Monday, December 11, 2006

ടിക്കറ്റ്‌..ടിക്കറ്റ്‌!!

ടിക്കറ്റ്‌..ടിക്കറ്റ്‌!!

ഇത്‌ ഏകദേശം ഒന്നര വര്‍ഷം മുന്‍പ്‌ നടന്ന ഒരു സംഭവം.
എന്റെ ഒരു സുഹൃത്ത്‌ ശ്രീമാന്‍ പ്രകാശ്‌ (യഥാര്‍ത്ഥ പേരല്ല) അവധിക്ക്‌ നാട്ടിലേക്ക്‌ പോകാനൊരുങ്ങുന്നു. സഹധര്‍മ്മിണിയുടെ രണ്ടാം പ്രസവം അടുത്തുവരുന്നു.

അതിനുമുന്‍പായി കഥാനായകനെക്കുറിച്ച്‌ അല്‍പ്പം:
ആളൊരു സാമാന്യം ഭേദപ്പെട്ട വ്യക്തി. യാതൊരു ദുഃശ്ശീലങ്ങളും ഇല്ല. എല്ലാ ദിവസങ്ങളിലും ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റ്‌ എടുക്കുമെന്നതൊഴിച്ചാല്‍. ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റ്‌ എടുക്കുന്നത്‌ എന്താ ഒരു ദു:ശ്ശീലമാണോ. മിക്കവാറും ദിവസങ്ങളില്‍ കാശും കിട്ടുന്നുമുണ്ട്‌. അപ്പോള്‍പിന്നെ ഒട്ടുമല്ല. അതെന്ത്‌രു ലോട്ടറിയാപ്പാ മിക്ക ദിവസങ്ങളിലും സമ്മാനമടിക്കുന്നത്‌ എന്ന്‌ ചിലര്‍ക്കെങ്കിലും സംശയം തോന്നാം. നേരത്തെ ഓരോ മണിക്കൂറിനും ഡ്രാ ചെയ്തിരുന്ന സിക്കീം 'ജോക്കര്‍' പോലുള്ള ഓണ്‍ലൈന്‍ ലോട്ടറികള്‍ ഇപ്പോള്‍ 20 മിനിറ്റിന്‌ ഒരു ഡ്രാ എന്ന രീതിയിലെത്തി നില്‍ക്കുകയാണ്‌. ജനങ്ങളുടെ തിരക്ക്‌ കൂടിയപ്പോള്‍ മുക്കിനും മൂലക്കും ഓണ്‍ലൈന്‍ ലോട്ടറി സെന്ററുകളും തുറന്നിരിക്കുകയാണ്‌ ഇവിടെ. നടത്തിപ്പുകാര്‍ക്ക്‌ അത്രയും കൂടുതല്‍ ലാഭം. ഇടക്ക്‌ വല്ലപ്പോഴും കിട്ടുമെങ്കിലും, ഇതില്‍ ഭ്രമം പിടിച്ചവര്‍ കൂടുതല്‍ കാശ്‌ കളയുന്നു. പേപ്പര്‍ ലോട്ടറിയാണെങ്കില്‍ ഇവിടെ കണികാണാന്‍പോലും കിട്ടാനില്ല. എന്നുകരുതി ഇവിടെനിന്നും ലോട്ടറി ഇറക്കുന്നില്ല എന്ന്‌ അര്‍ത്ഥമില്ല. ഈ സംസ്ഥാനത്തുനിന്നും 50 - 60 പേപ്പര്‍ ലോട്ടറിയാണ്‌ ഓരോ ദിവസവും പടച്ചുവിടുന്നത്‌. പച്ചേങ്കില്‌ ടിക്കറ്റ്‌ വേണമെങ്കില്‍ ദക്ഷിണേന്ത്യയിലോ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലോ പോണന്നുമാത്രം. നമ്മുടെ നായകനാണെങ്കില്‍ ദിവസവും രാവിലെപോയി ഒരു കെട്ട്‌ ടിക്കറ്റ്‌ വാങ്ങുന്നു. ഓരോ 20 മിനുറ്റിനും ഒന്നോ രണ്ടോ വെച്ച്‌. ഓഫീസ്‌ സമയം കഴിയുന്നതുവരെ ഇതുമതി. റിസല്‍ട്ട്‌ ഇടക്ക്‌ ഫോണിലൂടെയോ അല്ലെങ്കില്‍ ഇന്റര്‍നെറ്റിലൂടെയോ അറിയാം. വൈകുന്നേരമാകുമ്പോഴേക്കും ഇതില്‍ ഏതെങ്കിലുമൊക്കെ അടിച്ചിട്ടുണ്ടാകും. അടിക്കാതിരിക്കാന്‍ നിവൃത്തിയില്ല. പുള്ളിക്കാരന്‍ ടിക്കറ്റ്‌ എടുക്കുന്ന രീതി ഞാന്‍ ഇവിടെ പറയുന്നില്ല. അതൊരു ട്രേഡ്‌ സീക്രട്ടായിതന്നെ ഇരിക്കട്ടെ. ഓഫീസ്‌ സമയം കഴിഞ്ഞാല്‍ നേരെ പോകുന്നത്‌ ഏതെങ്കിലുമൊരു ഓണ്‍ലൈന്‍ ലോട്ടറി സെന്ററിലേക്ക്‌. സമ്മാനം കിട്ടിയതിന്റെ കാശും വാങ്ങി ഇനിയങ്ങോട്ട്‌ രാത്രി 9 മണി വരെയുള്ള ടിക്കറ്റുകള്‍ ബാച്ച്‌ ബാച്ചായി വാങ്ങുന്നു. ഇതിനിടക്കുള്ള ഇടവേളകള്‍ സുര-സുന്ദര ലഹരിമയമാക്കാന്‍ ലേശം 'വീശു'മെന്നതൊഴിച്ചാല്‍ ഏയ്‌.. വേറെ യാതൊരു ദുഃശ്ശീലങ്ങളുമില്ല. 