Tuesday, October 03, 2006

ശശി തരൂരിന്റെ പിന്‍വാങ്ങല്‍ - മാനം രക്ഷിച്ചു.

ശശി തരൂരിന്റെ പിന്‍വാങ്ങല്‍ - മാനം രക്ഷിച്ചു.

അടുത്ത ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലേക്കായി ഇന്ത്യയുടെ ഓദ്യോഗിക സ്ഥാനാര്‍ഥിയായി പ്രശസ്ത എഴുത്തുകാരനും മലയാളിയും ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍സെക്രട്ടറി ജനറല്‍ പദവിയും വഹിക്കുന്ന ശ്രീ ശശി തരൂരിന്റെ പേര്‌ പ്രഖ്യാപിച്ചപ്പോള്‍ എന്തൊരു കൊട്ടിഘോഷങ്ങളായിരുന്നു. പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ശശി തരൂരിന്റെ പേരും ചിത്രവും ഇന്റര്‍വ്യൂകളും ഇടക്കിടക്കെ നിറഞ്ഞു. ഒരു എഴുത്തുകാരനെന്നതിനുപുറമെ ഒരു ഇന്ത്യക്കാരനാണ്‌, പ്രത്യേകിച്ച്‌ ഒരു മലയാളിയാണ്‌ അടുത്ത U.N. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക്‌ മല്‍സരിക്കാന്‍ പോകുന്നതെന്ന്‌ കേട്ടപ്പോള്‍ നമുക്കെല്ലാം എന്തൊരു അഭിമാനമായിരുന്നു.

ഏതൊരു മലയാളിയും ഈ കാര്യത്തില്‍ അഭിമാനം കൊണ്ടപ്പോള്‍ എനിക്ക്‌ ഒന്നുകൂടി അഭിമാനിക്കനുണ്ടായിരുന്നു. ശ്രീ ശശി തരൂരിന്റെ അച്ചന്റെ (ശ്രീ ചന്ദ്രന്‍ തരൂര്‍, തരൂര്‍ വീട്‌, ചിറ്റലംചേരി) വീടും എന്റെ വീടും ഒരേ സ്ഥലത്താണ്‌. എന്റെ ഭാര്യാഗൃഹവും, ശ്രീ ശശി തരൂരിന്റെ അമ്മവീടും (മുണ്ടാരത്ത്‌ വീട്‌, എലവഞ്ചേരി) ഒരേ പഞ്ചായത്തിലാണ്‌. ഇതറിഞ്ഞ ഞാനൊന്ന്‌ ശരിക്കും അഭിമാനിച്ചു.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടത്തുന്ന straw poll-ല്‍ കുറച്ച്‌ ദിവസം മുന്‍പ്‌ വരേയും സാമാന്യം നല്ല പോസിറ്റീവ്‌ വോട്ട്‌ നേടി രണ്ടാം സ്ഥാനത്ത്‌ നിന്നപ്പോള്‍ പ്രതീക്ഷക്ക്‌ ശക്തിയേറി. എന്റെ നാട്ടുകാരന്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്താന്‍ പോകുന്നു. പക്ഷേ ഇന്നലത്തെ straw poll-ല്‍ സ്ഥിതി ആകെ തകിടം മറിഞ്ഞു. ശശി തരൂര്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്തി തെക്കന്‍ കൊറിയയുടെ ബാന്‍ കി-മൂണ്‍-ല്‍ നിന്നും വളരെ പിറകില്‍.
കി-മൂണ്‍ രക്ഷാസമിതിയിലെ veto അധികാരമുള്ള 5 സ്ഥിരാംഗളുടെ പോസിറ്റിവ്‌ വോട്ട്‌ അടക്കം 15-ല്‍ 14 വോട്ട്‌ നേടി തന്റെ നില ഭദ്രമാക്കി. ഇതിലേറെ വേദനാജനകം veto അധികാരമുള്ള 5 സ്ഥിരാംഗളില്‍ ഒരു അംഗരാജ്യം ഇന്ത്യയുടെ ഓദ്യോഗിക സ്ഥാനാര്‍ത്തിക്കെതിരെ നെഗറ്റീവ്‌ വോട്ട്‌ ചെയ്തതാണ്‌.veto അധികാരമുള്ള രക്ഷാസമിതിയിലെ ഏതെങ്കിലും ഒരു അംഗരാജ്യം നെഗറ്റീവ്‌ വോട്ട്‌ ചെയ്താല്‍ ആ സ്ഥാനാര്‍ത്തി തോല്‍ക്കുമെന്നുറപ്പ്‌.
പിന്നെയെന്തിനു മല്‍സരിക്കണം. ശ്രീ ശശി തരൂര്‍ തക്ക സമയത്ത്‌ ശരിയായ തീരുമാനം തന്നെ എടുത്തു. മല്‍സരത്തില്‍നിന്നും പിന്‍വാങ്ങുക. തന്റേയും ഇന്ത്യയുടേയും മാനം രക്ഷിക്കുക. ഇനി അദ്ദേഹം ഇപ്പൊഴുള്ള പദവിയില്‍ തുടരണോ വേണ്ടയോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ. കടുത്ത അന്തര്‍ദേശിയ lobbying-ല്‍ സ്വന്തം കഴിവുകൊണ്ട്‌ ഇത്രയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതില്‍ നമുക്ക്‌ ശ്രീ ശശി തരൂരിനെ അഭിനന്ദിക്കാം.

