Wednesday, January 09, 2008

ഒരു ലക്ഷം കൊടുത്താല്‍ കൂടെ പോരും.

ഒരു ലക്ഷം കൊടുത്താല്‍ കൂടെ പോരും.

അതെ, വെറും ഒരു ലക്ഷം രൂപ കൊടുത്താല്‍ കൂടെ പോരാന്‍ അണിഞ്ഞൊരുങ്ങി തയ്യാറായി നില്‍ക്കുകയാണ്‌, ഉപ്പ്‌ തൊട്ട്‌ ട്രക്കുകളും ഉരുക്കും വരെ ഉണ്ടാക്കി വില്‍ക്കുന്ന, ടാറ്റാ കമ്പനിയുടെ പുതുപുത്തന്‍ കാര്‍.
(ടാറ്റ കാറിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്)

ഏഷ്യയിലെ രണ്ടാമതെ വലിയ ആട്ടോ എക്സ്‌പോ നാളെ (10.1.08) ഡെല്‍ഹിയില്‍ തുടങ്ങുകയാണ്‌. ഇന്ത്യന്‍ വാഹനനിര്‍മ്മാണ കമ്പനികളുടേതടക്കം നിരവധി പുത്തന്‍ വിദേശ കാറുകള്‍ ഇന്ത്യന്‍ റോഡുകളിറങ്ങാന്‍ മണവാട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിയിരിക്കയാണ്‌. മാരുതിയുടെ എ-സ്റ്റാര്‍, ഫിയറ്റിന്റെ പുണ്ടോ, വോല്‍ക്ക്സ്‌വാഗന്‍ ടൂറെജ്‌ തുടങ്ങി, 17 ലക്ഷത്തോളം വിലവരുന്ന ഷെവര്‍ലോയുടെ കാപ്റ്റിവ, 50 ലക്ഷത്തോളം വിലവരുന്ന സ്കൊഡയുടെ വോള്‍വോ എക്സ്‌.സി.90 എന്നീ നിരവധി പുതിയ വാഹനങ്ങള്‍ നാളെത്തൊട്ട്‌ പ്രദര്‍ശിപ്പിക്കും.

പക്ഷേ, ഇതിലെല്ലാമുപരി ഇന്ത്യയിലെ സാധാരണ മദ്ധ്യവര്‍ഗ്ഗക്കാര്‍ കാത്തിരിക്കുന്നത്‌ ടാറ്റായുടെ ഒരു ലക്ഷം രൂപക്ക്‌ (എക്സ്‌-ഫാക്ടറി വില. എക്സൈസ്‌, ഒക്ട്രൊയി, ഇന്‍ഷൂറന്‍സ്‌ എന്നിവ വേറെ കൊടുക്കണം, ടാറ്റയാരാ മോന്‍!) ലഭിക്കുമെന്ന് പറയുന്ന പുതിയ കുഞ്ഞിക്കാറാണ്‌. അതുകൊണ്ട്‌ വാറണ്ടിയോ വില്‍പ്പനാന്തര സേവനമോ ഇതിനു പുറമെയാകും. (മൈക്രൊസോഫ്റ്റോ അഡോബിയോ കോപ്പിറൈറ്റ്‌ കാര്യത്തില്‍ കര്‍ക്കശമായാല്‍, ഒരു കമ്പ്യൂട്ടര്‍ വാങ്ങിക്കുന്നതിനേക്കാള്‍ കാശ്‌ അതിനെ പ്രവൃത്തിപ്പിക്കാനും ഉപയോഗിക്കാനും വേണ്ട പോപ്പുലറായ സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ കൊടുക്കേണ്ടിവരുന്ന കാലമാ ഇത്‌ !). ഇതുവരെയും ഈ കാറിനെക്കുറിച്ചുള്ള പൂര്‍ണ്ണവും യഥാര്‍ത്ഥവുമായ വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കയാണ്‌. അതീവ സുരക്ഷയില്‍ ഒരു കണ്ടെയനറില്‍ 5 കാറുകള്‍ പ്രദര്‍ശനത്തിനായി ഡെല്‍ഹിയില്‍ എത്തിച്ചത്രേ. ഈ കാറിനെക്കുറിച്ച്‌ സ്ഥിരീകരിക്കാത്ത ചില വിവരങ്ങള്‍ ഇങ്ങനെയാണ്‌ (പെട്രോള്‍‍ ടാങ്കില്‍ നിന്നും ചോര്‍ത്തിയത്):
മൈലേജ്‌ : 25 KMPL
പരമാവധി വേഗത : 70 KMPH
ഇന്ധനം : പെട്രോള്‍.
ചക്രങ്ങള്‍ : 4 എണ്ണം (അപ്പോ ആട്ടൊറിക്ഷയല്ലാ, പക്ഷേ സ്റ്റെപ്പിനി/എക്സ്റ്റ്രാ ചക്രം ഉണ്ടാവുകയില്ല)
ഇരിക്കാനുള്ള സീറ്റ്‌ : 4 പേര്‍ക്ക്‌ (ഓടിക്കുന്നയാളടക്കം)
എഞ്ചിന്‍ : 600 cc
(കാര്‍ട്ടൂണിസ്റ്റ്‌ സജീവിനെപ്പോലെയുള്ള നാലുപേര്‍ ഇരുന്നാല്‍ താമരശ്ശേരി ചുരം ദാന്ന് കേറാം!!. ഹെന്ത്‌, ഇതില്‍ പച്ചാളം മോഡലേ പറ്റൂന്നോ..)

