Saturday, December 30, 2006

നവവര്‍ഷ ആശംസകള്‍.

നവവര്‍ഷ ആശംസകള്‍.

2006-ന്‌ വിട പറയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ..
ഒരു അസ്തമയം കൂടി...

പുതുവര്‍ഷം,നമ്മുടെ ഏവരുടേയും പുത്തന്‍ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവസരം ഒരുക്കട്ടെ.

2007 സ്നേഹത്തിന്റേയും ശാന്തിയുടെയും സമൃദ്ധിയുടേയും വര്‍ഷമായിരിക്കട്ടെ.

നമ്മള്‍ ഏവരുടേയും ജീവിതത്തിലേക്ക്‌ സ്നേഹവും സുഗന്ധവും പരക്കട്ടെ.

എല്ലാവര്‍ക്കും എന്റെ നവവര്‍ഷ ആശംസകള്‍.

കൃഷ്‌ krish

Tuesday, December 19, 2006

ലാഡന്‍ കൊല്ലപ്പെട്ടു..!!

ലാഡന്‍ കൊല്ലപ്പെട്ടു..!!

"ങേ.. സത്യമോ..!!"
"അതേ.. കേട്ടതു ശരിയാണ്‌ ..ഒസാമ ബിന്‍ ലാഡനെ വളരെക്കാലത്തെ കഠിന പ്രയത്നത്തിനുശേഷം വെടിവെച്ചുകൊന്നു."
ജനങ്ങള്‍ ആശ്വസിച്ചും. ദീര്‍ഘശ്വാസം വിട്ടു. എത്ര ജനങ്ങളെയാണ്‌ ലാഡന്‍ നിഷ്ഠൂരമായി കൊന്നത്‌. എത്ര കുടുംബങ്ങളെയാണ്‌ തകര്‍ത്ത്‌ വഴിയാധാരമാക്കിയത്‌. ലാഡനെ വകവരുത്താനായി ഒരു ഗവണ്‍മന്റ്‌ മരണ വാറണ്ട്‌ വരെ പുറപ്പെടുവിച്ചു. കുറെ നാളത്തെ തിരച്ചിലുകള്‍ക്കു ശേഷമാണ്‌ ലാഡന്റെ ഒളിസങ്കേതം കണ്ടെത്തിയത്‌. അതെ ലാഡനെ ചിലര്‍ ഒറ്റു കൊടുത്തതാണ്‌.ലാഡനെ എന്തിനാണ്‌ ഒറ്റുകൊടുത്തത്‌. ലാഡന്‍ അത്ര ക്രൂരനാണോ.
"അല്ലാ.. ആരാണീ ലാഡന്‍"
"തോക്കിനകത്ത്‌ കയറി വെടിവെക്കാതെ...പറയാം."
ലാഡനെക്കുറിച്ച്‌ കേട്ടിട്ടില്ലേ.. ഒട്ടേറെ പേരെ കൊന്നൊടുക്കിയ, ജനങ്ങളേയും ഗവണ്മെന്റിനെയും മുട്ടുകുത്തിച്ച ഭീകരന്‍ എന്ന്‌ മുദ്ര കുത്തപ്പെട്ടവന്‍. താവളങ്ങള്‍ മാറി മാറി ഒളിവില്‍ കഴിയുന്ന, ജനങ്ങള്‍ക്കാകെ ഭീതി പരത്തുന്ന ഭീകരന്‍ - ഒസാമ ബിന്‍ ലാഡന്‍.


"ഓ.. അപ്പോള്‍ ഒസാമ ബിന്‍ ലാഡന്‍ കൊല്ലപ്പെട്ടുവോ.. നല്ല കാര്യം.. അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ ഇപ്പോള്‍ ഏഴാം സ്വര്‍ഗ്ഗത്തിലായിരിക്കുമല്ലോ. താഴോട്ടു പോയികൊണ്ടിരിക്കുന്ന തന്റെ പോപ്പുലാരിറ്റി ഇനി മേലോട്ടു പോകും. അടുത്ത പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാം..."

