Thursday, November 29, 2007

കാന്‍സര്‍ രോഗത്തിനു പ്രതിവിധി?

കാന്‍സര്‍ രോഗത്തിനു പ്രതിവിധി?

മാരകമായ കാന്‍സര്‍ രോഗത്തിനു ഫലപ്രദമായ ചികില്‍സയില്ല എന്ന പണ്ടുള്ള സ്ഥിതിയില്‍ നിന്നും, നിരന്തരമായ വൈദ്യശാസ്ത്രത്തിന്റെ ഗവേഷണമുന്നേറ്റം കൊണ്ട്‌, ഇന്ന് ഇത് കുറെയേറെയൊക്കെ ആരംഭദശയില്‍ തന്നെ ചികില്‍സിച്ചുമാറ്റാം എന്ന നിലയിലായിട്ടുണ്ട്‌. കാന്‍സര്‍ ബാധിച്ച കോശങ്ങളെ റേഡിയേഷന്‍, കെമോതെറാപ്പി (റേഡിയേഷനും കെമോതെറാപ്പിയും ശരീരത്തിന്‌ വളരെ ദോഷം ചെയ്യുന്ന ഒന്നാണ്‌) തുടങ്ങിയ രീതിവെച്ച്‌ കരിച്ചുകളയാമെങ്കിലും, കാന്‍സര്‍ ബാധിച്ച കോശങ്ങളില്‍ നിന്നും മറ്റു കോശങ്ങളിലേക്ക്‌ പടരുന്നത്‌ തടയുക - അതാണ്‌ ഏറ്റവും പ്രധാനം.

ഇപ്പോഴിതാ കാന്‍സര്‍ബാധയുമായി മല്ലിടുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. കഴിഞ്ഞ 14 വര്‍ഷത്തിലേറെയായി നിരന്തരം ഇതിനുള്ള പ്രതിവിധിക്കായി ഗവേഷണം നടത്തുന്ന വൈദ്യശാസ്ത്രജ്ഞന്മാര്‍ക്ക്‌ ഒരു നല്ല റിസല്‍ട്ടാണ്‌ കിട്ടിയിരിക്കുന്നത്‌. രോഗം ബാധിച്ച കോശങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്ന/ഇല്ലാതാക്കുന്ന ഒരു ജീന്‍ ഇവര്‍ കണ്ടെത്തിയിരിക്കുന്നു. കെന്റുക്കി യുണിവേര്‍സിറ്റിയിലെ യു.കെ. കോളേജ്‌ ഓഫ്‌ മെഡിസിനിലെ റേഡിയേഷന്‍ മെഡിസിന്‍ പ്രോഫ. ഡോ.വിവേക്‌ രംഗ്‌നേക്കറുടെ നേതൃത്വത്തിലുള്ള ഗവേഷണം ടീം ആണ്‌ പാര്‍-4 എന്നു വിളിക്കുന്ന ഈ ജീന്‍ തെറാപ്പി എലികളില്‍ പരീക്ഷിച്ചു വിജയം കൈവരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍.

പ്രൊഫ.വിവേക് രംഗ്‍നേക്കര്‍

ഇന്ത്യന്‍ വംശജനും മുബൈക്കാരനുമായ ഡോ.രംഗ്‌നേക്കര്‍ പാര്‍-4 ജീനുകളെ 1993-ലാണ് ആദ്യമായി തിരിച്ചറിഞ്ഞത്. വളര്‍ച്ച മുരടിച്ച/മരിച്ച കോശങ്ങളെ തള്ളിക്കളയുന്നതിനും ഈ ജീന്‍ തെറാപ്പി സഹായകരമാകുന്നുവത്രേ. മാരകമായ കാന്‍സറെ പോലും പ്രതിരോധിക്കാന്‍ ശക്തിയുള്ള സൂപ്പര്‍ എലിയെ ഈ ഗവേഷകര്‍ ഈയിടെ വികസിപ്പിച്ചെടുത്തു.


പാര്‍-4 ജീനുകളോടുകൂടി ജനിച്ച എലികള്‍ക്ക്‌ ട്യൂമര്‍ വളരുന്നില്ല എന്നും പ്രോസ്റ്റേറ്റിലെ ട്യൂമര്‍ വളര്‍ച്ചയെ പാര്‍-4 ജീന്‍ ഉപയോഗിച്ചു തടയാന്‍ പറ്റുമെന്നാണ്‌ കണ്ടെത്തല്‍. ഇത്തരം എലികള്‍ കൂടുതല്‍ കാലം ജീവിക്കുന്നതായും കണ്ടെത്തിയിരിക്കുന്നു.