'തണ്ണി'ധാതാവായ ഓണ്‍ലൈന്‍ ദൈവത്തിന്‌ സ്തുതി. ദിവസവും ഒന്നോ രണ്ടോ 'ക്വാര്‍ട്ടറി'നുള്ള വക തരുന്നതല്ലേ. മറ്റ്‌ ചിലവുകള്‍ക്കുള്ള കാശ്‌ വേറെയും. നാട്ടില്‍ കുടുമ്മത്ത്‌ ചെന്നാല്‍ പരിശുദ്ധ വെജിറ്റേറിയനും ഇവിടേയാണെങ്കില്‍ അതിവിശുദ്ധ നോണ്‍-വെജിറ്റേറിയനുമായ കഥാനായകനാണെങ്കില്‍ നാട്ടുനടപ്പനുസരിച്ച്‌ സമയത്തിന്‌ കല്യാണം കഴിക്കാന്‍ കുറച്ച്‌ വൈകി. പുര നിറഞ്ഞ്‌ കവിഞ്ഞ്‌... അതായത്‌ ബാച്ചിയായി കുറെക്കാലം വിലസിയിട്ടുണ്ട്‌. ഏയ്‌ ശ്രമിക്കാതെയല്ലാ.. നിര്‍ഭാഗ്യത്തിന്‌ സമയത്ത്‌ നടന്നില്ലെന്നു കരുതിയാല്‍ മതീന്ന്‌.
***
അങ്ങിനെ ലീവിന്‌ പോകാന്‍ വണ്ടികയറി ഗോഹാട്ടിയിലെത്തി. അവിടെനിന്നും തിരുവനന്തപുരം എക്സ്പ്രെസ്സില്‍ റിസര്‍വേഷനുണ്ട്‌. ബെര്‍ത്ത്‌ കിട്ടി. ലഗ്ഗേജെല്ലാം വെച്ചു. പോക്കറ്റില്‍ ഒന്നുകൂടി കൈയിട്ട്‌ നോക്കി. യാത്രക്കുവേണ്ട രൂപയും ടിക്കറ്റുമെല്ലം ഉണ്ട്‌. എവരിതിംഗ്‌ ഓക്കെ. ഭാര്യയേയും കുഞ്ഞിനേയും കാണാനുള്ള ഒരു തിടുക്കം. ഓരോ കാര്യങ്ങളുമോര്‍ത്ത്‌ അങ്ങിനെ കിടന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ TTE വന്നു ഓരോരുത്തരോടായി ടിക്കറ്റ്‌ ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിച്ച 'നാന'യിലെ സുന്ദരിമാരുടെ പടങ്ങളും ഗോസ്സിപ്പുകളും നോക്കിക്കൊണ്ട്‌ കിടന്ന കഥാനായകനോട്‌ TTE ടിക്കറ്റ്‌ ചോദിച്ചു. പുള്ളി കിടന്നുകൊണ്ടുതന്നെ പോക്കറ്റില്‍ കൈയിട്ട്‌ ടിക്കറ്റ്‌ എടുത്ത്‌ TTE യുടെ കൈയ്യില്‍ കൊടുത്തു, കണ്ണുകള്‍ വീണ്ടും 'നാന'യില്‍ പരതി.TTE വീണ്ടും ചോദിക്കുന്നു..
"സര്‍ ടിക്കറ്റ്‌ പ്ലീസ്‌"
"അതല്ലേ തന്നത്‌"- പുസ്തകത്തില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
" നോ സര്‍.. പ്ലീസ്‌ ഷോ മീ ദി റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ്‌. ദിസ്‌ ഈസ്‌ നോട്ട്‌ ദി റെയില്‍വേ ടിക്കറ്റ്‌"
"ങേ..!!" റെയില്‍വേ ടിക്കറ്റല്ലേ.
നോക്കിയപ്പോഴുണ്ട്‌ ഓണ്‍ലൈന്‍ ലോട്ടറിയുടെ 3-4 ടിക്കറ്റ്‌ മടക്കിവെച്ചിരിക്കുന്നതാണ്‌. ഇതാണ്‌ നോക്കാതെ എടുത്ത്‌ കൊടുത്താല്‍.
