Saturday, January 26, 2008

റിപ്പബ്ലിക്ക് ദിന രുചികള്‍.

റിപ്പബ്ലിക്ക് ദിന രുചികള്‍.

ഭാരതത്തിന് 1947 ആഗസ്റ്റില്‍ സ്വാതന്ത്ര്യം കിട്ടി പിന്നേയും രണ്ടര വര്‍ഷം കഴിഞ്ഞ് 1950 ജനുവരി 26നാണ് ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വരുകയും ഇന്ത്യ ഒരു പൂര്‍ണ്ണ ജനാധിപത്യരാഷ്ട്രമാവുകയും ചെയ്തത്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലഭ്ധിക്കായി പോരാടിയ നിരവധി നിസ്വാര്‍ത്ഥരായ സ്വാതന്ത്ര്യഭടന്മാര്‍ക്ക് നാം കടപ്പെട്ടിരിക്കുന്നു. അവരുടെയൊക്കെ ജീവത്യാഗം കൊണ്ട്ട് കൂടിയാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ രാജ്യത്തിലെ സ്വാതന്ത്ര്യം.

ഇന്ന് ജനുവരി 26. 58 വര്‍ഷങ്ങള്‍ പിന്നിട്ട് അമ്പത്തിയൊമ്പതാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ് രാജ്യമെങ്ങും. അങ്ങിനെ ഒരു റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോകുന്നു.

പലരും പല വിധത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ത്രിവര്‍ണ്ണങ്ങള്‍ കൊണ്ടുള്ള ചില റിപ്പബ്ലിക്ക് ദിന പ്രത്യേക വിഭവങ്ങള്‍:


റിപ്പബ്ലിക്ക് ദിന കേക്ക് - നുണയാം നമുക്കീസ്വാതന്ത്ര്യത്തിന്‍ രുചിയെക്കാലവും.

ത്രിവര്‍ണ്ണനിറത്തില്‍ വേറൊരു വിഭവം.


മുത്തിക്കുടിക്കാം റിപ്പബ്ലിക്ക് ദിന ചിന്തകള്‍.


ബൂലോഗത്തും ഭൂലോകത്തുമുള്ള എല്ലാ ഭാരതീയര്‍ക്കും ഒരു നല്ല റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേരുന്നു. ജയ് ഹിന്ദ്!

Wednesday, January 16, 2008

ജീവനെടുക്കുന്ന ടിപ്പര്‍ ലോറികളും സ്വകാര്യബസ്സുകളും.

ജീവനെടുക്കുന്ന ടിപ്പര്‍ ലോറികളും സ്വകാര്യബസ്സുകളും.

കേരളത്തില്‍ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതില്‍ വലിയൊരു ഭാഗവും ചീറിപ്പാഞ്ഞുപോകുന്ന ടിപ്പര്‍ ലോറികളും മത്സരയോട്ടം നടത്തുന്ന സ്വകാര്യബസ്സുകളും‍ മൂലമാണ്. ഇവയുടെ അമിതവേഗത്തിലുള്ള പാച്ചില്‍ കാരണം കൂടുതലും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് അപകടത്തില്‍ പെടുന്നത്. വാഹനാപകടം മൂലം മരണമടയുന്ന വഴിയാത്രക്കാരും കുറവല്ല. ഇന്നലെ കേരളത്തില്‍ നടന്ന രണ്ട് വാഹനാപകടങ്ങളില്‍ ഏഴു പേരുടെ ജീവനാണ് പൊലിഞ്ഞത്.

ഇതില്‍ പാലക്കാട്‌ ജില്ലയിലെ ചിറ്റിലഞ്ചേരിയില്‍ വെച്ച്‌ സ്കൂളിലേക്ക്‌ നടന്നുപോകുകയായിരുന്ന കുട്ടികളുടെ മേല്‍ക്ക്‌ സ്വകാര്യ ബസ്സ്‌ ചെന്നിടിക്കുകയായിരുന്നു. എതിരെനിന്നും അമിതവേഗത്തില്‍ വന്ന ടിപ്പര്‍ ലോറിക്ക്‌ സൈഡ്‌ കൊടുക്കുന്നതിനിടയില്‍ നല്ല വേഗത്തില്‍ വന്ന മംഗലം ഡാം-പാലക്കാട്‌ റൂട്ടില്‍ ഓടുന്ന 'ഷബ്ന' എന്ന സ്വകാര്യബസ്സ്‌ 6 സ്കൂള്‍ കുട്ടികളെയാണ്‌ ഇടിച്ച്‌ തെറിപ്പിച്ചത്‌. ഇതില്‍ സഹോദരിമാരായ റോസ്ന, റിന്‍സാന എന്നിവര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്‍പേ ജീവന്‍ വെടിഞ്ഞു. ഇതേ ബസ്സിടിച്ച ശ്രീലക്ഷ്മി, അവളുടെ സഹോദരന്‍ അര്‍ജുന്‍ദേവ്‌, സുഹൈല, റാഷിദ എന്നിവരാണ്‌ ഗുരുതരമായി പരുക്കേറ്റ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മറ്റു കുട്ടികള്‍. കുട്ടികളെ ഇടിച്ചുവീഴ്ത്തിയശേഷം റോഡരികിലെ ഇരുമ്പ്‌ വൈദ്യുതക്കാലും തകര്‍ത്ത ബസ്സിലെ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ രോഷാകുലരായ നാട്ടുകാരും വിദ്യാര്‍ത്ഥികളും ബസ്സില്‍ ഗ്ലാസ്സുകള്‍ ചില്ലെറിഞ്ഞു തകര്‍ക്കുകയും സീറ്റുകള്‍ വെളിയിലിട്ട്‌ കത്തിക്കുകയും ചെയ്തു.ഇതുപോലെ ചെറുതും വലുതുമായ അപകടങ്ങള്‍ ദിവസേന പാലക്കാട്‌ ജില്ലയില്‍ സംഭവിക്കുന്നുണ്ട്‌. ഇതിനെല്ലാം മുഖ്യകാരണം ടിപ്പര്‍ ലോറികളുടെ അമിതപ്പാച്ചിലും ബസ്സുകളുടെ മല്‍സരയോട്ടവുമാണ്‌. ഇതിനെല്ലാം പുറമെയാണ് അതിരാവിലേതൊട്ട് തെക്കന്‍ കേരളത്തിലേക്ക് മരണപ്പാച്ചില്‍ ഓട്ടം നടത്തുന്ന കള്ള് (തെങ്ങും കള്ള്/ പനങ്കള്ള്‌) വണ്ടികള്‍. പാലക്കാട്‌ ജില്ലയില്‍ നിന്നും ഒരു ദിവസം കടത്തിക്കൊണ്ട്‌ പോകുന്ന മണ്ണിനും മണലിനും ഒരു കണക്കുമില്ല. നാട്ടുകാരുടെ പ്രതിഷേധത്തിന്‌ പുല്ലുവിലക്കെടുത്താണ്‌ ഈ മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനം.