ഒരു ചോദ്യം ബാക്കിയാവുന്നു. ഇതിനു മുമ്പിലത്തെ straw poll വരെയും കി-മൂണ്‍-ന്റെ തൊട്ടുപുറകെ കുറെ പോസിറ്റിവ്‌ വോട്ടുകളോടെ രണ്ടാം സ്ഥാനതുണ്ടായിരുന്ന ശശി തരൂര്‍ എങ്ങിനെ കഴിഞ്ഞ straw poll-ല്‍ ഏറെ പിന്നിലായത്‌. UN രക്ഷാസമിതിയിലെ veto അധികാരമുള്ള ഏത്‌ രാജ്യമാണ്‌ ഇന്ത്യയുടെ ഓദ്യോഗിക സ്ഥാനാര്‍ത്തിക്കെതിരെ നെഗറ്റീവെ വോട്ട്‌ ചെയ്തത്‌?.. അമേരിക്കയോ.. ചൈനയോ...
ഇതേ സന്ദര്‍ഭത്തില്‍ രണ്ട്‌ കാര്യങ്ങള്‍ കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌. 1) ഇന്നലെ അമേരിക്ക പാക്കിസ്താന്‌ കൂടുതല്‍ F-16 പോര്‍വിമാനം നല്‍കാന്‍ സമ്മതിച്ചു. 2) വിഴിഞ്ഞം അന്തര്‍ദേശീയ ആഴക്കടല്‍ ചരക്ക്‌ കടത്ത്‌ തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ ചൈനീസ്‌ കമ്പനിക്ക്‌ കൊടുക്കുന്നത്‌ സുരക്ഷാകാരണം പറഞ്ഞ്‌ കേന്ദ്രഗവണ്‍മന്റ്‌ അനുമതി നല്‍കാതിരുന്നതും, ചൈനീസ്‌ അധികൃതരുടെ മുറുമുറുപ്പും. നമ്മുടെ വിദേശ നീതിയെക്കുറിച്ച്‌ എന്തെങ്കിലും പറയുന്നത്‌ ഓചിത്യമാവുകയില്ല.
എന്തുതന്നെയായാലും ശശി തരൂര്‍ ഇന്ത്യയുടെ മാനം രക്ഷിച്ചു. മല്‍സരരംഗത്ത്‌ ഇനിയും നിന്നിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇന്ത്യയുടെ മാനം...!!
(NB: ഈ കുറിപ്പ്‌ തികച്ചും വ്യക്തിപരമായ ഒരു വീക്ഷണം മാത്രം, തെറ്റുണ്ടെങ്കില്‍ പൊറുക്കുമല്ലോ)

13 comments:

krish9 said...

UN-ലെ ഒരു സ്ഥിരം രക്ഷാസമിതി അംഗരാജ്യം, ഇന്ത്യയുടെ ഓദ്യോഗിക സ്ഥാനാര്‍ത്തി ശ്രീ ശശി തരൂരിനെതിരെ വോട്ട്‌ ചെയ്തതിനെ തുടര്‍ന്ന്, അദ്ദേഹം മല്‍സരരംഗത്തുനിന്നും പിന്‍മാറി, ഇന്ത്യയുടെ മാനം രക്ഷിച്ചു. ഇതിനെക്കുറിച്ചുള്ള ഒരു ലേഖനം. വായിച്ചു കമന്റുമല്ലോ.