എക്സ്ട്രാ ഫിറ്റിംഗ്സ്‌ : വേണമെങ്കില്‍ വേറെ വാങ്ങിച്ചു പിടിപ്പിച്ചോണം.(ഇതില്‍ ഡോറും ഉള്‍പ്പെടുമോ?)
ആകാരം : മാരുതി 800 നോളൊപ്പം ഉണ്ടാകുമെന്നും ഇല്ലെന്നും പറയുന്നു. പാര്‍ക്ക്‌ ചെയ്യാന്‍ കുറച്ച്‌ സ്ഥലം മതി.
ഭാരം: മാരുതി 800 നേക്കാളും കുറവാ. (പൊക്കി എടുത്തോണ്ടു പോകാം!!)
പേര്‌ : ഔദ്യോഗികമായി ഇതുവരെ ഇട്ടിട്ടില്ല.
(ഇന്‍ഡിവണ്‍, ഇന്‍ഡിവ, ആറ്റം, ജേ, മിറാക്കിള്‍ തുടങ്ങിയ പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്‌). (നാളെ വരെ കാത്തിരിക്കൂ!!!)

പെട്രോളിന്‌ വില അടിക്കടി കൂടിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത്‌ ഒരു ലിറ്ററിന്‌ 25 KM മൈലേജ്‌ കിട്ടുമെന്ന് പറയുന്നത്‌ ഒരു നല്ല കാര്യം തന്നെ. (ഇത്‌ കണ്ടറിയണം). പരമാവധി കൂടിയ സ്പീഡ്‌ 70 KM ആയതുകൊണ്ട്‌ ഇതിനെ നല്ല സ്പീഡില്‍ പറപ്പിക്കാന്‍ പറ്റൂല്ല. വലിപ്പം മാരുതി 800 മോഡല്‍ കാറിനെക്കാളും ചെറുതാണെന്നും അല്ലാ വലുതായിരിക്കുമെന്നും പറയുന്നു. അപ്പോള്‍ എന്തായാലും പുതിയ മോഡല്‍ ഒരു സോപ്പ്‌ പെട്ടി കൂടി നിരത്തില്‍. ഭാരം കുറവായിരിക്കുമത്രേ. 4 ചക്രമുള്ളതുകൊണ്ട്‌ ആട്ടോറിക്ഷപോലെ ആകാന്‍ സാധ്യതയില്ല. പിന്നെ, സ്റ്റെപ്പിനി (മാറ്റചക്രം) ഇല്ലാത്തതുകാരണം യാത്രക്കിടയില്‍ ഒരു ചക്രം പഞ്ചറായാല്‍ സംഗതി കുഴയും. അടുത്തെങ്ങും മെക്കാനിക്ക്‌ ഗാരേജോ, പഞ്ചറൊട്ടിക്കാനുള്ള കടകളോ ഇല്ലെങ്കില്‍ വേറെ വണ്ടിക്ക്‌ കൈകാണിക്കുകയായിരിക്കും ഉത്തമം. (അല്ലെങ്കില്‍ ഭാരം കുറവായതുകൊണ്ട്‌ തള്ളികൊണ്ട്‌ നടക്കാം). രാത്രിയിലെ യാത്രയില്‍ ഇങ്ങനെ സംഭവിച്ചാല്‍ കേമമാകും. അത്യാവശ്യത്തിന്‌ ഇത്തരം വണ്ടിയില്‍ രോഗിയേയും കൊണ്ട്‌ ആശുപത്രിയിലേക്ക്‌ പോകുന്ന വഴി പഞ്ചറാകുന്ന പക്ഷം രോഗിയുടെ കാര്യം ദൈവത്തിന്റെ കൈയ്യില്‍.

ടാറ്റാക്കാര്‍ ഇത്രയൊക്കെ സാധാരണക്കാരനുവേണ്ടി ചെയ്യുന്നതിനിടയില്‍ സ്കൂട്ടറും ആട്ടോറിക്ഷയും ഉണ്ടാക്കുന്ന ബജാജ്‌ കമ്പനിക്കാര്‍ ഒരു പണി പറ്റിച്ചു (ടാറ്റാക്കിട്ടൊരു പണി കൊടുത്തു!).