ആ സ്കൂളില്‍ പഠിച്ച ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലക്കും ആ നാട്ടുകാരനെന്ന നിലക്കും ഈദുരന്തത്തില്‍ അകാലത്തില്‍ ജീവന്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക്‌ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. പരുക്കേറ്റ കുട്ടികള്‍ വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്നും.
---

പാലക്കാട്‌ - ആലത്തൂര്‍ - വടക്കുംചേരി - തൃശ്ശൂര്‍ റൂട്ട്‌, ഗോവിന്ദാപുരം - നെമ്മാറ - വടക്കുംചേരി - തൃശ്ശൂര്‍ റൂട്ട്‌, കൊല്ലങ്കോട്‌ - പാലക്കാട്‌ റൂട്ട്‌ എന്നിവയാണ്‌ തിരക്കേറിയതും അപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നതുമായ പാതകള്‍. ഇതില്‍ പാലക്കാട്‌ - തൃശ്ശൂര്‍ റൂട്ടില്‍ നാഷണല്‍ ഹൈവേയിലാണ്‌ അപകടം കൂടുതലും നടക്കുന്നതെങ്കില്‍ ഗോവിന്ദാപുരം - വടക്കുംചേരി റൂട്ടില്‍ നിരന്തരം പായുന്ന മണ്ണ്/മണല്‍ ടിപ്പര്‍ ലോറികളുടെ സംഹാര താണ്ഠവമാണ്‌ നടക്കുന്നത്‌. ഇതിനൊപ്പം മല്‍സരിച്ചുകൊണ്ടാണ്‌ സ്വകാര്യബസ്സുകളുടെ കുതിക്കല്‍. നെഞ്ചിടിപ്പോടെയാണ്‌ ജനങ്ങള്‍ ഈ റൂട്ടുകളില്‍ ബസ്സില്‍ യാത്ര ചെയ്യുന്നത്‌. എത്ര അപകടങ്ങള്‍ കണ്‍മുന്നില്‍ കണ്ടിരിക്കുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ്‌ പലരും വലിയ കേടുപാടുകളൊന്നും കൂടാതെ ഇപ്പോഴും ജീവനോടെയിരിക്കുന്നത്‌.

പാലക്കാട്‌ ജില്ലയില്‍ മണ്ണ്/മണല്‍ മാഫിയകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ഇന്നത്തെ മാത്രുഭൂമിയില്‍ വന്ന ഈ വാര്‍ത്ത ഇതിനെകുറിച്ച് കുറച്ചെങ്കിലും വെളിച്ചം വീശും:


ടിപ്പര്‍ലോറികള്‍ ചീറിപ്പായുന്നു; പാലക്കാടിന്റെ മണ്ണും ജീവനുമെടുത്ത്‌.
പാലക്കാട്ടെ മണ്ണും മണലും കടത്തിക്കൊണ്ടുപോകാന്‍ തെക്കന്‍ജില്ലകളില്‍ നിന്നുവരുന്ന ടിപ്പര്‍ലോറികള്‍ നിരവധിപേരുടെ ജീവനും അപഹരിച്ചു കഴിഞ്ഞു.
ചിറ്റില്ലഞ്ചേരി കൂട്ടാലയില്‍ രണ്ടുവിദ്യാര്‍ഥിനികളുടെ ജീവനെടുത്ത ബസ്സപകടത്തിന്‌ വഴിതെളിച്ചതും ടിപ്പര്‍ലോറിതന്നെ. തൃശ്ശൂര്‍ ജില്ലയില്‍ മണ്ണെടുപ്പും മണലെടുപ്പും കര്‍ശനമായി നിയന്ത്രിക്കപ്പെട്ടതോടെ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളും
പൊള്ളാച്ചിയും മണ്ണുമാഫിയയുടെ വാഗ്ദത്തഭൂമിയായി. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വല്ലാര്‍പാടത്ത്‌ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിര്‍മ്മാണവും സക്രിയമായതോടെ മണ്ണ്‌, മണല്‍, ചെങ്കല്ല്‌ എന്നിവയുടെ
ആവശ്യങ്ങള്‍ നിറവേറ്റേണ്ട ബാധ്യത ഈ പ്രദേശങ്ങള്‍ക്കായി. മംഗലം-ഗോവിന്ദാപുരം പാതയില്‍ ദിവസേന 500 മുതല്‍ 800 വരെ മണല്‍ലോറികളാണ്‌ മരണപ്പാച്ചില്‍ നടത്തുന്നത്‌. ചിറ്റൂര്‍ താലൂക്കില്‍നിന്നും തമിഴ്‌നാട്‌ അതിര്‍ത്തിയില്‍നിന്നും എറണാകുളത്തും ആലപ്പുഴയിലും മണലിറക്കിവരാന്‍ ഒരുവണ്ടിക്ക്‌ ഒരുദിവസം വേണ്ടിവരും. എന്നാല്‍ മരണപ്പാച്ചില്‍നടത്തി രണ്ടുചാല്‍ ഓടുന്ന നിരവധി വണ്ടികളുണ്ട്‌. മണല്‍വണ്ടികളുടെയും
കള്ളുവണ്ടികളുടെയും ഓട്ടംമൂലം മംഗലം-ഗോവിന്ദാപുരം പാത തകര്‍ന്ന്‌ തരിപ്പണമായി. അടുത്തകാലത്ത്‌ റോഡ്‌ നന്നാക്കിയതോടെ അമിതവേഗംമൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ചു.
നെന്മാറയ്ക്കും മുടപ്പല്ലൂരിനുമിടയില്‍ ഈ പാതയില്‍ നിരവധി വളവുകളുണ്ട്‌. പലയിടത്തും രണ്ടുവരി ഗതാഗതത്തിനുള്ള സൗകര്യമില്ല. മണല്‍, കള്ള്‌ വണ്ടികളുടെ ഓട്ടത്തിനിടെ
സ്വകാര്യ ബസ്സുകളും മത്സരിച്ചോടുന്നു. വടക്കഞ്ചേരിവരെ സമയക്ലിപ്തതയില്ലാതെയാണ്‌ സ്വകാര്യബസ്സുകള്‍ ഓടുന്നത്‌. മംഗലം-ഗോവിന്ദാപുരം പാതയില്‍ നിരവധി സ്കൂളുകളാണുള്ളത്‌. മിക്കവയും വഴിയോരത്തുതന്നെ. സാധാരണക്കാരായ ആള്‍ക്കാരുടെ
കുട്ടികള്‍ കാല്‍നടയായും സൈക്കിളിലുമാണ്‌ സ്കൂളില്‍ പോകുക. കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ഗൗനിക്കാതെയുള്ള ടിപ്പറുകളുടെ താണ്ഡവം പലപ്പോഴും നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. എന്നാല്‍ വന്‍കിടക്കാരും രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ പിന്‍ബലമുള്ളവരുമായ നിര്‍മ്മാണ ലോബിക്ക്‌ ഇതൊന്നും
പ്രശ്നമായിട്ടില്ല. ടിപ്പറുകള്‍ കോണ്‍വോയി ആയി കടന്നുപോകുന്ന കാഴ്ച മംഗലം-ഗോവിന്ദാപുരം പാതയിലെ പതിവാണ്‌. ഗതാഗതനിയമങ്ങളും ഇവര്‍ക്ക്‌ പുല്ലാണ്‌. മണല്‍ലോറി ഉള്‍പ്പെടുന്ന ഒരു വാഹനാപകടമെങ്കിലും ഇവിടെ പതിവാണ്‌. ടിപ്പറുകളെക്കണ്ട്‌
കാല്‍നടയാത്രക്കാരും ചെറുവാഹനങ്ങളും ഒതുങ്ങിപ്പോകുന്നതുകൊണ്ടാണ്‌ പല അപകടങ്ങളും ഒഴിവാകുന്നത്‌. പരിസ്ഥിതിപ്രശ്നങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല ജനങ്ങളുടെ
സ്വൈരജീവിതത്തിന്‌ ഭീഷണി ഉയര്‍ത്തുകയുമാണ്‌ മണ്ണുമാഫിയയും ടിപ്പര്‍ ലോറികളും. (വാര്‍ത്താ ലിങ്ക്)