ഒസാമയുടെ അല്‍-ക്വ്യദയുടെ ഭീകരന്മാര്‍ വിമാനമിടിച്ച്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ത്ത്‌ എത്ര പേരുടെ ജീവനാണ്‌ എടുത്തത്‌.

"അഫ്ഘാനിസ്ഥാനിലെ തോറ-ബോറ മലയിടുക്കുകളില്‍ വെച്ചാണോ ലാഡനെ കൊന്നത്‌.. അതോ പാക്കിസ്ഥാനില്‍ വെച്ചോ.. ആരാണ്‌ കൊന്നത്‌? "
"ആ .. നിര്‍ത്ത്‌..നിര്‍ത്ത്‌.... അതുവരെ പോകേണ്ടാ"

"ഈ ലാഡനെ കൊന്നത്‌ ഇവിടെ ഇന്ത്യയില്‍ വെച്ചാണ്‌"

"അതു ശരി, ലാഡന്‍ അപ്പോള്‍ ഇന്ത്യയിലും നുഴഞ്ഞു കയറിയോ.? .. ലവനെ സമ്മതിക്കണം"

"ഇവന്‍ നുഴഞ്ഞുകയറി വന്നവനല്ല. ഇവിടെത്തന്നെയുള്ളവനാ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസ്സാമില്‍. വര്‍ഷങ്ങളോളമായി പിടികൊടുക്കാതെ ജനങ്ങള്‍ക്കുനേരെ ആക്രമം അഴിച്ചുവിട്ട ഭീകരന്‍. ചുരുങ്ങിയത്‌ 14 പേരെയെങ്കിലും ഇവന്‍ നിഷ്ഠൂരമായി കൊന്നു തള്ളി. 2003-ല്‍ ഇവനെ ഭീകരനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്നുതൊട്ട്‌ ഇവനെ കൊല്ലാനായി ഊര്‍ജ്ജിത ശ്രമത്തിലായിരുന്നു. 2006 ഡിസംബര്‍ രണ്ടാം വാരത്തില്‍ ചിലര്‍ ലാഡന്റെ നീക്കത്തെക്കുറിച്ച്‌ രക്ഷാസേനക്ക്‌ ഒറ്റുകൊടുത്തു. ഭീകരന്‍ ലാഡനെ കൊല്ലുക - ഹോ.. അമേരിക്കക്ക്‌ ചെയ്യാന്‍ പറ്റാത്തതല്ലേ.. ആസ്സാം ചെയ്തിരിക്കുന്നത്‌.

അങ്ങിനെയാണ്‌ 2006 ഡിസംബര്‍ 16-ന്‌ കാലത്ത്‌ 7.21-ന്‌ ലാഡനെ (ലാഡന്‍ എന്ന ഭീകര ആനയെ) വെടിവെച്ച്‌ വീഴ്ത്തിയത്‌."

"ഓ.. അതുശരി... ഇപ്പഴാ 'വക്കാരിമസ്താ'യത്‌.."


ഇനി ഈ "ലാഡനെ" കുറിച്ച്‌ അല്‍പ്പം വിശേഷം:

ഇവന്‍ കൊമ്പില്ലാത്ത ഒരു ആണ്‍ ആന. വയസ്സ്‌ 45. 10 അടി ഉയരം. അസ്സാമിലെ സോണിത്‌പൂര്‍ ജില്ലയില്‍ പല ഭാഗങ്ങളിലും കനത്ത നാശം വിതച്ച്‌, വീടുകളും കൃഷിയും ചവുട്ടിമെതിച്ച്‌ ആള്‍ക്കാരെ കൊന്ന്‌ കൊലവിളിച്ച്‌ നടക്കുന്ന കൊമ്പില്ലാത്ത ഒറ്റയാന്‍. പിടികൊടുക്കാതെ സങ്കേതങ്ങള്‍ മാറി മാറി ഒളിച്ചു നടക്കുന്നവന്‍ - സാക്ഷാല്‍ ഒസാമ ബിന്‍ ലാഡനെ പോലെ - അങ്ങിനെയാണ്‌ ഈ പേര്‌ വീണത്‌. വനപാലകസേനയും പോലീസും ഈ ലാഡനെ പിടിക്കാനായി കാട്ടിലും ചായത്തോട്ടങ്ങളിലും വലവീശി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ കുറെക്കാലമായി. 2003-ല്‍ 5 പേരെ കൊന്നതിനുശേഷമാണ്‌ ഇവനെ 'ഭീകര'നായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്‌. അതിനുശേഷവും ഇവന്‍ നരവേട്ട തുടര്‍ന്നു. ഈ വര്‍ഷം 4 പേരെക്കൂടി കൊന്ന്‌ "അതിഭീകര" പട്ടവും നേടി. കഴിഞ്ഞ ജൂലായ്‌ 3-ന്‌ ആസ്സാം വനം വന്യജീവി വകുപ്പ്‌ ലാഡനെതിരെ മരണ വാറണ്ട്‌ പുറപ്പെടുവിച്ചു. ഇതിന്റെ കാലാവധി ഈ ഡിസംബര്‍ 31-ന്‌ തീരാനിരിക്കുകയായിരുന്നു. അപ്പോഴാണ്‌ കഴിഞ്ഞ ബുധനാഴ്‌ച്ച ബെഹാലി ചായത്തോട്ടത്തിനടുവെച്ച്‌ അവസാനമായി ലാഡന്‍ ഒരു സ്ത്രീയെകൂടി വകവരുത്തിയത്‌. ഇതിനുശേഷം ഇവന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരുകയായിരുന്നു. ദ്വിപെന്‍ റാം ഫൂക്കന്‍ എന്ന പ്രൊഫഷണല്‍ വേട്ടക്കാരനെ വനംവകുപ്പ്‌ വാടകക്കെടുത്ത്‌ ഒരു നിര്‍ദ്ദേശവും കൊടുത്തു - ഒരൊറ്റ വെടിക്ക്‌ 45 വയസ്സുള്ള ഭീകരന്‍ ലാഡനെ വീഴ്ത്തിയിരിക്കണം, അതായത്‌ ഉണ്ട കൊള്ളേണ്ടിടത്തുതന്നെ കൊള്ളണം. അല്ലെങ്കില്‍ ലാഡന്‍ ജി ഫൂക്കന്റെ കഥ കഴിച്ചിരിക്കും. അതാണ്‌ ലാഡന്‍. നേരത്തെ രണ്ട്‌ പ്രാവശ്യം ലാഡനെ വകവരുത്താന്‍ നടത്തിയ ശ്രമം അമ്പേ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ മരണ വാറണ്ട്‌ കിട്ടിയ ആറാമത്തെ ആനയാണ്‌ ലാഡന്‍. (പക്ഷെ മറ്റ്‌ ആനകള്‍ വേറെ സങ്കേതം തേടി കാട്ടിലേക്ക്‌ തിരിച്ചുപോയി). വേട്ടക്കാരന്‍ വനപാലകരുടേയും ഗ്രാമവാസികളുടെ സഹായത്തോടെ 16-ന്‌ രാവിലെ ലാഡനെ കണ്ടുമുട്ടി. കണ്ണും കണ്ണും കൂട്ടിമുട്ടി..കണ്ണില്‍ക്കൂടികൂടി തീപ്പൊരികള്‍ ചിതറിക്കാണണം. തോക്കെടുക്കന്നതിനുമുമ്പേ ലാഡന്‍ ഫൂക്കനെ ആക്രമിക്കാനൊരുങ്ങി. പക്ഷേ ഫൂക്കന്‌ കിട്ടിയതോ ഒരൊറ്റ വെടി ഉതിര്‍ക്കാനുള്ള സമയം മാത്രം. അങ്ങിനെ ഒരൊറ്റ വെടിക്ക്‌ കാടിളിക്കിയ, നാടിളിക്കിയ സാക്ഷാല്‍ ഭീകര 'ലാഡനെ' വകവരുത്തി.