ബജാജിന്റെ പുതിയ കാര്‍ മുന്‌വശം





ബജാജ് കാര്‍ പിന്‍‌വശം

അവരുടെ വഹ ആദ്യത്തെ കുഞ്ഞുകാര്‍ അവര്‍ രണ്ടുദിവസം മുന്‍പേ വിപണിയില്‍ പ്രദര്‍ശിപ്പിച്ചു. പക്ഷേ ഇവരുടെ കുഞ്ഞുകാറിന്‌ ടാറ്റയുടേതിനേക്കാള്‍ ലേശം വില കൂടും. ഒന്നര ലക്ഷം മുതല്‍ ഒന്നേമുക്കാല്‍ ലക്ഷം വരെ അതിനുണ്ടാകും.


എന്തായാലും ഒരു നേട്ടമുണ്ടാവാന്‍ പോകുന്നത്‌ വിലക്കൂടുതല്‍ കാരണം കാര്‍ വാങ്ങുന്നത്‌ വിദൂര സ്വപ്നമായി കണ്ടിരുന്ന സാധാരണക്കാര്‍ക്ക്‌ എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയോ ലോണെടുത്തോ ഒരു കാര്‍ സ്വന്തമാക്കാമെന്നുള്ളതാണ്‌. (എന്നിട്ട്‌ പറയാമല്ലോ, ഞങ്ങള്‍ക്കും ഒരു കാറുണ്ടെന്ന്. )

വാഹനസാന്ദ്രത ദിനംപ്രതി കൂടിക്കൊണ്ടിരിക്കയും കാര്യമായ റോഡ്‌ വികസനം നടക്കുകയും ചെയ്യാത്ത ഇന്ത്യയില്‍ (പ്രത്യേകിച്ചും കേരളത്തില്‍), ഈ കുഞ്ഞന്‍ സോപ്പ്‌ പെട്ടി കാറുകള്‍ കൂടി നിരത്തിലിറങ്ങുമ്പോള്‍ പാവപ്പെട്ടവന്‌ വഴിനടക്കാന്‍ വേറെ വഴി നോക്കേണ്ടിവരും.
***

വാല്‍ക്കഷണം:

1. വീതികുറഞ്ഞ റോഡും കൂടിയ വാഹനസാന്ദ്രതയും കാരണം അപകടങ്ങള്‍ പെരുകുമെന്നതുകൊണ്ട്‌ ജനസംഖ്യ കുറച്ച്‌ കുറഞ്ഞുകിട്ടാന്‍ സാധ്യത ഉണ്ട്‌. (സന്തോഷിക്കുന്നത്‌ ഇന്‍ഷൂറന്‍സ്‌ വക്കീലന്മാര്‍)

2. വാഹനം വാങ്ങിക്കാന്‍ ലോണ്‌ കൊടുക്കുന്ന ബാങ്കുകള്‍ക്കും സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ശുക്രദശ. കുറച്ചുകഴിഞ്ഞ്‌ ലോണെടുത്ത സംഖ്യ തിരിച്ചടക്കാന്‍ പറ്റാതാവുമ്പോള്‍ റിക്കവറി ഏജന്റന്മാരുടേം സി.സി.ക്കാരുടെ കൊയ്ത്തുകാലം.

****

അപ്പ്‌ഡേറ്റ് (10.1.08 - 1300 hrs)

3 വര്‍ണ്ണങ്ങളില്‍ ടാറ്റയുടെ പുത്തന്‍ കുഞ്ഞന്‍ കാറ് ഡല്‍ഹിയിലെ ആട്ടോ എക്സ്പോയില്‍ കുറച്ച് മുമ്പ് പ്രദര്‍ശിപ്പിച്ചു.
പുതിയ കാറിന്റെ പേര് “ ടാറ്റാ നാനോ”.