--

ഇപ്പോള്‍ ഒരു അത്യാഹിതം നടന്നതുകൊണ്ട്‌ നാട്ടുകാരുടെ രോഷം തല്‍ക്കാലത്തേക്കെങ്കിലും ശമിപ്പിക്കാനായിരിക്കും ഇങ്ങനെ ഒരു നടപടി. മാതൃഭൂമിയിലെ വാര്‍ത്ത ചുവടെ:

ചിറ്റില്ലഞ്ചേരി മേഖലയില്‍ സ്കൂള്‍സമയത്ത്‌ മണല്‍വണ്ടികള്‍ക്ക്‌
നിരോധനം
.

വാഹനങ്ങളുടെ മരണപ്പാച്ചില്‍ ഭീഷണിയുയര്‍ത്തുന്ന ചിറ്റില്ലഞ്ചേരി മേഖലയില്‍ ഇതിനെതിരെ കര്‍ശനനടപടിയെടുക്കാന്‍ എസ്‌.പി. വിജയ്‌സാഖറെ പോലീസിന്‌ നിര്‍ദേശം നല്‍കി. രാവിലെ എട്ടുമുതല്‍ 11 വരെയും വൈകീട്ട്‌ മൂന്നു മുതല്‍ അഞ്ചുവരെയും മണല്‍ലോറികള്‍ ഈ റോഡില്‍ നിരോധിക്കാന്‍ എസ്‌.പി. ഉത്തരവിട്ടു. സ്കൂള്‍സമയത്ത്‌ അമിതവേഗംമൂലമുള്ള അപകടം ഒഴിവാക്കാനാണ്‌ ഇതെന്ന്‌ എസ്‌.പി. പറഞ്ഞു.അമിതവേഗ പരിശോധന കര്‍ശനമാക്കാനും എസ്‌.പി. നിര്‍ദേശിച്ചിട്ടുണ്ട്‌. ഒന്നില്‍ക്കൂടുതല്‍ തവണ അമിത വേഗത്തിന്‌ പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ്‌ റദ്ദാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌. തകര്‍ന്നുകിടന്ന റോഡ്‌ അടുത്തകാലത്ത്‌ നന്നാക്കിയശേഷം ടിപ്പര്‍ലോറികളും സ്വകാര്യ ബസ്സുകളും ചീറിപ്പായുകയാണെന്ന്‌ ജനങ്ങള്‍ എസ്‌.പി.യോട്‌ പരാതിപ്പെട്ടു. മണല്‍ഖനനത്തിന്‌ ലൈസന്‍സുള്ളതിനാല്‍ മണല്‍വാഹനങ്ങള്‍ നിരോധിക്കാന്‍ പോലീസിന്‌ നിയമപരമായി അവകാശമില്ലെന്ന്‌ എസ്‌.പി. പറഞ്ഞു. (വാര്‍ത്താ ലിങ്ക്)


അതിനര്‍ത്ഥം ലൈസന്‍സ്‌ കൊടുത്തു എന്നതുകൊണ്ട്‌ തടയാന്‍ നിയമമില്ലെന്ന്. ഇങ്ങനെ ലൈസന്‍സ്‌ കൊടുത്തത്‌ , ഒരു പ്രദേശത്തെ മണ്ണും മണലും കടത്തി അവിടം ഒരു മരുഭൂമിയാക്കുന്നതിനൊപ്പം അവിടുത്തെ ജനങ്ങളുടെ ജീവനും എടുക്കാനാണോ?
ആര്‌ ഉത്തരം തരും?

നദികള്‍ വറ്റിവരണ്ട്‌ ഇല്ലാതാകുന്നതിന്‌ തുല്യമായി. നെല്‍പ്പാടങ്ങളിലെ മണ്ണ് മാന്തി വയലുകള്‍ ഇല്ലാതാവുന്നു. ഒന്നോ രണ്ടോ നഗരം പുഷ്ടിപ്പെടുത്താന്‍ ഒരു ജില്ലയും അവിടുത്തെ ജനങ്ങളേയും കുരുതി കൊടുക്കണോ?

ഇതിനെന്ന് ഒരു അറുതിവരും?

Saturday, January 12, 2008

സ്വാമി വിവേകാനന്ദ ജയന്തി - ദേശീയ യുവ ദിനം.

സ്വാമി വിവേകാനന്ദന്‍.

മാനവസേവയാണ് മാധവസേവ
(Service to man is service to God) എന്ന് എടുത്ത്പറഞ്ഞ മഹാന്‍. രാമകൃഷ്ണ പരമഹംസയുടെ ശിഷ്യനായ ഇദ്ദേഹമാണ് അമേരിക്കയിലെ ഷിക്കാഗോയില്‍ 1893-ല്‍ ലോകമത പാര്‍ലമെന്റില്‍ പ്രസംഗിച്ച ആദ്യ ഹൈന്ദവസന്യാസി. ഔദ്യോഗിക പ്രസംഗങ്ങളില്‍ 'ലേഡീസ് ആന്റ് ജെന്റില്‍മാന്‍' എന്ന അഭിസംബോധന മാത്രം കേട്ട് ശീലിച്ച പാശ്ചാത്യര്‍ക്ക്, പ്രത്യേകിച്ച് അമേരിക്കക്കാരെ, 'അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ' എന്ന് അഭിസംബോധന ചെയ്ത് രണ്ട് മിനിറ്റ് നേരത്തോളം കൈയ്യടിനേടിയ വ്യക്തി. 1863 ജനുവരി 12ന് ജനിച്ച ഈ മഹാന്റെ ‌‌145-മത്തെ ജന്മദിനമാണ് ഇന്ന് (12/1/2008).