പാര്‍-4 ജീനോടുകൂടി ജനിപ്പിച്ചെടുത്ത സൂപ്പര്‍ എലി

പാര്‍-4 ജീനിന്റെ പ്രധാന പ്രത്യേകത എന്തെന്നുവെച്ചാല്‍ ഇത്‌ കാന്‍സര്‍ ബാധിച്ച കോശങ്ങളെ മാത്രം നശിപ്പിക്കുകയും അതേ സമയം മറ്റു സാധാരണ കോശങ്ങളുടെ വളര്‍ച്ചക്ക്‌ തടസ്സമാവുകയും ചെയ്യുന്നില്ല എന്നതാണ്‌. പാര്‍ശ്വഫലങ്ങളില്ലാതെ, മജ്ജ മാറ്റലിലൂടെ, മനുഷ്യരില്‍ പാര്‍-4 ജീനിനെ ഉപയോഗിച്ച്‌ കാന്‍സര്‍ ബാധിച്ച കോശങ്ങളെ നശിപ്പിക്കാം പറ്റുമെന്നാണ്‌ ഗവേഷകരുടെ നിഗമനം. (ഈ ഗവേഷണഫലം ഒക്ടോബര്‍ മാസത്തെ കാന്‍സര്‍ റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടത്രേ)മനുഷ്യരില്‍ ഇതു പ്രയോഗിക്കുന്നതിനു മുന്‍പായി ഇനിയും ചില പരീക്ഷണങ്ങളും മറ്റും നടത്തേണ്ടതുണ്ടെന്ന് പ്രൊഫ. രംഗ്‍നേക്കര്‍ വെളിപ്പെടുത്തി. എങ്കിലും ഇത്‌ പ്രത്യാശക്ക്‌ വക നല്‍കുന്നു.


കാന്‍സര്‍ എന്ന ഈ മഹാരോഗത്തെ കാലതാമസം കൂടാതെ ഫലപ്രദമായി ചികില്‍സിച്ചുമാറ്റുന്നതിനു ഈ നൂതന ഗവേഷണം സഹായകമാകുമെങ്കില്‍, അത്‌ ക്യാന്‍സര്‍ രോഗംകൊണ്ടും പരമ്പരാഗത ചികില്‍സകൊണ്ടും അതികഠിന വേദന അനുഭവിക്കേണ്ടിവരുന്ന മനുഷ്യജാതിക്ക്‌ ഒരു വരദാനമാകും. താമസിയാതെ ഇതിന്റെ ഗുണം ലോകമെമ്പാടുമുള്ള കാന്‍സര്‍ രോഗികള്‍ക്ക്‌ ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

18 comments:

കൃഷ്‌ | krish said...

കാന്‍സര്‍ബാധയുമായി മല്ലിടുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത.
രോഗം ബാധിച്ച കോശങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്ന/ഇല്ലാതാക്കുന്ന ഒരു ജീന്‍ എലിയില്‍ പരീക്ഷിച്ച് വിജയം കണ്ടെത്തിയിരിക്കുന്നു.

അപ്പു said...

മാഷേ.. നല്ല ലേഖനം. ഇതങ്ങനെതന്നെ മലയാളം വിക്കിയിലേക്ക് കോപ്പി പേസ്റ്റ് ചെയ്തിടൂ..

മുരളി മേനോന്‍ (Murali Menon) said...

ഇങ്ങനെയുള്ള പുതിയ അറിവുകള്‍ ബ്ലോഗിലൂടെ അറിയിക്കുന്നത് വളരെ ഉപകാരപ്രദമാണ്.
കൃഷിന് അഭിനന്ദനങ്ങള്‍!

ഹരിശ്രീ (ശ്യാം) said...

വിജ്ഞാനപ്രദം , ലേഖനം നന്നായി. കീമോതെറാപി എന്നാണോ കെമോതെറാപി എന്നാണോ ശെരിയായ ഉച്ചാരണം?

പ്രയാസി said...

വിജ്ഞാനപ്രദമായ ഒരു ലേഖനം..നന്നായി..അഭിനന്ദനങ്ങള്‍..!
വേദന കാര്‍ന്നു തിന്നുന്ന ജീവിതങ്ങള്‍ക്കു ആശാസമാകട്ടേയെന്നു പ്രാര്‍ത്ഥിക്കാം..

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
This comment has been removed by the author.
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

