Wednesday, November 14, 2007

ട്രാക്ക് ബോയ്സ് - ഒരു ശിശുദിനം കൂടി.

ഇന്ന് നവംബര്‍ 14 - ശിശുദിനം. രാജ്യമെമ്പാടും ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ പുത്തന്‍ ഉടുപ്പിട്ട് സ്കൂളില്‍ പോകുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുന്നു(?). ബാലവേല നിര്‍ത്താന്‍ പരിപാടികള്‍ ഊര്‍ജ്ജിതമാക്കുന്നു(?). കുട്ടികള്‍ പലവിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ പ്രസംഗിക്കുന്നു(?). അങ്ങനെ ഒരു ശിശുദിനം കൂടി എന്നത്തെയും പോലെ കടന്നു പോകുന്നു.

പക്ഷേ എന്നിട്ടും 3 നേരം ഭക്ഷണം ലഭിക്കാത്ത, പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത, ചൂഷണം ചെയ്യപ്പെടുന്ന എത്ര കുട്ടികള്‍ ഈ നാട്ടില്‍.

“സലാം അണ്ണാ‍“ .

ട്രാക്ക് ബോയ്സ് - ഇത് റെയില്‍‌വേ സ്റ്റേഷനേയും തീവണ്ടികളേയും ആശ്രയിച്ച് ആഹാരവും വരുമാനവും കണ്ടെത്തുന്ന കുറച്ച് കുട്ടികള്‍. ഇവരുടെ ഭാവിയും റെയില്‍‌വേയെ ആശ്രയിച്ചുതന്നെയായിരിക്കും.

ബൈ ബൈ, റൊമ്പ നന്‍‌റി. അപ്പറം സന്ധിക്കലാം.

ഇവര്‍ക്കെന്ത് ശിശുദിനം. എന്നും ഒരുപോലത്തെ ദിനം.

ഇതാ വേറൊരു കാഴ്ച.

ഒറ്റനോട്ടത്തില്‍ അസാധാരണമായി ഒന്നും തോന്നുന്നില്ലെങ്കിലും ഒന്ന് ശ്രദ്ധിക്കൂ. ഒരു പൊതുപരിപാടിയില്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടാതെ വി.ഐ.പി. പവലിയന്റെ മുന്നിലെ പൂച്ചെട്ടികള്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഈ പെണ്‍‌കുട്ടികള്‍, ഇവരുടെ സമപ്രായത്തിലുള്ള മറ്റു കുട്ടികളുടെ നൃത്തപരിപാടികള്‍ ആസ്വദിക്കുകയാണ്. ഒന്നുകൂടി ശ്രദ്ധിക്കൂ, ആ കുട്ടിയുടെ കൈയ്യിലുള്ള കുപ്പിയില്‍ പാലോ ഹോര്‍ലിക്സോ ആയിരിക്കാന്‍ സാധ്യതയില്ല. പിന്നെന്താണ്? തീര്‍ച്ചയായും അതില്‍ നാടന്‍ കള്ളാണ്. ഒരു മരുന്നിട്ട്, ചോറ് പുളിപ്പിച്ചെടുക്കുന്ന (റൈസ് ബിയര്‍), കള്ളിന്റെ രുചിയും മണവും വീര്യവുമുള്ള സാധനം. ഇത് ആദിവാസികളുടെ ഇടയില്‍ വര്‍ജ്യമല്ലാത്തതുകൊണ്ട് അവര്‍ക്ക് അതില്‍ ആശ്ചര്യമില്ല.


സമ്പന്നരുടെ മക്കള്‍ക്ക് ശിശുദിനം, മറ്റുള്ളവര്‍ക്ക് ശ്ശി..ശൂ..ദിനം.

Saturday, October 20, 2007

ദേ, ഞങ്ങളെ അധിക്ഷേപിച്ചാലുണ്ടല്ലോ..

