ക്‌ തിരിച്ചുവന്നവരുണ്ട്‌. എത്രയോപേര്‍ ആജീവനാന്തകാലം അംഗഭംഗം സംഭവിച്ച്‌ വികലാംഗരായി ജീവിതം തള്ളിനീക്കുന്നു. ഇങ്ങനെ ഒരു വ്യക്തി അകാലത്തില്‍ മരണമടയുകയോ ആജീവനാന്തം അംഗഭംഗം സംഭവിച്ച്‌ കിടപ്പിലാവുകയോ ചെയ്താല്‍ ആ വ്യക്തിയെ ആശ്രയിച്ച്‌ കഴിയുന്ന ഒരു കുടുംബത്തിന്‌ വരുമാനമാര്‍ഗ്ഗം അടയുകയും അവര്‍ നിരാശ്രയരാവുകയുമാണ്‌ ചെയ്യുന്നത്‌. അംഗഭംഗം സംഭവിച്ച്‌ കഴിയുന്ന വ്യക്തിക്ക്‌ കുറെക്കാലത്തിനുശേഷം വല്ല നഷ്ടപരിഹാരവും കിട്ടിയാലോ അത്‌ അയാളുടെ ആജീവനാന്തകാല ചികിത്സക്ക്‌ പോലും തികയില്ല.

ഒരു യുദ്ധമുണ്ടായാല്‍ ഇരുരാജ്യങ്ങളിലും സംഭവിക്കുന്ന മരണങ്ങളേക്കാള്‍ ഏറെയാണ്‌ ഇന്ന് നമ്മുടെ രാജ്യത്ത്‌ ഓരോ വര്‍ഷവും വാഹനാപകടങ്ങള്‍ മൂലം സംഭവിക്കുന്നത്‌. യുദ്ധക്കളത്തില്‍ വീഴുന്ന ചോരയേക്കാള്‍ കൂടുതല്‍ നമ്മുടെ റോഡുകളില്‍ വീഴുന്നു, വീണുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും അപകടങ്ങളുടെ തോത്‌ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്താണിതിനുള്ള കാരണങ്ങള്‍? ആരാണിതിനെല്ലാം ഉത്തരവാദികള്‍? അപകടങ്ങള്‍ വെറും യാദൃശ്ചികമായി അപകടങ്ങള്‍ മാത്രമാണോ? നമ്മുടെ അശ്രദ്ധയും തിരക്കും തിടുക്കവുമെല്ലാം ഇതിനു കാരണമല്ലേ?

വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്‌ ഒന്നാമതായി ചൂണ്ടിക്കാണിക്കുന്നത്‌ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ അഭൂതപൂര്‍വ്വമായ വര്‍ദ്ധനയാണ്‌. വാഹനങ്ങള്‍ പെരുകുന്നതിനനുപാതികമായി വേണ്ടത്ര റോഡ്‌ വികസനം നടക്കുന്നില്ല എന്നത്‌ നിരത്തില്‍ വാഹനങ്ങളുടെ തിരക്കിനും ഗതാഗതക്കുരുക്കിനും കൂട്ടിയിടിക്കലിനും കാരണമാകുന്നു. ഭാവിയിലെ വാഹനങ്ങളുടെ വര്‍ദ്ധന, അതിനാവശ്യമായ വീതിയുള്ള റോഡുകള്‍, മികച്ച ട്രാഫിക്ക്‌ സംവിധാനം, ഓഫീസ്‌/സ്കൂള്‍ സമയങ്ങളില്‍ വേണ്ട മാസ്സ്‌ റാപ്പിഡ്‌ ഗതാഗതസംവിധാനത്തിന്റെ ആവശ്യകത എന്നിവ മനസ്സിലാക്കി നേരത്തെ തന്നെ വേണ്ട പ്ലാനിംഗ്‌ ആവിഷ്കരിക്കാത്തത്‌ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക്‌ വളരെ കാരണമായിട്ടുണ്ട്‌. ഇത്‌ മനസ്സിലാക്കി ഭാവിയിലേക്കുള്ള നടപടികള്‍ ഉടന്‍ ചെയ്തില്ലെങ്കില്‍ പ്രശ്നം ഇനിയും ഗുരുതരമാവുകയേ ഉള്ളൂ.
പാതകള്‍ വികസിപ്പിക്കുന്നതിനോടൊപം തന്നെ ഇടുങ്ങിയ പാലങ്ങള്‍ക്ക്‌ പകരം വീതിയുള്ള പാലങ്ങളും റെയില്‍ ക്രോസ്സിംഗുകളിലും തിരക്കുള്ളയിടങ്ങളിലും മേല്‍പ്പാലങ്ങളും നിര്‍മ്മിക്കണം. പെട്രോളിന്റേയും ഡീസലിന്റേയും വില ക്രമേണ ഉയര്‍ത്തിയിട്ടും ലക്ഷങ്ങള്‍ വില മതിക്കുന്ന നിരവധി പുതുപുത്തന്‍ വാഹനങ്ങള്‍ ഇറക്കുന്നതിലോ അതു വാങ്ങുന്നതിലോ ഒരു കുറവും കാണുന്നില്ല, മറിച്ച്‌ അത്‌ വര്‍ദ്ധിക്കുന്നതേയുള്ളൂ. ഇന്നത്തെക്കാലത്ത്‌ മിക്ക മദ്ധ്യവര്‍ഗ്ഗ/ഉന്നതവര്‍ഗ്ഗ വീടുകളിലും ഒന്നോ രണ്ടോ വാഹനങ്ങള്‍ ഉണ്ട്‌. സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ ഇത്‌ ഇനിയും കൂടുകയേ ഉള്ളൂ. ഒരേ സമയം ഈ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയാലുള്ള സ്ഥിതി ഒന്നോര്‍ത്തുനോക്കൂ. പട്ടണങ്ങളില്‍ പലയിടങ്ങളിലും വാഹനം പാര്‍ക്ക്‌ ചെയ്യാന്‍ പര്യാപ്തമായ സൗകര്യം കിട്ടുകയില്ല. ഇവിടെയാണ്‌, തിരക്കുള്ള (ഓഫീസ്‌/സ്കൂള്‍) സമയങ്ങളില്‍ യാത്ര ചെയ്യാന്‍ മതിയായ പബ്ലിക്ക്‌ ട്രാന്‍‍സ്പോര്‍ട്ട്‌ സിസ്റ്റമോ കാര്‍ പൂളിംഗിന്റേയോ ആവശ്യകത വരുന്നത്‌.

അപകടം വര്‍ദ്ധിക്കുന്നതിനുള്ള വേറൊരു മുഖ്യകാരണം ബസ്സ്‌/ടിപ്പര്‍ ലോറികളുടെ അമിതവേഗത്തിലുള്ള ഓട്ടമാണ്‌. സ്വകാര്യ ബസ്സുകള്‍ പരസ്പരം മല്‍സരിച്ചുകൊണ്ട്‌ ഓടുമ്പോള്‍ മണ്ണ്‌/മണല്‍ എന്നിവ കടത്തുന്ന ടിപ്പര്‍ ലോറികള്‍ നിരത്തില്‍ മരണം വിതച്ചുകൊണ്ട്‌ ആരെയും കൂസാക്കാതേയുള്ള പാച്ചിലാണ്‌. മദ്യപിച്ചും അശ്രദ്ധയോടും വാഹനമോടിക്കുന്ന പാണ്ടി ലോറി, ടാങ്കര്‍, കണ്ടെയിനര്‍ ഡ്രൈവര്‍മാരും അപകടം വരുത്തിവെക്കുന്നതിലേക്ക്‌ വഴിതെളിക്കുന്നു. ഈ വാഹനങ്ങളെ മറികടക്കാനായി വെമ്പുന്ന ന്യൂ ജനറേഷന്‍ കാറുകള്‍. ഇവരുടെയെല്ലാം മല്‍സരപ്പാച്ചിലില്‍ പെട്ട്‌ പോകുന്നത്‌ മിക്കവാറും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരായിരിക്കും. ഇതില്‍ മിക്കവരും ഹെല്‍മറ്റ്‌ ധാരികളല്ലാത്തതുകൊണ്ട്‌, റോഡില്‍ തന്നെയോ ആശുപത്രീമദ്ധ്യേയോ, ഗുരുതരമായി പരുക്കേറ്റ ഇവരുടെ മരണം സംഭവിക്കുന്നു. ഒരു അപകടം നടന്നാല്‍ പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുപകരം പലരും പോലീസ്‌ വരുന്നതുവരെ നോക്കിനില്‍ക്കുകയോ, വാഹനത്തില്‍നിന്നും നോക്കിയിട്ട്‌ കടന്നുപോവുകയോ ആണ്‌ ചെയ്യുന്നത്‌. പോലീസ്‌, കേസ്‌, സാക്ഷി തുടങ്ങിയ 'പൊല്ലാപ്പു'കളില്‍ ചെന്നുപെടാതിരിക്കാനായി ഇങ്ങനെ ചെയ്യുന്നതായിരിക്കാം. അങ്ങനെ നമ്മുടെ റോഡുകള്‍ നമ്മുടെ തന്നെ കുരുതിക്കളങ്ങളായി മാറുകയാണ്‌. വീതികുറഞ്ഞ പാതകളും കാഴ്ചമറയ്ക്കുന്ന വളവുതിരിവുകളും ഉള്‍നാടന്‍ റോഡുകളില്‍ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നതിലൊന്നാണ്‌.

വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍/അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം ചെയ്യണം:
I.
1. സ്വകാര്യ ബസ്സുകളുടെ അമിതവേഗവും മല്‍സര ഓട്ടവും നിയന്ത്രിക്കുക. തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ ബസ്സ്‌ അനുവദിക്കുക. ബസ്സ്‌ യാത്രാ സമയപട്ടിക കര്‍ശനമായി പാലിക്കുക.

2. മണല്‍/മണ്ണ്‌ കടത്തുന്ന ടിപ്പര്‍ ലോറികളെ കര്‍ശനമായി നിയന്ത്രിക്കുക. അനിയന്ത്രിതമായുള്ള മണ്ണ്‍/മണല്‍ ഖനനം തടയുക. വീഴ്ചവരുത്തുന്നവരുടെ ലൈസന്‍സ്‌ റദ്ദാക്കി വണ്ടി കണ്ട്‌കെട്ടുക.

3. മദ്യപിച്ചും, അശ്രദ്ധയോടും, അമിതവേഗത്തിലും വണ്ടിയോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക.

4. അപകടത്തിന്‌ കാരണമായ വണ്ടിയുടെ ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കുകയും കനത്ത ശിക്ഷ/പിഴ ചുമത്തുകയും ചെയ്യുക. അപകടകാരണമായ ബസ്സിന്റെ റൂട്ട്‌ ലൈസന്‍സ്‌ റദ്ദാക്കുക, പുതിയവ നല്‍കാതിരിക്കുക.

5. ഇരുചക്രവാഹനമോടിക്കുന്നവരെ ഹെല്‍മറ്റ്‌ ധരിക്കാന്‍ പ്രേരിപ്പിക്കുക/ബോധവല്‍ക്കരണം നടത്തുക.

6. വാഹനങ്ങളുടെ ഫിറ്റ്‌നസ്സ്‌ സര്‍ട്ടിഫിക്കറ്റ്‌ പുതുക്കുമ്പോള്‍ വാഹന പരിശോധന കര്‍ശനമായി നടത്തിമാത്രം അനുവദിക്കുക. വളരെ പഴക്കം ചെന്ന വാഹനങ്ങള്‍ പ്രത്യേകിച്ചും വായു/ശബ്ദ മലിനീകരണമുണ്ടാക്കുന്നത്‌ പ്രധാന നിരത്തുകളില്‍ ഓടുന്നത്‌ നിയന്ത്രിക്കുക.