(പക്ഷേ മലയാളം കലണ്ടറുകളില്‍ പൌഷകൃഷ്ണ സപ്തമി തിഥി പ്രകാരമാ‍ണ് വിവേകാനന്ദജയന്തി അടയാളപ്പെടുത്തിയിരിക്കുന്നത്. പൂജ, ഭജന്‍ തുടങ്ങിയ കാര്യങ്ങള്‍ തിഥി പ്രകാ‍രം നടത്തിവരാറുണ്ടെങ്കിലും പ്രധാനമായും ജനുവരി 12നുതന്നെയാണ് ‍ രാമകൃഷ്ണ മിഷനും വിവേകാനന്ദ കേന്ദ്രയും അതിനു കീഴിലുള്ള സ്ഥാപനങ്ങളും മറ്റും ജന്മദിനം ആഘോഷിക്കുന്നത്.)

1985 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്വാമി വിവേകാനന്ദന്റെ സംഭാവനകളെ ആദരിച്ചുകൊണ്ട് എല്ലാ വര്‍ഷവും ജനുവരി 12ന് വിവേകാനന്ദജയന്തി ദിവസം ‘ദേശീയ യുവ ദിന’മായി ആഘോഷിച്ചുവരുന്നു. വിവേകാന്ദന്ദന്റെ ആശയങ്ങലെ മുന്‍‌നിര്‍ത്തി ദേശീയോദ്‌ഗ്രദനത്തിനും രാജ്യത്തിന്റെ പുനര്‍‌നിര്‍മ്മാണത്തിനുമായാണ് ഈ ദിവസം ‘ദേശീയ യുവ ദിന’മായി ആചരിക്കുന്നത്. (മദ്ധ്യപ്രദേശില്‍ ദേശീയ യുവ ദിനത്തിന്റെ ഭാഗമായി ഇന്ന് ഒരു കോടിയോളം ജനങ്ങള്‍ സാമൂഹിക സൂര്യനമസ്കാരം നടത്തുന്നു).


രാമകൃഷ്ണമഠം, രാമകൃഷ്ണമിഷന്‍ എന്നിവ ഇദ്ദേഹം തുടങ്ങിവെച്ചതാണ്‌. പൌരസ്ത്യ വിചാരധാര പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്തിയ വ്യക്തി. 1892-ല്‍ കന്യാകുമാരിയില്‍ കടല്‍ നീന്തിക്കടന്ന് കടലിലെ പാറമുകളില്‍ മൂന്ന് ദിവസം സ്വരാജ്യത്തിന്റെ ഇന്നലെക്കും ഇന്നെയ്ക്കും നാളെക്കും വേണ്ടി ധ്യാനം നടത്തിയ മഹാന്‍. (ഈ പാറയാണ് പില്‍ക്കാലത്ത് വിവേകാനന്ദപ്പാറയായി അറിയപ്പെട്ടത്)

ഈ മഹാന്‍ തന്നെയാണ് പണ്ട് കേരളം ഒരു ഭ്രാന്താലയ’മെന്ന് വിശേഷിപ്പിച്ചത്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നുവെങ്കില്‍, ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന കേരളനാട്ടില്‍ ഇന്നത്തെക്കാലത്ത് അദ്ദേഹം വന്നിരുന്നുവെങ്കില്‍ നിലവിലുള്ള അവസ്ഥ കണ്ട് എന്താകും വിശേഷിപ്പിക്കുക. !!!


തന്റെ ചുരുങ്ങിയ ജീവിതകാലത്തിനുള്ളില്‍ ഭാരതത്തിനും ലോകത്തിനും തനിക്ക് ആവുന്നത്ര സംഭാവന നല്‍കിയ സ്വാമി വിവേകാനന്ദനെ അദ്ദേഹത്തിന്റെ ജന്മദിനത്തിലെങ്കിലും ഓര്‍ക്കുക. ഈ മഹാന്റെ ആശയങ്ങള്‍ ഇന്നത്തെ യുവതലമുറ ഏറെ അറിയേണ്ടതുണ്ട്. നമ്മുടെ നാടിന്റെ യുവത്വം ഒരു മുതല്‍ക്കൂട്ടാണ്. അത് വൃധാ പാഴാവാതെ മാനവതക്ക് ഉപകാരപ്രദമാകുന്നവിധത്തില്‍ പ്രയോജനപ്പെടട്ടെ.

കൂ‍ടുതലറിയാന്‍: ഇവിടെയും, ഇവിടെയും.

Wednesday, January 09, 2008

ഒരു ലക്ഷം കൊടുത്താല്‍ കൂടെ പോരും.

ഒരു ലക്ഷം കൊടുത്താല്‍ കൂടെ പോരും.

അതെ, വെറും ഒരു ലക്ഷം രൂപ കൊടുത്താല്‍ കൂടെ പോരാന്‍ അണിഞ്ഞൊരുങ്ങി തയ്യാറായി നില്‍ക്കുകയാണ്‌, ഉപ്പ്‌ തൊട്ട്‌ ട്രക്കുകളും ഉരുക്കും വരെ ഉണ്ടാക്കി വില്‍ക്കുന്ന, ടാറ്റാ കമ്പനിയുടെ പുതുപുത്തന്‍ കാര്‍.
(ടാറ്റ കാറിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്)

ഏഷ്യയിലെ രണ്ടാമതെ വലിയ ആട്ടോ എക്സ്‌പോ നാളെ (10.1.08) ഡെല്‍ഹിയില്‍ തുടങ്ങുകയാണ്‌. ഇന്ത്യന്‍ വാഹനനിര്‍മ്മാണ കമ്പനികളുടേതടക്കം നിരവധി പുത്തന്‍ വിദേശ കാറുകള്‍ ഇന്ത്യന്‍ റോഡുകളിറങ്ങാന്‍ മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിയിരിക്കയാണ്‌. മാരുതിയുടെ എ-സ്റ്റാര്‍, ഫിയറ്റിന്റെ പുണ്ടോ, വോല്‍ക്ക്സ്‌വാഗന്‍ ടൂറെജ്‌ തുടങ്ങി, 17 ലക്ഷത്തോളം വിലവരുന്ന ഷെവര്‍ലോയുടെ കാപ്റ്റിവ, 50 ലക്ഷത്തോളം വിലവരുന്ന സ്കൊഡയുടെ വോള്‍വോ എക്സ്‌.സി.90 എന്നീ നിരവധി പുതിയ വാഹനങ്ങള്‍ നാളെത്തൊട്ട്‌ പ്രദര്‍ശിപ്പിക്കും.