നാനോയോടൊപ്പം രത്തന്‍ ടാറ്റ












മൈലേജ് : 20 KMPL
എഞ്ചിന്‍ : 624 സി.സി. , 2 സിലിന്‍ഡറ്, 4 ഗിയര്‍.
എഞ്ചിന്‍ കാറിന്റെ പുറകില്‍ (ആട്ടോറിക്ഷ സ്റ്റൈല്‍‍).
ലഗ്ഗേജ് കാരിയര്‍ : കാറിന്റെ മുന്‍‌വശത്ത്.
ചുവപ്പ്, വെള്ള‍, മഞ്ഞ എന്നീ നിറങ്ങളില്‍ ലഭ്യമാകും.
ഓക്‍ടോബറില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകും.
ബേസിക്ക് പെട്രോള്‍ വെര്‍ഷന്‍ ആദ്യം, പിന്നീട് ഡീസല്‍ ഡീലക്സ് വെര്‍ഷനും ഇറക്കും.
ബേസിക്ക് പെട്രോള്‍ മോഡലില്‍ എ.സി. ഉണ്ടായിരിക്കില്ല.
ബേസിക്ക് മോഡല്‍ വില: 1 ലക്ഷം (എക്സ്-ഫാക്ടറി വില)
വാറ്റ്, ഫാക്ടറിയില്‍ നിന്നും വാഹനം എത്തിക്കേണ്ട വില എന്നിവ പുറമെ ചുമത്തും.
ഓണ്‍-റോഡ് വില (ഡല്‍ഹിയില്‍): 1,30,000 (വാറ്റ്,രെജിസ്റ്ട്രേഷന്‍, ഇന്‍ഷൂറന്‍സ്, റോഡ് ടാക്സ്, പാര്‍ക്കിംഗ് ചാര്‍ജ് എന്നിവ ചേര്‍ത്ത്)
ഡെല്‍ഹിക്ക് പുറത്ത് : 1,35,000 (ഏകദേശം)
യൂറോ 4 സ്റ്റാന്‍ഡേഡ്.
ആകാരം: മാരുതി(800)യേക്കാള്‍ 8% ചെറുത്.
ഇരിക്കാന്‍ മാരുതിയേക്കാള്‍ 21%കൂടുതല്‍ സ്ഥലം.
ഇത്രയുമാണ് ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍.

(ഇനി ആട്ടോറിക്ഷക്കാര്‍ ആട്ടോ വിറ്റ് ഈ കാറ് വാങ്ങിക്കുമോ! എന്നാല്‍ ആട്ടോ കാശിന് കാറില്‍ യാത്ര ചെയ്യാം.!!!!‌)

31 comments:

krish | കൃഷ് said...

അതെ, വെറും ഒരു ലക്ഷം രൂപ കൊടുത്താല്‍ കൂടെ പോരാന്‍ അണിഞ്ഞൊരുങ്ങി തയ്യാറായി നില്‍ക്കുകയാണ്‌.....
നാളെ വരെ കാത്തിരിക്കൂ..

ദിലീപ് വിശ്വനാഥ് said...

ഇതൊരു കെണിയല്ലേ? ഇവിടെ അമേരിക്കയില്‍ ഇതൊരു ച‌ര്‍ച്ചാവിഷയം ആണ്. ഇന്ത്യയില്‍ 2500 ഡോളറിന് കാര്‍ എന്നൊക്കെ.
പക്ഷേ സാധാരണക്കാരന് പെട്രോളിന് ആര് പൈസ കൊടുക്കും?

ഫസല്‍ ബിനാലി.. said...

saadaaranakkaaranu oru lakshathinte carum athilum sadaranakkaranu pathinanchu lakshathinte KSRTC pore.?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അപകടകരമായൊരു നിലയിലേയ്ക്കണിതിന്റെ പോക്ക്.സാമ്പത്തികമേഖല മൊത്തത്തില്‍ തകര്‍ക്കന്‍ ഈ മൂല്യച്യുത്യ്ക്ക് കഴിയും.കഴിഞ്ഞ വര്‍ഷം റ്റാറ്റാ യുടെ പരസ്യം കണ്ട അന്നുമുതല്‍ ഈ ഒരു ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണ് ജനത.

പെറ്റ്രോള്‍ വില കുതിച്ചുയരും, വായുമലിനീകരണം വര്‍ദ്ധിക്കും അതിലേറെ കടം വന്നു നിറയും ഈ വമ്പന്‍ ഓഫറിന്റെ കൂടെ.

G.MANU said...

(കാര്‍ട്ടൂണിസ്റ്റ്‌ സജീവിനെപ്പോലെയുള്ള നാലുപേര്‍ ഇരുന്നാല്‍ താമരശ്ശേരി ചുരം ദാന്ന് കേറാം!!. ഹെന്ത്‌, ഇതില്‍ പച്ചാളം മോഡലേ പറ്റൂന്നോ..)

hahah

എന്തായാലും നാളെത്തന്നെ പ്രഗതിമൈദാനിലോട്ടു വിടുവാ.. എക്‌സ്പോയില്‍ അവനെ ഒന്നു കാണണം.. മഴത്തുള്ളിവരുന്നേല്‍ പുള്ളിയേയും കൂട്ടാം

കൊച്ചുമുതലാളി said...

ഈ മൈലേജ് 25 കി.മി എന്നു പറയുന്നത് ഉള്ളതാണോ എന്ന് കണ്ടറിയണം. 25 കിമി മൈലേജ് കിട്ടിയാലും കിലോമീറ്ററിന് ഏതാണ്ട് 2 രൂപാ അടുത്ത് ചിലവു വരും. നാലു പേര്‍ ഒരേ സമയം യാത്ര ചെയ്താല്‍ മാത്രമേ കി.മീ ക്ക് വെറും 50 പൈസയെ ചിലവ് ആകും. അതായത് ഒരു മോട്ടോര്‍ ബൈകിനേക്കാള്‍ ചിലവ് കുറവ്.

