Thursday, September 27, 2007

അമ്മക്ക് പ്രണാമങ്ങള്‍.

അമ്മക്ക് പ്രണാമങ്ങള്‍.

2007 സെപ്തംബര്‍ 27ന് അമ്പത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന സദ്‌ഗുരു മാതാ അമൃതാനന്ദമയിക്ക് ആയിരമായിരം പ്രണാമങ്ങള്‍.

ജാതിമതഭേതമന്യേ ലോകത്തുള്ള എല്ലാവരേയും മക്കളായി കണ്ട്‌ അവരുടെ ദുഃഖം അകറ്റുവാനും ലോകനന്മക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സദ്ഗുരു മാതാ അമൃതാനന്ദമയിക്ക്‌ സഹസ്ര പ്രണാമങ്ങള്‍.

കൃഷ്

Monday, September 24, 2007

ഇന്ത്യന്‍ എസ്സെമെസ്സ്‌ ഐഡള്‍

ഇന്ത്യന്‍ എസ്സെമെസ്സ്‌ ഐഡള്‍.

ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളില്‍ വലിയ റിയാലിറ്റി ഷോകള്‍ക്ക്‌ തുടക്കം കുറിച്ച സോണി ടി.വി.ചാനലിന്റെ 'ഇന്ത്യന്‍ ഐഡള്‍' ന്റെ ചുവട്‌ പിടിച്ച്‌ ഇപ്പോള്‍ മിക്ക ടി.വി. ചാനലുകളിലും പലതരം റിയാലിറ്റി ഷോ-കള്‍ ആണല്ലോ. ഹിന്ദി ചാനലുകള്‍ക്കു പുറമെ മലയാളം, തമിഴ്‌, തെലുഗു, മറാഠി, ബംഗാളി, ആസ്സാമീസ് തുടങ്ങി മിക്ക ഭാഷ ചാനലുകളിലും സംഗീത നൃത്ത മല്‍സരമോ റിയാല്‍ടി ഷോ-കളോ നടക്കുന്നു. ഇതു കൊണ്ട്‌ കണ്ണുനീര്‍ സീരിയലുകള്‍ മൂക്കുകുത്തി അപ്രത്യക്ഷമാകുന്നു. അല്ലെങ്കില്‍ വൈകീട്ട്‌ 6 മുതല്‍ രാത്രി 10 മണിവരെ ഇതു സഹിച്ചേ പറ്റൂ. സീരിയല്‍ നടീനടന്മാര്‍ ശരിക്കും ഇപ്പോള്‍ കണ്ണുനീരിലാവും. എന്തും കൂടുതലായാല്‍ ഇതുപോലെ ഇരിക്കും. വ്യൂവര്‍ഷിപ്പ്‌ ഉള്ളതുകൊണ്ട്‌ ഇപ്പോള്‍ ഓരോ ചാനലിലും ഒന്നും രണ്ടും റിയാലിറ്റി ഷോകളാണ്‌. ഇതുകൊണ്ട്‌ ആര്‍ക്കെല്ലാമാണ്‌ മെച്ചം. ചാനലുകാര്‍ക്ക്‌ തീര്‍ച്ചയായും നല്ല വരുമാനം. സ്പോണ്‍സര്‍മാരുടെ വക, പരസ്യം ചെയ്യുന്നവര്‍ വക. അതിലുമുപരി കാണികള്‍ പരസ്യം കണ്ടാല്‍ മാത്രം പോര, ഷോ-യില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ കാശുമുടക്കി എസ്‌.എം.എസ്സും ചെയ്യണം. അതുകൊണ്ട്‌ ലാഭം മൊബെയില്‍ കമ്പനികള്‍ക്കും ലാഭവിഹിതം ടി.വി. ചാനലിനും.

പക്ഷേ ഈ എസ്‌.എം.എസ്‌. വോട്ടുകള്‍ ഷോ-യില്‍ അവതരിപ്പിക്കുന്ന കലാകാരന്റെ/കലാകാരിയുടെ കഴിവും പ്രാഗല്‍ഭ്യവും നോക്കിയാണോ കൊടുക്കുന്നത്‌. 90% ശതമാനവും അല്ലെന്നുതന്നെ വേണം പറയാന്‍. നല്ല സുഹ്രുത്ത്‌ വലയം, വോട്ട്‌ ക്യാന്‍വാസ്‌ ചെയ്യാന്‍ ആളുകള്‍, നാട്‌, ദേശം, പരസ്യം, വോട്ട്‌ തെണ്ടല്‍ തുടങ്ങി അനേകം 'സംഗതി'കള്‍ അതിലില്ലേ. നിങ്ങളുടെ നാട്ടില്‍ നിന്നുമുള്ള ഒരു ആള്‌, അല്ലെങ്കില്‍ നിങ്ങള്‍ പഠിക്കുന്ന അതേ കോളെജില്‍ പഠിക്കുന്ന ആളാണ്‌ ഷോ-യില്‍ ശരാശരി പരിപാടി അവതരിപ്പിച്ച്‌ വോട്ട്‌ 'ഇരക്കു'ന്നതെങ്കില്‍ മറ്റു കഴിവുള്ള കലാകാരനെ മറികടന്ന്‌ നിങ്ങള്‍ ഇയാള്‍ക്ക്‌ വോട്ട്‌ ചെയ്യില്ലേ. അപ്പോള്‍ പിന്നെ കഴിവിന്റെ അടിസ്ഥാനത്തില്‍ എവിടെയാണ്‌ ഒരാള്‍ യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ സിംഗറോ ഐഡളോ ആകുന്നത്‌?

ഒരു കാര്യം പറയാന്‍ മറന്നു. വിധികര്‍ത്താക്കള്‍ എന്നു പറഞ്ഞ്‌ സംഗീതവുമായി ബന്ധമുള്ള മൂന്നുനാലു പേരെ ഷോ-യില്‍ ഇരുത്തുന്നുണ്ട്‌. ഇവര്‍ കലാകാരന്റെ/കലാകാരിയുടെ കഴിവുകള്‍/പോരായ്മകള്‍ പറയും, ചിലപ്പോള്‍ പരസ്പരം കലഹിക്കും, സൗന്ദര്യപിണക്കം നടത്തും. വോട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ പുറത്താകുമ്പോള്‍ ഇവര്‍ സങ്കടപ്പെടും, കരയും, കരയിക്കും. ചിലപ്പോള്‍ തോന്നും ഇതും മുന്‍കൂട്ടി നിശ്ചയിച്ചതാണോ എന്ന്‌. ഇവര്‍ വിധികര്‍ത്താക്കളാണെങ്കിലും ഇവര്‍ക്ക്‌ ഓരോ കലാകാരന്റെ/കലാകാരിയുടെ കഴിവ്‌ കണ്ട്‌ വിധി നിര്‍ണ്ണയിക്കാനോ, വിജയിയെ നിശ്ചയിക്കാനോ അധികാരമില്ല, സോറി, ചാനല്‍ നിയമമില്ല. ഇവിടെ ഇവര്‍ പാവകള്‍ മാത്രം, ചാനലുകാര്‍ തരുന്ന കാശ്‌ വാങ്ങിച്ച്‌ അഭിനയിക്കുക.
(ഇപ്പോള്‍ ചാനലുകളില്‍ സംഗീതമല്‍സരത്തില്‍ പാട്ട്‌ പാടിയാല്‍ മാത്രം പോരാ. നല്ലതുപോലെ നൃത്തം ചെയ്ത്‌ പാട്ട്‌ പാടണം, നല്ല ഫാഷണബിള്‍ ഡ്രസ്സിംഗ്‌ ആയിരിക്കണം. ഇതുപോലുള്ള മല്‍സരത്തില്‍ യേശുദാസോ, ജയചന്ദ്രനോ, എസ്‌.ജാനകിയോ, ചിത്രയോ,എസ്‌.പി. ബാലസുബ്രഹ്മണ്യനോ വേഷം മാറി പങ്കെടുത്തുവെന്നു വെക്കുക. ഇവര്‍ക്ക്‌ നൃത്തം ചെയ്ത്‌ പാട്ട്‌ പാടാനറിയാത്തതുകൊണ്ട്‌ വിധികര്‍ത്താക്കള്‍ മാര്‍ക്ക്‌ കുറച്ച്‌ കൊടുത്തേനെ!!)

സോണി ചാനലിലെ 'ഇന്ത്യന്‍ ഐഡള്‍' 2007 വെര്‍ഷന്‍ ഫൈനല്‍ ഇന്നലെ പരിസമാപ്തി കുറിച്ചു. ഇന്നലെ വരെയും ഈ വര്‍ഷത്തെ ഇന്ത്യന്‍ ഐഡളിനെ 'തിരഞ്ഞെടുക്കാന്‍' ഒരു പൊതുതിരഞ്ഞെടുപ്പിനുപോലും കാണാത്തവിധം എസ്‌.എം.എസ്‌. വോട്ടിനുവേണ്ടിയുള്ള കാമ്പൈന്‍ ആയിരുന്നു. പത്രങ്ങളില്‍ മിക്ക ദിവസവും വാര്‍ത്തകള്‍, പരസ്യങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളും, യുവ സംഘടനകളും സാസ്കാരിക ക്ലബുകളും വോട്ടിനു വേണ്ടി പരസ്യവും അപ്പീലുകളും ഇറക്കുന്നു. മന്ത്രിമാരും എന്തിനു ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പോലും ആ സംസ്ഥാനത്തുനിന്നുള്ള ഷോ-യില്‍ പങ്കെടുക്കുന്നയാളെ പ്രകീര്‍ത്തിക്കുകയും വോട്ടിനു വേണ്ടി അപ്പീല്‍ നടത്തുകയും ചെയ്യുന്നു. ലോക്കല്‍ കേബിള്‍ ചാനലുകളില്‍ എസ്‌.എം.എസ്‌.നു വേണ്ടി പരസ്യങ്ങള്‍. നഗരങ്ങളിലും പാതയോരങ്ങളിലും ഒരു പ്രത്യേക കലാകാരനുവേണ്ടി എസ്‌.എം.എസ്‌. വോട്ട്‌ ആവശ്യപ്പെട്ടുകൊണ്ട്‌ വലിയ പോസ്റ്റര്‍/തുണി/ഫ്ലക്സ്‌ പരസ്യങ്ങള്‍. (ഇതിനെല്ലാം ചിലവില്ലേ?). ചാനലുകാര്‍ തന്നെ മുന്‍കൈയ്യെടുത്ത്‌ ഓരോ പ്രധാന നഗരങ്ങളിലും ലൈവ്‌ കാമ്പൈന്‍ സംഘടിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥികളെക്കൊണ്ട്‌ പാട്ട്‌ പാടിച്ച്‌ വോട്ട്‌ 'ഇരപ്പി'ക്കുന്നു. കിഴക്കന്‍/വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്‌ ഒരു ജ്വരമായി മാറിയിരിക്കയാണ്‌. രണ്ടുമാസമായി ഫൈനല്‍ മല്‍സരം മുറുകിവരികയണ്‌. എല്ലാ വെള്ളിയാഴ്ചകളിലും രാത്രി മുഴുവന്‍ ഒരു സംസ്ഥാനത്തെ PCO-കള്‍‍ മുഴുവന്‍ ടെലിഫോണിലൂടെ വോട്ടിംഗ്‌ ചെയ്യുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സ്പോണ്‍സര്‍ ചെയ്തിരിക്കയാണ്‌. ഞായറാഴ്ചകളില്‍ മല്‍സരാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനായി സര്‍വ്വമത പ്രാര്‍ഥനകള്‍ നടത്തുന്നു. ഒരു സംസ്ഥാന സര്‍ക്കാര്‍ മല്‍സരാര്ത്ഥിയെ ശാന്തിയുടേയും മതസൗഹാര്‍ദ്ധത്തിന്റേയും പ്രതീകമായി സംസ്ഥാന അംബാസ്സഡര്‍ ആയി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഐഡളിലെ ഒരു പ്രത്യേക കലാകാരനുവേണ്ടി, സംസ്ഥാന സര്‍ക്കാരിലെ വേണ്ടപ്പെട്ടവര്‍ മാത്രമല്ല, നിരോധിക്കപ്പെട്ട ഒരു തീവ്രവാദി സംഘടന വരെ ആ കലാകാരനു എസ്‌.എം.എസ്‌. വോട്ട്‌ ചെയ്യാനായി അപ്പീല്‍ (ശാസനം) ഇറക്കുകയുണ്ടായി. യുവതീ യുവാക്കള്‍ പരസ്പരം ചോദിക്കുന്നു നീ എത്ര എസ്‌.എം.എസ്‌. വോട്ട്‌ ചെയ്തു. നൂറില്‍ കുറഞ്ഞാല്‍ മോശമല്ലേ. ഓരോ എപ്പിസോഡ്‌ കഴിയുമ്പോഴും എല്ലാ വാര്‍ത്താ ചാനലുകളും ഇത്‌ പ്രൊമോട്ട്‌ ചെയ്യുന്നു. ഇങ്ങനെ ഒരു പ്രത്യേക സംസ്ഥാനത്തുനിന്നുള്ള, ഭാഷ സംസാരിക്കുന്ന, ആളെ എസ്‌.എം.എസ്‌. വോട്ട്‌ വഴി ഇന്ത്യയിലെ സൂപ്പര്‍ സിംഗര്‍ ആക്കുന്നു. കലാകാരന്റെ കഴിവു മറികടന്ന്‌, എസ്‌.എം.എസ്‌. വോട്ടിനു കൂടുതല്‍ പ്രാധാന്യം കൊടുത്ത്‌ ഇങ്ങനെ വിജയിക്കുന്ന കലാകാരനെ(കാരിയെ) 'ഇന്ത്യന്‍ ഐഡള്‍' എന്നോ അതോ 'ഇന്ത്യന്‍ എസ്‌.എം.എസ്‌. ഐഡള്‍' എന്നാണൊ വിളിക്കേണ്ടത്‌. സൂപ്പര്‍ സിംഗര്‍ എന്നോ അതോ 'സൂപ്പര്‍ എസ്‌.എം.എസ്‌. സിംഗര്‍' എന്നോ വിളിക്കേണ്ടത്‌?