പക്ഷേ, ഇതിലെല്ലാമുപരി ഇന്ത്യയിലെ സാധാരണ മദ്ധ്യവര്‍ഗ്ഗക്കാര്‍ കാത്തിരിക്കുന്നത്‌ ടാറ്റായുടെ ഒരു ലക്ഷം രൂപക്ക്‌ (എക്സ്‌-ഫാക്ടറി വില. എക്സൈസ്‌, ഒക്ട്രൊയി, ഇന്‍ഷൂറന്‍സ്‌ എന്നിവ വേറെ കൊടുക്കണം, ടാറ്റയാരാ മോന്‍!) ലഭിക്കുമെന്ന് പറയുന്ന പുതിയ കുഞ്ഞിക്കാറാണ്‌. അതുകൊണ്ട്‌ വാറണ്ടിയോ വില്‍പ്പനാന്തര സേവനമോ ഇതിനു പുറമെയാകും. (മൈക്രൊസോഫ്റ്റോ അഡോബിയോ കോപ്പിറൈറ്റ്‌ കാര്യത്തില്‍ കര്‍ക്കശമായാല്‍, ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കുന്നതിനേക്കാള്‍ കാശ്‌ അതിനെ പ്രവൃത്തിപ്പിക്കാനും ഉപയോഗിക്കാനും വേണ്ട പോപ്പുലറായ സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ കൊടുക്കേണ്ടിവരുന്ന കാലമാ ഇത്‌ !). ഇതുവരെയും ഈ കാറിനെക്കുറിച്ചുള്ള പൂര്‍ണ്ണവും യഥാര്‍ത്ഥവുമായ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കയാണ്‌. അതീവ സുരക്ഷയില്‍ ഒരു കണ്ടെയനറില്‍ 5 കാറുകള്‍ പ്രദര്‍ശനത്തിനായി ഡെല്‍ഹിയില്‍ എത്തിച്ചത്രേ. ഈ കാറിനെക്കുറിച്ച്‌ സ്ഥിരീകരിക്കാത്ത ചില വിവരങ്ങള്‍ ഇങ്ങനെയാണ്‌ (പെട്രോള്‍‍ ടാങ്കില്‍ നിന്നും ചോര്‍ത്തിയത്):
മൈലേജ്‌ : 25 KMPL
പരമാവധി വേഗത : 70 KMPH
ഇന്ധനം : പെട്രോള്‍.
ചക്രങ്ങള്‍ : 4 എണ്ണം (അപ്പോ ആട്ടൊറിക്ഷയല്ലാ, പക്ഷേ സ്റ്റെപ്പിനി/എക്സ്റ്റ്രാ ചക്രം ഉണ്ടാവുകയില്ല)
ഇരിക്കാനുള്ള സീറ്റ്‌ : 4 പേര്‍ക്ക്‌ (ഓടിക്കുന്നയാളടക്കം)
എഞ്ചിന്‍ : 600 cc
(കാര്‍ട്ടൂണിസ്റ്റ്‌ സജീവിനെപ്പോലെയുള്ള നാലുപേര്‍ ഇരുന്നാല്‍ താമരശ്ശേരി ചുരം ദാന്ന് കേറാം!!. ഹെന്ത്‌, ഇതില്‍ പച്ചാളം മോഡലേ പറ്റൂന്നോ..)

എക്സ്ട്രാ ഫിറ്റിംഗ്സ്‌ : വേണമെങ്കില്‍ വേറെ വാങ്ങിച്ചു പിടിപ്പിച്ചോണം.(ഇതില്‍ ഡോറും ഉള്‍പ്പെടുമോ?)
ആകാരം : മാരുതി 800 നോളൊപ്പം ഉണ്ടാകുമെന്നും ഇല്ലെന്നും പറയുന്നു. പാര്‍ക്ക്‌ ചെയ്യാന്‍ കുറച്ച്‌ സ്ഥലം മതി.
ഭാരം: മാരുതി 800 നേക്കാളും കുറവാ. (പൊക്കി എടുത്തോണ്ടു പോകാം!!)
പേര്‌ : ഔദ്യോഗികമായി ഇതുവരെ ഇട്ടിട്ടില്ല.
(ഇന്‍ഡിവണ്‍, ഇന്‍ഡിവ, ആറ്റം, ജേ, മിറാക്കിള്‍ തുടങ്ങിയ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌). (നാളെ വരെ കാത്തിരിക്കൂ!!!)

പെട്രോളിന്‌ വില അടിക്കടി കൂടിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത്‌ ഒരു ലിറ്ററിന്‌ 25 KM മൈലേജ്‌ കിട്ടുമെന്ന് പറയുന്നത്‌ ഒരു നല്ല കാര്യം തന്നെ. (ഇത്‌ കണ്ടറിയണം). പരമാവധി കൂടിയ സ്പീഡ്‌ 70 KM ആയതുകൊണ്ട്‌ ഇതിനെ നല്ല സ്പീഡില്‍ പറപ്പിക്കാന്‍ പറ്റൂല്ല. വലിപ്പം മാരുതി 800 മോഡല്‍ കാറിനെക്കാളും ചെറുതാണെന്നും അല്ലാ വലുതായിരിക്കുമെന്നും പറയുന്നു. അപ്പോള്‍ എന്തായാലും പുതിയ മോഡല്‍ ഒരു സോപ്പ്‌ പെട്ടി കൂടി നിരത്തില്‍. ഭാരം കുറവായിരിക്കുമത്രേ. 4 ചക്രമുള്ളതുകൊണ്ട്‌ ആട്ടോറിക്ഷപോലെ ആകാന്‍ സാധ്യതയില്ല. പിന്നെ, സ്റ്റെപ്പിനി (മാറ്റചക്രം) ഇല്ലാത്തതുകാരണം യാത്രക്കിടയില്‍ ഒരു ചക്രം പഞ്ചറായാല്‍ സംഗതി കുഴയും. അടുത്തെങ്ങും മെക്കാനിക്ക്‌ ഗാരേജോ, പഞ്ചറൊട്ടിക്കാനുള്ള കടകളോ ഇല്ലെങ്കില്‍ വേറെ വണ്ടിക്ക്‌ കൈകാണിക്കുകയായിരിക്കും ഉത്തമം. (അല്ലെങ്കില്‍ ഭാരം കുറവായതുകൊണ്ട്‌ തള്ളികൊണ്ട്‌ നടക്കാം). രാത്രിയിലെ യാത്രയില്‍ ഇങ്ങനെ സംഭവിച്ചാല്‍ കേമമാകും. അത്യാവശ്യത്തിന്‌ ഇത്തരം വണ്ടിയില്‍ രോഗിയേയും കൊണ്ട്‌ ആശുപത്രിയിലേക്ക്‌ പോകുന്ന വഴി പഞ്ചറാകുന്ന പക്ഷം രോഗിയുടെ കാര്യം ദൈവത്തിന്റെ കൈയ്യില്‍.

ടാറ്റാക്കാര്‍ ഇത്രയൊക്കെ സാധാരണക്കാരനുവേണ്ടി ചെയ്യുന്നതിനിടയില്‍ സ്കൂട്ടറും ആട്ടോറിക്ഷയും ഉണ്ടാക്കുന്ന ബജാജ്‌ കമ്പനിക്കാര്‍ ഒരു പണി പറ്റിച്ചു (ടാറ്റാക്കിട്ടൊരു പണി കൊടുത്തു!).