അപ്പോള്‍ മറ്റ് പെട്രോള്‍ കാറുകളുടെ കാര്യം പറയേണ്ടല്ലോ

ചുരുക്കം പറഞ്ഞാല്‍ വണ്ടി വാങ്ങുന്നതിനേക്കാള്‍ മിടുക്ക് അതിനേ പോറ്റുകയെന്നതാണ്.

ശ്രീ said...

ഒറ്റ നോട്ടത്തില്‍‌ കൊള്ളാമെന്നു തോന്നുമെങ്കിലും....

ശരി, നോക്കാം...

സാജന്‍| SAJAN said...

അറിയേണ്ട കാര്യങ്ങളും വായിക്കേണ്ട പോസ്റ്റും, ഇതിന്റെ ഡ്രൈവിങ്ങ് ടെസ്റ്റ് റിപ്പോര്‍ട്ടും കൂടെ ആരേലും ഒന്നു പോസ്റ്റിയിരുന്നെങ്കില്‍?

മനൂജി, നിങ്ങള്‍ പോവുമ്പോ ദയവായി ഫോട്ടോസ് എടുത്തൊന്നു പോസ്റ്റെണേ, അവിടെ നില്‍ക്കുന്ന പെമ്പിള്ളാരുടെ അല്ല പുതിയ മോഡല്‍ കാറുകളുടെ:):)
സംഭവം ഇവിടെയും വല്യ ചര്‍ച്ചയൊക്കെ ഉണ്ടാക്കുന്നുണ്ട്, പക്ഷേ പ്രീയ പറഞ്ഞ കാഴ്ചപ്പാടിലാണെന്ന് മാത്രം!

G.MANU said...

സാജന്‍ ജി.....എണ്റ്റെ പ്രോബ്ളം എങ്ങനെ മനസിലായി.. ക്ളിക്ക്‌ ചെയ്തു കഴിഞ്ഞ്‌ 'കര്‍ത്താവേ ആംഗിള്‍ അങ്ങോട്ടായല്ലോ' എന്ന പ്രോബ്ളം

സാജന്‍| SAJAN said...

ഹ ഹ , മനൂന്റെ പോസ്റ്റ് വായിച്ച പരിചയം വച്ച് കാച്ചിയതാണെ, അപ്പൊ എന്റെ ഊഹം ശരിയായി അല്ലേ? ശ് ശ്, കൃഷ് കേള്‍ക്കണ്ട ഇത് സീരിയസ് പോസ്റ്റല്ലേ?

Physel said...

അതിനിടയ്ക്ക് കാറ്റുകൊണ്ടു വണ്ടിയോ‍ാറ്റിക്കുന്നതിനൂള്ള സങ്കേതികം റ്റാറ്റ വാങ്ങ്ഗുന്നു എന്നൊക്കെ കേട്ടിരുന്നല്ലോ ക്രിഷ്ജീ..ഇനി അതെന്നാണാ‍വോ പുറത്തു വരിക

മഴത്തുള്ളി said...

കൊള്ളാം, എന്തുകൊണ്ടും അവസരോചിതമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍.

എന്തായാലും പ്രഗതിമൈതാനില്‍ പോയി കണ്ടിട്ടു തന്നെ കാര്യം. മനുവിന്റെ ക്യാമറ ആംഗിള്‍ ശരിയല്ലാത്തതുകൊണ്ട് കൂട്ട് പോണോ എന്നൊരു സംശയം. നാട്ടുകാരുടെ ആംഗിള്‍ നമ്മുടെ നേരെ തിരിഞ്ഞാല്‍ ഓടാന്‍ തിരക്കിനിടയില്‍ ആംഗിള്‍ കിട്ടില്ല. അവര്‍ പൊതുയോഗം കൂടുകയും ചെയ്യും ;)

krish | കൃഷ് said...

3 വര്‍ണ്ണങ്ങളില്‍ ടാറ്റയുടെ പുത്തന്‍ കുഞ്ഞന്‍ കാറ് ഡല്‍ഹിയിലെ ആട്ടോ എക്സ്പോയില്‍ കുറച്ച് മുമ്പ് പ്രദര്‍ശിപ്പിച്ചു.
പുതിയ കാറിന്റെ പേര് “ ടാറ്റാ നാനോ”.

(ആട്രിഷേക്കാള്‍ ചന്തോണ്ട് )

മന്‍സുര്‍ said...

കൃഷ്‌..

ഒരു ലക്ഷം കൊടുത്താലെന്താ.....അതില്‍ കയറിയിരുന്നു
വഴിയിലുള്ല ആളുകളോട്‌ ഒരു റ്റാറ്റ എങ്കിലും പറയാമല്ലോ
വണ്ടി ഒടിയിലെങ്കിലും.....