കുട്ടന്മേനൊന്‍::KM said...

തരൂര്‍ പിന്‍ വാങ്ങിയത് എന്തുകൊണ്ടും നന്നായി. കോഫി അണ്ണാച്ചിയുടെ ഇപ്പൊഴത്തെ അവസ്ഥ വെച്ചുനോക്കിയാല്‍ തരൂര്‍ തന്റെ നിയതമായ സ്വഭാവമനുസരിച്ച് ഈ ഒരു പൊസിഷനെക്കുറിച്ച് ചിന്തിച്ചതു തന്നെ എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. ഒരു പക്ഷേ ഇന്ത്യയുടെ കാര്യമായ സമ്മര്‍ദ്ദമുണ്ടായിരുന്നതുകൊണ്ടാവാം അദ്ദേഹം ഈ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതു തന്നെ. ഇന്ത്യയുടെ ആവശ്യം തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തേക്കാള്‍ സെക്യൂരിറ്റി കൌണ്‍സിലിലേക്കുള്ള പ്രവേശനമായിരുന്നു.

മന്‍ജിത്‌ | Manjith said...

തരൂരണ്ണനിട്ടു പാരപണിതത് അമേരിക്ക തന്നെയാ. അവരുടെ പ്രതിനിധി ഡല്‍ഹിയില്‍ വച്ചുതന്നെ കഴിഞ്ഞ മാസം തരൂര്‍ കൊള്ളില്ലെന്നു പ്രഖ്യാപിച്ചിരുന്നു. വേറെ കൊള്ളാവുന്നവര്‍ ഒരുപാടുണ്ടെന്നും. അടുത്തതായി മാന്തേണ്ടത് ഉത്തര കൊറിയയാകുമ്പോള്‍ തൊട്ടപ്പുറത്തുനിന്നൊരുത്തന്‍ യു.എന്നിന്റെ തലപ്പത്തുമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായല്ലോ.

തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഇന്ത്യ കാണിച്ച മണ്ടത്തരമായിരുന്നു. സ്ഥിരംഗത്വത്തിനായുള്ള വിലപേശലുകളില്‍ നിന്ന് കുറേക്കാലത്തേക്ക് തരൂരിനുവേണ്ടി പിന്‍‌വലിഞ്ഞു നില്‍ക്കേണ്ടിവന്നു.

തരൂര്‍ ഇനി നോവലൊക്കെ എഴുതി അങ്ങനെ കഴിയട്ടെ.

Anonymous said...

അല്ലെങ്കിലും ശശി തരൂറോ ഒരു ഇന്ത്യക്കാരനോ ഈയടുത്തൊന്നും യു.എന്‍ സെക്രട്ടറി ആവുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പാവയയേ അല്ലേ അവര്‍ക്ക് വേണ്ടത്? എന്തായലും ഇന്ത്യ ഇങ്ങിനെ വളര്‍ന്ന് വരുമ്പൊ അവര് അങ്ങിനെ ഒരു സ്ഥാനം കൊടുക്കുമോ? അമേരിക്കയാണ് ബാക്കി ആരൊക്കെ ഉണ്ടെങ്കിലും എല്ലാം തീരുമാനിക്കുക. ഏറ്റവും കൂടുതല്‍ അവരല്ലേ ഫണ്ട് ചെയ്യുന്നെ യു.എന്‍ - നിനെ?

(പണ്ടൊക്കെ ശശി തരൂറിന്റെ ഫോട്ടോയൊക്കെ കാണുമ്പൊ ജുബാ ഒക്കെ ഇട്ട് ഒരു എഴുത്തുകാരന്‍ ലുക്കായിരുന്നു. ഇപ്പൊള്‍ ഭയങ്കര മാറ്റം. ഭയങ്കര ബോളിവുഡ് ലൂക്ക്. ഈ ലുക്ക് മാറ്റം ഈ ഐക്യരാഷ്ട്ര നിയമനത്തിന് വേണ്ടിയാണൊ ചെയ്തത്? )

saptavarnangal said...