"ഒരു മിനിറ്റ്‌" ജാള്യത മറച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ട്‌, പ്രകാശ്‌ വീണ്ടും പോക്കറ്റില്‍ കൈയ്യിട്ട്‌ പരതി.. പോക്കറ്റില്‍ കാണുന്നില്ല.. വീണ്ടും തപ്പി.. ഹാന്‍ഡ്‌ ബാഗില്‍ നോക്കി.. കാണുന്നില്ല. പിന്നെ ഇത്‌ എവിടെപ്പോയി.. ഞാന്‍ വണ്ടിയില്‍ കയറുന്നതിന്‌ മുന്‍പ്‌ നോക്കിയിട്ട്‌ വെച്ചതാണല്ലോ. ലഗ്ഗേജ്‌ തുറന്ന്‌ നോക്കി. അതിലും കാണുന്നില്ല. അവസാനം ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പിഴയുമടക്കം 5 ഇരട്ടി കൊടുത്തപ്പോള്‍ TTE പുതിയ ടിക്കറ്റും രശീതിയും തന്നു. പ്രകാശ്‌ ഒന്നു വിയര്‍ത്തുപോയി. എങ്ങനെ വിയര്‍ക്കാതിരിക്കും. ടിക്കറ്റ്‌ എടുത്തതാണ്‌. ടിക്കറ്റ്‌ കാണിക്കാതിരുന്നതുകൊണ്ട്‌ ആള്‌ മാറിക്കയറിയതാണെന്നു വരെ പറയാമല്ലോ. അങ്ങനെ വഴിച്ചെലവിനായി കരുതിയ കാശ്‌ TTEക്ക്‌ സ്വാാഹ.!!
***
"ചായ്‌ .. ചായ്‌ .. ചായേ.. ചായ്‌.." ചായ വില്‍പ്പക്കാരന്റെ ഉച്ചത്തിലുള്ള വിളി കേട്ട്‌ പ്രകാശ്‌ ഉറക്കത്തില്‍നിന്നും ഞെട്ടി ഉണര്‍ന്നു..ജനലിലൂടെ വെളിയിലേക്ക്‌ നോക്കി. വണ്ടി ഒരു സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്‌. നേരം വെളുത്തിരിക്കുന്നു. കഴിഞ്ഞ രാത്രി നേരെ ചൊവ്വേ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
"ഒരു ചായ" പ്രകാശ്‌ ചായവില്‍പ്പനക്കാരനെ വിളിച്ചു. ചായ വാങ്ങിവെച്ച്‌ പേഴ്‌സ്‌ തുറന്ന്‌ ചായയുടെ കാശ്‌ കൊടുത്തു. പേഴ്‌സിനകത്ത്‌ വീണ്ടും ഒരു കെട്ട്‌ ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റുകള്‍. ദേഷ്യത്തോടെ അത്‌ വലിച്ചുകീറി കളയാനായി നിവര്‍ത്തിയപ്പോള്‍ അതാ വരുന്നു ഒറിജിനല്‍ റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ്‌ മടക്കിവെച്ച രൂപത്തില്‍. പ്രകാശിന്‌ അശ്ചര്യവും ദേഷ്യവും ഒരുമിച്ചാണ്‌ വന്നത്‌. TTE വന്നപ്പോള്‍ എത്ര തപ്പിയതാ. ഇവന്‍ ഇതിനകത്ത്‌ ഒളിച്ചിരിക്കുകയാണെന്ന്‌ ഒട്ടും കരുതീല്ല. വഴിച്ചെലവിന്‌ കരുതിയ കാശും പോയി.. ഒറിജിനല്‍ ടിക്കറ്റ്‌ ഇതാ കൈയ്യിലും.
"എന്റെ ഓണ്‍ലൈന്‍ ദേവാ.. എന്നോട്‌ ഇത്‌ വേണ്ടായിരുന്നു.!!" പ്രകാശ്‌ പറ്റിപ്പോയ അമളിയോര്‍ത്ത്‌ എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചിരുന്നു... അപ്പോഴേക്കും തീവണ്ടി പതുക്കെ നീങ്ങിതുടങ്ങിയിരുന്നു..
---
(മുന്‍കൂര്‍ ജാമ്യം: ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റ്‌ സ്ഥിരമായി എടുക്കുന്നവരുമായോ 'വീശുന്ന'വരുമായോ ഈ കഥയിലെ കഥാപാത്രത്തിന്‌ യാതൊരു ഓണ്‍ലൈന്‍ ലിങ്കും ഇല്ല, സാമ്യമുണ്ടെങ്കില്‍ യാദൃശ്ചികം മാത്രം.)