ഇന്ത്യന്‍ ഐഡള്‍-3 - ല്‍ ഇന്നലത്തെ ഫൈനലില്‍ അവസാനം ഡാര്‍ജിലിംഗില്‍ നിന്നുള്ള പ്രശാന്ത്‌ തമാങ്ങ്‌, ഷില്ലോങ്ങില്‍ നിന്നുള്ള അമിത്‌ പാളിനെ എസ്‌.എം.എസ്‌. വോട്ടിങ്ങില്‍ മറി കടന്ന് ഇന്ത്യന്‍ ഐഡള്‍-3 -ലെ വിജയിയായി. കാറും കരാറും അടക്കം ഒരു കോടി രൂപ സമ്മാനം.
(ഫൈനലില്‍ വിജയിയെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ അയച്ച എസ്‌.എം.എസ്‌. 7 കോടിയിലധികം!!!)


ഫൈനല്‍ മത്സരാര്‍ത്ഥി - ഷില്ലോങില്‍ നിന്നുള്ള അമിത് പാള്‍.
ഫൈനലില്‍ എസ്.എം.എസ്/ടെലിഫോണ്‍ വോട്ടിങിലൂടെ വിജയം വരിച്ച ഡാര്‍ജിലിങില്‍ നിന്നുള്ള പ്രശാന്ത് തമാങ്ങ്.

കരാറും കാറും ഫ്ലാറ്റും അടക്കം 50 ലക്ഷമോ ഒരു കോടിയോ മറ്റോ വിജയിക്കു നല്‍കുമ്പോള്‍ ചാനലുകാര്‍ സമ്പാദിക്കുന്നത്‌ എത്ര കോടിയെന്ന് അവര്‍ പരസ്യപ്പെടുത്തുന്നുണ്ടോ. ഇല്ല, ഒരിക്കലുമില്ല. പൊതുജനത്തിന്റെ കാശല്ലേ എങ്ങനെ പറയും.

വാല്‍ക്കഷണം(കഴുതരാഗത്തില്‍):
പൊതുജനത്തെ കഴുതയാക്കുകയാണോ അതോ പൊതുജനം സ്വയം കഴുത ആവുകയാണോ?

*****

ഇന്ത്യന്‍ ഐഡള്‍-3: അപ്‌ഡേറ്റ് (കമന്റുകളില്‍)


കൃഷ്‌.

Tuesday, September 18, 2007

മായം, വിഷമയം

മായം, വിഷമയം.

നമ്മള്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതിനെക്കുറിച്ച്‌ നാമെല്ലാം കേട്ടിട്ടുണ്ട്‌. അമിതലാഭത്തിനായി എന്തെല്ലാം വിധത്തിലുള്ള മായം ചേര്‍ക്കലാണ്‌ വിവിധ ഭക്ഷ്യവസ്തുക്കളില്‍ വ്യാപാരികള്‍ ചെയ്യുന്നത്‌. അറക്കപ്പൊടി(ഈര്‍ച്ചപ്പൊടി) ചേര്‍ത്ത മല്ലിപ്പൊടി, ചായഇല, ഇഷ്ടികപ്പൊടി കലര്‍ത്തിയ മുളകുപൊടി, മഞ്ഞക്കളര്‍ പൊടി ചേര്‍ത്ത മഞ്ഞള്‍പ്പൊടി, ഉണക്കചാണകപ്പൊടി ചേര്‍ത്ത ജീരകപ്പൊടി, മല്ലിപ്പൊടി, വെളുത്ത ഗ്രീസ്‌ കലര്‍ത്തിയ നെയ്യ്‌, യൂറിയ,സസ്യഎണ്ണ, വാഷിംഗ്‌ പൗഡര്‍ എന്നിവ ചേര്‍ത്ത്‌ നിര്‍മ്മിക്കുന്ന കൃത്രിമപാല്‌ തുടങ്ങി അനേകം മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളാണ്‌ നിത്യേന നമ്മുടെ ശരീരത്തിലേക്ക്‌ പ്രവേശിക്കുന്നത്‌.ഇറച്ചികളില്‍ പോലും മായം കലര്‍ത്തുന്നു. പെട്ടെന്ന്‌ വളര്‍ച്ചയും തൂക്കവും കിട്ടുന്നതിന്‌ കോഴികളില്‍ കുത്തിവെയ്പ്പ്‌ നടത്തുന്നു. ആറുമാസം തികയാത്ത പശുക്കുട്ടികളെ ലോറിക്കണക്കിന്‌ തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന്‌ കശാപ്പ്‌ ചെയ്ത്‌ ആട്ടിറച്ചിയാണെന്ന്‌ പറഞ്ഞ്‌ വില്‍ക്കുന്നതായി രണ്ട്‌ ദിവസം മുന്‍പാണല്ലോ TV-യില്‍ വാര്‍ത്ത വന്നത്‌. എങ്ങിനെയാണ്‌ ഇതെല്ലാം വിശ്വസിച്ച്‌ വാങ്ങുക.