നല്ല പോസ്റ്റ്‌.......അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഒരു “ദേശാഭിമാനി” said...

തലയേക്കളും നടുവിനേക്കാളും, വാല്‍ക്കഷണമാണു ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചതെയ്!

വാല്‍ക്കഷണം:

1. വീതികുറഞ്ഞ റോഡും കൂടിയ വാഹനസാന്ദ്രതയും കാരണം അപകടങ്ങള്‍ പെരുകുമെന്നതുകൊണ്ട്‌ ജനസംഖ്യ കുറച്ച്‌ കുറഞ്ഞുകിട്ടാന്‍ സാധ്യത ഉണ്ട്‌. (സന്തോഷിക്കുന്നത്‌ ഇന്‍ഷൂറന്‍സ്‌ വക്കീലന്മാര്‍)

2. വാഹനം വാങ്ങിക്കാന്‍ ലോണ്‌ കൊടുക്കുന്ന ബാങ്കുകള്‍ക്കും സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ശുക്രദശ. കുറച്ചുകഴിഞ്ഞ്‌ ലോണെടുത്ത സംഖ്യ തിരിച്ചടക്കാന്‍ പറ്റാതാവുമ്പോള്‍ റിക്കവറി ഏജന്റന്മാരുടേം സി.സി.ക്കാരുടെ കൊയ്ത്തുകാലം.

ഇവടയാ പ്രശ്നം!!!!!!!!

ഒരു “ദേശാഭിമാനി” said...
This comment has been removed by the author.
അനാഗതശ്മശ്രു said...

ഭാരം കുറക്കാന്‍ നുട്ടും ബോള്‍ ട്ടും കുറക്കുക എന്ന വിദ്യ പ്രയോഗിച്ചിട്ടുണ്ടെന്നു കേട്ടു..മിക്കതും വെല്‍ ഡിം ഗ്...
ഏതായാലും കേട്ടുകേള്‍ വികള്‍ ക്കു വിരാമമായല്ലൊ...
ഇനി നമ്മുടെ റോട്ടിലെ ടെസ്റ്റ് ഡ്രൈവ്....

krish | കൃഷ് said...

വാല്‍മീകി: നന്ദി. കെണിയാണോ അല്ലയോ എന്ന് ചിത്രം ഏതാണ്ട് വ്യക്തമായി വന്നിട്ടുണ്ട്. ഇനി വണ്ടി റോഡിലിറങ്ങിയാല്‍ പൂര്‍ണ്ണമായും വ്യക്തമാകും.(അപ്‌ഡേറ്റ് നോക്കൂ)

ഫസല്‍: നന്ദി. ഹ.ഹ. സാധാരണയില്‍ സാധാരണക്കാരന് സര്‍ക്കാര്‍ ആനവണ്ടി, നിര്‍ത്തിക്കിട്ടിയാല്‍.

പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി. സാമ്പത്തികമേഖല, സാധാരണക്കാരന്റെ പോക്കറ്റിലുള്ളത് തകര്‍ന്ന് പണക്കാരുടെ പോക്കറ്റിലെത്തും അത്ര തന്നെ. വേറെ എന്ത് തകര്‍ച്ച.


മനു: നന്ദി. അപ്പോ മഴത്തുള്ളിയേയും കൊണ്ട് കാഴ്ചകള്‍ കണ്ടുവരൂ . എന്നുമുള്ള പോലെ കാഴ്ച കാണലാണോ.

കൊച്ചുമുതലാളി: നന്ദി. ആനയെ വാങ്ങിയാല്‍ മാത്രം പോരല്ലോ, അതിന് തീറ്റയും വെള്ളവും കൊടുക്കണ്ടേ. അതുപോലന്നെ.

ശ്രീ: നന്ദി.

സാജന്‍: നന്ദി. ഡ്രൈവിംഗ് ടെസ്റ്റിന് മനുവിനെ വിട്ടാല്‍ ‘പറഞ്ഞപോലെ‘ തന്നെ നടക്കും. ഹഹഹ. (കുറുക്കന്റെ ആംഗിള്‍ കോഴികൂട്ടിലോട്ട് തന്നെ അല്ലെ. ഞാന്‍ കേട്ടിട്ടേ ഇല്ല.)

ഫൈസല്‍ ;നന്ദി. കാറ്റോണ്ട് വണ്ടിയോടിക്കണ സൂത്രം കേട്ടിട്ടില്ല. ആ ചിലപ്പോ നല്ല കാറ്റടിക്കുമ്പോള്‍ വണ്ടി തന്നെ നീങ്ങുന്ന സൂത്രമായിരിക്കും. പായക്കപ്പല്‍ പോലെ.