കൃഷ്‌ krish

12 comments:

krish | കൃഷ് said...

ടിക്കറ്റ്‌.. ടിക്കറ്റ്‌..
ഇതാ ഒരു ടിക്കറ്റ്‌ കഥ.. കഥയല്ലാ.. നടന്നതാണേ..

കൃഷ്‌ | krish

സു | Su said...

ഹിഹിഹി. ടിക്കറ്റ് കൊടുത്തതും വാങ്ങിപ്പോയി ടിടി ഇ യ്ക്ക് ഭാഗ്യം പരീക്ഷിച്ചുകൂടായിരുന്നോ? ഭാഗ്യം ഏതുവഴിക്ക് വരുമെന്ന് പറയാന്‍ പറ്റില്ല.

സജീവ് കടവനാട് said...

അറിയാവോ, എന്നിട്ട്‌ ആ ടിക്കറ്റില്‍ പ്രകാശിന്‌ ഫസ്റ്റ്പ്രൈസ്‌ ഉണ്ടയിരുന്നു. ഒന്നു ടെന്‍ഷ്യന്‍ അടിച്ചെങ്കിലെന്താ?
ബാക്കി കഥ കൂടി പറയൂ...

ശിശു said...

വിനാശ കാലേ വിപരീത ബുദ്ധി.
ഓഫ്‌:) ആരായിരുന്നൂ ഈ പ്രകാശന്‍? രഹസ്യമായിട്ടൊന്നു പറയണേ..

krish | കൃഷ് said...

സൂ:) സൂ-ന്റെ ബ്ലോഗ്‌ പിറന്നാല്‍ ദിവസം തന്നെ എന്റെ പോസ്റ്റിന്‌ തേങ്ങയടിച്ചതിന്‌ നന്ദി. അതുകൊണ്ടുതന്നെ ഈ പോസ്റ്റ്‌ സൂ-വിന്‌ സമര്‍പ്പണം. ഒപ്പം ഒരു ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റും.

TTE-ക്ക്‌ ടിക്കറ്റ്‌ വാങ്ങിച്ച്‌ വെക്കാമായിരുന്നു അല്ലേ.. അയാള്‍ അത്‌ അപ്പോള്‍ ഓര്‍ത്തുകാണില്ലായിരിക്കും. മണ്ടച്ചാര്‍..

കിനാവ്‌:) കിനാവെ അത്‌ സൂപ്പര്‍ ലോട്ടോ-യുടെ ടിക്കറ്റ്‌ അല്ലായിരുന്നു. അതിലല്ലേ ഫസ്റ്റ്‌ പ്രൈസും സെക്കന്റ്‌ പ്രൈസുമെല്ലാം. പ്രകാശ്‌ എടുത്തത്‌ സിക്കീം 'ജോക്കര്‍' ആണ്‌. ഇതില്‍ നമ്പര്‍ അല്ല കാര്‍ഡ്സിന്റെ കൊംബിനേഷന്‍ സെലെക്റ്റ്‌ ചെയ്യുകയാണ്‌. ഡയമന്‍ഡ്‌, ഹാര്‍ട്സ്‌, ക്ലബ്സ്‌, സ്പേഡ്‌ + കിംഗ്‌, ക്യൂണ്‍, പിന്നെ ജോക്കറും. അടിച്ചാല്‍, എത്ര രൂപക്ക്‌ ടിക്കറ്റ്‌ എടുത്തുവോ അതിന്റെ പത്തിരട്ടി കിട്ടും.