ബജാജിന്റെ പുതിയ കാര്‍ മുന്‌വശം





ബജാജ് കാര്‍ പിന്‍‌വശം

അവരുടെ വഹ ആദ്യത്തെ കുഞ്ഞുകാര്‍ അവര്‍ രണ്ടുദിവസം മുന്‍പേ വിപണിയില്‍ പ്രദര്‍ശിപ്പിച്ചു. പക്ഷേ ഇവരുടെ കുഞ്ഞുകാറിന്‌ ടാറ്റയുടേതിനേക്കാള്‍ ലേശം വില കൂടും. ഒന്നര ലക്ഷം മുതല്‍ ഒന്നേമുക്കാല്‍ ലക്ഷം വരെ അതിനുണ്ടാകും.


എന്തായാലും ഒരു നേട്ടമുണ്ടാവാന്‍ പോകുന്നത്‌ വിലക്കൂടുതല്‍ കാരണം കാര്‍ വാങ്ങുന്നത്‌ വിദൂര സ്വപ്നമായി കണ്ടിരുന്ന സാധാരണക്കാര്‍ക്ക്‌ എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയോ ലോണെടുത്തോ ഒരു കാര്‍ സ്വന്തമാക്കാമെന്നുള്ളതാണ്‌. (എന്നിട്ട്‌ പറയാമല്ലോ, ഞങ്ങള്‍ക്കും ഒരു കാറുണ്ടെന്ന്. )

വാഹനസാന്ദ്രത ദിനംപ്രതി കൂടിക്കൊണ്ടിരിക്കയും കാര്യമായ റോഡ്‌ വികസനം നടക്കുകയും ചെയ്യാത്ത ഇന്ത്യയില്‍ (പ്രത്യേകിച്ചും കേരളത്തില്‍), ഈ കുഞ്ഞന്‍ സോപ്പ്‌ പെട്ടി കാറുകള്‍ കൂടി നിരത്തിലിറങ്ങുമ്പോള്‍ പാവപ്പെട്ടവന്‌ വഴിനടക്കാന്‍ വേറെ വഴി നോക്കേണ്ടിവരും.
***

വാല്‍ക്കഷണം:

1. വീതികുറഞ്ഞ റോഡും കൂടിയ വാഹനസാന്ദ്രതയും കാരണം അപകടങ്ങള്‍ പെരുകുമെന്നതുകൊണ്ട്‌ ജനസംഖ്യ കുറച്ച്‌ കുറഞ്ഞുകിട്ടാന്‍ സാധ്യത ഉണ്ട്‌. (സന്തോഷിക്കുന്നത്‌ ഇന്‍ഷൂറന്‍സ്‌ വക്കീലന്മാര്‍)

2. വാഹനം വാങ്ങിക്കാന്‍ ലോണ്‌ കൊടുക്കുന്ന ബാങ്കുകള്‍ക്കും സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ശുക്രദശ. കുറച്ചുകഴിഞ്ഞ്‌ ലോണെടുത്ത സംഖ്യ തിരിച്ചടക്കാന്‍ പറ്റാതാവുമ്പോള്‍ റിക്കവറി ഏജന്റന്മാരുടേം സി.സി.ക്കാരുടെ കൊയ്ത്തുകാലം.

****

അപ്പ്‌ഡേറ്റ് (10.1.08 - 1300 hrs)

3 വര്‍ണ്ണങ്ങളില്‍ ടാറ്റയുടെ പുത്തന്‍ കുഞ്ഞന്‍ കാറ് ഡല്‍ഹിയിലെ ആട്ടോ എക്സ്പോയില്‍ കുറച്ച് മുമ്പ് പ്രദര്‍ശിപ്പിച്ചു.
പുതിയ കാറിന്റെ പേര് “ ടാറ്റാ നാനോ”.

നാനോയോടൊപ്പം രത്തന്‍ ടാറ്റ












മൈലേജ് : 20 KMPL
എഞ്ചിന്‍ : 624 സി.സി. , 2 സിലിന്‍ഡറ്, 4 ഗിയര്‍.
എഞ്ചിന്‍ കാറിന്റെ പുറകില്‍ (ആട്ടോറിക്ഷ സ്റ്റൈല്‍‍).
ലഗ്ഗേജ് കാരിയര്‍ : കാറിന്റെ മുന്‍‌വശത്ത്.
ചുവപ്പ്, വെള്ള‍, മഞ്ഞ എന്നീ നിറങ്ങളില്‍ ലഭ്യമാകും.
ഓക്‍ടോബറില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും.
ബേസിക്ക് പെട്രോള്‍ വെര്‍ഷന്‍ ആദ്യം, പിന്നീട് ഡീസല്‍ ഡീലക്സ് വെര്‍ഷനും ഇറക്കും.
ബേസിക്ക് പെട്രോള്‍ മോഡലില്‍ എ.സി. ഉണ്ടായിരിക്കില്ല.
ബേസിക്ക് മോഡല്‍ വില: 1 ലക്ഷം (എക്സ്-ഫാക്ടറി വില)
വാറ്റ്, ഫാക്ടറിയില്‍ നിന്നും വാഹനം എത്തിക്കേണ്ട വില എന്നിവ പുറമെ ചുമത്തും.
ഓണ്‍-റോഡ് വില (ഡല്‍ഹിയില്‍): 1,30,000 (വാറ്റ്,രെജിസ്റ്ട്രേഷന്‍, ഇന്‍ഷൂറന്‍സ്, റോഡ് ടാക്സ്, പാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത്)
ഡെല്‍ഹിക്ക് പുറത്ത് : 1,35,000 (ഏകദേശം)
യൂറോ 4 സ്റ്റാന്‍ഡേഡ്.
ആകാരം: മാരുതി(800)യേക്കാള്‍ 8% ചെറുത്.
ഇരിക്കാന്‍ മാരുതിയേക്കാള്‍ 21%കൂടുതല്‍ സ്ഥലം.
ഇത്രയുമാണ് ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍.

(ഇനി ആട്ടോറിക്ഷക്കാര്‍ ആട്ടോ വിറ്റ് ഈ കാറ് വാങ്ങിക്കുമോ! എന്നാല്‍ ആട്ടോ കാശിന് കാറില്‍ യാത്ര ചെയ്യാം.!!!!‌)

Monday, January 07, 2008

അരീം തിന്ന് ആശാരിച്ചീം കടിച്ചിട്ട്‌ പിന്നേം...

അരീം തിന്ന് ആശാരിച്ചീം കടിച്ചിട്ട്‌ പിന്നേം... പട്ടിക്ക്‌ മുറുമുറുപ്പ്‌.

(പഴയ പുരാണം ഇവിടെയുണ്ട്.)