മഴത്തുള്ളീ: നന്ദി. നേരത്തെ പല പ്രാവശ്യം മനുവിന്റെ കൂടെ കൂട്ട് പോയി അനുഭവമുള്ള ഒരാള്‍ പറയുമ്പോള്‍ എങ്ങിനെ വിശ്വസിക്കാതിരിക്കും. ആംഗിള്‍ ശരിയല്ലെങ്കില്‍ നാട്ടുകാര്‍ പൊതുയോഗം കൂടാനും കൂടാതിരിക്കാനും സാധ്യതയുണ്ട്.

മന്‍സൂര്‍: നന്ദി, ടാറ്റാ നാന, സോറി, നാനോ.

ഒരു ദേശാഭിമാനി: നന്ദി. വാല്‍ കഷണമാക്കിയാല്‍ പ്രശ്നം തീരുമോ.

അനാഗതശ്മശ്രു : നന്ദി. വണ്ടി കൈയ്യിലെത്തുമ്പോഴേ അറിയൂ, നട്ടും ബോള്‍ട്ടും ഉണ്ടോന്ന്. ഭാഗ്യദോഷത്തിന് എങ്ങാനും ഇടിച്ചാല്‍ നമ്മുടെ നട്ടും ബോള്‍ട്ടും ഇളകാതിരുന്നാല്‍ മതി.

sandoz said...

ഈ ഒന്നരക്കും ഒന്നിനുമൊക്കെ കിട്ടുന്ന മൊതല്‍ ഓടോന്ന് ആര്‍ക്കറിയാ...
അവസാനം ഉന്തിക്കൊണ്ട് നടക്കേണ്ടി വരുവോ...

Sherlock said...

ഇങ്ങനത്തെ സാധനങ്ങള്‍ വരട്ടേന്ന്...എങ്കിലേ ബാക്കിയുള്ളവര്‍ കുറച്ചെങ്കിലും വില കുറക്കൂ...:)

കടവന്‍ said...

വീതികുറഞ്ഞ റോഡും കൂടിയ വാഹനസാന്ദ്രതയും കാരണം അപകടങ്ങള്‍ പെരുകുമെന്നതുകൊണ്ട്‌ ജനസംഖ്യ കുറച്ച്‌ കുറഞ്ഞുകിട്ടാന്‍ സാധ്യത ഉണ്ട്‌.sououopper.;-(
റെക്സിനും പാട്ടത്തകിടും കൊണ്ടൂണ്ടാകിയ ഒറ്റ സിലിണ്ടര്‍ എന്ചിനുള്ള ഓട്ടോക്ക് വില ഒരു ലക്ഷത്തിനടുത്ത്. അപ്പൊ ഒരു ലക്സത്തിന്റെ കാറെന്ന് പറയുമ്ബൊ, പഴയ മണ്ണെണ്ണട്ടിന്നിന്റെ തകരവും, ബക്കറ്റുരുക്കി(ഓ..റീ സൈക്കിള്)ഉണ്ടാക്കിയ..(*ഒവ്വുവ്വെ..ഓണ്ടാക്കുമ്) പ്ലാസ്റ്റിക് ഫാകങ്ങളൂമ്-ഒക്കെയായിരിക്കും, പിന്നെ ടാറ്റാക്ക് കുറെക്കാലം കഴിഞ്ഞാ ഒരവാര്‍ഡ് കിട്ടും..എന്തിന്നാന്നൊ?..ഇന്ത്യയിലെ ജനസമ്ഖ്യ കുറച്ച്തന്നതിന്ന്...പിന്നെ കാശ് കുറഞ്ഞ എന്നാല്‍ ആക്രാന്തം കൂടിയവരാണിത് വാങ്ങുക എന്നതിനാല്‍ തീരെ ഗതിയില്ലത്തവരും അത്യാവശ്യം പണക്കാരും മാത്രമുള്ള ജനസംഖ്യ കുറങ്ങ ഇന്ത്യ.. ആഹഹ മനോഹരം....(ഓട്ടോക്കാര്‍ ഇത് വാങ്ങില്ല കാരണം സ്റ്റിയറിങ്ങും നാല്‍ വീലുമായതിനാല്‍ നടു റോട്ടില്‍ ഓട്ടൊവീശിത്തിരിക്കുമ്പോലെ തിരിക്കാനാവില്ലല്ലൊ/)

കടവന്‍ said...