എന്നാലും ആ കൊറിയന്‍ മൂണ്‍ എങ്ങനെ 5 പേരുടേയും വോട്ട് അടിച്ചെടുത്തു? അതില്‍ തന്നെ ചൈനയുടെയും ജപ്പാന്റേയും!

അമേരിക്കയുടെ താത്പര്യം എല്ലാര്‍ക്കും അറിയാം, അപ്പോള്‍ ചൈന നേരെ അതിന്റെ എതിരു നില്‍ക്കണ്ടതല്ലേ? ജപ്പാനും കൊറിയയും തമ്മില്‍ അത്രയ്ക്ക് നല്ല ബന്ധം അല്ലല്ലോ!

ഇന്‍ഡ്യകാരന്റെ നട്ടെല്ല് അവര്‍ പറയുന്ന പോലെ വളയൂല്ല എന്ന് അവരു മനസ്സില്ലാ‍ക്കി എന്നു വിചാരിച്ച് സമാധാനിക്കാം!

ദില്‍ബാസുരന്‍ said...

നെഗറ്റീവ് വോട്ട് ചെയ്തത് ചൈനയാവണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. അമേരിക്കയാണ് എന്ന് വന്നാല്‍ ഇന്ത്യ ഒരു വര്‍ഷക്കാലത്തോളം നടത്തിയ നയതന്ത്ര ശ്രമങ്ങള്‍ മുഴുവന്‍ പാഴായി എന്ന് വേണം കരുതാന്‍. പിറകില്‍ നിന്നുള്ള കുത്തായും മന്മോഹന്‍ സിങ് ഗവണ്മെന്റിന്റെ വിദേശകാര്യവകുപ്പിന്റെ പിടിപ്പ് കേടായും ഒക്കെ വ്യാഖ്യാനങ്ങള്‍ വരും.

ശശി തരൂര്‍ പിന്മാറിയത് നന്നായി. വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല താനും. ഈ പ്രചരണത്തിന് വേണ്ടി ഇന്ത്യ ചെലവാക്കിയ സമയവും ഊര്‍ജ്ജവും സ്ഥിരാംഗത്വത്തിന് വേണ്ടി ആയിരുന്നെങ്കില്‍....

ബെന്നി::benny said...

ഈ ലിങ്കൊന്നു നോക്കൂ : http://www.therali.com/images/uploads/Tharoor_2.gif

ഇതിലൊക്കെ എന്തെങ്കിലും കാര്യമുണ്ടോ ആവോ?

അഗ്രജന്‍ said...
This comment has been removed by a blog administrator.
അഗ്രജന്‍ said...

ശശി തരൂര്‍ പിന്മാരിയത് എന്തായാലും നന്നായി... തിരഞ്ഞെടുക്കപ്പെട്ടാല്‍ പോലും ഇതുവരെയുണ്ടായിരുന്ന സെക്രട്ടറിമാരില്‍ നിന്നും വിത്യസ്ഥനാവാന്‍ അദ്ദേഹത്തിനും കഴിയുമായിരുന്നില്ല. അല്ലെങ്കിലും യു. എന്‍. എന്നതിന് എന്തു പ്രസ്ക്തിയുണ്ട്... ‍ അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് അനുസരിച്ചല്ലാതെ എന്തെങ്കിലും ചെയ്യാന്‍ യു. എന്നിന് കഴിയില്ല... അപ്പോ പിന്നെ അതിന്‍റെ സെക്രട്ടറി സ്ഥാനം കൊണ്ട് ഇന്ത്യക്കെന്ത് നേട്ടം ലഭിക്കുമായിരുന്നു !!! ഞെളിഞ്ഞ് നിന്ന് പറയാനൊരു സ്ഥാനം അതില്പരമെന്ത്‌?

സപ്തവര്‍ണ്ണങ്ങള്‍> ജപ്പാന് സ്ഥിരാംഗത്വമില്ല, അതോണ്ട് വീറ്റോ അധികാരവുമില്ല.

saptavarnangal said...