ദ്‌പ്പോ അതുപോലാ. വീണ്ടും വിവാദം.
ഈ ആസ്സ്‌-ത്രേലിയക്കാര്‍ക്ക്‌ ക്രിക്കറ്റ്‌ കളിക്കണേങ്കില്‍ വിവാദം വേണോന്ന് വെച്ചാല്‍. നുമ്മടെ ടീം അവരുടെ നാട്ടില്‍ കളിക്കാന്‍ ചെന്നപ്പോള്‍ 11 പേരടങ്ങുന്ന ലോക ചാമ്പ്യനോട്‌ ഏറ്റുമുട്ടിയാല്‍ പോരെ എന്നു കരുതിയവര്‍ക്ക്‌ തെറ്റി. ഇന്ത്യക്ക്‌ നേരിടേണ്ടിവന്നത്‌ 11 കളിക്കാരും 3 അമ്പയറന്മാരും ചേര്‍ന്ന ടീമിനെയാ. ആസ്ത്രേലിയന്‍ കളിക്കാര്‍ ഔട്ടായപ്പോള്‍ അമ്പയറന്‍ കണ്ടില്ല, അനങ്ങിയില്ല. അവരങ്ങനെ റണ്ണുകള്‍ വാരിക്കൂട്ടി. ഇന്ത്യക്കാര്‍ ബാറ്റിംഗിനു വന്നപ്പോളോ ബാറ്റില്‍ തട്ടാതെ പിടിച്ച പന്തിനും നിലത്തിട്ട്‌ പിടിച്ച്‌ പന്തിനുമെല്ലാം കൈ പൊക്കി 'ഔട്ട്‌' കാണിച്ചു. സംശയം വന്നപ്പോള്‍ മൂന്നാമന്‍ അമ്പയറനോടല്ല ചോദിച്ചത്‌, നിലത്തിട്ട്‌ പിടിച്ചവനോട്‌,
"നീ പിടിച്ചോടാ?"
"സത്യായിടും ഞാന്‍ പിടിച്ചന്നേ".
എന്നാ ലവന്‍ ഔട്ട്‌.
അങ്ങനെ 14 പേരും കൂടി ഇന്ത്യയെ തോല്‍പ്പിച്ചു.

ഇതിനിടക്ക്‌ നുമ്മടെ തലേക്കെട്ടുകാരന്‍ ബജ്ജി അവരുടെ കറുത്ത ഡയമണ്ട്സിനെ ‘കൊരങ്ങാ' ന്നു വിളിച്ചൂന്നും പറഞ്ഞ്‌ ദേ അടുത്ത പുകില്‌. ഇതാണങ്കില്‍ അമ്പയറോ ആരും തന്നെ കേട്ടിട്ടുമില്ല. ടീവീലും കണ്ടില്ല. കേസ്‌, അന്വേഷണം, രാത്രിയില്‍ 6 മണിക്കൂര്‍ നീണ്ട തെളിവെടുപ്പ്‌. ബജ്ജി പറേണു പഞ്ചാബീല്‍ 'മെന്നൂ കീ' എന്ന് പറഞ്ഞതോ മറ്റോ ഡയമന്‍ഡ്സ്‌ ' മങ്കി' ന്ന് ധരിച്ചുക്കാണും.
(പട്ടിയെ നോക്കി പട്ടീന്ന് വിളിച്ചാ ഏത്‌ പട്ടിക്കും പിന്നെ ദേഷ്യം വരൂല്ലെ! വിളിച്ചില്ലേലും ചിലവക്ക് ചിലപ്പോ ദേഷ്യം വരും).
നുമ്മടെ ആള്‍ക്കാര്‍ പറഞ്ഞത്‌ അവര്‍ വിശ്വസിച്ചൂല്ല, ആസ്സികള്‌ പറഞ്ഞത്‌ അപ്പടി വിശ്വസിച്ച്‌ ബല്യ റഫറി ശിക്ഷ വിധിച്ചു. ‘ഇനി 3 ടെസ്റ്റ്‌ കളിക്കണ്ട, വീട്ടിപ്പോടാ’. അപ്പോ ബാഡ്‌(ഫോഗ്‌) നുമ്മടെ കപ്താന്‍ കുമ്പള്‍സിനെ ചീത്ത വിളിച്ചതോ. അങ്ങനെ വിടാന്‍ പറ്റ്വോ. ഇന്നാ പിടിച്ചൊ ഒരു ഗമ്പ്ലെയിന്റ്‌. ഐസി കൗണ്‍‍സിലിന്‌ കത്തയച്ചിട്ട്‌ ഇനീപ്പം കളിക്കണോ വേണ്ടയോന്നും പറഞ്ഞ്‌ എല്ലാരുംകൂടി സിഡ്നീ‍യില്‍ കാത്തുകെട്ടിക്കിടപ്പാ. ബാക്കിയുള്ള രണ്ട്‌ 'ടെസ്റ്റിംഗ്‌' മല്‍സരം കളിച്ചില്ലേല്‍ 2.3 മില്ല്യണ്‍ ഡോളറാ നമ്മള്‍ അവര്‍ക്ക്‌ 'നഷ്ടപരിഹാരം' കൊടുക്കേണ്ടി വരിക.

ഇതിനിടക്ക്‌ അമ്പയറന്‍സ്‌ 'വെള്ളപ്പ'ന്റേം 'കറുത്തപ്പ'ന്റേം പക്ഷപാതത്തില്‍ പ്രധിക്ഷേധിച്ച്‌ ഇന്ത്യയില്‍ ചിലയിടങ്ങളിലെല്ലാം അവരുടെ കോലം കത്തിക്കുകയുണ്ടായി.

എന്ത്‌ തോന്ന്യാസം കാണിച്ചാലും ആസ്സികളുടെ പക്ഷം പിടിച്ച്‌ കാമ്പൈന്‍ നടത്തുന്ന ആസ്സി മീഡിയകള്‍ ഇപ്രാവശ്യം അവരുടെ തന്നെ ടീമിനെതിരെ ചില അഭിപ്രായങ്ങളൊക്കെ നടത്തിയത്‌ അത്ഭുതമായിരിക്കുന്നു.

പക്ഷേ കുരിയര്‍ മെയില്‍ എന്ന ആസ്സി പത്രത്തില്‍ ഭാരതീയര്‍ ആരാധിക്കുന്ന ശ്രീ ഹനുമാന്റെ ചിത്രത്തില്‍ മുഖം മാറ്റി ആ കറുത്ത ഡയമന്‍ഡ്സിന്റെ മുഖം വെച്ചിരിക്കുന്നത്‌, ശ്രീ ഹനുമാന്റെ ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്‌. (പത്രത്തില്‍ വലതുവശത്തെ മാറിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ ചിത്രം). ഭാരതീയരെ ആക്ഷേപിച്ചതും പോരാ എന്നിട്ട്‌ അവര്‍ ആരാധിക്കുന്ന ദൈവങ്ങളെയും അപമാനിക്കുന്നവിധത്തിലാണ്‌ ചിത്രം കൊടുത്തിരിക്കുന്നത്‌.