ദേ, ഞങ്ങളെ അധിക്ഷേപിച്ചാലുണ്ടല്ലോ..
(വാനര രോദനം)

വിവാദം, വിവാദം, എല്ലായിടത്തും വിവാദം. കളിക്കളത്തിലും അതിനു കുറവൊന്നുമില്ല. ക്രിക്കറ്റ്‌ കളി നടക്കുന്നിടത്തും വിവാദം. ആസ്ത്രേലിയക്കാര്‍ ഇന്ത്യയില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ വന്നപ്പോള്‍ കറുത്ത്‌, ചെടപിടിച്ച മുടിയും, ചുണ്ടില്‍ ചുണ്ണാമ്പും തേച്ച ഒരുത്തനെ ചൂണ്ടി മൂന്ന്‌ നാലു പേര്‍ വഡോധരയിലും മുംബൈയിലും ഡാന്‍സ്‌ ചെയ്തുവത്രേ. അതും ഞങ്ങള്‍ കളിക്കുന്ന മൈക്കിള്‍ ജാക്സണ്‍ സ്റ്റെയിലിലുള്ള ബ്രേക്ക്‌ ഡാന്‍സ്‌. അതിനവര്‍ പറയുന്നത്‌ വാനരനൃത്തം കളിച്ചെന്ന്‌. ദേ, ഞങ്ങളുടെ ഡാന്‍സ്‌ എന്താ അത്ര മോശമാണോ.


പിന്നെ, ഞങ്ങള്‍ അത്ര മോശക്കാരൊന്നുമല്ല. ഞങ്ങളുടെ മുതുമുത്തച്ചന്മാരെ ആരാധിക്കുന്നവരാണ്‌ ഭാരതീയര്‍. അതിലൊരു മുതുമുത്തച്ചനായ സാക്ഷാല്‍ ഹനുമാനെക്കുറിച്ച്‌ ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ. ശ്രീരാമലക്ഷമണന്മാര്‍ ലങ്കയില്‍ മൃതപ്രായരായി കിടന്നപ്പോള്‍ മൃതസജ്ഞീവനി നിലകൊള്ളുന്ന ഹിമാലയപര്‍വ്വതനിരകളിലൊന്നിനെ, ഹോട്ടലിലെ വെയിറ്റര്‍ ചില്ലി ചിക്കന്‍ കൊണ്ടുവരുന്നതുപോലെയല്ലേ, കൊണ്ടുവന്ന് അവര്‍ക്ക്‌ ജീവന്‍ വെപ്പിച്ചത്‌. വാനരസേനയുടെ പ്രാധാന്യം സഹായവും വിസ്മരിക്കാനവുമോ. ഈ വാനരസേനയുടെ ആശയത്തെ ഉള്‍ക്കൊണ്ടല്ലേ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ വാനരസേന എന്ന ബാലസേന രൂപീകരിച്ചത്‌. ഞങ്ങളുടെ മുതുമുത്തച്ചന്മാരുടെ സഹായത്തോടെയല്ലേ കടലില്‍ രാമസേതു നിര്‍മ്മിച്ചത്‌.(അതിപ്പോ ആരാണ്ടൊക്കെകൂടി പൊളിക്കാന്‍ പോണെന്നു കേട്ടു, യന്ത്രസഹായമില്ലാതെ അതുപോലെ ഒരെണ്ണം ഉണ്ടാക്കാന്‍ നിങ്ങളെ കൊണ്ടു പറ്റുമോ). ലങ്കേശ്വരന്‍ രാവണനെയും മറ്റും ഒരു കളി (ക്രിക്കറ്റല്ലാട്ടൊ) പഠിപ്പിച്ചതാ, എന്നിട്ടാ ഹനുമാന്‍ സ്വര്‍ണ്ണലങ്കാപുരിക്ക്‌ തീയിട്ടത്‌. ശിവാംശമുള്ള, വായുപുത്രന്‍ ഹനുമാന്റെ എത്രയെത്ര ക്ഷേത്രങ്ങളാണ്‌ ഇന്ത്യയിലുള്ളത്‌.


