ഇന്ത്യന്‍ എസ്സെമെസ്സ് ഐഡള്‍.ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളില്‍ വലിയ റിയാലിറ്റി ഷോകള്‍ക്ക് തുടക്കം കുറിച്ച സോണി ടി.വി.ചാനലിന്റെ 'ഇന്ത്യന്‍ ഐഡള്‍' ന്റെ ചുവട് പിടിച്ച് ഇപ്പോള്‍ മിക്ക ടി.വി. ചാനലുകളിലും പലതരം റിയാലിറ്റി ഷോ-കള്‍ ആണല്ലോ. ഹിന്ദി ചാനലുകള്‍ക്കു പുറമെ മലയാളം, തമിഴ്, തെലുഗു, മറാഠി, ബംഗാളി, ആസ്സാമീസ് തുടങ്ങി മിക്ക ഭാഷ ചാനലുകളിലും സംഗീത നൃത്ത മല്‍സരമോ റിയാല്‍ടി ഷോ-കളോ നടക്കുന്നു. ഇതു കൊണ്ട് കണ്ണുനീര്‍ സീരിയലുകള്‍ മൂക്കുകുത്തി അപ്രത്യക്ഷമാകുന്നു. അല്ലെങ്കില്‍ വൈകീട്ട് 6 മുതല്‍ രാത്രി 10 മണിവരെ ഇതു സഹിച്ചേ പറ്റൂ. സീരിയല്‍ നടീനടന്മാര്‍ ശരിക്കും ഇപ്പോള്‍ കണ്ണുനീരിലാവും. എന്തും കൂടുതലായാല്‍ ഇതുപോലെ ഇരിക്കും. വ്യൂവര്‍ഷിപ്പ് ഉള്ളതുകൊണ്ട് ഇപ്പോള്‍ ഓരോ ചാനലിലും ഒന്നും രണ്ടും റിയാലിറ്റി ഷോകളാണ്. ഇതുകൊണ്ട് ആര്‍ക്കെല്ലാമാണ് മെച്ചം. ചാനലുകാര്‍ക്ക് തീര്‍ച്ചയായും നല്ല വരുമാനം. സ്പോണ്‍സര്‍മാരുടെ വക, പരസ്യം ചെയ്യുന്നവര്‍ വക. അതിലുമുപരി കാണികള്‍ പരസ്യം കണ്ടാല്‍ മാത്രം പോര, ഷോ-യില്‍ പങ്കെടുക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ കാശുമുടക്കി എസ്.എം.എസ്സും ചെയ്യണം. അതുകൊണ്ട് ലാഭം മൊബെയില്‍ കമ്പനികള്‍ക്കും ലാഭവിഹിതം ടി.വി. ചാനലിനും.
പക്ഷേ ഈ എസ്.എം.എസ്. വോട്ടുകള്‍ ഷോ-യില്‍ അവതരിപ്പിക്കുന്ന കലാകാരന്റെ/കലാകാരിയുടെ കഴിവും പ്രാഗല്‍ഭ്യവും നോക്കിയാണോ കൊടുക്കുന്നത്. 90% ശതമാനവും അല്ലെന്നുതന്നെ വേണം പറയാന്‍. നല്ല സുഹ്രുത്ത് വലയം, വോട്ട് ക്യാന്‍വാസ് ചെയ്യാന്‍ ആളുകള്‍, നാട്, ദേശം, പരസ്യം, വോട്ട് തെണ്ടല്‍ തുടങ്ങി അനേകം 'സംഗതി'കള്‍ അതിലില്ലേ. നിങ്ങളുടെ നാട്ടില്‍ നിന്നുമുള്ള ഒരു ആള്, അല്ലെങ്കില്‍ നിങ്ങള്‍ പഠിക്കുന്ന അതേ കോളെജില്‍ പഠിക്കുന്ന ആളാണ് ഷോ-യില്‍ ശരാശരി പരിപാടി അവതരിപ്പിച്ച് വോട്ട് 'ഇരക്കു'ന്നതെങ്കില്‍ മറ്റു കഴിവുള്ള കലാകാരനെ മറികടന്ന് നിങ്ങള്‍ ഇയാള്‍ക്ക് വോട്ട് ചെയ്യില്ലേ. അപ്പോള്‍ പിന്നെ കഴിവിന്റെ അടിസ്ഥാനത്തില്‍ എവിടെയാണ് ഒരാള്‍ യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ സിംഗറോ ഐഡളോ ആകുന്നത്?