വല്യ മാന്യത നടിക്കുന്ന ആസ്സികളേ.. ഇത്രയും വേണോ.
*****

അപ്പ്‌ഡേറ്റ് (8.1.07):

ഐസി കൌണ്‍സിലിന്റെ വിധിയും കാത്ത് ഇന്ത്യന്‍ ടീം ഇപ്പോഴും സിഡ്നിയില്‍ തന്നെ.
ഇന്നലെ രാത്രി 9 മണിക്ക് ശേഷം ശ്രീ ഹനുമാന്റെ വിവാദചിത്രം കാണാന്‍ കുരിയല്‍ മെയിലിന്റെ ലിങ്കില്‍ പോയവര്‍ നിരാശയായിരിക്കും. അവരുടെ ഫോട്ടോ ഗാലറിയില്‍ പോലും ഈ ചിത്രം ഇപ്പോള്‍ ഇല്ല. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നായിരിക്കണം ‘ആസ്സ്’-ത്രേലിയന്‍ പത്രം ആ ചിത്രം മാറ്റിയത്.

പിന്നെ ഗൂഗിളില്‍ തപ്പിയപ്പോള്‍ അവര്‍ കംഗാ‍രു ഡയമണ്ട്സിന്റെ മുഖം വെച്ച് പിടിപ്പിക്കാന്‍ ഉപയോഗിച്ച ഹനുമാന്റെ ചിത്രം കിട്ടി. (ഇടത് വശത്ത്). ഇപ്പോള്‍ ആസ്സി ടീമിന്റെയും അമ്പയറുടെയും നിലപാടിനെതിരെ അവിടത്തെ ജനങ്ങള്‍ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്.


ഹിന്ദു ദേവീ ദേവന്മാരുടെ നഗ്ന പെയിന്റിംഗുകള്‍ വരച്ച് ലക്ഷങ്ങള്‍ വാരിക്കൂട്ടുന്ന, മാധുരിയില്‍ ‘ഫിദ’യായ വെള്ളത്താടിക്കാരന് അവാര്‍ഡ് പ്രഖ്യാപിച്ചപോലെ ഈ ‘ആസ്സി’ പത്രത്തിനും ഒരു അവാ‍ര്‍ഡ് കൊടുക്കാവുന്ന കാര്യം ചിന്തിക്കാവുന്നതാണ്.

‘ആസ്സി’ പത്രം ഇത്രയൊക്കെ ചെയ്തെങ്കിലും നമ്മള്‍ എന്തെങ്കിലുമൊക്കെ ചെയ്യണ്ടെ എന്ന് കരുതിക്കാണും റിയല്‍ എസ്റ്റേറ്റ് മൊയലാളീ കുറച്ചുകാലം നോക്കിപരിപോഷിപ്പിച്ച് അച്ചന്മാര്‍ക്ക് തിരിച്ചേല്‍പ്പിച്ച ദീപിക പത്ര(കോണ്‍)ന്റെ ആദ്യ പേജില്‍ തന്നെ ഒരു കംഗാരുവിന്റെ രൂപത്തില്‍ വയറ്റിലെ സഞ്ചിയില്‍ അമ്പയറെ ഇരുത്തി സാക്ഷാല്‍ ബ്ലാക്ക് ഡയമണ്ട്സിന്റെ ചിത്രം അച്ചടിച്ചുവന്നിരിക്കുന്നത്.

ആധുനിക ‘കംഗാരുദൈവം‘ !!!

അപ്പ്‌ഡേറ്റ്-2 (8.1.07)

അങ്ങനെ അവസാനം ബിസിസിഐയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരിക്കണം ഐസി കൌണ്‍സില്‍ തീരുമാനം അറിയിച്ചത്. നേരത്തെ അമ്പയറന്‍ ‘കറുത്തപ്പ’നെ മാറ്റുന്ന പ്രശ്നമില്ലെന്ന് പറഞ്ഞ അതേ കൌണ്‍സില്‍ സായിപ്പന്മാര്‍ ഇപ്പോള്‍ ഈ സീരിസ്സില്‍ ‘കറുത്തപ്പന്‍‘ വേണ്ടെന്ന് ഉത്തരവ് ഇറക്കിയിരിക്കുന്നു. പിന്നെ നുമ്മടെ ബജ്ജിക്ക് വീട്ടിപ്പോണ്ടാ, തുടര്‍ന്നും കളിക്കാം, പക്ഷേ വിവാദ ‘കൊരങ്ങാ’ വിളിയില്‍ അന്തിമതീരുമാനം പിന്നെ അറിയിക്കുമത്രേ. അപ്പൊ അവസാനം ഇന്ത്യ അടുത്ത കളിക്ക് ക്യാന്‍‌ബറക്ക് പോകുന്നു. ഇത്രയെങ്കിലും തീരുമാനം ഇത്ര പെട്ടെന്ന് എടുത്തത് ക്രിക്കറ്റ് മൂലം ഏറ്റവും കൂടുതല്‍ പണം നേടിക്കൊടുക്കുന്ന ഇന്ത്യയെ പിണക്കണ്ട എന്നു കരുതിയാവും. അല്ലാതെ അത്ര സ്നേഹം കൊണ്ടൊന്നുമല്ല.

പക്ഷേ, അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കി.
രണ്ട് അമ്പയറന്മാരും തെറ്റ് ചെയ്തപ്പോള്‍ ഒരാള്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല. അമ്പയറന്മാര്‍ അറിഞ്ഞ്കൊണ്ട് തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കിയ ഐസി കൌണ്‍സില്‍, അതുമൂലം ഇന്ത്യ തോറ്റ കളിയുടെ പരിണാമം എന്തുകൊണ്ട് റദ്ദ് ചെയ്തില്ല.
ആസ്സി കപ്താന്‍ ‘പാണ്ടങ്ങ’ക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല. ഇതേപോലെ ഒരു സിറ്റ്വേഷനില്‍ പാക്കിസ്ഥാന്‍ കളിക്കാരന്‍ രഷീദ് ലത്തീഫിനെതിരെ നടപടി എടുത്തവര്‍ ഇക്കാര്യം എന്തേ അവഗണിച്ചു.
അപ്പോള്‍ നിങ്ങള്‍ സായിപ്പന്മാര്ക്ക് ഒരു നിയമം ഞങ്ങള്‍ക്ക് വേറെ നിയമം എന്ന സ്ഥിതിയായില്ലേ.

ഞങ്ങള്‍ പിടിച്ച മുയലിന് കൊമ്പ് നാല് എന്ന് പറഞ്ഞുനടന്ന ആസ്സികളുടെ ജാട ഇപ്രാവശ്യം വിലപ്പോയില്ല, അത്രേന്നെ.

പാണ്ടന്‍‘ നായുടെ പല്ലിനു ശൌര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല.