Friday, August 10, 2007

ആകാശത്തില്‍ അഗ്നിവര്‍ഷം.

ആകാശത്തില്‍ അഗ്നിവര്‍ഷം. അതെ, ഉല്‍ക്കകളുടെ തീമഴ.
പെര്‍സീഡ് ഉല്‍ക്കകള്‍ ആകാശത്ത് അഗ്നിവര്‍ഷം സൃഷ്ടിക്കാന്‍ പോകുന്നു. ഈ വരുന്ന ആഗസ്റ്റ്‌ 12നും 13നും ഇടക്കുള്ള രാത്രിയില്‍ ഉല്‍ക്കകളുടെ അഗ്നിവര്‍ഷം കൂടുതലായി നമുക്ക്‌ നഗ്നനേത്രങ്ങള്‍കൊണ്ട്‌ ദര്‍ശിക്കാന്‍ കഴിയും. അന്ന് രാത്രി 10 മണിക്കും 2 മണിക്കും ഇടയിലുള്ള ഓരോ മണിക്കൂറിലും 50 മുതല്‍ 80 വരെ കത്തിജ്വലിക്കുന്ന ഉല്‍ക്കകള്‍ കാണാന്‍ കഴിയുമെന്നാണ്‌ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്‌.

എല്ലാ വര്‍ഷവും ആഗസ്റ്റ്‌ മാസത്തില്‍ ഉല്‍ക്കകള്‍ കൂടുതലായി ഭൂമിയുടെ വായുമണ്ഡലത്തിലേക്ക്‌ പതിക്കുന്നു. ഇത്‌ ചില വര്‍ഷങ്ങളില്‍ കുറഞ്ഞും ചില വര്‍ഷങ്ങളില്‍ കൂടിയുമിരിക്കും. എന്നാല്‍ ഈ ആഗസ്റ്റില്‍ വായുമണ്ഡലത്തിലേക്കുള്ള ഉല്‍ക്കാപതനം കൂടുതലായിരിക്കുമെന്നാണ്‌ കണ്ടെത്തല്‍. പെര്‍സീഡ്‌ എന്ന നാമധേയമുള്ള ഉല്‍ക്കയാണ്‌ ഇങ്ങനെ ഭൂമിയുടെ വായുമണ്ഡലത്തിലേക്ക്‌ വരുന്നത്‌. സ്വിഫ്റ്റ്‌-ടറ്റില്‍ എന്ന വാല്‍നക്ഷത്രത്തിന്റെ വാല്‍ഭാഗം ആഗസ്റ്റ്‌ മാസത്തില്‍ ഭൂമിയുടെ സഞ്ചാരപഥത്തില്‍ കുറുകെ കടക്കുകയും അങ്ങിനെ ചെറിയ പാറക്കഷണങ്ങളും പൊടിപടലങ്ങളുമടങ്ങിയ ചെറുതും വലുതുമായ ഉല്‍ക്കക്കഷണങ്ങള്‍ ഭൂമിയുടെ വായുമണ്ഡലത്തിലേക്ക്‌ 1,32,000 മൈല്‍ പ്രതി മണിക്കൂര്‍ വേഗതയില്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത്രയും വേഗതയില്‍ ഭൂമിയുടെ വായുമണ്ഡലത്തില്‍ പ്രവേശിക്കുന്നതോടെ ഭൗമോപരിതലത്തിന്‌ 30 - 80 മൈലുകള്‍ മുകളില്‍ വെച്ചുതന്നെ ഘര്‍ഷണം മൂലം ഉണ്ടാകുന്ന അതിതാപം കാരണം കത്തി ജ്വലിക്കുന്നു. ഇങ്ങനെ കത്തിജ്വലിച്ച്‌ സഞ്ചരിക്കുന്ന ഉല്‍ക്കകളെയാണ്‌ ആഗസ്റ്റ്‌ 12ന്‌ രാത്രി ദര്‍ശിക്കാന്‍ അവസരമുണ്ടാകുന്നത്‌. വളരെ അപൂര്‍വമായി ചില ഉല്‍ക്കകള്‍ കത്തിതീരാതെ അവശിഷ്ടം ഭൂമിയില്‍ വന്നു പതിക്കാറുണ്ട്‌. സ്വിഫ്റ്റ്‌-ടറ്റില്‍-ന്റെ ഉല്‍ക്കകള്‍ പെര്‍സിയസ്‌ എന്ന നക്ഷത്രസമൂഹത്തില്‍നിന്നും ഉത്ഭവിക്കുന്നതുകൊണ്ടാണ്‌ ഈ ഉല്‍ക്കകളെ പെര്‍സീഡ്സ്‌ എന്ന്‌ വിളിക്കുന്നത്‌.(ഈ ഉല്‍ക്കാ പതനം ജൂലായ്‌ 17ന്‌ തുടങ്ങി ആഗസ്റ്റ്‌ 24 വരെ ഉണ്ടാകുമെങ്കിലും ആഗസ്റ്റ്‌ 12-നാണ്‌ ഇത്‌ മൂര്‍ദ്ധന്യത്തിലെത്തുന്നത്‌).