എന്നാല്‍ പച്ചക്കറിയാണ്‌ ഭേദമെന്ന്‌ കരുതിയാല്‍ അവിടെയുമുണ്ട്‌ മായം, കൊള്ളലാഭത്തിനായി. അപകടകാരികളായ രാസവസ്തുക്കള്‍ ചേര്‍ത്ത്‌ മാങ്ങ നിറംവെപ്പിക്കുകയും പഴുപ്പിക്കുന്നതുമായി വാര്‍ത്തകള്‍ വന്നതാണല്ലോ. ഇക്കാലത്ത്‌ അങ്ങാടിയില്‍ കിട്ടുന്ന പല പച്ചക്കറികളുടെയും ആകാരവും ഭംഗിയും കണ്ട്‌ നാം അത്ഭുതപ്പെടാറുണ്ട്‌. കല്ല്‌ പോലെ ദിവസങ്ങളോളം ചീയാതെ ഇരിക്കുന്ന തക്കാളി, തേങ്ങയേക്കാള്‍ വലുപ്പമുള്ള ഉണ്ട വഴുതിനങ്ങ, വിവിധ നിറങ്ങളിലുള്ള വെള്ളരിക്ക, പുഴുക്കുത്തേല്‍ക്കാത്ത ഹരിതസുന്ദരമായ കേരളത്തിന്റെ ഷേപ്പിലുള്ള വലിയ കരേള (പാവക്ക) തുടങ്ങിയവ. (കേരള എന്നും അക്ഷരം തെറ്റിച്ച്‌ ചില ഉത്തരേന്ത്യക്കാര്‍ പറയും).

പക്ഷേ, ഒന്നോ രണ്ടോ ദിവസം കൊണ്ട്‌ വളര്‍ച്ച വര്‍ദ്ധിപ്പിച്ച്‌ വിളവെടുപ്പ്‌ നടത്താവും വിധം പച്ചക്കറികളില്‍ കുത്തിവെയ്പ്പ്‌ നടത്തുന്നത്‌ ഇന്നലെ TV-യില്‍ കാണാനിടയായി. ഈ മരുന്ന് കുത്തിവെയ്ക്കുന്നത്‌ കച്ചവടക്കാരല്ല, മറിച്ച്‌ കൃഷിക്കാര്‍ തന്നെയാണ്‌. ഇതിന്‌ ഉപയോഗിക്കുന്നതോ "ഓക്സിടോസിന്‍" എന്ന മരുന്നും. ഉത്തര്‍പ്രദേശിലെ ബുലെന്ദ്ഷഹര്‍ ജില്ലയില്‍ കര്‍ഷകര്‍ വ്യാപകമായി ഈ മരുന്ന് കുത്തിവെയ്ച്ച്‌ വര്‍ദ്ധിച്ച വിളവെടുപ്പ്‌ നടത്തി കൊള്ളലാഭമുണ്ടാക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. ലൗക്കി (നീളന്‍ ചുരക്ക), വെണ്ടക്കയുടെ വലിപ്പമുള്ളപ്പോള്‍ വേരിന്‌ മുകളിലായി ചെടി(വള്ളി)യില്‍ ഈ വിഷമരുന്ന്‌ സിറിഞ്ച്‌ ഉപയോഗിച്ച്‌ കുത്തിവെയ്ക്കുന്നു. ഒന്നുരണ്ടു ദിവസം കൊണ്ട്‌ ആ ചെടിയിലുള്ള ചുരക്കകള്‍ പത്തിരട്ടിയിലധികം വലിപ്പത്തിലാവുകയും, അത്‌ പറിച്ചെടുത്ത്‌ അങ്ങാടിയിലെത്തിക്കുകയും ചെയ്യുന്നു. (ഹിമാചല്‍ പ്രദേശില്‍ മത്തന്‍, തണ്ണിമത്തന്‍, വഴുതിനങ്ങ എന്നിവയിലും ഈ പ്രയോഗം നടത്താറുണ്ട്‌.)