ഒസാമ ബിന്‍ ലാഡന്റെ നാമധേയമുള്ള "ലാഡന്‍" എന്ന ഭീകര ഒറ്റയാനെ വെടിവെച്ചു വീഴ്ത്തിരിക്കുന്നു.

***

(ആന)വാല്‍ക്കഷണം:

എന്തുകൊണ്ടാണ്‌ ആനകള്‍ മനുഷ്യ വാസ പ്രദേശങ്ങളിലേക്ക്‌ കടന്ന്‌ ആക്രമിക്കുന്നത്‌?

എന്താ പറഞ്ഞത്‌.. ആനകള്‍ മനുഷ്യവാസ പ്രദേശങ്ങളിലേക്ക്‌ കടന്നാക്രമിക്കുന്നുവെന്നോ..

ആ പറഞ്ഞത്‌ തീര്‍ത്തും ശരിയല്ലാ. മനുഷ്യരാണ്‌ ആനകളുടെ സ്വാഭാവിക വാസസ്ഥലമായ പതിനായിരക്കണക്കിന്‌ ഹെക്ടര്‍ വനഭൂമി വെട്ടിത്തെളിച്ച്‌ കൃഷിയിറക്കി അധിവസിക്കുന്നത്‌. പിന്നെ താമസസ്ഥലം നഷ്ടപ്പെട്ട ഈ ആനക്കൂട്ടങ്ങള്‍ എവിടേ പോകും. അപ്പോഴാണ്‌ ഇവ കൂട്ടം കൂട്ടമായി ആഹാരത്തിനായി കൃഷി നശിപ്പിക്കുകയും മറ്റും ചെയ്യുന്നത്‌. കഴിഞ്ഞ ഒരാഴ്ചയായി 100ഓളം ആനകള്‍ അടങ്ങിയ ഒരു കാട്ടാനക്കൂട്ടം ഏറ്റവും വലിയ നദീദ്വീപ്‌ (ബ്രഹ്മപുത്രാ നദിക്ക്‌ നടുവില്‍) ആയ ആസ്സാമിലെ മാജുലി-യില്‍ കനത്ത നാശനഷ്ടം വരുത്തികൊണ്ടിരിക്കുകയാണ്‌. അതിനെ തൊട്ടടുത്ത കാസിരംഗ റിസര്‍വ്‌ ആന സങ്കേതത്തിലേക്ക്‌ ഓടിച്ചുവിടാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്‌. ഇവിടെയും അടുത്തുള്ള ഗ്രാമങ്ങളിലുമായി ഇവന്മാര്‍ 374 വീടുകളാണ്‌ ഇതുവരെ തകര്‍ത്ത്‌ തരിപ്പണമാക്കിയത്‌.


(ഞങ്ങളുടെ വീട്‌ (കാട്‌) വെട്ടിനശിപ്പിച്ചവരുടെ വീട്‌ ഞങ്ങള്‍ നശിപ്പിക്കുന്നു - നിലനില്‍പ്പിനായി. -- ലാ ഓഫ്‌ ദി ലാന്റ്‌ OR ലാ ഓഫ്‌ ദി ജംഗിള്‍).
ആനക്കൂട്ടം ആഹാരം തേടി ചായത്തോട്ടത്തിനടുത്തുകൂടെ പോകുന്നു.


ആനകളും മനുഷ്യന്മാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കാരണം ആനകളുടെ ജനസംഖ്യ ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌. 1993-ലെ കണക്കെടുപ്പില്‍ 5524 ആനകള്‍ ആസ്സാമില്‍ ഉണ്ടായിരുന്നുവെങ്കില്‍, 1997-ല്‍ അത്‌ 5312 ആയും, 2002-ല്‍ 5246 ആയും ചുരുങ്ങിയിരിക്കുകയാണ്‌. കഴിഞ്ഞ അഞ്ചു വര്‍ഷതിനുള്ളില്‍ ആസ്സാമില്‍ മാത്രം 248 പേരെ ആനകള്‍ കൊന്നപ്പോള്‍, തിരിച്ച്‌ 268 ആനകളെയാണ്‌ മനുഷ്യര്‍ കൊന്നത്‌. കൃഷി സ്ഥലങ്ങളില്‍ ആഹരത്തില്‍ കൊടും വിഷം കലര്‍ത്തി ആനകളെ കൊല്ലുകയാണ്‌ പതിവ്‌. (ഇതിനെക്കുറിച്ചുള്ള ഒരു ലേഖനം ഇവിടെ)

പിന്നെങ്ങനെ ഇതില്‍ ചില ഒറ്റയാന്മാര്‍ 'ലാഡന്റെ' അവതാരമെടുക്കാതിരിക്കും.

കൃഷ്‌ krish

Monday, December 11, 2006

ടിക്കറ്റ്‌..ടിക്കറ്റ്‌!!

ടിക്കറ്റ്‌..ടിക്കറ്റ്‌!!

ഇത്‌ ഏകദേശം ഒന്നര വര്‍ഷം മുന്‍പ്‌ നടന്ന ഒരു സംഭവം.
എന്റെ ഒരു സുഹൃത്ത്‌ ശ്രീമാന്‍ പ്രകാശ്‌ (യഥാര്‍ത്ഥ പേരല്ല) അവധിക്ക്‌ നാട്ടിലേക്ക്‌ പോകാനൊരുങ്ങുന്നു. സഹധര്‍മ്മിണിയുടെ രണ്ടാം പ്രസവം അടുത്തുവരുന്നു.

അതിനുമുന്‍പായി കഥാനായകനെക്കുറിച്ച്‌ അല്‍പ്പം:
ആളൊരു സാമാന്യം ഭേദപ്പെട്ട വ്യക്തി. യാതൊരു ദുഃശ്ശീലങ്ങളും ഇല്ല. എല്ലാ ദിവസങ്ങളിലും ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റ്‌ എടുക്കുമെന്നതൊഴിച്ചാല്‍. ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റ്‌ എടുക്കുന്നത്‌ എന്താ ഒരു ദു:ശ്ശീലമാണോ. മിക്കവാറും ദിവസങ്ങളില്‍ കാശും കിട്ടുന്നുമുണ്ട്‌. അപ്പോള്‍പിന്നെ ഒട്ടുമല്ല. അതെന്ത്‌രു ലോട്ടറിയാപ്പാ മിക്ക ദിവസങ്ങളിലും സമ്മാനമടിക്കുന്നത്‌ എന്ന്‌ ചിലര്‍ക്കെങ്കിലും സംശയം തോന്നാം. നേരത്തെ ഓരോ മണിക്കൂറിനും ഡ്രാ ചെയ്തിരുന്ന സിക്കീം 'ജോക്കര്‍' പോലുള്ള ഓണ്‍ലൈന്‍ ലോട്ടറികള്‍ ഇപ്പോള്‍ 20 മിനിറ്റിന്‌ ഒരു ഡ്രാ എന്ന രീതിയിലെത്തി നില്‍ക്കുകയാണ്‌. ജനങ്ങളുടെ തിരക്ക്‌ കൂടിയപ്പോള്‍ മുക്കിനും മൂലക്കും ഓണ്‍ലൈന്‍ ലോട്ടറി സെന്ററുകളും തുറന്നിരിക്കുകയാണ്‌ ഇവിടെ. നടത്തിപ്പുകാര്‍ക്ക്‌ അത്രയും കൂടുതല്‍ ലാഭം. ഇടക്ക്‌ വല്ലപ്പോഴും കിട്ടുമെങ്കിലും, ഇതില്‍ ഭ്രമം പിടിച്ചവര്‍ കൂടുതല്‍ കാശ്‌ കളയുന്നു. പേപ്പര്‍ ലോട്ടറിയാണെങ്കില്‍ ഇവിടെ കണികാണാന്‍പോലും കിട്ടാനില്ല. എന്നുകരുതി ഇവിടെനിന്നും ലോട്ടറി ഇറക്കുന്നില്ല എന്ന്‌ അര്‍ത്ഥമില്ല. ഈ സംസ്ഥാനത്തുനിന്നും 50 - 60 പേപ്പര്‍ ലോട്ടറിയാണ്‌ ഓരോ ദിവസവും പടച്ചുവിടുന്നത്‌. പച്ചേങ്കില്‌ ടിക്കറ്റ്‌ വേണമെങ്കില്‍ ദക്ഷിണേന്ത്യയിലോ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലോ പോണന്നുമാത്രം. നമ്മുടെ നായകനാണെങ്കില്‍ ദിവസവും രാവിലെപോയി ഒരു കെട്ട്‌ ടിക്കറ്റ്‌ വാങ്ങുന്നു. ഓരോ 20 മിനുറ്റിനും ഒന്നോ രണ്ടോ വെച്ച്‌. ഓഫീസ്‌ സമയം കഴിയുന്നതുവരെ ഇതുമതി. റിസല്‍ട്ട്‌ ഇടക്ക്‌ ഫോണിലൂടെയോ അല്ലെങ്കില്‍ ഇന്റര്‍നെറ്റിലൂടെയോ അറിയാം. വൈകുന്നേരമാകുമ്പോഴേക്കും ഇതില്‍ ഏതെങ്കിലുമൊക്കെ അടിച്ചിട്ടുണ്ടാകും. അടിക്കാതിരിക്കാന്‍ നിവൃത്തിയില്ല. പുള്ളിക്കാരന്‍ ടിക്കറ്റ്‌ എടുക്കുന്ന രീതി ഞാന്‍ ഇവിടെ പറയുന്നില്ല. അതൊരു ട്രേഡ്‌ സീക്രട്ടായിതന്നെ ഇരിക്കട്ടെ. ഓഫീസ്‌ സമയം കഴിഞ്ഞാല്‍ നേരെ പോകുന്നത്‌ ഏതെങ്കിലുമൊരു ഓണ്‍ലൈന്‍ ലോട്ടറി സെന്ററിലേക്ക്‌. സമ്മാനം കിട്ടിയതിന്റെ കാശും വാങ്ങി ഇനിയങ്ങോട്ട്‌ രാത്രി 9 മണി വരെയുള്ള ടിക്കറ്റുകള്‍ ബാച്ച്‌ ബാച്ചായി വാങ്ങുന്നു. ഇതിനിടക്കുള്ള ഇടവേളകള്‍ സുര-സുന്ദര ലഹരിമയമാക്കാന്‍ ലേശം 'വീശു'മെന്നതൊഴിച്ചാല്‍ ഏയ്‌.. വേറെ യാതൊരു ദുഃശ്ശീലങ്ങളുമില്ല. 