II. റോഡുകളുടെ ശോച്യാവസ്ഥയും ഒരു പരിധിവരെ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നു. അതിനാല്‍‍:

7. ഭാവിയിലെ വാഹനപ്പെരുപ്പവും കൂടി കണക്കിലെടുത്ത്‌ റോഡ്‌ നിര്‍മ്മാണം, വീതികൂട്ടല്‍, പാലം പുതുക്കിപണിയല്‍, മേല്‍പ്പാലങ്ങള്‍, മികച്ച ട്രാഫിക്ക്‌ സംവിധാനങ്ങള്‍ എന്നിവ അതിവേഗം നടപ്പിലാക്കേണ്ടതുണ്ട്‌.

8. ട്രാഫിക്ക്‌ നിയമം അനുസരിക്കാന്‍ ബോധവല്‍ക്കരണം ഊര്‍ജ്ജിതമാക്കുക.

9. തിരക്കുള്ള സമയങ്ങളില്‍ ഹൃസ്വദൂര പാസഞ്ചര്‍ തീവണ്ടി സര്‍വീസുകള്‍ മെച്ചപ്പെടുത്തുക.

10. കായലോര സ്ഥലങ്ങളെ ബന്ധിപ്പിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട ബോട്ട്‌ സര്‍വീസുകള്‍ തുടങ്ങുക.

നാം വിചാരിച്ചാല്‍ അശ്രദ്ധമൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറച്ചൊക്കെ കുറയ്ക്കാന്‍ സാധിക്കും.

***

വണ്ടിയോടിക്കുമ്പോള്‍ ഇതുകൂടി ഓര്‍ക്കുക:


LIFE IS SHORT, DON'T MAKE IT SHORTER.

DON'T MIX DRINK AND DRIVE.

AVOID DRINK, AVERT ACCIDENT.

OBEY TRAFFIC RULES.

DON'T USE MOBILE PHONE WHILE DRIVING.

SPEED THRILLS, BUT KILLS.


BE GENTLE ON CURVES.

BETTER LATE THAN NEVER.

SOMEONE DEAR TO YOU IS WAITING FOR YOU AT HOME.

****

നിങ്ങള്‍ക്കറിയാമോ?

1. തിരുവനന്തപുരം നഗരത്തില്‍ മദ്യപിച്ച്‌ വാഹനമോടിച്ചതിന്‌ 2007-ല്‍ ചാര്‍ജ്‌ ചെയ്യപ്പെട്ട കേസുകള്‍ - 5207.

2. തിരുവനന്തപുരം നഗരത്തില്‍ 2007-ല്‍ വാഹനാപകടത്തില്‍ മരണമടഞ്ഞവര്‍ - 148, പരുക്ക്‌ പറ്റിയവര്‍ - 2406 പേര്‍.

3. തിരുവനന്തപുരം നഗരത്തില്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്തതിന്‌ ചാര്‍ജ്‌ ചെയ്യപ്പെട്ട കേസുകള്‍ - 27370.

ഇതുപോലെ കേരളത്തിലെ മറ്റു നഗരങ്ങളിലേയും ജില്ലകളിലേയും കണക്കെടുക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും ലഭിക്കുക.
(കേരളത്തില്‍ 2004-ല്‍ നടന്ന റോഡപകടങ്ങള്‍ - 41,306. മരണങ്ങള്‍ - 3066. പരുക്ക്‌ പറ്റിയവര്‍ - 51,352)

(കേരളത്തില്‍ ഒരു വര്‍ഷം വാഹനാപകടങ്ങള്‍ കൊണ്ട്‌ സംഭവിക്കുന്ന സാമൂഹിക ചിലവ്‌/നഷ്ടം - 6600 കോടി രൂപയാണത്രേ. ഇന്ത്യയിലാകമാനം ഒരു വര്‍ഷം ഇത്‌ 55000 കോടി രൂപയിലധികം വരുമത്രെ)

4. ഇന്ത്യയില്‍ 2006-ല്‍ സംഭവിച്ച റോഡപകടങ്ങള്‍ - 3,94,432.
(2005-നേക്കാള്‍ 1% കൂടുതല്‍).