ഒരു കാര്യം പറയാന്‍ മറന്നു. വിധികര്‍ത്താക്കള്‍ എന്നു പറഞ്ഞ് സംഗീതവുമായി ബന്ധമുള്ള മൂന്നുനാലു പേരെ ഷോ-യില്‍ ഇരുത്തുന്നുണ്ട്. ഇവര്‍ കലാകാരന്റെ/കലാകാരിയുടെ കഴിവുകള്‍/പോരായ്മകള്‍ പറയും, ചിലപ്പോള്‍ പരസ്പരം കലഹിക്കും, സൗന്ദര്യപിണക്കം നടത്തും. വോട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ പുറത്താകുമ്പോള്‍ ഇവര്‍ സങ്കടപ്പെടും, കരയും, കരയിക്കും. ചിലപ്പോള്‍ തോന്നും ഇതും മുന്‍കൂട്ടി നിശ്ചയിച്ചതാണോ എന്ന്. ഇവര്‍ വിധികര്‍ത്താക്കളാണെങ്കിലും ഇവര്‍ക്ക് ഓരോ കലാകാരന്റെ/കലാകാരിയുടെ കഴിവ് കണ്ട് വിധി നിര്‍ണ്ണയിക്കാനോ, വിജയിയെ നിശ്ചയിക്കാനോ അധികാരമില്ല, സോറി, ചാനല്‍ നിയമമില്ല. ഇവിടെ ഇവര്‍ പാവകള്‍ മാത്രം, ചാനലുകാര്‍ തരുന്ന കാശ് വാങ്ങിച്ച് അഭിനയിക്കുക.
(ഇപ്പോള്‍ ചാനലുകളില്‍ സംഗീതമല്‍സരത്തില്‍ പാട്ട് പാടിയാല്‍ മാത്രം പോരാ. നല്ലതുപോലെ നൃത്തം ചെയ്ത് പാട്ട് പാടണം, നല്ല ഫാഷണബിള്‍ ഡ്രസ്സിംഗ് ആയിരിക്കണം. ഇതുപോലുള്ള മല്‍സരത്തില്‍ യേശുദാസോ, ജയചന്ദ്രനോ, എസ്.ജാനകിയോ, ചിത്രയോ,എസ്.പി. ബാലസുബ്രഹ്മണ്യനോ വേഷം മാറി പങ്കെടുത്തുവെന്നു വെക്കുക. ഇവര്‍ക്ക് നൃത്തം ചെയ്ത് പാട്ട് പാടാനറിയാത്തതുകൊണ്ട് വിധികര്‍ത്താക്കള്‍ മാര്‍ക്ക് കുറച്ച് കൊടുത്തേനെ!!)
സോണി ചാനലിലെ 'ഇന്ത്യന്‍ ഐഡള്‍' 2007 വെര്‍ഷന്‍ ഫൈനല്‍ ഇന്നലെ പരിസമാപ്തി കുറിച്ചു. ഇന്നലെ വരെയും ഈ വര്‍ഷത്തെ ഇന്ത്യന്‍ ഐഡളിനെ 'തിരഞ്ഞെടുക്കാന്‍' ഒരു പൊതുതിരഞ്ഞെടുപ്പിനുപോലും കാണാത്തവിധം എസ്.എം.എസ്. വോട്ടിനുവേണ്ടിയുള്ള കാമ്പൈന്‍ ആയിരുന്നു. പത്രങ്ങളില്‍ മിക്ക ദിവസവും വാര്‍ത്തകള്‍, പരസ്യങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളും, യുവ സംഘടനകളും സാസ്കാരിക ക്ലബുകളും വോട്ടിനു വേണ്ടി പരസ്യവും അപ്പീലുകളും ഇറക്കുന്നു. മന്ത്രിമാരും എന്തിനു ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പോലും ആ സംസ്ഥാനത്തുനിന്നുള്ള ഷോ-യില്‍ പങ്കെടുക്കുന്നയാളെ പ്രകീര്‍ത്തിക്കുകയും വോട്ടിനു വേണ്ടി അപ്പീല്‍ നടത്തുകയും ചെയ്യുന്നു. ലോക്കല്‍ കേബിള്‍ ചാനലുകളില്‍ എസ്.എം.എസ്.നു വേണ്ടി പരസ്യങ്ങള്‍. നഗരങ്ങളിലും പാതയോരങ്ങളിലും ഒരു പ്രത്യേക കലാകാരനുവേണ്ടി എസ്.എം.എസ്. വോട്ട് ആവശ്യപ്പെട്ടുകൊണ്ട് വലിയ പോസ്റ്റര്‍/തുണി/ഫ്ലക്സ് പരസ്യങ്ങള്‍. (ഇതിനെല്ലാം ചിലവില്ലേ?). ചാനലുകാര്‍ തന്നെ മുന്‍കൈയ്യെടുത്ത് ഓരോ പ്രധാന നഗരങ്ങളിലും ലൈവ് കാമ്പൈന്‍ സംഘടിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പാട്ട് പാടിച്ച് വോട്ട് 'ഇരപ്പി'ക്കുന്നു. കിഴക്കന്‍/വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് ഒരു ജ്വരമായി മാറിയിരിക്കയാണ്. രണ്ടുമാസമായി ഫൈനല്‍ മല്‍സരം മുറുകിവരികയണ്. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി മുഴുവന്‍ ഒരു സംസ്ഥാനത്തെ PCO-കള്‍ മുഴുവന്‍ ടെലിഫോണിലൂടെ വോട്ടിംഗ് ചെയ്യുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സ്പോണ്‍സര്‍ ചെയ്തിരിക്കയാണ്. ഞായറാഴ്ചകളില്‍ മല്‍സരാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനായി സര്‍വ്വമത പ്രാര്‍ഥനകള്‍ നടത്തുന്നു. ഒരു സംസ്ഥാന സര്‍ക്കാര്‍ മല്‍സരാര്ത്ഥിയെ ശാന്തിയുടേയും മതസൗഹാര്‍ദ്ധത്തിന്റേയും പ്രതീകമായി സംസ്ഥാന അംബാസ്സഡര്‍ ആയി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഐഡളിലെ ഒരു പ്രത്യേക കലാകാരനുവേണ്ടി, സംസ്ഥാന സര്‍ക്കാരിലെ വേണ്ടപ്പെട്ടവര്‍ മാത്രമല്ല, നിരോധിക്കപ്പെട്ട ഒരു തീവ്രവാദി സംഘടന വരെ ആ കലാകാരനു എസ്.എം.എസ്. വോട്ട് ചെയ്യാനായി അപ്പീല്‍ (ശാസനം) ഇറക്കുകയുണ്ടായി. യുവതീ യുവാക്കള്‍ പരസ്പരം ചോദിക്കുന്നു നീ എത്ര എസ്.എം.എസ്. വോട്ട് ചെയ്തു. നൂറില്‍ കുറഞ്ഞാല്‍ മോശമല്ലേ. ഓരോ എപ്പിസോഡ് കഴിയുമ്പോഴും എല്ലാ വാര്‍ത്താ ചാനലുകളും ഇത് പ്രൊമോട്ട് ചെയ്യുന്നു. ഇങ്ങനെ ഒരു പ്രത്യേക സംസ്ഥാനത്തുനിന്നുള്ള, ഭാഷ സംസാരിക്കുന്ന, ആളെ എസ്.എം.എസ്. വോട്ട് വഴി ഇന്ത്യയിലെ സൂപ്പര്‍ സിംഗര്‍ ആക്കുന്നു. കലാകാരന്റെ കഴിവു മറികടന്ന്, എസ്.എം.എസ്. വോട്ടിനു കൂടുതല്‍ പ്രാധാന്യം കൊടുത്ത് ഇങ്ങനെ വിജയിക്കുന്ന കലാകാരനെ(കാരിയെ) 'ഇന്ത്യന്‍ ഐഡള്‍' എന്നോ അതോ 'ഇന്ത്യന്‍ എസ്.എം.എസ്. ഐഡള്‍' എന്നാണൊ വിളിക്കേണ്ടത്. സൂപ്പര്‍ സിംഗര്‍ എന്നോ അതോ 'സൂപ്പര്‍ എസ്.എം.എസ്. സിംഗര്‍' എന്നോ വിളിക്കേണ്ടത്?
ഇന്ത്യന്‍ ഐഡള്‍-3 - ല്‍ ഇന്നലത്തെ ഫൈനലില്‍ അവസാനം ഡാര്‍ജിലിംഗില്‍ നിന്നുള്ള പ്രശാന്ത് തമാങ്ങ്, ഷില്ലോങ്ങില്‍ നിന്നുള്ള അമിത് പാളിനെ എസ്.എം.എസ്. വോട്ടിങ്ങില്‍ മറി കടന്ന് ഇന്ത്യന്‍ ഐഡള്‍-3 -ലെ വിജയിയായി. കാറും കരാറും അടക്കം ഒരു കോടി രൂപ സമ്മാനം.
(ഫൈനലില്‍ വിജയിയെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ അയച്ച എസ്.എം.എസ്. 7 കോടിയിലധികം!!!)
ഫൈനല്‍ മത്സരാര്‍ത്ഥി - ഷില്ലോങില്‍ നിന്നുള്ള അമിത് പാള്‍.
ഫൈനലില്‍ എസ്.എം.എസ്/ടെലിഫോണ്‍ വോട്ടിങിലൂടെ വിജയം വരിച്ച ഡാര്‍ജിലിങില്‍ നിന്നുള്ള പ്രശാന്ത് തമാങ്ങ്.
കരാറും കാറും ഫ്ലാറ്റും അടക്കം 50 ലക്ഷമോ ഒരു കോടിയോ മറ്റോ വിജയിക്കു നല്‍കുമ്പോള്‍ ചാനലുകാര്‍ സമ്പാദിക്കുന്നത് എത്ര കോടിയെന്ന് അവര്‍ പരസ്യപ്പെടുത്തുന്നുണ്ടോ. ഇല്ല, ഒരിക്കലുമില്ല. പൊതുജനത്തിന്റെ കാശല്ലേ എങ്ങനെ പറയും.
വാല്‍ക്കഷണം(കഴുതരാഗത്തില്‍):
പൊതുജനത്തെ കഴുതയാക്കുകയാണോ അതോ പൊതുജനം സ്വയം കഴുത ആവുകയാണോ?
*****
ഇന്ത്യന്‍ ഐഡള്‍-3: അപ്‌ഡേറ്റ് (കമന്റുകളില്‍)
കൃഷ്.