'തണ്ണി'ധാതാവായ ഓണ്‍ലൈന്‍ ദൈവത്തിന്‌ സ്തുതി. ദിവസവും ഒന്നോ രണ്ടോ 'ക്വാര്‍ട്ടറി'നുള്ള വക തരുന്നതല്ലേ. മറ്റ്‌ ചിലവുകള്‍ക്കുള്ള കാശ്‌ വേറെയും. നാട്ടില്‍ കുടുമ്മത്ത്‌ ചെന്നാല്‍ പരിശുദ്ധ വെജിറ്റേറിയനും ഇവിടേയാണെങ്കില്‍ അതിവിശുദ്ധ നോണ്‍-വെജിറ്റേറിയനുമായ കഥാനായകനാണെങ്കില്‍ നാട്ടുനടപ്പനുസരിച്ച്‌ സമയത്തിന്‌ കല്യാണം കഴിക്കാന്‍ കുറച്ച്‌ വൈകി. പുര നിറഞ്ഞ്‌ കവിഞ്ഞ്‌... അതായത്‌ ബാച്ചിയായി കുറെക്കാലം വിലസിയിട്ടുണ്ട്‌. ഏയ്‌ ശ്രമിക്കാതെയല്ലാ.. നിര്‍ഭാഗ്യത്തിന്‌ സമയത്ത്‌ നടന്നില്ലെന്നു കരുതിയാല്‍ മതീന്ന്‌.
***
അങ്ങിനെ ലീവിന്‌ പോകാന്‍ വണ്ടികയറി ഗോഹാട്ടിയിലെത്തി. അവിടെനിന്നും തിരുവനന്തപുരം എക്സ്പ്രെസ്സില്‍ റിസര്‍വേഷനുണ്ട്‌. ബെര്‍ത്ത്‌ കിട്ടി. ലഗ്ഗേജെല്ലാം വെച്ചു. പോക്കറ്റില്‍ ഒന്നുകൂടി കൈയിട്ട്‌ നോക്കി. യാത്രക്കുവേണ്ട രൂപയും ടിക്കറ്റുമെല്ലം ഉണ്ട്‌. എവരിതിംഗ്‌ ഓക്കെ. ഭാര്യയേയും കുഞ്ഞിനേയും കാണാനുള്ള ഒരു തിടുക്കം. ഓരോ കാര്യങ്ങളുമോര്‍ത്ത്‌ അങ്ങിനെ കിടന്നു. കുറെ നേരം കഴിഞ്ഞപ്പോള്‍ TTE വന്നു ഓരോരുത്തരോടായി ടിക്കറ്റ്‌ ആവശ്യപ്പെട്ടു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിച്ച 'നാന'യിലെ സുന്ദരിമാരുടെ പടങ്ങളും ഗോസ്സിപ്പുകളും നോക്കിക്കൊണ്ട്‌ കിടന്ന കഥാനായകനോട്‌ TTE ടിക്കറ്റ്‌ ചോദിച്ചു. പുള്ളി കിടന്നുകൊണ്ടുതന്നെ പോക്കറ്റില്‍ കൈയിട്ട്‌ ടിക്കറ്റ്‌ എടുത്ത്‌ TTE യുടെ കൈയ്യില്‍ കൊടുത്തു, കണ്ണുകള്‍ വീണ്ടും 'നാന'യില്‍ പരതി.TTE വീണ്ടും ചോദിക്കുന്നു..
"സര്‍ ടിക്കറ്റ്‌ പ്ലീസ്‌"
"അതല്ലേ തന്നത്‌"- പുസ്തകത്തില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.
" നോ സര്‍.. പ്ലീസ്‌ ഷോ മീ ദി റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ്‌. ദിസ്‌ ഈസ്‌ നോട്ട്‌ ദി റെയില്‍വേ ടിക്കറ്റ്‌"
"ങേ..!!" റെയില്‍വേ ടിക്കറ്റല്ലേ.
നോക്കിയപ്പോഴുണ്ട്‌ ഓണ്‍ലൈന്‍ ലോട്ടറിയുടെ 3-4 ടിക്കറ്റ്‌ മടക്കിവെച്ചിരിക്കുന്നതാണ്‌. ഇതാണ്‌ നോക്കാതെ എടുത്ത്‌ കൊടുത്താല്‍.