അഗ്രജന്‍,
ശരിയാണ്, തെറ്റ് തിരുത്തി തന്നതിനു നന്ദി! രാവിലെ ഒരു പേപ്പറില്‍ വായിച്ചതു കൊഴഞ്ഞ് മറിഞ്ഞ് പോയതാ :(

krish9 said...

ഒരു പത്ര റിപ്പോര്‍ട്ട്‌ കണ്ടിരുന്നു. ഇറാക്കില്‍ നടത്തിയ എണ്ണ ഇടപാടിന്റെ അന്വേഷണ പേപ്പറുകള്‍ എല്ലാം ഇപ്പോള്‍ സെക്രട്ടറി ജനറല്‍ കോഫി അണ്ണാച്ചിയുടെ കൈയ്യിലാണ്‌. ഇത്‌ മറ്റാരുടെ അടുത്ത്‌ എത്തുന്നതിനേക്കള്‍ സുരക്ഷിതം '------'കുടുംബത്തോട്‌ ലേശം സോഫ്റ്റ്‌ കോര്‍ണര്‍ ഉള്ള ഒരാളുടെ അടുത്ത്‌, അതായത്‌ നമ്മുടെ കുട്ടിയെ സെക്രട്ടറി ജനറല്‍ ആക്കികിട്ടിയാല്‍ പിന്നെ പേടിക്കാനില്ലല്ലോ. ഒരു അമ്മച്ചി മുന്‍കൈ എടുത്ത്‌ പേര്‌ നിര്‍ദ്ദേശിച്ചെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇടതന്‍മാര്‍ക്ക്‌ അത്ര താല്‍പ്പര്യമില്ലെന്നും, സര്‍ദാര്‍ജി 5 കൂറ്റന്‍ സ്രാവുകളില്‍ ആരേയും ഫോണില്‍ വിളിച്ച്‌ പിന്‍തുണ ചോദിച്ചില്ലെന്നും പത്രങ്ങളില്‍ റിപ്പോര്‍ട്ട്‌.

കുട്ടമ്മേനോനും,
മന്‍ജിത്തും,
ഇഞ്ചിപ്പെണ്ണും ::
പറഞ്ഞത്‌ ശരിയാണ്‌.

സപ്തവര്‍ണങ്ങള്‍:: തെക്കന്‍ കൊറിയ ഒഴുക്കിയ കാശിന്‌ കണക്കില്ലത്രേ. ചില അംഗരാജ്യങ്ങള്‍ക്ക്‌ (പ്രത്യേകിച്ച്‌ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്‌) കൊടുത്ത aid package-ഉം വാഗ്ദാനങ്ങളും പത്രങ്ങളിലുണ്ട്‌.

ദില്‍ബാസുരണ്‍:: അമേരിക്കയാണ്‌ ഇന്ത്യക്കിട്ട്‌ പാര പണിതതെന്ന്‌ മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്‌. അല്ലാ ഇന്ത്യ എന്ത്‌ ചിലവാക്കി??
ബെന്നി:: ഇടതന്‍മാര്‍ക്കും അത്ര താല്‍പ്പര്യമുണ്ടായിരുന്നില്ലത്രേ.

അഗ്രജന്‍:: ലോകസംഘടനയുടെ അധ്യക്ഷസ്ഥാനത്തേക്ക്‌ സ്ഥാനാര്‍ത്ഥിത്വം വെച്ചുനീട്ടിയാല്‍ ആരാണ്‌ വേണ്ടാന്ന് പറയുക. (ജപ്പാന്‍ UNSC സ്ഥിരാംഗമല്ല, ശ്രമിക്കുന്നു)

കമന്റിയവര്‍ക്കെല്ലാം നന്ദി.

മൈനാഗന്‍ said...

('ചരിത്രപ്രധാനമായ ഒരു പിന്‌വാങ്ങലും അണിയറ നാടകങ്ങളും' - എന്ന പേരില്‍ മുക്കാല്‍പങ്കും എഴുതിക്കഴിഞ്ഞപ്പോള്‍ 'തനിമലയാളം' ഒന്ന്‌ സന്ദര്‍ശിക്കാന്‍ തോന്നിയത്‌ നന്നായി. ഇതെ വിഷയത്തിലുള്ള പോസ്റ്റ്‌ 'കൃഷ്‌'-ന്റെ ബ്ലോഗില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാഴ്ചയില്‍ ആദ്യം ഇത്തിരി വിഷമവും പിന്നെ സന്തോഷവും തോന്നി. അങ്ങനെ, ലേഖനത്തെ പ്രതികരണമായി ചുരുക്കി. ദാ... ഇങ്ങനെ)