റെക്സിനും പാട്ടത്തകിടും കൊണ്ടൂണ്ടാകിയ ഒറ്റ സിലിണ്ടര്‍ എന്ചിനുള്ള ഓട്ടോക്ക് വില ഒരു ലക്ഷത്തിനടുത്ത്. അപ്പൊ ഒരു ലക്സത്തിന്റെ കാറെന്ന് പറയുമ്ബൊ, പഴയ മണ്ണെണ്ണട്ടിന്നിന്റെ തകരവും, ബക്കറ്റുരുക്കി(ഓ..റീ സൈക്കിള്)ഉണ്ടാക്കിയ..(*ഒവ്വുവ്വെ..ഓണ്ടാക്കുമ്) പ്ലാസ്റ്റിക് ഫാകങ്ങളൂമ്-ഒക്കെയായിരിക്കും, പിന്നെ ടാറ്റാക്ക് കുറെക്കാലം കഴിഞ്ഞാ ഒരവാര്‍ഡ് കിട്ടും..എന്തിന്നാന്നൊ?..ഇന്ത്യയിലെ ജനസമ്ഖ്യ കുറച്ച്തന്നതിന്ന്...പിന്നെ കാശ് കുറഞ്ഞ എന്നാല്‍ ആക്രാന്തം കൂടിയവരാണിത് വാങ്ങുക എന്നതിനാല്‍ തീരെ ഗതിയില്ലത്തവരും അത്യാവശ്യം പണക്കാരും മാത്രമുള്ള ജനസംഖ്യ കുറങ്ങ ഇന്ത്യ.. ആഹഹ മനോഹരം....(ഓട്ടോക്കാര്‍ ഇത് വാങ്ങില്ല കാരണം സ്റ്റിയറിങ്ങും നാല്‍ വീലുമായതിനാല്‍ നടു റോട്ടില്‍ in fraction of a second ഓട്ടൊവീശിത്തിരിക്കുമ്പോലെ തിരിക്കാനാവില്ലല്ലൊ/)

ഹരിയണ്ണന്‍@Hariyannan said...

ഇനി ഇന്ത്യ തിളങ്ങുകയല്ലെന്ന് ആരെങ്കിലും പറയ്‌വോ?

krish | കൃഷ് said...

സാന്ഡോസ്: ഒന്നൊന്നര കൊടുത്ത വാങ്ങിയാലല്ലേ ഉന്തണ്ടൂ.

ജിഹേഷ്: അതെ, ഇനി മറ്റു വണ്ടികളുടേയും വില കുറയാന്‍ സാധ്യതയുണ്ട്.

കടവന്‍; അതെ, ആട്ടോയുടെ വിലക്കടുത്ത് കാര്‍ കിട്ടുമ്പോള്‍ അത്രയൊക്കെയേ ഗുണം പ്രതീക്ഷിക്കാവൂ.

ഹരിയണ്ണന്‍: ഇന്ത്യ എപ്പോഴും തിളങ്ങുന്നുണ്ട്, പണക്കാര്‍ക്ക് മാത്രമായി.

പ്രയാസി said...

പടച്ചോനെ സ്ത്രീധനം ചോദിച്ചാ ഇനി ഈ കാറായിരിക്കും കിട്ടുക.. ഒരു നാലു ലക്ഷത്തിന്റെ കാറൊക്കെ സ്വപ്നം കണ്ടതാ..:(

sreeni sreedharan said...

മനുഅങ്കിള്‍‍ള്‍‍ള്‍‍ള്‍‍ള്‍
പച്ചാളം പണ്ടത്തെ ജിമ്മാ...

ഗിരീഷ്‌ എ എസ്‌ said...

കണ്‍ഫ്യൂഷനായല്ലോ,...

Sathees Makkoth | Asha Revamma said...

വണ്ടി ഏതായാലും റോഡിലിറങ്ങട്ടെ.

krish | കൃഷ് said...

പ്രയാസി: ഹഹഹ... പ്രയാസിയുടെ ആശങ്ക പ്രയാസകരം തന്നെ. ഇനി സ്ത്രീധനമായി കാറ് ചോദിച്ചാല്‍ ഇദന്നെ കിട്ടും. :)

പച്ചാളം: പണ്ട് ജിമ്മാണെന്ന് വെച്ച് ഇപ്പെന്താ ഒണങ്ങിപ്പോയോ.. മൂട്ടില്‍ വെള്ളം ഒഴിച്ചാ ചെലപ്പോ ഒണക്കം മാറികിട്ടും. ഹഹ. (വിന്‍ഡോ മാറി കമന്റിയതാണോ?)

ദ്രൌപതി : എങ്ങനെ കണ്ണ് ഫൂഷണാവാതിരിക്കും. പച്ചുവിന്റെ കമന്റ് വായിച്ചിട്ടാണോ. :)

സതീഷ്: ഇറങ്ങിയിട്ട് നോക്കാമല്ലേ. :)

പപ്പൂസ് said...

ഹ ഹ ഹ! പ്രയാസീ ഒടനെ പെണ്ണു നോക്കിക്കോ... വണ്ടി എറങ്ങാന്‍ ഇനീം ഒരു കൊല്ലമെടുക്കുംന്നാ ടാറ്റാദ്ദേഹം പറേണത്...

Anonymous said...

krish9.blogspot.com is very informative. The article is very professionally written. I enjoy reading krish9.blogspot.com every day.
payday loans ontario
online payday loan