കോടിക്കണക്കിനാളുകള്‍ ഹനുമാന്‍ജിയുടെ ഭക്തരാണ്‌, ആരാധകരാണ്‌, അതെ ഫാന്‍സ്‌ ആണ്‌. അതിനാല്‍ അതില്‍ ചിലര്‍ ആവേശം കൊണ്ട്‌ നൃത്തം ചെയ്തു കാണും. മയൂരനൃത്തം ചെയ്യുന്നത്‌ എല്ലാവരും ഇഷ്ടപ്പെടുന്നില്ലേ, ആരെങ്കിലും അധിക്ഷേപിച്ച്‌ പറയുന്നുണ്ടോ. പുലിക്കളി കളിക്കാനും, കാണാനും എന്ത്‌ ആവേശവും ആഹ്ലാദവുമാണ്‌. തരുണീമണികളുടെ 'പൂച്ചനടത്തം' കാണാന്‍ എന്തൊരു ചേല്‌. എന്നിട്ട്‌ ഞങ്ങളുടെ നൃത്തം മാത്രം മോശമോ, അത്‌ അധിക്ഷേപമോ? എന്തിന്‌ കഴുതക്കരച്ചില്‍ കരഞ്ഞാലോ,പൂച്ചക്കരച്ചിലോ, കുറുക്കന്റെ ഓരിയിടല്‍ ശബ്ദം ഉണ്ടാക്കിയാല്‍പോലും ആരും അത്ര സീരിയസ്‌ ആയി എടുക്കാറില്ലല്ലോ. പിന്നെ, ഞങ്ങളെ ആരാധിക്കുന്ന ചില ഫാന്‍സ്‌ ഒരു നൃത്തം ചെയ്തതാണോ ആസ്ത്രേലിയക്കാര്‍ക്ക്‌ ഇത്രയും അപമാനമായത്‌? അവരെ സമാധാനിപ്പിക്കാനായി ആ ഫാന്‍സിനെതിരെ പോലീസ്‌ കേസും എടുത്തിരിക്കുന്നു. ഇത്‌ ഞങ്ങളുടെ നൃത്തത്തേയും മുദ്രകളേയും ആക്ഷേപിക്കലും അധിക്ഷേപിക്കലുമല്ലേ? ഇതിനെതിരെ ഞങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമില്ലേ? മനേകാജി, 'പേറ്റ'ക്കാരെ, കേള്‍ക്കുണ്ടോ നിങ്ങള്‍. മൃഗാവകാശധ്വംസനമല്ലേ ഇത്‌.


20-20 ചാമ്പ്യന്മാരും ഏകദിന ചാമ്പ്യന്മാരും ഇന്ന്‌(ശനിയാഴ്ച) മുംബൈയില്‍ 20-20 ക്രിക്കറ്റ്‌ കളിയില്‍ ഏറ്റുമുട്ടുകയാണത്രേ. കിറുക്ക്‌ പിടിച്ച്‌ കളി കാണാന്‍ ഞങ്ങള്‍ ഇനി സ്റ്റേഡിയത്തില്‍ ചെന്നാല്‍, ആസ്ത്രേലിയക്കാരെ അപമാനിച്ചെന്നു പറഞ്ഞ്‌ കേസ്‌ ചാര്‍ജ്‌ ചെയ്ത്‌ അറസ്റ്റ്‌ ചെയ്യുമോ?

ഇനി, ഈ ആസ്ത്രേലിയക്കാര്‍ക്ക്‌ ഇഷ്ടമുള്ള നൃത്തം എന്താണാവോ? അര്‍ദ്ധനഗ്നരായ തരുണീമണികളുടെ 'പൂച്ചനടത്ത'മോ?

അതോ ഇനി കംഗാരു ഡാന്‍സ്‌ ആണോ അവരുടെ ഇഷ്ടനൃത്തം?
ഹേ, ആജ്ഞനേയാ !!


കൃഷ്‌