TV വാര്‍ത്തയില്‍ നിന്നുള്ള ചിത്രങ്ങള്‍ താഴെ: ഓക്സിടോസിന്‍ ഇഞ്ചക്ഷന്‍ ചെടികളിലും എരുമയിലും കുത്തിവെയ്ക്കുന്നു.
പച്ചക്കറി ചെടിയില്‍ മരുന്ന് കുത്തിവെയ്ക്കുന്നു..
കുത്തിവെയ്പ്പ് നടത്തി വലുതാക്കിയ ചുരക്ക അങ്ങാടിയിലേക്ക്..
മരുന്ന് കുത്തിവെച്ച് കൂടുതല്‍ പാല്‍ ചുരത്തിക്കുന്നു.

പച്ചക്കറികളില്‍ മാത്രമല്ല ഈ മരുന്ന്‌ ഉപയോഗിക്കുന്നത്‌. ഗര്‍ഭമുള്ള പശുക്കളിലും എരുമകളിലും മരുന്ന് കുത്തിവെച്ച്‌ പ്രസവം എളുപ്പത്തിലാക്കുന്നു. ഈ മരുന്ന് പശുക്കളിലും എരുമകളിലും കുത്തിവെയ്ച്ച്‌ കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്നു. 4 ലിറ്റര്‍ പാല്‍ തരുന്ന ഒരു എരുമ കുത്തിവെച്ചതിനുശേഷം 14 ലിറ്റര്‍ പാല്‍ തരുന്നത്രേ. ഈ ജില്ലയിലും ഉത്തരേന്ത്യയിലെ മറ്റു ഭാഗങ്ങളിലും ഈ പറഞ്ഞ മരുന്ന് ദിവസേന നല്ലപോലെ വിറ്റുപോകുന്നു. ഒരു ഇഞ്ചക്ഷനു 50 പൈസ മാത്രമെ വിലയുള്ളൂ. അതിനര്‍ത്ഥം മിക്കവാറും എല്ലാ കൃഷിക്കാരും ഇത്‌ വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ്‌. ഇങ്ങനെ വില്‍പ്പനക്കായി/ഉപയോഗിക്കാനായി ശേഖരിച്ചുവെച്ചിരുന്ന വലിയ ഒരു കരുതല്‍ ശേഖരം മരുന്ന് പോലീസ്‌ പിടിച്ചെടുക്കുകയും രണ്ടുപേരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു.പക്ഷേ, അപകടകരമായ കാര്യം എന്തെന്നാല്‍ ഈ മരുന്ന് കുത്തിവെച്ച പച്ചക്കറികളോ, പാലോ കഴിച്ചാല്‍ മനുഷ്യന്റെ ആരോഗ്യത്തിന്‌ അത്‌ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ്‌. പ്രസവം സുഗമമാക്കാനും കൂടുതല്‍ പാല്‍ ചുരത്താന്‍ സഹായിക്കാനുമാണ്‌ സാധാരണ ഈ മരുന്നിനെ ആശ്രയിക്കാറുള്ളതെന്നാണ്‌ കേട്ടത്‌. ( പുരുഷന്മാരെ ഇത്‌ ഷണ്ഡത്വത്തിലേക്ക്‌ നയിക്കുമ്പോള്‍ സ്ത്രീകള്‍ക്കും ശിശുക്കള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായാണ്‌ ആരോഗ്യരംഗത്തുള്ളവരുടെ അഭിപ്രായം TV-യിലൂടെ കേട്ടത്‌. ഇത്‌ ശരിയോ എന്ന് അറിയില്ല).

നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ, കൃഷിയും കാര്‍ഷിക ഉല്‍പ്പാദനവുമാണ്‌. പട്ടാളക്കാരന്‍ രാജ്യം സംരക്ഷിക്കാനായി ചോര ഒഴുക്കുകയാണെങ്കില്‍, കൃഷിക്കാരനാണ്‌ ചോര നീരാക്കി, വിയര്‍പ്പൊഴുക്കി രാജ്യത്തിന്‌ അന്നം വിളയിച്ച്‌ നല്‍കുന്നത്‌. അതുകൊണ്ട്‌ തന്നെ നമ്മുടെ രാജ്യത്ത്‌ ഒരു കൃഷിക്കാരന്‌, കള്ളത്തരവും മായവും നടത്തി കൊള്ളലാഭം ചെയ്യുന്ന ഇടത്തട്ടുകാരെയും വ്യാപാരികളെക്കാളും ഒരു ഉയര്‍ന്ന സ്ഥാനം നല്‍കുന്നത്‌. പക്ഷേ, അമിതലാഭത്തിനായി, അന്നമൂട്ടുന്ന (ചില) കൃഷിക്കാര്‍ തന്നെ, വിളവുകളിലും ആഹാരസാധനങ്ങളിലും വിഷമരുന്ന്‌ കുത്തിവെച്ച്‌ ഒരു ജനതയെതന്നെ ഷണ്ഡന്മാരും രോഗികളും ആക്കുകയാണെങ്കിലോ... ആലോചിക്കാന്‍ വയ്യ.

അമിതവിഷം കലര്‍ന്ന കീടനാശിനികളും രാസവളങ്ങളും ഒഴിവാക്കി ജൈവകൃഷി പ്രോല്‍സാഹിപ്പിക്കണം എന്നു പറയുമ്പോള്‍, കൃഷിക്കാര്‍ തന്നെ ഈ അപകടമേഖലയിലേക്ക്‌ നീങ്ങുന്നത്‌ ശരിയോ. എവിടെയാണ്‌ അവര്‍ക്ക്‌ പിഴച്ചത്‌? ഉല്‍പ്പാദനത്തിന്‌ മാന്യമായ വില കിട്ടാത്തതോ, ഇടത്തട്ടുകാര്‍ ചൂഷണം ചെയ്യുന്നതോ, വായ്പയും പലിശയും ചേര്‍ന്ന്‌ കഴുത്തിലെ പിടി മുറുക്കുന്നതോ അതോ മാറി വരുന്ന പുത്തന്‍ ജീവിത ശൈലിക്കനുസരിച്ച്‌ മാറാനായി കൂടുതല്‍ പണമുണ്ടാക്കാനായുള്ള വ്യഗ്രതയോ?

(ഇനി വിഷാംശം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ അകത്തുചെന്ന് കാലക്രമേണ രോഗിയായാലോ, മരുന്ന് വാങ്ങിക്കുമ്പോള്‍ കടയില്‍ നിന്നും കിട്ടുന്നതോ മിക്കതും ഡൂപ്ലിക്കേറ്റോ അല്ലെങ്കിലും നിരോധിച്ചതോ ആയ മരുന്നുകള്‍. ഈശ്വരോ രക്ഷതു!)

വാല്‍ക്കഷണം: ബാറ്ററിയും, തല്ലികൊന്ന പാമ്പും, അട്ടയും, തേളുമെല്ലാം ഇട്ട്‌ വാറ്റിയ നാട്ടു വ്യാജന്‍ അടിച്ച്‌ പാമ്പായി നടക്കുന്ന അയ്യപ്പ ബൈജുവിനെപോലുള്ളവര്‍‍ പറയും.. "ശ്ശ്‌..ഏയ്‌, ഇതൊന്നും നമുക്ക്‌ ഏശൂല്ലാ.." (കാരണം ചിലയിടങ്ങളില്‍ വാറ്റുന്ന മദ്യത്തിലും ലഹരി വര്‍ദ്ധിപ്പിക്കാനായി ഈ മരുന്ന് ചേര്‍ക്കാറുണ്ടത്രേ).

കൃഷ്‌.