ഈ അപകടങ്ങള്‍ കൂടുതല്‍ നടന്ന സംസ്ഥാനങ്ങള്‍:
1) തമിഴ്‌നാട്‌ - 55,145 (14%)
2) മഹാരാഷ്ട്ര - 48,887 (12.4%)
3) കര്‍ണാടക - 43,280.
4) കേരളം - 41,728.
5) ആന്ധ്ര പ്രദേശ്‌ - 41,323.
6) ഡെല്‍ഹി - 9,699.

(വലിപ്പം കൊണ്ട്‌ ഇത്രയും ചെറിയ സംസ്ഥാനമായ കേരളം റോഡ് അപകടങ്ങള്‍ക്ക്‌ പിന്നിലല്ലെന്ന് മനസ്സിലായല്ലോ !!!!)

5. 2006-ല്‍ ഇന്ത്യയില്‍ റോഡപകടങ്ങള്‍ മൂലം മരണപ്പെട്ടവര്‍ - 1,05,725 ‍.
(2005-ല്‍ മരണമടഞ്ഞവര്‍ - 98,254 )

സംസ്ഥാനങ്ങളിലെ 2006-ലെ റോഡപകട മരണക്കണക്ക്‌:
1) ആന്ധ്ര പ്രദേശ്‌ - 12,661 ‍.
2) മഹാരാഷ്ട്ര - 11,934 .
3) ഉത്തര്‍ പ്രദേശ്‌ - 11,520 .
4) തമിഴ്‌നാട്‌ - 11,009 .

6. ലോകത്തുള്ള മൊത്തം വാഹനങ്ങളുടെ 1 ശതമാനം മാത്രമേ ഇന്ത്യയിലുള്ളുവെങ്കിലും, ലോകത്തില്‍ സംഭവിക്കുന്ന വാഹനാപകടങ്ങളില്‍ 6 ശതമാനം ഇന്ത്യയിലാണ്‌ സംഭവിക്കുന്നത്‌.

7. ഓരോ 6 മിനിറ്റിലും വാഹനാപകടങ്ങളില്‍ ഒരാള്‍ മരണപ്പെടുമ്പോള്‍ 10 പേര്‍ക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുന്നു.

(സ്ഥിതിവിവരങ്ങള്‍ കട്‌:- 1,2,3 (ദി ഹിന്ദു, 21 ജനു:2008), 4,5,: (NCRB & ഇക്കണോമിക്ക്‌ ടൈംസ്‌ 18,ഫെബ്‌,2008), 6, 7 (ബി.ബി.സി))

***

(കേരളത്തില്‍ ടിപ്പര്‍ ലോറികളുടേയും സ്വകാര്യ ബസ്സുകളുടേയും അമിതപ്പാച്ചില്‍ കാരണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങളെക്കുറിച്ച്‌ ഒരു പോസ്റ്റ്‌ നേരത്തെ ഇവിടെ ഇട്ടിരുന്നു. അതില്‍ ചിലരുടെ കമന്റുകള്‍ക്ക്‌ മറുപടിയായി എന്റെ ചില നിര്‍ദ്ദേശങ്ങള്‍/അഭിപ്രായങ്ങള്‍ ചേര്‍ത്തിരുന്നു. അതു പക്ഷേ മറുമൊഴിയില്‍ വന്നുകണ്ടില്ല. ദിനംപ്രതി അപകടങ്ങളാല്‍ പൊതുനിരത്തില്‍ നിരവധി ജീവന്‍ പിടഞ്ഞു വീഴുമ്പോള്‍, പലരും വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ്‌ പതിവ്‌, ചില ചില്ലറ പ്രതിഷേധങ്ങളോഴിച്ചാല്‍. കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയായി, വാഹനാപകടം വര്‍ദ്ധിക്കുന്നതെന്തുകൊണ്ട്‌, ഇത്‌ കുറയ്ക്കാന്‍ നമുക്കെന്ത്‌ ചെയ്യാം എന്നിവയാണ്‌ മുകളില്‍ പറഞ്ഞിരിക്കുന്നത്‌. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്‌ സ്വാഗതം.)

കൃഷ്.