നിരാശാഭരിതമായ മനസ്സോടെ, നിരന്തരം ചെയ്ത പരിശ്രമങ്ങളുടെ നിഷ്‌ഫലതയില്‍ ദുഖിതനായി, ശശി പരാജയം സമ്മതിക്കുകയായിരുന്നു. വോട്ടിംഗിന്റെ വിവിധ ഘട്ടങ്ങളില്‍ മുന്‍തൂക്കമുണ്ടായിരുന്ന ശശിയെ തോല്‍പ്പിക്കണമെന്നത്‌ തെക്കന്‍ കൊറിയയുടെ മാത്രമല്ല, അതേ ചേരിയിലുള്ള ഒരു കൂട്ടം രാഷ്ട്രങ്ങളുടെ താല്‍പര്യമായിരുന്നു. അതിനുവേണ്ടി, നടന്ന അണിയറ നീക്കങ്ങള്‍ കണ്ടെത്താന്‍ എന്തായാലും ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സികള്‍ക്കെന്നല്ല ഒരു പോലിസ്‌ നായയ്ക്കും കഴിയുകയില്ല.

പല കാരണങ്ങല്‍ക്കൊടുവില്‍ കൂട്ടിച്ചേര്‍ക്കാവുന്ന ചിലവ ഇങ്ങനെ ക്രോഡീകരിക്കാം.

1. ഇന്ത്യക്കാരനെന്ന നിലയില്‍ ശശി തരൂര്‍ സ്വീകരിച്ചേക്കാവുന്ന നിലപാടുകള്‍ 'മൂന്നാം ലോക രാജ്യങ്ങള്‍ക്‌ക്‍ അനുകൂലമായതോ, യുദ്ധവിരുദ്ധമായതോ ഒക്കെ ആയേക്കാം. യു. എന്‍. സെക്രട്ടറി ജനറല്‍ ഒന്നാംകിട സമ്പന്ന രാജ്യങ്ങളുടെ വെറുമൊരു 'പപ്പറ്റ്‌' ആവുകയാണല്ലോ അവരുടെ ആവശ്യം!

2. ആഗോളതലത്തില്‍ പരിസ്തിതി സംരക്ഷണം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, പുരാതന നാഗരികതകളെ നിലനിര്‍ത്തല്‍, മലര്‍ക്കപ്പെടുന്ന വാതിലുകളിലൂടെ ആവാസവ്യവസ്തയെയും അനുബന്ധ സ്വത്വങ്ങളെയും പേറ്റന്റവകാശത്തിന്റെ രൂപത്തില്‍ കടത്തിക്കൊണ്ടു പോകല്‍ .... എന്നീ ഗൗരവപ്പെട്ട വിഷയങ്ങളിലൊക്കെ ശശിയുടെ നിലപാടുകല്‍ വളരെ നിര്‍ണ്ണായകമായിരിക്കും. (അണ്ണമ്മാരുക്കു പുടിക്കുമോ... ചാമീീീീീീയ്‌'!)

3. ഇന്ത്യയുടെ വിദേശനയത്തിനു ലഭിക്കുന്ന വലിയൊരു അംഗീകാരമാവും ശശിയുടെ വിജയം. അയല്‍ രാജ്യങ്ങളിലും ദിഗോഗാര്‍ഷ്യ, മാലിദ്വീപ്‌ ഉള്‍പ്പെടെയുള്ള പല ദ്വീപസമൂഹങ്ങളിലും സൈനികത്താവളങ്ങള്‍ പണിഞ്ഞുയര്‍ത്തി ആയുധക്കച്ചവടം എളുപ്പമാക്കാനുള്ള അമേരിക്കയുടെയും സഹകാരികളുടെയും തീവ്രശ്രമത്തെ ഒരു പരിധിവരെ തടഞ്ഞത്‌ ഇന്ത്യ നിലനിര്‍ത്തിപോന്ന നെഞ്ചൂക്‌ക്‍ കാരണമാണ്‌.