ഈ ആഗസ്റ്റ്‌ 12-ന്‌ അമാവാസിയായതിനാല്‍ രാത്രി ആകാശം കൂടുതല്‍ ഇരുണ്ടതായിരിക്കും. അതിനാല്‍തന്നെ ഈ അഗ്നിവര്‍ഷം വ്യക്തമായി ദര്‍ശിക്കാന്‍ കഴിയും. ആകാശത്തിന്റെ വടക്കുകിഴക്ക്‌ ചക്രവാളത്തില്‍നിന്നുമാണ്‌ പെര്‍സിയസ്‌ പൊങ്ങുന്നത്‌. അതുകൊണ്ട്‌ ആ ഭാഗത്തായിട്ടാണ്‌ ഇത്‌ കാണാന്‍ കഴിയുക. രാത്രിയിലെ നഗരവെളിച്ചത്തില്‍ നിന്നും അകന്ന്‌ ഇരുട്ടുള്ള ചുറ്റുപാടുനിന്നും നോക്കിയാല്‍ കാണാമെന്ന്‌ ശാസ്ത്രജ്ഞര്‍ ഉപദേശിക്കുന്നു.
***

വാല്‍നക്ഷത്രക്കഷണം:
വര്‍ഷകാലത്തൊരു അഗ്നിവര്‍ഷം. അപ്പോള്‍ ഉല്‍ക്കാഗ്നിവര്‍ഷം കാണാന്‍ താല്‍പര്യമുള്ളവര്‍ ആഗസ്റ്റ്‌ 12-ന്‌ രാത്രി ആകാശത്തേക്ക്‌ കണ്ണും തുറന്നിരിക്കുക.(കൊതുകുകടി കൊള്ളാതെ). ദര്‍ശനം (കൊതുകിന്റെ ദംശനം അല്ല) കിട്ടിയവര്‍ അറിയിക്കുമല്ലോ.

കൃഷ്‌

6 comments:

krish | കൃഷ് said...

ആകാശത്തില്‍ അഗ്നിവര്‍ഷം. അതെ, ഉല്‍ക്കകളുടെ തീമഴ.
പെര്‍സീഡ് ഉല്‍ക്കകള്‍ ആകാശത്ത് അഗ്നിവര്‍ഷം സൃഷ്ടിക്കാന്‍ പോകുന്നു. ഈ ഞായറാഴ്ച രാത്രിയില്‍.
കാണുക.

G.MANU said...

urakkalachalum vendilla...ithonnu kandittu thanne karyam

എസ്. ജിതേഷ്ജി/S. Jitheshji said...

ഏതായാലും അതൊന്ന് കണ്ടിട്ടുതന്നെ കാര്യം...

ഗുപ്തന്‍സ് said...

പ്രിയ കൃഷ്‌....നന്നായി വിവരണം....

..കുറെകാലമായി...ഇവിടെ എത്താന്‍ സാധിയ്ക്കുന്നില്ല. എന്തുചെയ്യാം...

'ങ്യാഹഹാ...!' said...

യെവടെ മാഷേ, മാഷ്ടെ ഈ ലേഖനവും വായിച്ച്‌, വേഴാംബലിനെപ്പോലെ ആകാശവും നോക്കിയിരുന്നിട്ട്‌, മഴക്കാരല്ലാതെ ബേറൊന്നും കണ്ടില്ല.. മാഷ്‌ വല്ലതും കണ്ടെങ്കില്‍, ഒരു ഫോട്ടോ പ്ലീസ്‌...

പിന്നെ ഒരു പേടീം 'ണ്ടാര്‍ന്നൂട്ടോ, മഴക്കാരുകാരണം വല്ല ഉല്‍കയെങ്ങാനും ഞാനറൈയാണ്ടെങ്ങാന്‍ ന്റെ തലേ ബന്നു വീഴ്വോന്ന്!!.. ങ്യാ..ഹ..ഹാ!

krish | കൃഷ് said...

മനു, ജിതേഷ്, കൊച്ചുഗുപ്തന്‍,ങ്യാഹഹാ (ഇതെന്തു പേരാപ്പാ).. നന്ദി.
ഞാനും രാത്രി 11 മണീവരെ കാത്തിരുന്നു. പക്ഷേ ഇവിടെ അന്നു രാത്രി മഴയുള്ളതുകാരണം ഒന്നും കണ്ടില്ല.
(പിന്നെ രാത്രി ഇറങ്ങി നടന്ന് ങ്യാഹഹാ യുടെ തലയില്‍ ഒലക്കയൊന്നും വീണില്ലല്ലോ..? ങ്യാഹാ..)