"ഒരു മിനിറ്റ്‌" ജാള്യത മറച്ചുപിടിക്കാന്‍ ശ്രമിച്ചുകൊണ്ട്‌, പ്രകാശ്‌ വീണ്ടും പോക്കറ്റില്‍ കൈയ്യിട്ട്‌ പരതി.. പോക്കറ്റില്‍ കാണുന്നില്ല.. വീണ്ടും തപ്പി.. ഹാന്‍ഡ്‌ ബാഗില്‍ നോക്കി.. കാണുന്നില്ല. പിന്നെ ഇത്‌ എവിടെപ്പോയി.. ഞാന്‍ വണ്ടിയില്‍ കയറുന്നതിന്‌ മുന്‍പ്‌ നോക്കിയിട്ട്‌ വെച്ചതാണല്ലോ. ലഗ്ഗേജ്‌ തുറന്ന്‌ നോക്കി. അതിലും കാണുന്നില്ല. അവസാനം ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പിഴയുമടക്കം 5 ഇരട്ടി കൊടുത്തപ്പോള്‍ TTE പുതിയ ടിക്കറ്റും രശീതിയും തന്നു. പ്രകാശ്‌ ഒന്നു വിയര്‍ത്തുപോയി. എങ്ങനെ വിയര്‍ക്കാതിരിക്കും. ടിക്കറ്റ്‌ എടുത്തതാണ്‌. ടിക്കറ്റ്‌ കാണിക്കാതിരുന്നതുകൊണ്ട്‌ ആള്‌ മാറിക്കയറിയതാണെന്നു വരെ പറയാമല്ലോ. അങ്ങനെ വഴിച്ചെലവിനായി കരുതിയ കാശ്‌ TTEക്ക്‌ സ്വാാഹ.!!
***
"ചായ്‌ .. ചായ്‌ .. ചായേ.. ചായ്‌.." ചായ വില്‍പ്പക്കാരന്റെ ഉച്ചത്തിലുള്ള വിളി കേട്ട്‌ പ്രകാശ്‌ ഉറക്കത്തില്‍നിന്നും ഞെട്ടി ഉണര്‍ന്നു..ജനലിലൂടെ വെളിയിലേക്ക്‌ നോക്കി. വണ്ടി ഒരു സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്‌. നേരം വെളുത്തിരിക്കുന്നു. കഴിഞ്ഞ രാത്രി നേരെ ചൊവ്വേ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
"ഒരു ചായ" പ്രകാശ്‌ ചായവില്‍പ്പനക്കാരനെ വിളിച്ചു. ചായ വാങ്ങിവെച്ച്‌ പേഴ്‌സ്‌ തുറന്ന്‌ ചായയുടെ കാശ്‌ കൊടുത്തു. പേഴ്‌സിനകത്ത്‌ വീണ്ടും ഒരു കെട്ട്‌ ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റുകള്‍. ദേഷ്യത്തോടെ അത്‌ വലിച്ചുകീറി കളയാനായി നിവര്‍ത്തിയപ്പോള്‍ അതാ വരുന്നു ഒറിജിനല്‍ റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റ്‌ മടക്കിവെച്ച രൂപത്തില്‍. പ്രകാശിന്‌ അശ്ചര്യവും ദേഷ്യവും ഒരുമിച്ചാണ്‌ വന്നത്‌. TTE വന്നപ്പോള്‍ എത്ര തപ്പിയതാ. ഇവന്‍ ഇതിനകത്ത്‌ ഒളിച്ചിരിക്കുകയാണെന്ന്‌ ഒട്ടും കരുതീല്ല. വഴിച്ചെലവിന്‌ കരുതിയ കാശും പോയി.. ഒറിജിനല്‍ ടിക്കറ്റ്‌ ഇതാ കൈയ്യിലും.
"എന്റെ ഓണ്‍ലൈന്‍ ദേവാ.. എന്നോട്‌ ഇത്‌ വേണ്ടായിരുന്നു.!!" പ്രകാശ്‌ പറ്റിപ്പോയ അമളിയോര്‍ത്ത്‌ എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചിരുന്നു... അപ്പോഴേക്കും തീവണ്ടി പതുക്കെ നീങ്ങിതുടങ്ങിയിരുന്നു..
---
(മുന്‍കൂര്‍ ജാമ്യം: ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റ്‌ സ്ഥിരമായി എടുക്കുന്നവരുമായോ 'വീശുന്ന'വരുമായോ ഈ കഥയിലെ കഥാപാത്രത്തിന്‌ യാതൊരു ഓണ്‍ലൈന്‍ ലിങ്കും ഇല്ല, സാമ്യമുണ്ടെങ്കില്‍ യാദൃശ്ചികം മാത്രം.)

കൃഷ്‌ krish