4. തങ്ങള്‍ പടിയടച്ചു പിണ്ടം വെച്ച 'മാര്‍ക്സിയന്‍ ഭൂതങ്ങള്‍'ക്‌ക്‍ ഇന്ത്യയുടെ വിദേശ നയത്തില്‍ കാര്യമായ സ്വാധീനം നിലനില്‍ക്കുന്നു എന്ന കാര്യം, സമ്പന്ന രാഷ്ട്രങ്ങളുടെ വരുംകാല അജന്‍ഡകലേ പുറകോട്ടടിക്കുമെന്നു അവര്‍ സംശയിക്കുന്നുണ്ട്‌.

5. സര്‍വോപരി ഇന്ത്യന്‍ പൗരത്വത്തിനെക്കാളേറെ അപകടകരമായ ഒരു നാരായവേരിന്റെ ബന്ധം ശശിക്ക്‌ കേരളമെന്ന 'വിപ്ലവക്കാരുടെ' നാടുമായി ഉണ്ടെന്നുള്ളതും നീര്‍ക്കൊലിയെ പേടിക്കുന്നവര്‍ക്കു ഒരു കാരണമായേക്കം. (കേരളം ആ വിപ്ലവമൊക്കെ പഴമയുടെ പടിപ്പുറതേക്കു താള്ളീക്കളഞ്ഞു, ഇപ്പോല്‍ അമേരിക്കര്‍ അക്തലാളിത്തതെ വെല്ലുന്ന 'ബയങ്കര' കണ്ടുപിടുത്തങ്ങള്‍ നടത്തുകയാനെന്നുള്ള കാര്യം നമുക്കല്ലേ അറിയുകയുല്ലു!)

ശശി തരൂര്‍ പരാജയപ്പെട്ടതാണോ? അതോ, ആ പിന്മാറല്‍ ഭാരതത്തിന്റെതന്നെ പിന്‌വാങ്ങലായി വ്യാഖ്യാനിക്കാമോ? 'ഓ.. നുമ്മക്കൊക്കൊ ചുമ്മാണ്ടിര്‌ന്നൂടെ പൊന്നപ്പീ.. എന്തോത്തിനാ വെറ്‌തെ തല പെര്‌പ്പിക്കണേ..?' എന്നമട്ടില്‍ ഇക്കാര്യത്തെ അപ്രധാനമായി കാനുന്നത്‌ നിരുത്തരവാദപരമായ ഒളിച്ചൊടലാന്‌.

എന്തായാലും, ഒന്നാം പടയില്‍ പിന്‍വാങ്ങിയെങ്കിലും, ഇനിയും ഒരംകത്തിനു ശശിക്ക്‌ ബാല്യമുണ്ടെന്നു വിശ്വസിക്കാനാന്‌ എനിക്കിഷ്ടം. കൂടുതല്‍ സ്വതന്ത്ര സ്വഭാവത്തിലുള്ള അന്താരാഷ്ട്ര ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ അദ്ദേഹത്തിന്‌ കഴിയുമെന്ന്‌ പ്രത്യാശിക്കാം. (ഒരൊറ്റ സ്വപ്നം കൊണ്ട്‌ രാത്രി പുലരില്ലല്ലോ മാഷേ...!)
***

krish9 said...

ശശി തരൂരിന്റെ പിന്‍വാങ്ങലിനെക്കുറിച്ചുള്ള മൈനാഗന്റെ അഭിപ്രായവും കാഴ്ചപാടും വായിച്ചു. വളരെ ഗഹനമായി ചിന്തിച്ച്‌ എഴുതിയിരിക്കുന്നു. സെക്രട്ടറി ജനറല്‍ ആയില്ലെങ്കിലും ശ്രീ തരൂരിന്‌ അദ്ദേഹത്തിന്റേതായ വ്യക്തിത്വവും ഐടന്റിറ്റിയ്ം ഉണ്ട്‌. ഇപ്പോള്‍ സംഭവിച്ചത്‌ എന്തെന്നാല്‍ സദ്യക്ക്‌ ഉണ്ണാന്‍ ഇരുത്തി ഇലയിട്ടിട്ട്‌ ശാപ്പാട്‌ ഇല്ലെന്ന് പറഞ്ഞപോലായി. അത്രേള്ളൂ..