ക്യാന്‍‌സര്‍ അഥവാ അര്‍ബുദം എന്നാല്‍ എന്ത് എന്നതിനെ പറ്റി ഇന്നും സാമാന്യജനങ്ങള്‍ക്ക് ഒരു ധാരണയുമില്ല . ജീവനുള്ള എന്തും സസ്യങ്ങളും കോശവിഭജനത്തിലൂടെയാണ് വളരുന്നത് . മനുഷ്യശരീരത്തിലും കോശങ്ങള്‍ സദാ വിഭജിച്ച് പുതിയ കോശങ്ങള്‍ ഉണ്ടാവുന്നു. ചിലപ്പോള്‍ കോശങ്ങള്‍ ക്രമം തെറ്റി വളരുന്നു . അത് ശരീരത്തില്‍ എവിടെയും വളരാം . അതാണ് അര്‍ബുദം . ഇങ്ങിനെ വളരുന്ന അര്‍ബുദ കോശങ്ങളെ റേഡിയേഷനിലൂടെ കരിക്കുക എന്നതാണ് ഇപ്പോഴുള്ള സമ്പ്രദായം . അങ്ങിനെ കരിച്ചാലും ക്രമേണ കോശങ്ങള്‍ വീണ്ടും വളര്‍ന്നു വരുന്നു . അര്‍ബുദം ഉണ്ടാക്കുന്നത് വൈറസ്സാണല്ലോ . വൈറസ്സുകളെ നശിപ്പിക്കാനുള്ള ഉപായം ഇനിയും ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടില്ല . വൈറസ്സുകളെ നേരിടാനുള്ള ഇപ്പോഴത്തെ ഫലപ്രദമായ മാര്‍ഗ്ഗം വാക്സിനേഷനാണ് . വസൂരി,പോളിയോ എന്നീ മാരകരോഗങ്ങളില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാന്‍ വാക്സിനേഷന് കഴിഞ്ഞു . എത് വൈറസ് ആണ് ക്യാന്‍‌സര്‍ ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍ അതിനെതിരെയും വാക്സിന്‍ ഉണ്ടാക്കാന്‍ കഴിയും . ആ വഴിക്കുള്ള ഗവേഷണവും പുരോഗമിക്കുന്നുണ്ട് . ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തമാണ് ജീന്‍ തെറാപി . ജീന്‍ തെറാപിയിലൂടെ മാരകമായ രോഗങ്ങള്‍ മാറ്റാനും , ജന്മനാ ഉള്ളതും പാരമ്പര്യവുമായ വൈകല്യങ്ങള്‍ പരിഹരിക്കാനും കഴിയുമെന്ന് ഈ ഗവേഷണം നമുക്ക് സൂചന നല്‍കുന്നു. ഇത് ശുഭോദര്‍ക്കമാണ് , ഇതിവിടെ പങ്ക് വെച്ചതിന് അഭിനന്ദിക്കുന്നു.

മന്‍സുര്‍ said...

കൃഷ്‌ ..

വീണ്ടും പ്രതീക്ഷകള്‍....വിജയിച്ചിരുന്നെങ്കില്‍

ഇതിനുള്ള കമന്‍റ്റ്‌ മറ്റൊരു പോസ്റ്റിലൂടെ പറയാന്‍ മനസ്സ്‌ കൊതിക്കുന്നു
സന്തോഷിക്കുമായിരുന്നു അല്‍പ്പം വൈകി പോയി
ഈ പുതിയ അറിവിന്ന്‌ നന്ദി


നന്‍മകള്‍ നേരുന്നു

അനാഗതശ്മശ്രു said...

thanks for sharing the info

ശ്രീ said...

നല്ല ലേഖനം!

:)

കുട്ടന്മേനോന്‍ said...

nalla lekhanam

Geetha Geethikal said...

അറിവു പകരുന്ന ഈ ലേഖനം ഇഷ്ടമായി..

വേണു venu said...

വിജ്ഞാനപ്രദമായ ഈ ലേഖനം പങ്കുവച്ചതിനു് നന്ദി കൃഷു്.

അലി said...

വിജ്ഞാനപ്രദമായ പോസ്റ്റ്.
പരിചയപ്പെടുത്തിയതിന്‌ നന്ദി.

അഭിനന്ദനങ്ങള്‍...

ഏ.ആര്‍. നജീം said...

നന്നായി കൃഷ്,,,
നല്ല ലേഖനം അഭിനന്ദനങ്ങള്‍

ഹരിശ്രീ said...

വിജ്ഞാനപ്രദമായ ഈ പോസ്റ്റിന് നന്ദി..

ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു,

കൃഷ്‌ | krish said...

അപ്പു: നന്ദി. അതേപടി ചേര്‍ത്തിട്ടുണ്ട്.
മുരളിമേനോന്‍: നന്ദി.
ഹരിശ്രീ(ശ്യാം): നന്ദി. ‘കീ’ അതാണ് ശരിയെന്ന് തോന്നുന്നു.
പ്രയാസി: നന്ദി.
കെ.പി.സുകുമാരന്‍: നന്ദി മാഷേ. താങ്കളുടെ കമന്റും ഗംഭീരമായി.
മന്‍സൂര്‍: നന്ദി.
അനാഗതശ്മശ്രു: നന്ദി.
ശ്രീ: നന്ദി.
കുട്ടന്‍‌മേനോന്‍: നന്ദി.
ഗീതഗീതികള്‍: നന്ദി.
വേണു: നന്ദി.
അലി: നന്ദി.
നജീം: നന്ദി.
ഹരിശ്രീ: നന്ദി.

Prasanth. R Krishna said...

To see the video on the Thookkam click here http://www.youtube.com/watch?v=P_XtQvKV6lc