ഇതില്‍ രസകരമായ കാര്യം, പ്രകാശ്‌ നാട്ടില്‍ ചെന്ന്‌ അവിടത്തെ ഓണ്‍ലൈന്‍ സെന്ററില്‍ ചെന്നപ്പോള്‍ അതില്‍ രണ്ട്‌ ടിക്കറ്റില്‍ പ്രൈസ്‌ അടിച്ചിട്ടുണ്ടായിരുന്നു. പിന്നെന്തു വേണം. വീശാനുള്ള വഹ ഓണ്‍ലൈന്‍ ദേവന്‍ കടാക്ഷിച്ചു നല്‍കി.

ശിശു:) ശിശുവേ.. അറിഞ്ഞെട്ടെന്തു ചെയ്യാനാ.. പുള്ളിയുടെ കൈയ്യില്‍ നിന്നും ടിക്കറ്റ്‌ വാങ്ങിക്കുന്ന രീതി (ട്രേഡ്‌ സീക്രട്ട്‌) ചോര്‍ത്താനാണോ.. അതോ വൈകീട്ട്‌ പുള്ളിയുടെ കൂടെ കമ്പനി കൊടുക്കാനോ.. എന്തായാലും ആളേ ഞാന്‍ ഇവിടെ പറയില്ല. കട്ടായം. ഒന്ന്‌ ഊഹിച്ചുനോക്കൂ.


കൃഷ്‌ | krish

ലിഡിയ said...

ഈ ലോട്ടറിയും ഒരു ബാധ പോലെയാണ് ആ ക്രേസ് കയറിയാല്‍ പിന്നെ പോവാന്‍ പിന്നെ വല്ലാത്ത കഷ്ടം തന്നെ..

എന്തായാലും പ്രകാശന്‍ അല്പം കൂടി മച്വര്‍ ആയാവും തിരിച്ചെത്തിയെത് എന്ന പ്രതീക്ഷയോടെ (രണ്ട് പിള്ളേര്‍ടെ തന്തയായില്ലേടേയ്, എന്നാരെങ്കിലും ചോദിക്കാതിരിക്കാനെങ്കിലും)

-പാര്‍വതി.

krish | കൃഷ് said...

പാര്‍വതി:) എവടെ.. പ്രണയം, ലഹരി, ലോട്ടറി തുടങ്ങിയ മാറാബാധകള്‍ കൂടിയാല്‍ പെട്ടെന്നൊന്നും വിട്ടുമാറൂല്ലാ.. ആശാന്‌ ഇപ്പൊഴും ഈ കലാപരിപാടിയൊക്കെ ഉണ്ട്‌. പക്ഷേ കുറച്ച്‌ കുറഞ്ഞെന്നു മാത്രം.

കൃഷ്‌ | krish

Anonymous said...

അപ്പൊ പ്രകാശനാശാന്‍ ആള്‌ മോശല്ല്യല്ലോ.....

..ബാക്കികൂടെ പോന്നോട്ടെ..കൃഷ്‌...

krish | കൃഷ് said...

കൊച്ചുഗുപ്താ :) ഹേയ്‌.. ആളൊരു പാവമാ.. ഇങ്ങനെ ചില പരിപാടികളേ ഉള്ളൂ.. ഒരു അബദ്ധമൊക്കെ ഏതൊരു പോലീസുകാരനും പറ്റില്ലേ..
ബാക്കി സമയംപോലെ..

കൃഷ്‌ | krish

mallukkuttan said...

കൃഷ്‌ ഒരു കാര്യം പറയാന്‍ മറന്നതാണോ?
ലോട്ടറി അടിച്ചതുപോലെ പ്രകാശന്റെ ഭാര്യ ഇരട്ട പ്രസവിച്ച കാര്യം!!

P Das said...

:)

krish | കൃഷ് said...

മല്ലുക്കുട്ടന്‍:) നന്ദി. മറന്നതല്ല. പക്ഷേ ഇരട്ടയല്ല.

ചക്കര(മുത്തേ) :))..നന്ദി.

കൃഷ്‌| krish